Wednesday, February 5, 2014

കയര്‍-കശുവണ്ടി മേഖലയിലെ ദുരിതജീവിതം

ആലപ്പുഴയില്‍നിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ച കേരളരക്ഷാമാര്‍ച്ചിനെ സ്വീകരിക്കാന്‍, പിന്നിട്ട 12 കേന്ദ്രത്തിലും വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ അണിനിരന്നു. കയര്‍, കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന ആയിരങ്ങള്‍ തങ്ങളുടെ ആശയും ആവേശവും താങ്ങുംതണലുമായ പ്രസ്ഥാനത്തിന്റെ കൊടിയുമേന്തി ഓരോ കേന്ദ്രത്തിലും ജാഥയെ വരവേല്‍ക്കാനെത്തി. ഈ രണ്ടുമേഖലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ച കാലത്ത് സര്‍ക്കാര്‍ സജീവമായി ഇടപെട്ടിരുന്നു.

ഇന്ന് സര്‍ക്കാര്‍ കയറിന്റെ പേരില്‍ പ്രചാരണവും ആഘോഷവും വിദേശസഞ്ചാരവും ധൂര്‍ത്തുമേളകളും നടത്തുന്നുണ്ട്. പക്ഷേ, ആ മേഖലയിലെ തൊഴിലാളികളുടെ ദുരിതജീവിതം കാണുന്നില്ല. കയര്‍ തൊഴിലാളികളില്‍ 10 ശതമാനത്തിനു മാത്രമാണ് ഇപ്പോള്‍ തൊഴിലുള്ളത്. 10 ലക്ഷത്തിലേറെപ്പേര്‍ ഈ രംഗത്ത് തൊഴിലെടുത്തിരുന്നു. കയര്‍ ബോര്‍ഡിന്റെ അവസാനത്തെ കണക്കെടുപ്പില്‍ ഇത് നാലുലക്ഷത്തോളമായി ചുരുങ്ങി. ഇതില്‍ 90 ശതമാനത്തിനും ഇപ്പോള്‍ തൊഴിലില്ല. വര്‍ഷം 10 കോടിയിലേറെ രൂപയുടെ വിദേശനാണ്യം രാജ്യത്തിന് സംഭാവന ചെയ്ത മേഖലയെയാണ് ഈ ദുര്‍ഗതിയിലെത്തിച്ചത്.

പിരി-ഫാക്ടറി മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറില്‍പ്പരം കയര്‍ സഹകരണസംഘങ്ങളില്‍ ബഹുഭൂരിപക്ഷവും സ്തംഭനത്തിലാണ്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായവും നിലച്ചതോടെ സംഘങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായി. തൊഴിലാളികള്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്നു. ഇത് വലിയ തൊഴില്‍ചൂഷണത്തിന് കാരണമായി. അധ്വാനഭാരം വര്‍ധിപ്പിച്ചും കൂലി കുറച്ചും മുതലാളിമാര്‍ ലാഭം കൂട്ടുകയാണ്. പ്രാകൃത തൊഴില്‍സമ്പ്രദായവും കഠിനമായ അധ്വാനവും ചുരുങ്ങിയ കൂലിയും കയര്‍വ്യവസായം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍വ്യവസായത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടിയെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലപ്പുഴയില്‍ കയര്‍യന്ത്രനിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചതാണ്. തൊണ്ടു സംഭരണത്തിന് കയര്‍ കമീഷന്‍ വ്യക്തമായ ശുപാര്‍ശ സമര്‍പ്പിച്ചതുമാണ്. അതൊന്നും യുഡിഎഫ് ഭരണത്തിന്റെ അജന്‍ഡയിലില്ല. അങ്ങനെ അവഗണനയുടെ ദുരിതം കുടിച്ചുതീര്‍ക്കുന്ന കയര്‍തൊഴിലാളികള്‍ സിപിഐ എമ്മിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തീര്‍ച്ചയായും ആ പ്രതീക്ഷ അസ്ഥാനത്തല്ല. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ അധികാരികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനും അവ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സിപിഐ എം മുന്നില്‍ത്തന്നെയുണ്ടാകും.

മാര്‍ച്ച് ഓച്ചിറയില്‍ വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു തിങ്കളാഴ്ച ആദ്യസ്വീകരണം. കൊല്ലത്ത് കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഇടപ്പള്ളിക്കോട്ടയിലും തുടര്‍ന്ന് കൊല്ലത്തും സ്വീകരണങ്ങള്‍. എല്ലായിടത്തും, യോഗങ്ങളിലും അവിടങ്ങളിലേക്ക് ഒഴുകിയെത്തിയ പ്രകടനങ്ങളിലും ഉണ്ടായ സ്ത്രീസാന്നിധ്യം എടുത്തുപറയേണ്ടതാണ്. അക്കൂട്ടത്തില്‍ കശുവണ്ടിത്തൊഴിലാളികളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു.

കയര്‍വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത് കശുവണ്ടിമേഖലയിലാണ്. മൂന്നുലക്ഷം തൊഴിലാളികളില്‍ 98 ശതമാനം സ്ത്രീകളാണ്. ആ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും സിപിഐ എമ്മിലാണ് അണിചേരുന്നത്. അതുകൊണ്ടുകൂടിയാകാം, അവരോട് യുഡിഎഫ് സര്‍ക്കാരിന്റെ പെരുമാറ്റം ക്രൂരമാണ്. സ്ത്രീകളുടെ വ്യവസായമെന്ന പ്രത്യേകതകൂടി കണക്കിലെടുത്താണ് ഈ രംഗത്ത് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെ കീഴില്‍ 34 ഫാക്ടറിയും സഹകരണസ്ഥാപനമായ കാപ്പെക്സിന്റെ കീഴില്‍ പത്ത് ഫാക്ടറിയും ഉണ്ട്. ഈ സ്ഥാപനങ്ങളിലെ ഫാക്ടറികള്‍ യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാഷ്യൂ ഫാക്ടറി അക്യുസിഷന്‍ (ഭേദഗതി) നിയമം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പാസാക്കിയതാണ്. കാഷ്യൂ കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികള്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമൂലധനം നല്‍കുകയും ഫാക്ടറികളുടെ നവീകരണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു. കാഷ്യു കോര്‍പറേഷന്‍ ഫാക്ടറികള്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. പിഎഫ് വിഹിതം സ്ഥാപനം അടയ്ക്കുന്നില്ല. എട്ടുകോടി രൂപ കുടിശ്ശിക ഈടാക്കാനുള്ള നടപടികള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു. കാപ്പെക്സിന്റെ സാമ്പത്തികസ്ഥിതി വലിയ പ്രതിസന്ധിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു. തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്ന് സംസ്കരിച്ച അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് മറ്റൊരു ഭീഷണിയാണ്.

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതങ്ങള്‍ അടയ്ക്കാതിരിക്കുക, വൃത്തിഹീനമായ തൊഴില്‍ സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക തുടങ്ങിയ നിയമനിഷേധനടപടികള്‍ തൊഴിലുടമകള്‍ സ്വീകരിച്ചാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. 2011ല്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്ന സമയത്തുള്ള ജീവിതച്ചെലവിന്റെ ഇരട്ടിയോ അതിലധികമോ ആണ് ഇന്നത്തെ ജീവിതസ്ഥിതി. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും 10,000 രൂപയെങ്കിലും പ്രതിമാസം വരുമാനം ലഭ്യമാക്കണമെന്ന് ദേശീയതലത്തില്‍ത്തന്നെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും വിവരിച്ചത് കയര്‍-കശുവണ്ടി മേഖലകളിലെ യഥാര്‍ഥപ്രശ്നങ്ങളുടെ ചെറിയ ഭാഗമേ ആകുന്നുള്ളൂ. ജീവിതം വഴിമുട്ടിനില്‍ക്കുന്ന ആ തൊഴിലാളികള്‍ കൂട്ടത്തോടെ മണിക്കൂറുകള്‍ കാത്തുനിന്ന് സിപിഐ എം മാര്‍ച്ചിനെ വരവേല്‍ക്കുമ്പോള്‍, പാര്‍ടിയെ അവര്‍ എത്രമാത്രം സ്നേഹിക്കുന്നു; വിശ്വസിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അവരുടെ കൈകളില്‍നിന്നു ലഭിച്ച ഓരോ ഹാരവും കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ഓരോ മുദ്രാവാക്യവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ അപ്രതിരോധ്യമായ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്; ഉത്തരവാദിത്തമാണ് വര്‍ധിപ്പിക്കുന്നത്.

*
പിണറായി വിജയന്‍

No comments: