Sunday, January 20, 2013

മുസ്ലിങ്ങള്‍ ഇപ്പോഴും പിന്നോക്കാവസ്ഥയില്‍

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പൊതുമേഖല, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറുവര്‍ഷം മുമ്പ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചത്. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികളും ആവിഷ്‌ക്കരിക്കുകയുണ്ടായി.

എന്നാല്‍ ഭരണപരമായൊരു സൗകര്യമൊരുക്കുന്നതൊഴിച്ചാല്‍ ഒരു പുരോഗതിയും നാളിതുവരെയായി രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ അവസ്ഥയില്‍ വകുപ്പുരൂപീകരണത്തിനുശേഷം ഉണ്ടായിട്ടില്ല എന്ന് സച്ചാര്‍ കമ്മിറ്റി അംഗവും റിപ്പോര്‍ട്ടിന്റെ സുപ്രധാന ശില്‍പിയുമായ അബു സലേഷ് ഷെരീഫ് വെളിപ്പെടുത്തുന്നു.

മുസ്ലിം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രം ആളോഹരി വരുമാനത്തിന്റെ വളര്‍ച്ചാനിരക്കിലുള്ള ഇവരുടെ വിഹിതം 12 ശതമാനമാകേണ്ടതാണ്. എന്നാല്‍ മുസ്ലിംവിഭാഗത്തിന്റെ സംഭാവന 11.2 ശതമാനവും ആദിവാസി ദളിത് വിഭാഗത്തിന്റേത് 16.5 ശതമാനവുമാണ്. താണ വിദ്യാഭ്യാസ നിലവാരം കാരണം ഈ ജനവിഭാഗം പരമ്പരാഗതമായ കുറഞ്ഞമൂല്യം പ്രദാനം ചെയ്യുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നതാണ് ഇതിന് ഇടയാക്കുന്നത്. പരമ്പരാഗത സേവന മേഖലകളില്‍ മുസ്ലിം, പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ തൊഴില്‍ ശതമാനം 18 ആണെങ്കില്‍ ആധുനിക മേഖലകളില്‍ അത് കേവലം 14 ശതമാനമാണ്.

2004-05 ല്‍ മുസ്ലിം വിഭാഗത്തിലെ സാക്ഷരതാ നിലവാരത്തില്‍ ഗ്രാമീണ മേഖലയില്‍ 5.9 ശതമാനവും പട്ടണങ്ങളില്‍ 5.3 ശതമാനവും ഉയര്‍ച്ചയുണ്ടായെങ്കില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ 8.5 ഉം 5.1 ഉം ആണ് ഉയര്‍ച്ചയുണ്ടായത്. അതേസമയം ആദിവാസികളില്‍ ഗ്രാമങ്ങളില്‍ 11.3 ഉം പട്ടണങ്ങളില്‍ 8.6 മാണ് ഉയര്‍ച്ചാ നിരക്ക്. ചുരുക്കത്തില്‍ ദളിതിനും ആദിവാസികള്‍ക്കുമൊപ്പം നിലനിന്ന മുസ്ലിം ജനവിഭാഗം സാക്ഷരതയില്‍ വളരെ പുറകോട്ട് പോയിരിക്കുകയാണ്.

അതുപോലെതന്നെ പത്താംക്ലാസ് പാസാകുന്ന ആദിവാസി ദളിത് ശതമാനം പട്ടണങ്ങളില്‍ 13 ഉം 11 ഉം ഗ്രാമങ്ങളില്‍ 10 ഉം 9 ഉം ശതമാനമാണെങ്കില്‍ മുസ്ലിങ്ങള്‍ 5-7 ശതമാനം മാത്രമാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുന്ന 17-26 വയസ്സുവരെയുള്ള മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനവ് മാത്രമാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച്. പോയിന്റ് എട്ട് ശതമാനം വര്‍ധനവ് മാത്രമാണിത്. ഉയര്‍ന്ന ജാതിയില്‍പെട്ട ഹിന്ദുവിഭാഗത്തില്‍ 9.4 ഉം പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ 5.3 ശതമാനവുമാണ് വര്‍ദ്ധനവ്. ഇനി തൊഴില്‍രംഗം പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്. താണവേതനമുള്ള മേഖലകളിലാണ് മുസ്ലിം വിഭാഗങ്ങള്‍ കൂടുതലായും ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിയാണ് ഈ അവസ്ഥയ്ക്ക് കാരണം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ 23 ശതമാനം മാത്രമാണ്. എന്നാല്‍ ദളിത് ആദിവാസി വിഭാഗത്തിന്റെ സംഭാവന 36 ശതമാനമാണ്.

പട്ടണങ്ങളില്‍ 45 ശതമാനം മുസ്ലിങ്ങളും സ്വയം തൊഴിലിലേര്‍പ്പെടുന്നവരാണ്. ചെറുകിട കച്ചവടം, റിപ്പയര്‍ കടകള്‍ നടത്തല്‍ എന്നിവയിലാണ് ഇവര്‍ കൂടുതലും ഏര്‍പ്പെടുന്നത്. സുരക്ഷിതമായി ശമ്പളം കിട്ടുന്ന ജോലികളില്‍ ഏറ്റവും കുറവ് ആളുകള്‍ തൊഴിലെടുക്കുന്നത് മുസ്ലിം വിഭാഗത്തില്‍ നിന്നാണ്. 2009-10 ലെ നാഷണല്‍ സാമ്പിള്‍ സര്‍വെ അനുസരിച്ച് 15 വയസിന് മുകളിലുള്ള 88 ശതമാനം മുസ്ലിങ്ങളും അനൗപചാരിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇവരുടെ പ്രാതിനിധ്യം ആറ് ശതമാനം മാത്രമാണ്.

അസംഘടിത മേഖലയിലെ ജനവിഭാഗങ്ങള്‍ക്കായി കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലെടുക്കുന്ന മുസ്ലിങ്ങള്‍ 2.3 ശതമാനമേയുള്ളു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ എങ്ങനെ ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി രണ്ട് വിഭാഗം ജില്ലകള്‍ നീക്കിവെച്ചിട്ടുണ്ട്. 52 ശതമാനം മുസ്ലിങ്ങളും 3.3 ശതമാനം ക്രിസ്ത്യാനികളുമുള്‍ക്കൊള്ളുന്ന 90 ജില്ലകളാണ് ഇതില്‍ ഒന്ന്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ കീഴില്‍ 121 ജില്ലകളെ തെരഞ്ഞെടുത്തതില്‍ 66 ശതമാനം മുസ്ലിങ്ങളും 11 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി നടപ്പിലാക്കുന്ന 121 ജില്ലകളില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 50,000 രൂപയില്‍ നിന്ന് 2011 ല്‍ ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇതേ ജില്ലകളില്‍ ഹിന്ദുവിഭാഗങ്ങള്‍ക്ക് 2008 ല്‍ 2,30,000 രൂപയായിരുന്നത് 2011 ല്‍ 2,70,000 രൂപയായിട്ടാണ് ഉയര്‍ത്തിയത്.

ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പോരായ്മയുള്ളതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. മൊത്തം നീക്കിയിരുപ്പ് തുക 2008-09 ല്‍ 500 കോടിയായിരുന്നത് 2012-13 ല്‍ 3135 കോടിയായി ഉയര്‍ത്തിയെങ്കിലും 2011-12 ല്‍ 230 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. 20 ശതമാനം തുക ലാപ്‌സായി പോയി. ചെലവാക്കിയ തുകതന്നെ മുസ്ലിം ജനവിഭാഗത്തിലെ 50 ശതമാത്തിന് മാത്രമാണ് ലഭിച്ചത്.

*
എന്‍ ചിദംബരം ജനയുഗം

No comments: