Saturday, January 12, 2013

മുഖ്യമന്ത്രി പിടിവാശി വെടിയണം

പണിമുടക്ക് സമരത്തിലേര്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിടിവാശി പക്വമതിയായ ഒരു ഭരണാധികാരിക്ക് യോജിച്ചതല്ല. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിലവിലുള്ള നാടാണ് നമ്മുടേത്. ജനഹിതമനുസരിച്ച് രാഷ്ട്രീയ പാര്‍ടികള്‍ മാറിമാറി അധികാരത്തില്‍ വരും. ഇന്ന് ഭരിക്കുന്നവര്‍ നാളെ പ്രതിപക്ഷത്തിരിക്കേണ്ടിവരും. പ്രതിപക്ഷത്തുള്ളവര്‍ മറിച്ചും. കേരളം ഇത് പലതവണ കണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണനിര്‍വഹണസമിതിയുടെ ഭാഗമാണ്. അതോടൊപ്പം അവര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. കൂട്ടായി വിലപേശാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം ന്യായമായ സമരം നടത്താനുള്ളതാണ്. നാളിതുവരെ ജീവനക്കാരും അധ്യാപകരും അനുഭവിച്ചുപോരുന്ന ന്യായമായ അവകാശമാണ് ജോലിയില്‍നിന്ന് പിരിയുന്ന ദിവസംമുതല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുകയെന്നത്. അത് ഒരു നിശ്ചിത തീയതി മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് നിഷേധിക്കുന്ന നില വന്നാല്‍ അവകാശബോധമുള്ളവര്‍ സമരംചെയ്യാന്‍ നിര്‍ബന്ധിതരാകും. അതോടൊപ്പം മിനിമം പെന്‍ഷന്‍ ലഭിക്കുമോ, പെന്‍ഷന്‍ തുക എവിടെ നിക്ഷേപിക്കും, അത് സ്വകാര്യ ചൂതാട്ടക്കാര്‍ക്ക് തട്ടിപ്പും വെട്ടിപ്പും നടത്താന്‍ എറിഞ്ഞുകൊടുക്കുമോ തുടങ്ങിയ ആശങ്കകള്‍ക്ക് വ്യക്തവും തൃപ്തികരവുമായ ഉത്തരം കിട്ടേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ജീവനക്കാരുടെ സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തി വ്യക്തതവരുത്തേണ്ടതുണ്ട്.

വ്യാഴാഴ്ച സമരസമിതി നേതാക്കള്‍ ധനമന്ത്രി കെ എം മാണിയുമായി സൗഹാര്‍ദപരമായ ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും ന്യായമാണെന്നും ഭരണപരിചയവും പാരമ്പര്യവുമുള്ള ധനമന്ത്രിക്ക് ബോധ്യപ്പെട്ടു. അതിനാലാണല്ലോ 13ന് രാത്രി എട്ടിന് മുഖ്യമന്ത്രി സമരനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പതിമൂന്നിന് മുഖ്യമന്ത്രി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എല്ലാ പതിവുരീതികളും തെറ്റിച്ച് സമര നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിക്കുകയാണ് ചെയ്തത്. പെട്ടെന്നുള്ള മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള നിലപാട് മാറ്റം സമരംചെയ്യുന്ന നേതാക്കളുമായി ചര്‍ച്ചയില്ലെന്ന പിടിവാശിമൂലമാണോ, സര്‍ക്കാര്‍ വിലാസം സംഘടനാ നേതൃത്വത്തിന്റെ സമ്മര്‍ദംമൂലമാണോ എന്ന് വ്യക്തമല്ല. അതെന്തായിരുന്നാലും മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ച് സമരനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. പണിമുടക്ക് ഒത്തുതീര്‍പ്പാക്കാനുള്ള വഴി തുറക്കണം. അതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഭൂഷണമായിട്ടുള്ളത്.

അവകാശ സമരത്തിലേര്‍പ്പെട്ടവരോട് ശത്രുക്കളോടെന്നപോലെയാണ് ആഭ്യന്തരവകുപ്പ് പെരുമാറുന്നത്. സമരം അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ട. ഇത് കേരളമാണ്. അത്യുജ്വലമായ നിരവധി പണിമുടക്ക് സമരങ്ങള്‍ കണ്ടറിഞ്ഞ നാടാണ് കേരളം. സമരം തകര്‍ക്കാന്‍ കെഎസ്യു വിദ്യാര്‍ഥികളെയും കോണ്‍ഗ്രസ് ഗുണ്ടകളെയും കയറൂരിവിട്ടതായാണ് കാണുന്നത്. മന്ത്രിമാരുടെ മൂക്കിനു താഴെയാണ് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ വനിതകളടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും നേര്‍ക്ക് കെഎസ്യു സംഘം കല്ലേറ് നടത്തിയത്. കല്ലും വടിയും ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ട. അത് തീക്കളിയാണ്. ക്യാന്‍സര്‍ രോഗിയായി മെഡിക്കല്‍ ലീവിലുള്ള ഒരു അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍ നല്‍കിയ നടപടി അത്യന്തം ഹീനവും നീചവുമാണ്. സമരം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കരുത്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം അടിയന്തരയോഗം ചേര്‍ന്ന് പണിമുടക്ക് സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി യുവജനസംഘടനകളും മറ്റ് സംഘടിതവിഭാഗങ്ങളും പണിമുടക്കിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും ഉള്ള മറുപടിയായി ഇതിനെ കാണണം.

പല കാരണങ്ങളാലും സമരത്തില്‍ അണിചേരാന്‍ കഴിയാത്ത ജീവനക്കാരും അധ്യാപകരുമുണ്ട്. പണിമുടക്ക് സമരം താല്‍ക്കാലികമായി നഷ്ടമായി തോന്നാം. പണിമുടക്കിലേര്‍പ്പെടാന്‍ കഴിയാത്തവരുടെയും മനസ്സ് പണിമുടക്കിയവരോടൊപ്പമാണെന്ന് കാണണം. ആഭ്യന്തരമന്ത്രി കള്ളക്കണക്കവതരിപ്പിച്ച് ഭൂരിപക്ഷം പണിമുടക്കിനെതിരാണെന്ന് വരുത്താന്‍ ഗീബല്‍സിന്റെ പണിയെടുക്കുന്നുണ്ട്. 16 ജീവനക്കാരുള്ള ട്രഷറിയില്‍ മൂന്ന് ജീവനക്കാര്‍മാത്രമേ ഹാജരായുള്ളൂ എന്ന് ഒരു സര്‍ക്കാരനുകൂലപത്രത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതും മലപ്പുറം ജില്ലയില്‍. ബഹുഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിലാണെന്ന സത്യം തെളിയിക്കുന്നതാണ് വാര്‍ത്ത. കലോത്സവം മാറ്റിവയ്ക്കില്ലെന്ന് പ്രസ്താവന നടത്തിയതുകൊണ്ട് ഉത്സവം നടക്കില്ല. വിദ്യാര്‍ഥികള്‍ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി പിടിവാശിയും ദുരഭിമാനവും വെടിഞ്ഞ് മാന്യമായ രീതിയില്‍ പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപകരുടെയും നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാനും സമരം ഒത്തുതീര്‍പ്പാക്കാനും മുഖ്യമന്ത്രി തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം 12 ജനുവരി 2013

1 comment:

Jijo Kurian said...

വേണ്ടാത്ത പണിക്കുപോയിട്ടു മുഖ്യമന്ത്രി പിടിവാശി വെടിയണം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ?