Thursday, February 20, 2014

ഭാഷാസംസ്ഥാനം എന്ന സങ്കല്‍പ്പവും പൊളിക്കുന്നു

സങ്കുചിത രാഷ്ട്രീയനേട്ടത്തില്‍ കണ്ണുവച്ച് യുപിഎ സര്‍ക്കാര്‍ നടത്തുന്ന ആന്ധ്രാവിഭജനം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന സങ്കല്‍പ്പത്തിന്റെ അടിത്തറയിളക്കുന്ന തരത്തിലുള്ള വിപല്‍ക്കരമായ നീക്കമാണ്. ജനങ്ങളുടെ ഒരുമ, രാഷ്ട്രത്തിന്റെ ഐക്യം എന്നിവയേക്കാള്‍പോലും പ്രധാനപ്പെട്ടത് തങ്ങളെ സംബന്ധിച്ചിടത്തോളം ചില പാര്‍ലമെന്റ് സീറ്റുകളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വിപല്‍ക്കരമായ നീക്കമാണിത്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അവിശുദ്ധവുമായ കരുനീക്കങ്ങളിലൂടെയാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്. ചര്‍ച്ചപോലും ഒഴിവാക്കിയതും തടിമിടുക്കുള്ള എംപിമാരുടെ വലയത്തില്‍നിര്‍ത്തി ആഭ്യന്തരമന്ത്രിയെക്കൊണ്ട് ബില്‍ അവതരിപ്പിച്ചതും ആന്ധ്രാജനതയുടെ പൊതുവികാരം എന്ത് എന്ന് ആരായാതിരുന്നതുമൊക്കെ ജനാധിപത്യവിരുദ്ധതയുടെ തെളിവുകള്‍. ബദ്ധശത്രുക്കള്‍ എന്ന് നടിക്കുന്ന കോണ്‍ഗ്രസും ബിജെപിയും ബില്‍ പാസാക്കുന്നതില്‍ ഒരുമിച്ചത് അവിശുദ്ധതയ്ക്കുള്ള തെളിവ്.

സഭയില്‍ നടക്കുന്നത് എത്രമേല്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് എന്നത് ജനങ്ങള്‍ അറിയരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിഷ്കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് തല്‍സമയ സംപ്രേഷണംപോലും നിര്‍ത്തിവച്ചതും ചര്‍ച്ചയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ ഒരു നടപടിയാണ് ചര്‍ച്ച ഒഴിവാക്കി കള്ളത്തരത്തിലൂടെ പാസാക്കിയെടുത്തത്.

ഒരേ ഭാഷ സംസാരിക്കുന്ന ഒരു ജനതയെ പരസ്പരം ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് മുതലെടുക്കുകയെന്ന കുടിലതന്ത്രമാണ് കോണ്‍ഗ്രസ് പ്രയോഗിച്ചത്. ആന്ധ്രാപ്രദേശില്‍ ഇനിയുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളുടെ സൂചനകള്‍ ഇതിനകംതന്നെ കണ്ടുതുടങ്ങി. തെലങ്കാനാമേഖലയില്‍ സീമാന്ധ്രാമേഖലയില്‍നിന്നുള്ളവര്‍ക്കും സീമാന്ധ്രാമേഖലയില്‍ തെലങ്കാനയില്‍നിന്നുള്ളവര്‍ക്കും അരക്ഷിതത്വം എന്ന നില. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെയും എംഎല്‍എമാരുടെയും രാജി. അരാജകത്വം നിറഞ്ഞ രാഷ്ട്രീയാവസ്ഥ. ഭീതിയുടെ സാമൂഹ്യാന്തരീക്ഷം. ഇതൊക്കെ ഇനി എപ്പോള്‍ ഏത് വഴിക്കൊക്കെ വഷളാകുമെന്നത് കണ്ടറിയണം. എല്ലാത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്.

അവഗണനകൊണ്ടും അതുമൂലമുള്ള പിന്നോക്കാവസ്ഥകൊണ്ടും ഉള്ള പ്രശ്നങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കുമെന്നപോലെ ആന്ധ്രാപ്രദേശിനുമുണ്ട്. അതിനുള്ള പരിഹാരം അവഗണന അവസാനിപ്പിക്കുകയും സമതുലിതമായ വികസനം സാധ്യമാക്കാന്‍ നടപടിയെടുക്കുകയുമാണ്. അത് ചെയ്യേണ്ട ഉത്തരവാദിത്തമുള്ളവര്‍ അതില്‍നിന്ന് ഒഴിയാന്‍ സംസ്ഥാനത്തെ വിഭജിക്കുകയാണ് പോംവഴി എന്ന വാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. അവര്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. സ്ഥാപിതതാല്‍പ്പര്യങ്ങളുള്ള മുതലാളിത്ത ശക്തികള്‍ മുതല്‍ വോട്ടിന് രാജ്യത്തേക്കാള്‍ വിലയുണ്ടെന്ന് കരുതുന്ന കോണ്‍ഗ്രസും ബിജെപിയുംവരെയാണ് ഈ സൃഗാലതന്ത്രത്തിന്റെ നടത്തിപ്പുകാര്‍. സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തിലാവണമെന്ന് അമ്പതുകളുടെ അവസാനം തീരുമാനിച്ചത് ആഴത്തിലുള്ള വിചിന്തനങ്ങളുടെയും ദീര്‍ഘമായ ചര്‍ച്ചകളുടെയും നിരന്തരമായ പ്രക്ഷോഭങ്ങളുടെയും ഫലമായാണ്. വൈവിധ്യമാര്‍ന്ന ദേശീയതകളുടെ സമന്വയമെന്ന് വിശേഷിപ്പിക്കേണ്ട ഒരു മഹാരാജ്യത്ത് ജനങ്ങളുടെ ഒരുമയും രാഷ്ടത്തിന്റെ ഐക്യവും പരിരക്ഷിച്ച് ശക്തിപ്പെടുത്താന്‍ ഭാഷയല്ലാതെ മറ്റൊന്നും മാനദണ്ഡമാക്കാനില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അത് ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുകയുംചെയ്തു.

എന്നാല്‍, ആ മാനദണ്ഡത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ഇപ്പോള്‍ തെലുങ്കുഭാഷ സംസാരിക്കുന്ന ജനതയെ വെട്ടിപ്പിളര്‍ക്കുന്ന കോണ്‍ഗ്രസ്-ബിജെപി സംയുക്തനീക്കം. ഭാഷപോലുള്ള അടിസ്ഥാനങ്ങളല്ല, മറിച്ച് സങ്കുചിത അഡ്ഹോക് താല്‍പ്പര്യങ്ങളാണ് സംസ്ഥാന രൂപീകരണത്തിലും പുനഃസംഘടനയിലും മാനദണ്ഡമാവുക എന്നുവന്നാല്‍ ആപല്‍ക്കരമായ അരാജകസ്ഥിതിയിലേക്കാവും രാജ്യം പോവുക. അത്തരമൊരു വഴി തുറക്കാനുള്ള വെടിമരുന്നിടുകയാണ് യുപിഎ ആന്ധ്രാവിഭജന ബില്ലിലൂടെയും ബിജെപി അതിനു നല്‍കിയ പിന്തുണയിലൂടെയും. വിഭജനപരാമര്‍ശമുള്ള ശ്രീകൃഷ്ണാകമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എത്രയോ കാലമായി. ഇത്രകാലം അതില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചവര്‍ ഭരണ കാലാവധി കഴിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടത്തിലാണ് വിഭജനബില്ലുമായി വരുന്നത്. തെലുങ്കുഭാഷ സംസാരിക്കുന്ന ജനങ്ങളെയെന്നല്ല, അവിടത്തെ സര്‍ക്കാരിനെപ്പോലും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല. അവിവേകം നിറഞ്ഞ എടുത്തുചാട്ടം!

ഇതോടെ സംസ്ഥാന പുനഃസംഘടനയ്ക്ക് അടിസ്ഥാനം ഭാഷ എന്ന നില പൊളിയുകയാണ്. ഒരുപാട് വിഘടന നീക്കങ്ങള്‍ ഇതോടെ ശക്തിപ്പെട്ടു. അസമിലെ ബോഡോ ഭൂരിപക്ഷ പ്രദേശം ബോഡോലാന്‍ഡ് ആക്കുക, അസം-നാഗലാന്‍ഡ് എന്നിവിടങ്ങളിലെ ദീമാസാ വിഭാഗത്തിനായി ദീമാരജി സംസ്ഥാനമുണ്ടാക്കുക, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് മലനിരകളും മറ്റും ചേര്‍ത്ത് ഗൂര്‍ഖാലാന്‍ഡ് സ്ഥാപിക്കുക, യുപിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ഹരിതപ്രദേശ് സ്ഥാപിക്കുക, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പൂര്‍വാഞ്ചല്‍ ഉണ്ടാക്കുക, തമിഴ്നാടിന്റെ ഒരു മേഖല അടര്‍ത്തി കോങ്ങനാട് സ്ഥാപിക്കുക, ഒഡിഷയെ പിളര്‍ത്തി കോസലം സ്ഥാപിക്കുക, ബിഹാര്‍- ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ചിലത് യോജിപ്പിച്ച് "മിഥില" ഉണ്ടാക്കുക, മഹാരാഷ്ട്രയുടെ കിഴക്കുഭാഗം മുറിച്ചെടുത്ത് വിദര്‍ഭ സ്റ്റേറ്റ് ഉണ്ടാക്കുക, ഇപ്പോള്‍ മധ്യപ്രദേശിന്റെ ഭാഗമായി നില്‍ക്കുന്ന പഴയ വിന്ധ്യാപ്രദേശ് പുനഃസ്ഥാപിക്കുക, ഗുജറാത്ത് പിളര്‍ന്ന് സൗരാഷ്ട്രയും യുപി പിളര്‍ന്ന് അവധും സ്ഥാപിക്കുക, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് ബ്രജപ്രദേശ് സ്ഥാപിക്കുക എന്നിങ്ങനെ ഒരുപാട് മുറവിളികളുയരുന്നുണ്ട്. ഗോണ്‍സ്വാനാലാന്‍ഡ്, ഗോരോലാന്‍ഡ് എന്നിങ്ങനെ പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍ പിന്നെയുമുണ്ട്. പലതും അക്രമാസക്തമായ നിലയിലാണ്; സായുധ മുന്നേറ്റങ്ങളാണ്. ഇതിന്റെയൊക്കെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് യുപിഎ ഭരണം.

ഭാഷാ സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉന്നയിച്ച് നിരാഹാരസമരം നടത്തി രക്തസാക്ഷിത്വം വരിച്ച പോട്ടി ശ്രീരാമുലു എന്ന ഗാന്ധിയന്റെ നാട്ടില്‍തന്നെ ഭാഷാമാനദണ്ഡം പൊളിച്ച് സംസ്ഥാനത്തെ വിഭജിക്കുന്നുവെന്നത് ക്രൂരമായ ഫലിതമാണ്. 29-ാമത് ഒരു സംസ്ഥാനമുണ്ടാവുന്നുവെങ്കിലത് രാജ്യത്തിനാകെ സന്തോഷിക്കാനും അഭിമാനിക്കാനും വകനല്‍കുന്ന വിധത്തിലാവണം. എന്നാല്‍,ഇവിടെ പോര്‍വിളിയുടെയും പരസ്പരസ്പര്‍ധയുടെയും ശത്രുതയുടെയും കലാപക്കനലുകള്‍ വിതച്ചാണ് ആന്ധ്രയെ വെട്ടിമുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കുന്നത്്. സംഭവിച്ചുകൂടാത്തതാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: