Thursday, February 13, 2014

ആപല്‍ക്കരം; ജനവിരുദ്ധം

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പാളങ്ങളിലൂടെ ജനജീവിതത്തിന്റെ നെഞ്ചിലേക്ക് ഇരമ്പിക്കയറുന്ന റെയില്‍വേബജറ്റാണ് യുപിഎ മന്ത്രിസഭയ്ക്കുവേണ്ടി റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ അവതരിപ്പിച്ചത്. സത്യത്തില്‍ ബജറ്റ് വായിച്ച് അവതരിപ്പിക്കുകയല്ല ചെയ്തത്. പ്രക്ഷുബ്ധാവസ്ഥയ്ക്കിടയില്‍ വായിച്ച് മുഴുമിപ്പിക്കാനാകാതെ വായന ഒഴിവാക്കി സഭയുടെ മേശപ്പുറത്തുവച്ചു. വായിക്കാനുവദിക്കാത്തവിധം രൂക്ഷമായ ആ പ്രക്ഷുബ്ധാവസ്ഥയുടെ കൊടുങ്കാറ്റ് ഇനി സഭയിലല്ല, രാജ്യത്താകെയാണ് പടരേണ്ടത്. അത്രമേല്‍ ആപല്‍ക്കരവും ജനവിരുദ്ധവുമായ ഉള്ളടക്കമാണ് ബജറ്റിലുള്ളത്. ഏറ്റവും അധികം ആപല്‍ക്കരമായ നിര്‍ദേശം ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നുവെന്നതാണ്. ഇന്ധനവിലയ്ക്കനുസരിച്ച് യാത്ര- ചരക്കുകൂലി കൂട്ടാനുള്ള സംവിധാനമാണത്. തോന്നുമ്പോഴൊക്കെ തോന്നുന്നപടി നിരക്കുകൂട്ടാനുള്ള വഴിയാണ് തുറന്നിടുന്നത്. ഇങ്ങനെയൊരു വഴി തുറന്നുവച്ചിട്ട് ബജറ്റില്‍ യാത്ര- ചരക്കുകൂലികള്‍ കൂട്ടിയിട്ടില്ല എന്നുപറയുന്നത് കാപട്യമാണ്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബജറ്റിന് ആഴ്ചകള്‍ക്കുമുമ്പുതന്നെ യാത്ര-ചരക്കുകൂലി കുത്തനെ വര്‍ധിപ്പിച്ചതിനുശേഷമാണ് ഈ മേനിനടിക്കല്‍ എന്നത് കാപട്യത്തിന്റെ രൂക്ഷത ഇരട്ടിപ്പിക്കുന്നു.

പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുകയും എണ്ണക്കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്നുള്ള നാലുവര്‍ഷ ഘട്ടത്തില്‍ ഏതാണ്ട് എല്ലാ ആഴ്ചയുമെന്നോണം പെട്രോള്‍വില ഉയരുകയായിരുന്നുവെന്നത് നമ്മള്‍ കണ്ടു. വിലനിര്‍ണയാധികാരം ഒരു പ്രത്യേക സംവിധാനത്തിന് കൈമാറിയാല്‍ എന്താണുണ്ടാവുക എന്നതിന്റെ മാതൃകയായിരുന്നു അത്. ആ മാതൃക റെയില്‍വേയിലും നടപ്പാക്കാന്‍ പോവുകയാണ്. എണ്ണക്കമ്പനികള്‍ തങ്ങള്‍ക്കിഷ്ടംപോലെ വില വര്‍ധിപ്പിക്കും. അതേപോലെ ഇനി പുതിയ സംവിധാനം തോന്നുംപോലെ റെയില്‍വേ യാത്ര- ചരക്കുകൂലി കൂട്ടിക്കൊണ്ടിരിക്കും. ഡീസല്‍ വിലയില്‍ നാലുവര്‍ഷംകൊണ്ട് ലിറ്ററിന് 24 രൂപയുടെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇതുപോലുള്ള വിലവര്‍ധന റെയില്‍വേ യാത്രാച്ചെലവിലും ഉണ്ടാകാന്‍ പോവുകയാണ്.

യാത്രാതിരക്കിനുസരിച്ച് ടിക്കറ്റുവില കൂട്ടി നിശ്ചയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നതാണ് വിപല്‍ക്കരമായ മറ്റൊരു നിര്‍ദേശം. വ്യോമരംഗത്ത് ഇത് ഇപ്പോള്‍ത്തന്നെ നിലനില്‍പ്പുണ്ട്. തിരക്കുകൂടുതലുള്ള സന്ദര്‍ഭത്തില്‍ കൂടിയ നിരക്ക്. വിമാനക്കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതിന്റെ രീതിയാണിത്. ഇത് ഇതേപോലെ റെയില്‍വേയും നടപ്പാക്കുകയാണ്. യാത്രക്കാര്‍ കൂടുതലുള്ള മേഖലകളില്‍ ടിക്കറ്റുവില ക്രമാതീതമായി ഉയരും. അതിദീര്‍ഘമായ വെയിറ്റിങ് ലിസ്റ്റാണ് ഓരോ ട്രെയിനിനുമുള്ളത്. ആ നിലയ്ക്ക് ഓരോ സര്‍വീസും യാത്രാതിരക്കുള്ള മേഖലയിലേതായി കണക്കാക്കപ്പെടും. ടിക്കറ്റുവില അതിനുസരിച്ച് തോന്നിയപോലെ അപ്പപ്പോള്‍ ഉയര്‍ത്തി നിശ്ചയിക്കും. ട്രെയിന്‍യാത്ര സാധാരണക്കാരന് അപ്രാപ്യമാകാന്‍ വേറെയൊന്നും വേണ്ട. ഇതൊക്കെ ചെയ്തുവച്ചിട്ട്, ബജറ്റില്‍ യാത്രക്കൂലി കൂട്ടിയിട്ടില്ലല്ലോ എന്നുപറയുന്നത് എന്തൊരു വഞ്ചനയാണ്!

റെയില്‍വേ കൂടിയ തോതില്‍ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാകാന്‍ പോവുകയാണ്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചില്‍വരെ റെയില്‍വേയെ ഒഴുക്കിക്കൊണ്ടുപോകും. ആഗോളവല്‍ക്കരണനയങ്ങള്‍ ഈ വിധത്തിലാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. കേരളത്തെ ഇത്രയേറെ ക്രൂരമായി അവഗണിച്ച ബജറ്റ് അടുത്തകാലത്തൊന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. മുമ്പ് ബജറ്റുകളില്‍ പ്രഖ്യാപിച്ചവയും എന്നാല്‍ നടപ്പാക്കാതിരുന്നവയുമായ കാര്യങ്ങള്‍ ഈ ബജറ്റില്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതേസമയം, അവ നടപ്പാക്കാന്‍ വേണ്ട പണമില്ലതാനും. പെന്‍സുലാര്‍ റെയില്‍വേ മേഖല, കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി, പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സര്‍വേ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ അവഗണന. പാലക്കാട് കോച്ചുഫാക്ടറി നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേയുടെ നേര്‍ക്ക് നീട്ടിയതാണ്. എന്നിട്ടും അവിടെ ഫാക്ടറി വന്നില്ല. സൗജന്യമായി ഭൂമി കിട്ടുമായിരുന്നിട്ടും അവിടെ ഫാക്ടറി പണിയാതെ സോണിയ ഗാന്ധിയുടെ റായ്ബറേലിയില്‍ വിലകൊടുത്ത് ഭൂമി വാങ്ങി സ്വന്തം ചെലവില്‍ കോച്ചുഫാക്ടറി പണിതു; കമീഷന്‍ ചെയ്തു. പാലക്കാട് ഫാക്ടറിയെക്കുറിച്ച് മിണ്ടാട്ടമില്ല. ചേര്‍ത്തലയില്‍ സ്ഥാപിക്കുമെന്നുപറഞ്ഞ റെയില്‍വേ സ്ഥാപനത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനില്ല. കോച്ചുഫാക്ടറി നേരത്തെ പ്രഖ്യാപിച്ചതാണല്ലോ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, പ്രഖ്യാപനം നടപ്പാക്കാന്‍ ബജറ്റില്‍ പണമെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. നാമമാത്രമായ തുകപോലും അനുവദിച്ച് ബജറ്റില്‍ കോച്ചുഫാക്ടറിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം.

കേരളത്തിന്റെ കാര്യത്തില്‍ റെയില്‍വേ പയറ്റുന്ന ഒരു തന്ത്രമുണ്ട്. ഇടയ്ക്ക് ഓരോ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിക്കും. എന്നാല്‍, ട്രെയിന്‍ ഒരിക്കലും ഓടില്ല. പാതയില്ലാത്തതുകൊണ്ട് ഓടിക്കാനാവുന്നില്ല എന്നാണ് പറയുക. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നിസാമുദീന്‍- തിരുവനന്തപുരം വണ്ടി ഇക്കാരണം പറഞ്ഞാണ് ഓടിക്കാതിരുന്നത്. ഈ ട്രെയിന്‍ ഈ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഓടിക്കാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം പറഞ്ഞ കാരണം ഇത്തവണയും പറയാം. പാതയിരട്ടിപ്പിക്കലിന് ഒരു തുകയും നീക്കിവച്ചിട്ടില്ല ഇത്തവണയും. ഒരുവശത്ത് പ്രഖ്യാപിച്ച ട്രെയിന്‍പോലും പാതയില്ലെന്നുപറഞ്ഞ് ഓടിക്കാതിരിക്കുക. മറുവശത്ത് പാത ഇരട്ടിപ്പിക്കാതെയുമിരിക്കുക. നല്ല തന്ത്രം! 72 ട്രെയിനുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. 38 എക്സ്പ്രസ്, 10 പാസഞ്ചര്‍, 4 മെമു, 3 ഡെമു, 17 പ്രീമിയം എന്നിങ്ങനെ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതും എന്നാല്‍ നടപ്പാക്കാത്തതുമായ നിസാമുദീന്‍ ഒഴിവാക്കിയാല്‍ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കേരളത്തെ തൊടുന്നത് രണ്ടേരണ്ടെണ്ണം മാത്രം. ഉള്ള ട്രെയിനുകളുടെ സര്‍വീസ് എണ്ണം കൂട്ടാന്‍ ബജറ്റില്‍ നിര്‍ദേശമില്ല. പാത നീട്ടുന്നില്ല; പുതിയ പാതയ്ക്കുള്ള സര്‍വേപോലുമില്ല. പ്രീമിയം തീവണ്ടികളിലൊരെണ്ണമുണ്ട്. എന്നാല്‍, പ്രീമിയം നിരക്ക് എങ്ങനെ എന്ന് വ്യക്തമല്ല. സാധാരണക്കാരന് അപ്രാപ്യമായ നിരക്കാവും അതിലുണ്ടാവുക എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

തെരഞ്ഞെടുപ്പുവര്‍ഷത്തില്‍ വോട്ട് മുന്‍നിര്‍ത്തിയെങ്കിലും ചിലത് കേരളത്തിനായി പ്രഖ്യാപിക്കുമെന്ന് പലരും കരുതി. എന്നാല്‍, അതുമില്ല. കേരളീയരുടെ വോട്ട് തങ്ങള്‍ക്ക് പ്രധാനമല്ല എന്ന ധാര്‍ഷ്ട്യംകൂടിയാകണം ക്രൂരമായ ഈ അവഗണനയുടെ അര്‍ഥം. ഈ അവഗണനയ്ക്ക് യുഡിഎഫ് സര്‍ക്കാരും യുപിഎ സര്‍ക്കാരും കേരളീയരോട് ഉത്തരം പറയണം. കേരളത്തില്‍നിന്ന് കേന്ദ്രത്തിലുള്ള എട്ടുമന്ത്രിമാര്‍ കേരളത്തെ അവഗണനയുടെ ചെളിക്കുണ്ടിലേക്ക് യുപിഎ സര്‍ക്കാര്‍ ചവിട്ടിത്താഴ്ത്തുന്നതിന് നിശബ്ദ സാക്ഷികളായിരിക്കുന്നുണ്ട്; നോക്കുകുത്തികളായി. അവരും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: