Friday, January 18, 2013

ഇനിയും വേണം ഇതേ ജാഗ്രത

ഭൂസമരം വിജയകരമായി എന്നത് സമരം നടത്തിയ ഭൂസംരക്ഷണ സമിതിക്കും ഭൂമി ലഭിക്കാന്‍പോകുന്ന ഭൂരഹിതര്‍ക്കും മാത്രമല്ല, കേരളീയര്‍ക്കാകെ ആഹ്ലാദകരമായ കാര്യമാണ്. വിതരണംചെയ്യാന്‍ മിച്ചഭൂമിയോ അവകാശപ്പെടാന്‍ ഭൂരഹിതരോ ഇല്ല എന്ന നിലയ്ക്ക് ഇവിടെ സ്ഥാപിതതാല്‍പ്പര്യത്തിന്റെ ശക്തികള്‍ സൃഷ്ടിച്ചുവച്ചിരുന്ന പ്രതീതി പൊളിക്കാനും ഭൂമിയെയും അത് സംബന്ധിച്ച നിരവധി ജീവത്തായ ശ്രമങ്ങളെയും നാടിന്റെ അജന്‍ഡയിലെ മുഖ്യഇനമായി തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞുവെന്നതുതന്നെയാണ് ഇതിന്റെ മുഖ്യനേട്ടം.

ഭൂപരിഷ്കരണത്തെ നിയമം വഴിയും അല്ലാതെയും ദുര്‍ബലപ്പെടുത്തി ഒരു പുത്തന്‍ ഭൂസ്വാമിവിഭാഗത്തെ രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയ കേരളത്തില്‍ നടക്കുന്നു. കണ്ണായ ഭൂമിയൊക്കെ ഭൂമാഫിയ കൈയടക്കുന്നു. പരിസ്ഥിതി സംബന്ധമായ അപകടാവസ്ഥ സൃഷ്ടിക്കുംവിധം നെല്‍വയലുകളും തണ്ണീര്‍പ്പാടങ്ങളും നികത്തുന്നു. ഭൂപരിധി നിയമം ലംഘിച്ച് ഭൂമി ഇതര കാര്യങ്ങള്‍ക്ക് അന്യാധീനപ്പെടുത്തുന്നു. ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു. ഇത്തരം വിപല്‍ക്കരങ്ങളായ നീക്കങ്ങളെക്കുറിച്ച് നാടിന്റെ കണ്ണുതുറപ്പിക്കാന്‍ ഈ സമരം ഒട്ടൊന്നുമല്ല സഹായിച്ചത്.

കശുമാവിന്‍തൈകള്‍ നട്ടെന്നു വരുത്തിതീര്‍ത്ത് മിച്ചഭൂമി പരിധി മറികടക്കാമെന്നും ഭൂപരിഷ്കരണ നിയമത്തില്‍ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി അട്ടിമറിക്കാമെന്നും തോട്ടങ്ങളുടെ അഞ്ചുശതമാനം തോട്ടേതര കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന വ്യവസ്ഥയുടെ പഴുതിലൂടെ ഒരു ലക്ഷം ഏക്കര്‍ ഭൂമി വകമാറ്റി ഉപയോഗിക്കാമെന്നും ഒക്കെ വന്നത് പുത്തന്‍ ഭൂപ്രമാണിമാരും അവരുമായി ചങ്ങാത്തം പുലര്‍ത്തുന്ന ഭരണാധികാരികളും നടത്തിവന്ന ഒത്തുകളിയുടെ ഫലമായാണ്. ആ സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിലും ഈ സമരം ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്.

മിച്ചഭൂമിയേ ഇല്ല എന്ന് വാദിച്ചുകൊണ്ടിരുന്നവര്‍ക്ക് നല്‍കിയ ചുട്ട മറുപടിയായി 14 ജില്ലകളിലായി 129 കേന്ദ്രങ്ങളില്‍ മിച്ചഭൂമി കണ്ടെത്തി കൊടിനാട്ടിയ സംഭവം. ഭൂരഹിതര്‍ കേരളത്തിലില്ല എന്ന വാദത്തിനുള്ള ഉത്തരമായി 14 ജില്ലകളിലായി 2,39,334 പേരെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തവരായി ഉണ്ടെന്ന് തൊട്ടുകാണിച്ചുകൊടുത്ത സംഭവം. ഇത്തരം പ്രക്ഷോഭങ്ങളിലൂടെയും അതിന്റെ അടിസ്ഥാനത്തിലുണ്ടായ നടപടികളിലൂടെയുമാണ് കേരളം ഇന്നത്തെ നിലയിലെങ്കിലും പുരോഗമിച്ചത്; വലിയ ഒരു പരിധിവരെ ഭൂപരിഷ്കരണം കേരളത്തില്‍ സാധ്യമായത്. എന്നാല്‍, നേടിയ കാര്യങ്ങളുടെ പുറത്ത് വിശ്രമിക്കുകയല്ല, പുതുതായി പലതും നേടാനുള്ള സമരങ്ങളില്‍ വ്യാപൃതരാവുകയാണ് വേണ്ടത് എന്ന സന്ദേശം ഈ സമരം ഉണര്‍ത്തി. ഭൂപരിഷ്കരണത്തിന്റെ നല്ലവശങ്ങളുടെ ഗുണം ഇനിയുമെത്താത്ത പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലേക്ക്, മുഴുവന്‍ ഭൂരഹിതവിഭാഗങ്ങളിലേക്ക് ഭൂമി എത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഈ സമരം അടിവരയിട്ടു. ഭൂപരിഷ്കരണ നടപടികളെ അട്ടിമറിക്കാന്‍ നിരന്തരമായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച്, പുത്തന്‍ ഭൂപ്രമാണിമാര്‍ ഉണ്ടായിവരുന്നതിനെയും അവര്‍ ഭൂമി കുന്നുകൂട്ടുന്നതിനെയുംകുറിച്ച്, മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് ഒക്കെ സമൂഹത്തെ ജാഗ്രതപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു.

നേട്ടങ്ങള്‍ ഈ വിധത്തില്‍ ആശയതലത്തില്‍മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. പ്രായോഗിക തലത്തിലേക്ക് നേട്ടങ്ങളെ ആനയിച്ചാണ് ഭൂസമരം സമാപിച്ചത് എന്നതുകൂടി ഓര്‍മിക്കണം. ഭൂരഹിതരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്നതിനുള്ള പ്രക്രിയ ത്വരിതപ്പെടുത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഭൂരഹിതര്‍ക്ക് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിവീതം നല്‍കാന്‍ ധാരണയായിട്ടുണ്ട്. ആഗസ്തിനുള്ളില്‍ ഒരു ലക്ഷംപേര്‍ക്കെങ്കിലും ഭൂമി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഒരേക്കര്‍വരെ ഭൂമി നല്‍കുന്ന നടപടി വേഗത്തിലാക്കാനും ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുള്ളവര്‍ക്കെതിരെ ജില്ലാ കലക്ടര്‍മാരെക്കൊണ്ട് നടപടിയെടുപ്പിക്കാനും ധാരണയായിട്ടുണ്ട്. ഈ സമരം ഇല്ലായിരുന്നുവെങ്കിലോ? മിച്ചഭൂമിയില്ലെന്നും ഭൂരഹിതരില്ലെന്നുമുള്ള പഴയ പല്ലവിതന്നെ ഭരണാധികാരികള്‍ പാടിക്കൊണ്ടിരുന്നേനെ. ഭൂസ്വാമിമാര്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് അവകാശപ്പെട്ട ഭൂമി കുന്നുകൂട്ടിക്കൊണ്ടിരുന്നേനെ. കേരളത്തില്‍ നടന്ന ഉജ്വലങ്ങളായ ഭൂസമരങ്ങളുടെ ചരിത്രത്തിലേക്ക് വിളക്കിച്ചേര്‍ക്കപ്പെട്ട കണ്ണിയാണ് ജനുവരി 1 മുതല്‍ ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈ സമരം. അധികാരത്തില്‍ വരുന്നതിന് എത്രയോ മുമ്പേതന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഭൂമിയുടെ ന്യായയുക്തമായ വിതരണത്തിനുവേണ്ടിയുള്ള സമരപാതയിലായിരുന്നു. സമരഘട്ടത്തില്‍ ആവശ്യപ്പെട്ടതെന്തോ, അത് അധികാരം കിട്ടിയ ഘട്ടങ്ങളില്‍ ചെയ്തുകാണിക്കുകയുംചെയ്തു.

1957ലെ കാര്‍ഷികബന്ധനിയമവും ജന്മിക്കര നിയമവും കാര്‍ഷിക കടാശ്വാസനിയമവും ഒക്കെ ആ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 57ലെ നിയമത്തില്‍ പിന്നീട് അധികാരമേറ്റവര്‍ വെള്ളംചേര്‍ത്തപ്പോള്‍ 67ല്‍ ഇ എം എസ് മന്ത്രിസഭ ഭൂരഹിതര്‍ക്ക് വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ച് ബില്‍ പുതുക്കി അവതരിപ്പിച്ചു. "70 ജനുവരി 1 മുതല്‍ കുടികിടപ്പുകാര്‍ കുടികിടപ്പു പണം കൊടുക്കേണ്ടതില്ലെന്നും ഭൂപരിധി നിര്‍ണയം നടപ്പാക്കി എന്ന് കണക്കാക്കി മിച്ചഭൂമി കൈയേറണമെന്നും ചരിത്രപ്രസിദ്ധമായ ആലപ്പുഴ റാലി നിശ്ചയിച്ചു. തുടര്‍ന്ന് നടന്നത് ഐതിഹാസിക മാനങ്ങളുള്ള ഉജ്വല സമരപരമ്പരകളാണ്. "57ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരമേറ്റയുടന്‍ ഇറക്കിയ ഓര്‍ഡിനന്‍സുതന്നെ കുടിയൊഴിപ്പിക്കല്‍ വിലക്കിക്കൊണ്ടുള്ളതായിരുന്നുവെന്നോര്‍ക്കണം. അതിന്റെ തുടര്‍ച്ചയാണ് ഭൂമിക്കുവേണ്ടി കൈക്കൊണ്ട നിയമനടപടികളും സമരപരമ്പരകളും. 2008ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നതും 113 പട്ടയമേളകളിലൂടെ 25,500 ആദിവാസി കുടുംബങ്ങള്‍ക്കും 45,000 പട്ടികജാതി കുടുംബങ്ങള്‍ക്കും പട്ടയം നല്‍കിയതും ആ പരമ്പരയിലെ കണ്ണികള്‍തന്നെ. ഇത്ര ചിട്ടയോടെ ഭൂമിയുടെ നീതിയുക്തമായ വിതരണത്തിനുവേണ്ടി ഇടപെട്ട മറ്റൊരു പ്രസ്ഥാനമില്ല. കേരള കര്‍ഷകസംഘം, കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുള്‍പ്പെട്ട ഭൂസംരക്ഷണ സമിതി ഇപ്പോഴത്തെ ഉജ്വല സമരത്തിലൂടെ ചരിത്രപരമായ ആ പോരാട്ടത്തെ പുതിയ ഒരു തലത്തിലേക്കെത്തിച്ചിരിക്കുന്നു. കൈവശ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്ന കാര്യവും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശം നല്‍കുന്ന കാര്യവും കൈവശാവകാശ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്ന കാര്യവും മറ്റും സൂക്ഷ്മമായ ജാഗ്രതയിലൂടെ പൂര്‍ണ ഫലപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. ഭൂപരിഷ്കരണനിയമങ്ങളെ ലംഘിക്കാനും മറികടക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കാന്‍ കഴിയണം. അങ്ങനെ ഈ നേട്ടങ്ങളെ സമാഹരിച്ച് മുന്നേറാന്‍ കഴിയണം.

*
ദേശാഭിമാനി മുഖപ്രസംഗം 18 ജനുവരി 2013

No comments: