Saturday, January 19, 2013

നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

നവോത്ഥാന നായകരും സാമൂഹ്യപരിഷക്കര്‍ത്താക്കളും ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലേക്ക് ഇന്ന് കയറിപ്പറ്റിയവര്‍ സ്ഥാപകോദ്ദേശ്യങ്ങളെ തിരസ്കരിക്കുന്നതായി തോന്നുന്നു. ഈ വിപര്യയത്തിനു കാരണമെന്താണ്. എങ്ങനെയാണ് നേരിടേണ്ടത്?

നവോത്ഥാനം, സാമൂഹ്യപരിഷ്കാരം, സാമൂഹ്യവിപ്ളവം മുതലായ പ്രതിഭാസങ്ങള്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ ഇടയ്ക്കിടെ അനിവാര്യമായും പ്രയോജനപ്രദമായും സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അതുപോലെ തന്നെ അനിവാര്യമയി സംഭവിക്കുന്നുവെന്ന് തോന്നാവുന്നവയാണ് അവയുടെ പില്‍ക്കാലത്തെ അപചയവും. നമ്മുടെ ലോകചരിത്രത്തില്‍ ഗൌതമബുദ്ധന്‍, സൌരാഷ്ട്രര്‍, യേശുക്രിസ്തു, മുഹമ്മദ്നബി മുതലായവരെ വെറും പുതുമതസ്ഥാപകര്‍ മാത്രമായി കരുതുന്നത് ചരിത്രദൃഷ്ട്യാ തെറ്റാണ്. ഇവരില്‍ പലരും നിലനില്‍ക്കുന്ന സാമൂഹ്യവ്യസ്ഥയിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയവരാണ് എന്ന് അവരുടെ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബുദ്ധനും ക്രിസ്തുവും മറ്റും ഒരു മതവും സ്ഥാപിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് അവരുടെ ആശയങ്ങളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ആക്കിയത്. ബുദ്ധനാകട്ടെ ഈശ്വരസങ്കല്പം പോലും അംഗീകരിച്ചിരുന്നില്ല.

റോമസാമ്രാജ്യത്തിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്ന യഹൂദന്‍മാരെയും യഹുദപ്രമാണിമാരുടെ വിവേചനത്തിന് വിധേയരായി അകറ്റിനിറുത്തപ്പെട്ടവരെയും പണക്കാരുടെ ചൂഷണത്തിനുവിധേയരായ ദരിദ്രരേയും പ്രത്യാശയും തന്റേടവും നല്കി സ്വതന്ത്രരും ശക്തരുമാക്കാനാണ് യേശുക്രിസ്തു ശ്രമിച്ചത്. അങ്ങനെ ക്രിസ്തുമതം പീഡിതരുടെ അത്താണിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റയിന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്വമര്‍ദ്ദനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും സാമ്രാജ്യത്തിന്റ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പീഡിതരുടെ മതം പീഢകരുടെ മതമായി മാറുകയാണുണ്ടായത്.

മതങ്ങളുടെ അപചയം

ബുദ്ധന്‍ അന്നുനിലവിലിരുന്ന ജാതി മേധാവിത്വത്തിനും, ചെലവേറിയ വൈദികയാഗങ്ങള്‍ക്കും എതിരെ കീഴ്ജാതിക്കാരെയും, ശൂദ്രരും വൈശ്യരുമുള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കുന്നതിനുള്ള സന്ദേശം നല്കുകയും സംഘടനകള്‍ കെട്ടിപ്പടുക്കുകയുമാണ് ചെയ്തത്. പക്ഷേ അധികകാലം വേണ്ടിവന്നില്ല. ബുദ്ധമതം ഹീനയാനവും മഹായാനവുമായി വേര്‍പിരിയാന്‍. ഇതിലെ മഹായാന ബുദ്ധന്റെ സന്ദേശങ്ങള്‍ക്കെതിരെ പ്രാമാണികരുടെ മതമായി വളരുകയാണ് ചെയ്തത്. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ ത്തന്നെ അവര്‍ ഈശ്വരനാക്കി വിഗ്രഹങ്ങള്‍ സൃഷ്ടിച്ച് പൂജിക്കാന്‍ തുടങ്ങി. മിക്കവാറും മറ്റെല്ലാ മതങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കാവുന്ന അപചയമാണിത്.

മഹാപ്രസ്ഥാനങ്ങള്‍ ജാതീയതയുടെ ഉപകരണം

ഈ മഹാപ്രസ്ഥാനങ്ങളുടെ വഴിക്കുതന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലെ നവോത്ഥാനപ്രക്രിയയും ആദ്യം മുന്നോട്ടും പിന്നെ പിന്നോട്ടും പോയത്. തനിക്ക് ജാതിയോ മതമോ ഇല്ലെന്നും ധര്‍മ്മാധിഷ്ഠിതവും സമത്വാദര്‍ശനിഷ്ഠയുള്ളതും ആയ ഒരു നവീന സമൂഹസൃഷ്ടിയിലാണ് വിശ്വസിക്കുന്നത് എന്നും ശ്രീനാരായണഗുരു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനാനുവാദമില്ലായ്മയും നിലനിന്നിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിമോചനത്തിലേക്ക്് നയിക്കാനാണ് 1903 ല്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം. ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ കര്‍മ്മകുശലത ഉപയോഗപ്പെടുത്തി അദ്ദേഹം സംഘടിപ്പിച്ചത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും അപചയം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. ജാതി ചോദിക്കരുത്  പറയരുത് എന്നും മദ്യം വിഷമാണെന്നും, അതുണ്ടാക്കരുത്, കൊടുക്കരുത്,   എന്നും പഠിപ്പിച്ച  ഗുരുവിന്റെ സംഘടനതന്നെ അതുതുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ജാത്യാഭിമാനം' വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. സംഘടനയില്‍നിന്ന് 1916 ല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഡോ. പല്‍പ്പുവും നാലഞ്ചുവര്‍ഷത്തിനുശേഷം  എസ് എന്‍ ഡി പിയില്‍ നിന്ന് പിരിഞ്ഞു. എസ് എന്‍ ഡി പിയുടെ സ്ഥാപകജനറല്‍ സെക്രട്ടറി യായിരുന്ന മഹാകവി കുമാരനാശാന്‍ പതിനെട്ടു വര്‍ഷത്തെ ഉജ്ജ്വലമായ സേവനത്തിനുശേഷം സ്വയം പിരിഞ്ഞുപോയി. എസ് എന്‍ ഡി പി യിലെ ചില പ്രമാണിമാര്‍ കുമാരനാശാന്റെ ഗാനത്തിനെതിരെ നടത്തിയ അപവാദപ്രചരണത്തില്‍ മനംനൊന്ത് ആശാന്‍ കവിതകള്‍ പോലും രചിക്കുകയുണ്ടായി.

ഇതുപോലെ ആദ്യകാലത്ത് സാമൂഹ്യപരിഷ്ക്കരണത്തിനും ദുരാചാരനിര്‍മ്മാര്‍ജ്ജനത്തിനുംവേണ്ടി പരിശ്രമിച്ച പലസംഘടനകളും പില്‍ക്കാലത്ത് അനാചാരങ്ങളുടെയും ജാതീയതയുടെയും ഉദാഹരണമായി അധ:പതിച്ച സംഭവങ്ങള്‍  ഇവിടെ വിസ്തരിച്ച് എടുത്തുപറയേണ്ടതില്ല. ഇങ്ങനെ അപചയം സംഭവിക്കുമ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായകര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിനുവഴിയില്ലെങ്കില്‍ വേറെ സംഘടനകള്‍ സ്ഥാപിക്കുകയുമാണ് പുരോഗമനേച്ഛുക്കളുടെ കര്‍ത്തവ്യം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം പഴയ ആദര്‍ശങ്ങള്‍ പുലര്‍ത്താന്‍ പുതിയ ജാതി  സംഘടനകള്‍ സ്ഥാപിക്കണം എന്നാണോ?


കേരളത്തിലെ നവോത്ഥാനത്തിനും മതനിരപേക്ഷമായ ജനാധിപത്യപ്രസ്ഥാനത്തിനും ചില പ്രത്യേകതകളുണ്ട്. ഈ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ മിക്കവയും സ്ഥാപിക്കപ്പെട്ടത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണഗുരു എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് എല്ലാ ജാതി വിഭാഗങ്ങളുടെയും അവശതകള്‍ ഈഴവരുടേതിനുമൊപ്പം പരിഹരിക്കാനാണെങ്കിലും പില്‍ക്കാലത്ത് (ഇപ്പോഴും) അത് ഈഴവരുടെ ജാതി സംഘടനയായി മാറി. യോഗത്തിന്റെ അപചയം ആരംഭിച്ചതോടെ ഈഴവരില്‍തന്നെ പ്രമാണിമാരുടെ സംഘടനയായി എസ് എന്‍ ഡി പിയോഗം അധ:പതിച്ചു. സ്വദേശാഭിമാനി ടി കെ മാധവനെപ്പോലെ അധ:സ്ഥിതരുടെ മോചനത്തിനായാലും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായാലും എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കണം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇന്ന് എസ് എന്‍ ഡി പിയുടെ നേതൃനിരയില്‍ കാണാനില്ല. അതുപോലെതന്നെ എസ് എന്‍ ഡി പിയുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട എന്‍ എസ് എസിന്റെ കാര്യവും വ്യത്യസ്തമല്ല. നായന്മാര്‍, നമ്പൂതിരിമാരെയും ക്ഷത്രിയന്മാരെയുംകാള്‍ ജാതി ശ്രേണിയില്‍ താഴ്ന്നവരാണെങ്കിലും അവരില്‍ ഒരു വിഭാഗം ഭരണരംഗത്തും ഭൂഉടമയിലും മേലാളന്മാരായിരുന്നു. എന്നുമാത്രമല്ല അവരും പണ്ട് ശൂദ്രരായി കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് പൂണൂല്‍വര്‍ഗ്ഗക്കാരുമായുള്ള വേഴ്ചമൂലം സവര്‍ണ്ണരായിത്തീര്‍ന്നു. എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥ കെട്ടുകല്യാണം നമ്പൂതിരിസംബന്ധം അമ്മാവന്മാരുടെ കാരണവ ആധിപത്യം തുടങ്ങിയ പലമേഖലകളിലും അവശരായവരെ കൂടി ഉള്‍ക്കൊണ്ടിരുന്നു. ഇവയ്ക്കെല്ലാമെതിരായ പോരാടുകയും 1924 ലെ വൈക്കം സത്യാഗ്രഹക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ നടത്തുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനകാലം എന്‍ എസ് എസിന്റെ നവോത്ഥാനദൌത്യകാലമായിരുന്നു. പിന്നീടവര്‍ പിന്നോക്കജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാനുള്ള സംയുക്തരാഷ്ട്രീയസഭയെയും നിവര്‍ത്തനപ്രക്ഷോഭണത്തെയും അതിലെല്ലാമുപരി സി പി രാമസ്വാമി അയ്യരുടെ കിങ്കരന്‍മാരായി സ്റേറ്റ് കോണ്‍ഗ്രസിനെ തന്നെയും എതിര്‍ത്തപ്പോള്‍ അവരില്‍ അവശേഷിച്ചിരുന്ന പുരോഗമനആശയങ്ങള്‍ പൂര്‍ണ്ണമായി വാര്‍ന്നുപോയി.

മന്നത്തുപദ്മനാഭന്റെയും, എന്‍ എസ് എസ്സിന്റെയും അധ:പതനത്തിന്റെ നെല്ലിപ്പടിയായിരുന്നു 1959 ല്‍ കമ്യൂണിസ്റുസര്‍ക്കാരിനെതിരെ നടത്തിയ കുപ്രസിദ്ധവിമോചനസമരത്തിലെ അവരുടെ പങ്കാളിത്തം.

നവോത്ഥാനത്തിന് സംഭാവനനല്‍കിയ നമ്പൂതിരി യോഗക്ഷേമസഭയുടെ കാര്യത്തിലും ഈ വിധത്തിലുള്ള മാറ്റം മറിച്ചിലുകള്‍ കാണാം. മഹാനായ അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞുപോയി ജാതിസംഘടനകള്‍ ഉണ്ടാക്കിയവരും ജാതിവാദികളും ഉണ്ടായിരുന്നു. അയ്യങ്കാളി ഏറ്റവും അധ: സ്ഥിതരായ ദളിതര്‍ക്കുവേണ്ടിയാണ് പോരാടിയത്. അവരെ ചേരമരെന്നും, പുലയരെന്നും സാംബവരെന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നില്ല. പക്ഷേ പിന്നീട് സാംബവര്‍ മഹാജനസഭയും ചേരമര്‍ സഭയും പുലയര്‍മഹാസഭയും മറ്റും രൂപംകൊണ്ടതോടെ അവ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ദളിത് ഉദ്യോഗസ്ഥ പ്രമാണിമാരുടെ ചട്ടുകമായി തീര്‍ന്നു.

വര്‍ഗ്ഗസംഘടനകളുടെ പ്രസക്തി

ഈ ചരിത്രവസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അയ്യങ്കാളി സാമൂഹ്യവിവേചനത്തിനെതിരെ പോരാടിയതോടൊപ്പം സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. കര്‍ഷകത്തൊഴിലാളികളുടെ കേരളത്തിലെ പ്രഥമപണിമുടക്കും പ്രക്ഷോഭവും നയിച്ച കാര്യം പ്രസിദ്ധമാണല്ലോ. അങ്ങനെ സാമ്പത്തികഅവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജാതിക്കാരെയും ചേര്‍ത്ത്  തൊഴിലെടുക്കുന്നവരുടെ ഐക്യവും ഐക്യസംഘടനകളും സ്ഥാപിക്കുകയാണ് വേണ്ടത്. കേരളത്തില്‍ അയ്യങ്കാളിയുടെ ഈ മാതൃകപിന്തുടര്‍ന്നത് 1937-ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്് പാര്‍ട്ടിയാണ്. ദളിതരുടെയും മറ്റ് കീഴ്ജാതിക്കാരുടെയും പ്രശ്നങ്ങളെല്ലാം സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതുകൊണ്ടുമാത്രം ആവില്ല. സാമൂഹ്യരംഗത്തെ സാംസ്ക്കാരികപ്രവര്‍ത്തനം കൂടി അതിനാവശ്യമാണ്. കൂടാതെ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തവും നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ സംവരണവും കേന്ദ്രത്തിലെ പ്രഥമകോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മണ്ഡല്‍ക്കമ്മീഷനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭ തുടങ്ങിവച്ച പിന്നോക്കസമുദായസംവരണവും (ഒ ബി സി) എല്ലാം ഈ 'അധികാര സംമ്പാദന'ത്തിന്റെ (എം പവര്‍മെന്റ്) ആവശ്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. ഇത്രയൊക്കെയായിട്ടും സ്വാതന്ത്യ്രം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും അധ:സ്ഥിത ജാതികളുടെ അവശതകള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജാതി സംഘടനകളിലെ വരേണ്യ പക്ഷപാതങ്ങളെ എതിര്‍ക്കുകയും വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുക്കുകയും അധ:സ്ഥിതരുടെ ജാതി സംഘടനകളോട് ശത്രുതയില്ലാത്ത ക്രിയാത്മക സമീപനം കൈക്കൊള്ളുകയുമാണ് പോംവഴി.

സാഹിത്യകാരന്റെ രാഷ്ട്രീയം

വര്‍ഗ്ഗീയത, സാമ്രാജ്യത്വം ആഗോളീകരണം എന്നീ സങ്കീര്‍ണ്ണമായ വിപത്തുകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സംവാദങ്ങളും സമരങ്ങളും നടക്കുന്നു. എന്നാല്‍ വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്ക്കുന്ന എഴുത്തുകാരുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തുന്നതെന്തുകൊണ്ടാണ്?


ഏതു സമൂഹത്തിന്റെയും നിലനില്‍പ്പ് അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇത്തരത്തിലുള്ള ആശയവിനിമയങ്ങളുടെ ഉപാധികളാണ് പണ്ടത്തെ നൃത്തവും സംഗീതവും നടോടികഥകളുടെ പ്രചാരവും അമ്മൂമ്മമാരില്‍ നിന്നും അപ്പൂപ്പന്മാരില്‍നിന്നും പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടുന്ന അനുഭവ സമ്പത്തും എല്ലാം. ആറായിരം വര്‍ഷം മുമ്പ് അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനും മുമ്പും അതിനുശേഷം ആ വിദ്യയില്‍ തഴക്കമില്ലാത്തവര്‍ക്കുവേണ്ടിയും മേല്‍ പറഞ്ഞ ഉപദേശങ്ങളും കഥകളും കലയും പൂര്‍ണ്ണമായി വാമൊഴിയില്‍ ആയിരുന്നു. അക്ഷരം കണ്ടുപിടിച്ചതിനുശേഷം വരമൊഴിയിലായി. അതോടുകൂടി ഈ വരമൊഴി കൈകാര്യം ചെയ്യുന്ന വിജ്ഞാന പ്രചാരകരുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നു.

ഇങ്ങനെ കഥകളും കവിതകളും രചിക്കുന്നവരും നാടകവും നൃത്തവും സംഗീതവും അവതരിപ്പിക്കുന്നവരും ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കും വിധവും അവര്‍ക്ക് വിനോദം അനുഭവപ്പെടുന്നരീതിയിലും ആണ് ഈ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിപ്പോന്നത്. അവയെല്ലാം മനുഷ്യരുടെ ഹൃദയവികാരങ്ങളെയും ആശകളെയും നിരാശകളെയും പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. പക്ഷേ സമൂഹത്തിന്റെ നിലനില്പിനും പുരോഗതിക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടനകള്‍ ആവശ്യമാണ്. അതില്‍ അധികാരഘടനയുടെ പ്രശ്നങ്ങളും ഉച്ചനീചത്വങ്ങളുടെ സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടാതിരിക്കില്ല. ഇതൊക്കെത്തന്നെയാണ് രാഷ്ട്രീയപ്രശ്നങ്ങള്‍. ഋഷിതുല്യരായ നമ്മുടെ പ്രാചീന സാംസ്കാരിക നായകരായ ഹോമറും (ഒഡീസി, ഇലിയഡ്) വാല്മീകിയും (രാമായണം) വ്യാസനും (മഹാഭാരതം) എല്ലാം രാഷ്ട്രീയത്തെയും യുദ്ധത്തെയും അവയില്‍ നിന്ന് തലയുയര്‍ത്തിയ പ്രാമാണികരെയും അവയില്‍ കുടുങ്ങിപ്പോയ ഹതഭാഗ്യരെയും ഇവരുടെയെല്ലാം അന്തര്‍ധാരയായിരുന്ന ധര്‍മ്മാധര്‍മ്മ ചിന്തകളെയുമാണ് പരാമര്‍ശിച്ചത്. പില്‍ക്കാലത്തും ഷേക്സ്പിയറെയും മില്‍ട്ടനെയും തുളസിദാസിനെയും, കമ്പരെയും പോലുള്ളവര്‍ അതേമാര്‍ഗ്ഗം തന്നെയാണ് തുടര്‍ന്നത്. കേരളത്തില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ പരോക്ഷമായും കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ളവര്‍ പ്രത്യക്ഷമായും രാഷ്ട്രീയവും സാമൂഹ്യപ്രശ്നങ്ങളും ധാര്‍മ്മിക കാര്യങ്ങളും കൈകാര്യം ചെയ്തു. ആധുനിക കേരളത്തിലാകട്ടെ കുമാരനാശാനും വള്ളത്തോളും തകഴിയും പൊന്‍കുന്നം വര്‍ക്കിയും ചെറുകാടും എസ് കെ പൊറ്റെക്കാടും ബഷീറും എല്ലാം രാഷ്ട്രീയക്കാരായിരുന്നു. വള്ളത്തോള്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കവിതകള്‍ എഴുതുകയും ചെയ്തു. 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും എഴുതിയ ആശാനും പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിലെ പ്രധാനപ്രശ്നങ്ങളായ മതം വര്‍ഗ്ഗം സാമ്രാജ്യത്വം ആഗോളീകരണം മതലായവയെ സംബന്ധിച്ച് നിസ്സംഗത നടിക്കുന്നവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ല. പലപ്പോഴും ഈ നിസംഗതയ്ക്കും അരാഷ്ട്രീയത്തിനും പുറകില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദൌത്യം അവര്‍ നിര്‍വഹിക്കുന്നതായും കാണാം.

(പി.ഗോവിന്ദപ്പിള്ളയുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

No comments: