ചെമ്മനം ചാക്കോ സാറിനെ ഒരു വേദിയില്‍വച്ചു കണ്ട പരിചയമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ രചനകള്‍ മുഴുവനും വായിച്ചിട്ടുമില്ല. എന്നാലും സാഹിത്യ തല്പരനായ ആരെങ്കിലും പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനായ ആരാണീ ചെമ്മനം ചാക്കോ എന്നു ചോദിച്ചാല്‍ എന്റെ നിസ്സംശയമായ മറുപടി ഇന്നത്തെ മലയാളത്തിലെ കുഞ്ചന്‍ നമ്പ്യാര്‍ എന്നായിരിക്കും. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മാധ്യമരംഗങ്ങളില്‍ ഇന്ന് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന വിപല്‍ക്കര പ്രവണതകളെ നിര്‍ദയം നിശിതമായി പരിഹസിക്കുന്ന ചെമ്മനം ചാക്കോയെപ്പോലെ ഒരു കവി ഉണ്ടോ എന്ന് സംശയമാണ്. കാവ്യം യശസ്സേര്‍ഥകൃതേ അല്ല; താന്‍ വ്യാപരിക്കുന്ന സമൂഹത്തെ കാര്‍ന്നുതിന്നുന്ന മാരകാര്‍ബുദത്തെ മുറിച്ചുനീക്കി സംശുദ്ധമാക്കാനുള്ള ശസ്ത്രം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതുപ്രകാരം തന്റെ സര്‍ഗപ്രതിഭയെ വിനിയോഗിക്കുകയും ചെയ്യുന്ന കവിയാണ് ചെമ്മനം. അക്കാരണങ്ങളാല്‍ തന്നെയാണ് ഈയുള്ളവനെപ്പോലുള്ളവരുടെ ആദരവ് ചാക്കോസാര്‍ പിടിച്ചുപറ്റീട്ടുള്ളതും.
എന്നാല്‍ ""സാഹിത്യ കലാരംഗങ്ങളില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം അനുവദിക്കരുതെ""ന്ന്, പതിനഞ്ചാമത് അന്താരാഷ്ട്രീയ പുസ്തകോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് നവംബര്‍ രണ്ടാംവാരത്തില്‍ കൊച്ചിയില്‍ അദ്ദേഹം പ്രസംഗിച്ചതായുള്ള പത്രവാര്‍ത്ത കണ്ടപ്പോള്‍ സ്വാഭാവികമായും അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നു തോന്നി. വാര്‍ത്ത ഇതുവരെ നിഷേധിച്ചിട്ടില്ല. സാഹിത്യവും കലയും രാഷ്ട്രീയവും എല്ലാം സമൂഹത്തിന്റെ ഉല്പന്നമല്ലേ? രാഷ്ട്രീയത്തെയും സമൂഹത്തില്‍നിന്ന് അടര്‍ത്തി മാറ്റാന്‍ ആവുമോ? സാഹിത്യകാരനും കലാകാരനും രാഷ്ട്രീയക്കാരനും സമൂഹത്തിന്റെതന്നെ ഉല്‍പ്പന്നങ്ങളല്ലേ? (അവരുടെ വ്യക്തിഗത പ്രതിഭകളെ നിഷേധിക്കുകയോ കുറച്ചു കാണുകയോ ചെയ്യുന്നില്ല). സാഹിത്യവും കലയും രാഷ്ട്രീയവും എല്ലാം പരസ്പരം ബന്ധപ്പെടാതെ വെള്ളം കേറാത്ത പ്രത്യേകം അറകളിലാണോ നിലനില്‍ക്കുന്നത്? കലാസാഹിത്യാദി രംഗങ്ങളിലേക്കു രാഷ്ട്രീയക്കാര്‍ തള്ളിക്കയറുന്നുണ്ടോ? കലാസാഹിത്യാദിരംഗങ്ങളിലേക്ക് രാഷ്ട്രീയക്കാരന് പ്രവേശനം അനുവദിക്കാനും അല്ലെങ്കില്‍ നിഷേധിക്കാനും ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? ചുമതലപ്പെടുത്താന്‍ ആര്‍ക്കാണ് അധികാരം? സാഹിത്യകാരന്‍ തന്റെ തൂലിക പടവാള്‍ ആയി സങ്കല്‍പ്പിച്ച് രചനകളില്‍ മുഴുകിയാല്‍ മാത്രം സമൂഹത്തിലെ വിനകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട് പുത്തന്‍ സമൂഹം രൂപംകൊള്ളുമോ? മുല്‍ക്രാജ് ആനന്ദിന്റെ ""കൂലി"", തകഴിയുടെ ""രണ്ടിടങ്ങഴി"", കേശവദേവിന്റെ ""ഓടയില്‍നിന്ന്"", ആശാന്റെ ""ദുരവസ്ഥ"", ചങ്ങമ്പുഴയുടെ ""വാഴക്കുല"" തുടങ്ങി ഒട്ടനവധി രചനകള്‍ സാമൂഹ്യ പരിവര്‍ത്തനസംരംഭങ്ങള്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. എന്നാല്‍ അവ മാത്രം മതിയോ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കാന്‍? പണ്ട് ആരോ പറഞ്ഞതുപോലെ ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നതല്ലേ സത്യം?
വര്‍ഗസമരം ആണ് ഓരോ സാമൂഹ്യ പരിവര്‍ത്തനങ്ങളുടെയും പിന്നിലെ മുഖ്യ ചാലകശക്തി എന്ന സത്യം ഇതഃപര്യന്തമുള്ള മാനവസമുദായ ചരിത്രം അവിതര്‍ക്കിതമായി തെളിയിച്ചിട്ടുണ്ട്. വര്‍ഗസമരത്തിന്റെ മുഖ്യ ചാലകശക്തിയോ സാമ്പത്തികാസമത്വവും. ഉല്‍പ്പാദനോപകരണങ്ങളും മറ്റു വിഭവങ്ങളും എല്ലാം കൈയടക്കി വച്ചിട്ടുള്ള പ്രമാണിവര്‍ഗത്തിനെതിരെ ചൂഷിതവര്‍ഗം നിലനില്‍പ്പിനുവേണ്ടി നടത്തുന്ന സമരങ്ങളിലൂടെയാണ് പഴയ വ്യവസ്ഥ തകര്‍ന്നുവീഴുന്നതും പുതിയ സമൂഹം പിറവി കൊള്ളുന്നതും. സാമൂഹ്യപരിവര്‍ത്തന പ്രക്രിയയിലെ മറ്റൊരു സവിശേഷത പഴയതിനെ നിശ്ശേഷം തുടച്ചുമാറ്റിക്കൊണ്ടല്ല പുത്തന്‍ വ്യവസ്ഥയുടെ പിറവി എന്നതാണ്.
സാമ്പത്തികാടിത്തറയും ആശയപരമായ മേല്‍പ്പുരയും എന്നീ രണ്ടു ഘടകങ്ങളുണ്ട് ഓരോ സാമൂഹ്യ വ്യവസ്ഥയ്ക്കും. പഴയതിന്റെ അടിത്തറ തകര്‍ക്കപ്പെട്ടാലും ആശയപരമായ മേല്‍പ്പുരയോ അതിന്റെ അവശിഷ്ടങ്ങളോ കുറേക്കാലത്തുകൂടി നിലനില്‍ക്കുകയും അതിന്റേതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതിന്റെ മികച്ച ഉദാഹരണമാണ് ഗ്രേറ്റ് ബ്രിട്ടന്‍. ആ രാഷ്ട്രം ഫ്യൂഡലിസം തകര്‍ത്ത് മുതലാളിത്ത ഘട്ടത്തിലേക്ക് കടന്ന് മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തില്‍ എത്തിയിട്ടും ഫ്യൂഡലിസത്തിന്റെ പ്രതീകമായ രാജാവ്, പരിമിതമായ അധികാരത്തോടുകൂടിയാണെങ്കിലും ഒരു ഭൂഷണമായിട്ടാണെങ്കിലും ഇന്നും നിലനില്‍ക്കുന്നതു കാണുന്നില്ലേ? വാനരനില്‍നിന്ന് പരിണാമത്താല്‍ രൂപംകൊണ്ട നരന്‍ പ്രാകൃത ദശയെ പിന്നിട്ട് അടിമയുഗവും ഫ്യൂഡലിസവും പിന്‍തള്ളി മുതലാളിത്ത വ്യവസ്ഥയെയും വെല്ലുവിളിച്ച് സോഷ്യലിസത്തില്‍ എത്തിനില്‍ക്കുകയാണിന്ന്. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ആദ്യപടി എന്ന നിലയില്‍ 1917 ഒക്ടോബറില്‍ സാറിസ്റ്റ് റഷ്യയില്‍ നടന്ന സായുധ വിപ്ലവം ആഗോള ചലനം തന്നെ സൃഷ്ടിച്ചു. മനുഷ്യന്‍ ഇച്ഛിക്കുന്ന രൂപത്തില്‍ തന്നെ സര്‍വവിധ സമ്പൂര്‍ണ സമത്വസുന്ദരമായ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പൊക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിപ്ലവം ഇദംപ്രഥമമായി ലോകത്തെ പഠിപ്പിച്ചു. 1991ല്‍ സോവിയറ്റ് പതനത്തെതുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ തന്നെയാണ് സാമൂഹ്യവളര്‍ച്ചയുടെ അവസാന ഘട്ടം എന്ന് ചിലര്‍ വാദിച്ചത് അറിയായ്കയല്ല, ഒരു ദശകം പിന്നിടുംമുമ്പേ തന്നെ അവരെ നിരാകരിക്കുന്ന സംഭവവികാസങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന സത്യം കൂടുതല്‍ കൂടുതല്‍ തെളിയുകയാണല്ലോ. റഷ്യയെ ഒക്ടോബര്‍ വിപ്ലവത്തിലേക്ക് നയിച്ചവര്‍ അവലംബമാക്കിയിരുന്ന തത്വശാസ്ത്രം അംഗീകരിച്ച പാര്‍ടികള്‍ അതതു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമൂഹ്യപരിവര്‍ത്തനത്തിനായി യത്നിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെ അംഗീകാരവും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അപ്പോള്‍ സോഷ്യലിസത്തിന്റെ ബദ്ധശത്രുക്കള്‍ പോലും തങ്ങളുടെ പാര്‍ടി സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്നു എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാന്‍ പാടുപെടുന്നു. രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും കള്ളനാണയങ്ങളും അത്ര വിരളമല്ല. ഇവിടെ വിവക്ഷിക്കുന്നത്, സാമൂഹ്യ പരിവര്‍ത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള രാഷ്ട്രീയ പാര്‍ടികളുടെ സാന്നിധ്യം അനിവാര്യമെന്നാണ്. രാഷ്ട്രീയമെന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചുള്ളവയാണ്. രാഷ്ട്രീയ പാര്‍ടികള്‍ പറയുന്നതുമാത്രം രാഷ്ട്രീയമായി ചുരുക്കിക്കാണാന്‍ വയ്യ. ഓരോ രാജ്യത്തിലും അനേകം രാഷ്ട്രീയ പാര്‍ടികള്‍. അവ ഓരോന്നിലും ലക്ഷക്കണക്കിന് അംഗങ്ങള്‍ കണ്ടേക്കാം. അവര്‍ എല്ലാവരും സഹൃദയര്‍ ആയിക്കൊള്ളണമെന്നില്ല. സഹൃദയരായവരില്‍ തന്നെ സര്‍ഗചേതനയുള്ളവര്‍ മഹാന്യൂനപക്ഷമായിരിക്കുമെന്നതില്‍ സംശയിക്കാനില്ല. ഇക്കൂട്ടര്‍ എല്ലാം സാഹിത്യ കലാദിരംഗങ്ങളില്‍ അവരവരുടെ ശേഷിയനുസരിച്ച് സംഭാവന ചെയ്താല്‍ തന്നെ അതിനെ തള്ളിക്കേറ്റമായി കാണാന്‍ കഴിയുമോ?
ചാക്കോ സാര്‍ മലയാള സാഹിത്യത്തെ ആയിരിക്കാം ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ കേരളക്കരയിലെ പ്രമുഖമായ രാഷ്ട്രീയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ടി എന്നതില്‍ തര്‍ക്കമില്ലല്ലോ. രാഷ്ട്രീയരംഗത്തും സാഹിത്യമണ്ഡലത്തിലും ഒരുപോലെ ശോഭിച്ച ഇ എം എസ്സിനെയാണ് ആദ്യം ഓര്‍ക്കുക. കാവ്യനാടകാഖ്യാനാദി രചനകള്‍ ഇ എം എസ്സിന്റേതായി ഇല്ലെന്നുള്ളത് ശരിതന്നെ. മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ സാഹിത്യകാരന്മാര്‍ക്ക് മാത്രമല്ല നിരൂപകര്‍ക്കും പാഠപുസ്തകമാണ്. മലയാളസാഹിത്യത്തിലെ അനേകം കൃതികളെക്കുറിച്ചുള്ള ഇ എം എസ്സിന്റെ നിരൂപണങ്ങള്‍ പ്രസിദ്ധങ്ങളാണ്. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ഈ അത്യപൂര്‍വ പ്രതിഭാസം തള്ളിക്കേറി വന്നുവെന്ന് ചാക്കോസാര്‍ പറയുമോ? കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള, സി അച്യുതക്കുറുപ്പ്, സി അച്യുതമേനോന്‍, കെ പി ജി, ചെറുകാട്, തോപ്പില്‍ ഭാസി, പി ജെ ആന്റണി തുടങ്ങി എത്രയോ കമ്യൂണിസ്റ്റുകാര്‍ സാഹിത്യകലാരംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം ആരുടെയും ക്ഷണക്കത്ത് ഇല്ലാതെതന്നെ സാഹിത്യ കലാരംഗങ്ങളില്‍ തിളങ്ങിനിന്നവരാണ്. വാഗ്ദാനമുള്ള നവമുകുളങ്ങള്‍ വേറെയുമുണ്ട്. സിപിഐ എം പ്രവര്‍ത്തകര്‍കൂടി ഭാരവാഹികള്‍ ആയിട്ടുള്ള പുരോഗമന കലാസാഹിത്യ സംഘത്തെക്കുറിച്ചാണ് ചാക്കോ സാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അവിടെയും തെറ്റിപ്പോയിരിക്കുന്നു. മാനവികതയെ മാനിക്കുകയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്യുന്ന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ആസ്വാദകരുടെയും മഹാമുന്നണിയാണ് പുരോഗമന കലാസാഹിത്യസംഘം. തത്വത്തിലെന്നപോലെ പ്രയോഗത്തിലും വീക്ഷണത്തിലെന്നപോലെ വിലയിരുത്തലിലും വിഭാഗീയത വികലമാക്കാത്ത യോജിച്ച മഹാ സാംസ്കാരിക പ്രസ്ഥാനമാണ് സംഘം. അത് ചാക്കോ സാറിന്റേതു കൂടിയാണ്. തനതായി സൃഷ്ടികള്‍ സംഭാവന ചെയ്തിട്ടില്ലെങ്കിലും ആസ്വാദകരായ സിപിഐ എം പ്രവര്‍ത്തകര്‍ സംവാദത്തിനുള്ള വേദി ഒരുക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതല്ലേ? ഒരു കൃതിയുടെ മേന്മ തിട്ടപ്പെടുത്തുന്നതാരാണ്? ആരാണ് യഥാര്‍ഥ നിരൂപകന്‍? വിധികര്‍ത്താവ്?
ബഹുജനങ്ങളുടെ ഉള്ളില്‍ തട്ടിയ കൃതികള്‍ നിലനില്‍ക്കും, മറ്റുള്ളവയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍ ആണ്. നിരന്തരമുള്ള സംവാദസദസ്സുകളിലൂടെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ആസ്വാദക വൃന്ദത്തെയും തദ്വാരാ സ്വാധീനഫലമായി ഉത്തമ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതും പു ക സാ സംഘത്തിന്റെ കാഴ്ചപ്പാടാണ്. സാഹിത്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും മറ്റും ഉള്ള വിവാദങ്ങള്‍ ഉയരുന്നതിന് എത്രയോമുമ്പേ, കവിത്രയങ്ങളില്‍ വച്ച് താരതമ്യേന യാഥാസ്ഥിതികനായിരുന്ന മഹാകവി ഉള്ളൂര്‍ പാടി: ""പേശലമല്ലൊരു വസ്തുവുമുലകില്‍ പ്രേക്ഷകരില്ലാഞ്ഞാല്‍"" കോഴിക്കോട് സാമൂതിരിപ്പാടിന്റെ പണ്ഡിത സദസ്സിലും നാടുവാഴികളുടെ നാലുകെട്ടിനുള്ളിലും കുടുങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യത്തെ പിടിച്ചിറക്കി ജനമധ്യത്തിലേക്ക് കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. അതിനുമുമ്പ്, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്, അക്ഷരവിദ്യയിലെ ആഢ്യന്മാര്‍ കല്‍പ്പിച്ചിരുന്നത് ശൂദ്രം അക്ഷരസംയുക്തം ദൂരാത്പരിത്യജേത് എന്നായിരുന്നു.
ശൈലാര്‍ണവര്‍ത്തു വര്‍ണനയോടെയേ കാവ്യം ആരംഭിക്കാവൂ, നായകന്‍ ധീരോദാത്തനും വീരശൂര പരാക്രമിയും ആയിരിക്കണം, നായിക കുലീന ജാത സുന്ദരിയായിരിക്കണം എന്നിത്യാദി സങ്കല്പങ്ങളെല്ലാം കാലഹരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടിരിക്കുന്നു. സാമാന്യ ജനങ്ങളുടെ മനസ്സു തൊട്ടുണര്‍ത്താന്‍ കഴിവുള്ള ഏതൊരു എഴുത്തുകാരനെയും ജനം സ്വീകരിക്കുന്നു. ആയതിലേക്ക് ആരുടെയും തിട്ടൂരം ആവശ്യമില്ല. സാഹിത്യവും കലയും രാഷ്ട്രീയവും സമൂഹവുമെല്ലാം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും സ്ഥിതിചെയ്യുന്നു എന്നതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
*
പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി വാരിക 11 ജനുവരി 2013
No comments:
Post a Comment