Thursday, January 10, 2013

സ്ത്രീകള്‍ക്ക് മേല്‍ യുദ്ധം

രാജ്യത്ത് ഒരു മഹായുദ്ധം നടക്കുന്നുണ്ട്.അത് സ്ത്രീകള്‍ക്കും ദളിതര്‍ക്കും ദരിദ്രര്‍ക്കും എതിരായ യുദ്ധമാണ്. ഇതില്‍ ഏറ്റവും നഷ്ടവും തോല്‍വിയും തിരിച്ചടിയും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ് - കാരണം അവര്‍ ഈ എല്ലാ വിഭാഗത്തിലും ഏറ്റവും അടിത്തട്ടിലാണ് എന്നത് തന്നെ. എന്നാല്‍ സാമ്പത്തിക സാമൂഹ്യ വ്യത്യാസമില്ലാതെ ഏറ്റവും വ്യാപകവും അതേ സമയം ഏറ്റവും സ്വാഭാവികവും ആയി കണക്കാക്കപ്പെടുന്നത് സ്ത്രീകള്‍ക്ക് മേലെയുള്ള ആക്രമണമാണ്.ഈ യുദ്ധം പ്രകൃതിസഹജവും മൂല്യ നിബദ്ധവുമായി കരുതപ്പെടുന്നു.അതുകൊണ്ട് തന്നെ ഇരകള്‍ക്ക്് മേല്‍ കുറ്റം ചാര്‍ത്തി കയ്യൊഴിയാന്‍ എളുപ്പമാണ്.

ഇത് ന്യൂ ദല്‍ഹിയിലെ ഒരു പോലീസ് സ്റ്റേഷനിലെ ഏമാന്റെ കയ്യില്‍ നിന്നും ഒരു പാവപ്പെട്ട പരാതിക്കാരിക്ക് കേള്‍ക്കേണ്ടി വന്നത് - ഭര്‍ത്താവിന്റെ കയ്യില്‍നിന്നും മാരകമായ മര്‍ദ്ദനം ഏറ്റു സഹികെട്ടു പോലീസ് സ്റ്റേഷനില്‍ ചെന്ന അവരോടു ഏമാന്‍ ചോദിച്ചു, നീയെന്തെങ്കിലും അയാളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ചെയ്തോ?&ൃറൂൗീ; ഒത്തിരി ആലോചിച്ചിട്ട് അവര്‍ പറഞ്ഞു,&ൃറൂൗീ;നച്ചിട്ട തുണികള്‍ മഴ ചാറിയപ്പോഴാണ് ഞാന്‍ എടുത്തത്. ഏമാന്‍ വിജയശ്രീ ലാളിതനായി പറഞ്ഞു:കണ്ടില്ലേ, നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെയാണ് പ്രശ്നങ്ങള്‍ തുടങ്ങി വെയ്ക്കുന്നത്; എന്നിട്ട് പരാതിയുമായി ഇറങ്ങിക്കൊള്ളും - ഞങ്ങളുടെ സമയം മെനക്കെടുത്താന്‍. ഒരു സ്ത്രീയായി ഈ രാജ്യത്തു ജീവിക്കുക എത്ര ദുഷ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളിലൂടെയാണ് ഇന്ത്യ ഒരു പുതുവര്‍ഷത്തിലേക്ക് കൂടി കടന്നത്.

ബസില്‍ വെച്ച് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ദുരന്തത്തിലും അതിനെതിരെ ഉയര്‍ന്ന ജനരോഷത്തിലും രാജ്യ തലസ്ഥാനം നിശ്ചലമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിന്റെ പേരില്‍ ജനരോഷം ഇരമ്പുന്ന അതേ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് മേലുള്ള അതിക്രമവാര്‍ത്തകളുടെ ഘോഷയാത്രയാണ് മാധ്യമങ്ങളില്‍ വന്നത്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ഡല്‍ഹിയില്‍ നേരിടേണ്ടി വന്നത് ഒരു കൂട്ടം ചെറുപ്പക്കാരുടെ അപമാനശ്രമങ്ങളാണ്. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാതെ, പരാതി പറയാന്‍ ചെന്ന തന്നെയും അമ്മയെയും അപമാനിച്ച, പോലീസിന്റെ നടപടിയില്‍ മനംനൊന്ത് ഒരു പതിനേഴുകാരി പഞ്ചാബില്‍ ആത്മഹത്യ ചെയ്തതും ഈ ദിവസങ്ങളില്‍ തന്നെയാണ്. ബലാത്സംഗം ചെയ്തതിനുശേഷം ഒരു ദളിത് പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ തീ വെച്ച് കൊന്നതും ഈ ദിവസങ്ങളില്‍ തന്നെയാണ്.കേരളം സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. രാജ്യത്തെ മാധ്യമങ്ങളില്‍ കൂടി ഒന്ന് വെറുതെ കണ്ണോടിച്ചാല്‍ ദിനംപ്രതി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ വ്യാപ്തി ബോധ്യമാകും. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും, പ്രത്യേകിച്ച് മെട്രോ പോളിറ്റന്‍ നഗരങ്ങളില്‍, സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് അടിവരയിടുന്ന പല പഠനങ്ങളും ഇതിനകം തന്നെ പുറത്തു വന്നുകഴിഞ്ഞു. ജി 20 രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യമായി 370 വനിതാ പഠന ഗവേഷകര്‍ വിലയിരുത്തിയത് ഇന്ത്യയെയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ ആണെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.ശരാശരി ഒരു ദിവസം രണ്ടെന്ന നിലയില്‍ പോയ വര്‍ഷം ഡല്‍ഹിയില്‍ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ നടന്നുവെന്നു കണക്കുകള്‍ പറയുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും സ്ത്രീ സുരക്ഷിതയല്ല. സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റങ്ങള്‍ വരാത്തിടത്തോളം, തുല്യ അവകാശമുള്ള പൗരരായി സ്ത്രീകളെ അംഗീകരിക്കാത്തിടത്തോളം കാലം സ്ത്രീകള്‍ക്ക് ഈ രാജ്യത്തു സുരക്ഷിതത്വം ഉണ്ടാവുകയുമില്ല. ജൈവ ചോദനകള്‍ ഒരാളെയും സ്ത്രീകളെ കടന്നാക്രമിക്കാനും പീഡിപ്പിക്കാനും അപമാനിക്കാനും പ്രേരിപ്പിക്കില്ല. സ്ത്രീ നീതിബോധത്തിന്റെ അഭാവവും നീതി നിര്‍വഹണത്തിലെ അലംഭാവവും നിയമങ്ങള്‍ സംബന്ധിച്ചും നിയമ വാഴ്ച സംബന്ധിച്ചും ഉള്ള അങ്ങേയറ്റത്തെ പുച്ഛവും അവഗണനയും പ്രാകൃതവും പിന്തിരിപ്പനുമായ മനോഭാവങ്ങളുമാണ് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളത്.

പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടിയുള്ളതാണെന്നും സ്ത്രീകള്‍ക്ക് പൊതു ജീവിതം നയിക്കാന്‍, പുരുഷന്മാര്‍ക്കുള്ളതുപോലെ തന്നെ അവകാശമുണ്ടെന്നും ഉള്ള ധാരണയുടെ സമ്പൂര്‍ണ അഭാവവും ഈ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് പിന്നിലുണ്ട്. സ്ത്രീസംരക്ഷണ നിയമങ്ങള്‍ പലതും നിലവിലുണ്ട്, ഇപ്പോള്‍ തന്നെ. എന്നാല്‍ ഒരു കുറ്റകൃത്യം രേഖപ്പെടുത്തുന്നതു മുതല്‍ കോടതി വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അധികാര കേന്ദ്രങ്ങളെയും പോലീസിനെയും ഉപയോഗിച്ചും പരാതിക്കാരെ ഭയപ്പെടുത്തിയും ദുര്‍ബലരാക്കിയുമെല്ലാം നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കി ആക്രമികള്‍ രക്ഷപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്. നീതിക്കായി വര്‍ഷങ്ങളോളം വേദനയും അപമാനവും സാമൂഹ്യ ഒറ്റപ്പെടലും അനുഭവിച്ചു കാത്തിരിക്കേണ്ടി വരുന്നതും നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം പോലും സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന സാഹചര്യമൊരുക്കുന്നു.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും ഊന്നല്‍ നല്‍കിക്കാണുന്നത് നിയമങ്ങളുടെ കര്‍ശനമായ നിര്‍വഹണത്തിനാണ് എന്നത് നല്ലത് തന്നെ. രാജ്യത്ത് ബലാത്സംഗക്കുറ്റങ്ങളില്‍ നാലിലൊന്ന് പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നത് ആശങ്കയുണ്ടാക്കുന്നു.സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല എന്നത് വാസ്തവം തന്നെയാണ്. കാരണം സാംസ്കാരികവും സാമ്പത്തികവും സാമൂഹ്യവുമായ നിരവധി കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യ മനോഭാവം, ജാതി വിവേചനം, സാമ്പത്തിക അസമത്വങ്ങള്‍, വര്‍ധിക്കുന്ന മദ്യപാനം, വന്‍ നഗരങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റം ഇവയൊക്കെ അതിക്രമങ്ങള്‍ക്ക്് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്. ഒപ്പം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മാധ്യമങ്ങളുടെയും ഇന്റെര്‍നെറ്റിന്റെയും കമ്പോള സമ്പദ്വ്യവസ്ഥയുടെ സൃഷ്ടിയായ പുതിയ ജീവിത ശൈലിയുടെയും സ്വാധീനം ഇങ്ങനെ ഒട്ടേറെ കാരണങ്ങള്‍ വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കു പിന്നിലുണ്ട്. ലൈംഗികതയെയും സ്ത്രീപദവിയെയും സംബന്ധിച്ച പിന്തിരിപ്പന്‍ ആശയങ്ങള്‍ വെച്ച്പുലര്‍ത്തുന്ന ഇന്നത്തെ "ആധുനിക സ്വതന്ത്ര" ഇന്ത്യയുടെ അവസ്ഥ സങ്കീര്‍ണമാണ്. സ്ത്രീകളെ തങ്ങളേക്കാള്‍ അധമരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും.

അടിമത്തം സ്വാംശീകരിക്കാനുള്ള പരിശീലനമാണ് സ്ത്രീകള്‍ക്കു പരമ്പരാഗതമായി നല്‍കിക്കൊണ്ടിരിക്കുന്നത്. അവരവരെത്തന്നെ അധമരായി കാണാന്‍ സ്ത്രീകളെ പഠിപ്പിക്കുന്ന ഈ പുരുഷാധിപത്യ ബോധമാണ് സ്ത്രീകളെ പുരുഷന്റെ അടിമകളാക്കാന്‍ ഉപയോഗിക്കുന്ന ശക്തമായ ആയുധം.അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന സാമൂഹ്യ സംവിധാനങ്ങള്‍ രാജ്യത്തില്ല. ദുര്‍ബലവും പഴുതുകള്‍ ഏറെയുള്ളതുമായ നിയമങ്ങളാണ് നമുക്കുള്ളത്. മാത്രമല്ല, വീടിനകത്തും തൊഴിലിടങ്ങളിലും വാഹനങ്ങളിലും പൊതു നിരത്തുകളിലും എല്ലാം തങ്ങള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനാവശ്യമായ പിന്തുണ കുടുംബങ്ങളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കിട്ടുന്നുമില്ല.

ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നടന്ന ഒരു പഠനത്തിലെ സൂചന, ലോകത്ത് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ എന്നതാണ്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടന്ന ശൈത്യകാല പാര്‍ലമെന്റ്സമ്മേളനത്തില്‍ രാജ്യസഭയില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു കേന്ദ്ര വനിതാ ശിശു മന്ത്രിയായ കൃഷ്ണ തിരത്ത് നല്‍കിയത് തികച്ചും ഒഴുക്കന്‍ മട്ടില്‍ രാജ്യത്തു കാര്യങ്ങളെല്ലാം ഭദ്രമാണ് എന്ന മറുപടിയാണ്. രാജ്യസഭയില്‍ ഞാനുള്‍പ്പെടെയുള്ള നിരവധി എംപിമാര്‍ കഴിഞ്ഞ പല സെഷനുകളിലും സ്ത്രീകളുടെ സുരക്ഷിതത്വവും സ്ത്രീപ്രശ്നങ്ങളുമായും ബന്ധപ്പെട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കുന്ന യാന്ത്രികമായ മറുപടികള്‍ രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ കൂട്ടാക്കാതെയുള്ള യുപിഎ സര്‍ക്കാരിന്റെ നിരുത്തരവാദിത്വ സമീപനത്തെയാണ് കാണിക്കുന്നത്. എന്റെ ചോദ്യത്തിന് വനിതാ മന്ത്രി മറുപടി തന്ന ആ ദിവസങ്ങളില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീ പീഡന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ടായിരുന്നു എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയുടെ ഗൗരവം കൂട്ടുന്നു. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തില്‍ ഒരു വര്‍ഷവും സ്ത്രീകള്‍ക്കായുള്ള ബജറ്റ് വിഹിതത്തിന്റെ അമ്പത് ശതമാനം പോലും ചിലവഴിച്ചിട്ടില്ല എന്ന് മാത്രമല്ല ബലാത്സംഗങ്ങള്‍ക്കിരകളാകുന്ന പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി വകയിരുത്തിയ ഫണ്ടില്‍ നിന്നും ഒരു പൈസ പോലും നാല് വര്‍ഷവും ചിലവഴിച്ചിട്ടില്ല!

ഒരുപാട് പ്രതീക്ഷകളുമായി ജീവിതം ആരംഭിച്ച ഒരു പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തിന് ഒരാഴ്ചയ്ക്കുശേഷം മാത്രമാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഞെട്ടല്‍ അറിയിക്കാന്‍ സമയം കണ്ടെത്തിയത് എന്നതില്‍ ജനങ്ങള്‍ രോഷം കൊണ്ടു. പക്ഷേ സ്ത്രീ പ്രശ്നങ്ങള്‍ എന്നും ഭരണത്തിന്റെ അവസാന പരിഗണനയാണ് എന്നതാണ് സത്യം. മൂന്നു പെണ്‍മക്കളുടെ പിതാവായ പ്രധാനമന്ത്രിക്ക് അതിക്രമങ്ങളില്‍ തകരുന്ന ജീവിതങ്ങള്‍ക്ക്് നീതിയും പിന്തുണയും ലഭ്യമാക്കണമെന്ന് ബോധ്യപ്പെടാന്‍ പതിനായിരങ്ങളുടെ പ്രതിഷേധവും രോഷ പ്രകടങ്ങളും വേണ്ടി വന്നോ! സ്ത്രീകളോടുള്ള അതിക്രമങ്ങള്‍, രാജ്യത്തും ജനങ്ങള്‍ക്കിടയിലും അപകടകരമാം വിധം തകര്‍ന്നുകൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളുടെ പ്രതിഫലനം മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ ഭരണസംവിധാനത്തില്‍ നിന്നുണ്ടാകുന്ന കടുത്ത അവഗണനയുടെ കൂടി പ്രതിഫലനമാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യാനാകും?

കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ടികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടെ തങ്ങളുടെ സ്ത്രീപക്ഷ നയം പ്രഖ്യാപിക്കണം.
സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടത്തുന്ന ചെറുത്തുനില്‍പുകളും പോരാട്ടങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ നല്‍കണം.
ചെറുപ്പം മുതല്‍ സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ നീതി അവബോധവും വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ രീതിയില്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം.
സര്‍ക്കാരുകളും പ്രാദേശിക ഭരണസംവിധാനങ്ങളും നിയമ നിര്‍വഹണ ഏജന്‍സികളും സ്ത്രീസംഘടനകളും പൗരസംഘടനകളും തമ്മിലുള്ള ക്രിയാത്മകവും ശക്തവുമായ സഹകരണത്തിലൂടെ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാവൂ.
സുരക്ഷിതത്വത്തിനും അഭിമാനത്തിനും തുല്യഅവകാശങ്ങള്‍ക്കുമായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മനോഭാവം ഓരോ പൗരനിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന തരത്തില്‍ കാര്യക്ഷമതയോടെ പോലീസ് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന തരത്തില്‍ പോലീസ് സംവിധാനത്തിനാകെ സവിശേഷ പരിശീലനം നല്‍കണം.ഇത് ഡല്‍ഹി അടക്കമുള്ള മെട്രോ നഗരങ്ങളില്‍ നിന്നാരംഭിച്ച് രാജ്യമാകെ വ്യാപിപ്പിക്കണം.
ദേശീയ വനിതാ കമ്മീഷനുകളുടെയും സംസ്ഥാന വനിതാ കമ്മീഷനുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പ്രവര്‍ത്തിക്കാത്ത അംഗങ്ങളെ ഒഴിവാക്കി വനിതാ കമ്മീഷനുകളെ യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ പിന്തുണാ സംവിധാനങ്ങളാക്കി മാറ്റണം.
പോലീസ് സേനയെ വിപുലപ്പെടുത്തുകയും കുറഞ്ഞത് പത്ത് ശതമാനമെങ്കിലും വനിതാ പോലീസുകാരെ നിയമിക്കുകയും വേണം. നീതിനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം.
സ്ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് ഇരകളാക്കുന്ന ജാതി-ജന്മി-പുരുഷാധിപത്യ മൂല്യ ബോധവും അധികാരബന്ധവും ഇല്ലാതാക്കണം. ഹരിയാനയിലും യുപിയിലുമൊക്കെ നിലനില്‍ക്കുന്ന ജാതിപഞ്ചായത്തുകളുടെ പ്രവര്‍ത്തനം കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വിരുദ്ധമായ ജാതിപ്പഞ്ചായത്ത് വിലക്കുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും വേണം.
ബലാത്സംഗക്കുറ്റങ്ങളുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക.
ബലാത്സംഗത്തിന്റെ ഇരകളായിട്ടുള്ളവരുടെ ചികിത്സയ്ക്കും നിയമ സഹായത്തിനും ദീര്‍ഘകാല പുനരധിവാസത്തിനും സമയ ബന്ധിതമായ നടപടികള്‍ ഉറപ്പാക്കുക.
പാര്‍ലമെന്റില്‍ ദീര്‍ഘകാലമായി കാത്തു കിടക്കുന്ന വനിതാസംവരണ ബില്‍, ക്രിമിനല്‍ നിയമ ഭേദഗതി ബില്‍, തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണം തടയുന്ന ബില്‍ തുടങ്ങിയവ മൂന്നുമാസത്തിനുള്ളില്‍ പാസാക്കണം. രണ്ടായിരത്തി പതിമൂന്ന് സ്ത്രീകളുടെ സുരക്ഷിതത്വ വര്‍ഷമായി പ്രഖ്യാപിച്ചു സമയബന്ധിതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന വര്‍ദ്ധിച്ച അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഉണ്ടാകണം. ഹ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കെട്ടിക്കിടക്കുന്ന സ്ത്രീ പീഡന കേസുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കുകയും ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

*
ഡോ. ടി എന്‍ സീമ ചിന്ത 11 ജനുവരി 2013

No comments: