Tuesday, February 4, 2014

അഴിമതിയുടെ തലപ്പത്ത്

അഴിമതിയുടെ പര്യായമായി കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ നേതാക്കളും മാറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ വമ്പന്മാര്‍ ഉള്‍പ്പെട്ട മറ്റൊരു അഴിമതിയുടെകൂടി ചുരുളാണ് അഴിയുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കഥകള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കോണ്‍ഗ്രസ് അഴിമതിപ്പാര്‍ടിയാണെന്ന ബോധ്യം ജനങ്ങളില്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടത് ബൊഫോഴ്സ് അഴിമതിക്കേസിനെതുടര്‍ന്നാണ്. അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജീവ്ഗാന്ധിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ബൊഫോഴ്സ് അഴിമതിയെക്കുറിച്ച് ഇന്ത്യക്കാര്‍ അറിയുന്നത് വിദേശത്തുനിന്നാണ്. ഇടപാടില്‍ കമീഷന്‍ നല്‍കിയ കാര്യം ആദ്യം റിപ്പോര്‍ട്ടുചെയ്തത് സ്വീഡിഷ് റേഡിയോയാണ്. ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും വിദേശത്തുനിന്നാണ്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. ബൊഫോഴ്സ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതികള്‍ പത്താംനമ്പര്‍ ജനപഥുമായി ബന്ധപ്പെട്ടതാണെന്നത് ശ്രദ്ധിക്കണം.

വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 എഡബ്ല്യു 101 ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 3760 കോടി രൂപയുടെ കരാറിനുപിന്നിലെ അഴിമതിക്കഥകളാണ് മറനീക്കി പുറത്തുവന്നത്. 2010 ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പുവച്ചതെങ്കിലും 2008 മുതല്‍തന്നെ കരാര്‍ ലഭിക്കുന്നതിനുള്ള കോഴപ്പണം ഒഴുകാന്‍ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഏകദേശം 24 കോടി രൂപ നല്‍കാന്‍ നിര്‍ദേശിച്ചുള്ള കത്താണ് ഇപ്പോള്‍ വിവാദമായത്. കരാര്‍ ലഭിക്കുന്നതിനുള്ള കോഴപ്പണമാണിത്. 2008ല്‍ അമേരിക്കയുമായി ഒപ്പിട്ട ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ അഴിമതി. പിന്നീട് വോട്ടുകോഴയെന്ന് പ്രസിദ്ധമായ എംപിമാരെ വിലയ്ക്ക് വാങ്ങാനുള്ള പണമായിരുന്നോ ഇതുവഴി കോണ്‍ഗ്രസ് സമാഹരിച്ചതെന്നത് തുടര്‍ന്നുള്ള അന്വേഷണത്തില്‍മാത്രമേ വ്യക്തമാകൂ.

സോണിയയും പട്ടേലുമടക്കമുള്ളവരെ സ്വാധീനിക്കാന്‍ നിര്‍ദേശിച്ച് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ മൈക്കല്‍, അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഇന്ത്യന്‍ മേധാവി പീറ്റര്‍ ഹുള്ളറ്റിന് 2008 മാര്‍ച്ചില്‍ അയച്ച കത്താണ് പുറത്തുവന്നത്. ഇറ്റാലിയന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഗിഡിയോ റാള്‍ഫ് ഹാഷ്കെയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെടുത്തത്. പ്രോസിക്യൂട്ടര്‍മാര്‍ ഇത് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചാല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്നും അതിനാല്‍ അവരെ സ്വാധീനിക്കാന്‍ അവരുടെ ഏഴ് വിശ്വസ്തരെ കാണാനാണ് കത്തില്‍ നിര്‍ദേശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവരെ സ്വാധീനിക്കാനാണ് നിര്‍ദേശം. കോഴപ്പണം എങ്ങനെ വിതരണംചെയ്യണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. പണം നല്‍കേണ്ടവരുടെ ചുരുക്കപ്പേരും തുകയുമാണ് കത്തില്‍. എഎഫ് (എയര്‍ഫോഴ്സ്) 60 ലക്ഷം യൂറോ, ബിയുആര്‍ (ബ്യൂറോക്രാറ്റ്സ്) 84 ലക്ഷം യൂറോ, പിഒഎല്‍ (പൊളിറ്റീഷ്യന്‍സ്) 60 ലക്ഷം യൂറോ, എപി (അഹമ്മദ് പട്ടേല്‍) 30 ലക്ഷം യൂറോ എന്നിങ്ങനെയാണ് പേരും വിതരണംചെയ്യേണ്ട തുകയും സൂചിപ്പിച്ചിട്ടുള്ളത്.

വിവിഐപികള്‍ക്കായി പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കത്തിനുപിന്നില്‍ സോണിയ ഗാന്ധിയാണെന്ന് കത്തില്‍ വ്യക്തമായും പറയുന്നുണ്ട്. വിവിഐപികള്‍ ഉപയോഗിച്ചുവരുന്ന റഷ്യന്‍ നിര്‍മിത എംഐ 8 ഹെലികോപ്റ്റര്‍ ഇനിമുതല്‍ സോണിയ ഉപയോഗിക്കില്ലെന്നും സോണിയയെ സ്വാധീനിക്കാനായാല്‍ നമ്മുടെ ഹെലികോപ്റ്ററുകള്‍ വില്‍ക്കാനാകുമെന്നും സോണിയയെയും അവരുടെ ഉപദേശകരെയും സ്വാധീനിക്കാന്‍ ബ്രിട്ടീഷ് ഹൈക്കമീഷണറോട് പറയണമെന്നും മറ്റും കത്തില്‍ നിര്‍ദേശിക്കുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ സോണിയയുടെ ഏഴ് ഉപദേശകര്‍ ആരൊക്കെയെന്ന് കത്തില്‍ വ്യക്തമാക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇറ്റലിയുടെയും ബ്രിട്ടന്റെയും സംയുക്തസംരംഭമായതിനാലാണ് ബ്രിട്ടീഷ് ഹൈക്കമീഷണറുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ സികോര്‍സ്കിയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമാണ് ഇടപാടില്‍ അവസാനംവരെ രംഗത്തുണ്ടായിരുന്നു. കരാര്‍ നേടാന്‍ സികോര്‍സ്കിയും ശക്തമായി ശ്രമിച്ചു. ഇത് മനസ്സിലാക്കിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സോണിയ വഴി കരാര്‍ നേടാന്‍ ശ്രമമാരംഭിച്ചത്. 2010 ഫെബ്രുവരിയില്‍ സികോര്‍സ്കിയെ തഴഞ്ഞ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2012ല്‍ അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗിസപ്പെ ഒര്‍സി കോഴപ്പണം നല്‍കിയതിന് അറസ്റ്റിലായതോടെയാണ് അഴിമതി ഇടപാടുകള്‍ പുറത്തായത്. മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ കോഴപ്പണം വാങ്ങിയതായി പിന്നീട് വാര്‍ത്ത വന്നു. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇടപാട് വിവാദമായതോടെ കഴിഞ്ഞ ജനുവരി ഒന്നിന് കരാര്‍ റദ്ദാക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ബന്ധിതമായി.

കരാര്‍ റദ്ദാക്കി കൈകഴുകാനുള്ള എ കെ ആന്റണിയുടെ ശ്രമം അപലപനീയമാണ്. അഴിമതി നടത്തിയവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതൊന്നുംതന്നെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട അഴിമതിയായതിനാല്‍ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതാനുമാകില്ല. രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങുന്ന കൂട്ടിലെ തത്തയായി സിബിഐ ഈ കേസിലും മാറുമെന്നതില്‍ സംശയമില്ല. അതൊഴിവാക്കാനുള്ള ജനകീയ ഇടപെടലിന്റെ അനിവാര്യതയാണ് ഈ സംഭവം ജനത്തെ ഓര്‍മിപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: