Saturday, February 1, 2014

സോളാറും പാമൊലിനും , ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാവില്ല

കോണ്‍ഗ്രസ് ഭരണകര്‍ത്താക്കള്‍ അഴിമതി നടത്തി എന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. കാരണം, കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കളെല്ലാം അഹമഹമികയാ അഴിമതിക്കേസുകളില്‍ അണിനിരക്കുകയാണ്. എന്നാല്‍, അഴിമതി നടത്തുക മാത്രമല്ല, തെളിവുകള്‍ നശിപ്പിച്ച് അത് തേച്ചുമായ്ച്ചുകളയാനും, കേസില്‍നിന്ന് രക്ഷപ്പെടാനും ഭരണസംവിധാനത്തെതന്നെ ദുരുപയോഗം ചെയ്യുന്നു എന്നു വന്നാലോ? അത്തരത്തിലുള്ള ഗൂഢനീക്കങ്ങളിലൂടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നത്. അഴിമതി നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയും, പിടിവീഴാതിരിക്കാന്‍ പൊലീസിനെ മാത്രമല്ല, കോടതികളെപ്പോലും ദുരുപയോഗംചെയ്യാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍പ്പോലും, കോടതികള്‍ പൊതുവില്‍ അഴിമതി അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

കേരളത്തെയാകെ ഞെട്ടിപ്പിക്കുകയും നാണംകെടുത്തുകയുംചെയ്ത സോളാര്‍ അഴിമതിക്കേസില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും തെളിവുകളും ഒന്നിനുപിറകെ ഒന്നായി വന്നപ്പോഴും അധികാരത്തിന്റെ സൗകര്യങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി ഇക്കാലമത്രയും പയറ്റിയത്. ഉമ്മന്‍ചാണ്ടിയിലേക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വിരല്‍ചൂണ്ടിയാണ് സോളാര്‍ അഴിമതിക്കേസില്‍ ഓരോരോ വിവരങ്ങള്‍ പുറത്തുവന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിനൊപ്പം, അത് തേച്ചുമായ്ച്ചുകളയാന്‍ പൊലീസിനെയും ഭരണസംവിധാനത്തെയും ദുരുപയോഗം ചെയ്തതിന്റെയും തെളിവുകളാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ അഴിമതി പുറത്തായ നാള്‍മുതല്‍ ഇന്നുവരെ പ്രതിപക്ഷം ഹാജരാക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പല സന്ദര്‍ഭങ്ങളിലും ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ സരിതയുമായി ബന്ധപ്പെട്ട് പുറത്തുവരുമെന്നു വന്നതോടെ, സരിതയുടെ മൊഴി 21 പേജില്‍നിന്ന് മൂന്നരപ്പേജായി ചുരുങ്ങി. സരിതയെ രായ്ക്കുരാമാനം പത്തനംതിട്ട ജയിലില്‍നിന്ന് അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത്, അവിടെ അമ്മയും മറ്റൊരാളും ജയിലുമായി ബന്ധമില്ലാത്ത ഉന്നത പൊലീസുദ്യോഗസ്ഥനും രഹസ്യമായി സരിതയെ സന്ദര്‍ശിച്ചത്, സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് തയ്യാറാകാതിരുന്നത്, കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ ലഭ്യമാക്കിയത്, മന്ത്രിമാരടക്കം പല ഉന്നതരുടെയും പേരുകള്‍ പുറത്തുപറയാനുണ്ടെന്ന സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍, ഏറ്റവും ഒടുവില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ സരിതയെ എംസി റോഡില്‍നിന്ന് വഴിതിരിച്ച് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത് എന്നിവയെല്ലാം കേസിന്റെ നാള്‍വഴികളില്‍ പ്രകടമായ ദുരൂഹതകളാണ്. കേസ് തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്കും തെളിവാണിത്. അതുകൊണ്ടുതന്നെയാണ് ഹൈക്കോടതി നിരവധി സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നത്? എം കെ കുരുവിള നല്‍കിയ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചോ? പൊലീസിന്റെ നടപടികള്‍ നാണക്കേടുണ്ടാക്കുന്നവയാണ്. വേണ്ടിവന്നാല്‍ എഡിജിപിയെ കോടതി വിളിച്ചുവരുത്തും. സോളാര്‍ തട്ടിപ്പിലെ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചു? കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ജയിലില്‍ കിടക്കുന്ന സരിതയ്ക്ക് എവിടെനിന്നാണ് ഇത്രയേറെ പണം ലഭിച്ചത്? സരിതയ്ക്ക് ജയിലില്‍ ഇത്രയേറെ ആഡംബര സാരികള്‍ എവിടെനിന്ന് കിട്ടുന്നു? സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ? ഭൂമി തട്ടിപ്പുകേസില്‍ ഒരു സാധാരണ പൊലീസുകാരനായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഡിജിപിക്ക് ഭയമാണോ? മുഖ്യമന്ത്രിയും സലിംരാജിനെ ഭയക്കുന്നത് എന്തിനാണ്? സലിംരാജിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്തുവരരുതെന്ന് മുഖ്യമന്ത്രി എന്തിനാണ് വാശികാട്ടുന്നത്? സലിംരാജിന്റെ ഫോണ്‍വിവരങ്ങള്‍ പുറത്തുവരുന്നതു തടയാന്‍ എന്തിനാണ് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനെ നേരിട്ട് കോടതിയില്‍ അയച്ചത്? എന്നിങ്ങനെയൊക്കെയാണ് സര്‍ക്കാരിനെ പ്രഹരിക്കുന്ന മട്ടില്‍ കോടതി അഭിപ്രായപ്പെട്ടത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധസമരമടക്കം നിരവധി സമരങ്ങള്‍ നടത്തി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ഉമ്മന്‍ചാണ്ടിയുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു സമരങ്ങള്‍. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണംതന്നെ ഉമ്മന്‍ചാണ്ടി അട്ടിമറിക്കുകയായിരുന്നു. സമാനമായ കള്ളത്തരങ്ങള്‍ കാട്ടിയാണ് ഏറെ കോളിളക്കമുണ്ടാക്കിയ പാമൊലിന്‍ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. കേസ് കൈകാര്യംചെയ്ത മജിസ്ട്രേട്ടിനെ, ചീഫ്വിപ്പിനെക്കൊണ്ട് ചീത്തപറയിപ്പിച്ച് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അതിനുശേഷം, അഴിമതി അരങ്ങേറിയ പാമൊലിന്‍ ഇറക്കുമതിക്ക് ധനമന്ത്രിയെന്ന നിലയില്‍ ഫയലില്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഞാന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് കേസ് അപ്പാടെ പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ 2005ലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ കേസ് പിന്‍വലിച്ചതാണ്. 2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പിന്നീട് കേസ് തുടര്‍ന്നത്. പാമൊലിന്‍ അഴിമതി പരവതാനിക്കടിയില്‍ വച്ച് ഒതുക്കാവുന്നതല്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണംകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നത് അത്യന്തം ലജ്ജാകരമാണ്. ഇതിനെതിരെ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.

ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണ് ഈ വിധി. എന്നാല്‍, ഇതിനുശേഷം വീണ്ടും ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ തല്‍ക്കാലത്തേക്ക് കേസില്‍ സ്റ്റേ സമ്പാദിച്ചു. ഇതെല്ലാം ഉണ്ടായിട്ടും ഒരു നാണവുമില്ലാതെ ഉമ്മന്‍ചാണ്ടി അധികാരക്കസേരയില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്. എത്രയൊക്കെ കള്ളത്തരങ്ങളും ഗൂഢനീക്കങ്ങളും നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഈ അഴിമതിക്കേസില്‍നിന്ന് തടിയൂരാന്‍ കഴിയില്ലെന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് കോടതികള്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി സ്വീകരിച്ച നിലപാടുകള്‍. സംസ്ഥാന ഖജനാവ് കൊള്ളചെയ്ത അഴിമതിക്കേസില്‍ എന്തൊക്കെ കൃത്രിമങ്ങള്‍ കാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഒടുവില്‍ ഉമ്മന്‍ചാണ്ടി പിടിക്കപ്പെടുകതന്നെ ചെയ്യും. ഇടമലയാര്‍ കേസിന് സമാനമായ പരിണാമഗുപ്തിയാകും സോളാര്‍, പാമൊലിന്‍ കേസുകളിലും ഉണ്ടാവുക.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

No comments: