Saturday, February 1, 2014

ലീഗിന്റെ തീവ്രവാദ ബന്ധം ആപല്‍ക്കരം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയതല്ല. ഏറെക്കാലമായി ഈ ബന്ധം നിലനില്‍ക്കുകയാണ്. എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്), പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ പേരുകളിലാണ് തീവ്രവാദികള്‍ അറിയപ്പെടുന്നത്. എന്‍ഡിഎഫില്‍നിന്ന് വ്യത്യസ്തമായ സംഘടനയാണെന്ന് അവകാശപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നു പറഞ്ഞാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) 1925ല്‍ രൂപീകരിച്ചപ്പോള്‍ സാംസ്കാരിക സംഘടനയാണെന്നാണ് അവകാശപ്പെട്ടത്. ആര്‍എസ്എസ് ഫാസിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് അതിന്റെ നേതാക്കള്‍തന്നെ അവകാശപ്പെട്ടതാണ്. വിചാരധാരയില്‍ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞത് ഹിറ്റ്ലറുടെ സംഘടനയ്ക്ക് രാഷ്ട്രീയമുണ്ട്, ആര്‍എസ്എസിന് രാഷ്ട്രീയമില്ല. രണ്ടും തമ്മിലുള്ള വ്യത്യാസം ഇതുമാത്രമാണെന്നാണ്. അതായത്, മറ്റു കാര്യങ്ങളിലെല്ലാം ആര്‍എസ്എസും ഫാസിസവും ഒന്നാണെന്ന്. ഇപ്പോള്‍ ഈ വ്യത്യാസവും ഇല്ലാതായി. ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമായിരുന്നു ബിജെപി. ഇപ്പോള്‍ രണ്ടും ഒന്നായിരിക്കുന്നു. ആര്‍എസ്എസ് ബിജെപിയെ പരസ്യമായിത്തന്നെ നയിക്കുന്നു. നരേന്ദ്രമോഡിയുടെ ദേശീയതലത്തിലേക്കുള്ള സ്ഥാനക്കയറ്റം ഈ വസ്തുതയാണ് വിളിച്ചറിയിക്കുന്നത്. ആര്‍എസ്എസിനെ നേരിടാനെന്നു പറഞ്ഞാണ് എന്‍ഡിഎഫ് രൂപീകരിച്ചത്. അവര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും രഹസ്യമായി ആയോധനവിദ്യയില്‍ പരിശീലനം നേടി. ഇപ്പോഴും ആയുധപരിശീലനം തുടരുന്നു.

ഒരിടത്ത് ആക്രമണം നടത്തണമെന്നു തീരുമാനിച്ചാല്‍ നിമിഷങ്ങള്‍ക്കകം അക്രമികളെ ആയുധങ്ങളുമായെത്തിക്കാന്‍ പരിശീലനം ലഭിച്ചവരാണ് എന്‍ഡിഎഫുകാര്‍. ഇതൊക്കെ പൊലീസന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ആവേശഭരിതരാക്കാന്‍ വര്‍ഗീയവിഷം അനുയായികള്‍ക്കിടയില്‍ കുത്തിവയ്ക്കുന്നു. മതമൗലികവാദമാണ് അവരുടെ പ്രചാരണായുധം. മതാചാരങ്ങള്‍ ലംഘിച്ചതായി വിധി കല്‍പ്പിച്ച് ശിക്ഷ നടപ്പാക്കാന്‍ അവര്‍ക്ക് കഴിയുന്നു. ആര്‍എസ്എസ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയാണ് പ്രചാരണായുധമാക്കുന്നതെങ്കില്‍ എന്‍ഡിഎഫ് മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയും. രണ്ടും ഒരേതരത്തില്‍ ആപത്ത് വിതയ്ക്കുന്നതാണ്. ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന പ്രതീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ രംഗത്തുവരുന്നതായി പരാതി വളരെക്കാലമായി കേള്‍ക്കുന്നതാണ്. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍. മലയാള മനോരമയ്ക്കുപോലും ഈ സംഭവം തികഞ്ഞ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. ജനുവരി 31ന്റെ മനോരമയില്‍ കാര്‍ തടഞ്ഞ് നടുറോഡില്‍ വെട്ടിയത് നിരപരാധികളെയെന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എന്നും കൂട്ടിച്ചേര്‍ത്തു. തിരൂരില്‍നിന്നുള്ള റിപ്പോര്‍ട്ട് തുടരുന്നു: ""ബൈക്കിലെത്തി നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം രണ്ടുപേരെ പുറത്തേക്ക് വലിച്ചിട്ട് തുരുതുരാ വെട്ടുന്നു. വെട്ടേറ്റ് നിലത്തുവീണിട്ടും കലിയടങ്ങാതെ ചവിട്ടുന്നു. പിന്നെ വടികൊണ്ടടിച്ച് വീഴ്ത്തുന്നു. ബുധന്‍ രാവിലെ പതിനൊന്നോടെ തിരൂര്‍ മംഗലത്ത് അരങ്ങേറിയ കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ ദൃശ്യമാധ്യമങ്ങള്‍ വഴി പുറത്തായപ്പോള്‍ കേരളം നടുങ്ങി. സിപിഎം പ്രവര്‍ത്തകരായ..."". മര്‍ദനത്തിന്റെ ദൃശ്യം മനോരമയും നല്‍കിയിട്ടുണ്ട്. മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. ലീഗ് തോറ്റതില്‍ എസ്ഡിപിഐക്ക് കലിയിളകാന്‍ കാരണമെന്തെന്നാണ് അറിയേണ്ടത്. എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും തീവ്രവാദി സംഘവും തമ്മിലുള്ള സുദൃഢമായ ബന്ധമാണ് മംഗലത്ത് മറനീക്കി പുറത്തുവന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരെ രക്ഷിക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയതായാണറിയുന്നത്. ലീഗ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന പാര്‍ടിയാണ്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ബോംബ് ശേഖരണം കണ്ടെത്തിയിരുന്നു. ഭീകരമായ ബോംബ് സ്ഫോടനങ്ങളും മരണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിവരെ എത്തിയിരുന്നു. അവരെ പിടികൂടിയിരുന്നു. മുസ്ലിംലീഗിന്റെ തീവ്രവാദ ബന്ധത്തെപ്പറ്റി പല കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. 24 വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 14 സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. യുഡിഎഫിന് പകുതി സീറ്റുമാത്രം. രണ്ടു സീറ്റില്‍ ബിജെപിയും ഒന്നില്‍ സ്വതന്ത്രനും ജയിച്ചു. യുഡിഎഫിന് നിലവിലുള്ള ഏഴ് സീറ്റ് നഷ്ടപ്പെട്ടു. ആറും എല്‍ഡിഎഫാണ് പിടിച്ചെടുത്തത്. കേരളത്തിലും കാറ്റ് മാറിവീശുന്നത് തിരിച്ചറിയാല്‍ കഴിയും. പരാജയം അക്രമംകൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ അത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ഇത് ഫാസിസ്റ്റ് രീതിയാണ്. ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്ക്കും. ജനാധിപത്യവിശ്വാസികള്‍ ലീഗ്- തീവ്രവാദ കൂട്ടുകെട്ടിനെതിരെ അതിവേഗം അണിനിരന്നേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: