Monday, February 17, 2014

എരുമേലി

എരുമേലി പരമേശ്വരന്‍പിള്ള ജീവിതത്തിന്റെ തൂലിക അടച്ചുവച്ചു; എന്നെന്നേക്കുമായി. ഇനി നിത്യവിശ്രമം. ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടായിരുന്നെങ്കില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആ പതാകവാഹകന്‍ ഒരുപിടി പുസ്തകങ്ങള്‍കൂടി മലയാളത്തിന് സംഭാവനചെയ്യുമായിരുന്നു. എഴുപതുകളുടെ തുടക്കംമുതല്‍ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ പ്രതിജ്ഞാബന്ധതയുടെ നേര്‍വഴികള്‍ തെളിച്ച പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം തീര്‍ച്ചയായും അവയിലുള്‍പ്പെട്ടേനെ. തായാട്ട് ശങ്കരന്റെ "ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ" എന്ന പ്രൗഢഗ്രന്ഥത്തിനുശേഷം കനപ്പെട്ട ഒരു വിദ്യാഭ്യാസ ചരിത്രപുസ്തകവും നമുക്ക് ലഭിച്ചേനെ. ഇതിനായി ഏതാനും കുറിപ്പുകള്‍ എരുമേലി തയ്യാറാക്കുകയുംചെയ്തു. രോഗം ഭേദമായാലുടന്‍ ആത്മകഥ എഴുതിത്തുടങ്ങണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. രോഗപീഡകളുടെ പാരമ്യത്തിലും ചെയ്തുതീര്‍ക്കാനുള്ള ജോലികളെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ വാക്കിനു വഴങ്ങാന്‍ മടിക്കുന്ന നാവിന്റെ ശാഠ്യത്തെ മെരുക്കുന്ന ആ നിശ്ചയദാര്‍ഢ്യം കേട്ടിരിക്കുന്നവരെയും ദൃഢചിത്തരാക്കും.

തന്നെ സന്ദര്‍ശിക്കനെത്തുന്നവര്‍ രോഗത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ "ഇപ്പോള്‍ അസുഖം എത്ര ഭേദമുണ്ട്. ഇനിവേഗം സുഖപ്പെടും" എന്ന പ്രത്യാശകൊണ്ട് എരുമേലി തനിക്കു ചുറ്റുമുള്ളവരില്‍ ഊര്‍ജം നിറച്ചു. തികഞ്ഞ ആത്മവിശ്വാസമാണ് ആ വാക്കുകളിലുണ്ടായിരുന്നത്. ശരീരത്തിന്റെ ചലനശേഷി ഒരു പരിധിവരെ നഷ്ടമായെങ്കിലും ഓര്‍മയ്ക്ക് ക്ഷതമേറ്റിരുന്നില്ല. എന്നുമാത്രമല്ല, അതിശയിപ്പിക്കുന്ന ഓര്‍മശക്തി അദ്ദേഹം പ്രകടിപ്പിക്കയുംചെയ്തു. സാഹിത്യസംഘത്തിലെ സഹപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍നമ്പര്‍ ഹൃദിസ്ഥം. വൈജ്ഞാനികസാഹിത്യത്തിലും ക്രിയാത്മക സാഹിത്യത്തിലും ഒരുപോലെ ശക്തമായ സാന്നിധ്യമാവുക എളുപ്പമല്ല. പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഉള്ളൂര്‍ മുതല്‍ എം പി പോള്‍വരെ സമ്പന്നമാക്കിയ സാഹിത്യചരിത്രശാഖയ്ക്ക് മുതല്‍ക്കൂട്ടായ "മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ" എഴുതിയ എരുമേലി പരമേശ്വരന്‍പിള്ളതന്നെയാണ് ഒരു പ്രേമത്തിന്റെ കഥ എന്ന നോവലുമെഴുതിയത്. പെണ്ണ്, നിഴലുകള്‍, ലേഡി റ്റീച്ചര്‍, മലയിലെ മങ്ക എന്നിവയാണ് എരുമേലിയുടെ ഇതരനോവലുകള്‍. തെളിയാത്ത കാല്‍പ്പാടുകള്‍പോലെ ഏതാനും കഥാസമാഹാരങ്ങള്‍ വേറെ.

ബാലസാഹിത്യത്തിലുമുണ്ട് എരുമേലിയുടെ വിരല്‍പ്പാടുകള്‍. അദൃശ്യമനുഷ്യനും കൊച്ചുകൊമ്പനുമൊക്കെ കുട്ടികളെ ആകര്‍ഷിച്ച രചനകളാണ്. പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കംമുതല്‍ എരുമേലി നേതൃസ്ഥാനത്തുണ്ട്. ആദ്യം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍. പിന്നീട് പുരോഗമനകലാസാഹിത്യസംഘത്തില്‍. ദേശാഭിമാനി വാരികാ പത്രാധിപര്‍ എം എന്‍ കുറുപ്പാണ് അക്കാലത്ത് സാംസ്കാരികരംഗത്തെ ഉന്നതശീര്‍ഷനായ സംഘാടകന്‍. എരുമേലിയുടെ ഉറ്റസുഹൃത്ത്. കോഴിക്കോട്ടെ എം എന്‍ കുറുപ്പിന്റെ മുറിയിലാണ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ രൂപീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകനായ എരുമേലി, ഇ എം എസ് ഉള്‍പ്പടെ ഉണ്ടായിരുന്ന ആ യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ ഇടപെടുകയുംചെയ്തു. ശേഷം എരുമേലിയുടെ ജീവിതചരിത്രം ഏവര്‍ക്കും അറിയാവുന്നതായതിനാല്‍ വിവരിക്കേണ്ടതില്ല. മലബാര്‍മേഖലയില്‍ പുരോഗമനകലാസാഹിത്യപ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ എരുമേലി പരമേശ്വരന്‍പിള്ളയുടെ കോളേജധ്യാപക ജോലി വളരെ സഹായകമായെന്ന് പുരോഗമനകലാസാഹിത്യസംഘത്തിന്റെ നേതാവും വാഗ്മിയുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ അനുസ്മരിക്കുന്നു.

""ആ ഭാഗത്ത് എരുമേലിയുടെ ശിഷ്യരല്ലാത്ത സ്കൂള്‍ അധ്യാപകരേയില്ല. ഈ അധ്യാപക ശിഷ്യന്മാരിലൂടെ എരുമേലി സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കി"". തന്റെ ദൗര്‍ബല്യങ്ങളെ മറച്ചുവയ്ക്കാത്തവിധം സത്യസന്ധനായിരുന്നു എരുമേലി. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം തന്നെ രഹസ്യപൊലീസ് ചോദ്യംചെയ്ത കഥ പറഞ്ഞു. ക്ലാസില്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സംസാരിച്ച വിവരം പൊലീസിന്റെ ചെവിയിലെത്തി. രഹസ്യപൊലീസുകാരന്‍ വന്ന് പരമേശ്വരന്‍പിള്ളയെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. ചോദ്യംചെയ്യല്‍ ഇവിടെവച്ചാകാമെന്നായി. സ്റ്റാഫ് റൂമിനടുത്ത് മറ്റൊരുമുറിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങി. താന്‍ ഭയന്നു എന്നാണ് എരുമേലി ഇതേപ്പറ്റി പറഞ്ഞത്. പൊലീസുകാരനു മുന്നില്‍ താന്‍ കരഞ്ഞുപോയി എന്നും അദ്ദേഹം വെളിപ്പെടുത്തി.

വേണമെങ്കില്‍ "ധീരതയോടെ ഞാന്‍ അയാളെ വെല്ലുവിളിച്ചെന്നോ", "ഞാനൊട്ടും പതറിയില്ല" എന്നോ മറ്റോ പറയാമായിരുന്നു. ഒടുവില്‍, വിദ്യാര്‍ഥി ഫെഡറേഷന്റെ പഴയ പ്രവര്‍ത്തകനായ പൊലീസുകാരന് എരുമേലിയെ സമാധാനിപ്പിക്കേണ്ടിവന്നു. എന്‍എസ്എസ് കോളേജില്‍ ജോലി നിഷേധിക്കപ്പെട്ട ഒരു സംഭവവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1962ലാണ്. ഇന്റര്‍വ്യൂ നടത്തുന്നത് സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍. എഴുത്തുകാരനാണ് എന്ന് ആരോ പരിചയപ്പെടുത്തി. "ആധാരം എഴുത്താണോ" എന്ന് മന്നത്തിന്റെ പരിഹാസചോദ്യം. കേരള കൗമുദിയുടെ എഡിറ്റ് പേജില്‍ എഴുതിയ ഒരു ലേഖനമാണ് മന്നത്തിനെ ചൊടിപ്പിച്ചതത്രേ!

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെക്കുറിച്ചായിരുന്നു ലേഖനം. എന്‍എസ്എസും മന്നവും ആദ്യം ബില്ലിനനുകൂലമായിരുന്നു. പിന്നീട് എതിര്‍പ്പായി. "വേഷം മാറ്റം ഭൂഷണമല്ല" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എരുമേലി മന്നത്തിന്റെ നിലപാടുമാറ്റത്തെ വിമര്‍ശിച്ചു. "നിന്നെപോലൊരു കമ്യൂണിസ്റ്റിന് ഇവിടെ ജോലിതരില്ല" എന്ന് മന്നം പറഞ്ഞു. സാംസ്കാരികപ്രവര്‍ത്തകരുമായി അവരുടെ രാഷ്ട്രീയനിലപാടുകള്‍ പരിഗണിക്കാതെയുള്ള ആത്മബന്ധം പുലര്‍ത്താന്‍ എരുമേലിക്ക് കഴിഞ്ഞു. നിരൂപകന്‍ സി പി ശ്രീധരനുമായുള്ള സൗഹൃദം ഇതിനുദാഹരണമാണ്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും എതിര്‍പക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യബോധമുണ്ടായിരുന്നതിനാലാണ് ഇത് സാധ്യമായത്. ആധുനികരുടെ നിഷേധാത്മകതയെ എതിര്‍ക്കുമ്പോഴും തന്റെ ചരിത്രഗ്രന്ഥത്തില്‍ ആ പ്രസ്ഥാനത്തിന് വേണ്ടത്ര ഇടം നല്‍കി വ്യത്യസ്തമായ സൗന്ദര്യബോധത്തെ തിരിച്ചറിയാന്‍ എരുമേലിക്ക് സാധിച്ചു.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: