Showing posts with label ജാതി. Show all posts
Showing posts with label ജാതി. Show all posts

Saturday, May 31, 2014

വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.

മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.

രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.

2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിലെ ദളിതരുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.
*
deshabhimani editorial 31-05-2014

Sunday, April 13, 2014

ചോദ്യങ്ങൾ മാറുന്നു, ഉത്തരങ്ങളും

ഇലത്താളം കലാകാരനായ കല്ലൂർബാബുവിനെ പരാമർശിച്ച്‌ കഴിഞ്ഞ പരീക്ഷക്ക്‌ ഉണ്ടായ ചോദ്യം പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതായിരുന്നു. എട്ടാം ക്ളാസിലെ മലയാളം പരീക്ഷയ്‌ക്കായിരുന്നു ചോദ്യം. ബാബുവിനെ ഒഴിവാക്കിയ വാർത്ത, ചോദ്യമാകുന്നതിന്‌ മുന്നോടിയായി അയിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളും ചേർത്തിരുന്നു. “നീചനാരിതൻ കയ്യാൽ ജലം വാങ്ങിയാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ” എന്ന സൂര്യതേജസുള്ള വരികൾ.

ജാതീയമായ വേർതിരിവുകൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവോ? പ്രതികരിക്കുക-ഇതായിരുന്നു ആറുമാർക്കിന്റെ ചോദ്യം. നിയമസഭയിലെ മന്ത്രിയുടെ പരാമർശം മുതൽ അയ്യൻകാളിയുടെയും അയ്യാവൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നാരായണഗുരുവിന്റെയും ആനന്ദതീർഥന്റെയും ബ്രഹ്‌മാനന്ദ ശിവയോഗിയുടെയും കാലത്തെവരെ ഒരുനിമിഷം കൊണ്ട്‌ കുട്ടികൾ ഓർത്തിട്ടുണ്ടാകും. പരീക്ഷാഹാളിൽ ഒരുനിമിഷം കൊണ്ട്‌ ചിന്തയുടെ സുഗന്ധം നിറഞ്ഞിട്ടുണ്ടാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ചോദ്യത്തിന്‌ ഇടമുണ്ടായി എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. പുരോഗമനാശയങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ പഴയകാലം തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്‌ ഈ ചോദ്യം.

ഭൂമി എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വളരെക്കാലം ഭൂമിയെ ദൈവം സൃഷ്‌ടിച്ചു എന്നായിരുന്നു ഉത്തരം. ദൈവത്തെ മനുഷ്യൻ സൃഷ്‌ടിച്ചു എന്ന ഉത്തരം ഉണ്ടായതോടുകൂടി ഹൃദയത്തിൽ വെളിച്ചം നിറയുകയും ചിന്തയ്‌ക്ക്‌ തീപിടിക്കുകയും ചെയ്‌തല്ലൊ. പരീക്ഷാഹാളിൽ നിന്ന്‌ ഇരുട്ട്‌ ഇറങ്ങിപ്പോവുകയും അറിവിന്റെ കുളിർകാറ്റു വീശുകയും ചെയ്‌തല്ലോ.

പക്ഷേ, കേരളം തിരിച്ചുപോകുന്നു. ഒരു ചോദ്യത്തിന്റെ പേരിൽ അധ്യാപകന്റെ ചോറുണ്ണാനുള്ള കൈ വെട്ടിയെറിഞ്ഞത്‌ ഇവിടെയാണല്ലോ. കൺമുമ്പിൽ വച്ചുണ്ടായ ആ മതദൈവനീതിനിർവഹണം പിന്നീട്‌ ഗുരുപത്‌നിയുടെ സ്വയംഹത്യയിൽ കലാശിച്ചതും ഇവിടെയാണല്ലോ. അതുവഴി മതം സ്‌നേഹമാണ്‌, ത്യാഗമാണ്‌, ക്ഷമയാണ്‌, മാപ്പാണ്‌ എന്നെല്ലാമുള്ള വ്യാജപ്രചരണങ്ങൾ തകർന്ന്‌ പോയതും ഇവിടെയാണല്ലൊ.

എട്ടാം ക്ളാസിലെ പാഠപുസ്‌തകം തയ്യാറാക്കിയ മാഷുമാർ ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്നവരാണ്‌. പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളിൽ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ടല്ലൊ. പാഠപുസ്‌തകത്തിലെ ഒരു യൂണിറ്റ്‌ അന്ധവിശ്വാസ ദൂരീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്‌. നാരായണഗുരു കുട്ടിച്ചാത്തനു കത്തുകൊടുത്തതും സഞ്‌ജയന്റെ സ്വാമിജി എന്ന കഥയും മറ്റുമാണ്‌ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പേരിട്ടിട്ടുള്ള ഈ യൂണിറ്റിലുള്ളത്‌. ക്ളാസുകളിൽ അന്ധവിശ്വാസം സംബന്ധിച്ച ചർച്ചകളും നടക്കാറുണ്ട്‌. ചോദ്യപേപ്പറിൽ ഇക്കുറി ജോത്സ്യൻ എന്ന നഗ്ന കവിത ചേർത്തിട്ടുണ്ട്‌. ഈ കവിതയുടെ സാമൂഹ്യപ്രസക്തി, ആസ്വാദനഭംഗി ഇവ വിലയിരുത്തി ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനായിരുന്നു ചോദ്യം.

ജോത്സ്യൻ

ജോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല
ചന്ദ്രൻ അപഹരിച്ചോ
രാഹുവോ കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാൾ
കവടി നിരത്തിയതേയില്ല
നേരേ നടന്നു
പൊലീസ്‌ സ്റ്റേഷനിലേക്ക്‌

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കി, പരീക്ഷക്കാലവും മറന്നപ്പോഴാണ്‌ ഈ ചോദ്യം ജോത്സ്യന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കേരള ഗണക കണിശ സഭ മലപ്പുറത്തുകൂടി, കളരിക്കുറുപ്പടക്കമുള്ള സമുദായങ്ങളെ അവഹേളിക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കയച്ചു. ഇപ്പോഴും അവർ കവടിനിരത്താതെ പരാതിയുമായി അധികൃതകേന്ദ്രത്തിലേക്ക്‌ പോയല്ലോ എന്നു പറഞ്ഞു ചിരിക്കുന്നവരെ എന്തുചെയ്യാനാണ്‌.

*
കുരീപ്പുഴ ശ്രീകുമാർ

Monday, March 3, 2014

സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരം- 2

ഒന്നാം ഭാഗം

ഉപപദ്ധതിക്കും നോഡല്‍ ഏജന്‍സിക്കും വേണ്ടിയുള്ള നിയമനിര്‍മ്മാണം നടത്തിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു മൂന്നാമത്തെ പ്രസ്ഥാനം. സാമൂഹ്യമായ പ്രശ്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സാമ്പത്തികമായ പ്രശ്നങ്ങളുടെ കാര്യത്തിലും ദളിതരോട് വിവേചനം കാണിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഗ്രാമങ്ങളുടെ വികസന പദ്ധതികളില്‍, ദളിതരുടെ ബസ്തികളും കോളണികളും പലപ്പോഴും അവഗണിക്കപ്പെട്ടുപോകുന്നു. ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായി ബജറ്റ് വകയിരുത്തലിന്റെ കാര്യത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി ലഭിക്കുന്നില്ല. അവരുടെ ജനസംഖ്യയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വേണം ബജറ്റ് വകയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളുടെ കാര്യത്തിലും ദളിത് സംഘടനകളും എന്‍ജിഒകളും ഏറെ വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിവേദനങ്ങളും മെമ്മോറാണ്ടങ്ങളുംകൊണ്ട് ഗുണമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്ന സംഘടന, 2007 ഫെബ്രുവരിയില്‍ ഒരു ക്യാമ്പൈന്‍ സമരം ആരംഭിച്ചു. 25 സംസ്ഥാനതല-ജില്ലാതല നേതാക്കന്മാര്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന സത്യഗ്രഹം സംഘടിപ്പിച്ചു. ഇത്തരം സമ്മര്‍ദങ്ങളുടെഫലമായി നോഡല്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള കല്‍പനയിറക്കുന്നതിന് അതേ വര്‍ഷം നവംബറില്‍ത്തന്നെ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീര്‍ന്നു.

എന്നാല്‍ ആ കല്‍പന ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉപ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പാക്കപ്പെടണമെങ്കില്‍ അതിന് നിയമപരമായ ബാധ്യത ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട്, 2011ല്‍ ഏഴുദിവസം നീണ്ടുനിന്ന സത്യഗ്രഹവും സംഘടിപ്പിക്കുകയുണ്ടായി. ഈ ആവശ്യത്തിന്റെ സാംഗത്യം പഠിക്കുന്നതിനുവേണ്ടി ഉപ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു മന്ത്രിതല സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ സബ്കമ്മിറ്റിയുടെ ശുപാര്‍ശകളിന്മേല്‍, യാതൊരു തീരുമാനവുമെടുക്കാതെ ഗവണ്‍മെന്റ് അടയിരിക്കുകയാണെന്ന് കണ്ടപ്പോള്‍, 100 സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശാല ഐക്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ 2012 മാര്‍ച്ച് 27ന് പ്രതിഷേധ പ്രകടന പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ്, 2012 ഡിസംബറില്‍ ഒരു നിയമനിര്‍മ്മാണം നടത്തി.

ഇതൊരു നല്ല നീക്കമാണെങ്കിലും, ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നീക്കിവെച്ച തുക അവര്‍ക്കുവേണ്ടിത്തന്നെ ചെലവാക്കപ്പെടും എന്നതിന് യാതൊരു ഉറപ്പുമില്ല. നിയമത്തില്‍ നിരവധി ദൗര്‍ബല്യങ്ങളുണ്ട്. ഈ പഴുതുകള്‍ ഇല്ലാതാക്കുന്നതിനും നിയമം നടപ്പാക്കിക്കുന്നതിനും ശക്തിയായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ഈ സമരങ്ങള്‍ക്കിടയില്‍ വിവിധ ശക്തികളും വിഭാഗങ്ങളും പ്രതികരിച്ചരീതി പരിശോധിച്ചാല്‍ രസകരമായ പല വസ്തുതകളും പുറത്തുവരും. ജാതി വിവേചനത്തിനെതിരായ സമരത്തിനും ഉപ പദ്ധതിക്കുവേണ്ടിയുള്ള ക്യാമ്പൈനും എതിരായി വിവിധ ശക്തികള്‍ വിവിധ നിലപാടുകളാണ് സ്വീകരിച്ചത്.

മനുഷ്യരുടെ ജാതി എന്തുതന്നെയായിരുന്നാലുംശരി, മനുഷ്യരെല്ലാവരും ശരീരശാസ്ത്രപരമായി ഒന്നുതന്നെയാണ് എന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്; എല്ലാവരും തുല്യരാണെന്ന് മനുഷ്യത്വപരമായ മൂല്യങ്ങള്‍ നമ്മെ പഠിപ്പിക്കണം; ജാതിയും തൊഴിലും തമ്മിലുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ജാതി വിവേചനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗ്രാമീണമേഖലകളിലെ സമ്പന്ന സവര്‍ണ ഹിന്ദുക്കളുടെ മേധാവിത്വത്തെ പാവങ്ങള്‍ വെല്ലുവിളിക്കാതിരിക്കാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു ആയുധമാണ് ജാതി വിവേചനം. ദളിതര്‍ ജാതി വിവേചനം നിരസിക്കുകയും തങ്ങളുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ സമൂഹത്തിലെ മറ്റ് പാവങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും തങ്ങള്‍ക്ക് കീഴ്പ്പെടുത്തി നിര്‍ത്താന്‍ സവര്‍ണര്‍ക്ക് കഴിയില്ല. തങ്ങളും ദളിതരും തമ്മിലുള്ള പ്രവൃത്തിപരമായ ബന്ധത്തിനാണ്, ദളിതരല്ലാത്ത പാവങ്ങള്‍, തങ്ങളും ഭൂപ്രഭുക്കളും തമ്മിലുള്ള ജാതിപരമായ ബന്ധത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക; അങ്ങനെവന്നാല്‍ അത് വര്‍ഗപരമായ ഐക്യത്തിലേക്കാണ് നീങ്ങുക; അപ്പോള്‍ വര്‍ഗപരമായ ചൂഷണത്തിനും ഭൂമിയുടെ കേന്ദ്രീകരണത്തിനും എതിരായിട്ടുള്ള സമരത്തില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പാവങ്ങള്‍ക്ക് കഴിയും. ഭരണവര്‍ഗങ്ങളുടെ അധികാരത്തിന്റെയും ശക്തിയുടെയും അടിവേരുകളില്‍ത്തന്നെയാണ് അത് കത്തിവെയ്ക്കുക. അതുകൊണ്ടാണ് തങ്ങളുടെ വര്‍ഗപരമായ ചൂഷണത്തെ സംരക്ഷിക്കുന്നതിനുപോലും ജാതിപരമായ വിവേചനം നിലനില്‍ക്കുന്നതാണ് നല്ലതെന്ന് ഭരണവര്‍ഗങ്ങള്‍ കണക്കുകൂട്ടുന്നത്.

 ഇത്തരമൊരു സന്ദര്‍ത്തില്‍, വര്‍ഗസമരത്തിനുപോലും, ജാതി വിവേചനത്തിനെതിരായ ചെറുത്തുനില്‍പില്‍ ദളിതര്‍ തങ്ങളുടെ സ്വതന്ത്രമായ ശക്തി നേടേണ്ടത് അത്യാവശ്യമായിത്തീരുന്നു. ദളിതരും മറ്റ് പാവങ്ങളും തങ്ങള്‍ക്ക് കീഴൊതുങ്ങിനില്‍ക്കണമെന്നാണ് അധീശത്വശക്തികള്‍ (അവരുടെ രാഷ്ട്രീയച്ചായ്വ് എന്തുതന്നെയായിരുന്നാലുംശരി) ആഗ്രഹിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്‍കീഴില്‍, ദളിതരുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുന്നതിന്, ദളിതരെ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്തേണ്ടതും മേധാവിത്വവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. അതുകൊണ്ടാണ് ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കണമെന്ന് മേധാവിത്വശക്തികളും ഭരണവര്‍ഗങ്ങളും ആഗ്രഹിക്കുന്നത്.    

ഗവണ്‍മെന്റിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിതര്‍ സമരംചെയ്യുന്നതില്‍ മേധാവിത്വശക്തികള്‍ക്ക് ഒട്ടും മനഃസാക്ഷിക്കുത്തില്ല. പലയിടങ്ങളിലും, പ്രതിപക്ഷത്തുള്ള ഇത്തരം ഭരണവര്‍ഗ പാര്‍ടികള്‍, ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകപോലും ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന കക്ഷികള്‍ ചില വാഗ്ദാനങ്ങള്‍ നടത്തുന്നുണ്ട്; അവയില്‍ ചിലത് നടപ്പാക്കപ്പെടുന്നുപോലുമുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ ദളിതരുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശക്തമാണെങ്കില്‍ത്തന്നെയും, അത് ഉയര്‍ന്ന ജാതിക്കാരുടെ ചൂഷണത്തിനോ രാഷ്ട്രീയ മേധാവിത്വത്തിനോ നേര്‍ക്കുള്ള ഭീഷണിയായി ഉയരുന്നില്ല. എന്നുതന്നെയല്ല, ഭരണവര്‍ഗങ്ങള്‍ ദളിതരില്‍ ചിലരെ തങ്ങളുടെ ഭാഗത്തുനിര്‍ത്തി അവരെ കങ്കാണികളായോ ഏജന്റുമാരായോ അനുയായികളായോ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഈ ആളുകള്‍, അവര്‍ ദളിതര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ത്തന്നെ, ഭരണവര്‍ഗ പാര്‍ടികളുടെ സ്വാധീനത്തിന് തങ്ങള്‍ ഭീഷണിയായിത്തീരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

 ജാതി വിവേചനത്തിനെതിരായ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദളിത് ഉപ പദ്ധതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ദളിത് സംഘടനകള്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഉപ പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി പല ദളിത് ബുദ്ധിജീവികളും ദളിത് ഗ്രൂപ്പുകളും വര്‍ഷങ്ങളോളം കാര്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദളിതര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്ന കാര്യത്തില്‍ അവര്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുമുണ്ട്. ഭരണകക്ഷികളിലെ ദളിത് പ്രതിനിധികളും സംസ്ഥാന ബ്യൂറോക്രസിയിലെ ദളിത് ഓഫീസര്‍മാരും സ്വന്തം വേദികളില്‍ നിന്നുകൊണ്ടാണെങ്കിലും, സമ്മര്‍ദം ചെലുത്തുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളില്‍ ദളിത് സംഘടനകള്‍ വലിയതോതില്‍ അണിചേര്‍ന്നിട്ടില്ലെങ്കില്‍ത്തന്നെയും അവയുടെ നേതാക്കള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി.

 ദളിത് ഉപ പദ്ധതി നടപ്പാക്കപ്പെടുന്നത് ഗ്രാമീണ മേധാവിത്വശക്തി ശല്യപ്പെടുത്തുന്നില്ല എന്നതിനാല്‍, ഗവണ്‍മെന്റിലെ ദളിത് പ്രതിനിധികള്‍പോലും അതില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജാതി വിവേചനത്തിനെതിരായ സമരങ്ങളെ, ഭരണവര്‍ഗകക്ഷികളിലെ ദളിത് പ്രതിനിധികള്‍ പൂര്‍ണമായും അവഗണിച്ചതായും കാണാം. അവരില്‍ ചിലര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തിപരമായി പ്രകടിപ്പിക്കുകയുണ്ടായെങ്കിലും ഇതിന് കടകവിരുദ്ധമായി, ജാതി വിവേചനത്തിനെതിരായ പ്രസ്ഥാനത്തെ ദളിത് സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസിച്ചുവെങ്കിലും, അതില്‍ പങ്കെടുക്കുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനോ അവര്‍ വലിയ താല്‍പര്യമൊന്നും കാണിച്ചതുമില്ല. ഉപ പദ്ധതിക്കുവേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ് തങ്ങളാണ് അതിന് മുന്‍കയ്യെടുത്ത് നിയമം നിര്‍മ്മിച്ചതെന്ന അവകാശവാദം ഉന്നയിക്കുകയാണിപ്പോള്‍-മറ്റെല്ലാ പാര്‍ടികളില്‍നിന്നും എതിര്‍പ്പുണ്ടായിട്ടും. താന്‍ ""ദളിതരുടെ സുഹൃത്താണെന്ന (ദളിത് ബന്ധു) പദവി അവകാശപ്പെടാന്‍പോലും സംസ്ഥാനത്തെ മുഖ്യമന്ത്രി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ""ഇന്ദിരയുടെ സ്വപ്നങ്ങള്‍"" എന്ന പേരിലുള്ള ഒരു ക്യാമ്പൈന്ന് അവര്‍ ഇപ്പോള്‍ തുടക്കം കുറച്ചിരിക്കുകയാണ്.

ഈ നേട്ടം കൈവരിച്ചതിന്റെപേരില്‍ മുഖ്യമന്ത്രിയുടെമേല്‍ പ്രശംസചൊരിയാന്‍ മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും തമ്മില്‍ത്തമ്മില്‍ മത്സരിക്കുകയാണ്. ജാതി വിവേചനത്തിനെതിരായി പ്രചരണം നടത്തുന്നതിന് സംസ്ഥാനത്ത് നിലവില്‍വന്ന ഗവണ്‍മെന്റുകളൊന്നും താല്‍പര്യം കാണിക്കുകയുണ്ടായിട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച് അസംബ്ലിക്കുള്ളില്‍ ഒരു പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുന്നതിനുപോലും അവര്‍ക്ക് മടിയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് ഒരു ചെയര്‍മാനെ നിയമിക്കുന്നതിനുപോലും നാലുവര്‍ഷക്കാലമായി അവര്‍ താല്‍പര്യം കാണിച്ചില്ല. സംവരണത്തിന്റെ മെച്ചം നേടിയ ദളിത് പ്രതിനിധികള്‍, തൊട്ടുകൂടായ്മയ്ക്കെതിരായി പ്രതികരിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു-ഗ്രാമീണ മേഖലയിലെ മേധാവിത്വശക്തികള്‍ അവര്‍ക്കുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ തെളിവാണത്.

തൊട്ടുകൂടായ്മയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചും നിയമനിര്‍മ്മാണസഭകളില്‍ പരാമര്‍ശങ്ങളോ ചര്‍ച്ചകളോ നടക്കുന്നില്ല. പക്ഷേ, ദളിതരുടെ ക്ഷേമത്തിനുവേണ്ടി തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ച് ഭരണവര്‍ഗങ്ങള്‍ ആത്മപ്രശംസയില്‍ മുഴുകിയിരിക്കുകയാണുതാനും. അതവര്‍ സ്ഥിരം പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഗ്രാമീണ മേധാവിത്വശക്തികളുടെ സ്വാധീനം കൂടുതല്‍ കര്‍ക്കശമായി അനുഭവപ്പെടുന്ന ജില്ലാ പരിഷത്തുകളിലും മണ്ഡല്‍ പരിഷത്തുകളിലും ഇതുപോലും കാണാനില്ല. ഇതില്‍നിന്നെല്ലാം രണ്ടു പ്രധാനപ്പെട്ട നിഗമനങ്ങളില്‍ എത്തിച്ചേരാവുന്നതാണ്; സംവരണം, ഉപപദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ ഒടുവില്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകും; വേണ്ടിവന്നാല്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍തന്നെ അവര്‍ തയ്യാറാകും-കാരണം അവരുടെ മേധാവിത്വം, അഥവാ ചൂഷണവ്യവസ്ഥ മാറ്റമില്ലാതെ തുടരും. എന്ന് അവര്‍ക്കറിയാം. അത്തരം പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മേധാവിത്വമേഖലയ്ക്കപ്പുറം കടന്നുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി, അത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ അവര്‍ തങ്ങളുടെ കൂടെ കൂട്ടുന്നതും പതിവാണ്. എന്നാല്‍ തൊട്ടുകൂടായ്മ, ജാതി വിവേചനം തുടങ്ങിയ പ്രശ്നങ്ങളിലാകട്ടെ, ഇത്തരം ഹീനമായ വ്യവസ്ഥ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിന് ഈ പാര്‍ടികള്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണുതാനും. ഈ ഹീനമായ വ്യവസ്ഥ ദൂരീകരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തേയും അട്ടിമറിക്കുന്നതിന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യും. കാരണം ഗ്രാമീണ മേഖലയിലെ ദരിദ്രരുടെമേലുള്ള തങ്ങളുടെ പിടി നിലനിര്‍ത്തുന്നതിന്, ജാതി വിവേചനം നിലനിര്‍ത്തേണ്ടതുണ്ട് എന്ന് അവര്‍ക്കറിയാം.

 ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം, അവയുടെ ചില ദൗര്‍ബല്യങ്ങള്‍ നമ്മുടെ അനുഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതീക്ഷിച്ചത്ര ഫലം നേടിയെടുക്കാന്‍ കഴിയാത്തവിധം നമ്മെ തടയുന്ന ദൗര്‍ബല്യങ്ങളാണവ. പ്രധാനപ്പെട്ട ആറ് ദൗര്‍ബല്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദളിത് ജനവിഭാഗങ്ങളെ അണിനിരത്തുന്നതില്‍ സംഭവിച്ച പരാജയം: ജാതിവ്യവസ്ഥയ്ക്കെതിരായും ദളിതരുടെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഉണ്ടെങ്കിലും, ചില പ്രത്യേക സംഭവങ്ങളോട് പ്രതികരിക്കുന്നതുകൊണ്ടുമാത്രം സംതൃപ്തിയടയുന്നവരാണ് അവരില്‍ മിക്കവരും. ദൈനംദിന ജീവിതത്തില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനും ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവര്‍, വിട്ടുവീഴ്ചയില്ലാത്ത ക്യാമ്പൈന്‍ നടത്താനോ പ്രവര്‍ത്തിക്കാനോ തയ്യാറാവുന്നില്ല.

2. വാചകമടി വലിയത്; പക്ഷേ പ്രവൃത്തി കുറച്ചും: ജാതിയെ സംബന്ധിച്ച വിവിധവശങ്ങളെക്കുറിച്ച് അറ്റമില്ലാത്ത ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കും. ഹിന്ദുമതത്തെ നവീകരിക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? വര്‍ഗ വ്യവസ്ഥ ഇല്ലാതാക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? ജാതിവ്യവസ്ഥ അവസാനിപ്പിക്കാതെ ജാതി വിവേചനവും തൊട്ടുകൂടായ്മയും അവസാനിപ്പിക്കാന്‍ കഴിയുമോ? ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും വാദിയെ പ്രതിയാക്കുന്നവിധം തരം താഴാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് വ്യക്തത കൈവരുത്തുന്നതിനായി സൈദ്ധാന്തികമായി ചര്‍ച്ചകള്‍ അനിവാര്യമാണ്. എന്നാല്‍ വാദപ്രതിവാദങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നതുകൊണ്ടുമാത്രം നാം തൃപ്തിയടയരുത്. വാദപ്രതിവാദങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പ്രവൃത്തികൊണ്ട് പരിഹരിക്കാന്‍ കഴിയും. ഒരു സംഘടനയുടെ വില, അതിന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് കിടക്കുന്നത്.

3. തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതില്‍ വിശ്വാസമില്ലായ്മ: ജാതിവ്യവസ്ഥയെ തകര്‍ക്കാതെതന്നെ തൊട്ടുകൂടായ്മയും ജാതി വിവേചനവും അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. പ്രശ്നത്തെ ഈ രീതിയില്‍ കാണുന്നത് ശരിയല്ല. നിരന്തരവും ശക്തവുമായ സമരങ്ങളിലൂടെ മാത്രമേ, പൊതുമണ്ഡലങ്ങളില്‍നിന്ന് തൊട്ടുകൂടായ്മയും കടുത്ത രൂപത്തിലുള്ള ജാതി വിവേചനവും ദൂരീകരിക്കാന്‍ കഴിയൂ.

4. അവസാനിക്കാത്ത ശിഥിലീകരണം: വിവിധ ജാതി/സ്വത്വസംഘടനകളുടെ സ്വഭാവം ഐക്യം എന്നതിനേക്കാളേറെ ഭിന്നിപ്പ് ആണെന്നു കാണാം. സാമൂഹ്യനീതി നേടിയെടുക്കുന്നതിനുള്ള കടമ മുന്നോട്ടു കൊണ്ടുപോകുന്നതിന്മുന്നിലുള്ള പ്രധാന തടസ്സം ഇതാണ്. കരംചേദു, സുന്ദരു തുടങ്ങിയ ചില ഭീകര സംഭവങ്ങളെതുടര്‍ന്ന് ഒരുതരത്തിലുള്ള ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞുവെങ്കില്‍തന്നെ, അവയൊക്കെ നൈമിഷികമായിട്ടുള്ളതാണ്; താല്‍ക്കാലികമായിട്ടുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രാഥമികമാണെ ന്നതിനാല്‍ അവ നിലനില്‍ക്കുന്നു. ഒരു പ്രത്യേക ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി വിശാലമായ ഐക്യം ഊട്ടിയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. അത്തരം ഐക്യം നേടിയെടുക്കുന്നതിന് രാസത്വരകത്തെപ്പോലെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ഇന്നത്തെ ദശാസന്ധിയില്‍ അത്യാവശ്യമാണ്.

 5. കാലവിളംബമുണ്ടാക്കുന്ന വിഭാഗീയ പ്രവണതകള്‍: ദളിതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ദളിതര്‍ക്കേ കഴിയൂ. ദളിതര്‍ക്കുവേണ്ടി ദളിതര്‍മാത്രം പ്രവര്‍ത്തിച്ചാല്‍ മതി തുടങ്ങിയ, ദളിതരെ ഒറ്റപ്പെടുത്തി നിര്‍ത്തുന്ന പ്രവണതകള്‍ മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. ഈ വിഭാഗീയ പ്രവണത ഒരതിരുവരെ ദുര്‍ബലമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും, അത് പരിഗണനാര്‍ഹമായ ഒരു ശക്തിയായിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ മറികടക്കാതെ, ജാതി വിവേചനത്തിനെതിരായ സമരത്തില്‍ ഒന്നിച്ചുവരേണ്ട ശക്തികളെ മുഴുവന്‍ ഒന്നിപ്പിക്കാതെ, ഒറ്റപ്പെട്ട ഒരു സമരം നടത്തുന്നത് വിജയപ്രദമായിത്തീരുകയില്ല. ദളിതരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരത്തില്‍ ദളിതര്‍ക്ക് ഒരു മുഖ്യ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനാധിപത്യ-ദളിതേതര ശക്തികളെയും വിഭാഗങ്ങളേയും അണിനിരത്തുന്നതിനുള്ള ശ്രമങ്ങളെ അവഗണിക്കണമെന്നല്ല ഇതിനര്‍ഥം.

 6. വര്‍ഗപ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല: ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍, അതായത് പ്രധാനമായും കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ പ്രസ്ഥാനങ്ങളില്‍ അണിനിരത്തുന്നതിനായി പല സംഘടനകളും രൂപീകരിക്കുന്നുണ്ട്. ഓരോ വിഭാഗത്തിന്റേയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്, അവര്‍ തൊഴിലാളികളെയും കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവാക്കളെയും സ്ത്രീകളെയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സംഘടനകളെല്ലാംതന്നെ അവയുടെ ലക്ഷ്യങ്ങളിലൊന്നായി, ജാതി വിവേചനത്തിനെതിരായി സമരംചെയ്യുകയും ദളിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ പ്രത്യേക ലക്ഷ്യത്തില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവര്‍ക്ക് കഴിയുന്നില്ല. ഈ സംഘടനകള്‍ക്ക് നിരവധി പ്രശ്നങ്ങളും താല്‍പര്യങ്ങളും ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട്, ഇത് സാധ്യവുമല്ല. തൊട്ടുകൂടായ്മയും ജാതിവിവേചനവും അവസാനിപ്പിക്കുന്നതില്‍ താല്‍പര്യമുള്ള ഏതൊരു സംഘടനയും വ്യക്തിയും, മേല്‍പറഞ്ഞ ദൗര്‍ബല്യങ്ങള്‍ മറികടക്കുന്നതിനായി ശ്രമിക്കുകയും വിശാലാടിസ്ഥാനത്തിലുള്ള യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യണം. ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനുള്ള സംഘടന, കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ അതിന്റെ നിലനില്‍പിനിടയില്‍, മേല്‍പറഞ്ഞ ധാരണ പ്രാവര്‍ത്തികമാക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.
 (അവസാനിച്ചു)
*
ബി വി രാഘവുലു ചിന്ത വാരിക

Monday, February 3, 2014

സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം: ചില അനുഭവങ്ങള്‍

ദളിതര്‍ക്കുനേരെയുള്ള സാമ്പത്തിക ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും ഇല്ലാതാക്കുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലൊന്നാണ്. ഈ ഉദ്ദേശത്തിനായി പല നിയമനിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. എത്രയോ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അവ നടപ്പാക്കപ്പെട്ടതിെന്‍റ അനുഭവങ്ങളും ഫലങ്ങളും പരിശോധിച്ചാല്‍ സ്ഥിതി ഒട്ടും ആശാവഹമല്ലെന്ന് കാണാം. ദളിതരുടെ സ്ഥിതിയില്‍ മൗലികമായ മാറ്റം വരുത്തുന്നതിനായി സമരം ചെയ്യുന്നവര്‍ ചെലുത്തുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ സ്വാധീനം, നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുന്നതുകൊണ്ടുള്ള മെച്ചം നേടുന്ന ശക്തികള്‍ ഗവണ്‍മെന്‍റിനും സിവില്‍ സമൂഹത്തിനുംമേല്‍ ചെലുത്തുന്നുണ്ട് എന്നതാണ് അതിനുള്ള പ്രധാന കാരണം. ദളിതരുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ ജാതി - വര്‍ഗ - ബഹുജന സംഘടനകളുടെ ധാരണകളിലും പ്രവര്‍ത്തനങ്ങളിലും ഉള്ള സഹജമായ ദൗര്‍ബല്യങ്ങളാണ് അതിെന്‍റ മറ്റൊരു കാരണം.

ദളിത് സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അനുഭവങ്ങളെക്കുറിച്ചും ഞാനിവിടെ അല്‍പമൊന്ന് വിവരിയ്ക്കാം. ദളിതരുടെ സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്ന വിവിധ ശക്തികളുടെയും അത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ശക്തികളുടെയും പ്രതികരണങ്ങളെക്കുറിച്ചും അല്‍പമൊന്ന് പ്രതിപാദിക്കാം. പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷെന്‍റ രൂപീകരണത്തിനുവേണ്ടി നടത്തപ്പെട്ട സമരങ്ങള്‍, തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തപ്പെട്ട പ്രത്യക്ഷ പ്രക്ഷോഭങ്ങള്‍, പട്ടികജാതി - പട്ടികവര്‍ഗ ഉപപദ്ധതിയ്ക്കുള്ള നിയമം നിര്‍മിക്കുന്നതിനുവേണ്ടി നടത്തിയ സമരം എന്നീ മൂന്ന് സുപ്രധാന ക്യാമ്പൈനുകള്‍ക്കിടയില്‍ വിവിധ ശക്തികള്‍ വഹിച്ച, നിഷേധാത്മകവും രചനാത്മകവുമായ പങ്കിനെ സംബന്ധിച്ച ചില അനുഭവങ്ങളും ഞാനിവിടെ വിശകലനം ചെയ്യാം. ആന്ധ്രാപ്രദേശില്‍ സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ രൂപീകരിക്കുന്നതിനുവേണ്ടി നടത്തിയ സമരത്തെക്കുറിച്ച്, ഞാന്‍ ആദ്യം തന്നെ പരാമര്‍ശിക്കാം. തൊട്ടുകൂടായ്മ ഏറെക്കുറെ ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നു എന്ന വ്യാപകമായ വിശ്വാസം വിവിധ തലങ്ങളില്‍ ഉണ്ട്. പലരും ചോദിയ്ക്കുന്ന ചോദ്യം ഇതാണ്: നമ്മുടെ സംസ്ഥാനത്ത് ജാതിവിവേചനം എവിടെയാണുള്ളത്? ദളിതര്‍ക്കെതിരായി എന്തെങ്കിലും വിവേചനം നിലനില്‍ക്കുന്നുവെന്ന കാര്യം തന്നെ ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ടികള്‍ നിഷേധിയ്ക്കും. ഇനി അഥവാ അത് നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ, ഇടതുപക്ഷ പാര്‍ടികളും ദളിത് സംഘടനകളും ചില വളണ്ടറി സംഘടനകളും ചിത്രീകരിക്കുന്ന വിധത്തില്‍ അത്രമാത്രം കടുത്ത രീതിയിലില്ല താനും.

മതപരിവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ന്യായീകരിക്കുന്നതിനുംവേണ്ടിയാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍ ഈ പ്രശ്നത്തെക്കുറിച്ച് വീറോടെ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ആര്‍എസ്എസ് - ബിജെപി പ്രഭൃതികളും അവയുമായി ബന്ധപ്പെട്ട സംഘടനകളും പ്രചരിപ്പിക്കുന്നത്. ദളിതരോടുള്ള വിവേചനം അനുവര്‍ത്തിക്കുന്നതിെന്‍റ വ്യാപ്തി കുറച്ചു കാണുകയാണ്, ബൂര്‍ഷ്വാ - ഭൂപ്രഭു പാര്‍ടികളിലെ ചില ദളിത് നേതാക്കന്മാര്‍. ഈ പ്രശ്നത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും നിശ്ശബ്ദത പാലിക്കുന്നു. ചില സംഭവങ്ങളുടെ അനന്തരഫലമായി വല്ലതും പറയാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുകയാണെങ്കില്‍ത്തന്നെ, അവര്‍ പലപ്പോഴും വസ്തുതകള്‍ വളച്ചൊടിയ്ക്കുകയും ചെയ്യും. തൊട്ടുകൂടായ്മയേയും ജാതി വിവേചനത്തേയും സംബന്ധിച്ചിടത്തോളം ഏറ്റവും അടിത്തട്ടിലുള്ള സ്ഥിതി എന്തെന്ന് വിലയിരുത്തുന്നതിനായി, ജാതി വിവേചനത്തിനെതിരായി സമരം ചെയ്യുന്നതിനുള്ള സംഘടന (ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്ട്രഗിള്‍ എഗിന്‍സ്റ്റ് കാസ്റ്റ് ഡിസ്ക്രിമിനേഷന്‍ )

1999 ഒക്ടോബറില്‍ സംസ്ഥാന വ്യാപകമായി ഒരു സര്‍വെ സംഘടിപ്പിക്കുകയുണ്ടായി. 15 ദിവസത്തെ കാലയളവിനുള്ളില്‍, നമ്മുടെ പ്രവര്‍ത്തകര്‍ 11,000 ദളിത് കോളനികള്‍ സന്ദര്‍ശിച്ചു. അവരുടെ കണ്ടെത്തല്‍ കണ്ണു തുറപ്പിക്കുന്നതാണ്. പക്ഷേ അത്തരം കണ്ടെത്തലുകള്‍ക്ക് ഒരു ഗവണ്‍മെന്‍റ് ഏജന്‍സിയുടെ കയ്യൊപ്പുണ്ടെങ്കിലേ, അവയ്ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിക്കുകയുള്ളൂ. ""കുതിരവായില്‍നിന്ന് (അധികാരവൃത്തങ്ങളില്‍നിന്ന്) വരുന്നതല്ലെങ്കില്‍ സത്യമായിരിക്കുകയില്ല"" എന്നാണല്ലോ ചൊല്ല്. ഇക്കാരണത്താലാണ്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജാതിവിവേചനത്തെപ്പറ്റി പഠിയ്ക്കുന്നതിനും അത് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ഒരു കമ്മീഷന്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെടുന്ന ക്യാമ്പൈന്‍ നമ്മുടെ പാര്‍ടി ആരംഭിച്ചത്. 1998ലും 1999ലും തുടര്‍ച്ചയായി സമരം നടത്തപ്പെട്ടു. മാര്‍ച്ച് 22ന് സംഘടിപ്പിച്ച ""അസംബ്ലി മാര്‍ച്ചില്‍"" ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇടതുപക്ഷ പാര്‍ടികളുടെ അസംബ്ലി അംഗങ്ങള്‍, ഈ പ്രശ്നം അസംബ്ലിയ്ക്കുള്ളില്‍ ഉന്നയിച്ചു.

സഭയ്ക്കുള്ളിലും പുറത്തും ചെലുത്തപ്പെട്ട സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ പുന്നയ്യ ചെയര്‍മാനായുള്ള ഏകാംഗ കമ്മീഷനെ 2003 മാര്‍ച്ച് 23ന് നിയമിയ്ക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായിത്തീര്‍ന്നത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച ഈ കമ്മീഷന്‍, ദളിതര്‍ നേരിടുന്ന വിവേചനത്തിന്റെയും അവരുടെ പദവിയുടെയും തെളിവുകള്‍ സംഭരിച്ചു. പൊതുജനങ്ങളില്‍നിന്ന് കമ്മീഷന്‍ അഭിപ്രായം കേട്ടു. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും പാര്‍ടികളില്‍നിന്നും കമ്മീഷന്‍ നിവേദനങ്ങളും പരാതികളും സ്വീകരിച്ചു. സംഭരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1996 പേജുള്ള ഒരു റിപ്പോര്‍ട്ട്, ആ കമ്മീഷന്‍ ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു. ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നതിനേക്കാള്‍ എത്രയോ വലിയ അളവില്‍ സംസ്ഥാനത്ത് ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന നമ്മുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. 42 ശുപാര്‍ശകളും ആ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ സ്ഥാപിക്കുന്നതിനും പുന്നയ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കുന്നതിനായി മറ്റൊരു സമരം നടത്തേണ്ടിവന്നു. ഒടുവില്‍ 2003ല്‍ ഗവണ്‍മെന്‍റ് നടത്തിയ നിയമനിര്‍മാണത്തിന്റെ ഫലമായി സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ സ്ഥാപിതമായി; ജസ്റ്റീസ് കെ പുന്നയ്യ അതിെന്‍റ ഒന്നാമത്തെ ചെയര്‍മാനായി നിയമിതനായി. ജസ്റ്റീസ് കെ പുന്നയ്യ ചെയര്‍മാനായി പ്രവര്‍ത്തിച്ച മൂന്നുവര്‍ഷക്കാലത്ത് വിവിധ പ്രശ്നങ്ങളില്‍, കമ്മീഷന്‍ സജീവമായി ഇടപെട്ടത്, ദളിതരെ സംബന്ധിച്ചിടത്തോളം ധാര്‍മികമായ ഉത്തേജനമായി ഭവിച്ചു. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റിന് സംഭവിയ്ക്കുന്ന പരാജയങ്ങളെ സംബന്ധിച്ച് മേല്‍നോട്ടം വഹിയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ കമ്മീഷന് ബാധ്യതയില്ലെങ്കില്‍ത്തന്നെയും, ഗവണ്‍മെന്‍റിെന്‍റ ഭാഗത്തുനിന്ന് ഉത്തരം പറയാനുള്ള ബാധ്യസ്ഥതയുണ്ടെന്ന് കമ്മീഷന്‍ നിഷ്കര്‍ഷിച്ചു. ജസ്റ്റീസ് കെ പുന്നയ്യയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഭരണകക്ഷി സ്വന്തം പ്രതിനിധിയെ ആ പദവിയില്‍ നിയമിച്ചു. തുടര്‍ന്ന് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു കുറഞ്ഞുവന്നു. 2009ലെ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിനെ തുടര്‍ന്ന് ആ പദവി ഒഴിഞ്ഞുകിടന്നു. ഭരണകക്ഷി വീണ്ടും അധികാരത്തില്‍ വന്നെങ്കിലും കഴിഞ്ഞ നാലു കൊല്ലക്കാലമായി ആ പോസ്റ്റില്‍ ഗവണ്‍മെന്‍റ് ആരേയും നിയമിച്ചിട്ടില്ല.

സംസ്ഥാനതലത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്റെ നിയമനത്തോടെ, ദളിതരുടെ പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കപ്പെടുമെന്നോ അവരോടുള്ള വിവേചനം ഇല്ലാതാകുമെന്നോ ഉള്ള വ്യാമോഹമൊന്നും ആര്‍ക്കുമില്ല. വിവേചനത്തിന്നെതിരായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഒരു വേദിയായി, അഥവാ ഉപകരണമായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്. കമ്മീഷെന്‍റ ചെയര്‍മാന്‍ സജീവമായി പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍, ഗവണ്‍മെന്‍റ് സംവിധാനത്തിനുമേല്‍ സമ്മര്‍ദം കൊണ്ടുവരാന്‍ കഴിയുന്നതിനുള്ള സാധ്യത കൂടുതലുണ്ടെന്ന് മാത്രം. യഥാര്‍ഥത്തില്‍ ഒന്നാമത്തെ ചെയര്‍മാെന്‍റ കാലത്ത് അങ്ങനെ സംഭവിയ്ക്കുകയും ചെയ്തു. അക്കാലത്തെ ചെയര്‍മാന്റേത് വെറുമൊരു രാഷ്ട്രീയ നിയമനമായിരുന്നില്ല, മറിച്ച് ദളിതരുടെ ദുരവസ്ഥയില്‍ ഉല്‍ക്കണ്ഠയുള്ള ഒരാളായിരുന്നു അദ്ദേഹം എന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാല്‍ രാഷ്ട്രീയ രക്ഷാധികാരിത്വത്തിന്റെ ഗുണഭോക്താവായ അടുത്ത ചെയര്‍മാന്റെ കാര്യം അങ്ങിനെയായിരുന്നില്ല. കമ്മീഷന് യഥാര്‍ത്ഥ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ദളിതരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു ഉപകരണമെന്ന നിലയില്‍ കമ്മീഷനെക്കൊണ്ട് ചില പ്രയോജനമൊക്കെ ഉണ്ടായിരുന്നതുകൊണ്ട്, അതിെന്‍റ നിലനില്‍പ്പിനെ സഹിഷ്ണുതയോടെ കാണാന്‍ ഭരണവര്‍ഗങ്ങള്‍ക്കും ഭരണകക്ഷികള്‍ക്കും കഴിഞ്ഞിരുന്നില്ല. അതാണ് ചെയര്‍മാന്റെ പദവി ഇന്നും ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണം. കഴിഞ്ഞ നാലു കൊല്ലമായി ചെയര്‍മാന്റെ പോസ്റ്റ് ഒഴിഞ്ഞുകിടന്നിട്ടും, മറ്റ് പല കാര്യങ്ങളിലും വാചാലമാകാറുള്ള ദളിത് സംഘടനകള്‍, നിശ്ശബ്ദത പാലിക്കുന്നത് രസകരമാണ്. ഈ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ അവ ഒട്ടും തന്നെ താല്‍പര്യം കാണിക്കുന്നില്ല. സംവരണത്തിന്റെ പ്രശ്നത്തില്‍ അവര്‍ സാധാരണയായി പ്രകടിപ്പിക്കുന്നതിെന്‍റ പതിനായിരത്തിലൊരംശം പോലും താല്‍പര്യം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നില്ല. ഗ്രാമീണമേഖലയിലെ ദളിത് ജനവിഭാഗങ്ങളില്‍നിന്ന് ഈ നേതാക്കന്മാര്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. ഈ നേതാക്കന്മാരില്‍ മിക്കവരും പട്ടണ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരാണ്.

തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ പ്രത്യക്ഷ പ്രക്ഷോഭസമരങ്ങളെക്കുറിച്ച് ഇനി നമുക്ക് വിലയിരുത്താം. ജാതിവിവേചനത്തിന്നെതിരായ സമരത്തിനുവേണ്ടിയുള്ള സംഘടന (കെവിപിഎസ്) തൊട്ടുകൂടായ്മയ്ക്കെതിരായി 2006ല്‍ സംസ്ഥാന വ്യാപകമായ ഒരു പ്രത്യക്ഷ പ്രക്ഷോഭ സമരം സംഘടിപ്പിക്കുകയുണ്ടായി. ദളിതരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനായി, അവരെ പ്രത്യക്ഷ സമരത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി 2006 ഏപ്രില്‍ 2 മുതല്‍ 13 വരെ രംഗറെഡ്ഡി ജില്ലയില്‍ ഞാന്‍ ഒരു സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. 25 യുവാക്കളായ പ്രവര്‍ത്തകരും എന്നോടൊപ്പം ഉണ്ടായിരുന്നു. 152 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ആ യാത്ര, ആകെ 950 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക, ചായപ്പീടികകളില്‍ ദളിതര്‍ക്ക് പ്രത്യേകം ഗ്ലാസ് ഉപയോഗിക്കുന്ന സമ്പ്രദായം ലംഘിയ്ക്കുക തുടങ്ങിയ പ്രത്യക്ഷ സമരമാര്‍ഗങ്ങള്‍ 69 ഗ്രാമങ്ങളില്‍ സംഘടിപ്പിച്ചു. 2007ല്‍ വീണ്ടും അത്തരം സൈക്കിള്‍ യാത്രകള്‍ 10 ദിവസം സംഘടിപ്പിയ്ക്കപ്പെട്ടു; 8336 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ജാഥ, 41,000 കിലോമീറ്റര്‍ ദൂരം താണ്ടി. സംസ്ഥാനത്തുടനീളം വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഈ പരിപാടിയ്ക്ക് കഴിഞ്ഞു. പ്രശംസയും കടുത്ത എതിര്‍പ്പും ഞങ്ങള്‍ക്ക് ലഭിച്ചു. സ്വതവേ ശാന്തമായിട്ടുള്ള ഗ്രാമങ്ങളില്‍ ഞങ്ങള്‍ കുഴപ്പം കുത്തിപ്പൊക്കുകയാണ് എന്ന് ചില വിഭാഗം ആളുകള്‍ വിമര്‍ശിച്ചു. ഗ്രാമങ്ങളില്‍ സഹോദരങ്ങളെപ്പോലെ ജീവിച്ചുവരുന്ന ആളുകള്‍ക്കിടയില്‍ ശത്രുതയും വിരോധവും വിതയ്ക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന് മറ്റു ചിലര്‍ വിമര്‍ശിച്ചു. തങ്ങളോട് സവര്‍ണ ഹിന്ദുക്കള്‍ നല്ല നിലയില്‍ പെരുമാറുന്നുണ്ട് എന്നും തങ്ങള്‍ സൗഹൃദത്തോടെ ജീവിച്ചുവരികയാണെന്നും ജാതിവിവേചനമൊന്നും ഇവിടെയില്ലെന്നും പറഞ്ഞ് പല ഗ്രാമങ്ങളിലും ഏതാനും ദളിതര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തുകയുണ്ടായി. ഈ ആളുകള്‍ സവര്‍ണ ഹിന്ദുക്കളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പല സ്ഥലങ്ങളിലും പുരുഷന്മാരില്‍നിന്ന് വ്യത്യസ്തമായി, യഥാര്‍ഥ കാര്യങ്ങള്‍ വിവരിക്കുന്നതിന് സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ടുവരുന്ന അനുഭവവും ഉണ്ടായി, തങ്ങള്‍ നേരിടുന്ന വിവേചനത്തേക്കാള്‍ ക്ഷേമപദ്ധതികളും ഭൂമിയും ശ്മശാനവും മറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതിനാണ് പുരുഷന്മാര്‍, പ്രത്യേകിച്ചും വയസ്സായവര്‍, താല്‍പര്യം കാണിച്ചത്. തങ്ങള്‍ ഗവണ്‍മെന്‍റിന്നെതിരായി പരാതി പറയുകയാണെങ്കില്‍, ഗ്രാമത്തിലെ സവര്‍ണഹിന്ദുക്കള്‍ക്ക് വിഷമമുണ്ടാക്കില്ല എന്ന് അവര്‍ക്കറിയാം. ഉയര്‍ന്ന ജാതിക്കാരുമായി ഒരു സംഘട്ടനം ഉണ്ടാവുകയാണെങ്കില്‍ തങ്ങള്‍ ജയിയ്ക്കുകയില്ല എന്നു കണ്ട അവര്‍ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.

ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ നേരെ എതിര്‍ വിഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ മതത്തിന് പ്രോല്‍സാഹനം നല്‍കുകയാണ് എന്നാണ് ചിലരുടെ വാദം. ജാതിവ്യവസ്ഥയ്ക്ക് ആധാരമായ ഹിന്ദുമതത്തില്‍ത്തന്നെ തുടരാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാര്‍, ദളിതരെ, മതപരിവര്‍ത്തനത്തില്‍നിന്ന് തടയുന്നത് എന്തിനെന്ന് മറ്റ് ചിലര്‍ അല്‍ഭുതപ്പെടുന്നു. ഇതൊരു വിമര്‍ശനമായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രപ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്തിനാണ് എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. ഈ രണ്ടു വിമര്‍ശനങ്ങളിലും, തൊട്ടുകൂടായ്മ എന്ന പ്രശ്നം പൂര്‍ണമായും അവഗണിയ്ക്കപ്പെടുകയാണ്. ഒരു മതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയോ അഥവാ മറ്റൊരു മതത്തെ നിരുല്‍സാഹപ്പെടുത്തുന്നതിന്റെയോ പ്രശ്നമല്ല ഇത്. ഞങ്ങളുടെ ക്യാമ്പൈന്‍ മതവുമായി ബന്ധപ്പെട്ടതേയല്ല. നമ്മുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്തുതന്നെയായാലും ശരി, തങ്ങളുടെ മതത്തിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിയ്ക്കണമെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് തുല്യമായ അവകാശം ലഭിയ്ക്കണമെന്നും വിശ്വാസികളായ ചില വ്യക്തികള്‍ അഥവാ വിഭാഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കും. ജാതിവിവേചനത്തിന്നെതിരായി സമരം ചെയ്യുന്നതിനുള്ള ഒരു വഴിയാണത്.

ബൂര്‍ഷ്വാ - ഭൂപ്രഭു പാര്‍ടികളുടെ നേതാക്കന്മാരുടെ, പ്രത്യേകിച്ചും പ്രാദേശിക നേതാക്കന്മാരുടെ, പ്രതികരണം വളരെ പ്രകോപനപരമായിരുന്നു. ഇത്തരം ചില നേതാക്കന്മാര്‍ യാത്രാ സംഘത്തെ കാണുകയും യാത്രയെ പ്രശംസ കൊണ്ട് മൂടുകയും അതേ അവസരത്തില്‍ തങ്ങളുടെ ഗ്രാമത്തില്‍ വിവേചനമില്ലെന്ന് സാമര്‍ഥ്യപൂര്‍വം സമര്‍ഥിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ സ്ഥലം വിട്ടു കഴിഞ്ഞാല്‍, അവരുടെ മുന്നില്‍വെച്ച് സത്യം തുറന്നുപറയാന്‍ കഴിയാത്ത ദളിതര്‍, തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നതിനെക്കുറിച്ച് വിവരിക്കുകയും ചെയ്യും. തങ്ങളുടെ ഗ്രാമത്തില്‍ വിവേചനമില്ലെന്നും യാത്രാ സംഘത്തെ നിരുല്‍സാഹപ്പെടുത്തണമെന്നും മറ്റേതെങ്കിലും ഗ്രാമത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ജാഥാംഗങ്ങളെ ഉപദേശിക്കണമെന്നും ചില ഗ്രാമങ്ങളില്‍ സവര്‍ണ ഹിന്ദുക്കള്‍, ദളിതരെ പറഞ്ഞ് പഠിപ്പിയ്ക്കും. പല ഗ്രാമങ്ങളിലും അത്തരം സവര്‍ണ ഹിന്ദുക്കള്‍ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച്, ദളിതര്‍ക്കെതിരായി അണിനിരന്നു. ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന ജാതികളില്‍പെട്ടവരേക്കാള്‍ കൂടുതല്‍ വീറോടെ വാദിച്ചത് പിന്നോക്ക ജാതിക്കാരാണ്. പ്രത്യക്ഷസമരത്തെ ചെറുക്കുന്നതില്‍, ചില സ്ഥലങ്ങളില്‍ പുരുഷന്മാരേക്കാള്‍ വീര്യം കാണിച്ചത് സ്ത്രീകളാണ്. ദളിതര്‍ക്കുനേരെ ആക്രമണങ്ങളും പീഡനങ്ങളും ഭീകരതകളും നടന്നപ്പോള്‍, നീതിയ്ക്കുവേണ്ടി ജനങ്ങള്‍ അണിനിരന്നതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. കരം ചേദു, സുന്ദുരു, ലക്ഷ്മിപേട്ട് സംഭവങ്ങളെ തുടര്‍ന്ന് ദളിത് സംഘടനകള്‍ ഏറെ കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. ദളിത് സംഘടനകളുടെ നേതാക്കള്‍ തമ്മില്‍ ഐക്യമില്ലെങ്കിലും, ഓരോ സംഭവം കഴിയുമ്പോഴും അവര്‍ ശക്തിയായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, തൊട്ടുകൂടായ്മയ്ക്കും വിവേചനത്തിനും എതിരായും തങ്ങളുടെ ആത്മാഭിമാനവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുംവേണ്ടി അവര്‍ ക്യാമ്പൈനുകളൊന്നും സംഘടിപ്പിക്കുന്നില്ല. മിക്ക ദളിത് നേതാക്കന്മാരും പട്ടണങ്ങളില്‍ ജോലിയുള്ളവരും അവിടെ താമസിക്കുന്നവരും ആയതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ വിവേചനത്തെക്കുറിച്ച് ഗ്രഹിക്കുന്നതിനും അതിന്നെതിരായി പ്രതികരിക്കുന്നതിനും അവര്‍ക്ക് കഴിയുന്നില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് തെറ്റായിരിയ്ക്കും. പട്ടികജാതിക്കാരെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രശ്നത്തില്‍ ഈ നേതാക്കന്മാര്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ ധാരണയിലല്ല കുഴപ്പം, മറിച്ച് അവരുടെ വിശ്വാസങ്ങളുടെയും സമീപനത്തിന്റെയും കാര്യത്തിലാണ് പ്രശ്നം എന്ന് ഇത് കാണിക്കുന്നു.
സംവരണത്തിന്റെ പ്രശ്നത്തിലും തൊട്ടുകൂടായ്മയുടെ പ്രശ്നത്തിലും ഈ സംഘടനകള്‍ പ്രതികരിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലും വ്യത്യാസമൊന്നുമില്ല. ദളിത് സംഘടനകളുടെ നേതാക്കള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 14ന് ബി ആര്‍ അംബേദ്ക്കറുടെ ജന്മദിനം ഗ്രാമങ്ങളിലും പട്ടണങ്ങളിലുംആഘോഷിക്കാറുണ്ട്. തൊട്ടുകൂടായ്മയോടും വിവേചനത്തോടും ഉള്ള തങ്ങളുടെ രോഷവും വെറുപ്പും അവര്‍ പ്രകടിപ്പിയ്ക്കാറുമുണ്ട്. പക്ഷേ വര്‍ഷത്തില്‍ നാലുദിവസമെങ്കിലും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചും തൊട്ടുകൂടായ്മയ്ക്കെതിരായി ക്യാമ്പൈന്‍ സംഘടിപ്പിച്ചുകൊണ്ടും ദളിതരുടെ അവബോധം ഉയര്‍ത്തുന്നതിന് അവര്‍ ശ്രമിയ്ക്കാറില്ല. സാമൂഹ്യമായ അടിച്ചമര്‍ത്തലിെന്‍റ പ്രശ്നങ്ങള്‍ അവഗണിക്കുന്നുവെന്നും വര്‍ഗസമരത്തിനുമാത്രം (പ്രത്യേകിച്ചും സാമ്പത്തിക പ്രശ്നങ്ങള്‍ക്കുമാത്രം) ഊന്നല്‍ നല്‍കുന്നുവെന്നും പറഞ്ഞ് കമ്യൂണിസ്റ്റുകാരെ പലരും കുറ്റപ്പെടുത്താറുണ്ട്. ഈ വിമര്‍ശനം ഭാഗികമായി ശരിയായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മെ വിമര്‍ശിക്കുന്ന മിക്ക ദളിത് സംഘടനകളും നേതാക്കളും സംവരണത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധ ഊന്നുന്നവരാണ് എന്നതാണ് വിരോധാഭാസം. തൊട്ടുകൂടായ്മ നിത്യേന അനുഭവിക്കുന്ന ദളിതരെ, അതിനെ ചെറുക്കുന്നതിന് സന്നദ്ധരാക്കുന്നത് എളുപ്പമുള്ള പണിയല്ല. ആവര്‍ത്തിച്ച് ഉന്നയിയ്ക്കപ്പെടുന്ന ഒരു ചോദ്യം ഇതാണ്: ""ഈ വ്യവസ്ഥയെ നേരിടാന്‍ ഇന്ന് നിങ്ങളിവിടെയുണ്ടാകും. എന്നാല്‍ നാളെ മേല്‍ജാതിക്കാര്‍ ഞങ്ങളെ ആക്രമിയ്ക്കാന്‍ വരുമ്പോള്‍ ആരാണ് ഞങ്ങളുടെ കൂടെയുണ്ടാവുക""?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. നാം എല്ലായ്പ്പോഴും അവിടെയുണ്ടായിരിക്കും, അവരോടൊപ്പം ഉണ്ടായിരിക്കും എന്ന് പറഞ്ഞുകൊണ്ട് അവരില്‍ വിശ്വാസം ജനിപ്പിക്കുന്നുവെങ്കില്‍ മാത്രമേ, വിവേചനത്തെ ചെറുക്കാന്‍ ദളിതര്‍ മുന്നോട്ടുവരികയുള്ളൂ. നമ്മുടെ സംഘടനയ്ക്ക് ആവശ്യമായ സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ, അഥവാ ദളിതര്‍ക്ക് ആവശ്യമായ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് കഴിവുള്ള മറ്റ് ഏതെങ്കിലും സംഘടനയുണ്ടെങ്കില്‍ മാത്രമേ, അഥവാ അവരെ നയിയ്ക്കുന്നതിന് വ്യക്തമായ അവബോധത്തോടെ ഗ്രാമത്തില്‍നിന്നു തന്നെ ആരെങ്കിലും ഉയര്‍ന്നുവരുന്നുവെങ്കില്‍ മാത്രമേ വിവേചനത്തെ ചെറുക്കുന്നതിനുള്ള പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ കഴിയുകയുള്ളൂ. അത്തരം സ്ഥിതി നിലവിലില്ലാത്ത പ്രദേശങ്ങളില്‍, ക്യാമ്പൈന്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ യാത്ര വിജയിയ്ക്കുമെന്നു മാത്രം. ദളിതര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ഗ്രാമങ്ങളില്‍ ട്രേഡ് യൂണിയനുകള്‍, കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകള്‍, മറ്റ് ദളിത് സംഘടനകള്‍, എന്‍ജിഒകള്‍, സാമൂഹ്യനീതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാരെപ്പോലെയുള്ള രാഷ്ട്രീയശക്തികള്‍ തുടങ്ങിയവ നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ വിവേചനം അവസാനിപ്പിയ്ക്കാന്‍ കഴിയൂ എന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. പ്രത്യേക ക്യാമ്പൈന്‍ നടത്തിയതിനുശേഷവും പഴയ വ്യവസ്ഥ പുനഃസ്ഥാപിയ്ക്കപ്പെട്ട അനുഭവത്തിനും ഞങ്ങള്‍ സാക്ഷ്യം വഹിയ്ക്കുകയുണ്ടായി. (തുടരും)

*
ബി വി രാഘവുലു ചിന്ത വാരിക

സാധുജന പരിപാലന സംഘവും പുലയമഹാസഭയും

കേരള ചരിത്രത്തിലെ ഉന്നതശീര്‍ഷനായിരുന്ന ദളിത് നേതാവ് അയ്യങ്കാളി (1863-1941) പുലയസമുദായാംഗമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കാര്യശേഷികൊണ്ടും നേതൃത്വസിദ്ധികൊണ്ടും നവോത്ഥാന നായകരുടെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു അയ്യങ്കാളി. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളിയെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ആകര്‍ഷിച്ചു. ദളിതര്‍ക്ക് വഴിനടക്കാനും കല്ലുമാല മുതലായ പ്രാകൃത ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരിഷ്കൃത വസ്ത്രങ്ങള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം നേടാനും മറ്റും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയങ്ങളാണ്.

ശ്രീനാരായണഗുരുവും ഡോ. പല്‍പ്പുവും കുമാരനാശാനും മറ്റുമായുള്ള സൗഹൃദബന്ധത്തിനു പുറമെ, അന്നത്തെ സവര്‍ണ പ്രമാണിമാരായ ഡോ. രാമന്‍പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള മുതലായവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹകാരികളും ആയി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ദിവാന്മാരായിരുന്ന വി പി മാധവറാവുവും പി രാജഗോപാലാചാരിയും അയ്യങ്കാളിയുടെ പരിചയസീമയില്‍പ്പെട്ടവരായിരുന്നു. എസ്.എന്‍.ഡി.പിയുടെയും അയ്യങ്കാളിയുടെയും മറ്റും പരിശ്രമഫലമായി അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് വിദ്യാലയ പ്രവേശനവും മറ്റും അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് ഊരൂട്ടമ്പലം, വെങ്ങാനൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും സവര്‍ണര്‍ ദളിത വിദ്യാര്‍ഥികളെ തടയുകയും ദ്രോഹിക്കുകയും ചെയ്യുക പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടിച്ച് ശക്തരാകാനും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനുമുള്ള ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ട് 1907-ല്‍ എസ്.എന്‍.ഡി.പി യോഗം മാതൃകയില്‍ സാധുജന പരിപാലന സംഘം തിരുവനന്തപുരം കേന്ദ്രമായി അയ്യങ്കാളി സ്ഥാപിച്ചത്. വിദ്യാഭ്യാസ പ്രചരണത്തിനു പുറമെ ആചാര പരിഷ്കാരങ്ങള്‍ക്കും സാധുജന പരിപാലന സംഘം പ്രാധാന്യം നല്‍കി.

അക്കാലത്ത് പുലയര്‍ക്കിടയില്‍ നടന്ന ഒരു വലിയ പ്രക്ഷോഭണമുണ്ട്: പരമ്പരാഗതമായ "കല്ലയും മാലയും" (വില കുറഞ്ഞ പല നിറത്തിലുള്ള മുത്ത് കോര്‍ത്തിണക്കി മാറു മുഴുവന്‍ മറയത്തക്കവിധം നിറയെ ധരിക്കുന്ന കല്ലുമാലകള്‍. കൈകളിലും ചെവിയിലും മറ്റും ഇത്തരം കുപ്പിക്കല്ലുകളും മറ്റുംകൊണ്ട് ആഭരണങ്ങള്‍ ധരിച്ചിരിക്കും) ഉപേക്ഷിച്ച് വസ്ത്രം കൊണ്ടോ കുപ്പായം കൊണ്ടോ മാറുമറച്ച് വൃത്തിയായി നടക്കാനുള്ള ശ്രമം. തിരുവനന്തപുരത്തിന് തെക്ക് ഊരൂട്ടമ്പലം മുതലായ പ്രദേശങ്ങളിലാണ് ആദ്യം ഈ പ്രക്ഷോഭം പടര്‍ന്നുപിടിച്ചതെങ്കിലും ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി ഉയര്‍ത്തുന്ന കോളിളക്കത്തിലേക്ക് നീങ്ങിയത് ഇന്നത്തെ കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് പെരിനാട് പ്രദേശത്ത് ആണ്. പുലയര്‍ക്കിടയില്‍ ആത്മാഭിമാനം വളര്‍ത്താനും അവകാശങ്ങള്‍ നേടാനും അപരിഷ്കൃതമായ കല്ലയും മാലയും ഉപേക്ഷിക്കാനും അവിടങ്ങളില്‍ പ്രചാരവേല നടത്തിയിരുന്നത് ഗോപാലദാസ് എന്നൊരാളാണ്. ഗോപാലദാസിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെട്ടപ്പോള്‍ സവര്‍ണര്‍, പ്രത്യേകിച്ചും നായന്മാര്‍, ക്ഷുഭിതരാവുകയും പുലയരെ കടന്നാക്രമിച്ച് പീഡിപ്പിക്കുകയും ചെയ്തു. പ്രതിക്രിയയായി പുലയര്‍ നായന്മാരുടെ ചില വീടുകള്‍ക്കും നായന്മാര്‍ പുലയരുടെ മാടങ്ങള്‍ക്കും തീവച്ചതോടെ, പുലയര്‍ അഭയാര്‍ഥികളായി നാടുവിടാന്‍ തുടങ്ങി. 1912ല്‍ ഈ ഘട്ടത്തിലാണ് അയ്യങ്കാളി ഇടപെട്ട് ശാന്തത പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഡോ. രാമന്‍ തമ്പി തുടങ്ങിയ പൗരപ്രധാനികളുടെ പിന്തുണ നേടാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. ഇവരെല്ലാം ചേര്‍ന്ന് വിളിച്ചുചേര്‍ത്ത അനുരഞ്ജന സമ്മേളനത്തിന്റെ വാര്‍ത്ത, ദേശീയ പത്രികയായി പ്രവര്‍ത്തിച്ചുവന്ന മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് താഴെ ചേര്‍ക്കുന്നു: നാനാജാതിമതസ്ഥരായി സ്ഥലത്തുള്ള പ്രധാനപ്പെട്ട പൗരന്മാരും വക്കീല്‍മാരും കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും പെരിനാട്ടുനിന്ന് മറ്റുപല യോഗ്യന്മാരും കൃത്യസമയംതന്നെ സ്ഥലത്ത് വന്നുചേര്‍ന്നു. പെരിനാട്ടും കൊല്ലത്തും മറ്റുമുള്ളവരായി ഏകദേശം നാലായിരത്തോളം പുലയ സമുദായാംഗങ്ങള്‍ സ്ഥലത്തെത്തി. അവരുടെ നേതാക്കന്മാരായ അയ്യങ്കാളി, ചോതി മുതലായവരുടെ ആജ്ഞാനുസരണം മൈതാനത്ത് സഭാരംഗത്തിന്റെ മുന്‍ഭാഗത്തായി ഇരുത്തിയിരുന്നു. നടുവെ ഒരു കയറുകെട്ടി ഒരുഭാഗത്ത് സ്ത്രീകളും മറ്റൊരു ഭാഗത്ത് പുരുഷന്മാരുമായി ഇരുന്ന പുലയ ജനങ്ങളില്‍ കുട്ടികളും വയസ്സുചെന്നവരും മറ്റും ഉണ്ടായിരുന്നു. പുലയ സ്ത്രീകള്‍ ശുചിയായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വന്നിരുന്നതും യോഗനടപടികള്‍ തുടങ്ങിയശേഷം ബദ്ധശ്രദ്ധരായിരുന്നതും ജനങ്ങളുടെ ശ്രദ്ധയ്ക്ക് പാത്രമായ സംഗതികളാണ്.

"നായന്മാരും പുലയരും തമ്മില്‍ സാമുദായികമായ യാതൊരു വിരോധമോ മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായും അന്യോന്യം സ്നേഹബഹുമാനാദികളോടുകൂടിയും കഴിഞ്ഞുപോകയാണെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു" എന്നുള്ള ഒന്നാമത്തെ നിശ്ചയത്തെപ്പറ്റി പ്രസംഗിച്ചത് മിസ്റ്റര്‍ രാമന്‍ തമ്പിയായിരുന്നു. അദ്ദേഹത്തെ പിന്‍താങ്ങി മിസ്റ്റര്‍ അയ്യങ്കാളി ചെയ്ത പ്രസംഗം വളരെ ദീര്‍ഘമായ ഒന്നായിരുന്നു. മിസ്റ്റര്‍ അയ്യങ്കാളി തന്റെ സമുദായാംഗങ്ങളോട് ഈശ്വരവിശ്വാസം, പരിഷ്കൃത രീതിയിലുള്ള ദേഹാച്ഛാദനം, നായന്മാരോട് അനുസരണം എന്നീ ഗുണഗണങ്ങള്‍ ഉള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാര നടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായന്മാര്‍ക്ക് ചിലപ്പോള്‍ രസം ഉണ്ടായില്ലെന്നു വരുമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയോടുകൂടിയിരിക്കണമെന്നും മിസ്റ്റര്‍ അയ്യങ്കാളി പറയുകയുണ്ടായി. പുലയ സ്ത്രീകള്‍ "കല്ലയും മാലയും" ആണല്ലോ പണ്ടുപണ്ടേ ധരിച്ചുവരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞുവരുന്നില്ലെന്നും അവര്‍ റൗക്ക ധരിച്ച് അര്‍ധ നഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവച്ച് അങ്ങനെ ചെയ്യുന്നതിലുള്ള വിരോധംകൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസദസ്സില്‍ വച്ചുതന്നെ ആ കാര്യം നടത്തുന്നതിന് (കല്ലയും മാലയും അറുത്തുകളയുന്നതിന്) നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മിസ്റ്റര്‍ അയ്യങ്കാളി പ്രസ്താവിച്ചു. ".....മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍ വച്ചുതന്നെ പുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തുകളഞ്ഞുകൊള്ളുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണമായി സമ്മതമുണ്ടെന്ന്" അധ്യക്ഷന്‍ (കെ പരമേശ്വരന്‍ പിള്ള, ബി.എ ബി.എല്‍ അവര്‍കള്‍) ഹസ്തതാഡനമധ്യേ വാഗ്ധാടിയോടുകൂടി പറഞ്ഞവസാനിപ്പിച്ചു .....മിസ്റ്റര്‍ അയ്യങ്കാളി പുലയസ്ത്രീകളുടെ ഇടയില്‍നിന്നും രണ്ട് പുലയ യുവതികളെ വിളിച്ച് സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അങ്ങനെ ചെയ്തുകൊള്ളാമെന്ന് പറയുകയും, ഉടനെ അവര്‍ പിശ്ശാങ്കത്തികൊണ്ട് മാലയെ അറുത്തുകളയുകയും ചെയ്തു..... യോഗത്തില്‍ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും ഉടനെ അവരുടെ മാല അറുത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു. (കേരള ചരിത്രം, സഞ്ചിക 1, കൊച്ചി. പുറം 1273-74) 1914ല്‍ ശ്രീമൂലം പ്രജാസഭയില്‍ നാമനിര്‍ദേശപ്രകാരം അംഗമായതിനെത്തുടര്‍ന്ന് അയ്യങ്കാളിയുടെ പ്രവര്‍ത്തനമണ്ഡലം വികസിച്ചു.

ഇപ്രകാരം തിരുവിതാംകൂറില്‍ പുലയര്‍ ഉണര്‍ന്നെഴുന്നേറ്റ് സംഘടിച്ചുകൊണ്ടിരുന്നപ്പോള്‍ കൊച്ചിയില്‍ അല്‍പ്പം വൈകിയാണെങ്കിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കൊച്ചിയിലെ അക്കാലത്തെ പുലയ നേതാവ് മുളവുകാട് പ്രദേശത്തുകാരനായ കൃഷ്ണാതി ആശാനായിരുന്നു. കൃഷ്ണാതി ആശാന്റെ പ്രസിദ്ധമായ രംഗപ്രവേശം 1912ല്‍ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ പണ്ഡിറ്റ് കറുപ്പന്റെ ജാതിവിരുദ്ധപ്രമേയം അടങ്ങുന്ന "ബാലാകലേശം" നാടകാവതരണ സന്ദര്‍ഭത്തിലാണ്. മുളവുകാട്ടുനിന്നും കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ ഒരുസംഘം പുലയര്‍ വള്ളങ്ങളില്‍ കയറി മഹാരാജാവിന് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണെങ്കിലും തങ്ങളുടെ അവശതാപരിഹാരത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍കൂടി ഉയര്‍ത്തിക്കൊണ്ട് കോളേജിനടുത്തുള്ള ഹജൂര്‍ജട്ടിവരെ എത്തി. എന്നാല്‍ എറണാകുളം നഗരത്തിലെ നിരത്തുകളില്‍ പുലയര്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് കരയ്ക്കിറങ്ങാന്‍ കഴിഞ്ഞില്ല. നാടക അവതരണം നടന്നുകൊണ്ടിരിക്കെ പണ്ഡിറ്റ് കറുപ്പന്‍ ഹജൂര്‍ജട്ടിയില്‍ ചെന്ന് ആശാനെയും കൂട്ടുകാരെയും കണ്ട് സംഭാഷണം നടത്തുകയും കായലില്‍ത്തന്നെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി യോഗം നടത്താന്‍ പരിപാടി ഇടുകയും ചെയ്തു. അങ്ങനെ ഒന്നിലേറെ തവണ കായലിലെ ഈ നിശാകാലയോഗങ്ങള്‍ കറുപ്പന്റെ സാന്നിധ്യത്തോടെ നടന്നശേഷം 1913 മെയ് മാസത്തില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹാളില്‍വച്ച് സമസ്ത കൊച്ചി പുലയമഹാസഭ രൂപീകരിക്കപ്പെട്ടു. രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചത് പ്രശസ്ത പൊതുജന നേതാവും അധികാരസ്ഥാനങ്ങളില്‍ പിടിപാടുള്ള പ്രഭാഷകനും എഴുത്തുകാരനും മറ്റുമായ ടി കെ കൃഷ്ണമേനോന്‍ ആയിരുന്നു. സഭയുടെ കാര്യദര്‍ശി പി സി ചാഞ്ചന്‍. 1926ല്‍ ചാഞ്ചനെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതോടെ അദ്ദേഹത്തിന്റെ നേതൃത്വം അനിഷേധ്യമായി. ഈ പുരോഗതി എല്ലാം ഉണ്ടായെങ്കിലും പൊതുവെ പുലയര്‍ക്കും അവരുടെ സംഘടനയ്ക്കും അംഗീകാരം നല്‍കുന്നതില്‍ അധികാരവൃന്ദം വിമുഖരായിരുന്നു. ഇതില്‍ നിരാശാഭരിതനായ കൃഷ്ണാതി ആശാന്‍ 1919ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ മഹാസഭ പ്രവര്‍ത്തനത്തിന് നേരിട്ട മാന്ദ്യം പൂര്‍ണമായി പരിഹരിക്കാന്‍ സെക്രട്ടറി ചാഞ്ചനു കഴിഞ്ഞില്ല.

ഈ കാലയളവില്‍ ഉയര്‍ന്നുവന്ന മറ്റൊരു നേതാവാണ് കെ പി വള്ളോന്‍. വള്ളോന്‍ പല കാര്യങ്ങളിലും സര്‍ക്കാരുമായി ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ട് ദളിതര്‍ക്കുവേണ്ട പല കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ വിജയം നേടുകയും ചെയ്തു. അവയിലൊന്നാണ് എറണാകുളം മഹാരാജാസ് കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഹരിജന്‍ ഹോസ്റ്റല്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസും ഭക്ഷണവും എല്ലാം സൗജന്യമായി ലഭിക്കുകയും കൈച്ചിലവിന് ചെറിയ തോതില്‍ ധനസഹായം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി വളരെയേറെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ലഭിച്ചു. പില്‍ക്കാലത്ത് കൊച്ചിയിലും കേരളത്തില്‍ ആകെയും പ്രശസ്തരായിത്തീര്‍ന്ന കെ കെ മാധവന്‍, ടി എ പരമന്‍, എം കെ കൃഷ്ണന്‍, പി കെ ചാത്തന്‍, പി കെ കൊടിയന്‍, കെ കെ കണ്ണന്‍ മുതലായ പലരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപരിവിദ്യാഭ്യാസം നേടിയവരാണ്. ഈ കാലയളവില്‍ മഹാത്മാഗാന്ധിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട ഹരിജനോദ്ധാരണ സംഘടനകള്‍ ഈ രംഗത്ത് പല സംഭാവനകളും ചെയ്തെങ്കിലും അവയുടെ രക്ഷാധികര്‍തൃത്വ സ്വഭാവവും വരേണ്യ നേതൃത്വവും പ്രസ്ഥാനത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്നതിന് വിഘാതമായി.

കോണ്‍ഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ പുലയമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും നേതൃത്വം അവരിലേക്ക് സംക്രമിക്കുകയും ചെയ്തതോടെ അധികാര ഘടനയിലുള്ള പ്രാതിനിധ്യവും വേലയും കൂലിയും ഭൂമിയും സംബന്ധിച്ച അവകാശവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. 1946ല്‍ പില്‍ക്കാലത്ത് പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വച്ച് ചേര്‍ന്ന സമ്മേളനം മുന്നോട്ടുള്ള ഒരു വഴിത്തിരിവായി. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുറമെ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഊരായ്മ തച്ചുടയ കൈമളുടെ അധീനതയിലായിരുന്ന കൂട്ടംകുളം നിരത്ത് ദളിതര്‍ക്ക് തുറന്നുകിട്ടുന്നതിനുള്ള സമരം ഊര്‍ജിതപ്പെടുത്തി. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും ദളിതര്‍ക്ക് വഴിനടക്കാനുള്ള അവകാശം പലയിടത്തും നിഷേധിക്കപ്പെട്ടുതന്നെ തുടര്‍ന്നിരുന്നു. ഉദാഹരണത്തിന്, കൊച്ചി രാജാക്കന്മാരുടെ പരമ്പരാഗത മന്ത്രിമാരും വന്‍ഭൂവുടമകളും ആയിരുന്ന പാലിയത്തച്ചന്മാരുടെ വക ചേന്ദമംഗലത്തുള്ള ക്ഷേത്ര പരിസരത്തിലെ നിരത്തുകളില്‍കൂടി നടക്കാനുള്ള സമരം 1948ല്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ശക്തിപ്പെട്ടു. പാലിയം സത്യഗ്രഹത്തില്‍ എസ് എന്‍ ഡി പി, പുലയമഹാസഭ, കമ്യൂണിസ്റ്റ് പാര്‍ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം അന്ന് ഒറ്റതിരിഞ്ഞ നാട്ടുരാജ്യം മാത്രമായിരുന്ന കൊച്ചിയുടെ അതിര്‍ത്തികള്‍ ലംഘിച്ച് പുറത്തേക്കും പടരാന്‍ സഹായകമായി. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരും നമ്പൂതിരി സ്ത്രീകളുടെ അവകാശസമരങ്ങളിലൂടെ പ്രസിദ്ധരായ നേതാക്കളും ഉള്‍പ്പെടെ അനേകര്‍ നിര്‍ദയമായി മര്‍ദിക്കപ്പെട്ടു. സമരത്തിന്റെ മുന്നണി നേതാവായിരുന്ന എ ജി വേലായുധന്‍ മര്‍ദനംമൂലം രക്തസാക്ഷിയായി. അപ്പോഴേക്കും അന്തരീക്ഷം മാറിമറിയുകയും ഇന്ത്യയുടെ പുതിയ റിപ്പബ്ലിക്കന്‍ ഭരണഘടന പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നവിധം ഭരണഘടനാ നിര്‍മാണസമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആയിരുന്നതിനാല്‍ വഴിനടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രദര്‍ശനത്തിനുള്ള അവകാശവും അനുവദിച്ചുകൊടുക്കാന്‍ ക്ഷേത്രാധികാരികള്‍ നിര്‍ബന്ധിതരായി. പുലയമഹാസഭ തുടര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ദളിതരുടെ അവകാശ സമരങ്ങള്‍ക്ക് വര്‍ഗപരവും രാഷ്ട്രീയവുമായ മാനങ്ങളാണ് പില്‍ക്കാലത്ത് മുന്നിട്ടുനിന്നത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദളിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മലബാറില്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ അവിടെ മുന്‍കൈ എടുത്തിരുന്നത് ഗാന്ധിയന്‍ കോണ്‍ഗ്രസുകാരാണ്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും ഹരിജനോദ്ധാരണ സംഘടനകള്‍ സ്ഥാപിക്കാന്‍ കെ കേളപ്പന്‍, മാധവനാര്‍, ചങ്ങനാശേരി പരമേശ്വരപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍ തുടങ്ങിയവരായിരുന്നു നേതൃത്വം നല്‍കിയത്.

1927ല്‍ കോഴിക്കോട് പാറന്‍ സ്ക്വയറില്‍ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്ന് ""കേരള അന്ത്യജോദ്ധാരണ സംഘം"" എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. പി കൃഷ്ണപിള്ള പ്രസിഡന്റും കെ കേളപ്പന്‍ സെക്രട്ടറിയുമായാണ് അന്ത്യജോദ്ധാരണ സംഘം പ്രവര്‍ത്തിച്ചത്. പിന്നീട് സംഘടനയുടെ പേര് ""ആദികേരളോദ്ധാരണ സംഘം"" എന്നാക്കി മാറ്റി. പല കേന്ദ്രങ്ങളിലും അന്ത്യജരെ പഠിപ്പിക്കാന്‍ നിശാപാഠശാലകളും സാക്ഷരതാക്ലാസുകളും നടത്തുന്നതിന് പുറമെ അവരുടെ വിദ്യാലയ പ്രവേശനത്തെ തടുക്കാന്‍ ശ്രമിച്ച സവര്‍ണ പ്രമാണിമാരെ സംഘടിതമായി എതിര്‍ക്കുകയും ചെയ്തു. ശുചിത്വ പരിശീലനം, ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അറിവ്, ഖാദി നൂല്‍നൂല്‍പ്പ്, കരകൗശലം തുടങ്ങിയവ ദളിതരെ പഠിപ്പിക്കുന്നതിനും സംഘം മുന്‍കൈയെടുത്തു. എന്നാല്‍ അവരുടെ ജീവിതാഭിവൃദ്ധിക്ക് നിര്‍ണായകമായ കൂലിയുടെയും വേലയുടെയും ഭൂമിയുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഇടതുപക്ഷ നേതൃത്വത്തിലുള്ള കര്‍ഷകസംഘങ്ങളും തൊഴിലാളി യൂണിയനുകളും ആയിരുന്നതിനാല്‍ ഗാന്ധിയന്‍ സംഘടനകള്‍ പൊതുവെ ജീവകാരുണ്യ സംഘങ്ങളായി ചുരുങ്ങുകയാണ് ചെയ്തത്. (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം ഒന്നാം സഞ്ചിക)

*
പി ഗോവിന്ദപ്പിള്ള ചിന്ത വാരിക

കണ്ടള സമരം: നവോത്ഥാനത്തിന്റെ കാഹളനാദം

കണ്ടള ലഹളയെന്നും തൊണ്ണൂറാമാണ്ട് ലഹളയെന്നുമൊക്കെ അറിയപ്പെടുന്ന കീഴാളവര്‍ഗ മുന്നേറ്റം സവര്‍ണചരിത്ര രചനാ വൈദഗ്ധ്യത്താല്‍ മാഞ്ഞുപോയ ഒന്നാണ്. തെക്കന്‍ തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂരില്‍ കണ്ടള ഏലാ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഏലാകളും (നെല്‍വയലും) കരഭൂമിയുമൊക്കെ അനുഭവിച്ചിരുന്നൊരു വിഭാഗം ജന്മിമാര്‍. ഭൂസ്വത്ത് കൈവശം വന്നത് പ്രധാനമായും ക്ഷേത്രങ്ങള്‍ വഴിയായിരുന്നു. ക്ഷേത്രംവക വസ്തുക്കള്‍ പാട്ടത്തിന് ലഭിച്ച ജന്മിമാര്‍ ഉല്‍പാദനത്തില്‍ തുച്ഛമായൊരു വിഹിതം ക്ഷേത്രത്തിന് നല്‍കി ഭൂമി കൈവശം വച്ചനുഭവിച്ചിരുന്നു. ആ ഭൂമിയില്‍ കാര്‍ഷികവൃത്തിക്കു മാത്രമായി ജീവിച്ചിരുന്ന അധ:സ്ഥിത വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അവകാശങ്ങളെ മാനിച്ചിരുന്നില്ല.

ദൈവവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചങ്ങലപ്പൂട്ടില്‍ തളയ്ക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ രാജാവിനെ ആപത്തുകാലത്ത് കാത്തതുവഴി അപ്രതീക്ഷിതമായി ഭൂസ്വത്തിനുടമകളായി തീര്‍ന്ന മറ്റൊരു വിഭാഗവുമുണ്ടായിരുന്നു. എടുത്തിടംമുതല്‍ ഇറക്കിയിടംവരെയായിരുന്നു അവര്‍ക്ക് സിദ്ധിച്ച ഭൂമിയുടെ അതിരുകളായി കരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശത്രുക്കളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ചുമലിലേറ്റിക്കൊണ്ടു നടന്ന് സുരക്ഷിതമായി ഇറക്കിവിടുന്നതുവരെയുള്ള ഭൂമി എഴുതി നല്‍കിയിരുന്നുവത്രെ. ഇങ്ങനെ ഭൂഉടമകളായവരും പണ്ടാരംവക ഭൂമിയുടെ ജന്മിമാരുടെ മാതൃകതന്നെയാണ് സ്വീകരിച്ചിരുന്നത്. നിലമുഴുന്ന കന്നുകാലികള്‍ക്കൊപ്പം പരിഗണിച്ചിരുന്ന മനുഷ്യക്കോലങ്ങളെ മനഃശാസ്ത്രപരമായി താഴ്ത്തി ജന്മിമാര്‍ അടിമകളാക്കിയിരുന്നു. ഇതിനെതിരായ സംഘടിതമായ പ്രതിരോധങ്ങളുയര്‍ന്നിരുന്നതായി കാണാനാകുന്നില്ല. എന്നാല്‍ അത്ഭുതമായ ചെങ്കൊടികെട്ടി സമരം 18-ാം നൂറ്റാണ്ടില്‍ നടന്നത് ചരിത്രത്തില്‍ കുറിയ്ക്കപ്പെട്ടിട്ടുണ്ട്. ആദിത്യവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്നകാലത്ത് (1718-1721) കുടിയാന്മാര്‍ ഉദ്യോഗസ്ഥന്‍മാരുടെയും കങ്കാണിമാരുടെയും ചൂഷണത്തിനെതിരെ കല്‍കുളം കൊട്ടാരത്തില്‍ ചെന്നു പരാതി പറഞ്ഞുവത്രെ. പരാതിക്ക് പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ കുടിയാന്‍മാരുടെ ഒരു വലിയ സംഘം തിരുവനന്തപുരത്തെത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധമായിട്ടാലും പരിദേവനമായിട്ടാലും അധികാര കേന്ദ്രത്തിലുയര്‍ത്തിയത് ചുവന്ന കൊടിയായിരുന്നുവെന്നതും അത് 18-ാം നൂറ്റാണ്ടിലായിരുന്നുവെന്നതും ചരിത്രത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു വിസ്മയംതന്നെ. ജന്മിത്വം അതിന്റെ എല്ലാ സവിശേഷതകളോടുംകൂടി മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരെ ചൂഷണംചെയ്യുന്നതിനെതിരായി വിവിധ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നത് കാണാനാകും. മുലക്കരം പിരിക്കാന്‍വന്ന ജന്മി ഭൃത്യന്മാരുടെ മുന്നില്‍ മുലമുറിച്ചു പ്രതികാരംചെയ്ത മാധവി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയും ആറാട്ടുപുഴയിലെ വേലായുധപണിക്കരുമൊക്കെ അയിത്തത്തിനും അത്യാചാരങ്ങള്‍ക്കുമെതിരായി ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നതായി കാണാം. സംഘടിതമായൊരു പ്രതിഷേധം വൈകുണ്ഠസ്വാമികളുടെ നേതൃത്വത്തില്‍ ഉടലെടുത്തിരുന്നു. സമത്വസമാജം എന്ന് പേരുനല്‍കി ചൂഷണത്തിനെതിരായ മുന്നേറ്റത്തിനൊരുങ്ങിയിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നേടാനായി.പലയിടത്തായി ചിതറിയ രൂപങ്ങളില്‍ ഉയരുകയും കെട്ടടങ്ങുകയും ചെയ്യുന്ന തരത്തിലാണ് ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്ദങ്ങളുയര്‍ന്നത്.

1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു. ആ ചിന്താധാര ഉയര്‍ത്തിവിട്ട ഓളങ്ങള്‍ ലോകത്ത് പലയിടത്തും പ്രതിധ്വനിച്ചിരുന്നു. 1869ല്‍ ചിക്കാഗോ വെടിവെയ്പ് അദ്ധ്വാനവര്‍ഗം നടത്തിയ ഐതിഹാസിക മുന്നേറ്റത്തിനു ഗതിവേഗം പകര്‍ന്നു. കപ്പല്‍കയറി വിദേശത്തെത്തുന്ന കച്ചവടക്കാരിലൂടെയും മറ്റും ക്രമേണ ലോകത്തെമ്പാടും ഉയര്‍ന്ന പുതിയ ആശയങ്ങള്‍ തിരുവിതാംകൂറിലുമെത്തിയിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍പെട്ടാല്‍പോലും ദോഷമുള്ളതുമായ കാലമായിരുന്നു അക്കാലം. രാജാവിനെ പ്രജകളായ കറുത്തവര്‍ക്ക് കാണാന്‍പോലും അവകാശമില്ലാതിരുന്നു. 1907ല്‍ സാധുജനപരിപാലനസംഘം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു സമുദായ സംഘടനയല്ല-തനിക്ക് ജന്മം നല്‍കിയ ജാതി വിഭാഗത്തിന്റെ സംഘടനയല്ല-അയ്യന്‍കാളി രൂപീകരിച്ചത്. മേലാളവിഭാഗത്തിന്റെ അത്യാചാരങ്ങളില്‍പെട്ട് കൊടിയ ചൂഷണത്തിനിരയായ പാവപ്പെട്ട മനുഷ്യരുടെയാകെ-സാധുക്കളുടെയാകെ സംഘടനയായിരുന്നു. ഇക്കാലത്തുതന്നെയാണ് പൊയ്കയില്‍ യോഹന്നാനും സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. സാധുജന പരിപാലനസംഘത്തിന് 24 വകുപ്പുകളുള്ള ഭരണഘടന എഴുതിയുണ്ടാക്കി. വിദ്യാഭ്യാസ സ്വാതന്ത്ര്യം പ്രധാന ഇതിവൃത്തമായി. ആഴ്ചയില്‍ ആറുദിവസം മാത്രമേ കര്‍ഷകത്തൊഴിലാളികള്‍ പണിചെയ്യാവൂ എന്നും ഞായറാഴ്ച വിശ്രമദിവസമാകണമെന്നും സാധുജന പരിപാലനസംഘം തീരുമാനിച്ചു. അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 1910ല്‍ കീഴ്ജാതിക്കാര്‍ക്കും പള്ളിക്കൂടങ്ങളില്‍ പഠിക്കാമെന്ന നിയമം പിറന്നു. എന്നാല്‍ ഏതു നിയമവും തങ്ങളുടെ പ്രമാണിത്തത്തിന് മുകളിലല്ല എന്നു കരുതിയ ജന്മിത്വം അധഃസ്ഥിതരുടെ മക്കളെ പള്ളിക്കൂടങ്ങളില്‍ കയറ്റാന്‍ തയ്യാറായില്ല: വെങ്ങാനൂരില്‍ അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം തീയിട്ടു നശിപ്പിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ തിരുവനന്തപുരത്തുനിന്നും മഞ്ചലിലേറ്റി ചുമന്നുകൊണ്ട് അധ്യാപകനെ കൊണ്ടുവന്നിരുന്നു. മേല്‍ജാതിക്കാരനായ ആ അധ്യാപകന് ജാതിഭ്രഷ്ട് കല്‍പിച്ചുവത്രെ.

ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സുഭാഷിണി പത്രാധിപരായിരുന്ന കരമന വി കെ ഗോവിന്ദപ്പിള്ള സാധുജന പരിപാലന സംഘം ഉന്നയിച്ച പരാതികള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. അദ്ദേഹം നല്‍കിയ ശുപാര്‍ശകളുടെ ഭാഗമായാണ് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. 1912 ഫെബ്രുവരി 26ന് ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സഭയെ നിശബ്ദമാക്കി. നാട്ടില്‍ പ്രകമ്പനം സൃഷ്ടിച്ചു. തിരുവിതാംകൂറിലെ പല പ്രദേശങ്ങളിലുമുള്ള പുതുവല്‍ഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാള വര്‍ഷം 1090 കലാപങ്ങളുടെ കാലമായിരുന്നു. 1914 ജൂണ്‍ 16ന് തെന്നൂര്‍കോണം സ്വദേശി പൂജാരിഅയ്യന്റെ മകള്‍ പഞ്ചമിയേയും സഹോദരന്‍ കൊച്ചൂട്ടിയെയും കൂട്ടി അയ്യന്‍കാളി കണ്ടള കുടിപ്പള്ളിക്കൂടത്തില്‍ എത്തിച്ചേര്‍ന്നു. കുടിപ്പള്ളിക്കൂടത്തിനുടമകളായ ജന്മിമാര്‍ സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടും അധഃസ്ഥിത വിദ്യാര്‍ത്ഥികളെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിക്കാത്ത കാലമായിരുന്നു. കുട്ടികളെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തണമെന്ന ആവശ്യത്തോട് ധിക്കാരപൂര്‍വമായാണ് പ്രതികരിച്ചത്. അയ്യന്‍കാളി ബലംപ്രയോഗിച്ച് പഞ്ചമിയെ ക്ലാസിനുള്ളില്‍ കയറ്റിയിരുത്തി. ജന്മിത്വം സ്തബ്ധമായിപ്പോയ നിമിഷമായിരുന്നു അത്. സ്കൂളുടമയായ ജന്മി ആക്രോശിച്ചു ""അയിത്തജാതിക്കാരി തീണ്ടിയ പള്ളിക്കൂടമിനി ഈ നാട്ടില്‍ വേണ്ട"" അന്നു രാത്രിതന്നെ പള്ളിക്കൂടത്തിനു തീകൊളുത്തി.

സ്കൂള്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നെയ്യാറ്റിന്‍കര താലൂക്കിലെമ്പാടും അധഃസ്ഥിതര്‍ക്കെതിരായ ആക്രമണമായി പരിണമിച്ചു. വിവിധ ജാതികളില്‍പെട്ട സമ്പന്നരായ ഭൂവുടമകള്‍ അധഃസ്ഥിതരെ പള്ളിക്കൂടത്തില്‍ കയറ്റാന്‍ പാടില്ലെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. ആ ഘട്ടത്തിലാണ് അയ്യന്‍കാളിയുടെ ഉഗ്ര പ്രഖ്യാപനം വരുന്നത്. ""ഞങ്ങളുടെ ചോരയില്‍ പിറന്ന കുട്ടികള്‍ക്ക് അക്ഷരം നിഷേധിച്ചാല്‍ നിങ്ങളുടെ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. കളപറിക്കാനും കറ്റകൊയ്യാനും ഞങ്ങളില്ല. കാണായ വയലുകളിലൊക്കെ മുട്ടിപ്പുല്ല് കിളിക്കും."" ആ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. പഠനാവകാശത്തിനായി കര്‍ഷകത്തൊഴിലാളികള്‍ ആദ്യമായി പണിമുടക്കി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വിലയറിയാന്‍ ജന്മിത്വം ഇടയായപ്പോഴാണ് അധ:സ്ഥിത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിക്കൂടങ്ങളിലിടം നേടാനായത്. അദ്ധ്വാനിക്കുന്ന തൊഴിലാളി അദ്ധ്വാനശേഷി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാല്‍, ഉല്‍പാദനം നിലച്ചാല്‍ മേലാള വിഭാഗത്തിന് മുട്ടുമടക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ടല ഏലായില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക്. ഈ പണിമുടക്ക് കാലത്ത് പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികളെ സഹായിക്കാന്‍ വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയെന്നത് അദ്ധ്വാനിക്കുന്നവരുടെ ഒരുമയുടെ ദൃഷ്ടാന്തവുമായി. അതേസമയം കര്‍ഷകത്തൊഴിലാളികളുടെ അധ്വാനശേഷി ഉപയോഗിച്ച് പത്തായപ്പുരകള്‍ നിറച്ചിരുന്ന ജന്മിത്വത്തിന് കീഴടങ്ങല്‍ മാത്രമായിരുന്നു മുന്നിലുയര്‍ന്ന പരിഹാരമാര്‍ഗം. സ്കൂള്‍ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം ഇക്കാര്യങ്ങളില്‍ ജന്മിമാര്‍ കീഴടങ്ങിക്കൊണ്ട് 1914 മെയ് മാസത്തില്‍ കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ന്നു. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന നാഗന്‍പിള്ളയാണ് മധ്യസ്ഥനായത്. വിദ്യാഭ്യാസാവകാശത്തിനായി തുടങ്ങിയ പണിമുടക്ക് കൂലി കൂടുതല്‍ എന്ന ആവശ്യംകൂടി അധികമായി അനുവദിക്കപ്പെട്ടാണ് അവസാനിച്ചത്.

തുടര്‍ന്ന് വെങ്ങാനൂരില്‍, നെടുമങ്ങാട്, പള്ളിച്ചല്‍, ബാലരാമപുരം, നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ലഹളകള്‍ തുടങ്ങി. കൊല്ലത്ത് പെരിനാട്ടും വലിയ സമരങ്ങളുയര്‍ന്നുവന്നു. കല്ലയും മാലയും ബഹിഷ്കരിച്ചത് ആ സമരത്തിന്റെ തുടര്‍ച്ചയായാണ്. തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ചതിന് ഇടയാക്കിയ കണ്ടള സമരം ഒരു തുടക്കമായിരുന്നു. പക്ഷേ ഇടയ്ക്ക് നിലച്ച കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വീണ്ടും ഗതിവേഗം കൈവരുന്നത് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തോടെയാണ്. കുടിയൊഴിപ്പിക്കലിനെതിരായും ഭൂമിക്കുവേണ്ടിയും നടന്ന പോരാട്ടങ്ങള്‍ക്കുമുന്നില്‍ ചെങ്കൊടിയാണുയര്‍ന്നിരുന്നത്. ചങ്ങമ്പുഴയുടെ വാഴക്കുലയിലൂടെ വരച്ചുകാണപ്പെട്ട അടിയാള ദൈന്യത കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണതികൂടിയായിരുന്നു 1957ല്‍ അധികാരമേറിയ ഇ എം എസ് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അധികാരത്തിന്റെ ഏഴാംദിനം കുടിയിറക്കു നിരോധന നിയമം പിന്നീട് കാര്‍ഷികബന്ധ നിയമം, വിദ്യാഭ്യാസബില്‍... കണ്ടള ലഹളയുടെ സന്ദേശത്തിന് നിലയ്ക്കാത്ത പോരാട്ടങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും ആവിഷ്കാരം നല്‍കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ""ചാത്തന്‍ പൂട്ടാന്‍പോട്ടെ ചാക്കോ നാടുഭരിക്കട്ടെ""-വിമോചന സമരകാലത്ത് ഉയര്‍ന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്. അധഃസ്ഥിത വിഭാഗത്തില്‍പെട്ട പി കെ ചാത്തന്‍ മന്ത്രിയായതിലുള്ള അസഹിഷ്ണുതയാണ് വിമോചന സമരക്കാര്‍ വിളിച്ചുകൂവിയതില്‍ പ്രതിഫലിച്ചത്. കമ്യൂണിസ്റ്റുപാര്‍ടിയും സര്‍ക്കാരും മണ്ണില്‍ പണിയെടുക്കുന്നവരോടൊപ്പം നിലകൊള്ളുന്നതില്‍ അസഹിഷ്ണുക്കളായവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരും നിലകൊണ്ടു. കമൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷേ മണ്ണിലിടംതേടിയ കര്‍ഷകത്തൊഴിലാളികളെ ഇറക്കിവിടാനായില്ല. കാലപ്രവാഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കൈവരിച്ച കരുത്തായിരുന്നു അതിന്റെ കാരണം. വിമോചന സമരത്തിലൂടെ മനുഷ്യമുഖമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്നും ഇറക്കിവിട്ട മേലാള മനസ്സുകള്‍ ഇന്നും കേരളത്തിലധികാരത്തിലിരിക്കുകയാണ്.

പഠനാവകാശം നിഷേധിച്ച പഞ്ചമിയുടെ ദൈന്യത കേരളത്തില്‍ പുനരവതരിക്കപ്പെടുന്നു. ജാതീയമായ അയിത്തം സാമ്പത്തിക അയിത്തത്തിന്റെകൂടി രൂപത്തില്‍ അവതരിക്കപ്പെടുന്നു. സാമൂഹ്യനീതി നിഷേധം വിദ്യാഭ്യാസമേഖലയില്‍ നടപ്പാകുന്നകാലത്താണ് കണ്ടളലഹള ഓര്‍മ്മിക്കപ്പെടുന്നത്. ഭൂസമരത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മടിക്കുന്നൊരു സര്‍ക്കാരിനെതിരായ പുതിയ പ്രക്ഷോഭങ്ങളുടെ അനിവാര്യതയും ഓര്‍മ്മിക്കപ്പെടുന്നു. കണ്ടള സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ കണ്ടളയില്‍ 2014 ജനുവരി 12ന് നടന്ന സ്മൃതിസന്ധ്യയോടെ ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ആയിരം വീട്ടുമുറ്റ കൂട്ടായ്മകള്‍, നവോത്ഥാന സ്മൃതി സായാഹ്നങ്ങള്‍, അയ്യന്‍കാളി പുസ്തക ശിഖാ പ്രയാണം, കര്‍ഷക - സാംസ്കാരിക-പുസ്തകപ്രദര്‍ശനം തുടങ്ങി നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

*
ഐ ബി സതീഷ് ചിന്ത വാരിക

Sunday, January 19, 2014

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂർ ക്ഷേത്രം, മനുഷ്യവിരുദ്ധ നീക്കത്തിനാൽ പിന്നെയും ശ്രദ്ധ ആകർഷിക്കുന്നു. ഇക്കുറി കല്ലൂർ ബാബുവിനെ ക്ഷേത്രത്തിൽ നിന്ന്‌ പുറത്താക്കിക്കൊണ്ടാണ്‌ മനസിലെ മാലിന്യം പുറത്തുകാട്ടിയത്‌.

കല്ലൂർ ബാബു, ഇലത്താളം കലാകാരനാണ്‌. പഞ്ചവാദ്യത്തിലെ നാദസുഭഗതയാണ്‌ ഇലത്താളം. ആ വാദ്ദ്യം വായിക്കാനറിയാത്തതുകൊണ്ടല്ല പുറത്താക്കപ്പെട്ടത്‌. കല്ലൂർ ബാബു താഴ്‌ന്ന ജാതിക്കാരനായതുകൊണ്ട്‌. ഇലത്താളം നിർമിക്കുന്നത്‌ കീഴ്‌ജാതിക്കാർ. അവർ പഠിച്ചപ്പോൾ താളം വഴങ്ങുകയും ചെയ്‌തു. ഒന്നര മണിക്കൂറിലധികം വായിച്ച്‌ ജനപ്രീതി നേടിയതിനുശേഷമാണ്‌ പുറത്താക്കപ്പെട്ടത്‌. പുറത്താക്കപ്പെട്ടതോ, പിന്നാക്ക വിഭാഗമായ യാദവ കുടുംബത്തിൽ പിറന്ന കൃഷ്‌ണന്റെ പേരിൽ. കഥയിൽ വ്യാസൻ നൽകിയ മാന്യതയെങ്കിലും അധികൃതർ കൃഷ്‌ണനും സഹജാതിക്കാർക്കും നൽകേണ്ടതല്ലേ? അതെങ്ങനെ അധികൃതർ വ്യാസന്റെ പിന്മുറക്കാർ അല്ലല്ലൊ.ഗുരുവായൂർ ക്ഷേത്രത്തിൽ, മനുഷ്യവിരുദ്ധ ദർശനം പുതിയ കാര്യമല്ല. അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി കേളപ്പനും എ കെ ജിയും പി കൃഷ്‌ണപിള്ളയും നടത്തിയ സമരം ചരിത്രത്തിലുണ്ട്‌. അന്ന്‌ സഖാവ്‌ പി കൃഷ്‌ണപിള്ളയെ ഗുരുവായൂരപ്പന്റെ രക്ഷകർത്താക്കൾ നേരിട്ടത്‌ പേശീബലം കൊണ്ടായിരുന്നു. ഗുരുവായൂരമ്പലമേൽക്കൂര സ്വർണം പൂശുന്നതിനെക്കാൾ നല്ലത്‌ വീടില്ലാത്തവർക്ക്‌ വീടുവെച്ച്‌ കൊടുക്കുന്നതാണ്‌ എന്നു പറഞ്ഞതിന്‌, ക്ഷേത്രപരിസരത്തു വച്ച്‌ പവനനെയും കൂട്ടുകാരെയും കൈകാര്യം ചെയ്‌തതും കേരളം മറന്നിട്ടില്ല.

യേശുദാസിന്റെ ക്ഷേത്രപ്രവേശന നിരാസമാണ്‌ രസകരം. ക്രസ്‌ത്യാനി കണ്ടുപിടിച്ച കറണ്ടും മൈക്കും ഉപയോഗിച്ച്‌ ക്രിസ്‌ത്യാനി പാടിയ പാട്ട്‌ ക്ഷേത്രത്തിൽ കേൾപ്പിക്കാം. പേരിൽ ക്രിസ്‌തുമത സൂചനയുള്ളതിനാൽ യേശുദാസിനു പ്രവേശനമില്ല.

കേരളത്തിന്റെ തനതു കലാരൂപമായ കൃഷ്‌ണനാട്ടം ഒന്നു കാണണമെന്നുവച്ചാൽ ഹിന്ദുപേരുള്ള നിരീശ്വരവാദിയെ പ്രവേശിപ്പിച്ചാലും അഹിന്ദുക്കളെ പ്രവേശിപ്പിക്കുകയില്ല. അതായത്‌ നമ്മുടെ സാംസ്‌കാരികനായകരായ ചെമ്മനം ചാക്കോ, യു എ ഖാദർ, എം പി വീരേന്ദ്രകുമാർ തുടങ്ങിയവർക്ക്‌ കൃഷ്‌ണനാട്ട സി ഡി വീട്ടിലിട്ടു കാണാമെന്നർഥം. ഇപ്പോൾ സജീവമായി കൃഷ്‌ണനാട്ടമുള്ളത്‌ ഗുരുവായൂരിൽ മാത്രമാണ്‌. നേർച്ചയെന്ന നിലയിൽ കൃഷ്‌ണനായി വേഷമിടുന്നതിനുമുണ്ട്‌ ജാതീയമായ തടസം. മേൽജാതിക്കാർക്കു മാത്രമേ അതിനനുവാദമുള്ളു. നമ്മുടെ ശ്രീശാന്തിന്റെ ജാതി ചെമ്പുതെളിഞ്ഞത്‌ അങ്ങനെയാണല്ലോ. കൃഷ്‌ണവേഷം കെട്ടി ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നതിനുശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്നുതന്നെ ഔട്ടായിയെന്നത്‌, ഇതുകൊണ്ടൊന്നും മേൽജാതിക്കാർക്കും രക്ഷയില്ലെന്നതിന്റെ തെളിവായിരിക്കാം.

ഗുരുവായൂരപ്പന്‌ ഹിന്ദുമതക്കാരോട്‌ പ്രത്യേകിച്ച്‌ മമതയൊന്നുമില്ല. ഗുരുവായൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്‌ അഹിന്ദുക്കളാണ്‌.
ജാതീയമായ വേർതിരിവുകൾ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രാധികൃതർ അവസാനിപ്പിക്കണം. അല്ലെങ്കിൽ കല്ലൂർ ബാബു എന്തിന്‌ അമ്പലമതിലകത്തേക്ക്‌ പോകണം? ഞെരളത്തു രാമപ്പൊതുവാൾ കാണിച്ച മഹനീയമായ വഴിയുണ്ടല്ലൊ. ജനങ്ങളിലേക്കു ചെല്ലുക. സോപാനം വിട്ട്‌ സംഗീതം ജനങ്ങളിലെത്തിച്ചപ്പോഴാണ്‌ പ്രതികരണമുണ്ടായത്‌. മതിലകത്ത്‌ ഒടുങ്ങുമായിരുന്ന ഞെരളത്തിനെ മലയാളത്തിനു കിട്ടിയത്‌ അങ്ങനെയാണ്‌.

ഒരാളുടേയും ജാതിയും മതവുമൊന്നും തിരിച്ചറിയാൻ ദൈവത്തിനു സാധിക്കുകയില്ല. ഇരുത്താനോ തിരുത്താനോപോലും സാധിക്കുകയില്ല. ആരാധനാലയങ്ങളുണ്ടാക്കി അതിൽ ദൈവസങ്കൽപം നിക്ഷേപിച്ചത്‌ മനുഷ്യനാണ്‌. മനുഷ്യൻ യഥാർഥ മനുഷ്യരാകണമെങ്കിൽ സങ്കുചിതമായ ജാതിമതദൈവ ചിന്തകളിൽ നിന്ന്‌ മോചിതരാകേണ്ടതുണ്ട്‌.

*
കുരീപ്പുഴ ശ്രീകുമാർ ജനയുഗം

Monday, December 16, 2013

ജാതിയും കമ്യൂണിസ്റ്റുകാരും

പാര്‍ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ - ജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കണമെന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിലെ നിര്‍ദേശം മാധ്യമങ്ങള്‍ പാര്‍ടിക്കെതിരായ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. സിപിഐ (എം) മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനുമെതിരെ നിലപാടെടുത്തിരിക്കുന്നു എന്ന് പ്രചരിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. അത് പൊളിഞ്ഞപ്പോള്‍ പ്രായോഗികമായി നടപ്പിലാക്കാനാവാത്ത ഒന്നാണീ തീരുമാനമെന്ന് വരുത്താനാണ് ശ്രമം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ""എല്ലാ ലിഖിത ചരിത്രവും വര്‍ഗസമരങ്ങളുടെ ചരിത്രമാണ്"" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സങ്കീര്‍ണമായ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യാനാവില്ല എന്നാണ് മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ നിരന്തരമായി പ്രചരിപ്പിച്ചുവന്നിട്ടുള്ളത്. സങ്കുചിതമായ സാമ്പത്തികാര്‍ത്ഥത്തില്‍ മാത്രം വര്‍ഗങ്ങളെയും വര്‍ഗസമരത്തെയും കാണുന്നതുകൊണ്ടാണ് ഇത്തരമൊരു വിമര്‍ശനമുയരുന്നത്. സാമൂഹിക-സാംസ്കാരികജീവിതത്തിന്റെ സമസ്തവശങ്ങളെയും ബാധിക്കുന്നതാണ് വര്‍ഗസമരം.

മാര്‍ക്സും ഏംഗത്സും മാതൃകയായെടുത്ത യൂറോപ്പിലേതില്‍നിന്നും ഭിന്നമായാണ് ഇന്ത്യയില്‍ വര്‍ഗങ്ങളും വര്‍ഗസമരങ്ങളും വളര്‍ന്നുവന്നതെന്നതില്‍ സംശയമില്ല. ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ ""പ്രാചീന ഭാരതത്തില്‍ ജാതികളുടെ ആവിര്‍ഭാവം, വാസ്തവത്തില്‍ ഇന്ത്യയില്‍ വര്‍ഗങ്ങള്‍ രൂപപ്പെട്ട പ്രത്യേക രീതിയായിരുന്നു. പുരാതന ഗ്രീസിലെയും റോമിലെയും ഉടമകളെയും അടിമകളെയുംപോലെയായിരുന്നു പ്രാചീന ഭാരതത്തിലെ ദ്വിജരും ശൂദ്രരും. പിന്നീട് ദ്വിജരും ശൂദ്രരും വിവിധ ജാതികളും ഉപജാതികളുമായി പിളര്‍ന്നതോടെ അത് ഇന്ത്യന്‍ സവിശേഷതയാര്‍ന്ന വര്‍ഗസമൂഹത്തിന്റെ കൂടുതല്‍ വികാസമായി. അങ്ങനെ ഗ്രീസിലെയും റോമിലെയും അടിമവ്യവസ്ഥയുടെ ഇന്ത്യന്‍ വകഭേദമായി ജാതി സമ്പ്രദായം. അതേസമയംതന്നെ ഇന്ത്യന്‍ സവിശേഷതകളോടുകൂടിയ ഭൂപ്രഭുത്വം വികസിച്ച് ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ അഭേദ്യഭാഗമായി"".

ഇത് കാണിക്കുന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് ആശയവ്യക്തതയുണ്ടായിരുന്നുവെന്നുതന്നെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥയുടെ സാമ്പത്തികാടിത്തറയായ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇല്ലായ്മചെയ്യാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ നിലനിന്നിരുന്ന ജാതിബോധത്തെ ജാതിവിഭാഗങ്ങളിലെ സമ്പന്നര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാരംഭിച്ചു. സാമ്പത്തികാടിത്തറ തകര്‍ന്നിട്ടും ജാതിബോധം നിലനില്‍ക്കാനും അതിനെ ശക്തിപ്പെടുത്താനും ഇടയാക്കിയത് ജാതി രാഷ്ട്രീയത്തിന്റെ കടന്നുവരവാണ്. ഭൂപ്രഭുത്വം എന്ന ജാതി വ്യവസ്ഥയുടെ സാമ്പത്തികാടിത്തറ തകര്‍ന്നിരുന്നുവെങ്കിലും അതിന്റെ സാമൂഹിക-സാംസ്കാരികാവശിഷ്ടങ്ങള്‍ നിലനിന്നിരുന്നു. ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ മുതലാളിത്തം തയ്യാറാവാതിരുന്നതാണ് ഇതിന് കാരണമായത്. മാത്രവുമല്ല കോണ്‍ഗ്രസ് കേരളത്തില്‍ ശക്തിപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് എല്ലാ ജാതി-മത ശക്തികളെയും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ജാതി-മത ചിന്തകളുടെ അവശിഷ്ടങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ജാതി സംഘടനാ അംഗത്വം, ദേവാലയങ്ങളുടെ നടത്തിപ്പ്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജാതി-മതാചാരങ്ങള്‍ക്ക് വഴങ്ങിപ്പോകുന്ന അവസ്ഥ ഇതൊക്കെ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളിലും പരിമിതമായെങ്കിലും പ്രകടമാണ്. എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം സ്വംശീകരിക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്താനും ബാധ്യസ്ഥരാണ്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ സാങ്കേതികമായ അംഗത്വം എന്നതില്‍നിന്ന് നല്ല കമ്യൂണിസ്റ്റായി ഉയരുക എന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തനംതന്നെയാണ്. ആര്‍ജ്ജിത സംസ്കാരത്തിനും വിശ്വാസങ്ങള്‍ക്കും ജീവിതരീതിക്കും ഒക്കെ എതിരായി ഓരോ കമ്യൂണിസ്റ്റിന്റെ അകത്തും വലിയൊരു വര്‍ഗ്ഗസമരംതന്നെ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. ആ സമരം നടത്തുന്നതിനുള്ള ആശയ പരിസരമൊരുക്കിത്തരികയാണ് പ്ലീനം ചെയ്തിരിക്കുന്നത്. അതുകാണാതെ തെരഞ്ഞെടുപ്പിലെ വോട്ടുപിടുത്തവുമായി കൂട്ടിക്കുഴയ്ക്കാനാണ് ബൂര്‍ഷ്വാ മാധ്യമ വിശാരദന്മാര്‍ ശ്രമിക്കുന്നത്.

*
കെ എ വേണുഗോപാലന്‍ chintha weekly

Sunday, October 27, 2013

മരണവീട്ടിലെ ജാതിക്കൊടികള്‍

ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.

മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ. ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം.

നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ. ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്.

മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.

കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ? മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ? മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്.

ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.

കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Thursday, October 17, 2013

ബിഹാറിലെ നീതിനിഷേധം

ബിഹാറിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ 58 ദളിതരെ കൂട്ടക്കൊലചെയ്ത കേസിലെ പ്രതികളെ മുഴുവന്‍ പട്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തെളിവില്ലെന്നു കണ്ട് വെറുതെവിട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പതിനേഴ് വര്‍ഷംമുമ്പ് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നുകണ്ട 26 പേരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. 1997 ഡിസംബര്‍ ഒന്നിന് രാത്രി നടന്ന കൂട്ടക്കൊലയില്‍ 27 സ്ത്രീകളും 10 കുട്ടികളുമടക്കം 56 ദളിതരെയാണ് ഭൂസ്വാമിമാരുടെ സായുധസംഘമായ രണ്‍വീര്‍സേന വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്. 2010 ഏപ്രില്‍ ഏഴിന് അഡീഷണല്‍ ജില്ലാ സെഷന്‍സ് മജിസ്ട്രേട്ട് വിജയ് പ്രകാശ് മിശ്ര 16 പേര്‍ക്ക് വധശിക്ഷയും പത്തുപേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ ഈ പ്രതികള്‍ സ്വതന്ത്രരാവുകയാണ്.

ബിഹാറില്‍ ഇത് മൂന്നാംതവണയാണ് കൂട്ടക്കൊലകളിലെ പ്രതികളെ വെറുതെവിടുന്നത്. ബത്താനിതോലയിലേതായിരുന്നു ആദ്യത്തേത്. ഭോജ്പുര്‍ ജില്ലയിലെ സഹര്‍ബ്ലോക്കിലെ ബര്‍ക്കി ഖരോവന്‍ ഗ്രാമത്തിലെ ബത്താനിതോലയെന്ന ദളിത് ആവാസകേന്ദ്രത്തിലാണ് 1996 ജൂലൈയില്‍ 21 പേരെ രണ്‍വീര്‍സേന വധിച്ചത്. 68 പ്രതികളില്‍ 23 പേരെ കുറ്റക്കാരായി കണ്ടെത്തിയ സെഷന്‍സ് കോടതി മൂന്നുപേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍, 2012 ജൂലൈയില്‍ ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു. 2013 മാര്‍ച്ചില്‍ നഗരിബസാര്‍ കൂട്ടക്കൊല നടത്തിയ പ്രതികളെയും കോടതി വെറുതെവിട്ടു. മിയാന്‍പുര്‍, നാരായണ്‍പുര്‍ തുടങ്ങിയ കൂട്ടക്കൊലകളിലും പ്രതികള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ലക്ഷ്മണ്‍പുര്‍ ബാത്തെ കൂട്ടക്കൊലയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നും അതിനാല്‍ പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ബിഹാറില്‍ ദളിതര്‍ക്ക് നീതി വൈകിപ്പിക്കുകമാത്രമല്ല അത് നിഷേധിക്കുകയുംചെയ്യുകയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വിധിന്യായത്തെ "ജുഡീഷ്യല്‍ കൂട്ടക്കൊലയെന്നു"പോലും വിലയിരുത്തുകയുണ്ടായി. ബിഹാറിലെ ദളിത്വേട്ടയ്ക്ക് ദൈര്‍ഘ്യമേറിയ ചരിത്രമുണ്ട്. മഹത്തായ സാമ്രാജ്യങ്ങളുടെ തൊട്ടിലായിരുന്നു പട്നയും ഭോജ്പുരും ഗയയും ഔറംഗാബാദും ഉള്‍പ്പെടുന്ന മധ്യബിഹാര്‍. ദളിതര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശവും ഇതുതന്നെ. ഭൂരഹിത കര്‍ഷകത്തൊഴിലാളികളാണ് ഈ ദളിതര്‍. ഭൂമിഹാറുകളും രജപുത്രരുമാണ് ഇവിടെ ഭൂവുടമകള്‍. ദളിതര്‍ ബിഹാറില്‍ അടിച്ചമര്‍ത്തപ്പെട്ടപോലെ മറ്റെവിടെയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ കടുത്ത ചെറുത്തുനില്‍പ്പുകളും ഇവിടെയുണ്ടായി. "ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി" എന്ന പുസ്തകത്തില്‍ രാമചന്ദ്രഗുഹ ഇക്കാര്യം വിവരിക്കുന്നുണ്ട്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ദളിത് ചെറുത്തുനില്‍പ്പിന് ശക്തിപകര്‍ന്നത്. ദളിതരുടെ അഭിമാനസംരക്ഷണത്തിനായുള്ള പോരാട്ടം ഇതോടെ പല ഭഭാഗങ്ങളിലും ശക്തിപ്പെട്ടു. കൃഷിഭൂമിക്കും മാന്യമായ കൂലിക്കും വേണ്ടിയുള്ള ആവശ്യം ശക്തമായി. 1980 ആയപ്പോഴേക്കും സവര്‍ണാധിപത്യം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വേദിയായി മധ്യബിഹാറിലെ ഗ്രാമങ്ങള്‍ മാറി. നാലുശതമാനം സവര്‍ണ കുടുംബങ്ങളാണ് കൃഷിഭൂമിയുടെ 25 ശതമാനവും കൈയടക്കിവച്ചത്. 67 ശതമാനംവരുന്ന താഴ്ന്ന ജാതിക്കാരുടെ കൈവശം വെറും 18 ശതമാനം കൃഷിഭൂമിമാത്രമാണ് ഉണ്ടായിരുന്നത്. ദളിതരുടെ ഉയര്‍ച്ച ഭൂവുടമകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ദളിതരെ സായുധമായി ചെറുക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സ്വകാര്യസേനകള്‍ക്ക് രൂപംനല്‍കി. കുര്‍മികള്‍ ഭൂമിസേനയുണ്ടാക്കി. യാദവര്‍ ലോറിക്സേനയ്ക്കും രജപുത്രര്‍ കുന്‍വര്‍സേനയ്ക്കും സണ്‍ലൈറ്റ്സേനയ്ക്കും രൂപംനല്‍കി. വീര്യം പ്രകടിപ്പിക്കാന്‍ കൂട്ടക്കൊലകളും ഇവര്‍ നടത്തി. 1980 ല്‍ ഔറംഗാബാദ് ജില്ലയിലെ പിപ്രയിലും 1982 ല്‍ ലഹ്സുനയിലും ഭൂമിസേന ദളിതരെ കൊന്നൊടുക്കി. ലോറിക് സേന ഈ&ാറമവെ;ജില്ലയിലെ ഹിലാഷ ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ ആക്രമണം നടത്തി.

1992ല്‍ ജിഷോര കൂട്ടക്കൊല നടത്തിയാണ് രജപുത്രസേന സാന്നിധ്യം അറിയിച്ചത്. ജാതിസേനകളില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് ഭൂമിഹാറുകള്‍ രൂപീകരിച്ച രണ്‍വീര്‍ സേനയാണ്. ബേലാവൂര്‍ ഗ്രാമത്തില്‍ 1994 സെപ്തംബറിലാണ് രണ്‍വീര്‍ സേനയ്ക്ക് രൂപംനല്‍കിയത്. ദളിത് ഉയര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം. ഖൊപീരയില്‍ 1995 ഏപ്രില്‍ നാലിന് നാല് ദളിതരെ കൊന്നാണ് രണ്‍വീര്‍സേന പിറവി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭോജ്പുര്‍ ജില്ലയിലെ സര്‍താനയിലും ചന്ദിയിലും പഥാല്‍പുരിലും രണ്ടും മൂന്നും ദളിതരെയായി വധിച്ചു. എന്നാല്‍, ഏറ്റവും വലിയ ആദ്യ കൂട്ടക്കൊല 1996 ജൂലൈ 11ന് ബത്താനിതോലയിലായിരുന്നു. ഉച്ചയ്ക്കുശേഷം പകല്‍വെളിച്ചത്തിലാണ് വാളുകളും കഠാരകളുമായി ഒരുസംഘം ഗ്രാമത്തില്‍ കടന്നുകയറി കണ്ണില്‍കണ്ടവരെയെല്ലാം കൊത്തിനുറുക്കിയത്.

ദളിത് കൂട്ടക്കൊലകള്‍ ബിഹാറില്‍ അവസാനിച്ചില്ല. 1997 ഡിസംബര്‍ ഒന്നിന് ജഹനാബാദ് ജില്ലയിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ രണ്‍വീര്‍ സേന 58 ദളിതരെ കൂട്ടക്കൊലചെയ്തു. 1999 ല്‍ ഇതേജില്ലയിലെ ശങ്കര്‍ബീഗയില്‍ 23പേരെയും 2000 ജൂലൈയില്‍ ഔറംഗാബാദ് ജില്ലയിലെ മിയാന്‍പുരില്‍ 35 പേരെയും വധിച്ചു. ഈ കൂട്ടക്കൊലകളിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ പോവുകയാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണ്‍പുര്‍ബാത്തെ കൂട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറാകണം. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം.

*
ദേശാഭിമാനി മുഖപ്രസംഗം 17-10-2013

Sunday, March 3, 2013

സാമൂഹ്യാവസ്ഥയുടെ ദളിത് കാഴ്ചകള്‍

മലയാള സാഹിത്യത്തില്‍ നോവലുകളുടെ ഇതിവൃത്തത്തില്‍ വളരെ കുറച്ചുമാത്രം വന്നിട്ടുള്ളവയാണ് ആദിവാസികളുടെയും ദളിതരുടെയും ജീവിതങ്ങള്‍. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അരികുകളിലേക്ക് മാറ്റപ്പെട്ട ഈ വിഭാഗങ്ങളെക്കുറിച്ചുള്ള രചനകള്‍ക്ക് മലയാള ഭാഷയില്‍ കിട്ടുന്ന പ്രോത്സാഹനവും കുറവുതന്നെ. ഇത്തരത്തിലുള്ള മികച്ച പല രചനകളും നിരൂപകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാതെ പോയതിന്റെ അനുഭവവും നിരവധി. ഈ സാഹചര്യത്തില്‍ മധ്യതിരുവിതാംകൂറിലെ പുലയ വിഭാഗത്തെക്കുറിച്ചുള്ള ചാവുതുള്ളല്‍ എന്ന നോവലിനെ (പ്രസാധനം ഡി സി ബുക്സ്) കുറിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു.

കാഞ്ഞിരപ്പള്ളിയിലെയും പരിസരത്തെയും പുലയരും ജന്മിമാരും തമ്മിലുള്ള ബന്ധമാണ് രാജു കെ വാസു എഴുതിയ നോവലിന്റെ തന്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് പുലയ വിഭാഗത്തിന്റെ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും രചനാപരമായ സവിശേഷതകൊണ്ടുതന്നെ ഈ നോവല്‍ വളരെ ഹൃദ്യമായി തോന്നി. നോവലിന്റെ അന്ത്യംവരെ ആര്‍ക്കും മുഷിയാതെ വായിക്കാന്‍ കഴിയുമെന്നുറപ്പ്. ഇതുവരെ മലയാളസാഹിത്യത്തില്‍ കാര്യമായി സ്പര്‍ശിക്കപ്പെടാത്ത പുലയരുടെ ഭാഷയുടെ അഴകാണ് ചാവുതുള്ളലിനെ പ്രത്യേകമായി ഉയര്‍ത്തുന്നത്. രചനയിലുടനീളം പുലയഭാഷയുടെ ഭംഗി ചോരാതെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഒരു ബദല്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലെ ദളിതരുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥ ഈ ദളിത്പക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് നോവലിസ്റ്റ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാഞ്ഞിരപ്പള്ളി പ്രദേശത്തെ പുലയര്‍ നേരിട്ട ദുരിതങ്ങള്‍ നോവലില്‍ വായിക്കാം. ഇത് കേരളത്തിലാകമാനം ദളിതര്‍ക്കുണ്ടായ അനുഭവങ്ങളാണ്. ദുഷ്പ്രഭുത്വം കല്‍പ്പിച്ച തൊട്ടുകൂടായ്മയുടെ നിര്‍ബന്ധിത അകലങ്ങളില്‍ കഴിഞ്ഞവരാണവര്‍. ഉയര്‍ന്ന ജാതിക്കാരുടെ കണ്‍വെട്ടത്ത് നില്‍ക്കാന്‍ കഴിയാത്തവര്‍. ക്ഷേത്രത്തിലേക്കെന്നല്ല, ക്ഷേത്രവഴികളില്‍പ്പോലും പ്രവേശനമില്ലാത്തവര്‍. കിണറില്‍നിന്ന് വെള്ളം എടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍. അരയ്ക്ക് മേല്‍പ്പോട്ട് നാണം മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകള്‍. സാമ്പത്തികവും ലൈംഗികവുമായ കൊടിയ ചൂഷണത്തിന്റെ ഇരകള്‍. പുലയരെ തമ്പുരാക്കന്മാര്‍ കൊന്നാല്‍പ്പോലും ചോദിക്കാനും പറയാനും ആരുമില്ലാത്ത കാലം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ വന്ന മാറ്റങ്ങളും നോവലില്‍ വായിച്ചെടുക്കാം. കുറുമ്പനെന്ന പുലയന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് നോവല്‍ വളരുന്നത്.

കുറുമ്പന്റെ മക്കളാണ് നീലനും മയിലനും. മണ്‍ചിറ കെട്ടുമ്പോള്‍ എത്ര ശ്രമിച്ചിട്ടും കല്ലുറപ്പിക്കാന്‍ കഴിയാത്ത കുറുമ്പന് ഒടുവില്‍ കുലദൈവത്തിന്റെ സഹായത്തോടെ ചിറ കെട്ടാനാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ചിറ തകരുന്നതിനു കാരണം ആദ്യഭാര്യയുടെ മരണശേഷം കുറുമ്പന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ചെറുപ്പക്കാരിയായ രണ്ടാംഭാര്യ വള്ളിയുടെ വഴിവിട്ട ബന്ധംകൊണ്ടാണെന്ന് കുറുമ്പനും നാട്ടുകാരും വിശ്വസിക്കുന്നു. ചിറ തകര്‍ന്ന് അധികം കഴിയാതെ കുറുമ്പനും മരിക്കുന്നു. കുറുമ്പന്റെ മക്കളായ നീലന്റെയും മയിലന്റെയും ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന അസാധാരണ സംഭവങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. മയിലന്റെ മകന്‍ ചിരുതയുടെ കൊലപാതകവും അതിനു കാരണമായ നമ്പൂതിരി ചെറുപ്പക്കാരനോടുള്ള പ്രതികാരവുമാണ് പിന്നെ. പുലയര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെയും പുതിയ മതത്തിലും അവര്‍ അനുഭവിക്കുന്ന തൊട്ടകൂടായ്മയുടെയും സങ്കീര്‍ണതകളും അന്നത്തെ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

നാരായന്‍

പച്ച മായുന്നതിന്റെ ആകുലതകള്‍

കേരളീയപ്രകൃതിയുടെ തനിമയാര്‍ന്ന പച്ചനിറം ഇനിയെത്രകാലമെന്ന ഉല്‍ക്കണ്ഠ കലാസ്വാദകരുമായി പങ്കുവയ്ക്കുന്നു മുരളി നാഗപ്പുഴയുടെ ചിത്രപ്രദര്‍ശനം "നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം" . പച്ചയിലേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ് മുരളി നാഗപ്പുഴയുടെ ചിത്രങ്ങള്‍. ഹരിതപ്രകൃതിയുടെ സങ്കീര്‍ത്തനങ്ങളാണവ. കേരളത്തിന്റെ പ്രകൃതിലാവണ്യം അപൂര്‍വചാരുതയോടെയാണ് മുരളിയുടെ ക്യാന്‍വാസുകളില്‍ പ്രത്യക്ഷമാകുന്നത്. ഇലകളും പൂക്കളും കുഞ്ഞുങ്ങളും അപൂര്‍വ പ്രകൃതിജാലങ്ങളും ചേര്‍ന്ന ഹരിതലോകം. പച്ചയെന്ന നിറം ആഹ്ലാദത്തിന്റെ പര്യായമായാണ് ഈ ചിത്രങ്ങളില്‍ പ്രത്യക്ഷമാകുന്നത്. പച്ചയുടെ ഒറ്റനിറമല്ല, പച്ചയുടെ പലവിതാനങ്ങളില്‍ വാര്‍ന്നുവീഴുന്ന ദൃശ്യസൗഭഗമാണത്. സ്വപ്നസമ്മോഹന സദൃശമായ ഒരു കാഴ്ച. ഹെന്‍ട്രി റൂസ്സോയുടെ ചിത്രങ്ങളിലെന്നപോലെ പച്ചയുടെയും ഇലകളുടെയും പലവിതാനങ്ങളെ അസാമാന്യകൈയടക്കത്തോടെയാണ് മുരളി പരിചരിക്കുന്നത്. കവിതയിലെ ഛന്ദസ്സ് പോലെ, സംഗീതത്തിലെ രാഗങ്ങള്‍ പോലെ ചിത്രകലയില്‍ ഹരിതവര്‍ണങ്ങള്‍ ലയിപ്പിച്ചെടുക്കുകയാണ് ചിത്രകാരന്‍.

ഇലകളും പൂക്കളും മുരളിയുടെ ക്യാന്‍വാസില്‍ ത്രിമാനസ്വഭാവത്തോടെയാണ് വിരിയുന്നത്. പച്ചയിലൂടെ മുരളി കാണുന്ന സ്വപ്നങ്ങള്‍ക്ക് വലിയ വിസ്തൃതിയുണ്ട്. ആകാശംപോലെ, ആഴിപ്പരപ്പുപോലെ ആഴമേറിയ ആ സ്വപ്നങ്ങള്‍ നിറയെ പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള പ്രതീക്ഷകളാണ്. കുഞ്ഞുങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നിറമുള്ള സ്വപ്നങ്ങള്‍ പങ്കുവച്ച മുരളിയുടെ ആദ്യകാല ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത് കുട്ടികളും പാപ്പാത്തികളും കുഞ്ഞുമാലാഖമാരും പറവകളും പൂക്കളുമെല്ലാമായിരുന്നു. ഫാന്റസിയുടെ കാല്‍പ്പനികതയില്‍നിന്ന് പുതിയ ലോകത്തിന്റെ യാഥാര്‍ഥ്യത്തിലേക്കാണ് പുതിയ ചിത്രങ്ങള്‍ കണ്‍തുറക്കുന്നത്. കവിതയിലൂടെയും കലാനുഭവങ്ങളിലൂടെയും ലോകം അടുത്തറിഞ്ഞ മലയാളവര്‍ണങ്ങള്‍ ആഗോളീകരണത്തിന്റെ ആസുരതയില്‍ നിറംമങ്ങുകയാണ്.മനുഷ്യന്റെ അത്യാചാരങ്ങള്‍ക്കിടയില്‍ ആസന്നമരണയായ പ്രകൃതി ഈ കലാകാരന്റെ മുറിവാണ്. പരിസ്ഥിതിനാശത്തിന്റെ ആദ്യ ഇരകള്‍ പൂക്കളും പറവകളും ചെറുജീവികളും ജന്തുജാലങ്ങളും ഇലച്ചാര്‍ത്തുകളുമെല്ലാമാണ്. നഷ്ടപ്രകൃതിയുടെ കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ എന്നെന്നേക്കുമായി കണ്ണടഞ്ഞേക്കാവുന്ന ആ സൗന്ദര്യങ്ങളെക്കുറിച്ചുള്ള ആകുലതകളാണ് പ്രേക്ഷകമനസ്സില്‍ നിറയുക.

ഇന്ത്യയിലെ വന്‍ നഗരങ്ങളിലും വിദേശത്തും പ്രദര്‍ശനം നടത്തിയ മുരളിയുടെ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ലണ്ടന്‍, ന്യൂയോര്‍ക്ക്, മോസ്കോ, ദുബായ് ഷോകള്‍ കഴിഞ്ഞതോടെ മുരളി നാഗപ്പുഴ എന്ന സിഗ്നേച്ചറിന്റെ വിപണിമൂല്യം കൂടി. ചിത്രങ്ങളുടെ വിപണിമൂല്യത്തെക്കാളേറെ പ്രേക്ഷകമനസ്സിന്റെ നന്മയിലൂന്നുന്ന മുരളി ചുറ്റുമുള്ള ലോകത്തോടുള്ള കാരുണ്യവും കരുതലും കൈവിടാതിരിക്കാനുള്ള പ്രവര്‍ത്തനമായാണ് ചിത്രകലയെ കാണുന്നത്. രാജ്യതലസ്ഥാനത്തെ മുരളിയുടെ പതിമൂന്നാമത്തെ പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത സംരംഭമായ ക്രൈ  2012ല്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസമാഹരണം നടത്താന്‍ ഇന്ത്യയിലെ രണ്ട് ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ഉപയോഗിച്ചത്. എം എഫ് ഹുസൈന്റേതും മുരളി നാഗപ്പുഴയുടേതും. ഒരു ഇന്ത്യന്‍ ചിത്രകാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്.

നാരായണന്‍ കാവുമ്പായി

ഹെസ്സെല്‍ ചരിത്രം; തിരയടങ്ങില്ല

തൊണ്ണൂറ്റഞ്ചാം വയസ്സിനെ യൗവനമെന്നു വിളിക്കാമെങ്കില്‍ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ യൗവനമായിരുന്നു സ്റ്റീഫന്‍ ഹെസ്സെല്‍. കഴിഞ്ഞ ബുധനാഴ്ച മരണത്തിനുമുന്നില്‍ അടിയറവുപറയുന്ന നിമിഷംവരെ തളരാത്ത പോരാട്ടവീര്യവുമായി ലോകമെങ്ങും യുവാക്കള്‍ക്ക് പ്രചോദനമായി അദ്ദേഹം. തൊള്ളായിരത്തി നാല്‍പ്പതുകളില്‍ ഹിറ്റ്ലറുടെ നാസിഭരണകൂടത്തിനും അവരുടെ പിണിയാളുകളായി ഫ്രാന്‍സില്‍ നിലനിന്ന വിക്കി സര്‍ക്കാരിനുമെതിരായ തീപ്പന്തമായിരുന്നു ഹെസ്സെല്‍. ചാള്‍സ് ഡിഗോളിനൊപ്പം ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടുപ്രവര്‍ത്തിക്കുന്നതിനിടെ ജര്‍മന്‍ രഹസ്യപൊലീസായ ഗസ്റ്റപ്പോയുടെ പിടിയിലായി. പക്ഷേ, ബുച്ചന്‍വാദിലെയും ദോറയിലെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ നിരന്തരം പീഡനത്തെ അതിജീവിച്ച നിശ്ചയദാര്‍ഢ്യംകൊണ്ട് പോരാളികളുടെ ആവേശമായി.

രണ്ടാം ലോകമഹായുദ്ധാനന്തരം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ലോകത്തെ പ്രചോദിപ്പിച്ച ചിന്തകരുടെ പട്ടികയില്‍ ഇടംനേടി. മനുഷ്യനുമേല്‍ പണത്തെ പ്രതിഷ്ഠിക്കുന്ന മുതലാളിത്ത നിഷ്ഠുരതയ്ക്കും കമ്പോളത്തിന്റെ ദയാരാഹിത്യത്തിനുമെതിരെ പൊട്ടിപ്പുറപ്പെട്ട വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ മാനിഫെസ്റ്റോയായി ഈ പുസ്തകം. 35 ഭാഷകളിലായി ഇതിന്റെ 45 ലക്ഷത്തോളം പ്രതികളാണ് വിറ്റഴിക്കപ്പെട്ടത്. ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും തത്വങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അവയുടെ സമകാലീന പ്രസക്തി തന്റെ പുസ്തകത്തില്‍ ഹെസ്സെല്‍ എടുത്തുകാട്ടി. സമഗ്രമായ ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണ് പ്രസ്ഥാനക്കാര്‍ക്ക് ഭരണസ്വാധീനമുണ്ടായപ്പോള്‍ നടപ്പാക്കിയതെന്നും ഊര്‍ജ ഉറവിടങ്ങളുടെ ദേശസാല്‍ക്കരണം, ബാങ്കുകളെ പൊതുമേഖലയിലാക്കല്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നിവയെല്ലാം ഇതില്‍പ്പെട്ടിരുന്നതായും വിശദീകരിച്ചു. എന്നാല്‍, ഫ്രാന്‍സിലെ ഇന്നത്തെ ഭരണക്കാര്‍ ഇതെല്ലാം അട്ടിമറിച്ചു. പരിസ്ഥിതി ഉച്ചകോടിമുതല്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍വരെ അന്താരാഷ്ട്രതലത്തില്‍ ആശാവഹമായ പല കാര്യങ്ങളും നടന്ന കഴിഞ്ഞ ദശകത്തില്‍ മൂല്യാധിഷ്ഠിതമായ,സൃഷ്ടിപരമായ സ്ഥിതി ഉണ്ടാക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും എന്തുചെയ്തെന്ന് ശക്തമായ ഭാഷയില്‍ അദ്ദേഹം ചോദിച്ചു.

തകര്‍ന്നടിയുന്ന ഈ ലോകത്ത് അഹിംസയ്ക്കാണ് ഭാവി. പക്ഷേ, സാര്‍ത്ര് ചൂണ്ടിക്കാട്ടിയതുപോലെ ""ഏതു രൂപത്തിലുള്ള അക്രമവും പരാജയമാണ്. പക്ഷേ, ഈ പരാജയം അനിവാര്യം. കാരണം, നാം ജീവിക്കുന്നത് അക്രമത്തിന്റെ ലോകത്താണ്"" എന്ന് "ടൈം ഓഫ് ഔട്ട്റേജ്" വിവരിക്കുന്നു. തുടര്‍ന്ന് യുവാക്കളെ ആവേശത്തോടെ ആഹ്വാനംചെയ്യുന്നു- "സൃഷ്ടിക്കുക എന്നാല്‍ പ്രതിരോധിക്കലാണ് പ്രതിരോധിക്കലെന്നാല്‍ സൃഷ്ടിക്കലും" ലോകമെങ്ങും മുതലാളിത്തത്തിന്റെ മസ്തകത്തില്‍ ഈ ആഹ്വാനം ആഘാതമായി. ചൂഷിതരാണ് 99 ശതമാനവുമെന്ന തിരിച്ചറിവില്‍ സാധാരണക്കാര്‍ തെരുവിലിറങ്ങി പ്രതിരോധം സൃഷ്ടിക്കുകതന്നെചെയ്തു. പക്ഷേ, ചൂഷകരുടെ കോട്ടകൊത്തളങ്ങളെല്ലാം തകര്‍ന്നടിയുന്ന കാലത്തിനു സാക്ഷിയാകാതെ ഹെസ്സെല്‍ ചരിത്രത്തിലേക്ക് വിടവാങ്ങി; ആവേശത്തിന്റെ തിരയടങ്ങാത്ത കടല്‍ ബാക്കിയാക്കിക്കൊണ്ട്.

അബുരാജ്

കാവ്യശാസ്ത്രത്തിന് ഒരു വഴികാട്ടി

ഭരതമുനിയുടെ നാട്യശാസ്ത്രംമുതല്‍ ജഗന്നാഥ പണ്ഡിതരുടെ രസഗംഗാധരംവരെയുള്ള ആചാര്യന്മാരുടെ പ്രാമാണികഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയിട്ടുള്ള ഡോ. ടി ജി ശൈലജയുടെ "ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു" ആ മേഖലയിലെ പഠിതാക്കള്‍ക്കും ഗവേഷകള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉദാത്തമായ മാര്‍ഗദര്‍ശനമാണ്. സംസ്കൃതാലങ്കാരികന്മാര്‍ക്കു പുറമെ, ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ സംഗീതചന്ദ്രികയും രസിക രത്നവും എ ആര്‍ രാജരാജവര്‍മയുടെ ഭാഷാഭൂഷണവും ഈ നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ മൗലികകൃതികളെ തലങ്ങും വിലങ്ങും പരിശോധിച്ച് ഭാരതീയ കാവ്യശാസ്ത്രത്തിലെ ഓരോ സങ്കേതത്തെയും വ്യാഖ്യാന ഭേദങ്ങളോടെ അകാരാദി ക്രമത്തില്‍ ചിട്ടപ്പെടുത്തുകയെന്നത് വളരെ ശ്രമസാധ്യമായ ഒരു കാര്യമാണ്. നൂറ്റാണ്ടുകളായി ഭാരതീയ കാവ്യശാസ്ത്രത്തിലെ ചിന്തകന്മാരുടെയും സിദ്ധാന്തകാരന്മാരുടെയും വ്യാഖ്യാതാക്കളുടെയും മനസ്സിനെ മഥിച്ചതും ഇന്നും ലോകത്തെങ്ങുമുള്ള സൗന്ദര്യശാസ്ത്ര പഠിതാക്കള്‍ക്ക് വാക്കും വെളിച്ചവുമായിരിക്കുന്നതുമായ കാവ്യസങ്കേതങ്ങളെ അവയുടെ അര്‍ഥഗാംഭീര്യത്തോടെയും പ്രസക്തിയോടെയും ഈ നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാവ്യശാസ്ത്രത്തിലെ സങ്കേതങ്ങള്‍ക്ക് ഓരോ ആചാര്യനും അവരുടെ കൃതിയില്‍ വ്യത്യസ്തമായ നിര്‍വചനങ്ങളും വിഭജനങ്ങളും ഉദാഹരണങ്ങളുമാണ് നല്‍കിക്കാണുന്നത്. എന്നാല്‍, കേന്ദ്ര ആശയത്തിന്റെ കാര്യത്തില്‍ സമാനതയും കാണുന്നുണ്ട്. ഇപ്രകാരം നാനാതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും നിര്‍വചിക്കപ്പെട്ടിട്ടുള്ളതുമായ സാങ്കേതിക പദാവലികളെ ക്രോഡീകരിച്ച്, ആ വ്യത്യസ്തതകളുടെ അര്‍ഥസൗന്ദര്യങ്ങള്‍ അല്‍പ്പംപോലും ചോര്‍ന്നുപോകാതെ ഇണക്കിച്ചേര്‍ത്തതാണ് "ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു"വിന്റെ വിജയവും പ്രസക്തിയും. "അപ്രസ്തുതപ്രശംസ" എന്ന അലങ്കാരത്തെപ്പറ്റിയുള്ള ഒട്ടേറെ ലക്ഷണകല്‍പ്പനകള്‍ ആ പദത്തെ മുന്‍നിര്‍ത്തിക്കൊണ്ട് സൂചിപ്പിക്കുന്നു. ഒരു അര്‍ഥാലങ്കാരമാണെന്നു പറഞ്ഞശേഷം കാവ്യാലങ്കാരം (ഭാമഹന്‍), കാവ്യാദര്‍ശം (ദണ്ഡി), കാവ്യാലങ്കാരസൂത്രവൃത്തി (വാമനന്‍), കുവലയാനന്ദം (അയ്യപ്പദീക്ഷിതര്‍), സാഹിത്യദര്‍പ്പണം (വിശ്വനാഥന്‍) എന്നീ ഗ്രന്ഥങ്ങളില്‍നിന്ന് പ്രസ്തുത അലങ്കാരത്തെ സംബന്ധിച്ച ലക്ഷണകല്‍പ്പനകള്‍ ഉദ്ധരിക്കുന്നു. ഒപ്പംതന്നെ അപ്രസ്തുത പ്രശംസയുടെ പ്രകാരഭേദങ്ങളെയും പരാമര്‍ശിക്കുന്നു. ഇപ്രകാരം അലങ്കാരങ്ങളെ ഓരോന്നിനെയുംപറ്റി ഭാരതീയ കാവ്യശാസ്ത്രകാരന്മാരുടെ വിശദീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ആ അലങ്കാരത്തിന്റെ സമഗ്രമായ ഒരുവിജ്ഞാനം ലഭിക്കത്തക്കവിധമാണ് കൈകാര്യംചെയ്തിട്ടുള്ളത്.

അലങ്കാരപദ്ധതിയിലെയും നാടകസങ്കല്‍പ്പത്തിലെയും ഓരോ ചെറിയ അംശത്തെപ്പോലും വിട്ടുകളയാതെ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിലൂടെ സമഗ്രതയുടെ സാഫല്യം വായനക്കാര്‍ക്കും ലഭിക്കുന്നു. നാട്യശാസ്ത്രവുമായി ബന്ധപ്പെട്ട് നൂറ്റിയിരുപതില്‍പ്പരം പദങ്ങളാണ് ഈ നിഘണ്ടുവില്‍ കാണുന്നത്. ചലയിടങ്ങളിലെങ്കിലും ഈ നിഘണ്ടു ഒരു വിജ്ഞാനകോശത്തിന്റെ മേഖലയിലേക്ക് മാറുന്നുണ്ട്. ഉദാഹരണത്തിന്, "സൂത്രധാരന്‍" എന്ന പദത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ക്ക് ഈ നിഘണ്ടുവില്‍ മൂന്നുപേജ് നീക്കിവച്ചിരിക്കുന്നു. നാട്യസംഘത്തിലെ ഒരംഗം എന്ന പ്രാഥമികമായ ഒരര്‍ഥംകൊണ്ട് തൃപ്തിയടയാതെ സൂത്രധാരനെപ്പറ്റി നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പത്തു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. ഭാവപ്രകാശനം (ശാരദാതനയന്‍), കാവ്യേന്ദുപ്രകാശം (കാമരാജ ദീക്ഷിതര്‍) എന്നിവകളിലെ സൂത്രധാരസങ്കല്‍പ്പംകൂടി പരാമര്‍ശിച്ചുകൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്.

ഇത്തരത്തില്‍ ഓരോ സംജ്ഞയ്ക്ക് അവശ്യംവേണ്ട വസ്തുതകളും വിവരണങ്ങളും പല മൗലികഗ്രന്ഥങ്ങളില്‍നിന്നായി തെരഞ്ഞുപിടിച്ച് ഒരിടത്ത് കൊണ്ടുവരുമ്പോള്‍ പഠിതാക്കള്‍ക്കു ലഭിക്കുന്ന ആശയവ്യക്തതയാണ് ഈ നിഘണ്ടുവിന്റെ ഏറ്റവും വലിയ സംഭാവന. അലങ്കാരം, ഗുണം, രീതി, ധ്വനി, അനുമാനം, വക്രോക്തി, ഔചിത്യം, രസം എന്നീ പദ്ധതികളിലായി പരന്നുകിടക്കുന്ന ബൃഹത്തായ കാവ്യമീമാംസാസമ്പ്രദായമാണ് ഭാരതത്തിനുള്ളത്. ഭാമഹന്‍, ദണ്ഡി, വാമനന്‍, ആനന്ദവര്‍ധനന്‍, മഹിമഭട്ടന്‍, ക്ഷേമേന്ദ്രന്‍, അഭിനവഗുപ്തന്‍, മമ്മട ഭക്തന്‍ തുടങ്ങിയ അസംഖ്യം ആചാര്യന്മാരുടെ ചിന്തകളുടെ ഈടുവയ്പുകളാണ് ഓരോ പ്രാമാണികഗ്രന്ഥവും. അവയെ സവിസ്തരം താരതമ്യംചെയ്ത് പഠിച്ച് കാവ്യസങ്കേതങ്ങളെ ഗുളികരൂപത്തിലാക്കി നിബന്ധിക്കുകയെന്ന യത്നം അഭിനന്ദനാര്‍ഹമാണ്.

ചായം ധര്‍മരാജന്‍

ദേശാഭിമാനി വാരാന്തപ്പതിപ്പ്

Monday, January 28, 2013

ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ മതനിരപേക്ഷതയെ തകര്‍ക്കും

സമദൂര സിദ്ധാന്തത്തിന്റെ വക്താക്കളാണെന്നു പറഞ്ഞ് കുറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതിസംഘടനയാണ് എന്‍എസ്എസ്. ഇവര്‍ക്ക് കേരളത്തിലെ പ്രബലമായ രണ്ട് മുന്നണികളോട് സമദൂരമല്ലെന്നും എന്‍എസ്എസ് നേതൃത്വം കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒപ്പം നില്‍ക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്നും കേരളീയ സമൂഹം നേരത്തെ തിരിച്ചറിഞ്ഞതാണ്. ഇതിനുസൃതമായ നിലപാട് സ്വീകരിക്കുമ്പോഴും എന്‍എസ്എസ് പരസ്യമായി പറയാറുള്ളത് ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു എന്നാണ്. ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ തുറന്നുകാട്ടിയിരിക്കുന്നു. കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായാണ് സുകുമാരന്‍നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്.

ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍എസ്എസിന്റെ ശക്തികൊണ്ടല്ല. യുഡിഎഫ് അത്രയ്ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം നിലപാടിലേക്കെത്തിച്ചത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വീകരിക്കാറുണ്ട്. സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയ വിവരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍എസ്എസും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയാണ്. 2011 മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍എസ്എസും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഉണ്ടായ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്റാവു ദേശ്മുഖ് എന്‍എസ്എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ എന്‍എസ്എസ് കോണ്‍ഗ്രസിന് മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കുന്നു. അതിന്റെ ഭാഗമായി ആറുപേജുള്ള റിപ്പോര്‍ട്ട് എന്‍എസ്എസ് അദ്ദേഹത്തിന് നല്‍കുന്നു. ഇതിനെ രഹസ്യ റിപ്പോര്‍ട്ടായാണ് സുകുമാരന്‍നായര്‍ വിശേഷിപ്പിക്കുന്നത്. രഹസ്യറിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് സുകുമാരന്‍നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.

യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതിന്റെ തെളിവ് സുകുമാരന്‍നായര്‍ ഹാജരാക്കുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്‍എസ്എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. രമേശ് ചെന്നിത്തല കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഞങ്ങളാണെന്ന് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തിന്റെ ഭാഗം സുകുമാരന്‍നായര്‍ ഇവിടെ അഭിനയിക്കുകയല്ല. തങ്ങള്‍ക്ക് കിട്ടിയ ഉറപ്പ് കോണ്‍ഗ്രസ് നടപ്പാക്കിയതിലുള്ള ചാരിതാര്‍ഥ്യം പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ് ഇതിലൂടെ പ്രകടമാവുന്നത്.

സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍എസ്എസിന് ഒരു ജാതിസംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. ജാതിസംഘടനകള്‍ക്ക് പ്രത്യേകമായ ധര്‍മം നിര്‍വഹിക്കാനുള്ള സാഹചര്യം ഇക്കാലത്തില്ല. നേരത്തെ കേരളീയ സമൂഹത്തില്‍ അതുണ്ടായിരുന്നപ്പോഴാണ് ജാതിസംഘടനകള്‍ പ്രസക്തമായിരുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലിന്റെ അര്‍ഥം കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടനമാത്രമാണ് എന്‍എസ്എസ് എന്നാണ്. നായര്‍സമുദായത്തില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. കോണ്‍ഗ്രസുകാരൊഴികെയുള്ള ഒരു കൂട്ടരെയും തങ്ങള്‍ പ്രതിനിധാനംചെയ്യുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞത് നല്ല കാര്യമാണ്. എന്‍എസ്എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പ്പോലും അതിന് എന്‍എസ്എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്. ഇതുകൊണ്ടുതന്നെയാണ് എന്‍എസ്എസ് യോഗത്തില്‍ തന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന മന്ത്രി ശിവകുമാറിനോട്, ശിവകുമാറിനെക്കുറിച്ച് പരാതിയില്ല സ്നേഹമേയുള്ളൂവെന്നും പറഞ്ഞ് ശിവകുമാറിന്റെ പാര്‍ടിയെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നിലപാട് സുകുമാരന്‍നായര്‍ക്ക് സ്വീകരിക്കാനായത്.

ഹൈന്ദവ ഏകീകരണത്തെക്കുറിച്ച് നേരത്തെ പരസ്യ നിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരുന്നു. ഭൂരിപക്ഷ മതവിഭാഗത്തിലെ ഒരു ജാതിസംഘടന ജാതിവികാരം കുത്തിയിളക്കി ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കാനൊരുമ്പെടുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വഴിവയ്ക്കുകയാണ് ചെയ്യുക. കേരളത്തിലായാലും ഇന്ത്യയിലായാലും ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും വലിയ വിപത്താണ്; രാജ്യത്ത് സ്പര്‍ധ വളര്‍ത്തി അനേകായിരങ്ങളെ കൊന്നൊടുക്കുന്നതിന് നേതൃത്വം കൊടുക്കുകയുംചെയ്തവരാണ്. കേരളത്തിലും ചില ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും അത് വേണ്ടത്ര ഫലിക്കാതിരുന്നത് ഇവിടത്തെ ശക്തമായ ഇടതുപക്ഷ സാന്നിധ്യംകൊണ്ടാണ്. അതേ ഇടതുപക്ഷംതന്നെയാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി പ്രതിരോധിക്കുന്നത്. എല്ലാ വര്‍ഗീയതയ്ക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ രണ്ടു വര്‍ഗീയതയും മുന്നിട്ടിറങ്ങുന്നത്. വര്‍ഗീയശക്തികളുമായി സമരസപ്പെട്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്ലാകാലത്തും ഇവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന് സഹായകരമായ നിലപാടാണ് തുടര്‍ച്ചയായി പ്രബല ജാതിസംഘടനകളുടെ നേതൃത്വങ്ങളും കേരളത്തില്‍ സ്വീകരിച്ചുവന്നത്.

കോണ്‍ഗ്രസിന്റെ ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍എസ്എസ് സോണിയ ഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയെയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതിസംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.

*
പിണറായി വിജയന്‍

Saturday, January 19, 2013

നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

നവോത്ഥാന നായകരും സാമൂഹ്യപരിഷക്കര്‍ത്താക്കളും ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലേക്ക് ഇന്ന് കയറിപ്പറ്റിയവര്‍ സ്ഥാപകോദ്ദേശ്യങ്ങളെ തിരസ്കരിക്കുന്നതായി തോന്നുന്നു. ഈ വിപര്യയത്തിനു കാരണമെന്താണ്. എങ്ങനെയാണ് നേരിടേണ്ടത്?

നവോത്ഥാനം, സാമൂഹ്യപരിഷ്കാരം, സാമൂഹ്യവിപ്ളവം മുതലായ പ്രതിഭാസങ്ങള്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ ഇടയ്ക്കിടെ അനിവാര്യമായും പ്രയോജനപ്രദമായും സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അതുപോലെ തന്നെ അനിവാര്യമയി സംഭവിക്കുന്നുവെന്ന് തോന്നാവുന്നവയാണ് അവയുടെ പില്‍ക്കാലത്തെ അപചയവും. നമ്മുടെ ലോകചരിത്രത്തില്‍ ഗൌതമബുദ്ധന്‍, സൌരാഷ്ട്രര്‍, യേശുക്രിസ്തു, മുഹമ്മദ്നബി മുതലായവരെ വെറും പുതുമതസ്ഥാപകര്‍ മാത്രമായി കരുതുന്നത് ചരിത്രദൃഷ്ട്യാ തെറ്റാണ്. ഇവരില്‍ പലരും നിലനില്‍ക്കുന്ന സാമൂഹ്യവ്യസ്ഥയിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയവരാണ് എന്ന് അവരുടെ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബുദ്ധനും ക്രിസ്തുവും മറ്റും ഒരു മതവും സ്ഥാപിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് അവരുടെ ആശയങ്ങളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ആക്കിയത്. ബുദ്ധനാകട്ടെ ഈശ്വരസങ്കല്പം പോലും അംഗീകരിച്ചിരുന്നില്ല.

റോമസാമ്രാജ്യത്തിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്ന യഹൂദന്‍മാരെയും യഹുദപ്രമാണിമാരുടെ വിവേചനത്തിന് വിധേയരായി അകറ്റിനിറുത്തപ്പെട്ടവരെയും പണക്കാരുടെ ചൂഷണത്തിനുവിധേയരായ ദരിദ്രരേയും പ്രത്യാശയും തന്റേടവും നല്കി സ്വതന്ത്രരും ശക്തരുമാക്കാനാണ് യേശുക്രിസ്തു ശ്രമിച്ചത്. അങ്ങനെ ക്രിസ്തുമതം പീഡിതരുടെ അത്താണിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റയിന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്വമര്‍ദ്ദനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും സാമ്രാജ്യത്തിന്റ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പീഡിതരുടെ മതം പീഢകരുടെ മതമായി മാറുകയാണുണ്ടായത്.

മതങ്ങളുടെ അപചയം

ബുദ്ധന്‍ അന്നുനിലവിലിരുന്ന ജാതി മേധാവിത്വത്തിനും, ചെലവേറിയ വൈദികയാഗങ്ങള്‍ക്കും എതിരെ കീഴ്ജാതിക്കാരെയും, ശൂദ്രരും വൈശ്യരുമുള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കുന്നതിനുള്ള സന്ദേശം നല്കുകയും സംഘടനകള്‍ കെട്ടിപ്പടുക്കുകയുമാണ് ചെയ്തത്. പക്ഷേ അധികകാലം വേണ്ടിവന്നില്ല. ബുദ്ധമതം ഹീനയാനവും മഹായാനവുമായി വേര്‍പിരിയാന്‍. ഇതിലെ മഹായാന ബുദ്ധന്റെ സന്ദേശങ്ങള്‍ക്കെതിരെ പ്രാമാണികരുടെ മതമായി വളരുകയാണ് ചെയ്തത്. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ ത്തന്നെ അവര്‍ ഈശ്വരനാക്കി വിഗ്രഹങ്ങള്‍ സൃഷ്ടിച്ച് പൂജിക്കാന്‍ തുടങ്ങി. മിക്കവാറും മറ്റെല്ലാ മതങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കാവുന്ന അപചയമാണിത്.

മഹാപ്രസ്ഥാനങ്ങള്‍ ജാതീയതയുടെ ഉപകരണം

ഈ മഹാപ്രസ്ഥാനങ്ങളുടെ വഴിക്കുതന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലെ നവോത്ഥാനപ്രക്രിയയും ആദ്യം മുന്നോട്ടും പിന്നെ പിന്നോട്ടും പോയത്. തനിക്ക് ജാതിയോ മതമോ ഇല്ലെന്നും ധര്‍മ്മാധിഷ്ഠിതവും സമത്വാദര്‍ശനിഷ്ഠയുള്ളതും ആയ ഒരു നവീന സമൂഹസൃഷ്ടിയിലാണ് വിശ്വസിക്കുന്നത് എന്നും ശ്രീനാരായണഗുരു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനാനുവാദമില്ലായ്മയും നിലനിന്നിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിമോചനത്തിലേക്ക്് നയിക്കാനാണ് 1903 ല്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം. ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ കര്‍മ്മകുശലത ഉപയോഗപ്പെടുത്തി അദ്ദേഹം സംഘടിപ്പിച്ചത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും അപചയം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. ജാതി ചോദിക്കരുത്  പറയരുത് എന്നും മദ്യം വിഷമാണെന്നും, അതുണ്ടാക്കരുത്, കൊടുക്കരുത്,   എന്നും പഠിപ്പിച്ച  ഗുരുവിന്റെ സംഘടനതന്നെ അതുതുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ജാത്യാഭിമാനം' വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. സംഘടനയില്‍നിന്ന് 1916 ല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഡോ. പല്‍പ്പുവും നാലഞ്ചുവര്‍ഷത്തിനുശേഷം  എസ് എന്‍ ഡി പിയില്‍ നിന്ന് പിരിഞ്ഞു. എസ് എന്‍ ഡി പിയുടെ സ്ഥാപകജനറല്‍ സെക്രട്ടറി യായിരുന്ന മഹാകവി കുമാരനാശാന്‍ പതിനെട്ടു വര്‍ഷത്തെ ഉജ്ജ്വലമായ സേവനത്തിനുശേഷം സ്വയം പിരിഞ്ഞുപോയി. എസ് എന്‍ ഡി പി യിലെ ചില പ്രമാണിമാര്‍ കുമാരനാശാന്റെ ഗാനത്തിനെതിരെ നടത്തിയ അപവാദപ്രചരണത്തില്‍ മനംനൊന്ത് ആശാന്‍ കവിതകള്‍ പോലും രചിക്കുകയുണ്ടായി.

ഇതുപോലെ ആദ്യകാലത്ത് സാമൂഹ്യപരിഷ്ക്കരണത്തിനും ദുരാചാരനിര്‍മ്മാര്‍ജ്ജനത്തിനുംവേണ്ടി പരിശ്രമിച്ച പലസംഘടനകളും പില്‍ക്കാലത്ത് അനാചാരങ്ങളുടെയും ജാതീയതയുടെയും ഉദാഹരണമായി അധ:പതിച്ച സംഭവങ്ങള്‍  ഇവിടെ വിസ്തരിച്ച് എടുത്തുപറയേണ്ടതില്ല. ഇങ്ങനെ അപചയം സംഭവിക്കുമ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായകര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിനുവഴിയില്ലെങ്കില്‍ വേറെ സംഘടനകള്‍ സ്ഥാപിക്കുകയുമാണ് പുരോഗമനേച്ഛുക്കളുടെ കര്‍ത്തവ്യം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം പഴയ ആദര്‍ശങ്ങള്‍ പുലര്‍ത്താന്‍ പുതിയ ജാതി  സംഘടനകള്‍ സ്ഥാപിക്കണം എന്നാണോ?


കേരളത്തിലെ നവോത്ഥാനത്തിനും മതനിരപേക്ഷമായ ജനാധിപത്യപ്രസ്ഥാനത്തിനും ചില പ്രത്യേകതകളുണ്ട്. ഈ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ മിക്കവയും സ്ഥാപിക്കപ്പെട്ടത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണഗുരു എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് എല്ലാ ജാതി വിഭാഗങ്ങളുടെയും അവശതകള്‍ ഈഴവരുടേതിനുമൊപ്പം പരിഹരിക്കാനാണെങ്കിലും പില്‍ക്കാലത്ത് (ഇപ്പോഴും) അത് ഈഴവരുടെ ജാതി സംഘടനയായി മാറി. യോഗത്തിന്റെ അപചയം ആരംഭിച്ചതോടെ ഈഴവരില്‍തന്നെ പ്രമാണിമാരുടെ സംഘടനയായി എസ് എന്‍ ഡി പിയോഗം അധ:പതിച്ചു. സ്വദേശാഭിമാനി ടി കെ മാധവനെപ്പോലെ അധ:സ്ഥിതരുടെ മോചനത്തിനായാലും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായാലും എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കണം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇന്ന് എസ് എന്‍ ഡി പിയുടെ നേതൃനിരയില്‍ കാണാനില്ല. അതുപോലെതന്നെ എസ് എന്‍ ഡി പിയുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട എന്‍ എസ് എസിന്റെ കാര്യവും വ്യത്യസ്തമല്ല. നായന്മാര്‍, നമ്പൂതിരിമാരെയും ക്ഷത്രിയന്മാരെയുംകാള്‍ ജാതി ശ്രേണിയില്‍ താഴ്ന്നവരാണെങ്കിലും അവരില്‍ ഒരു വിഭാഗം ഭരണരംഗത്തും ഭൂഉടമയിലും മേലാളന്മാരായിരുന്നു. എന്നുമാത്രമല്ല അവരും പണ്ട് ശൂദ്രരായി കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് പൂണൂല്‍വര്‍ഗ്ഗക്കാരുമായുള്ള വേഴ്ചമൂലം സവര്‍ണ്ണരായിത്തീര്‍ന്നു. എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥ കെട്ടുകല്യാണം നമ്പൂതിരിസംബന്ധം അമ്മാവന്മാരുടെ കാരണവ ആധിപത്യം തുടങ്ങിയ പലമേഖലകളിലും അവശരായവരെ കൂടി ഉള്‍ക്കൊണ്ടിരുന്നു. ഇവയ്ക്കെല്ലാമെതിരായ പോരാടുകയും 1924 ലെ വൈക്കം സത്യാഗ്രഹക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ നടത്തുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനകാലം എന്‍ എസ് എസിന്റെ നവോത്ഥാനദൌത്യകാലമായിരുന്നു. പിന്നീടവര്‍ പിന്നോക്കജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാനുള്ള സംയുക്തരാഷ്ട്രീയസഭയെയും നിവര്‍ത്തനപ്രക്ഷോഭണത്തെയും അതിലെല്ലാമുപരി സി പി രാമസ്വാമി അയ്യരുടെ കിങ്കരന്‍മാരായി സ്റേറ്റ് കോണ്‍ഗ്രസിനെ തന്നെയും എതിര്‍ത്തപ്പോള്‍ അവരില്‍ അവശേഷിച്ചിരുന്ന പുരോഗമനആശയങ്ങള്‍ പൂര്‍ണ്ണമായി വാര്‍ന്നുപോയി.

മന്നത്തുപദ്മനാഭന്റെയും, എന്‍ എസ് എസ്സിന്റെയും അധ:പതനത്തിന്റെ നെല്ലിപ്പടിയായിരുന്നു 1959 ല്‍ കമ്യൂണിസ്റുസര്‍ക്കാരിനെതിരെ നടത്തിയ കുപ്രസിദ്ധവിമോചനസമരത്തിലെ അവരുടെ പങ്കാളിത്തം.

നവോത്ഥാനത്തിന് സംഭാവനനല്‍കിയ നമ്പൂതിരി യോഗക്ഷേമസഭയുടെ കാര്യത്തിലും ഈ വിധത്തിലുള്ള മാറ്റം മറിച്ചിലുകള്‍ കാണാം. മഹാനായ അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞുപോയി ജാതിസംഘടനകള്‍ ഉണ്ടാക്കിയവരും ജാതിവാദികളും ഉണ്ടായിരുന്നു. അയ്യങ്കാളി ഏറ്റവും അധ: സ്ഥിതരായ ദളിതര്‍ക്കുവേണ്ടിയാണ് പോരാടിയത്. അവരെ ചേരമരെന്നും, പുലയരെന്നും സാംബവരെന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നില്ല. പക്ഷേ പിന്നീട് സാംബവര്‍ മഹാജനസഭയും ചേരമര്‍ സഭയും പുലയര്‍മഹാസഭയും മറ്റും രൂപംകൊണ്ടതോടെ അവ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ദളിത് ഉദ്യോഗസ്ഥ പ്രമാണിമാരുടെ ചട്ടുകമായി തീര്‍ന്നു.

വര്‍ഗ്ഗസംഘടനകളുടെ പ്രസക്തി

ഈ ചരിത്രവസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അയ്യങ്കാളി സാമൂഹ്യവിവേചനത്തിനെതിരെ പോരാടിയതോടൊപ്പം സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. കര്‍ഷകത്തൊഴിലാളികളുടെ കേരളത്തിലെ പ്രഥമപണിമുടക്കും പ്രക്ഷോഭവും നയിച്ച കാര്യം പ്രസിദ്ധമാണല്ലോ. അങ്ങനെ സാമ്പത്തികഅവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജാതിക്കാരെയും ചേര്‍ത്ത്  തൊഴിലെടുക്കുന്നവരുടെ ഐക്യവും ഐക്യസംഘടനകളും സ്ഥാപിക്കുകയാണ് വേണ്ടത്. കേരളത്തില്‍ അയ്യങ്കാളിയുടെ ഈ മാതൃകപിന്തുടര്‍ന്നത് 1937-ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്് പാര്‍ട്ടിയാണ്. ദളിതരുടെയും മറ്റ് കീഴ്ജാതിക്കാരുടെയും പ്രശ്നങ്ങളെല്ലാം സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതുകൊണ്ടുമാത്രം ആവില്ല. സാമൂഹ്യരംഗത്തെ സാംസ്ക്കാരികപ്രവര്‍ത്തനം കൂടി അതിനാവശ്യമാണ്. കൂടാതെ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തവും നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ സംവരണവും കേന്ദ്രത്തിലെ പ്രഥമകോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മണ്ഡല്‍ക്കമ്മീഷനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭ തുടങ്ങിവച്ച പിന്നോക്കസമുദായസംവരണവും (ഒ ബി സി) എല്ലാം ഈ 'അധികാര സംമ്പാദന'ത്തിന്റെ (എം പവര്‍മെന്റ്) ആവശ്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. ഇത്രയൊക്കെയായിട്ടും സ്വാതന്ത്യ്രം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും അധ:സ്ഥിത ജാതികളുടെ അവശതകള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജാതി സംഘടനകളിലെ വരേണ്യ പക്ഷപാതങ്ങളെ എതിര്‍ക്കുകയും വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുക്കുകയും അധ:സ്ഥിതരുടെ ജാതി സംഘടനകളോട് ശത്രുതയില്ലാത്ത ക്രിയാത്മക സമീപനം കൈക്കൊള്ളുകയുമാണ് പോംവഴി.

സാഹിത്യകാരന്റെ രാഷ്ട്രീയം

വര്‍ഗ്ഗീയത, സാമ്രാജ്യത്വം ആഗോളീകരണം എന്നീ സങ്കീര്‍ണ്ണമായ വിപത്തുകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സംവാദങ്ങളും സമരങ്ങളും നടക്കുന്നു. എന്നാല്‍ വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്ക്കുന്ന എഴുത്തുകാരുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തുന്നതെന്തുകൊണ്ടാണ്?


ഏതു സമൂഹത്തിന്റെയും നിലനില്‍പ്പ് അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇത്തരത്തിലുള്ള ആശയവിനിമയങ്ങളുടെ ഉപാധികളാണ് പണ്ടത്തെ നൃത്തവും സംഗീതവും നടോടികഥകളുടെ പ്രചാരവും അമ്മൂമ്മമാരില്‍ നിന്നും അപ്പൂപ്പന്മാരില്‍നിന്നും പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടുന്ന അനുഭവ സമ്പത്തും എല്ലാം. ആറായിരം വര്‍ഷം മുമ്പ് അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനും മുമ്പും അതിനുശേഷം ആ വിദ്യയില്‍ തഴക്കമില്ലാത്തവര്‍ക്കുവേണ്ടിയും മേല്‍ പറഞ്ഞ ഉപദേശങ്ങളും കഥകളും കലയും പൂര്‍ണ്ണമായി വാമൊഴിയില്‍ ആയിരുന്നു. അക്ഷരം കണ്ടുപിടിച്ചതിനുശേഷം വരമൊഴിയിലായി. അതോടുകൂടി ഈ വരമൊഴി കൈകാര്യം ചെയ്യുന്ന വിജ്ഞാന പ്രചാരകരുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നു.

ഇങ്ങനെ കഥകളും കവിതകളും രചിക്കുന്നവരും നാടകവും നൃത്തവും സംഗീതവും അവതരിപ്പിക്കുന്നവരും ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കും വിധവും അവര്‍ക്ക് വിനോദം അനുഭവപ്പെടുന്നരീതിയിലും ആണ് ഈ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിപ്പോന്നത്. അവയെല്ലാം മനുഷ്യരുടെ ഹൃദയവികാരങ്ങളെയും ആശകളെയും നിരാശകളെയും പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. പക്ഷേ സമൂഹത്തിന്റെ നിലനില്പിനും പുരോഗതിക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടനകള്‍ ആവശ്യമാണ്. അതില്‍ അധികാരഘടനയുടെ പ്രശ്നങ്ങളും ഉച്ചനീചത്വങ്ങളുടെ സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടാതിരിക്കില്ല. ഇതൊക്കെത്തന്നെയാണ് രാഷ്ട്രീയപ്രശ്നങ്ങള്‍. ഋഷിതുല്യരായ നമ്മുടെ പ്രാചീന സാംസ്കാരിക നായകരായ ഹോമറും (ഒഡീസി, ഇലിയഡ്) വാല്മീകിയും (രാമായണം) വ്യാസനും (മഹാഭാരതം) എല്ലാം രാഷ്ട്രീയത്തെയും യുദ്ധത്തെയും അവയില്‍ നിന്ന് തലയുയര്‍ത്തിയ പ്രാമാണികരെയും അവയില്‍ കുടുങ്ങിപ്പോയ ഹതഭാഗ്യരെയും ഇവരുടെയെല്ലാം അന്തര്‍ധാരയായിരുന്ന ധര്‍മ്മാധര്‍മ്മ ചിന്തകളെയുമാണ് പരാമര്‍ശിച്ചത്. പില്‍ക്കാലത്തും ഷേക്സ്പിയറെയും മില്‍ട്ടനെയും തുളസിദാസിനെയും, കമ്പരെയും പോലുള്ളവര്‍ അതേമാര്‍ഗ്ഗം തന്നെയാണ് തുടര്‍ന്നത്. കേരളത്തില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ പരോക്ഷമായും കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ളവര്‍ പ്രത്യക്ഷമായും രാഷ്ട്രീയവും സാമൂഹ്യപ്രശ്നങ്ങളും ധാര്‍മ്മിക കാര്യങ്ങളും കൈകാര്യം ചെയ്തു. ആധുനിക കേരളത്തിലാകട്ടെ കുമാരനാശാനും വള്ളത്തോളും തകഴിയും പൊന്‍കുന്നം വര്‍ക്കിയും ചെറുകാടും എസ് കെ പൊറ്റെക്കാടും ബഷീറും എല്ലാം രാഷ്ട്രീയക്കാരായിരുന്നു. വള്ളത്തോള്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കവിതകള്‍ എഴുതുകയും ചെയ്തു. 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും എഴുതിയ ആശാനും പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിലെ പ്രധാനപ്രശ്നങ്ങളായ മതം വര്‍ഗ്ഗം സാമ്രാജ്യത്വം ആഗോളീകരണം മതലായവയെ സംബന്ധിച്ച് നിസ്സംഗത നടിക്കുന്നവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ല. പലപ്പോഴും ഈ നിസംഗതയ്ക്കും അരാഷ്ട്രീയത്തിനും പുറകില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദൌത്യം അവര്‍ നിര്‍വഹിക്കുന്നതായും കാണാം.

(പി.ഗോവിന്ദപ്പിള്ളയുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്