Saturday, February 1, 2014

തകരുന്ന കേരളത്തെ സംരക്ഷിക്കാന്‍ അണിചേരുക

മതനിരപേക്ഷ ഇന്ത്യ- വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളരക്ഷാ മാര്‍ച്ച്&ൃെൂൗീ;ശനിയാഴ്ച ആരംഭിക്കുകയാണ്. ഐക്യകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ ഭൂമിയായ വയലാറിലാണ് ഇത് ആരംഭിക്കുന്നത്. ഫെബ്രുവരി 26ന് കേരളത്തിലെ പാര്‍ടിയുടെ ആദ്യസെല്ല് രൂപീകരിച്ച കോഴിക്കോട്ട് സമാപിക്കും.

ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് കടുത്ത വെല്ലുവിളി ഉയരുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ജനത ജീവിതദുരിതങ്ങളില്‍പ്പെട്ട് നട്ടംതിരിയുകയാണ്. ഇന്നത്തെ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമായ ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകപ്രസിദ്ധമായ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നല്ല വില ലഭിച്ചിരുന്ന റബറിനുവരെ വമ്പിച്ച വിലയിടിവാണ് ഉണ്ടായത്. നിയമസഭയില്‍ ഉദ്ധരിച്ച കണക്കുപ്രകാരംതന്നെ അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചയുടെ പുതിയ മാനങ്ങളിലേക്ക് എത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. പരമ്പരാഗത വ്യവസായമേഖലകളും തകര്‍ച്ചയിലാണ്.

ജാതി-മത ശക്തികള്‍ നിയന്ത്രിക്കുന്ന ഭരണമായി യുഡിഎഫ് ഭരണം മാറി. അതിന്റെ ഫലമായി കേരളത്തിന്റെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു. വര്‍ഗീയശക്തികള്‍ക്ക് ഭരണതലത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം വ്യാപകമായി. സദാചാര പൊലീസിന്റെ പിന്നിലുള്ളതും ഇത്തരം നയസമീപനമാണ്. ക്ഷേമപെന്‍ഷനുകളെക്കുറിച്ച് വാചാലമായി സംസാരിക്കുന്നതല്ലാതെ, അവ വിതരണംചെയ്യുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി. നിയമനനിരോധനത്തിന്റെ അവസ്ഥയാണ് സൃഷ്ടിച്ചത്. ക്രമസമാധാനനില ഏറെ വഷളായി. സ്ത്രീകള്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറി. കേരളം നേടിയ നേട്ടങ്ങളെല്ലാം തകര്‍ത്ത് ജനജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് കേരള രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് കേന്ദ്രമുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍ തട്ടിപ്പ്- മുഖ്യമന്ത്രി രാജിവയ്ക്കുക, അഴിമതി തടയുക എന്നിവയാണ് അവ. രാജ്യത്തെയും കേരളത്തെയും സംബന്ധിച്ചിടത്തോളം ഗൗരവമായ പ്രശ്നങ്ങളാണ് ഇതിലൂടെ ഉന്നയിക്കുന്നത്. വിലക്കയറ്റംകൊണ്ട് നാട് പൊറുതിമുട്ടുകയാണ്. 2004 മുതല്‍ 2013 നവംബര്‍വരെയുള്ള വിലയെ ആധാരമാക്കി കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍തന്നെ വിലക്കയറ്റം 260 ശതമാനത്തിനു മുകളിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതി രാജ്യത്ത് ഉണ്ടാക്കിയത് ആഗോളവല്‍ക്കരണനയങ്ങളാണ്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്ക് ഉണ്ടായിരുന്ന മുന്‍ഗണനകളെല്ലാം ഇല്ലാതാകുന്നു. എല്ലാ സബ്സിഡികളും വെട്ടിക്കുറയ്ക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. കോര്‍പറേറ്റുകള്‍ക്ക് അവധിവ്യാപാരത്തിനും ഊഹക്കച്ചവടത്തിനും ഈ മേഖലയെ വിട്ടുകൊടുത്തു. പൂഴ്ത്തിവയ്പുകാരും കരിഞ്ചന്തക്കാരും ഈ അവസരം നല്ല തോതില്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്നു.

സംസ്ഥാന സര്‍ക്കാരാകട്ടെ, വിലക്കയറ്റം തടയുന്നതിന് പൊതുമാര്‍ക്കറ്റില്‍ ഇടപെടുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നൂറോളം കോടി രൂപ ഇതിനായി നീക്കിവച്ചു. അതുകൊണ്ടുതന്നെ അക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലായിരുന്നു കേരളം. ഇന്ന് സ്ഥിതിഗതികള്‍ മാറി. യുഡിഎഫ് ഭരണത്തില്‍ കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണിയില്‍ കാഴ്ചക്കാരായി നില്‍ക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കുമുള്ള സബ്സിഡി നിര്‍ത്തലാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇപ്രാവശ്യത്തെ സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം പ്രതിരോധിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല എന്നത് സര്‍ക്കാര്‍ നയത്തിന്റെ ചൂണ്ടുപലകയാണ്. വിലക്കയറ്റം രൂക്ഷമാക്കുന്നതിനോടൊപ്പം പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്നതിനുള്ള നടപടികളും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സ്വീകരിക്കുന്നു. അതുവഴി കോര്‍പറേറ്റുകളുടെ ലാഭമോഹത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു. എപിഎല്‍, ബിപിഎല്‍ എന്ന നിലയില്‍ ജനങ്ങളെ തരംതിരിച്ച് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തു. ദാരിദ്ര്യരേഖ താഴ്ത്തിവരച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ആനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കി. അതേസമയം, ദാരിദ്ര്യം കുറഞ്ഞെന്ന് മേനി നടിക്കുകയുംചെയ്യുന്നു. ഭക്ഷ്യസുരക്ഷാബില്‍ കൊണ്ടുവന്നു എന്നാണ് യുപിഎയുടെ അവകാശവാദം. എന്നാല്‍, ഈ ബില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതല്ല. പട്ടണപ്രദേശങ്ങളിലെ 50 ശതമാനം ജനങ്ങളെയും ഗ്രാമപ്രദേശങ്ങളിലെ 25 ശതമാനം ജനങ്ങളെയും ആനൂകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുകയാണ് ഈ ബില്ലിലൂടെ. നിലവിലുള്ള നിയമപ്രകാരം ബിപിഎല്‍ കുടുംബത്തിന് 35 കിലോഗ്രാമിന് അര്‍ഹതയുണ്ട്. അത് 10 കിലോ കുറച്ച് അഞ്ചംഗ കുടുംബത്തിന് 25 കിലോഗ്രാംമാത്രം നല്‍കുന്ന നിലയാണ്്. അംഗങ്ങള്‍ കുറവാണെങ്കില്‍ വിഹിതം വീണ്ടും കുറയും. കേരളത്തിലെ കുടുംബങ്ങളില്‍ മൂന്നോ നാലോ അംഗങ്ങളാണുള്ളത്. അതിനാല്‍ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ഭക്ഷ്യധാന്യമാവും കേരളത്തിന് കിട്ടുക. ഭക്ഷ്യസബ്സിഡിക്കായി ഇന്ത്യാ ഗവണ്‍മെന്റ് നീക്കിവയ്ക്കുന്നത് ജിഡിപിയുടെ 1.8 ശതമാനം മാത്രമാണ്. മറ്റു പല രാജ്യങ്ങളും 2.7 ശതമാനം മാറ്റിവയ്ക്കുന്നുണ്ട്. നികുതി ഇളവുകളും ഒഴിവുകളും നിശ്ചിത കാലത്തേക്കുള്ള നികുതി ഒഴിവുകളും മറ്റുമായി കോര്‍പറേറ്റ് മേഖലയ്ക്ക് മൊത്തം ജിഡിപിയുടെ എട്ടുശതമാനത്തോളം ഇളവ് നല്‍കുമ്പോഴാണ് ഭക്ഷ്യസബ്സിഡിക്കായി തുക നീക്കിവയ്ക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കായുള്ള ഭരണമാണ് നടക്കുന്നതെന്നു പറയുന്നതിന്റെ പ്രധാനകാര്യവും ഇതാണ്.

സോളാര്‍ തട്ടിപ്പുകേസില്‍, ശക്തമായ പ്രക്ഷോഭത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അംഗങ്ങള്‍ പലര്‍ക്കും സ്ഥാനം ഒഴിയേണ്ടിവന്നു. മുഖ്യമന്ത്രിക്ക് ഇതുമായുള്ള ബന്ധം ശ്രീധരന്‍നായരുടെ മൊഴിയില്‍ വ്യക്തമായതുമാണ്. ബിജു രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച ഇത്തരം തട്ടിപ്പുകാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കുന്നു. കോടതിതന്നെ നിരവധിതവണ ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തി. കേരളത്തിന്റെ ഉജ്വലമായ രാഷ്ട്രീയ സംസ്കാരത്തിന് ചോദ്യചിഹ്നമായി ഉമ്മന്‍ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാക്കിയില്ല. മാത്രമല്ല, അന്വേഷണത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കി തന്റെ തനിനിറം മുഖ്യമന്ത്രി കാണിക്കുകയുംചെയ്തു. ഒരു നിമിഷംപോലും മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ യോഗ്യതയില്ലാത്ത ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാണ് ഈ മാര്‍ച്ചിലെ മറ്റൊരു പ്രധാന മുദ്രാവാക്യം. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ പൊതുമുതലിന്റെ സ്വകാര്യവല്‍ക്കരണം എന്ന നടപടി കൂടുതല്‍ ശക്തമായി. അതിന്റെ ഫലമായി അഴിമതി രാജ്യത്ത് വ്യാപകമാവുകയാണ്. മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി സമ്പദ്ഘടനയുടെ അടിത്തറതന്നെ തോണ്ടുന്ന തരത്തിലുള്ള അഴിമതികളാണ് നടക്കുന്നത്. 2-ജി, കല്‍ക്കരി കുംഭകോണങ്ങളില്‍ യഥാക്രമം 1.76 ലക്ഷം കോടി, 1.86 ലക്ഷം കോടി എന്നിങ്ങനെയാണ് രാജ്യത്തിന് നഷ്ടമായത്. 750 കോടി രൂപ നഷ്ടപ്പെടുത്തിയ ടട്രാ ട്രക്ക് ഇടപാട്, കാല്‍ലക്ഷം കോടിയുടെ കോമണ്‍വെല്‍ത്ത് അഴിമതി, 3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി തുടങ്ങി യുപിഎ സര്‍ക്കാരുകള്‍ നടത്തിയ അഴിമതി അഞ്ചര ലക്ഷം കോടിയില്‍പ്പരം രൂപ വരും. കല്‍ക്കരി ഇടപാടില്‍ തെറ്റുപറ്റിയെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് പറയേണ്ട സ്ഥിതി ഉണ്ടായി. കേരളത്തിലും അഴിമതി വ്യാപകമാവുകയാണ്. വിജിലന്‍സ് കേസുകളില്‍ പ്രതികളായ മന്ത്രിമാരെ രക്ഷപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ചെയ്തി. അഴിമതി ഇല്ലാത്ത വകുപ്പുകള്‍ കേരളത്തില്‍ ഇല്ല എന്ന സ്ഥിതിയാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യമാണ് മതേതരത്വത്തിന്റേത്. അതിനെ തകര്‍ക്കുന്നതിനുള്ള ശ്രമം രാജ്യത്ത് സജീവമായി. ബിജെപിയാവട്ടെ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക നയങ്ങളെയെല്ലാം പിന്തുണയ്ക്കുന്നു. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് സംഘര്‍ഷങ്ങളുണ്ടാക്കി നേട്ടം കൊയ്യുന്നതിനുള്ള പരിശ്രമങ്ങളും നടക്കുന്നു. അടുത്തകാലത്ത് യുപി, മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രാപ്രദേശിലെ തെലങ്കാന പ്രവിശ്യ, രാജസ്ഥാന്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനും അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന നയമാണ് എക്കാലവും കോണ്‍ഗ്രസ് സ്വീകരിച്ചത്. ന്യൂനപക്ഷ വര്‍ഗീയത യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ഏതറ്റംവരെയും പോകുമെന്നാണ് തിരൂര്‍ സംഭവം കാണിക്കുന്നത്. അധികാരത്തിനുവേണ്ടി ഭൂരിപക്ഷ വര്‍ഗീയതയുമായി സഖ്യം ചേരുമെന്നാണ് മലപ്പുറത്തെ കൊടുവ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ആളെ യുഡിഎഫ് പിന്തുണച്ചതിലൂടെയും വ്യക്തമാകുന്നത്. ആഗോളവല്‍ക്കരണനയത്തിലൂടെ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കിയ കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ അതേ സാമ്പത്തികനയം തുടരുന്ന ബിജെപിയെ അധികാരത്തിലേറ്റാനാണ് കോര്‍പറേറ്റുകള്‍ പരിശ്രമിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ വികസന പദ്ധതി നടപ്പാക്കുന്ന, വംശഹത്യയുടെ തലവന്‍ നരേന്ദ്രമോഡിയെ നേതാവാക്കി ഉയര്‍ത്തി കോര്‍പറേറ്റ് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്.

കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടി ഭരിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫിന് തമ്മിലടിക്കാനല്ലാതെ കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കുന്നതിന് കഴിയുന്നില്ല. ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ കേരളത്തിന് ലഭിച്ച പദ്ധതികള്‍പോലും പ്രാവര്‍ത്തികമാക്കുന്നതിന് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. അവ നടപ്പിലാക്കുന്നതിനോ പുതിയ പദ്ധതി കൊണ്ടുവരുന്നതിനോ യുഡിഎഫിന് താല്‍പ്പര്യവുമില്ല.

കോണ്‍ഗ്രസിനും ബിജെപിക്കും ഈ രാജ്യത്തെ, അതിന്റെ മഹത്തായ പാരമ്പര്യങ്ങളെ ഉള്‍ക്കൊണ്ട് നയിക്കാനാവില്ലെന്ന് വ്യക്തമായി. ഇന്ത്യയുടെ ചേരിചേരാനയം കൈയൊഴിഞ്ഞത് ഇതിന് ഉദാഹരണമാണ്. മാത്രമല്ല, കേരളത്തിന്റെ അവകാശങ്ങള്‍ നല്‍കുന്നതിന് ഇവര്‍ തയ്യാറുമല്ല. ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണം ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതംമാത്രമേ വിതയ്ക്കുകയുള്ളൂ. ഈ സ്ഥിതിക്ക് മാറ്റംവരുത്താന്‍ ബിജെപി- കോണ്‍ഗ്രസിതര മതേതര ശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. ഇതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്കാളിത്തം ഉണ്ടാവുകയും വേണം. അതിനായി ഇടതുപക്ഷത്തിന് പിന്തുണ നല്‍കേണ്ട സംസ്ഥാനമാണ് കേരളം. അത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് കേരളം സജ്ജമാകേണ്ടതുമുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ മുന്നോട്ടുവച്ച് നടത്തുന്ന ഈ മാര്‍ച്ചിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി

No comments: