Thursday, February 13, 2014

ജനം ആഗ്രഹിച്ച ബദലിന്റെ ഉയര്‍ച്ച

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, പോരാട്ടം രണ്ട് കൂട്ടുകെട്ട് തമ്മിലല്ല മറിച്ച്, മൂന്ന് കൂട്ടുകെട്ട് തമ്മിലാണെന്ന് വ്യക്തമായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ, കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ടികളുടെ കൂട്ടുകെട്ട് എന്നിവയാണവ. കുറച്ചുമാസം മുമ്പുവരെ ബിജെപിയും കോണ്‍ഗ്രസും ഇത് വിഭാവനംചെയ്തിരുന്നില്ല. ആര്‍എസ്എസിന്റെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ പ്രചാരണത്തിന് മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനായി രാഹുല്‍ഗാന്ധിയെ തീരുമാനിച്ചപ്പോള്‍, പോര് കഴിവുള്ള മോഡിയും കഴിവില്ലാത്ത രാഹുല്‍ഗാന്ധിയും തമ്മിലെന്ന രീതിയില്‍ ചിത്രീകരിക്കപ്പെട്ടു. ബിജെപി ആഗ്രഹിച്ചതാണിത്, അത് മോഡിക്ക് അനുകൂലവുമാണ്.

ഇവര്‍ കെട്ടിപ്പൊക്കിയ ഈ പോരാട്ടത്തിന്റെ പൂച്ച് ഇപ്പോള്‍ പുറത്തായി. രണ്ട് നേതാക്കള്‍ തമ്മിലോ രണ്ട് പാര്‍ടികള്‍ തമ്മിലോ രണ്ട് സഖ്യങ്ങള്‍ തമ്മിലോ ഉള്ള മത്സരമായിരിക്കില്ല നടക്കാന്‍ പോകുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.

സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം നടക്കുന്നത്. വന്‍ വിലവര്‍ധന, ദരിദ്രകര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവനോപാധിയുടെ നാശം, തൊഴിലില്ലായ്മയുടെ വളര്‍ച്ച എന്നിവയോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവ അപ്രാപ്യമായതും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവേശത്തോടെ നടപ്പാക്കിയ നവ ഉദാരവല്‍കരണ നയങ്ങളുടെ ഫലമാണിത്. പ്രകൃതിവിഭവങ്ങളുടെ കൊള്ളയും വര്‍ധിച്ച അഴിമതിയും ഇതിന്റെ ഫലംതന്നെ. ഈ നവ ഉദാരവല്‍ക്കരണനയത്തിന്റെ സാമൂഹ്യസ്വാധീനമാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും അവകാശസമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പൈശാചികമായ ആക്രമണങ്ങളിലും നിഴലിക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്കാണ്. അതിവേഗം ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെടുകയുമാണ്. കോണ്‍ഗ്രസിനെതിരെയുള്ള ജനരോഷമാണ് ബിജെപിക്ക് ഗുണമായത്. എന്നാല്‍, നരേന്ദ്ര മോഡി വാഗ്ദാനം ചെയ്യുന്ന ചികിത്സ രോഗത്തേക്കാള്‍ ഭയാനകമാണ്. അക്രമാസക്തമായ മുതലാളിത്തത്തിനുവേണ്ടിയാണ് മോഡി നിലനില്‍ക്കുന്നത്. ഇത് ജനങ്ങളുടെ വിഷമങ്ങള്‍ ഇരട്ടിപ്പിക്കുകയേയുള്ളൂ. മോഡിയുടെ "വളര്‍ച്ച" അജന്‍ഡയെ അട്ടിമറിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയാണ്. അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണമാണ് ഇതിന് വളമേകുന്നത്. എന്നാല്‍, മോഡിയുടെയും ബിജെപിയുടെയും ജനസ്വാധീനവും ബിജെപിയുടെ സംഘടനാ സ്വാധീനവും പരിമിതമാണ്. അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളും കുറവാണ്. കോണ്‍ഗ്രസിനെതിരെയുള്ള പാര്‍ടികളും ശക്തികളും ബദല്‍നയങ്ങളുടെ രാഷ്ട്രീയ വേദി ഉയര്‍ത്തി ജനങ്ങളുടെ വിശ്വാസം നേടുകയാണ്. ബിജെപി നല്‍കുന്ന ബദലിനല്ല സ്വീകാര്യത.

കോണ്‍ഗ്രസിതര മതനിരപേക്ഷ പ്രതിപക്ഷ പാര്‍ടികളെ യോജിപ്പിക്കാന്‍ അടുത്തിടെ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ധ്രുവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഉയര്‍ന്നുവരുന്ന ഈ ബദലിന്റെ അടിത്തറ പ്രാദേശികപാര്‍ടികളാണ്. ഇവര്‍ ഇടതുപക്ഷ പാര്‍ടികളുമായി കൈകോര്‍ത്തതോടെ അതിന് അഖിലേന്ത്യാ ബദലിന്റെ രൂപം കൈവന്നു. 2004 ലും 2009 ലും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ച മൊത്തം വോട്ട് 50 ശതമാനത്തില്‍ താഴെയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2004 ല്‍ 46.7 ശതമാനവും 2009 ല്‍ 47.4 ശതമാനവും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുടെ ശക്തിയാണ് തെളിഞ്ഞത്. അവര്‍ ആവശ്യത്തിന് പിന്തുണ നേടി സര്‍ക്കാരുകള്‍ രൂപീകരിച്ചു. ഇത്തരം പ്രാദേശിക പാര്‍ടികളായ എഐഎഡിഎംകെ, സമാജ്വാദി പാര്‍ടി, ബിജു ജനതാദള്‍, ഐക്യജനതാദള്‍ എന്നിവ കോണ്‍ഗ്രസ്- ബിജെപി ഇതര കൂട്ടുകെട്ടിനൊപ്പം ചേരാനാണ് തീരുമാനിച്ചത്. മറ്റ് പ്രാദേശിക പാര്‍ടികളായ ജനതാദള്‍ (സെക്കുലര്‍), അസം ഗണപരിഷത്ത്, ജാര്‍ഖണ്ഡ് വികാസ് മഞ്ച് എന്നിവരും ഈ കൂട്ടുകെട്ടിന്റെ ഭാഗമായി. വര്‍ഗീയതയ്ക്കെതിരെയും ജനങ്ങളുടെ ഐക്യത്തിനും ആഹ്വാനംചെയ്ത് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേരുകയുണ്ടായി. പതിനാല് പാര്‍ടികളാണ് ഇതില്‍ പങ്കെടുത്തത്. യുപിഎയുടെ ഭാഗമായ എന്‍സിപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ നിലകൊള്ളുകയെന്ന പൊതുലക്ഷ്യമുള്ള കക്ഷികളാണ്. ഇതില്‍ 11 പാര്‍ടികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ട്. ഈ പതിനൊന്ന് പാര്‍ടികളും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ബദല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത ചില കക്ഷികളുമായി യോജിപ്പുണ്ടാക്കും.

ഈ പാര്‍ടികള്‍ ഒന്നിച്ചുനില്‍ക്കുമെന്ന പ്രഖ്യാപനം, മാധ്യമഭാഷയില്‍ "മൂന്നാംമുന്നണി" യുടെ രൂപീകരണം ബിജെപിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. മൂന്നാംമുന്നണി "മിഥ്യ" മാത്രമാണെന്നും "പരാജയപ്പെട്ട പരീക്ഷണ"മാണെന്നും "ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത"താണെന്നും തുടങ്ങി പ്രസ്താവനകളുടെ പ്രവാഹം തന്നെ ബിജെപി നേതാക്കളില്‍നിന്നുണ്ടായി. മൂന്നാംമുന്നണി "മൂന്നാംകിട" യെന്നാണ് നരേന്ദ്രമോഡിയുടെ ആക്രമണം. ബിജെപിയുടെ ഇത്തരം പ്രതികരണങ്ങള്‍ക്കുള്ള കാരണം വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തെ കോണ്‍ഗ്രസ്- ബിജെപി പോരാട്ടമെന്നും മോഡി-രാഹുല്‍ പോരാട്ടമെന്നുമാണ് ഇവര്‍ ചിത്രീകരിക്കുന്നത്. കോണ്‍ഗ്രസിനെതിരെയുള്ള ജനങ്ങളുടെ വെറുപ്പ് മുഴുവന്‍ തങ്ങള്‍ക്ക് കൊയ്യാമെന്ന പ്രതീക്ഷയാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഒരു തെരഞ്ഞെടുപ്പ് ബദല്‍ ഉയര്‍ന്നുവന്നതോടെ അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി; അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വെളിപ്പെടുകയുംചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുന്ന നേതാവിനെ മുന്നോട്ടുവയ്ക്കുന്ന ബിജെപിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് കോണ്‍ഗ്രസിതര മതനിരപേക്ഷ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം. ഫെഡറല്‍ തത്വങ്ങളുടെ ശക്തരായ വക്താക്കളാണ് ഇടതുപക്ഷവും പ്രാദേശിക പാര്‍ടികളും. വ്യത്യസ്ത പാര്‍ടികളുടെ വ്യക്തിത്വവും സ്വയംഭരണവും ബഹുമാനിച്ചുകൊണ്ടുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണിത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസരമാക്കി നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുള്ള ബദല്‍ നയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് സാധ്യമായതും ഇതുകൊണ്ടാണ്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം പതിനൊന്ന് പാര്‍ടികള്‍ യോഗംചേര്‍ന്ന് ഈ ബദലിനെക്കുറിച്ച് പ്രഖ്യാപനം നടത്തും. കൂട്ടുകെട്ടിന്റെ അടിസ്ഥാന ചട്ടക്കൂടും തത്വങ്ങളും ഈ ബദലിന്റെ ഗതിയും ഉള്‍ക്കൊള്ളുന്നതാകും പ്രഖ്യാപനം. കൂട്ടുകെട്ടിലെ രാഷ്ട്രീയ പാര്‍ടികളുടെ സ്വഭാവം കണക്കിലെടുത്താല്‍ എല്ലാ പാര്‍ടികളും തമ്മിലുള്ള രാഷ്ട്രീയസഖ്യമോ സീറ്റുധാരണയോ ആവശ്യമില്ല. ഇതിലെ പല പാര്‍ടികളും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ടികളുമായി സീറ്റ് ധാരണ സാധ്യമല്ല. എന്നാല്‍, ഈ രാഷ്ട്രീയ പാര്‍ടികളെല്ലാം അവരുടെ ശക്തിമുഴുവന്‍ ഒരു അഖിലേന്ത്യാ കൂട്ടുകെട്ടിനായി ഉപയോഗിക്കും. ഇത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള രാഷ്ട്രീയ നിലപാടുകളുടെയും നയങ്ങളുടെയും ചട്ടക്കൂടിന് രൂപംനല്‍കും. ഇത് കൂട്ടുകെട്ടിന്റെ ഭാഗമായ രാഷ്ട്രീയ കക്ഷികള്‍ക്ക് അവരുടെ സംസ്ഥാനങ്ങളില്‍ ശക്തിപകരും. കോണ്‍ഗ്രസ് ഭരണത്തില്‍ മനംമടുത്ത, ബദലാകാനുള്ള ബിജെപിയുടെ ശ്രമത്തെ ഫലപ്രദമായി തടയുന്ന ജനങ്ങള്‍ക്ക് ശരിയായ ബദല്‍ പ്രദാനംചെയ്യുന്നതാണ് കോണ്‍ഗ്രസ്- ബിജെപി ഇതര വേദി. ഇത്തരത്തിലുള്ള ബദലിന്റെ ഉയര്‍ച്ച, കോണ്‍ഗ്രസ് ഭരണം അവസാനിക്കാന്‍ ആഗ്രഹിക്കുകയും വര്‍ഗീയ പ്രത്യയശാസ്ത്രമുള്ള പാര്‍ടികേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത് തടയാന്‍ ശ്രമിക്കുകയുംചെയ്യുന്ന എല്ലാ മതനിരപേക്ഷ-ജനാധിപത്യ കക്ഷികളെയും യോജിപ്പിക്കാന്‍ സഹായിക്കും

*
പ്രകാശ് കാരാട്ട്

No comments: