Wednesday, February 5, 2014

കേന്ദ്ര അവഗണനയുടെ കയ്പുനീര്‍

ഓരോ കേന്ദ്രത്തിലും ജനപങ്കാളിത്തം വര്‍ധിച്ചുവരികയാണ്; ആവേശവും. കൊല്ലം ജില്ലയിലാണ് ചൊവ്വാഴ്ച കേരളരക്ഷാ മാര്‍ച്ച് പര്യടനം തുടങ്ങിയത്. ഉച്ചയ്ക്കുശേഷം തലസ്ഥാനജില്ലയില്‍ പ്രവേശിച്ചു. മൂന്നുദിവസംകൊണ്ട് തലസ്ഥാനജില്ലയിലെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും കൊല്ലത്തെ അവശേഷിക്കുന്ന മണ്ഡലങ്ങളിലെത്തും. ജാതിവിവേചനങ്ങള്‍ക്കെതിരായ ഉശിരന്‍ പോരാട്ടങ്ങള്‍ നടന്ന, ശ്രീനാരായണന്റെയും ചട്ടമ്പിസ്വാമിയുടെയും അയ്യന്‍കാളിയുടെയും നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വേദിയായ തിരുവനന്തപുരത്ത് മഹാജനസഞ്ചയമാണ് ഞങ്ങളെ സ്വീകരിച്ചത്. നവോത്ഥാനപോരാട്ടങ്ങളുടെ പിന്തുടര്‍ച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണെന്ന തിരിച്ചറിവാണ് ജനസഹസ്രങ്ങളെ ആവേശഭരിതരാക്കുന്നത്.

കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിനോടുള്ള കേന്ദ്ര അവഗണനയെക്കുറിച്ച് സൂചിപ്പിക്കേണ്ടിവന്നു. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് നിയമസഭയിലുണ്ടായ ചര്‍ച്ച ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. കേന്ദ്ര അവഗണനയുടെയും സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടിന്റെയുമെല്ലാം തികഞ്ഞ ഉദാഹരണമാണ് വിഴിഞ്ഞം. അവിടെ അന്താരാഷ്ട്ര തുറമുഖനിര്‍മാണം അട്ടിമറിക്കപ്പെടുകയാണ്. പിപിപി പദ്ധതിയാക്കുന്നതിലും പുതിയ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിലും പദ്ധതിത്തുക ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതിലുമുള്ള ദുരൂഹതകള്‍ പ്രതിപക്ഷം അക്കമിട്ട് നിരത്തി. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍പോന്ന ബൃഹദ് പദ്ധതിയാണ് വിഴിഞ്ഞത്തേത്. അതിനോട് കാണിക്കുന്ന കുറ്റകരമായ സമീപനം, യുഡിഎഫ് സര്‍ക്കാരിന്റെ പൊതുസ്വഭാവമാണ് സൂചിപ്പിക്കുന്നത്.

ജാഥയുടെ തുടക്കംമുതല്‍ കേന്ദ്ര അവഗണനയെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ആലപ്പുഴ ജില്ലയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച റെയില്‍ കോച്ച് ഫാക്ടറി കാണെക്കാണെ കോച്ച് റിപ്പയര്‍ ഫാക്ടറിയായതും പിന്നെ ഒന്നുമില്ലാതായതുമാണ് സൂചിപ്പിച്ച വിഷയങ്ങളിലൊന്ന്്. രണ്ടാം യുപിഎ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അവഗണിക്കുകയും സംസ്ഥാനത്തോട് കടുത്തവിവേചനം കാണിക്കുകയുമാണ്.

കേരളം മൂന്നുപതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്ടറി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കുകയും ചെയ്ത ഘട്ടത്തിലാണ് കോച്ച് ഫാക്ടറിസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010ല്‍തന്നെ ഭൂമി ഏറ്റെടുത്ത് റെയില്‍വേയ്ക്ക് ലഭ്യമാക്കി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട് തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു- സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യപങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ "സെയില്‍" പദ്ധതിയില്‍ 74 ശതമാനംവരെ ഓഹരിപങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാകാത്ത റെയില്‍വേനിലപാട് ദുരൂഹമാണ്. സ്വകാര്യപങ്കാളിയെ കണ്ടെത്താന്‍ യോഗ്യതാപത്രം ക്ഷണിച്ചിട്ടും ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ "സെയിലു"മായി ചേര്‍ന്ന് പദ്ധതി നടപ്പാക്കണം. കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാകില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹികവികസന സൂചിക, അര്‍ഹമായ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹികവികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേതുണ്ടെന്ന വസ്തുത രഘുറാം രാജന്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല.

ഇത്തരം വികലമായ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്ന വിമര്‍ശം ഏറെക്കാലമായുണ്ട്. ഈ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതുമൂലം കേന്ദ്രാവിഷ്കൃതപദ്ധതികളുടെ പ്രയോജനം കേരളത്തിന് ലഭ്യമാകുന്നില്ല. മാനദണ്ഡങ്ങളില്‍ കേരളത്തിന്റെകൂടി സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. പന്ത്രണ്ടാംപദ്ധതിയില്‍ കേരളത്തിന് ഐഐടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി നടത്തിയ പ്രഖ്യാപനമാണ്. എന്നാല്‍, ആസൂത്രണ കമീഷന്‍ അംഗീകരിച്ച 12-ാം പദ്ധതിരേഖയില്‍ കേരളത്തിന് ഐഐടി ഇല്ല. മാത്രമല്ല, 13-ാംപദ്ധതിയിലും ഐഐടി ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നുമില്ല. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്ലിങ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈമൂലം കഴിഞ്ഞു. ബ്രഹ്മോസ്, പാലക്കാട് ബെമല്‍, തിരുവനന്തപുരം ഐഎസ്ഇആര്‍, കേന്ദ്ര സര്‍വകലാശാല, അലിഗഡ് സര്‍വകലാശാല ഓഫ്- ക്യാമ്പസ് എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കേന്ദ്രത്തിലും കേരളത്തിലും ഒരേപാര്‍ടി ഭരിച്ചാല്‍ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ടു മന്ത്രിമാരുടെ റെക്കോഡ് പ്രാതിനിധ്യമുണ്ടായിരിക്കുകയും ഒരേപാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും. ഇതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന സര്‍ക്കാരും ഉത്തരവാദികളാണ്. സംസ്ഥാനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇക്കൂട്ടര്‍ തീര്‍ത്തും പരാജയപ്പെട്ടു.

അതേസമയം, കേന്ദ്രത്തിന്റെ ജനവിരുദ്ധ നവഉദാരനയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും നിഷ്കര്‍ഷ പുലര്‍ത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രസംഗമാണ് ജാഥാംഗങ്ങളുടേത്. ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കലടക്കം തലസ്ഥാനജില്ലയുടെ വികസന ആവശ്യങ്ങള്‍ക്കായി 200 ദിവസത്തിലധികം നീണ്ടുനിന്ന സമരത്തിന് വേദിയായ തിരുവനന്തപുരത്ത് ചൊവ്വാഴ്ചത്തെ പര്യടനം സമാപിക്കുമ്പോള്‍, സിപിഐ എമ്മിന് പുറത്തുള്ളവരടക്കം സാധാരണജനങ്ങള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യാന്‍ സ്വമേധയാ എത്തുന്ന അനുഭവമാണ്. സംഘാടകരെ അതിശയിപ്പിക്കുന്ന ഈ ജനബാഹുല്യം പാര്‍ടിയുടെ വര്‍ധിച്ച അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്. അപവാദപ്രചാരകരുടെയും രാഷ്ട്രീയദുരാചാരക്കാരുടെയും ഞെക്കിപ്പഴുപ്പിച്ച പ്രകടനങ്ങളുമായി ഇതിന് താരതമ്യമില്ല- ജനങ്ങളാണ് ഈ പാര്‍ടിയുടെ ശക്തി; ജനമനസ്സുകളിലെ വിശ്വാസമാണ് ഇതിന്റെ അടിത്തറ.

*
പിണറായി വിജയന്‍

No comments: