Friday, February 21, 2014

ആം ആദ്മിയും മുതലാളിത്തവും

ആം ആദ്മി പാര്‍ടി (എഎപി) നേതാവ് കെജ്രിവാള്‍ അവരുടെ നയം വ്യക്തമാക്കിയിരിക്കുന്നു- ആം ആദ്മി മുതലാളിത്തവ്യവസ്ഥയെ പൂര്‍ണമായും അനുകൂലിക്കുന്നു. പങ്കാളിത്ത മുതലാളിത്തത്തിനോടുമാത്രമേ എതിര്‍പ്പുള്ളൂ. സര്‍ക്കാരെന്നാല്‍ ഭരിക്കാന്‍മാത്രമുള്ളതാണ്. വ്യവസായം, വ്യാപാരം തുടങ്ങി സകലതും സ്വകാര്യവ്യക്തികള്‍ക്കുള്ളതാണ്. സര്‍ക്കാര്‍ ബിസിനസ് നടത്താന്‍ പാടില്ല. അത് സര്‍ക്കാരിന്റെ പണിയല്ല. ഭരിക്കുക എന്നതുകൊണ്ട് കെജ്രിവാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ക്രമസമാധാനപാലനംമാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് കരുതുന്നവരുണ്ട്. അതുതന്നെയാണ് കെജ്രിവാളിന്റെയും ധാരണ. ക്ഷേമരാഷ്ട്ര സങ്കല്‍പത്തോടുള്ള സമീപനമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. മുതലാളിത്തവ്യവസ്ഥയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യാന്‍ ആം ആദ്മി പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്‍ക്കരണനയത്തിന്റെ വക്താക്കളും പറയുന്നത്, സര്‍ക്കാര്‍ ഭരിക്കാന്‍മാത്രമുള്ളതാണ് എന്നാണ്. വിലനിയന്ത്രണംപോലും സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നില്ല. വില നിശ്ചയിക്കേണ്ടത് വിപണിയിലാണ്. ചുരുക്കത്തില്‍ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, വിപണി സമ്പദ്വ്യവസ്ഥ എന്നിവയോടൊക്കെ ആം ആദ്മിക്ക് യോജിപ്പാണ്. അഴിമതിക്കെതിരാണെന്ന് പറയുന്നു. ഏതാനും ചങ്ങാത്തമുതലാളിത്തക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് കെജ്രിവാളിന് എതിര്‍പ്പുള്ളത്. ചുരുക്കത്തില്‍ കെജ്രിവാള്‍ ഒരു സ്വപ്നലോകത്താണ്. മുതലാളിത്തവ്യവസ്ഥയാണ് പങ്കാളിത്തമുതലാളിത്തത്തെ സൃഷ്ടിച്ചത്. നിലവിലുള്ള മുതലാളിത്തവ്യവസ്ഥയില്‍നിന്ന് അഴിമതിമാത്രമായോ പട്ടിണിമാത്രമായോ അടര്‍ത്തിയെടുത്ത് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയൊക്കെ മുതലാളിത്തവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്.

കെജ്രിവാള്‍ പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നത്, അദ്ദേഹം പൊതുമേഖലാ വ്യവസായങ്ങള്‍ക്കും പൊതുമേഖലാ സംരംഭങ്ങള്‍ക്കും എതിരാണെന്നാണ്. എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍, പൊതുമേഖലാ ബാങ്കുകളും പൊതുവിദ്യാഭ്യാസവും മറ്റ് സേവനമേഖലകളും സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സര്‍ക്കാരിന്റെ ജോലി ഭരണം നടത്തല്‍മാത്രമാണെന്ന് പറയുമ്പോള്‍, ഭരണം നടത്തുകയെന്ന് പറയുന്നതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജനിച്ചുവളരുന്ന വ്യക്തികള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നീ മൗലികമായ പ്രാഥമികാവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഭരണം നടത്തുകയെന്ന ചുമതലയില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല. എല്ലാം സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍ത്തന്നെ, സൗജന്യമായി കുടിവെള്ളം നല്‍കണമെന്നും വൈദ്യുതി നല്‍കണമെന്നും കെജ്രിവാള്‍ പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത് തനി പിന്തിരിപ്പന്‍ ചിന്താഗതിയാണ്. ഡല്‍ഹിഭരണം കേവലം 49 ദിവസംകൊണ്ട് അവസാനിപ്പിച്ചതും ഭരണത്തെപ്പറ്റിയുള്ള അവ്യക്തതയും ആശയക്കുഴപ്പവും കാരണമാണെന്ന് പറയേണ്ടിവന്നിരിക്കുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ പ്രകടമായ പൊരുത്തക്കേടാണ് കാണുന്നത്. പുതിയ രാഷ്ട്രീയപാര്‍ടി എന്നനിലയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. ആദ്യചുവടുകള്‍ പിഴച്ചുപോയത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നല്ലത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: