Tuesday, January 15, 2013

എട്ടാം ക്ലാസുകാരി, വില 140 രൂപ

ഒരു പൈന്റ് വാങ്ങാന്‍ നൂറ്റിനാല്‍പ്പത് രൂപയ്ക്ക് എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെയും അയ്യായിരം രൂപയ്ക്ക് ഒമ്പതാംക്ലാസിലെ മകളെയും വിറ്റ അച്ഛന്മാര്‍ നോവലിലോ പുരാണേതിഹാസങ്ങളിലോ അല്ല, തിരുവനന്തപുരം ജില്ലയില്‍!

ലഹരിയോട് ആളുകള്‍ക്കുള്ള ആസക്തി അത്ര ഭീകരമാണ്. അതിന്റെ മുന്നില്‍ അമ്മയും പെങ്ങളുമില്ല. മകളുടെ മാനമോ ഭാര്യയുടെ ചാരിത്ര്യമോ ഇല്ല. എന്തുവിറ്റാലും കുടിക്കണം. നാണക്കേടും കുറ്റബോധവും തീരെയില്ല. അത്ഭുതത്തോടെ മാത്രം കേള്‍ക്കാന്‍ സാധിക്കുന്നത്ര ഭീകരമായ സംഭവങ്ങളാണ് മദ്യപിച്ച് ലക്ക്കെട്ട കുടുംബനാഥന്മാരെ ചികിത്സക്കായി കൊണ്ടുവരുമ്പോള്‍ കേട്ടത്. അതിനേക്കള്‍ ഭീകരമായിരുന്നു ചില കോളനികള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ മദ്യത്തിനടിമകളായി തകര്‍ന്ന വ്യക്തികളെ ചികിത്സിക്കുന്ന കരുണാസായിയിലെ മനശാസ്ത്രജ്ഞന്‍ എല്‍ ആര്‍ മധുജന്‍ തനിക്കുണ്ടായ അനുഭവങ്ങളില്‍ ചിലത് പങ്കുവയ്ക്കുന്നു

മദ്യപിച്ച് മത്തുപിടിച്ച് വാഗ്വാദം നടത്തുന്നതിനിടയില്‍ ഭാര്യയെയും മകളെയും വില്‍ക്കേണ്ടിവന്ന മൈക്കിള്‍ ഹെഞ്ചേര്‍ഡിന്റെ കഥ മേയര്‍ ഓഫ് കാസ്റ്റര്‍ബ്രിഡ്ജ് എന്ന നോവലില്‍ തോമസ് ഹാര്‍ഡി എഴുതിവച്ചിട്ടുണ്ട്. ഭാവനയില്‍ അങ്ങനെ എന്തുമാകാം. ഭാര്യയെ വില്‍ക്കാം. മകളെ പണയംവയ്ക്കാം. അമ്മയെ മറക്കാം. അതൊക്കെ കഥകള്‍മാത്രമാണ്. കഥയില്‍ ചോദ്യമില്ല. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ചൂതാട്ടം നടത്തി പലതും പണയംവയ്ക്കുന്ന സംഭവങ്ങളിലെ ഹേതുവാക്യപദാര്‍ഥങ്ങളൊന്നും ചോദ്യംചെയ്യപ്പെടാത്തത് അവ കഥകളായതുകൊണ്ടാണ്. പക്ഷേ, ഒരു പൈന്റ് വാങ്ങാന്‍ നൂറ്റിനാല്‍പത് രൂപക്ക് എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെയും അയ്യായിരം രൂപയ്ക്ക് ഒമ്പതാംക്ലാസിലെ മകളെയും വിറ്റ അച്ഛന്മാര്‍ നോവലിലോ പുരാണേതിഹാസങ്ങളിലോ അല്ല, തിരുവനന്തപുരം ജില്ലയില്‍!

ജില്ലയുടെ തെക്ക് വനം അതിരാകുന്ന മലയോരമേഖലയില്‍ ഞാനവരെ കണ്ടു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഭാവത്തില്‍! ഇത്തരം ഗ്രാമീണമേഖലയില്‍ മദ്യം വിതയ്ക്കുന്ന വലിയ ദുരന്തം നിസ്സാരവിലയ്ക്ക് പെണ്‍മക്കള്‍ വില്‍ക്കപ്പെടുന്നു എന്നതാണ്. നേരത്തെ വിവാഹം കഴിപ്പിക്കുന്നു എന്ന പൈശാചികതയ്ക്കുമപ്പുറം ഒരു നേരത്തെ ലഹരിക്കുവേണ്ടി ഒരു പണയവസ്തുപോലെ വില്‍ക്കപ്പെടുന്നു എന്ന നിഷ്ഠുരത. പതിമൂന്ന് വയസ്സിനിടയില്‍ ഒരു വിവാഹവും എത്രവട്ടമെന്ന് ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തത്ര ബലാത്സംഗങ്ങളും അനുഭവിക്കേണ്ടിവന്ന സിന്ധു എന്ന പെണ്‍കുട്ടി അവളുടെ കഥ പറഞ്ഞപ്പോള്‍, ഓര്‍മവന്നത് വയലാറിന്റെ ആയിഷയിലെ വരികളാണ്. അര്‍ദ്രമാന്‍ കൈ ചൂണ്ടിക്കൊണ്ട് അലറി: ""പെണ്ണേ നിന്നെ കത്തികൊണ്ടരിഞ്ഞു ഞാന്‍ കടയില്‍ കെട്ടിത്തൂക്കും."" ആയിഷ ഭയന്നനുസരിച്ചതുപോലെ സിന്ധുവും നാല്‍പ്പത്തെട്ടുകാരന്റെ ഭാര്യയായി. പതിനെട്ടാമത്തെ ദിവസം അവളെ അയാളുപേക്ഷിക്കുകയുംചെയ്തു.

18 ദിവസത്തെ ഉപഭോഗത്തിന് അയ്യായിരം രൂപ. അതില്‍ അയാള്‍ക്കോ സിന്ധുവിനെ വിറ്റ് കള്ളുകുടിച്ച അച്ഛനോ ഒരു കുറ്റബോധവുമില്ല. പിന്നീടുള്ള ദിവസങ്ങളിലും അയാള്‍ സിന്ധുവിന്റെ വീട്ടില്‍ വന്നു. അച്ഛന് കള്ളുകൊടുത്തു. പലതവണ സിന്ധുവിനെ ബലാത്സംഗംചെയ്തു. അതിനും അച്ഛന്‍ കാവല്‍ കിടന്നു. പഠിക്കാനിഷ്ടമായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ നേഴ്സാകാനായിരുന്നു ഇഷ്ടമെന്ന് അവള്‍ പറഞ്ഞു. സ്വപ്നങ്ങളില്‍ മെഡിക്കല്‍ കോളേജും നേഴ്സിങ്ങിന്റെ പാഠങ്ങളും നിറഞ്ഞുനിന്ന പെണ്‍കുട്ടി അബോര്‍ഷനുശേഷമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ടിവന്ന കഥ പറഞ്ഞപ്പോള്‍മാത്രം കരഞ്ഞുപോയി. വികാരങ്ങളെല്ലാം വറ്റി, കറുത്ത് കരുവാളിച്ച് ഒരു ശവംപോലെ സിന്ധു എന്റെ മുന്നിലിരുന്നു. ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ കരുണാസായി നടത്തിയ സൗജന്യ കൗണ്‍സലിങ് ക്യാമ്പില്‍ പല പെണ്‍കുട്ടികളും പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ലഹരിയോട് ആളുകള്‍ക്കുള്ള ആസക്തി എത്ര ഭീകരമാണ്. അതിന്റെ മുന്നില്‍ അമ്മയും പെങ്ങളുമില്ല. മകളുടെ മാനമോ ഭാര്യയുടെ ചാരിത്ര്യമോ ഇല്ല. എന്തുവിറ്റാലും കുടിക്കണം. നാണക്കേടും കുറ്റബോധവും തീരെയില്ല. മദ്യം കരളിനെമാത്രമേ നശിപ്പിക്കൂ എന്നൊരു തെറ്റിദ്ധാരണയുണ്ട്. അതുകൊണ്ടാണ് കരള്‍ സുരക്ഷിതമാക്കാന്‍ പലരും മുന്‍കൂര്‍ജാമ്യമെടുക്കുന്നത്. പക്ഷേ, ഓര്‍ക്കുക. മദ്യം കരളിനെ നശിപ്പിക്കും; അതിലേറെ അത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കും! മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിക്കുമ്പോഴുണ്ടാകുന്ന അമ്നെസ്റ്റിക് ഡിസോര്‍ഡറുകളാണ് മനുഷ്യനെ കൊണ്ട് അവന്‍ സ്വബോധത്തിലുള്ളപ്പോള്‍ ചിന്തിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും ചെയ്യിക്കുന്നത്.

എന്റെ അച്ഛന്‍ എന്നു മരിക്കും?

കണ്‍സള്‍ട്ടേഷന്‍ ടേബിളിന്റെ മുമ്പില്‍ രോഗിയുടെ ബന്ധുക്കളിരിക്കുന്നത് പലപ്പോഴും ആകാംക്ഷയുടെ മുള്‍മുനകളിലാണ്. കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ അല്ലേ? ഇനി കുടിക്കില്ലല്ലോ അല്ലേ? ഇനി കുടിക്കാതിരുന്നാല്‍ കരളിന്റെ പ്രശ്നമൊക്കെ മാറുമല്ലോ അല്ലേ? നിത്യേന കേള്‍ക്കുന്ന ഒരേരീതിയിലുള്ള ചോദ്യങ്ങള്‍. അനീഷ് വന്നതും അച്ഛന്റെ രോഗത്തെക്കുറിച്ച് അന്വേഷിക്കാനെന്നാണ് ഞാന്‍ വിചാരിച്ചത്. തലേന്ന് അഡ്മിറ്റുചെയ്ത ഭാസ്കരന്‍ എന്ന പേഷ്യന്റിന്റെ മകനാണ്. ഭാസ്കരന്റെ ബ്ലഡ് റിസള്‍ട്ടില്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളുണ്ട്. അലറിവിളിച്ച്, അടിച്ചുപൊട്ടിച്ച് ഒരു സംഭവമായാണ് ഭാസ്കരന്‍ വന്നത്. ശരിക്കും ഒരു മുഴുക്കുടിയന്‍. കുടിച്ചാല്‍ സര്‍വത്ര അലമ്പുണ്ടാക്കുന്ന ഒരാള്‍. അയാളെ ഏതുവിധേനയും നമുക്ക് ശരിയാക്കിയെടുക്കാമെന്ന് സൗഹൃദത്തോടെ ഞാന്‍ അനീഷിനോട് പറഞ്ഞു. പക്ഷേ, അവന്റെ മറുപടി എന്നെ ഞെട്ടിച്ചു. വേണ്ട ഡോക്ടര്‍, അതൊന്നുമല്ല എനിക്കറിയേണ്ടത്. എന്റെ അച്ഛന്‍ എന്നു മരിക്കുമെന്ന് ഡോക്ടര്‍ പറയ്. അതാണെനിക്കറിയേണ്ടത്. അത്ര കടുത്ത ലിവര്‍ സിറോസിസൊന്നും അച്ഛനില്ലെന്നും ചികിത്സയ്ക്കുശേഷം കുടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ അവന്‍ തയ്യാറായില്ല. ഡോക്ടര്‍, എന്റെ അച്ഛന്‍ എന്നു മരിക്കും? അയാളെത്ര നേരത്തെ മരിക്കുന്നുവോ അത്രയും നേരത്തെ എന്റെ അമ്മയ്ക്ക് സ്വസ്ഥത കിട്ടും. എന്റെ അച്ഛന്‍ എത്ര നേരത്തെ മരിക്കുന്നുവോ അത്രയും നേരത്തെ എന്റെ പെങ്ങള്‍ സമാധാനത്തോടെ ഉറങ്ങും. എത്ര നേരത്തെ അയാള്‍ മരിക്കുന്നുവോ അത്ര നേരത്തെ എന്റെ വീടിന്റെ അത്താണിയാകാന്‍ എനിക്ക് കഴിയും. അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, എന്റെ അച്ഛന്‍ എന്നു മരിക്കുമെന്ന് പറയ്.

അച്ഛന്‍ മരിച്ചുപോകണമെന്ന് ആഗ്രഹിച്ചുപോകുംവിധം അയാള്‍ വെറുക്കപ്പെട്ടുപോയിരിക്കുന്നു. അമ്മ വീട്ടിലുള്ളതുകൊണ്ടുമാത്രമാണ് അയാള്‍ ചേച്ചിയെ ബലാത്സംഗംചെയ്യാത്തത്. അമ്മ എവിടെപ്പോയാലും പെങ്ങളേം കൂടെ കൊണ്ടുപോകും. വീട് നോക്കേണ്ട ആളെ പേടിച്ച് എത്രകാലമെന്നുവച്ചാണ് ഇങ്ങനെ ജീവിക്കുന്നത്. ചിലപ്പോ ഞാനയാളെ കൊന്നുകളയുമെന്നുവരെ എനിക്ക് തോന്നാറുണ്ട്.

*
ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: