Wednesday, January 30, 2013

ജാതിജീര്‍ണതയില്‍ യുഡിഎഫ് സര്‍ക്കാര്‍

പരസ്പരപൂരകമാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെയും പത്രസമ്മേളനങ്ങള്‍. ഏറെ വൈകി, ഏറെ മടിച്ച് ഒടുവില്‍ രമേശ് സുകുമാരന്‍നായരോട് പ്രതികരിക്കുന്നു. രമേശിനെ സമ്മര്‍ദത്തിലാക്കി പാര്‍ടി നേതൃത്വം പറയിക്കുന്നതാണ് അങ്ങനെയൊക്കെ എന്ന് സുകുമാരന്‍നായര്‍ ന്യായീകരിക്കുന്നു. സുകുമാരന്‍നായരെ താന്‍ ചോദ്യംചെയ്യുന്നില്ല എന്ന് രമേശ് പറയുന്നു. രമേശ് അനുവദിച്ചുതരുന്ന ആ സ്വാതന്ത്ര്യമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് സുകുമാരന്‍നായര്‍ വിശദീകരിക്കുന്നു. തന്നെ മതേതരവാദി അല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് രമേശ് പറയുന്നു. അത് തങ്ങളെക്കുറിച്ചല്ല എന്നുപറഞ്ഞ് സുകുമാരന്‍നായര്‍ രമേശിന് തൃപ്തികരമായ വിധം ആ ആരോപണം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ളതാണെന്ന് ധ്വനിപ്പിക്കുന്നു. എന്‍എസ്എസിലെ കോണ്‍ഗ്രസുകാരുടെ വക്താവായി സുകുമാരന്‍നായരും കോണ്‍ഗ്രസിലെ എന്‍എസ്എസിന്റെ വക്താവായി രമേശും. എന്തൊരു സഹകരണം!

തനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ രമേശിന് എന്‍എസ്എസിനെ കൂടിയേ തീരൂ. താക്കോല്‍സ്ഥാനത്തെത്തിക്കാന്‍ നില്‍ക്കുകയാണല്ലോ മത്സരിക്കാന്‍ സീറ്റുപോലും വാങ്ങിത്തന്ന അവര്‍! അതേസമയം, ഇതുകൊണ്ട് ഇതരസമുദായങ്ങള്‍ തനിക്ക് വോട്ടുചെയ്യാതായാലോ? അതിലുമുണ്ട് ഇപ്പോള്‍ ചെറിയ ഉല്‍ക്കണ്ഠ. അതുകൊണ്ട് കക്ഷത്തിലിരിക്കുന്നത് പോകയുമരുത്, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം അദ്ദേഹത്തിന്. അതിനുള്ള അഭ്യാസമായി രമേശിന്റെ പത്രസമ്മേളനം.

പറഞ്ഞകാര്യങ്ങള്‍കൊണ്ടല്ല, മറിച്ച് പറയാതെവിട്ട കാര്യങ്ങള്‍കൊണ്ടാണ് അത് ശ്രദ്ധേയമായത്. ആരൊക്കെ തന്റെ മന്ത്രിസഭയില്‍ വരണമെന്ന് ആത്യന്തികമായി നിശ്ചയിക്കാനുള്ള അധികാരം ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്കാണ്. ആരെ മന്ത്രിയാക്കണം, ആരെ ആക്കരുത് എന്ന് കല്‍പ്പിക്കാന്‍ സമുദായസംഘടനാനേതാക്കള്‍ക്ക് ഒരവകാശവുമില്ല. ഇഷ്ടപ്പെട്ട നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേരളത്തില്‍ വിലപ്പോകില്ല. ഇതൊക്കെയാണ് സാധാരണനിലയില്‍ യുഡിഎഫ് മന്ത്രിസഭയെ ഒരു സമുദായനേതാവ് ഭീഷണിപ്പെടുത്തുമ്പോള്‍ അതിനെ നയിക്കുന്ന പാര്‍ടിയുടെ പ്രസിഡന്റ് പറയേണ്ടത്. അതൊക്കെ സംശയലേശമില്ലാതെ വ്യക്തമാക്കും എന്നാണ് ആരും കരുതുക. എന്നാല്‍, കെപിസിസി പ്രസിഡന്റ് അതൊന്നും പറഞ്ഞില്ല. താന്‍ നിയമസഭയിലേക്ക് മത്സരിച്ചത് ഏതെങ്കിലും ജാതിസംഘടനയുടെ ശുപാര്‍ശയിന്മേലല്ല എന്നോ മത്സരഘട്ടത്തില്‍ തന്നെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഏതെങ്കിലും ജാതിസംഘടനയ്ക്ക് വാക്കുനല്‍കിയിരുന്നില്ല എന്നോ അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യത്തിലൊക്കെ കെപിസിസി പ്രസിഡന്റ് പുലര്‍ത്തിയ മൗനം അര്‍ഥഗര്‍ഭമാണ്. അത് സുകുമാരന്‍നായര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന പ്രതീതി വരുത്താന്‍തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിഷമമില്ല. രമേശ് ചെന്നിത്തല പൂരിപ്പിക്കാത്ത മൗനത്തില്‍ ഒതുങ്ങിനിന്നതുമില്ല. താന്‍ മതേതരവാദിയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് പറഞ്ഞതിലൂടെ നായരായതുകൊണ്ട് രമേശ് ചെന്നിത്തലയെ അവഗണിച്ചു എന്ന സുകുമാരന്‍നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യത പകരുകകൂടി ചെയ്തിരിക്കുകയാണദ്ദേഹം.

അവിടെയും തീരുന്നില്ല. ആ വാക്കുകളുടെ മുള്‍മുന ചെന്നുകൊള്ളുന്നത് ഉമ്മന്‍ചാണ്ടിയിലാണെന്ന കാര്യം ഉറപ്പിക്കുകകൂടി ചെയ്തിട്ടുണ്ട് അദ്ദേഹം. ഉമ്മന്‍ചാണ്ടിയാണ് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍സ്ഥാനം നിഷേധിച്ചത് എന്ന് സുകുമാരന്‍നായര്‍ പറഞ്ഞതിന്റെ സ്വാഭാവികമായ ബാക്കിയാണല്ലോ തന്റെ മതനിരപേക്ഷമുഖം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന രമേശിന്റെ പരാമര്‍ശം. ഈ മന്ത്രിസഭയിലേക്ക് താനില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട്, ചേരാന്‍കൊള്ളുന്ന മന്ത്രിസഭയല്ല ഉമ്മന്‍ചാണ്ടിയുടേത് എന്ന് ധ്വനിപ്പിക്കാനും രമേശ് വിട്ടുപോയില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്യുമ്പോഴും എത്ര വിദഗ്ധമായി സുകുമാരന്‍നായരെ പ്രീതിപ്പെടുത്താന്‍ രമേശ് ശ്രദ്ധിച്ചിരിക്കുന്നു. സുകുമാരന്‍നായരുടെ വാക്കുകളെ ചോദ്യംചെയ്യുന്നില്ല എന്നും അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒക്കെ എടുത്തുപറഞ്ഞ് സുകുമാരന്‍നായരുടെ പ്രീതി ഉറപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്നാണ് സുകുമാരന്‍നായര്‍ ഭീഷണിപ്പെടുത്തിയത് എന്നോര്‍ക്കണം. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ്, ""അങ്ങനെയൊക്കെ പറയാന്‍ സ്വാതന്ത്ര്യമുണ്ട്"" എന്ന കെപിസിസി പ്രസിഡന്റിന്റെ ന്യായീകരണത്തിന് കൂടുതല്‍ അര്‍ഥം കിട്ടുക. രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്തെത്തിച്ചില്ലെങ്കില്‍ മന്ത്രിസഭ തകര്‍ക്കുമെന്ന് സുകുമാരന്‍നായര്‍ ഭീഷണിയുയര്‍ത്തിയത് ഞായറാഴ്ചയാണ്. അന്നോ, അതിന്റെ പിറ്റേന്നോ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ കെപിസിസി നേതൃത്വം മറുപടി പറയണം എന്ന് പാര്‍ടിയില്‍ ഒരു വിഭാഗത്തില്‍നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായ വേളയില്‍ മാത്രമാണ് ഏറെ വൈകി പ്രതികരണവുമായി രമേശ് എത്തിയത്. ആ പ്രതികരണമാകട്ടെ, സുകുമാരന്‍നായര്‍ക്ക് വിശ്വാസ്യത പകരുന്ന വിധത്തിലാകുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയുംചെയ്തു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിക്കുന്നയാളോടുപോലും എന്തൊരു മൃദുസമീപനമാണ് കെപിസിസി പ്രസിഡന്റിന്? എന്‍എസ്എസുമായി രഹസ്യധാരണയില്ലായിരുന്നുവെന്നു പറയാന്‍ അദ്ദേഹത്തിന് കഴിയാത്തതെന്തുകൊണ്ടാണ്? മതേതരവാദിയായ തനിക്കുവേണ്ടി വക്കാലത്തുമായി നടക്കാന്‍ എന്‍എസ്എസിനെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല എന്നുപറയാന്‍ പറ്റാത്തതെന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കെപിസിസി പ്രസിഡന്റിന്റെ മതനിരപേക്ഷതയുടെ മൂടുപടം ഊര്‍ന്നുവീണുപോകുന്നത്. ഇത് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും പ്രകടമാണ്. ആര് മന്ത്രിയാകണം ആര് മന്ത്രിയാകേണ്ട എന്നൊന്നും കല്‍പ്പിക്കേണ്ടതില്ല എന്നുപറയാന്‍ അദ്ദേഹത്തിന് കരുത്തുണ്ടോ? മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് വാക്കുകളുണ്ടോ?

ജാതിമതവിഭാഗങ്ങളെ പ്രീണിപ്പിച്ചും അവയുമായി രഹസ്യധാരണയുണ്ടാക്കിയും തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ നോക്കുന്നവര്‍ക്ക് ഇതിനൊന്നും ധൈര്യമുണ്ടാകില്ല. തങ്ങള്‍ വിചാരിക്കുന്നതേ ഈ ഭരണത്തില്‍ നടപ്പാകൂ എന്ന് മുസ്ലിംലീഗ് മന്ത്രി പ്രഖ്യാപിച്ചപ്പോഴും ഇദ്ദേഹത്തിന് ഒരു വാക്കുകൊണ്ടുപോലും അതിനെ ചോദ്യംചെയ്യാനുള്ള ധൈര്യമുണ്ടായില്ല. അഞ്ചാംമന്ത്രിപദവി നേടിയെടുത്തശേഷം സ്കൂളുകളുടെ എയ്ഡഡ് പദവി കാര്യത്തില്‍ സമ്മര്‍ദവുമായി ഒരുവശത്ത് ലീഗ്. തങ്ങള്‍ പറയുമ്പോലെയായിക്കൊള്ളണം ഭരണമെന്ന് കല്‍പ്പിച്ച് മറുവശത്ത് എന്‍എസ്എസ് നേതൃത്വം. ഇതിന്റെ നടുവില്‍ ആടി ഉലയുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ജാതിജീര്‍ണതയില്‍ മലീമസമായി നശിക്കാനാണ് ഈ സര്‍ക്കാരിന്റെ വിധി.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജനുവരി 2013

No comments: