Thursday, February 27, 2014

കേരളത്തിന്റെ വഴിതുറന്ന രക്ഷാമാര്‍ച്ച്

"മതനിരപേക്ഷ ഇന്ത്യ- വികസിത കേരളം" എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി ഒന്നിന് വയലാറില്‍ ആരംഭിച്ച്, സംസ്ഥാനത്തെ നൂറ്റിനാല്‍പ്പത് അസംബ്ലിമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച്, കോഴിക്കോട് കടപ്പുറത്ത് സമാപിച്ച, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളരക്ഷാ മാര്‍ച്ച് കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയമുന്നേറ്റത്തിനാണ് സാക്ഷ്യംവഹിച്ചത്. വിവിധ സ്വീകരണയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തവരും മാര്‍ച്ച് പോകുന്നതിന് ഇരുവശങ്ങളിലുംനിന്ന് അഭിവാദ്യംചെയ്ത് സ്വീകരിച്ചവരും വിശാലമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായവരുമടക്കം ഒന്നരക്കോടിയോളം ജനങ്ങളോട് സംവദിച്ചും, സംസ്ഥാനത്തിന്റെ വിവിധ മേഖലകളെയും ജനവിഭാഗങ്ങളെയും രാഷ്ട്രീയമായി ഇളക്കിമറിച്ചുംകൊണ്ട് മുന്നേറിയ മാര്‍ച്ച്, ഇടതുപക്ഷത്തിന് പൊതുവിലും സിപിഐ എമ്മിന് പ്രത്യേകിച്ചും കേരളജനതയുടെ മനസ്സിലുള്ള സുദൃഢമായ സ്ഥാനം ആവര്‍ത്തിച്ചുറപ്പിക്കുന്നതു തന്നെയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനൊന്ന് രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളുടെ യോഗം കോണ്‍ഗ്രസിതര-ബിജെപിയിതര ബദല്‍ കൂട്ടുകെട്ടിന് അഖിലേന്ത്യാതലത്തില്‍ അടിത്തറയിട്ടതിന്റെ തൊട്ടുപിറ്റേന്ന് കോഴിക്കോട്ട് സമാപിച്ച മാര്‍ച്ചിന്റെ പ്രസക്തിയും പ്രാധാന്യവും സംസ്ഥാനതലം കടന്ന് ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായിത്തീരുന്നു. അത്തരമൊരു ബദലിനുവേണ്ടി നിരന്തരം ശ്രമിക്കുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കേരളരക്ഷാമാര്‍ച്ച്, അതുകൊണ്ടുതന്നെ ഭാരതരക്ഷാമാര്‍ച്ചിന്റെ വിശാലമാനംകൂടി കൈവരിക്കുകയുംചെയ്യുന്നു.

രണ്ടുപതിറ്റാണ്ടിലേറെക്കാലമായി കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി വ്യാപകമായ കാര്‍ഷികത്തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉല്‍പ്പാദനക്കുറവും സാമ്പത്തികപ്രതിസന്ധിയും സംഭവിച്ചതുകാരണം, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതമയമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആസന്നമായ ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നീറുന്ന ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്; അനിവാര്യമാണ്. അത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അതിനു കാരണക്കാരായ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും വിമര്‍ശത്തിന് വിധേയമായിത്തീരുന്നതും സ്വാഭാവികമാണ്; അനിവാര്യമാണ്.

അത്തരം വിമര്‍ശങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്ത യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തെ വെറുമൊരു ചന്ദ്രശേഖരന്‍ വധപ്രശ്നത്തില്‍ ഒതുക്കിനിര്‍ത്താനുള്ള കുടിലതന്ത്രങ്ങളാണ് പയറ്റുന്നത്. സംസ്ഥാനത്തെ കുത്തകമാധ്യമങ്ങളെല്ലാം (പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും) ആ തന്ത്രത്തില്‍ ആവോളം മുഴുകിയിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ടുകൊല്ലമായി ലാവ്ലിന്റെ മറവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും, ഇപ്പോള്‍ ആ വേട്ടയ്ക്ക് വീണ്ടും സിബിഐയുടെ സഹായംകൂടി പ്രതീക്ഷിക്കുന്നു. മൊയാരത്ത് ശങ്കരനും സര്‍ദാര്‍ ഗോപാലകൃഷ്ണനും സ. കുഞ്ഞാലിയും സ. അഴീക്കോടനും അബ്ദുള്‍ ഖാദറും തൊട്ട് എത്രയോ സഖാക്കളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്-കെഎസ്യു ഗുണ്ടകള്‍ പൈശാചികമായി കശാപ്പുചെയ്ത സംസ്ഥാനമാണിത്. ചീമേനിയില്‍ അഞ്ച് സഖാക്കളെ ജീവനോടെ ചുട്ടെരിച്ചതും കോണ്‍ഗ്രസുകാര്‍തന്നെ. യഥാര്‍ഥത്തില്‍ കേരളത്തിലെ നൂറുകണക്കിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസ്-കെഎസ്യു അക്രമികളാണ്. അവരാണ് സംസ്ഥാനത്തിലെ യഥാര്‍ഥ കൊലപാതകസംഘം. എന്നാല്‍, അതെല്ലാം മറച്ചുവയ്ക്കുന്ന കുത്തകമാധ്യമങ്ങള്‍, ചന്ദ്രശേഖരന്‍വധം എന്ന ഒരൊറ്റ സംഭവത്തെ നിമിത്തമാക്കി, സിപിഐ എമ്മിനെ നിരന്തരം വേട്ടയാടുന്നത്, കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിപിഐ എമ്മിനുള്ള യഥാര്‍ഥമായ പങ്കും പ്രസക്തിയും തികച്ചും മനസിലാക്കിക്കൊണ്ടുതന്നെയാണ്.

എന്നാല്‍, അവരുടെ ഈ കുടിലതന്ത്രത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒട്ടുംതന്നെ മയങ്ങിപ്പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളരക്ഷാ മാര്‍ച്ചിന് ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം. നൂറ്റിയിരുപത്താറ് പൊതുയോഗങ്ങളില്‍ ഓരോന്നിലും കേരളരക്ഷാ മാര്‍ച്ചിനെ പതിനായിരക്കണക്കിന് ആളുകളാണ് സ്വീകരിക്കാനെത്തിയത്. സിപിഐ എമ്മിലോ ഇടതുപക്ഷകക്ഷികളിലോപെട്ടവര്‍മാത്രമല്ല, വിവിധ രാഷ്ട്രീയ-ബഹുജനസംഘടനകളിലും സാമുദായികസംഘടനകളിലുംപെട്ടവരും അങ്ങനെ ഒന്നിലുംപെടാത്തവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ബിഷപ്പുമാരും പാതിരിമാരും മൗലവിമാരുമെല്ലാം അതില്‍പ്പെട്ടിരുന്നു. എല്ലാ ജനവിഭാഗങ്ങളിലുംപെട്ടവര്‍; എല്ലാ പ്രായപരിധിയിലും ഉള്‍പ്പെട്ടവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാഹിത്യ-സാംസ്കാരികനായകര്‍, ഗായകര്‍, കലാകാരന്മാര്‍. അവരില്‍ ഒരു വലിയവിഭാഗം സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. (കാരണം സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ആത്യന്തികമായി പേറേണ്ടിവരുന്നത് പ്രധാനമായും അവര്‍തന്നെയാണല്ലോ. പാചകവാതകത്തിന്റെ വില സര്‍ക്കാര്‍ അടിക്കടി വര്‍ധിപ്പിക്കുമ്പോള്‍, പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില വാണംപോലെ കുതിച്ചുയരുമ്പോള്‍, അടുക്കളയില്‍ അടുപ്പ് കെടാതെ സൂക്ഷിക്കേണ്ടത് അവരാണല്ലോ). പരമ്പരാഗതമായി ഇടതുപക്ഷത്തിന് അധികം സ്വാധീനമില്ലാത്തവയെന്ന് കരുതപ്പെടുന്ന മേഖലകളിലും പ്രദേശങ്ങളിലും പോലും മാര്‍ച്ചിന് ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണം, സിപിഐ എമ്മിന്റെ അജയ്യതയുടെ തെളിവാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും ഒരേപോലെ വേരോട്ടമുള്ള മറ്റൊരു രാഷ്ട്രീയപ്പാര്‍ടിയും പ്രസ്ഥാനവും കേരളത്തില്‍ ഇല്ലെന്നും ഈ മാര്‍ച്ച് തെളിയിച്ചു.

1947-49 കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും 1963-65 കാലത്തും 1975-77 കാലത്തും സിപിഐ എമ്മിനെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ പാടുപെട്ട കോണ്‍ഗ്രസും വലതുപക്ഷ പിന്തിരിപ്പന്‍ശക്തികളും, അന്നൊക്കെ ആ ശ്രമത്തില്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. ഇന്ന് ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണകാലത്ത് ഈ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടെയും കോര്‍പറേറ്റുകളുടെയും കണ്ണിലെ കരട്, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനമാണ്; പ്രത്യേകിച്ചും സിപിഐ എമ്മാണ്. ആ സിപിഐ എമ്മിനെ കേരളത്തിലും പശ്ചിമബംഗാളിലും 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിലും തോല്‍പ്പിച്ചുവെന്നാണ് വലതുപക്ഷ- പിന്തിരിപ്പന്‍ശക്തികള്‍ ആശ്വസിച്ചത്. എന്നാല്‍, അവരുടെ ആ വ്യാമോഹത്തെ തകര്‍ത്ത്, സിപിഐ എം (ഇടതുപക്ഷവും) വീണ്ടും ദേശീയരാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്ക് വരുന്ന കാഴ്ചയ്ക്കാണ്, ഫെബ്രുവരി 25ന്റെ ഡല്‍ഹിയിലെ രാഷ്ട്രീയപ്പാര്‍ടികളുടെ യോഗവും ബദല്‍ശക്തിയുടെ ആവിര്‍ഭാവവും സാക്ഷ്യംവഹിച്ചത്. ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയായി സിപിഐ എമ്മും ഇടതുപക്ഷവും വളര്‍ന്നാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ഭവിഷ്യത്ത് അവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണവര്‍, കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാനും തമസ്കരിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

എന്നാല്‍, അവരുടെ ലക്ഷ്യം സാധിക്കുകയില്ലെന്നാണ് കേരളരക്ഷാ മാര്‍ച്ചിന്റെ വമ്പിച്ച വിജയം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: