Monday, January 14, 2013

കുടിവെള്ള കമ്പനിയുടെ പേരില്‍ വരുന്നത് തീവെട്ടിക്കൊള്ള


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുസ്യൂതം തുടര്‍ന്നു വരുന്ന ജനദ്രോഹ നടപടികളില്‍ ഏറ്റവും പുതിയതും പ്രതിലോമകരവും ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ് കുടിവെള്ളം കച്ചവടച്ചരക്കാക്കാനുള്ള നീക്കം. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാതൃകയില്‍ സ്വകാര്യപങ്കാളിത്തത്തോടെ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി രൂപീകരണത്തിലേക്കാണ് യു ഡി എഫ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത് സംസ്ഥാനം പ്രഖ്യാപിച്ച 2008 ലെ ജലനയത്തിനും കുടിവെള്ളവിതരണം സംബന്ധിച്ച പുതുക്കിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരാണ്. ഭൂമിയും ജലവുമടക്കം എല്ലാ പ്രകൃതിവിഭവങ്ങളും സ്വകാര്യ മൂലധനതാല്‍പര്യങ്ങള്‍ക്കും കൊള്ളലാഭത്തിനും അടിയറവെക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശുദ്ധമായ കുടിവെള്ളമെന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. അത് മിതവും ന്യായവുമായ നിരക്കില്‍ ജനങ്ങള്‍ക്കെത്തിച്ചു നല്‍കുക ഏതൊരുപരിഷ്‌കൃത ജനാധിപത്യ ഗവണ്‍മെന്റിന്റെയും പ്രാഥമിക ബാധ്യതയാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം കുടിവെള്ളത്തെ ഒരു കച്ചവടചരക്കാക്കി മാറ്റുകയാണ് സര്‍ക്കാര്‍ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും അവസാനമായി റയില്‍ യാത്രാകൂലിയുടെയും നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടികളെക്കാള്‍ നിഷ്ഠൂരവും പ്രാകൃതവുമാണ് സര്‍ക്കാരിന്റെ കുടിവെള്ള കച്ചവടപദ്ധതി. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രജല നയത്തില്‍ നിന്നും നീക്കം ചെയ്ത ആശയമാണ് യു ഡി എഫ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മുതിരുന്നത്.

ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും സാര്‍വത്രിക ശുദ്ധജലവിതരണമെന്ന ലക്ഷ്യം കൈവരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ജലവിപണനത്തിനായി പുതിയ കമ്പനിക്ക് മുതിരുന്നതെന്നുമാണ് സര്‍ക്കാരിന്റെ  ന്യായവാദം. ഇത് അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരു പദ്ധതിക്ക് പോലും സര്‍ക്കാര്‍ പണം അനുവദിക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നവ ഉദാരീകരണനയങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശുദ്ധജലവിതരണ രംഗത്ത് ആവിഷ്‌കരിച്ചതും നടപ്പാക്കാന്‍ ശ്രമിച്ചതും ലോകബാങ്കിന്റെ സഹായത്തോടെയുള്ള ജലനിധിപദ്ധതികളാണ്. പ്രാദേശികസമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള കൊച്ചു കൊച്ചു പദ്ധതികളൊഴികെ വിപുലമായ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള, ഒരു പഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലുമുള്ള പദ്ധതികളൊന്നും, വിജയിപ്പിക്കാനോ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനോ ജലനിധി വഴി കഴിഞ്ഞിട്ടില്ല. ജലനിധി പദ്ധതി തുടക്കത്തില്‍ വ്യാപകമായ എതിര്‍പ്പും പ്രതിഷേധ സമരങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നു. ലോകബാങ്കിന്റെ ഈ പദ്ധതി ആത്യന്തികമായി കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലേക്കും അതിന്റെ കച്ചവടത്തിലേക്കുമാണ് നയിക്കുക എന്ന മുന്നറിയിപ്പും ഉയര്‍ന്നിരുന്നു. ആ താക്കീതുകള്‍ യാഥാര്‍ഥ്യമാവുന്നുവെന്നാണ് പുതിയ സിയാല്‍ മാതൃകയിലുള്ള കമ്പനി തെളിയിക്കുന്നത്. കുടിവെള്ളക്കച്ചവടം അതീവ ഗുരുതരമായ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ കുഴപ്പങ്ങളാണ് ലോകത്തിലെ പല രാജ്യങ്ങളിലും സൃഷ്ടിച്ചിട്ടുള്ളത്. ബൊളിവിയ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കേരളത്തിന് പാഠമാവണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന കമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തത്തിനു സന്നദ്ധരാവുന്ന സ്വകാര്യസംരംഭകര്‍ അതിന് തയാറാവുന്നത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനല്ല. തങ്ങളുടെ മുടക്കുമുതല്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ച് പിടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. പ്രകൃതി സൗജന്യമായി നല്‍കുന്ന ജലസമ്പത്ത് കൊള്ളവില കൊടുത്ത് വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമാവും. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി സേവനം നടത്തുന്ന മേഖലകള്‍ക്ക് പുറത്തായിരിക്കും പുതിയസംവിധാനം നിലവില്‍ വരിക. അത് പട്ടിണിപാവങ്ങളായ മത്സ്യത്തൊഴിലാളികളും മറ്റ് പരമ്പരാഗത തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശങ്ങളും ആദിവാസികള്‍ ഉള്‍പ്പെടുന്ന മലയോരമേഖലകളിലും  ആയിരിക്കും.

വാട്ടര്‍ അതോറിറ്റി ഇന്ന് നല്‍കുന്ന നിരക്കിന്റെ 250 മുതല്‍ 300 ഇരട്ടിവരെ കുടിവെള്ളത്തിന് വില നല്‍കേണ്ടി വരുമെന്ന സൂചന ഇതിനകം മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. വാട്ടര്‍ അതോറിറ്റി ഒരു കിലോ ലിറ്റര്‍ (1000 ലിറ്റര്‍) ജലത്തിന് നാലു രൂപ ഈടാക്കുന്ന സ്ഥാനത്ത് അത്രയും വെള്ളത്തിന് പാവപ്പെട്ട പുതിയ ഉപഭോക്താവ് 250-300 രൂപ നല്‍കേണ്ടി വരുമെന്ന് അര്‍ഥം. ഇത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുടിവെള്ളത്തിന്റെ പേരിലുള്ള തീവെട്ടിക്കൊള്ളയായിരിക്കും. അത് മേല്‍ സൂചിപ്പിച്ച പല രാജ്യങ്ങളിലുമെന്നപോലെ കുടിവെള്ളത്തിന്റെ പേരില്‍ രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്കായിരിക്കും നയിക്കുക.

*
ജനയുഗം മുഖപ്രസംഗം

No comments: