Saturday, February 15, 2014

വരുന്നൂ, മഴവില്‍ സഖ്യം

ഇ സന്തോഷ്കുമാറിന്റെ "അന്ധകാരനഴി" എന്ന നോവലില്‍ ലാസര്‍ എന്നൊരു കഥാപാത്രമുണ്ട്. കൂടെ പൊറുക്കുന്ന പെണ്ണിന്റെയും കുരുക്കില്‍പെടുത്തുന്ന പെണ്ണിന്റെയും തുണിയഴിച്ച് പടംപിടിച്ച് അച്ചടിച്ച് വിറ്റു പണമുണ്ടാക്കുന്ന, കൂട്ടിക്കൊടുക്കാനും ഒറ്റുകൊടുക്കാനും മടിക്കാത്ത ഒരു ജന്തു. സുസ്മേഷ് ചന്ത്രോത്തിന്റെ "പേപ്പര്‍ ലോഡ്ജി"ലും സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന നോവലിലും കൃത്യം ഇതേ പണിചെയ്യുന്നവരല്ലെങ്കിലും ചില സമാന സ്വഭാവ വിശേഷങ്ങളുള്ള ഓരോ കഥാപാത്രങ്ങളുണ്ട്. സമകാലികരായ മലയാളത്തിന്റെ ഈ മികച്ച എഴുത്തുകാരുടെ രചനകളില്‍ പൊതുസ്വഭാവമുള്ള ഈ കഥാപാത്രങ്ങളുടെ കടന്നുവരവ്, നമ്മെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു-നമ്മുടെ പൊതുമണ്ഡലത്തില്‍തന്നെ ഇത്തരം ജീര്‍ണതയുടെ പ്രതീകങ്ങള്‍ തിമിര്‍ത്താടുന്നുണ്ട് എന്ന കാര്യം. അശ്ലീലം വിറ്റും ബ്ലാക്മെയ്ലിങ്ങിലൂടെയും ജീവിക്കുന്ന ഒരു നികൃഷ്ട ജന്മത്തിന് മാന്യത നല്‍കുന്ന, അതിനായി അയാളുടെ മഞ്ഞക്കടലാസില്‍ വരുന്ന സാധനങ്ങളെ പൊക്കിയെടുത്ത് ആഘോഷപൂര്‍വം കൊണ്ടാടുന്ന, മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഈ അശ്ലീലക്കാരനെക്കാള്‍, "അന്ധകാരനഴി"യിലെ ലാസറിനെയുംകാള്‍ അപലപനീയരാണ്. ഇന്ന് നമ്മുടെ മാധ്യമരംഗത്തും വലതുപക്ഷ രാഷ്ട്രീയത്തിലും ഇത്തരക്കാരുടെ ഉറഞ്ഞുതുള്ളലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അവര്‍ക്ക് ഒറ്റ അജന്‍ഡയേയുള്ളൂ-ഏതുവിധേനയും സിപിഐ എമ്മിനെ ഒതുക്കുക, തകര്‍ക്കുക.

വിരുദ്ധന്മാരുടെ ഇലക്ഷന്‍ അജന്‍ഡ

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന് എന്നും ഊര്‍ജം പകരുന്നത്, അവര്‍ക്ക് ദിശാബോധം നല്‍കുന്നത്, മുഖ്യമായും മുഖ്യധാരാ മാധ്യമങ്ങളാണ്-ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും. കേരളത്തില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനാകെയും എതിരായി ബദല്‍ മുദ്രാവാക്യങ്ങളോ പരിപാടിയോ കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പൊതുവില്‍ ഇടതുപക്ഷ മനസ്സുള്ള കേരളത്തില്‍ വലതുപക്ഷ നിലപാടുകളില്‍നിന്ന് ഇടതുപക്ഷത്തെ ആക്രമിക്കാനാവില്ല, അതൊട്ട് വിലപ്പോവുകയുമില്ല. അതുകൊണ്ടു ഇടതുപക്ഷ പദാവലികളും ഇടതുപക്ഷ പ്രതീകങ്ങളും ഉപയോഗിച്ചും ഇടതുപക്ഷത്തുനിന്ന് പുറന്തള്ളപ്പെട്ട പുഴുക്കുത്തുകളെ ഉപയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

2006 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ വിരുദ്ധന്മാരുടെ ഏക അജന്‍ഡ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവെച്ചുള്ള പ്രചാരണം നടത്തലാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മാധ്യമ ശ്രദ്ധയാകെ കേന്ദ്രീകരിച്ചുനിന്നത് ലാവ്ലിന്‍ ഇടപാടിലായിരുന്നു. ആ ഒരൊറ്റ ലക്ഷ്യംവെച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തന്നെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചിട്ട് പിണറായിയെ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ തെളിവിന്റെ കണികപോലുമില്ലെന്ന് റിപ്പോര്‍ട്ടുചെയ്തിട്ടും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും ലാവ്ലിന്‍കേസ് പുനരന്വേഷണത്തിനായി സിബിഐക്കു വിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2006ല്‍ തീരുമാനിച്ചത്. ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ, കോണ്‍ഗ്രസിന്റെ, പ്രചരണത്തിന്റെ കുന്തമുന അതില്‍ കേന്ദ്രീകരിച്ചായിരുന്നു. കാരണം 5 വര്‍ഷം ഭരിച്ച മുന്നണിക്ക്, യുഡിഎഫിന്, ഭരണ നേട്ടമായി ജനങ്ങളുടെമുന്നില്‍ അവതരിപ്പിക്കാന്‍, ജനദ്രോഹ നടപടികളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. 2009ലും 2011ലും യുഡിഎഫിന് പറയാന്‍ ലാവ്ലിനെക്കുറിച്ചുള്ള പഴയ പല്ലവിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഭരണമികവും ജനപക്ഷ നടപടിയുമായി നില്‍ക്കുന്ന എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ജനവിരുദ്ധതയുടെ ആള്‍രൂപമായ യുഡിഎഫിന് കെല്‍പുണ്ടായിരുന്നില്ല.

അവിടെയാണ് മാധ്യമങ്ങള്‍ യുഡിഎഫിന് തുണയായി എത്തിയത്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയങ്ങളോ ഭരണനടപടികളോ ചര്‍ച്ചചെയ്യപ്പെടാതെ തമസ്കരിക്കാന്‍ ഈ രണ്ടു ഘട്ടങ്ങളിലും അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഒന്നുപോലെ ലാവ്ലിന്‍ കേസിനെ ദിവസങ്ങളോളം ആവര്‍ത്തിച്ച് ചര്‍ച്ചചെയ്യുകയാണുണ്ടായത്. വളരെ കൃത്യമായും അത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ മാധ്യമവേട്ടയായിരുന്നു. ഇപ്പോള്‍ അതങ്ങനെ ആഘോഷിക്കാന്‍ പഴുതില്ലാത്തവിധം സിബിഐക്കോടതി, വിചാരണയ്ക്കുപോലും അര്‍ഹതയില്ലാത്തതാണ് സിബിഐയുടെ കുറ്റപത്രം എന്ന് വിധിച്ച് തള്ളിക്കളഞ്ഞിരിക്കുന്നു. എന്നിട്ടും അതൊന്നുകൂടി പൊക്കിയെടുക്കാന്‍ പറ്റുമോ എന്ന പരക്കംപാച്ചിലിനൊപ്പംതന്നെ, 2012 മെയ്മാസം മുതല്‍ സിപിഐ എം വിരുദ്ധ വേട്ടയ്ക്ക് കരുവാക്കപ്പെട്ട ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ കൊലപാതകത്തെ, സെഷന്‍സ് കോടതി വിധിയിന്മേല്‍ അപ്പീല്‍പോകുന്നതിനു പകരം സിബിഐയെക്കൊണ്ട് പുനരന്വേഷണം എന്ന ആവശ്യം ഉയര്‍ത്തി, ഉപയോഗപ്പെടത്താനുള്ള കൊണ്ടുപിടിച്ചുള്ള നീക്കങ്ങളാണ് അരങ്ങുതകര്‍ത്ത് നടക്കുന്നത്.

രമയെ മുന്‍നിര്‍ത്തി ഒരു മഴവില്‍ സഖ്യം

ഫെബ്രുവരി 4ന്റെ "മനോരമ" യുടെ ഒന്നാംപേജിലെ പ്രധാന റിപ്പോര്‍ട്ടുകളിലൊന്നിന്റെ ശീര്‍ഷകം: ""ജനപിന്തുണയുടെ കരുത്തില്‍ രമ നിരാഹാരസമരം ആരംഭിച്ചു"". അതിന്റെ ഹൈലൈറ്റ് ഇങ്ങനെ: ""സിബിഐ അന്വേഷണം വന്നാല്‍ ടി പി വധത്തില്‍ സിപിഐ എം പിബി അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് തെളിയുമെന്ന് കെ കെ രമ"". രമയുടെ ആവശ്യത്തെക്കുറിച്ചും പ്രസ്താവനയെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനുമുമ്പ്, ""ജനപിന്തുണയുടെ കരുത്ത്"" പരിശോധിക്കപ്പെടേണ്ടതുണ്ട്. "ജനപ്രവാഹം" എന്ന "മനോരമ" യുടെ കടിതമല്ലാതെ അത് സൂചിപ്പിക്കുന്ന ഒരൊറ്റ ദൃശ്യവും അവതരിപ്പിക്കാന്‍ ആ പത്രത്തിന് കഴിഞ്ഞില്ല. പൂനയെ ആനയാക്കുന്ന വാക് ജാലകം മാത്രം! ദൃശ്യമാധ്യമങ്ങളിലും സെക്രട്ടേറിയറ്റിനുമുന്നിലെ സ്ഥിരം സമരപന്തലുകളില്‍ പുതുതായി ഒന്നുകൂടി എന്നതിനപ്പുറം ജനപങ്കാളിത്തംകൊണ്ട് അത് ശ്രദ്ധേയമേയല്ല, നിത്യേന സെക്രട്ടറിയറ്റിനുമുന്നിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്ന ജനംപോലും ഒഴിഞ്ഞുമാറിപ്പോകുന്നതാണ് കാണുന്നത്. പിന്നൊരു പ്രത്യേകതയുണ്ട്. ഒന്നല്ല, രണ്ട്! ഒന്നാമത്തേത് മാധ്യമപ്പടതന്നെ! എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ കവര്‍ ചെയ്യാനെത്തിയ അത്രയോ അതിലേറെയോ മധ്യമപ്പട രമയ്ക്കുമുന്നില്‍ തമ്പടിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ മാധ്യമപ്പടയാണ് അവിടത്തെ ആള്‍ക്കൂട്ടം. അവരുടെ ഒബി വാനുകളാണ്, പിന്നെ പൊലീസും, മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത്. (വഴി തടയലിനെതിരെയും സഞ്ചാര സ്വാതന്ത്ര്യത്തിനായും "ഗോരഗോരം" അലറിത്തിമിര്‍ക്കുന്ന മനോരമാദികളുടെ "വോട്ടുവണ്ടി"കളും വഴിതടഞ്ഞ് റോഡില്‍ 3-ാം തീയതി രാവിലെ മുതലുണ്ട്).

മറ്റൊരു പ്രത്യേകത രമയ്ക്ക് അഭിവാദ്യവുമായെത്തുന്ന ഉന്നതന്മാരുടെ രാഷ്ട്രീയ വൈവിധ്യമാണ്. മുന്‍ ആഭ്യന്തരമന്ത്രി, ഇപ്പോള്‍ മറ്റേതോ പുറമ്പോക്കിലെ മന്ത്രി, തിരുവഞ്ചൂരാന്‍തന്നെ നേരിട്ടെത്തി ഉച്ചഭാഷിണിയിലൂടെ (വേണോങ്കില്‍ കന്റോണ്‍മെന്റ് പൊലീസണ്ണന്മാര്‍ക്ക് ഇതിയാനെതിരെ കേസെടുക്കാവുന്നതാണ്.) പിന്തുണ അറിയിച്ചു. അപ്പോള്‍ പിന്തുണയുമായി എത്തിയ ഇതരരില്‍ പ്രമാണി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി ഒ രാജഗോപാല്‍ എന്ന സ്വന്തം രാജേട്ടന്‍. തിരുവഞ്ചൂരാനു പിന്നാലെ ചീഫ് വിപ്പും അതിയാന്റെ വിപ്പിന് വിലകല്‍പിക്കാത്ത യുഡിഎഫ് പാളയത്തിലെ സര്‍വമാന എംഎല്‍എമാരും-യൂത്തും മൂത്തതും മുടിഞ്ഞതുമെല്ലാമുണ്ട്.

മുല്ലപ്പള്ളീടേം ചെന്നിത്തലേടേം കുഞ്ഞൂഞ്ഞിന്റേയും കുറവേ ഒണ്ടാരുന്നുള്ളൂ. അതിനെന്താ? ആര്‍എസ്എസ് - ബിജെപി സംഘം അപ്പാടെ എത്തി പാങ്കിടതന്നെ, സത്യഗ്രഹിക്കുചാരെ! പോരെങ്കില്‍, എസ്ഡിപിഐയുണ്ട്; ജമാഅത്തെ ഇസ്ലാമിയുണ്ട്; ഡിഎച്ചാറെമ്മും കൂട്ടിനുണ്ട്; എന്തിന് സര്‍വചണ്ടി പണ്ടാരങ്ങളും ഒഞ്ചിയം ഉണ്ണിയാര്‍ച്ചയ്ക്കൊപ്പം മാധ്യമ വെള്ളിവെളിച്ചത്തിനും വെളിപാടുകള്‍ക്കുമൊപ്പം പോക്കുവരത്തുണ്ട്. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘമാണെങ്കില്‍ തിരൂരിലെ ചോരകിനിയുന്ന വാളും ഉയര്‍ത്തിപ്പിടിച്ചാണ് വരവ്! സിപിഐ എമ്മിനെതിരെ ഒരു മഴവില്‍ സഖ്യമാണ് ഉണ്ണിയാര്‍ച്ചേടെ തിരു സാന്നിധ്യത്തില്‍ ഉരുവം കൊള്ളുന്നത്. പക്ഷേല്, കൊച്ചേ, ഈ നെറികേടിന് നിങ്ങള് പണിയെടുക്കുന്നവന്റെ ചോരേല്‍ കുതിര്‍ന്ന ചെങ്കൊടിപിടിക്കുന്നത് തനി കാപട്യമാണ്, വഞ്ചനയാണ്! നിങ്ങള്‍ക്ക് ചേരണ കൊടി പച്ചയോ, കാവിയോ, വല്ല മൂവര്‍ണമോ ആണ്. എന്താ നിങ്ങടെ ആവശ്യം? ഒഞ്ചിയം കേസിന്റെ വിധി പ്രസ്താവം വന്ന അന്ന് നട്ടുച്ച നേരത്തുതന്നെ പ്രഖ്യാപിക്കപ്പെട്ടതാണ് രമേന്റെ ഉണ്ണാവ്രതം. എന്തിനാന്നോ? മുല്ലപ്പള്ളിയാശാന് വമ്പന്‍ സ്രാവുകളെ വലയിലാക്കി കൊടുക്കാന്‍ പറ്റുമോന്നൊരു സ്രമം! അഭിനവ ഉണ്ണിയാര്‍ച്ചേക്കൊണ്ട് അത്രേക്കെയല്ലേ പറ്റൂ! ചന്ദ്രശേഖരന്‍ കേസ് വീണ്ടും അന്വേഷിക്കണമത്രേ! അതിന് സിബിഐതന്നെ വേണം. ആയിക്കോട്ടെ! പക്ഷേല് ഒരു കാര്യം. രമയും രമേടെ ആറെംപി വാനരരും സിബിഐ ഉമ്മാക്കിയെ വിളിക്കണമെന്നുപറഞ്ഞത് 2012 സെപ്തംബറില്‍. കൈയോടെ കേന്ദ്ര ആഭ്യന്തരസഹനും സംസ്ഥാന ആഭ്യന്തരനും അതങ്ങു സമ്മതിക്കേം ചെയ്തു. എന്നാലതങ്ങു നടപ്പാക്കിയാല്‍ പോരായിരുന്നോ? ആരും തടസ്സം നിന്നില്ലല്ലോ. അങ്ങനെ നടപ്പാക്കാതിരുന്നതിനു പിന്നിലുള്ള അജന്‍ഡ കുറെക്കാലംകൂടി അതുവച്ച് രാഷ്ട്രീയം കളിക്കല്തന്നെ. സിപിഐ എമ്മിനെ, അധ്വാനിക്കുന്നവന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ, ആക്രമിക്കല്തന്നെ. (സാധാരണഗതിയില്‍ ഇത്തരമൊരു കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതകളില്ലെന്നത് വേറെ കാര്യം, വലിയ രാഷ്ട്രീയ സമ്മര്‍ദമില്ലെങ്കില്‍).

രമയുടെ മൊഴി പൊലീസ് മുമ്പ് എടുത്തതാണ്. അതേപോലെ കേസില്‍ 5-ാം സാക്ഷിയെന്ന നിലയില്‍ കോടതിയില്‍ മൊഴി നല്‍കിയതുമാണ്. അപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം കോടതി പരിശോധിച്ച് തീര്‍പ്പാക്കിയതുമാണ്. വിചാരണക്കോടതിയുടെ തീര്‍പ്പില്‍ തൃപ്തിയില്ലെങ്കില്‍ അപ്പീലുമാകാം. അതിനുപകരം വീണ്ടും അന്വേഷണം. മറ്റൊരേജന്‍സി നടത്തണമെന്നു പറയുന്നത് രാഷ്ട്രീയ മുതലെടുപ്പല്ലാതെ മറ്റൊന്നുമല്ല. കൊല്ലപ്പെട്ടയാളിന്റെ വിധവയെന്ന പരിഗണന വലതുപക്ഷ രാഷ്ട്രീയത്തിന് ഊര്‍ജംപകരാന്‍ രമ ഉപയോഗിക്കുകയാണ്. ഇപ്പോ എന്താ രമ പറയണത്? പൊളിറ്റ്ബ്യൂറോ അംഗത്തിനുവരെ പങ്കൊണ്ട്, അവരെ ഒന്ന് ചോദ്യംചെയ്തുപോലുമില്ലെന്നാണ്. അപ്പോ, അതാണ് കാര്യം. സിപിഐ (എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ കൊലപാതകക്കേസില്‍ പെടുത്തി ഒന്നു ചോദ്യംചെയ്യുകയെങ്കിലും വേണം. കോണ്‍ഗ്രസിനും സര്‍വമാന വിരുദ്ധന്മാര്‍ക്കും കൊറെക്കാലം സിപിഐ എമ്മിനെ കൊലയാളികളുടെ പാര്‍ട്ടീന്ന് വിളിച്ചുകൂവി നടക്കാനുള്ള ഒരൊപ്പിക്കല്‍ ഒപ്പിക്കണം. മാധ്യമ അജന്‍ഡയും അതുതന്നെ.

മൊയാരത്തു ശങ്കരനും കുഞ്ഞാലിയും അഴീക്കോടന്‍ രാഘവനും ഉള്‍പ്പെടെയുള്ള നേതാക്കളെയും നൂറുകണക്കിന് ഉശിരന്മാരായ കമ്യൂണിസ്റ്റുകാഡര്‍മാരെയും കൊലപ്പെടുത്തിയ കോണ്‍ഗ്രസ്-സംഘപരിവാറാദി സംഘങ്ങള്‍ നമ്മുടെ മാധ്യമശിങ്കങ്ങള്‍ക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളാവുന്നതിന്റെ ലാക്ക് കൊലപാതകങ്ങളിലൂടെ എന്നപോലെ പ്രചാരണങ്ങിളിലൂടെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യുക എന്ന അജന്‍ഡതന്നെ. ആ പ്രചാരണ പരമ്പരയിലെ ഒരു കരുവാണ് രമയും ആറെംപിയും. അതാണ് വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന മാധ്യമങ്ങള്‍ രമയ്ക്കുചുറ്റും കണ്ണുചിമ്മുകപോലും ചെയ്യാതെ കാവലിരിക്കുന്നത്.

മനുഷ്യാവകാശം ചിലരുടെ കുത്തകയോ?

ഫെബ്രുവരി ഒന്നിന് ടി വി ചാനലുകാരുടെയെല്ലാം അന്തിചര്‍ച്ചയുടെ വിഷയം ഒന്നുതന്നെ. വിയ്യൂര്‍ ജയിലില്‍ ചന്ദ്രശേഖരന്‍കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരെ മര്‍ദിച്ചതറിഞ്ഞ് സിപിഐ എം നേതാക്കള്‍ അവരെ സന്ദര്‍ശിക്കാന്‍ പോയത് എന്തിനെന്ന് ശോദ്യം? ചന്ദ്രശേഖരന്‍കേസില്‍ ജയിലില്‍ കഴിയുന്നവരെ അവിടെവച്ച് തല്ലിക്കൊന്നാല്‍പോലും കുഴപ്പമില്ല, ആരും അതേക്കുറിച്ച് മിണ്ടുകപോലുമരുത് എന്ന മട്ടിലാണ് ചാനലവതാരക ശിങ്കങ്ങളുടെയും ശിങ്കികളുടെയും കുരച്ചുചാട്ടം. ശിക്ഷിക്കപ്പെട്ടവര്‍ ജയിലധികൃതരോട് എന്തോ തുറന്നുപറയുന്നതിനെ സിപിഐ എം ഭയക്കുന്നോ എന്നതാണ് പ്രചാരണ സ്വഭാവമുള്ള ചര്‍ച്ചയുടെ വിഷയം. ചോദ്യംചെയ്യലിനും തുറന്നുപറച്ചിലിനുമുള്ള ഇടമായിട്ട് ജയിലുകളെ ഇവര്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അതു പറയണം. മാത്രമല്ല, ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ രണ്ടായി തിരിച്ച് ഒരുകൂട്ടരെ വിയ്യൂരേക്കു കൊണ്ടുവന്നതുതന്നെ അതിനകത്തിട്ട് അവരെ തല്ലിച്ചതച്ച്, തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഒരു പ്രസ്താവന അവരെക്കൊണ്ട് ചെയ്യിച്ച് (മൃഗീയമായ മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ മര്‍ദകര്‍ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയാന്‍ ആരെങ്കിലും തയ്യാറായാല്‍ അത്ഭുതമില്ല) അതില്‍പിടിച്ച് പ്രചരണം നടത്താനുള്ള ദുഷ്ടലാക്കോടെയല്ലെന്ന് പറയാനാകുമോ? പ്രതികള്‍ ജയിലിലായാല്‍ പിന്നീട് കേസ് സിബിഐക്ക് പുനരന്വേഷണത്തിനു വിടാന്‍ പാകത്തില്‍ കൃത്രിമമായി "വെളിപ്പെടുത്തല്‍" ഒപ്പിക്കലായിരുന്നില്ലേ ഈ നീക്കത്തിനുപിന്നില്‍? പി മോഹനന്റെ വെളിപ്പെടുത്തലും അതാണ് വ്യക്തമാക്കുന്നത്. അതാണല്ലോ വിയ്യൂര്‍ ജയിലിലെ സിസിടിവി ആ ഒരു ദിവസത്തേക്ക് കണ്ണടച്ചതില്‍നിന്നുതന്നെ തെളിയുന്നത്. ""വൈദ്യപരിശോധനയില്‍ കാര്യമായ പരിക്കൊന്നും കാണപ്പെട്ടില്ല"" എന്നാണ് ജയില്‍ ഡിജിപി സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കിയതെന്ന് "മനോരമ"യും "മാതൃഭൂമി"യും മറ്റും ഫെബ്രുവരി 4ന് റിപ്പോര്‍ട്ടുചെയ്യുന്നു. "കാര്യമായ പരിക്കൊന്നും കാണപ്പെട്ടില്ല" എന്നു പറയുമ്പോള്‍തന്നെ മര്‍ദനം നടന്നുവെന്ന് വ്യക്തമല്ലേ? ഭീകരവും മാരകവുമായ മര്‍ദനം നടന്നാല്‍പോലും പുറത്ത് പരിക്കുണ്ടാകണമെന്നുമില്ലല്ലോ. തങ്ങളുടെ നീക്കം പൊളിഞ്ഞതിലുള്ള വേവലാതിയാണ് മാധ്യമ ചര്‍ച്ചകളില്‍ നിഴലിക്കുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തടവുകാരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാതോരാതെ ചര്‍ച്ചചെയ്യുന്നവരാണ്. കസ്റ്റഡിമരണങ്ങളില്‍, മര്‍ദനങ്ങളില്‍ പ്രതികരിക്കുന്നവരാണ്. വീട്ടമ്മയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ടപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടായത് മറക്കാറായില്ല.

വീരപ്പന്റെ കൂട്ടാളികളുടെയും രാജീവ് വധക്കേസിലെ പ്രതികളുടെയും ഇന്ദിരാവധക്കേസ് പ്രതികളുടെയും ഭീകരാക്രമണക്കേസുകളില്‍പ്പെടുന്നവരുടെയുമെല്ലാം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചിട്ടുള്ള അതേ ആളുകള്‍തന്നെ തിരിഞ്ഞു നിന്ന് ഒഞ്ചിയം കേസ് പ്രതികള്‍ തടവറയില്‍ ഭീകരമായി മര്‍ദിക്കപ്പെടുമ്പോള്‍ കണ്ണടയ്ക്കുന്നത്, ആ മര്‍ദനത്തെ എതിര്‍ക്കുന്നവരെ കൊലയാളികളെ രക്ഷിക്കാനെത്തുന്നവരെന്ന് ആക്ഷേപിക്കുന്നത,് എന്ത് ധാര്‍മികതയുടെ പേരിലാണെന്നറിഞ്ഞാല്‍ കൊള്ളാം. രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും വീരപ്പന്‍ കൂട്ടാളികളെയും ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് വാദിക്കുന്നവരാണ് ഒഞ്ചിയം കേസില്‍ പെട്ടവരെ തടവറയില്‍ മര്‍ദിക്കട്ടെയെന്ന് പറയുന്നത്. ഇതാണ് മാധ്യമ ഇരട്ടത്താപ്പ്!

*
ഗൗരി ചിന്ത വാരിക

No comments: