Thursday, February 13, 2014

മോഡി ഭയക്കുന്ന "മൂന്നാം മുന്നണി"

തൊടുപുഴ മുനിസിപ്പല്‍ മൈതാനിയിലാണ് സ്വീകരണം ഒരുക്കിയത്. കേരളരക്ഷാ മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയവരില്‍ ചെറിയൊരു ഭാഗത്തിനുമാത്രമേ മൈതാനിയില്‍ കടക്കാനായുള്ളൂ. തൊടുപുഴയില്‍ സംഘാടകര്‍ക്ക് കൂടുതല്‍ വലിയ യോഗസ്ഥലം ലഭിക്കാഞ്ഞതിനാലാണ്- വിശാലമായ മറ്റ് സമ്മേളനസ്ഥലങ്ങളിലും സമാനമായ അവസ്ഥയാണ്. സിപിഐ എം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് ജനങ്ങളിലുള്ള ആഭിമുഖ്യം അന്യൂനമാംവിധം വര്‍ധിച്ചു വരുന്നതിന്റെ തെളിവാണിത്.

മാര്‍ച്ച് പത്തുദിവസം പിന്നിട്ടു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായി അഞ്ചു കേന്ദ്രങ്ങളിലായിരുന്നു തിങ്കളാഴ്ചത്തെ സ്വീകരണം. കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍. മൂവാറ്റുപുഴയിലെ പത്രസമ്മേളനത്തില്‍ പ്രധാനമായും സംസാരിച്ചത് നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചാണ്. അഖിലേന്ത്യാതലത്തില്‍ രൂപംകൊണ്ട ഇടതുപക്ഷ- മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയെ മോഡി ഭയപ്പെടുന്നു. അതുകൊണ്ടാണ് "മൂന്നാം മുന്നണി വേണ്ടത് കേരളത്തിലാണ്" എന്ന് അദ്ദേഹത്തിന് പറയാന്‍ തോന്നിയത്. കേരളത്തിന് പരിചയമുള്ളതോ അംഗീകരിക്കാനാകുന്നതോ അല്ല മോഡിയുടെ രാഷ്ട്രീയം. വരാന്‍പോകുന്ന ദശകം പിന്നോക്കക്കാരുടേതാകും എന്ന മോഡിയുടെ വാക്കുകള്‍ പരിഹാസ്യമാണ്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കുന്ന പാരമ്പര്യത്തെയാണ് സംഘപരിവാര്‍ പ്രതിനിധാനംചെയ്യുന്നത്. മുസ്ലിങ്ങളടക്കമുള്ള പിന്നോക്കക്കാരെ ചേരികളിലേക്ക് തള്ളിവിടുന്നതാണ് ഗുജറാത്തിന്റെ അനുഭവം. പട്ടിണി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒറീസ, ബീഹാര്‍ എന്നിവയ്ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം.

ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും മോശമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ഗുജറാത്ത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ദേശീയാടിസ്ഥാനത്തില്‍ 22.67 ശതമാനം ദളിത് വിഭാഗത്തിലുള്ളവരാണ്. എന്നാല്‍, ഗുജറാത്തില്‍ അത് 7.83 ശതമാനം മാത്രമാണ്. ഗുജറാത്തല്ല- കേരളമാണ് മാതൃക. അത് ഏതെങ്കിലും ഹൈടെക് പ്രചാരണസന്നാഹത്തിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുത്തതല്ല. ഐക്യകേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ അടിത്തറയിട്ടതും ഇടതുപക്ഷത്തിന്റെ ഇടപെടലുകളിലൂടെ വളര്‍ന്നതുമായ മാതൃകയാണത്. അഞ്ചല്ല, അന്‍പതുകൊല്ലം ഭരിച്ചാലും അതിന്റെ അരികിലെത്താന്‍ മോഡിക്കോ അദ്ദേഹത്തിന്റെ കക്ഷിക്കോ കഴിയില്ല. കേരളത്തില്‍ മൂന്നാംമുന്നണി വേണമെന്ന് മോഡി ആഗ്രഹം പ്രകടിപ്പിച്ചത്, ഇവിടത്തെ കാര്യങ്ങള്‍ വേണ്ടവിധം ധരിക്കാത്തതുമൂലമാകാം. രാഷ്ട്രീയപാര്‍ടിയുടെ മറവില്‍ വോട്ടുകച്ചവടം നടത്തുന്നതും യുഡിഎഫുമായി ഒളിഞ്ഞുംതെളിഞ്ഞും സഖ്യമുണ്ടാക്കുന്നതുമാണ് കേരളത്തിലെ ബിജെപി തുടര്‍ന്നുപോരുന്ന രാഷ്ട്രീയം. വലതുപക്ഷ കൂട്ടായ്മയിലെ ഒരംഗമെന്ന നിലയില്‍ യുഡിഎഫിനൊപ്പമാണത്. അത്തരം കള്ളക്കളി കാണാതെ ഒരു നേതാവ് വന്ന്, ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെ സഹതാപാര്‍ഹമെന്നേ പറയാനാകൂ. "മരണത്തിന്റെ രാജകുമാരന്‍" എന്ന് മുമ്പ് മോഡിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളെയും അക്രമങ്ങളെയും ഒരിക്കല്‍പോലും ഇവിടത്തെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചിട്ടില്ല. മോഡിക്കെതിരായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും ഒരക്ഷരം ഉരിയാടിയിട്ടുമില്ല. ഇതൊക്ക ഇവിടത്തെ ജനങ്ങളുടെ മനസ്സിലുള്ളതാണ്. "മതനിരപേക്ഷ ഇന്ത്യ" എന്ന സിപിഐ എം മുദ്രാവാക്യം വിശദീകരിക്കുമ്പോള്‍ തീര്‍ച്ചയായും മോഡിയുടെ കേരള പ്രസംഗം അവഗണിക്കാനാകില്ല. ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാന്‍ പടനയിക്കുന്ന ആക്രമണകാരിയാണ് മോഡി എന്ന് പറയാതിരിക്കാനുമാകില്ല.

ശ്രീനാരായണഗുരുവിന്റെയും വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും പേരുകള്‍ ഉപയോഗിച്ചുപോലും വംശഹത്യയുടെ രാഷ്ട്രീയത്തിന് ന്യായീകരണം കണ്ടെത്തുന്ന നൃശംസത വിമര്‍ശിക്കപ്പെടുകതന്നെ വേണം. മോഡിയെ വിശുദ്ധവല്‍ക്കരിക്കാനും പ്രചാരംകൊടുക്കാനും ചില കേന്ദ്രങ്ങള്‍ വലിയ സന്നാഹത്തോടെ തയ്യാറാകുന്നുണ്ട്. ആര്‍എസ്എസിന്റെ ചവിട്ടടിയില്‍പെട്ട് പിടയുന്ന ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെയോ ദളിത് വിഭാഗങ്ങളെയോ ഒറീസയില്‍ പ്രാണനുംകൊണ്ടോടി നാടുവിടേണ്ടിവന്ന സന്യാസിനിമാരെയോ കാണാത്തവരാണത്. കര്‍ണാടകത്തിലെ "കാവിപ്പൊട്ട്" അഴിമതിയുടെ സ്വിച്ചാക്കി മാറ്റിയ യെദ്യൂരപ്പ ഭരണത്തെ ഓര്‍ക്കാത്തവരാണത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് അങ്ങനെ അന്ധത ബാധിച്ചിട്ടില്ല എന്ന് പുതിയ മോഡി ഭക്തര്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണാഭാസത്തോടൊപ്പം ഇത്തരം രാഷ്ട്രീയപ്രശ്നങ്ങളും വിശദീകരിച്ചാണ് മാര്‍ച്ച് മുന്നോട്ടുപോകുന്നത്. ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ത്തന്നെ പര്യടനം തുടരും.

*
പിണറായി വിജയന്‍

No comments: