Tuesday, January 15, 2013

കുരീപ്പുഴ: ജീവിതം കവിത രാഷ്ട്രീയം

എഴുത്തുകാര്‍ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന ചോദ്യം പഴയതെങ്കിലും സമകാലികതയിലും അത് പ്രസക്തമാണ്. കവിയരങ്ങുകളില്‍ സൗഹൃദങ്ങളില്‍ സാധാരണ മനുഷ്യരുടെ ഇടങ്ങളില്‍ എപ്പോഴും കേള്‍ക്കുന്ന പേരാണ് കുരീപ്പുഴ എന്നത്. കവിത അസ്വസ്ഥതയും സ്വസ്ഥതയുമാകുന്ന കവി കവിതയുടെ പിറവി അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നാണെന്ന് പ്രഖ്യാപിക്കുന്നു. ചൂഷിതനായ ദൈവത്തിന്റെ പേരിലുള്ള അവാര്‍ഡ് നിരസിച്ച കവി പ്രണയവും പ്രകൃതിയും കവിതയില്‍ നിറയ്ക്കുന്നു. സവര്‍ണാധിപത്യത്തിനെതിരെ ഏറ്റുമുട്ടിയ ചാര്‍വാകനെക്കുറിച്ചെഴുതുമ്പോഴും രക്തസാക്ഷിക്ക് മൃത്യുവില്ലെന്ന് എഴുതുമ്പോഴും ലോകത്തിന്റെ ഗതിവിഗതികളെ നയിക്കുന്ന കീഴാള മനുഷ്യരെക്കുറിച്ച് എഴുതുമ്പോഴും കുരീപ്പുഴയുടെ രാഷ്ട്രീയമെന്തെന്ന് നാം തിരിച്ചറിയുന്നു. ആധുനികതയില്‍ മറ്റു കവികള്‍ വഴിമാറി നടക്കാതിരുന്നപ്പോള്‍ പുതിയ പാത വെട്ടിത്തുറക്കാന്‍ കവിക്ക് കഴിയുന്നു. ഒപ്പം പുതുകവികള്‍ക്കൊപ്പം സഞ്ചരിക്കാനും. തന്റെ എഴുത്തിനെക്കുറിച്ചും രാഷ്ട്രീയബോധ്യങ്ങളെക്കുറിച്ചും കുരീപ്പുഴ സംസാരിക്കുന്നു.
 
? കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് താങ്കളുടെ കീഴാളന്‍ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. ഇന്ത്യയിലെ കീഴാളജനതയോടുള്ള ഐക്യദാര്‍ഢ്യം ഈ കവിതയിലുണ്ട്. ഈ അവാര്‍ഡ് കീഴാളജനതയ്ക്കുള്ള അംഗീകാരമായി കണക്കാക്കാന്‍ കഴിയുമോ ?


= അവാര്‍ഡു കൊടുത്തല്ല കീഴാള ജനതയെ അംഗീകരിക്കേണ്ടത്. മണ്ണും ജീവിതവും മാന്യതയും നല്‍കിയാണ്. ഇത് കീഴാളനടക്കമുള്ള കവിതകള്‍ ചേര്‍ന്ന പുസ്തകത്തിനു നല്‍കിയ അവാര്‍ഡാണ്.

? അക്കാദമി തന്നെ മുമ്പ് ബാലസാഹിത്യത്തിന് ശ്രീപത്മനാഭസ്വാമി പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ താങ്കള്‍ അത് നിരസിക്കുകയുണ്ടായി. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അന്ന് വ്യക്തമാക്കിയിരുന്നു. താങ്കളുള്‍പ്പെടെയുള്ള ആളുകളുടെ അഭിപ്രായത്തെ മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ആ പുരസ്കാരം അവസാനിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത് പുനഃസ്ഥാപിച്ചിരിക്കുകയാണ്. അന്നുണ്ടായ പ്രതികരണങ്ങള്‍ ഇപ്പോള്‍ ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല.

= അന്നും അത്ര വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. ഞാനതു പ്രതീക്ഷിച്ചതുമില്ല. ചിങ്ങവനത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഐ (എംഎല്‍) ന്റെ സാംസ്കാരിക വിഭാഗവും കേരളത്തിലെ വിവിധ യുക്തിവാദ സംഘടനകളുമാണ് അന്നതിനെ അഭിവാദ്യം ചെയ്തത്. വര്‍ഗീയ പുരസ്കാരം ഒഴിവാക്കി ബാലസാഹിത്യത്തെ പ്രധാനപുരസ്കാരങ്ങളുടെ നിരയില്‍പ്പെടുത്തിയതിനാല്‍ കേരള സാഹിത്യ അക്കാദമിയും അത് അംഗീകരിച്ചു. ആ അവാര്‍ഡ് പുനഃസ്ഥാപിച്ചപ്പോള്‍ അതിനെതിരേ ഡോ. സുകുമാര്‍ അഴീക്കോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം വലതുപക്ഷ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. എം മുകുന്ദന്റെ നേതൃത്വത്തിലുള്ള സാഹിത്യ അക്കാദമി വര്‍ഗീയ പുരസ്കാരം ഒഴിവാക്കിയപ്പോള്‍, ആ തീരുമാനത്തെ അംഗീകരിക്കേണ്ടിവന്ന ചില അംഗങ്ങളെങ്കിലും പാപവിമുക്തിയെന്നോര്‍ത്ത് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ട്. ശ്രീപത്മനാഭസ്വാമി പുരസ്കാരം പുനഃസ്ഥാപിച്ചത് തെറ്റാണ്. ഇനിയും എന്റെ ഒരു പുസ്തകത്തിന് ഈ പുരസ്കാരം പ്രഖ്യാപിച്ചാല്‍ ഞാന്‍ സ്വീകരിക്കുന്നതല്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇതു സംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത് ചര്‍ച്ചയ്ക്ക് ഇടയാക്കി.

?ഇന്ന് എഴുത്തുകാര്‍ വിവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ താങ്കള്‍ അത്തരം വിവാദങ്ങളിലോ ചര്‍ച്ചകളിലോ ഇടപെടാറില്ല. എന്നാല്‍ മറ്റെഴുത്തുകാര്‍ക്കില്ലാത്ത ധീരമായ നിലപാടുകള്‍ താങ്കള്‍ സ്വീകരിക്കാറുമുണ്ട്.

= ധീരതയൊന്നുമല്ല. നായയ്ക്കു നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കാനാകൂ. സംഗീത കോളേജിലെ മരക്കൊമ്പിലിരുന്നാലും കുയിലിനു കൂവാനേ കഴിയൂ.

? മലയാള കവിതയില്‍ വലിയമാറ്റങ്ങള്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെ എങ്ങനെ കാണുന്നു.

= അഭിവാദ്യം ചെയ്യുന്നു. പ്രത്യേകിച്ചും മലയാള കവിതയില്‍, ചോരവിരലില്‍ മുക്കി അടയാളം പതിക്കുന്ന പെണ്‍കുട്ടികളെ.

? എന്നാല്‍ പലമുതിര്‍ന്ന എഴുത്തുകാരും പുതുകവിതയെ വിമര്‍ശിക്കാറാണ് പതിവ്

= അതുസാരമില്ല. മഹാകവി ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഡോ. അയ്യപ്പണിക്കരും കടമ്മനിട്ട രാമകൃഷ്ണനും കുഞ്ഞുണ്ണിയും എന്‍ എന്‍ കക്കാടും എം ഗോവിന്ദനും എ അയ്യപ്പനുമൊക്കെ മാറ്റങ്ങളെ കൈ ഉയര്‍ത്തി സ്വീകരിച്ചിരുന്നല്ലോ. ചരിത്രത്തില്‍ തണല്‍ മരങ്ങളുമുണ്ട്.
 
? കവിത പിറന്നത് അധ്വാനത്തിന്റെ വയലേലകളില്‍നിന്നാണെന്ന് താങ്കള്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വരേണ്യബുദ്ധിജീവികള്‍ ഇത് അംഗീകരിക്കില്ല. ഇതിനെക്കുറിച്ച് എന്തുപറയുന്നു


= വരേണ്യബുദ്ധിജീവികളുടെ നിലപാട് ചരിത്രപരമായി ശരിയല്ല. അതു ശരിയാണെങ്കില്‍ വാമൊഴിയെക്കാള്‍ മുമ്പേ വരമൊഴി ഉണ്ടായി എന്നു സമ്മതിക്കേണ്ടിവരും. കൃഷിപ്പാട്ടുകളുടെ രചനാവേളയിലെ കൈയെഴുത്തു പ്രതികള്‍ ഹാജരാക്കേണ്ടിവരും.

പൊയ്കയില്‍ യോഹന്നാനെപ്പോലുള്ളവരുടെ പാട്ടുകളുടെയും കവിതകളുടെയും പാരമ്പര്യത്തിന്റെ തുടര്‍ച്ചകള്‍ മലയാള കവിതയില്‍ സംഭവിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സാമ്പ്രദായിക സാഹിത്യ നിരൂപകര്‍ ഇതിനെ തിരിച്ചറിയാതെ പോവുകയോ അഥവാ തിരിച്ചറിഞ്ഞാലും അതിനെ അവഗണിക്കുകയോ ചെയ്യുകയാണ്.

താങ്കളുടെ കാവ്യവഴികള്‍ ഏത് തുടര്‍ച്ചകളെയാണ് പിന്‍പറ്റുന്നത്

= വയലില്‍ വിളഞ്ഞ കാവ്യധാന്യമണികളെ, അവിടെ വീണ വിയര്‍പ്പുമണികളെ. അനുഭവിക്കാന്‍ കഴിയാതെപോയ സ്നേഹം സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും നല്‍കിയ മഹാമനസ്സുകളെ.
 
? കുമാരനാശാന്‍ അടക്കമുള്ള കവികളെ പുനര്‍വായനക്ക് വിധേയമാക്കുന്ന ഘട്ടമാണിത്. കവിതകളുടെ ഇത്തരം പുനര്‍വായനകളെ കവിയെന്ന നിലയില്‍ എങ്ങനെ കാണുന്നു. ഒരു കവിത കാലാതിവര്‍ത്തിയാകുന്നത് ഇത്തരം പുനര്‍വായനകളിലൂടെയല്ലേ


= തീര്‍ച്ചയായും. കനലുള്ള കവിതകള്‍ മറുകാലങ്ങളില്‍ മറ്റു രീതികളില്‍ വായിക്കപ്പെടും. കവികളുടെയും വ്യാഖ്യാതാക്കളുടെയും അടിക്കുറിപ്പുകള്‍ തീവയ്ക്കപ്പെടും. പരദേശം കുത്തിയ ആശയക്കൂരയില്‍ കരുണയും രമണനും കഞ്ഞിവയ്ക്കും.

? താങ്കളുടെ അമ്മമലയാളം എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഭാഷാസ്നേഹത്തിന്റെ വാക്കായി പൊതുമണ്ഡലത്തില്‍ അമ്മമലയാളം എന്ന വാക്ക് സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കവിതയുടെ പിറവി എങ്ങനെയായിരുന്നു.

= അധിനിവേശത്തിന്റെ ആയുധങ്ങളുമായി ചില ഭാഷകള്‍ കടന്നുവരുമ്പോള്‍ ചതഞ്ഞരഞ്ഞു മരിക്കുന്ന പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള വേദനയില്‍ നിന്നാണ് അമ്മമലയാളം പിറന്നത്. മുമ്പേ പോയ കവികളുടെ ചോദ്യത്തിനു മുന്നില്‍ എനിക്ക് ഉത്തരമില്ലായിരുന്നു. മലയാളത്തെപ്പോലും പ്രതിസ്ഥാനത്തു നിര്‍ത്താവുന്ന രീതിയില്‍ ചതഞ്ഞുചത്തുപോയ നമ്മുടെ ആദിവാസി മൊഴികളെക്കുറിച്ചുള്ള ഓര്‍മയും എന്നെ വേട്ടയാടിയിട്ടുണ്ട്.

? മലയാളഭാഷ മരിക്കുകയാണെന്ന വിലാപങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഇന്നുയരുന്നുണ്ട്. എന്നാല്‍ മലയാള ഭാഷ സ്വാംശീകരണത്തിലൂടെയും വിനിമയത്തിലൂടെയും വികസിക്കുകയാണ് എന്ന വാദവും മറുഭാഗത്തുണ്ട്. കൃത്രിമമായി ഒന്നിനെയും നിലനിര്‍ത്താന്‍ കഴിയില്ല എന്ന ചിന്തയും ഉണ്ടല്ലോ.

= കാലപ്രയാണത്തില്‍ സ്വാഭാവികമരണം സംഭവിച്ച ചില ഭാഷകളുണ്ട്. ക്രിസ്തുവിന്റെയും ബുദ്ധന്റെയും ആശയ വിനിമയ ഭാഷ ഇന്നില്ല. എന്നാല്‍ അവരുടെ ദര്‍ശനങ്ങള്‍ ഭാഷയുടെ മറുകര നേടി നിലനില്‍ക്കുന്നുണ്ട്. ഇവിടെ പ്രശ്നം സ്വാഭാവിക മരണത്തിന്റേതല്ല. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന്റേതാണ്.

? അടിയന്തരാവസ്ഥയ്ക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രക്ഷോഭത്തില്‍ താങ്കളും പങ്കാളിയായിരുന്നല്ലോ. അന്നത്തെ അനുഭവങ്ങള്‍ പറയാമോ

= അടിയന്തരാവസ്ഥയിലെ അണ്ണാന്‍ കുഞ്ഞുങ്ങള്‍ എന്ന കുറിപ്പില്‍ ഞാനതു രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഭയം ഇപ്പോള്‍ അഭിമാനമായി മാറിയിട്ടുണ്ട്.

? പ്രശസ്ത നാടകക്കാരനായ പി എം ആന്റണിയുമായുള്ള സൗഹൃദം അക്കാലത്തുനിന്നാണോ ആരംഭിക്കുന്നത്.

= അല്ല. പി എം ആന്റണിയെ നേരിട്ടു പരിചയപ്പെടുന്നതിനു മുമ്പുതന്നെ സൂര്യകാന്തി തിയേറ്റേഴ്സിന്റെ നാടകങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു.

മലയാളം അറിഞ്ഞാദരിക്കാതെ പോയ വലിയ പ്രതിഭയായിരുന്നില്ലേ പി എം ആന്റണി ചെഗുവേര കാണട്ടെ സഖാവ് സ്റ്റാലിന്‍ കാണട്ടെ പാബ്ലോ നെരൂദ കാണട്ടെ ഇല്ല ഇല്ല മരിക്കുന്നില്ല പി എം ആന്റണി മരിക്കുന്നില്ല ഞങ്ങളിലൂടെ ജീവിക്കുന്നു. ഞാന്‍ വിളിച്ചു അദ്ദേഹത്തിന്റെ സഖാക്കള്‍ ഏറ്റു വിളിച്ചു. അതായിരുന്നു ഞങ്ങളുടെ അന്ത്യാഭിവാദ്യം. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കാണാന്‍ കഴിഞ്ഞില്ലെന്നത് മലയാളിക്കുണ്ടായ നഷ്ടമാണ്. നാടകത്തിലും നിലപാടുകളിലും കാലിടറാത്ത ശ്രദ്ധ പി എം ആന്റണി പുലര്‍ത്തി. അദ്ദേഹം മരിച്ചപ്പോള്‍ മുദ്രാവാക്യം വിളിക്കണമെന്നാണ് എനിക്കു തോന്നിയത്

? കേരളത്തിലെ ഏതൊരു സമാന്തര മാസികയെടുത്താലും അതില്‍ കുരീപ്പുഴയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അതുപോലെ മറ്റേത് എഴുത്തുകാരേക്കാള്‍ പുതിയ എഴുത്തുകാരെ തിരിച്ചറിയാന്‍ താങ്കള്‍ക്ക് സാധിക്കുന്നു.


= യൗവനാരംഭത്തിലുള്ള എന്റെ കത്തുകള്‍ക്ക് മറുപടി തന്ന ഒരേയൊരു കവി കുഞ്ഞുണ്ണിമാഷാണ്. ഏതു കുട്ടിയുടെ കത്തും അദ്ദേഹം പ്രാധാന്യത്തോടെ കണ്ടിരുന്നു. മറ്റൊരാളെ വായിക്കുകയെന്നത് സ്വയം വായനപോലെ പ്രധാനപ്പെട്ടതാണ്. യുവകവിത വായിക്കുമ്പോള്‍ പുതിയ ദ്വീപുകളും പുതിയ സസ്യങ്ങളും കാണാന്‍ കഴിയും. അത് ആഹ്ലാദകരമായ അനുഭവമാണ്.

? കേരളത്തിലെ ക്യാമ്പസുകളെ ആഴത്തില്‍ സ്വാധീനിച്ച കവിതയായ ജെസി കാല്‍നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ആരാണ് ഈ ജെസി

= പ്രണയത്തിന്റെ ഉടലും ദുഃഖത്തിന്റെ മനസ്സുമുള്ള ഒരു പ്രലോഭനം. ആ പ്രലോഭനം കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി എന്നില്‍ പ്രകാശം വീഴ്ത്തുന്നു.

? പ്രകൃതിയും പ്രണയവും സമന്വയിക്കുന്ന കവിതകള്‍ താങ്കളുടേതായുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തെ താങ്കളുടെ കവിത ഉയര്‍ത്തിപ്പിടിക്കുന്നു

= പ്രകൃതിയില്ലാതെ മനുഷ്യനില്ല. പ്രണയമാണ് ലോക നിലനില്‍പ്പിന്റെ അടിസ്ഥാനം. പക്ഷികള്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പ്രണയമുണ്ട്.

? ചാര്‍വാകന്‍ ഇന്ത്യയുടെ സവര്‍ണ ചരിത്രനിര്‍മിതിക്കുനേരെയുള്ള വലിയ ചോദ്യമാണ്. താങ്കളുടെ ചാര്‍വാകന്‍ എന്ന കവിത ഇന്ത്യന്‍ ഭൗതികവാദ പാരമ്പര്യത്തെ ഉയര്‍ത്തിയ മലയാളത്തിലെ ആദ്യത്തെ കവിതയാണ് എന്നു പറഞ്ഞാല്‍

= ഇന്ത്യന്‍ ദര്‍ശനങ്ങളിലെ ഭൗതികവാദ ധാരകളുടെ വക്താക്കളായിരുന്ന ചാര്‍വാകന്‍, കണാദന്‍, ബൃഹസ്പദി, ജൈനന്‍, ബുദ്ധന്‍ തുടങ്ങിയവരെ ബ്രാഹ്മണിക്കല്‍ മേധാവിത്വം ക്രൂരമായി നിഷ്കാസനം ചെയ്തു. അത്തരം ചരിത്രപാഠങ്ങളെ വേണ്ടവിധം മലയാള കവിത ആവിഷ്ക്കരിച്ചിട്ടില്ല. ചാര്‍വാക ദര്‍ശനം ഏതു ഭക്തകവിയെയും സ്വാധീനിക്കും. കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെയും കൊല്ലിക്കയത്രേ നിനക്കു രസമെടോ എന്ന് ഗാന്ധാരിയെക്കൊണ്ട് കൃഷ്ണനോടു ചോദിപ്പിച്ചപ്പോള്‍ എഴുത്തച്ഛന്റെ മനസ്സിലുണ്ടായിരുന്നത് യുക്തിബോധമാണ്. ഈശ്വര വിചാരണയുടെ ചാര്‍വാകബോധം. മലയാളത്തില്‍ ഈ ദര്‍ശനം ഏറെ എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ ഒരു ചെറിയ കണ്ണിയാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. കാവ്യരചന തീര്‍ത്തും ഭൗതികമാണ്. ആത്മീയത, കവിതയില്‍ ആരോപിക്കപ്പെടുന്ന മിഥ്യ മാത്രമാണ്.
 
? കുരീപ്പുഴയുടെ ഉള്ളില്‍ എപ്പോഴും അധീശത്വ പ്രത്യയശാസ്ത്രത്തിനെതിരെ ഒരു കീഴാള - ഭൗതികവാദ കാഴ്ചപ്പാട് കണ്ടെത്താന്‍ കഴിയും. ഇത്തരം കാഴ്ചപ്പാടുകള്‍ രൂപപ്പെടാനിടയായ സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു.


= ജാതീയത എന്ന അപമാനത്തെ കുട്ടിക്കാലത്തുതന്നെ എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞതാകാം കാരണം.

? പൊതുചടങ്ങുകളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്ന് താങ്കള്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു പൊതുചടങ്ങില്‍ പ്രാര്‍ഥനാ സമയത്ത് എഴുന്നേല്‍ക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഈ നിലപാട് ധിക്കാരമായാണ് പലരും വിലയിരുത്തിയത്. ഇപ്പോഴും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നോ

= മലയാളനാട് എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയുടെ യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഗ്രാമികയില്‍ പങ്കെടുത്തപ്പോള്‍ ഒരു പുതിയ അനുഭവമുണ്ടായി. അവര്‍ പ്രാര്‍ഥന ഒഴിവാക്കുകയും യുഎഇയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളോടെ കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പ്രാര്‍ഥനയ്ക്ക് വിവിധ രീതികള്‍ അവലംബിക്കുന്നവര്‍ക്കും പ്രാര്‍ഥനയില്‍ വിശ്വസിക്കാത്തവര്‍ക്കും ദേശീയഗാനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പൂര്‍ണമനസ്സോടെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയും. പ്രാര്‍ഥന അടിച്ചേല്‍പ്പിക്കരുത്. അത് സ്വാതന്ത്ര്യ ധ്വംസനമാണ്. പ്രാര്‍ഥിക്കാതിരിക്കുന്നത് ധിക്കാരമല്ല. പ്രപഞ്ചത്തോടും സത്യത്തോടുമുള്ള ആത്മാര്‍ഥതയും വിനയവുമാണ്. പ്രാര്‍ഥിക്കുന്ന ഭാവത്തില്‍ എഴുന്നേറ്റു നിന്നവര്‍ പ്രാര്‍ഥിക്കാതെ, ഇരിക്കുന്നയാളിനെ ശ്രദ്ധിക്കുന്നതുകൊണ്ടാണല്ലോ ചോദ്യമുണ്ടാകുന്നത്. എന്തുചെയ്താലും ആത്മാര്‍ഥമായിരിക്കട്ടെ. എന്റെ ഊഴം വരുമ്പോള്‍ വേദിയിലും സദസ്സിലുമുള്ളവരെ വിനയപൂര്‍വം നമസ്ക്കരിക്കുന്നു എന്നു പറഞ്ഞാണല്ലോ തുടങ്ങിയിട്ടുള്ളത്. പ്രാര്‍ഥിക്കാതിരിക്കുന്നതും ഇങ്ങനെ സംബോധന ചെയ്യുന്നതും ആത്മാര്‍ഥമായിട്ടാണ്.

? മതരഹിതമായ നിരവധി സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കേരളത്തിലുണ്ടെങ്കിലും താങ്കള്‍ മാത്രമാണ് പുസ്തകത്തിലെ ബയോഡാറ്റയില്‍ ജാതിമത വിശ്വാസിയല്ല എന്ന് ചേര്‍ത്തിരിക്കുന്നത്. വിശ്വാസവും അവിശ്വാസവുമൊക്കെ ഒരു വ്യക്തിയുടെ സ്വകാര്യതയാണല്ലോ. അതിനെ പരസ്യപ്പെടുത്തേണ്ടതുണ്ടോ

= വ്യക്തിപരമായ കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ട ഇടമാണത്. മാത്രമല്ല, ഒരു കഥ കേട്ടിട്ടില്ലേ. ഒരു പിള്ളയുടെ വീട്ടില്‍ പിരിവിനു ചെന്ന ക്ഷേത്രഭാരവാഹികള്‍ പിരിവു തുക കൂടുതല്‍ കിട്ടാന്‍വേണ്ടി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ കെട്ടിച്ചമച്ചു പൊലിപ്പിച്ചു പറഞ്ഞു. പക്ഷേ, അവര്‍ക്കു പിരിവു കിട്ടിയില്ല. ആ വീടു പരീതുപിള്ളയുടേതായിരുന്നു. ഇത്തരം ഫലിതങ്ങള്‍ ജീവിതത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യാമല്ലോ.

? യുക്തിവാദ പ്രസ്ഥാനവുമായും കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുമായും താങ്കള്‍ സഹകരിക്കാറുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളിലേയ്ക്ക് യുവാക്കള്‍ ഇന്ന് കൂടുതലായി കടന്നു വരുന്നില്ല. ഇതിനെന്താണ് കാരണം

= മറ്റേതു രംഗത്തുമുള്ളതുപോലെ, പുതുതലമുറയെ നമ്മള്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നൈട്രജന്‍ റൂമിലേക്ക് കയറ്റിവിട്ടതാണ് ഒരു കാരണം. പുരോഗമന ചിന്തയ്ക്ക് വായനയും സാമൂഹ്യ നിരീക്ഷണവും അത്യാവശ്യമാണ്. ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളില്‍ പ്രണയ വിവാഹങ്ങള്‍ക്കും യുക്തിചിന്തയ്ക്കും പ്രസക്തിയേറുന്നുണ്ട്. തിരൂരില്‍ വച്ച് യുക്തിവാദികളായ യുവാക്കളുടെ ഒരു വലിയ സമ്മേളനത്തില്‍ കവിത ചൊല്ലിയത് ഞാന്‍ ഓര്‍ക്കുന്നു. മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആത്മീയാതീത പ്രലോഭനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കുട്ടിക്കാലത്തെ ഏകമതപുസ്തക പഠനവും ഒഴിവാക്കേണ്ടതാണ്.
 
?പ്രണയിച്ച് ഒളിച്ചോടുന്നവര്‍ ഗറില്ലാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ജനാധിപത്യ മതനിരപേക്ഷ സമൂഹമാണെന്നുമുള്ള കെ ഇ എന്നിന്റെ നിരീക്ഷണത്തെ എങ്ങനെ വിലയിരുത്തുന്നു.


= കെ ഇ എന്നിന്റെ നിരീക്ഷണത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

? പ്രണയമിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കേരളത്തിലുടനീളം വിവിധവേദികളില്‍ താങ്കള്‍ പറയാറുണ്ട്. ഇത്തരത്തിലുള്ള മതരഹിത വിവാഹങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ.

= ധാരാളം മതരഹിത വിവാഹങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ ജീവിതം കൊണ്ട് സ്നേഹകവിതയെഴുതാന്‍ തുടങ്ങുന്നവരാണ്.

? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അഭിമാനഹത്യപോലുള്ള നിഷ്ഠൂര കൊലപാതകങ്ങളും ഇങ്ങ് കേരളത്തില്‍ സദാചാര പൊലീസിങ്ങിന്റെ ഭീഷണികളും നിലനില്‍ക്കുകയാണ്. ഇതിന് ഇരയാവുന്നത് മിശ്രവിവാഹിതരും ജാതിമതവിലക്കുകള്‍ക്കപ്പുറം പ്രണയിച്ച് വിവാഹം കഴിക്കുന്നവരുമാണ്. മതേതരത്വം അവകാശപ്പെടുന്ന ഭരണകൂടം ഇതിനൊക്കെ നിശ്ശബ്ദ അനുമതി കൊടുക്കുകയാണ്. താങ്കള്‍ക്കെന്തുതോന്നുന്നു. 

= ഭരണകൂട നിസ്സംഗത ക്രൂരമാണ്. പ്രണയ വിവാഹിതര്‍ക്കും ജാതിമതരഹിത വിവാഹിതര്‍ക്കും ഭരണകൂടത്തിന്റെ സംരക്ഷണം ആവശ്യമാണ്. അപമാനകരമായ ചരിത്രത്തില്‍നിന്ന് മോചിതരായി മനുഷ്യരിലേക്കു നടക്കുന്ന അവരുടെ മക്കളെയും മതരഹിതമായി വളര്‍ത്തേണ്ടതുണ്ട്. സംവരണമടക്കമുള്ള പരിഗണന അവര്‍ക്കു നല്‍കേണ്ടതാണ്. പ്രണയമെന്ന മഹാകാവ്യത്തിലെ ചെറുവരികളെ മായാതെ നിര്‍ത്തി പുതിയ വായനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിനു കഴിയണം. പ്രണയത്തിന്റെ പ്രഥമ ശത്രു മതവും ജാതിയുമാണ്. ഈ ശത്രുക്കളെ അവഗണിക്കാന്‍ കഴിയേണ്ടതുണ്ട്.

? കേരളത്തിന്റെ ഗദ്ദര്‍ എന്ന് താങ്കള്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഗദ്ദറിന് എന്നൊരു കവിത എഴുതിയിട്ടുമുണ്ട്. ഗദ്ദറിനെ നേരിട്ടറിയാമോ


= ഗദ്ദര്‍ ഞാന്‍ ബഹുമാനിക്കുന്ന കവിയാണ്. കണ്ടിട്ടുണ്ട്. കവിത കേട്ടിട്ടുണ്ട്. കവിയും ഗായകനുമെന്നതിലുപരി ഒരു മനുഷ്യവിമോചന പ്രവര്‍ത്തകനുമാണ് ഗദ്ദര്‍. അദ്ദേഹത്തിന്റെ സമീപം നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല. ഗദ്ദറിന് എന്ന കവിത അദ്ദേഹത്തിനു വെടിയേറ്റപ്പോള്‍ ഉണ്ടായ മാനസികാഘാതം തന്നെയാണ്. ഇപ്പോഴും ശരീരത്തില്‍ വെടിയുണ്ടയുമായി ജീവിക്കുന്ന ഗദ്ദര്‍ വിസ്മയമാണ്.
 
? ഗദ്ദറുമായി ഒരു മലയാള പ്രസിദ്ധീകരണം സമീപകാലത്ത് നടത്തിയ അഭിമുഖം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. അതില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ഗദ്ദറിന്റെ നിരീക്ഷണങ്ങളെ എങ്ങനെ വിലയിരുത്തുന്നു


= ഗദ്ദറിന്റെ കീഴാളപക്ഷ നിലപാടിനെ ഞാന്‍ ചുംബിക്കുന്നു. മഹാബലി ഒരു കീഴാള രാജാവ് എന്ന നിലയിലുള്ള ഗദ്ദറിന്റെ നിരീക്ഷണം വിലയിരുത്തപ്പെടേണ്ടതാണ്.

? എല്ലാ മതങ്ങളെയും താങ്കള്‍ വിമര്‍ശിക്കാറുണ്ടെങ്കിലും സംഘപരിവാര്‍ ശക്തികള്‍ ഒരിക്കല്‍ താങ്കളെ വേദിയില്‍ക്കയറി കവിതചൊല്ലാന്‍ അനുവദിക്കാതിരുന്ന സംഭവമുണ്ടായി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ഇത്തരം ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ കേരളത്തില്‍ സജീവമാകുന്നുണ്ടോ

= മനുഷ്യപക്ഷ ചിന്തകള്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയം നല്‍കുന്ന കവചം കേരളത്തിന്റെ പ്രത്യേകതയാണ്. ഈ കവചത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോഴാണ് വര്‍ഗീയത ജീവന്‍ വച്ചു വരുന്നത്. സംഘപരിവാര്‍ അടക്കമുള്ള വര്‍ഗീയ ജീവികളെ മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് എതിര്‍ക്കേണ്ടതായി വരും. മതതീവ്രവാദികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാറില്ല. കേരളത്തില്‍ എപ്പോഴും മതതീവ്രകടന്നാക്രമണങ്ങള്‍ക്കു സാധ്യതയുണ്ട്.

? താങ്കളുടെ ആദ്യകാല കവിതകളില്‍നിന്ന് ഭാഷയിലും ആഖ്യാനത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന വിധമുള്ള തിരിച്ചറിവ് എന്നു മുതല്‍ക്കാണ് ഉണ്ടാവുന്നത്. അത്തരം മാറ്റത്തിന് സാമൂഹികമോ രാഷ്ട്രീയമോ ആയ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ


= ആദ്യമെന്നെ വിസ്മയപ്പെടുത്തിയത് ഇടപ്പള്ളിക്കവികളാണ്. പാടുന്ന പിശാചും മണിനാദവും. പിന്നെ വിവാഹസമ്മാനവും. കൊറിയയില്‍ സിയൂളിലും മറ്റും ഞാന്‍ കുടുങ്ങി. കവിത പിറന്നത് വയലിലാണെന്ന തിരിച്ചറിവും സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയെന്ന ബോധ്യവും എന്നെ മുന്നോട്ടു നയിച്ചിട്ടുണ്ട്.

? പരിസ്ഥിതി, സ്ത്രീ, ദലിത് ഭാവുകത്വം ഇന്ന് കവിതയില്‍ അടയാളപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം ആഖ്യാനരീതികളെ എങ്ങനെ നോക്കിക്കാണുന്നു

= വളരെ പ്രത്യാശയോടെ നിരീക്ഷിക്കുന്നു. ഈ നക്ഷത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള നവീന രചനകള്‍, മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെയ്സ് ബുക്കിലൂടെയും മറ്റും ശ്രമിക്കാറുമുണ്ട്. വര്‍ത്തമാനങ്ങളിലും ഈ വിഷയം ഉള്‍പ്പെടുത്താറുണ്ട്.

? ഇത്തരത്തിലുള്ള കാവ്യ സമീപനങ്ങള്‍ കീഴാളന്‍, ഇഷ്ടമുടിക്കായല്‍, പാമ്പും പത്മിനിയും തേള്‍ക്കുടം തുടങ്ങിയ കവിതകളില്‍ കാണാനാവും

= അത് ശരിയായ നിരീക്ഷണമാണ്.

? കവിതയിലെ ആധുനികതയില്‍നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു വഴി അക്കാലത്തേ താങ്കള്‍ സൃഷ്ടിക്കുകയുണ്ടായി. ഇത്തരമൊരു തിരിച്ചറിവ് എങ്ങനെയാണ് ഉണ്ടായത്

= ഞാന്‍ എന്നെക്കുറിച്ചൊരു വിലയിരുത്തല്‍ ഗൗരവമായി നടത്തിയിട്ടില്ല.

? മലയാളത്തില്‍ നഗ്നകവിത എന്നൊരു കാവ്യരീതി താങ്കള്‍ സൃഷ്ടിച്ചു. നഗ്നകവിതയുടെ പ്രേരണകള്‍ എവിടെനിന്നാണ്.

= ഞാന്‍ സാധാരണ സ്വീകരിച്ചുവരുന്ന രചനാരീതിയിലൂടെ എല്ലാ അലട്ടലുകളും പറയാന്‍ കഴിയാറില്ല. ഏതു കവിതയും ദുഃഖത്തില്‍നിന്നാണ് പിറക്കുന്നത്. പൊറുതികേടിന്റെ പുറത്ത് മുള്‍ച്ചെരുപ്പിട്ടു പൊട്ടുന്ന ചിരിയായിപ്പോലും ദുഃഖാനുഭവം കാവ്യപ്പെടും. 1991ലാണ് നഗ്നകവിതയുടെ തുടക്കമെന്ന നിലയില്‍ ബുള്ളറ്റിന്‍ എഴുതുന്നത്. ഈ കവിത വിവിധ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അത് വായിച്ചവരില്‍ മനഃപൊരുത്തത്തിന്റെ മുഖഭാവം ഞാന്‍ കണ്ടിട്ടുണ്ട്. ജെസിയുടേയോ ശ്രീകുമാറിന്റെ ദുഃഖങ്ങളുടെയോ സര്‍ഗസമീപനരീതി ബാഹ്യതലത്തില്‍ ബുള്ളറ്റിന് ഇല്ലാത്തതിനാല്‍ ആ വര്‍ണത്തിലുണ്ടായ കാവ്യപ്രതികരണങ്ങളെ ഞാന്‍ നഗ്നകവിതകളെന്ന് വിളിച്ചു. തെലുങ്കു കവിതയിലെ ദിഗംബര കവിതാരീതിയും ഈ പേരു ചൊല്ലലില്‍ എനിക്ക് സഹായകമായിട്ടുണ്ട്. കുഞ്ഞുണ്ണിയോളം ചെറുപ്പം വേണ്ട. കുഞ്ചന്‍ നമ്പ്യാരോളം വലിപ്പം വേണ്ട. ഹൈക്കുവല്ല. പഴഞ്ചൊല്ലിന്റെ പത്തായ മണവും കടങ്കഥയുടെ കുരുക്കുംവേണ്ട. അങ്ങനെയാണ് എനിക്ക് നഗ്നകവിതകള്‍ പിറന്നത്. ഓരോന്നും ഓരോ സങ്കട സന്ദര്‍ഭങ്ങളാണ്. മറ്റു കവിതകളെപ്പോലെ മനസ്സില്‍ ഉരുവിട്ടുറപ്പിച്ചിട്ടാണ് ഈ കവിതകളും കടലാസിലെഴുതിയത്.

? കവിയരങ്ങുകളില്‍ സജീവസാന്നിധ്യമായ താങ്കള്‍ കവിത കാണാതെ ചൊല്ലുകയാണ്. സ്വന്തം കവിത മനസ്സില്‍ പതിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് പറയാമോ

= അസൗകര്യങ്ങളുടെ ബാല്യകൗമാര യൗവനകാലം എനിക്കുണ്ടായിരുന്നല്ലോ. അതിനാല്‍ കവിത എഴുതിയത് മനസ്സിലായിരുന്നു. എഡിറ്റിങ്ങും മനസ്സിലായിരുന്നു. കാവനാട് ബലറാം ടാക്കീസില്‍ വച്ചുനടത്തിയ ദേശിംഗനാട് സാഹിത്യസമിതിയുടെ യോഗത്തില്‍ ആദ്യമായി ജെസ്സി ചൊല്ലിയപ്പോള്‍ അത് കടലാസ്സില്‍ പകര്‍ത്തിയിരുന്നില്ല. കടലാസ്സില്‍ പകര്‍ത്തി നിരവധി തിരസ്ക്കാരങ്ങള്‍ക്ക് ഇരയായതുകൊണ്ടും ആവര്‍ത്തിച്ചു വേദനിക്കേണ്ടിവന്നതു കൊണ്ടുമാകാം ആ കവിത മനസ്സില്‍ നിന്നിറങ്ങിപ്പോയില്ല. ഇപ്പോള്‍ ചില നഗ്നകവിതകള്‍ കടലാസ്സില്‍ പകര്‍ത്തുന്നതിനു മുമ്പ് ചൊല്ലാന്‍ കഴിയുന്നുണ്ട്. ട്യൂഷന്‍, മാര്യേജ് ബ്യൂറോ തുടങ്ങിയവ എഴുതാതെ ചൊല്ലിയ നഗ്നകവിതകളാണ്. ദീര്‍ഘതയില്‍നിന്ന് ഹ്രസ്വതയിലേയ്ക്ക് മനസ്സു ചുരുങ്ങിയിട്ടുണ്ടെന്നു തോന്നുന്നു, ഇക്കാര്യത്തില്‍. യാത്രാവേളയില്‍ കവിത മനസ്സിലാവര്‍ത്തിക്കുന്നതും എനിക്കിഷ്ടമുള്ളകാര്യമാണ്. ബസ്സില്‍ കയറി സൗകര്യമുള്ള ഒരു ഇരിപ്പിടം കിട്ടിയാല്‍ അഞ്ചുതവണ വിട്ടും വിടാതെയും പൂതപ്പാട്ടു ചൊല്ലിയാല്‍ തിരുവനന്തപുരത്ത് എത്തും. വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം അഞ്ചു പൂതപ്പാട്ടാണ്.

? അടുത്തകാലത്തുവരെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ താങ്കളുള്‍പ്പെടെയുള്ള ചില കവികളെ മാറ്റിനിര്‍ത്തുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടോ

= എക്കാലത്തും, തിരിച്ചയക്കാനുള്ള കവര്‍ വച്ചേ ഞാന്‍ കവിത അയച്ചിട്ടുള്ളൂ. അച്ചടി മാധ്യമത്തെ ഉപേക്ഷിച്ച് സൈബര്‍ത്താളിലേക്ക് കടന്നവര്‍ ഇക്കാലത്ത് ഈ പ്രശ്നം അനുഭവിക്കുന്നില്ല. വ്യത്യസ്ത സൗന്ദര്യബോധമുള്ള ഒരാളുടെ കത്രികക്കുമുന്നില്‍ കവിതക്കുട്ടിയെ കിടത്തേണ്ടിവരുന്നില്ല. പ്രസിദ്ധീകരണങ്ങള്‍ എനിക്കു രണ്ടാം പരിഗണനയിലേ വരുന്നുള്ളൂ. ഒന്നാം പരിഗണന കവിത ചൊല്ലുകയാണ്. വളരെയധികം തവണ ചൊല്ലിയതിനുശേഷമാണ് അമ്മ മലയാളം അച്ചടിക്കാന്‍ കൊടുത്തത്. അച്ചടിച്ചപ്പോള്‍ കലാകൗമുദിയുടെ അന്നത്തെ പത്രാധിപര്‍ ഒരു പേജ്പോലും ആ കവിതയ്ക്കു നല്‍കിയില്ല. അപ്രധാനമൂലയിലാണ് അമ്മ മലയാളം കിടന്നത്. എന്നിട്ടും മലയാളത്തോട് സ്നേഹമുള്ളവര്‍ ആ കവിതയെ വിരലില്‍ പിടിച്ചു കൊണ്ടുപോയി. പെണങ്ങുണ്ണി പ്രസിദ്ധീകരിച്ചപ്പോള്‍ മറ്റൊരനുഭവമാണുണ്ടായത്. ആയിരത്തോളം വരികളുള്ള ആ ബാലകവിത തിരസ്കരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. അത്രയും ദീര്‍ഘമായ ബാലകവിത മുന്‍പെങ്ങും ഒരു പ്രസിദ്ധീകരണത്തിലും വന്നിട്ടുമില്ല. എന്നാല്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന പി ടി നാസര്‍ പത്തോളം പേജുകളിലായി പെണങ്ങുണ്ണി പ്രസിദ്ധീകരിച്ചു. ഭാഗ്യനാഥിന്റെ ചിത്രങ്ങളോടെ. തിരസ്ക്കരിക്കപ്പെട്ട വീണ വില്‍പ്പനക്കാരനും ജെസ്സിയും, കുപ്പയില്‍ തള്ളിയ അമ്മ മലയാളം, ചിത്രങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട പെണങ്ങുണ്ണി. മൂന്നും മൂന്നനുഭവങ്ങള്‍. ഞാന്‍ ശിരസ്സു നമിച്ചാണ് ഏറ്റുവാങ്ങിയത്.

? പെണങ്ങുണ്ണി എഴുതിയതിനുശേഷം ബാലസാഹിത്യമെഴുതില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ

= മുതിര്‍ന്ന ഒരാളില്‍ കളങ്കമില്ലാത്ത കുഞ്ഞുമനസ്സു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ബാലസാഹിത്യത്തിന്റെ വസന്ത ദ്വീപിലെത്താന്‍ കഴിയൂ. എത്തിക്കഴിഞ്ഞാല്‍ ആ ദ്വീപിലെ പൂക്കളുടെ സുഗന്ധവും പൂമ്പൊടിയും തേനും അയാളില്‍ ചേക്കേറും. പിന്നെ പുറത്തുകടക്കാന്‍ പാടാണ്. പെണങ്ങുണ്ണി പൂര്‍ത്തിയാക്കിയതിനുശേഷം ആ താളവും ഈണവും എന്നെ പിന്‍തുടര്‍ന്നു. വെളുത്തയുടെ വീടെഴുതുമ്പോള്‍ പോലും അതു കുടഞ്ഞുകളയാന്‍ കഴിഞ്ഞില്ല. ബാലസാഹിത്യ രചന പെണങ്ങുണ്ണിയില്‍ അവസാനിപ്പിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

? താങ്കളുടെ നടിയുടെ രാത്രി എന്ന കവിത മലയാള സിനിമയിലെ ആദ്യസ്ത്രീ സാന്നിധ്യമായ പി കെ റോസിയെക്കുറിച്ചാണ്. റോസിയെ നമ്മുടെ സിനിമാ സാംസ്കാരിക ലോകം അവഗണിക്കുകയാണുണ്ടായത്. കുരീപ്പുഴ മാത്രമാണ് റോസിയെക്കുറിച്ച് സംസാരിക്കുകയും കവിത എഴുതുകയും മറ്റും ചെയ്തത്. റോസിയെ എപ്പോഴാണ് തിരിച്ചറിയുന്നത്

= യൗവനാരംഭത്തിലാണ് പി കെ റോസി എന്റെ ശ്രദ്ധയില്‍വരുന്നത്. ആ അറിവ് ഹൃദയത്തെ കുത്തിമുറിക്കുന്നതായിരുന്നു. നടിയുടെ രാത്രി എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു ഉത്തരവാദിത്വം നിര്‍വഹിച്ച സമാധാനം തോന്നിയിരുന്നു. റോസിയോട് സവര്‍ണ സമൂഹം കാണിച്ച ആക്ഷേപവും അനീതിയും അനാദരവുമാണെന്നെ നോവിപ്പിച്ചത്. 2003 ലെ അംബേദ്കര്‍ ജന്മദിനത്തില്‍ ആ കവിത പൂര്‍ത്തിയാക്കിയെന്നത് ഒരു യാദൃച്ഛികതയായിരുന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ ആ കവിതകൂടി ഉള്‍പ്പെടുത്തി കഥാകൃത്ത് ബേബി തോമസ് തയ്യാറാക്കിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. എനിക്കു നേരിട്ടു പരിചയമില്ലായിരുന്ന രാജന്‍ പി ദേവ് ഫോണിലൂടെ റോസിയെക്കുറിച്ചന്വേഷിച്ചു. വിനു എബ്രഹാമിന്റെ നഷ്ടനായികയെന്ന നോവലും സിനിമാ സംരംഭങ്ങളുമുണ്ടായി. എന്റെ മാധ്യമമായ കവിതയില്‍ റോസിയെ വരച്ചിടാന്‍ കഴിഞ്ഞു എന്നത് രക്തബന്ധിതമായ അനുഭവമാണ്. തിയോ വാന്‍ഗോഗിനും പി കെ റോസിക്കുമുണ്ടായ അനുഭവങ്ങളെ അടുത്തുവച്ച് ഒരു ചെറിയ കുറിപ്പും എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. കുന്നുകുഴി മണി, അഡ്വ. രാജരത്നം എന്നിവരുടെ കുറിപ്പുകളും വിശദീകരണങ്ങളും റോസിയെക്കുറിച്ച് കൂടുതലറിയുവാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.

? നഗ്നകവിതയില്‍ സ്വര്‍ഗം നരകം ദൈവം മതം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിചാരണചെയ്യുകയാണ്. ഇത് വലിയ എതിര്‍പ്പുകള്‍ക്കിടയാക്കിയിട്ടുണ്ടോ

= എതിര്‍പ്പുകള്‍ സാരമില്ല. പറയാതെ വയ്യല്ലോ. ദൈവം നേരിട്ട് ഇതുവരെ പ്രത്യേകിച്ച് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല.
 
? ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെയും ഈ കവിതകള്‍ വിചാരണചെയ്യുന്നുണ്ട്

= സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങള്‍ മാത്രമല്ല, സാംസ്കാരിക സാഹിത്യമണ്ഡലങ്ങളും സര്‍ഗവിചാരണ ആവശ്യപ്പെടുന്നുണ്ട്.

? മതരഹിതരായി ജീവിക്കുമ്പോള്‍ താങ്കള്‍ക്കും കുടുംബത്തിനും സമൂഹത്തില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടോ.

= ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ചില ലാഭങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ആരാധനാലയങ്ങളില്‍ നേര്‍ച്ചപ്പണം കൊടുക്കേണ്ടതില്ല. മതപരമായ ഭക്തിയാത്രയോടനുബന്ധിച്ചുള്ള മരണ സാധ്യതയില്ല. മതമാലിന്യം ശരീരത്തിലും മനസ്സിലുമില്ലല്ലോ എന്ന ആശ്വാസവുമുണ്ട്. ജാതിക്കും മതത്തിനും അതീതമായാണ് കവിത സഞ്ചരിക്കുന്നത്. ആ തൂവല്‍ കൊടുക്കുമ്പോഴുള്ള സാന്ത്വനവുമുണ്ട്.

? രക്തസാക്ഷിത്വത്തിന്റെ മഹത്വം പലകവിതകളിലും കാണാനാവുന്നു. പ്രത്യക്ഷ ഉദാഹരണമായി, ചെര്‍ഗീസ്, കുചേലക്കടല്‍, രക്തസാക്ഷിയുടെ മകള്‍ തുടങ്ങിയ കവിതകള്‍. രക്തസാക്ഷിത്വം കവിയെന്ന നിലയ്ക്ക് എങ്ങനെയാണ് ആവേശിച്ചത്

= രക്തസാക്ഷികളാണ് നമ്മള്‍ക്ക് ജീവിതം തന്നത്. ചാര്‍വാകന്‍ ഇന്ത്യ കണ്ട ആദ്യരക്തസാക്ഷിയാണല്ലോ. ജീവിതം നിഷേധിക്കപ്പെട്ട പോരാളികള്‍. നമ്മുടെ രക്തത്തില്‍ യൗവനം നിലനിര്‍ത്തുന്നത് രക്തസാക്ഷികളാണ്. കവികള്‍ രക്തസാക്ഷിത്വത്തിനോടൊപ്പമാണ്. കൊറിയയില്‍ സിയൂളില്‍ എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി എടുത്ത നിലപാട് ഏതു കവിക്കും മാതൃകയാണ്.

? വെളുത്തയുടെ വീട് എന്ന കവിതയുടെ രചനാപശ്ചാത്തലം എന്തായിരുന്നു. നാട്ടില്‍നിന്ന് മാറി ഒറ്റപ്പെട്ടു കഴിയുന്ന വെളുത്തയുടെ അനുഭവത്തെക്കുറിച്ച് കൂടുതലറിയാനാണ്

= ഓരോ അണക്കെട്ടുണ്ടാക്കുമ്പോഴും നിരവധി കുടുംബങ്ങള്‍ വേരറുത്തുപോകേണ്ടതായി വരും. ഭൂതത്താന്‍ കെട്ടില്‍ നിന്നും ഇടമലയാറില്‍നിന്നും പറിച്ചെറിയപ്പെട്ട മനുഷ്യര്‍ താളുകണ്ടത്തിലാണ് ചെന്നു വീണത്. അവിടെയുള്ള ചെറുകുടിലില്‍ വച്ചാണ് വെളുത്ത എന്ന അമ്മയെകണ്ടത്. നഷ്ടങ്ങളുടെ കഥ മാത്രമായിരുന്നു ആ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഏറ്റവും വലിയ നഷ്ടം സ്വന്തം അമ്മ കാടുകയറിപ്പോയതാണ്. ഈ നഷ്ടങ്ങളൊന്നും പരിഹരിക്കപ്പെടാവുന്നവയല്ല. അല്ലെങ്കില്‍ത്തന്നെ വനവാസികള്‍ക്കുണ്ടാകുന്ന നഷ്ടം പൊതുസമൂഹം പരിഗണിക്കാറില്ലല്ലോ. മണിക്കൂറുകള്‍ നടന്ന് ആനകളടക്കമുള്ള മൃഗങ്ങളെ കടന്ന് മകളെ ചേര്‍ക്കാനായി സ്കൂളിലെത്തിയപ്പോള്‍ മാഷ് പറഞ്ഞാണ് ഹിന്ദുവാണെന്നറിഞ്ഞതെന്ന് വെളുത്തയമ്മ പറഞ്ഞപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കെണിയെക്കുറിച്ചു ഞാനോര്‍ത്തുപോയി. നഷ്ടപ്പെട്ട സ്വന്തം അമ്മയെക്കുറിച്ചുള്ള, തേങ്ങല്‍പോലുമല്ലാത്ത ദൃഢദുഃഖമാണ് വെളുത്തയുടെ വീടിനു കാരണമായത്. ആ ദുഃഖം അതിന്റെ ഗാഢതയില്‍ പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. വെളുത്തയുടെ വീടെന്ന കവിതയെക്കാള്‍ എത്രയോ വലുതാണ് ആ വീട്ടിലെ ഘനീഭവിച്ച ദുഃഖം.

? ഒരു കവിയാണെന്ന് എപ്പോഴാണ് സ്വയം തിരിച്ചറിഞ്ഞത്.

= കേരള സര്‍വകലാശാലയുടെ 1975 ലെ യുവജനോത്സവത്തില്‍ കവിതാരചനയില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം. സ്വര്‍ഗം ദുഃഖത്തില്‍നിന്ന് എന്നു പേരിട്ട് ധൃതിയിലെഴുതിയ ആ കവിത പുസ്തകങ്ങളില്‍ ചേര്‍ത്തില്ല. കൗമാരത്തില്‍ മലയാള നാടിന്റെയും കുങ്കുമത്തിന്റെയും ബാലപംക്തികളിലെഴുതിയിരുന്നു. അതും ഞാന്‍ കൊണ്ടുവന്നില്ല. അന്നേ ഒരു തിരിച്ചറിവു വന്നിരുന്നു എന്നു തോന്നുന്നു. എന്തായാലും തലയില്‍ തേങ്ങവീണപ്പോള്‍ പൊടുന്നനെ ഉണ്ടായ ഒരുമോങ്ങലല്ല എനിക്കു കവിത.

? സമീപകാലത്ത് രചിച്ച മൈന പോലുള്ള കവിതകള്‍ കുരീപ്പുഴയുടെ പൊതു കാവ്യസമീപനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരം മാറ്റങ്ങള്‍ ബോധപൂര്‍വം സംഭവിക്കുന്നതാണോ.

= ദുരവസ്ഥയില്‍ ചാത്തന്റെയും സാവിത്രിയുടെയും വിവാഹത്തിന്റെ സാക്ഷിയാണ് മൈന. ആശയപരമായ മാറ്റം ഇല്ല. എന്റെ തന്നെ ആവിഷ്ക്കാര രീതിയില്‍ മാറ്റം വന്നതാകാം.

? സ്ത്രീ കവിതകള്‍ ശക്തമാകുന്ന ഒരു നല്ല കാവ്യകാലമാണിതെന്ന അഭിപ്രായം പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. വിശദമാക്കാമോ.

= കവിതയുടെ ഉത്ഭവകാലത്ത് മുന്‍നിരയില്‍ സ്ത്രീകളുണ്ടായിരുന്നു. കടത്തനാടന്‍ പാട്ടുകള്‍ മുഴുവന്‍ അമ്മമാരുടെ മനസ്സില്‍ ഉറവയെടുത്തതാകാനാണു സാധ്യത. എന്നാല്‍ ഔവ്വയാറിനെപ്പോലെ ഒരു കവി നമ്മള്‍ക്കില്ലാതെ പോയി. പുതിയകാലത്ത് ധാരാളം പെണ്‍കുട്ടികള്‍ അവര്‍ക്കുമാത്രം പറയാവുന്ന കാര്യങ്ങള്‍ കൂടി ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കാവ്യരംഗത്തുണ്ട്. ഈ പെണ്‍മുന്നേറ്റത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

? അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ട കവിതകളാണല്ലോ ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ എന്ന പേരില്‍ പുസ്തകമായത്. പക്ഷേ, ആവര്‍ത്തനംപോലുള്ള കവിതകള്‍ ഇന്നെഴുതപ്പെട്ട കവിതപോലെ തോന്നാറുണ്ട്. എന്തുപറയുന്നു

= ശ്രീകുമാറിന്റെ ദുഃഖങ്ങളിലെ ഒരു കവിതപോലും അടിയന്തരാവസ്ഥ കാലത്ത് എഴുതിയതല്ല. ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ എന്ന കവിത അക്കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ തന്നതാണ്. എഴുതിയത് പില്‍ക്കാലത്ത്. അടിയന്തരാവസ്ഥക്കാലത്തെഴുതിയ ഭാരതക്കിളിയെന്ന കവിത കൊല്ലത്തെ ഒരു ചെറുമാസികയിലാണ് വന്നത്. ലഭ്യമല്ല. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമായും ഞാന്‍ പോസ്റ്റര്‍ എഴുതുകയായിരുന്നു. അഷ്ടമുടിക്കായലിന്റെ പരിസരത്താണ് മലയാളത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നതെങ്കിലും അവ വായിച്ചത് ഉത്തരേന്ത്യയിലെ നിരക്ഷരരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി തോല്‍ക്കുകതന്നെ ചെയ്തു. അര്‍ധരാത്രിയില്‍ ആ വാര്‍ത്ത റേഡിയോയിലൂടെ കേട്ട ഞാന്‍ സഹദേവന്‍ സഖാവിന്റെ വീട്ടില്‍ചെന്ന് വിളിച്ചുണര്‍ത്തി ആഹ്ലാദം പങ്കുവച്ചു. അക്കാലം കവിതയിലൊതുക്കാന്‍ കഴിയാത്തത്.

? കവിത ജീവിതത്തിന്റെ ഏറ്റവും സത്യസന്ധമായ വഴിയാകുന്നതും രാഷ്ട്രീയ ബോധ്യങ്ങളുടെ സര്‍ഗാവിഷ്കാരമായി മാറുന്നതും കുരീപ്പുഴക്കവിതകളിലാണെന്ന് തോന്നിയിട്ടുണ്ട്. മുന്നോട്ടുള്ള കാവ്യജീവിതത്തില്‍ ആവിഷ്ക്കരിക്കപ്പെടേണ്ടതായി തോന്നിയിട്ടുള്ള കവിതകള്‍ ഉണ്ടോ

= നന്ദി. എന്റെ തന്നെ ഭാവികവിതയെക്കുറിച്ചു പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ എഴുതാനും കഴിയില്ല.

*
കുരീപ്പുഴ ശ്രീകുമാര്‍ /  രാജേഷ് ചിറപ്പാട്,  രാജേഷ് കെ എരുമേലി ദേശാഭിമാനി വാരിക

കുരീപ്പുഴ ശ്രീകുമാറിന്റെ ബ്ലോഗ് ഇവിടെ


ചിത്രത്തിനു കടപ്പാട് കൊല്ലം ബ്ലോഗ്  

അദ്ദേഹവുമായുള്ള മറ്റൊരു അഭിമുഖം ഇവിടെ

No comments: