Thursday, January 31, 2013

ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കായി വലതുപക്ഷ മാധ്യമ കുഴലൂത്ത്

ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കുന്നത്. ഇത് വിവിധ ജനവിഭാഗങ്ങളുടെമേല്‍ ദുരിതങ്ങളുടെ തീമഴതന്നെ വര്‍ഷിക്കുന്നു. ഇത്തരം നയങ്ങള്‍ നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും പ്രക്ഷോഭങ്ങളുടെ പരമ്പരതന്നെ രൂപപ്പെട്ടിട്ടുണ്ട് എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. ഇത്തരം പ്രക്ഷോഭം പല രാജ്യങ്ങളിലും സര്‍ക്കാരിനെത്തന്നെ മാറ്റിമറിക്കുന്ന നിലയിലേക്കും വളര്‍ന്നു. ലോകത്തെമ്പാടും രൂപപ്പെട്ട ഇത്തരം ജനമുന്നേറ്റങ്ങള്‍ ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് അംഗീകരിക്കാനാവുന്നതല്ല. ജനമുന്നേറ്റങ്ങള്‍ നടന്ന രാജ്യങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം പ്രക്ഷോഭങ്ങളെ അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചത്്. വാള്‍സ്ട്രീറ്റില്‍ ഉള്‍പ്പെടെ പ്രക്ഷോഭം നടത്തിയ ജനത തങ്ങളുടെ സമരത്തിന്റെ ഉള്ളടക്കം നവമാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് ജനങ്ങളെ അറിയിക്കേണ്ടിവന്നത് അതിനാലാണ്.

കേരളത്തിലും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി നടത്തുന്ന പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ വീക്ഷിക്കുന്നത് ഇത്തരം കണ്ണോടെതന്നെയാണ്. പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുക, നല്‍കുന്ന വാര്‍ത്തകളാവട്ടെ വക്രീകരിച്ച് നല്‍കുക, മറ്റ് അപ്രധാന വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയ രീതികളാണ് ഇവര്‍ പുലര്‍ത്തുന്നത്. മാത്രമല്ല, സമരം നടക്കുന്ന കാലത്ത് അതിനെ ശക്തമായി എതിര്‍ത്തശേഷം സമരം അവസാനിക്കുന്ന ഘട്ടത്തില്‍ അവ ഒന്നും നേടിയില്ല എന്ന് പ്രചരിപ്പിച്ച് പോരാട്ടം നടത്തിയ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി രൂപപ്പെടുത്താനും ശ്രമിക്കുന്നു. വലതുപക്ഷ ശക്തികള്‍ അവരംഗീകരിച്ച പ്രത്യേക അജന്‍ഡയുടെ ഭാഗമായി ഈ പ്രചാരണത്തില്‍ ഏര്‍പ്പെടുകയാണ്. വര്‍ത്തമാനകാലത്ത് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ സ്ഥിതിയും വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

രാജ്യത്തിന്റെ പൊതുശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭമായിരുന്നു പാചകവാതക സിലിന്‍ഡര്‍പ്രശ്നത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മഞ്ചേശ്വരംമുതല്‍ പാറശാലവരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം. വലതുപക്ഷശക്തികള്‍ക്ക്, ഒന്നും നേടാന്‍ കഴിയാത്ത സമരമെന്ന് പുച്ഛിക്കാമെങ്കിലും രാജ്യമാകെ ആ സമരസന്ദേശം നെഞ്ചേറ്റി. പാചകവാതക സിലിന്‍ഡറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്ത നടത്തുന്നുണ്ട് എന്ന് ഇത്തരം മാധ്യമങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നത് ഈ പ്രക്ഷോഭം ഉണ്ടാക്കിയ സമ്മര്‍ദത്തിന്റെകൂടി ഫലമാണ് എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് രാജ്യമാകെ നടപ്പാക്കുന്ന വലതുപക്ഷ അജന്‍ഡയുടെ ഭാഗമാണ്. നമ്മുടെ വികസനത്തിന് ഉപയോഗിക്കേണ്ട പണം വന്‍കിട കോര്‍പറേറ്റുകളുടെ മൂലധനമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് 2013 ഏപ്രില്‍ ഒന്നുമുതല്‍ ജോലിയില്‍ ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകും. നിലവിലുള്ളവര്‍ക്ക് ബാധകമാകാത്തതിനാല്‍ അവര്‍ എന്തിന് ഈ തീരുമാനത്തെ ചോദ്യംചെയ്യുന്നു എന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുകയുണ്ടായി. ഒരേ ജോലി ചെയ്യുന്നവരെ രണ്ടായി തരംതിരിക്കുകയാണ് ഇതിലൂടെ. ഒരേ റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കുന്നവര്‍ക്കുതന്നെ വ്യത്യസ്ത രീതിയിലുള്ള പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന സമീപനം. സ്വാഭാവികമായും ഏതൊരു സംഘടനയും അതിനെ ചോദ്യംചെയ്യും.

പങ്കാളിത്ത പെന്‍ഷനോട് ജീവനക്കാരുടെയും അധ്യാപകരുടെയും മേഖലയിലുള്ള മുഴുവന്‍ സംഘടനകളും വിയോജിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അനുകൂല സംഘടനയായ സെറ്റോവിനെ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ പണിമുടക്കില്‍നിന്ന് മാറ്റിനിര്‍ത്താനായെങ്കിലും അതില്‍ അണിനിരന്നവരുടെ മനസ്സ് പണിമുടക്കിയവരോടൊപ്പമായിരുന്നു. അതുകൊണ്ടാണ് ആഗസ്ത് 21ന് സൂചനാ പണിമുടക്കിലും ജനുവരി എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിലും ജീവനക്കാരിലും അധ്യാപകരിലും ഭൂരിപക്ഷം പണിമുടക്കിയത്. ജനുവരി എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പരാജയപ്പെടുത്തുന്നതിന് വഴിവിട്ട നടപടികള്‍ പലതും സ്വീകരിക്കുകയുണ്ടായി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കല്‍, വനിതാ ജീവനക്കാരെയടക്കം ജയിലിലടയ്ക്കല്‍, കെഎസ്യുവിന്റെ ലേബലില്‍ കോണ്‍ഗ്രസുകാര്‍ സമരക്കാര്‍ക്കു നേരെ നടത്തിയ ആക്രമണം തുടങ്ങിയവയെല്ലാം ഉണ്ടായെങ്കിലും സമരം ചെയ്യുന്നവരുടെ മനോവീര്യം തകര്‍ന്നില്ല. അവര്‍ പണിമുടക്കില്‍ ഉറച്ചുനിന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ജനുവരി 13ന് ആദ്യം ധനമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അവസാനം ജീവനക്കാരുമായി ചര്‍ച്ച ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന തരത്തില്‍ ശക്തി പ്രാപിച്ചതായിരുന്നു സമരം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ പലതും പരിഹരിക്കാനുതകുന്ന ഒത്തുതീര്‍പ്പ് ഇതിലുണ്ടായി എന്നതാണ് വസ്തുത.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ വേതനവും കുറഞ്ഞ സേവന കാലവുമുള്ളവര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ഇത്തരം പ്രയാസങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുക്കാന്‍ കഴിഞ്ഞു. ഈ പദ്ധതിയിലൂടെ മിനിമം പെന്‍ഷന്‍ ലഭിക്കുന്ന കാര്യം ഉറപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ച കാര്യമാണ്. സമരത്തെത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയ ഭേദഗതികൂടി ഉള്‍ക്കൊള്ളിച്ച് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കും എന്ന ഉറപ്പ് നേടിയെടുക്കാനും കഴിഞ്ഞു. പെന്‍ഷന്‍ ഫണ്ട് എവിടെ നിക്ഷേപിക്കും എന്ന് തനിക്ക് പറയാനാവില്ലെന്നാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. സമരത്തിന്റെ ഫലമായി പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎയ്ക്ക് സര്‍ക്കാര്‍ എഴുതുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. 2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേരുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് രേഖപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന ഉറപ്പും ഇതോടൊപ്പമുണ്ടായി. എംപവേര്‍ഡ് കമ്മിറ്റി, തസ്തിക വെട്ടിക്കുറയ്ക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത് ജീവനക്കാരില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയതാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായല്ലെങ്കിലും സമരസമിതി ഈ പ്രശ്നം ഉന്നയിച്ചു. ഇത് സംഘടനകളുമായി ചര്‍ച്ചചെയ്യും എന്നും സര്‍ക്കാര്‍ സമ്മതിച്ചു. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരില്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാത്തതിനാല്‍ സമരം പരാജയപ്പെട്ടു എന്ന് വാദിക്കുന്നവര്‍ കാണേണ്ട വസ്തുത, ജീവനക്കാര്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം ഉണ്ടാകാതിരുന്നതാണ് ഇത്തരം ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്നാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് സമരസമിതി നിര്‍ദേശിച്ചിരുന്നു. അത് സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നത് ജീവനക്കാരാകെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരാണ് എന്ന് മനസിലാക്കിയതുകൊണ്ടാണ്. നവ ഉദാരവല്‍ക്കരണത്തിനെതിരെ വീറുറ്റ സമരംതന്നെയാണ് അധ്യാപകരും ജീവനക്കാരും നടത്തിയത്. അതിനെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ വീറുറ്റ സമരത്തിലേക്ക് ജീവനക്കാരും അധ്യാപകരും നീങ്ങാന്‍ ഇടയുണ്ടെന്ന തിരിച്ചറിവ് മൂലമാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഭൂമാഫിയയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും തങ്ങളുടെ മുന്‍ഗാമികളുടെ മാതൃക പിന്തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നു മുതല്‍ 10 വരെ മിച്ചഭൂമിയില്‍ പ്രവേശിക്കുന്ന സമരം ഭൂസംരക്ഷണസമിതി ആരംഭിച്ചത്. സംസ്ഥാനത്താകെ 39,831 വളന്റിയര്‍മാരാണ് ഈ സമരത്തില്‍ പങ്കെടുത്തത്. ജനുവരി 11 മുതല്‍ 16 വരെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി സമരത്തില്‍ പങ്കെടുത്തത് 60,873 വളന്റിയര്‍മാരാണ്. ഈ സമരങ്ങളില്‍ സമരവളന്റിയര്‍മാരെ അനുധാവനം ചെയ്തവരുണ്ട്. മിച്ചഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ 72,224 പേരും കുടില്‍കെട്ടി സമരത്തില്‍ 89,107 പേരും സമരസഖാക്കളെ അനുധാവനംചെയ്തു. മൊത്തം 2,69,703 പേര്‍ ഭൂസമരത്തില്‍ അണിനിരന്നു. ഇത്തരത്തില്‍ ശക്തമായി നടന്ന സമരത്തെ ഇകഴ്ത്തിക്കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യണമെന്നും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിന് മുന്‍ഗണന നല്‍കണമെന്നുമാണ് സമരത്തിലുന്നയിച്ച പ്രധാന മുദ്രാവാക്യം. ജനുവരി 16ന് ഭൂസംരക്ഷണ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും കൃഷിയാവശ്യത്തിന് ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യുമെന്നും ചര്‍ച്ചയില്‍ ധാരണയായി. ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി വിതരണംചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുമെന്നും ഉറപ്പുനല്‍കി. കൈവശ കൃഷിക്കാര്‍ക്ക് പട്ടയം വിതരണംചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും ധാരണയായി.

എല്ലാ പുറമ്പോക്ക് നിവാസികള്‍ക്കും കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നല്‍കും എന്നു മാത്രമല്ല, തോട്ടങ്ങളുടെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ തോട്ടഭൂമി ഒഴികെയുള്ളത് ഏറ്റെടുക്കുമെന്ന ഉറപ്പും നേടിയെടുക്കാന്‍ ഈ സമരത്തിലൂടെ സാധ്യമായി. ഈ സമരവുമായി ബന്ധപ്പെട്ട് മറ്റു ചില സുപ്രധാനമായ ഉറപ്പുകളും സര്‍ക്കാര്‍ നല്‍കി. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഘടന മാറ്റുന്നത് തടയുന്നതിന്റെ ഭാഗമായി നെല്‍വയലുകള്‍ കൈമാറ്റംചെയ്യുമ്പോള്‍ കൃഷി ആവശ്യത്തിനുമാത്രം ഉപയോഗിക്കും എന്ന് ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഭൂപരിധി നിയമം ലംഘിച്ചത് സംബന്ധിച്ച പരാതികള്‍ ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കുകയും നടപടി എടുക്കുകയും ചെയ്യും. മാത്രമല്ല, ഇതു സംബന്ധിച്ച് അധികം കേസുകളുണ്ടെങ്കില്‍ പരാതി നല്‍കാനുള്ള പ്രത്യേക സംവിധാനം സംസ്ഥാനത്തുണ്ടാക്കുന്നത് പരിഗണിക്കുമെന്നും തീരുമാനിച്ചു. ഭൂമിക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാതിരുന്ന ഭൂരഹിതര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യവും ഉറപ്പുവരുത്താനായി. എല്ലാ ഭവനരഹിതര്‍ക്കും മൂന്നുസെന്റ് ഭൂമി വിതരണംചെയ്യും. മാത്രമല്ല, പഞ്ചായത്ത് പ്രദേശങ്ങളില്‍ നാലുമുതല്‍ 10 സെന്റ് വരെ വിതരണംചെയ്യുന്ന കാര്യം പ്രദേശത്തിന്റെയും ലഭ്യതയുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

സമരത്തോടനുബന്ധിച്ച് എടുത്ത കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഇത്തരത്തില്‍, ഉന്നയിച്ച പ്രശ്നങ്ങളിലെല്ലാം വ്യക്തമായ ഉറപ്പ് സമ്പാദിക്കാന്‍ കഴിഞ്ഞൊരു സമരത്തെയാണ് ഒന്നും നേടാനാകാതെ പൂര്‍ണമായി പരാജയപ്പെട്ട ഒന്നായി വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ജനങ്ങളുടെ അവകാശ പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകമാത്രമല്ല, സമരങ്ങളിലൂടെ നേടിയ നേട്ടം തമസ്കരിക്കാനുമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ശബ്ദമാണ് തങ്ങളുടേത് എന്ന് പ്രചരിപ്പിക്കുകയും തികച്ചും ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയുംചെയ്യുന്ന ഇത്തരം മാധ്യമസംസ്കാരത്തെ തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം ജനകീയ മാധ്യമങ്ങളെ ശക്തിപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 31 ജനുവരി 2013

No comments: