Monday, January 21, 2013

ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ

ആരാണീ ഫെമിനിസ്റ്റുകള്‍, എന്താണീ ഫെമിനിസം എന്ന ചോദ്യങ്ങള്‍ ഇപ്പോഴും നിരന്തരം നമ്മുടെ സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഈ ലോകത്ത് അധികാരശ്രേണികളിലൂടെ സാമൂഹികവ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതില്‍ ലിംഗം ഒരു പ്രധാന പങ്കുവഹിക്കുന്നു എന്ന് തിരിച്ചറിയുന്ന ഓരോ വ്യക്തിക്കും, അവര്‍ സ്ത്രീയോ പുരുഷനോ ആവട്ടെ, ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടുണ്ട്. ഒരു ഫെമിനിസ്റ്റ് ആവുകയെന്നാല്‍ അവകാശധ്വംസനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുക, ആ അവസ്ഥകളില്‍ ജീവിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയുക എന്നതാണ്.

ഫെമിനിസം സ്ത്രീയും പുരുഷനും എന്ന വ്യക്തികളെപ്പറ്റിയല്ല, ഓരോ സ്ഥലവും കാലവും എങ്ങനെ ചില സാമൂഹിക- സാംസ്കാരിക പ്രക്രിയകളിലൂടെ അവരെ സ്ത്രൈണതയുള്ള സ്ത്രീയായോ പൗരുഷം തുളുമ്പുന്ന പുരുഷനായോ നിര്‍മിക്കാനും ചിട്ടപ്പെടുത്താനും ശ്രമിക്കുന്നു എന്ന തിരിച്ചറിവുകൂടിയാണ്. ജാതിയും വര്‍ണവും വര്‍ഗവും മനുഷ്യരില്‍ കീഴാളനും മേലാളനും ഉണ്ടാക്കുന്നത് ചെറുക്കുന്നതുപോലെതന്നെ സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത പദവികളില്‍ പ്രതിഷ്ഠിക്കുന്ന സാമൂഹിക സംവിധാനങ്ങളെയും അട്ടിമറിക്കണം എന്ന ബോധമാണ് ഫെമിനിസം. അതുകൊണ്ടുതന്നെ ലോകത്തെ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ കാണുക എന്നാല്‍ ലളിതവും സുന്ദരവും എന്ന് തോന്നുന്ന വ്യവസ്ഥിതികളിലെ മൂടിവയ്ക്കപ്പെട്ട അധികാര ഘടനകളെ അനാവരണംചെയ്യുക എന്നതാണ് (മൈക്രോസോഫ്ട് വേഡില്‍ റിവീല്‍ ഫോര്‍മാറ്റിങ് എന്ന കീ അമര്‍ത്തുന്നതുപോലെ) എന്ന് എഴുതുന്നു ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ നിവേദിത മേനോന്‍, അവരുടെ ഏറ്റവും പുതിയ പുസ്തകമായ ടലലശിഴ ഘശസല മ എലാശിശെേ ല്‍. കുടുംബം, ശരീരം, തൃഷ്ണ, ലൈംഗിക അക്രമം, ഫെമിനിസ്റ്റുകളും സ്ത്രീകളും, ഇരയോ കര്‍തൃത്വം ഉള്ളവളോ എന്നീ ആറു അധ്യായങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയ ചിന്താധാരകള്‍ കോര്‍ത്തിണക്കി ഇന്ത്യയുടെ ചരിത്ര സാംസ്കാരിക പശ്ചാത്തലത്തില്‍ അവയെ സന്നിവേശിപ്പിച്ച് അവയില്‍നിന്ന് ഒരു പുത്തന്‍ ഊര്‍ജം ആവാഹിക്കുന്നു നിവേദിതമേനോന്‍. ലൈംഗികതയുടെയും രതിയുടെയും രാഷ്ട്രീയംമുതല്‍ ലിംഗാധിഷ്ഠിത തൊഴില്‍വിഭജനം, പ്രണയവും ലൈംഗികതയും, സ്ത്രീയും പൗരത്വവും, അശ്ലീലരചനകളും സ്ത്രീശരീരത്തിന്റെ കമ്പോളവല്‍ക്കരണവും, കോടതികളും ലിംഗനീതിയും, ബലാത്സംഗം എന്ന രാഷ്ട്രീയ ആയുധം, തട്ടവും മിനി സ്കേര്‍ട്ടും ഇവയൊക്കെ പ്രതിപാദിക്കപ്പെടുന്നു ഈ അധ്യായങ്ങളില്‍. കഠിനമായ പദപ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കുന്ന ലളിതമായ ശൈലിയും ഒരു സമഗ്ര ഗ്രന്ഥസൂചിയും നോട്ടുകളും ഇന്‍ടെക്സും ലൈംഗികതയെപ്പറ്റിയുള്ള സമകാലിക ചര്‍ച്ചകളും വിവാദങ്ങളും പരാമര്‍ശിക്കുന്ന രീതിയും ഒക്കെ സാധാരണക്കാരുടെ വായനയ്ക്ക് കൂടുതല്‍ അര്‍ഥങ്ങള്‍ പകരും എന്നുതോന്നുന്നു.

ആരാണീ പുസ്തകം വായിക്കേണ്ടതെന്നും, ആര്‍ക്കാണിത് പ്രയോജനപ്പെട്ടേക്കാവുന്നതെന്നും പൂര്‍ണബോധത്തോടെ അക്കാദമിക നാട്യങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഈ എഴുത്ത് ഒരുപക്ഷേ ഫെമിനിസം എന്ന രാഷ്ട്രീയ ആശയത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നു. ലോകത്തെ സമസ്ത പുരുഷന്മാരോടും അടങ്ങാത്ത പകയും വിദ്വേഷവുമായി അഴിഞ്ഞാടി നടക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മയോ മറ്റോ ആണ് ഫെമിനിസം എന്ന മട്ടില്‍ സിനിമപോലെയുള്ള നമ്മുടെ ജനപ്രിയമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ബാലിശവും നിരുത്തരവാദിത്തപരവുമായ ആശയങ്ങള്‍ കണ്ടും കൊണ്ടും മടുത്ത നമുക്ക് ഈ പുസ്തകം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ലൈംഗികതയെപ്പറ്റി രാഷ്ട്രീയവും താത്വികവുമായ പഠനങ്ങള്‍ എത്രതന്നെ വന്നാലും അതിനോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ വിസമ്മതിക്കുന്ന യാഥാസ്ഥിതിക സമൂഹങ്ങളില്‍ ധാരാളം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യേണ്ട പുസ്തകമാണിത്. സുബാന്‍ ആണ് പ്രസാധകര്‍.
(ഡോ. മീന ടി പിള്ള)

ഒറ്റയ്ക്ക് ജീവിതം കൊത്തിയെടുത്ത പെണ്ണ്


ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ "സ്വരഭേദങ്ങള്‍" എന്ന ആത്മകഥ വായിച്ചുതീരുമ്പോള്‍ ധീരമായി ജീവിച്ച ഇസഡോറ ഡങ്കന്‍ (1878-1927) എന്ന കലാകാരിയുടെ "എന്റെ ജീവിതം" എന്ന ആത്മകഥ ഓര്‍മയിലേക്ക് വന്നുംപോയും കൊണ്ടിരിക്കും. 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും രൂപപ്പെടുത്തിയ ജീവിതവീക്ഷണങ്ങളാണ് ഇസഡോറ ഡങ്കന്‍ എന്ന അമേരിക്കന്‍ നര്‍ത്തകിയുടേത്. ഔപചാരികമായിപ്പോലും മലയാളം പഠിച്ചിട്ടില്ലാത്ത, കലാപരമായ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു കേരളീയസ്ത്രീ, സിനിമ പോലൊരു പളപളപ്പന്‍ മേഖലയില്‍ ഒറ്റയ്ക്കു പിടിച്ചുനിന്നതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പ്രണയഭംഗത്തെക്കുറിച്ചും സ്വരഭേദങ്ങളിലൂടെ പറഞ്ഞുവയ്ക്കുമ്പോള്‍ ഓര്‍ക്കണം, ഇത് കേരളമാണ്, നിലപാടുകളിലെ സങ്കുചിതത്വം കൊണ്ട് ഒന്നുകൂടി കുഞ്ഞായിപ്പോകുന്ന കുഞ്ഞുകേരളം. "ആരെയും വേദനിപ്പിക്കാന്‍ നമുക്ക് അവകാശമില്ല, സ്വയം വേദനിക്കാനല്ലാതെ. ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയെയും വെറുക്കുന്ന വ്യക്തിയെയും വേദനിപ്പിക്കാതിരിക്കട്ടെ" എന്നാണ് ആമുഖക്കുറിപ്പില്‍ ആത്മകഥാകാരി പറയുന്നത്.

ഈ ആത്മകഥ വായിക്കുമ്പോള്‍ സിനിമയില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ നാടകീയമുഹൂര്‍ത്തങ്ങള്‍ അപ്രസക്തമായി തോന്നും. കാരണം ഭാഗ്യലക്ഷ്മിയുടെ ജീവിതവും അനുഭവങ്ങളും അവരുടെ ശബ്ദത്തിലൂടെ ജീവന്‍ ലഭിച്ച കഥാപാത്രങ്ങളുടേതിനേക്കാള്‍ തീവ്രമാണ്. അരുന്ധതി റോയിയുടെ "ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സ്" മലയാളത്തിലേക്ക് മൊഴിമാറ്റിയ എനിക്ക് ആ നോവലിലെ അമ്മുവിന്റെ ജീവിതവുമായും ഭാഗ്യലക്ഷ്മിയുടെ ജീവിതാനുഭവങ്ങള്‍ക്ക് സാമ്യം തോന്നുന്നു. രണ്ടു മക്കളുമായി ജീവിക്കുമ്പോഴും പ്രണയത്തിനായി പിടയുന്ന ആത്മാവാണ് അമ്മുവിന്റേത്. കുഞ്ഞുപ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടത് വിവരിക്കുന്നുണ്ട് സ്വരഭേദങ്ങളില്‍. അമ്മയ്ക്ക് കഞ്ഞിയുമായി ആശുപത്രിയില്‍ എത്തുന്ന ബാലിക അമ്മയുടെ ചുറ്റും കൂടിനില്‍ക്കുന്ന ഡോക്ടര്‍മാരെയാണ് കാണുന്നത്. ആ കുട്ടിയോട് എന്തുപറയുമെന്നറിയാതെ ചുറ്റും ഡോക്ടര്‍മാരും. ആരോ കൈയില്‍വച്ചു കൊടുത്ത നൂറുരൂപ നോട്ടുമായി അമ്മയോടൊപ്പം ആംബുലന്‍സില്‍ വീട്ടിലേക്ക്. വിവരമറിയിക്കാനായി വലിയമ്മയുടെ വീട്ടിലേക്ക് ഓടിപ്പോകുമ്പോഴും ചുരുട്ടിപ്പിടിച്ച ആ നൂറുരൂപ നോട്ട് അവളുടെ കൈയിലുണ്ട്. ആരോരുമില്ലാതായ ആ കുട്ടിയാണ് വളര്‍ന്ന് ഡബ്ബിങ് എന്ന കലയ്ക്ക് മലയാളസിനിമയില്‍ ശക്തമായ ഒരു സ്ഥാനം പോരാടി നേടിക്കൊടുത്തത്. ഏറ്റവും വലിയ തിരക്കഥാകൃത്ത് ദൈവമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞത് സത്യമാണെന്ന് കാണിച്ചുതരുന്നു ഈ പുസ്തകം.

ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഒട്ടും അനുഭവപ്പെടാത്ത ഈ ആത്മകഥ വായിക്കുമ്പോള്‍ നമുക്ക് പൊള്ളും. കലാകാരന്റെ ജീവിതവും വിശുദ്ധന്റെ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഇസഡോറ ഡങ്കന്‍ പറയുന്നത്: "പ്രണയം ഒരു വിശ്വാസം മാത്രമാണ്. ഒരാളുടെ പ്രണയത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുന്നത് ബിഥോവന്റെ സംഗീതത്തെ പുചിനിയുടേതുമായി താരതമ്യപ്പെടുത്തുന്നതുപോലെയാണ്. ഓരോ പ്രണയവും നാദമുണര്‍ത്തുന്ന സംഗീതോപകരണമാണ്. ഒരാളുടെ പ്രണയം മാത്രമറിഞ്ഞ സ്ത്രീ ഒരു സംഗീതോപകരണത്തെ മാത്രമറിയുന്ന ആസ്വാദകയാണ്. പ്രണയം മതിഭ്രമാണ്". സ്വരഭേദങ്ങളില്‍ ഭാഗ്യലക്ഷ്മി അവരുടെ ഈഗോയെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും തുറന്നുപറയുന്നു. അബ്നോര്‍മാലിറ്റി ഇല്ലാത്തവര്‍ക്ക് കലാകാരന്മാരോ എഴുത്തുകാരോ ആകാനാകില്ലെന്ന സത്യം ഈ ആത്മകഥയില്‍ നമുക്ക് വായിച്ചെടുക്കാം. ആത്മകഥയെഴുത്ത്, ഭാഗ്യലക്ഷ്മിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താന്‍ സുന്ദരിയാണെന്ന തിരിച്ചറിവിലേക്ക് പ്രണയമെത്തിച്ചു എന്നു പറയുന്നുണ്ട് ഭാഗ്യലക്ഷ്മി. ഔപചാരികമായി മലയാളം പഠിച്ചിട്ടില്ലാത്ത ഒരുവള്‍ക്ക് മധുരമനോഹരമലയാളഅക്ഷരങ്ങള്‍ പാകിയ ഒരു ഒറ്റയടിപ്പാത കൊത്തിക്കൊടുത്തതും ആ പ്രണയം തന്നെയാണ് എന്ന തിരിച്ചറിവാണ് പുസ്തകം വായിച്ചുതീരുമ്പോള്‍ എനിക്ക് കിട്ടുന്നത്. എന്റെ രണ്ട് പഴയ കഥകളുടെ തലക്കെട്ടുകള്‍ ഓര്‍മ വരുന്നു-ഓരോരോ തിരിവുകള്‍, നിനച്ചിരിക്കാതെ ഓരോന്ന്! പ്രണയത്തില്‍നിന്ന് തലയെടുപ്പും അക്ഷരങ്ങളും ലോകത്തിന്റെതന്നെ സ്നേഹാദരങ്ങളും-ദൈവം ഭാഗ്യലക്ഷ്മിയെ പ്രണയിക്കുന്നതിന്റെ തെളിവ്! ആരോരുമില്ലാത്ത അവസ്ഥയില്‍ കൈപിടിച്ചവരെയും കൂട്ടായവരെയുമെല്ലാം ആത്മകഥയില്‍ സ്മരിക്കുന്നുണ്ട്. മുന്‍ഭര്‍ത്താവിന്റെ അച്ഛനെയും മണിച്ചേച്ചി എന്ന കൂട്ടുകാരിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഇതു പ്രകടം. കുന്നിന്‍മുകളിലെത്തിക്കഴിയുമ്പോള്‍, കടന്നുപോന്നവഴികളെക്കുറിച്ചുള്ള ഓര്‍മകളെ അതിദൂരത്തേക്ക് പറത്തിവിടുന്നവര്‍ക്ക് ഇത് പാഠമായിരുന്നെങ്കില്‍ നന്നായേനെ. ഇസഡോറ ഡങ്കനില്‍നിന്ന് ഭാഗ്യലക്ഷ്മിയിലെത്തുമ്പോള്‍, ഒരു സ്ത്രീ വിവാഹമോചിതയായി ഒറ്റയ്ക്ക് കഴിയുകയെന്നത് അതീവ സാഹസികമായ ഒരേടാണ് കേരളത്തില്‍ ഇപ്പോഴും എന്നും പ്രണയത്തിന്റെ ഋതുഭേദങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള ധൈര്യം ഒരു സ്ത്രീക്കുണ്ടാകുന്നത് ഇവിടെ ഒരു ചെറിയ കാര്യമല്ല എന്നും തീര്‍ച്ചയാകും. ഒറ്റയ്ക്ക് ഒരു ജീവിതം കൊത്തിയെടുക്കാനാഗ്രഹിക്കുന്ന ഏതു പെണ്ണും വായിക്കേണ്ട പുസ്തകമാണിതെന്ന് ഞാന്‍ പറയും.
(പ്രിയ എ എസ്)

"പര്‍വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങള്‍"

ഭാവിയുടെ മുമ്പില്‍ തുറന്നുപിടിച്ചിരിക്കുന്ന കാലത്തിന്റെ പ്രതിഭയാണ് കെ പി അപ്പന്‍. വരാനിരിക്കുന്ന കാലത്തിനും മലയാള ഭാവനയ്ക്കും സംവേദനപരിണാമങ്ങളുടെ വെടിമുഴക്കം കേള്‍ക്കാന്‍ ഭാഷയിലും ചിന്തയിലും നിറയൊഴിച്ചുവച്ചിട്ടാണ് അപ്പന്‍ പോയത്. സൗന്ദര്യശിക്ഷണത്തിന്റെ തീവ്രവാദസന്ദര്‍ഭങ്ങളെ കലാസൃഷ്ടികളിലേക്ക് കടത്തിവിട്ട് തീക്ഷ്ണാനുഭവങ്ങള്‍ സംക്രമിപ്പിക്കുന്ന രീതിയാണ് അപ്പന്റേത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം ദാര്‍ശനികമാനവികതയായി മാറുന്നത്. ഇവിടെ പരാമര്‍ശവിധേയമാകുന്ന "ഫിക്ഷന്റെ അവതാരലീലകള്‍" എന്ന ഗ്രന്ഥത്തില്‍, പര്‍വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങളെപ്പോലെ നിലകൊള്ളുന്ന ലോകവിശ്രുതമായ നോവലുകളെക്കുറിച്ചാണ് അപ്പന്‍ ചര്‍ച്ചചെയ്യുന്നത്.

ഉയര്‍ന്ന ചിന്തയുടെ സ്ഫോടനങ്ങളും ഉദാത്ത സൗന്ദര്യത്തിന്റെ സരസ്വതിനദിയും ഒരുമിച്ചുചേരുന്ന ഭാഷയിലൂടെയാണ് അദ്ദേഹം വിഖ്യാത നോവലുകളിലൂടെ സഞ്ചരിക്കുന്നത്. കെ പി അപ്പന്‍ അന്തരിച്ചിട്ട് നാലുവര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാരെ വിസ്മയിപ്പിക്കുന്ന സിംഫണിയാവുകയാണ്. ലോകസാഹിത്യത്തിലെ 100 നോവലുകളെ മലയാളികള്‍ക്ക് പചിയപ്പെടുത്തിക്കൊണ്ടുള്ള 100 പഠനങ്ങള്‍ തയ്യാറാക്കണമെന്നത് കെ പി അപ്പന്റെ സ്വപ്നമായിരുന്നു. എന്നാല്‍, സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 25 പഠനങ്ങളേ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായുള്ളൂ. ആ പഠനങ്ങളാണ് "ഫിക്ഷന്റെ അവതാരലീലകള്‍" എന്ന ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ""മരണശേഷവും അഥവാ ഞാന്‍ സ്വര്‍ഗത്തില്‍ അകപ്പെട്ടാല്‍ അവിടെ വിമര്‍ശനമില്ലെങ്കില്‍ അത് എനിക്ക് സ്വര്‍ഗമായിരിക്കില്ല. വിമര്‍ശനം രാപ്പകലാകമാനം എന്നെ വലയംചെയ്യുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ റോള്‍ചെയ്യുന്നത് വിമര്‍ശനം എഴുതുമ്പോഴാണ്. തീക്ഷ്ണമായ പ്രണയം നെഞ്ചില്‍ പിടിക്കുന്നതുപോലെയാണ് വിമര്‍ശനം എന്നെ ഗ്രസിക്കുന്നത്. വിമര്‍ശനം എനിക്ക് വലിയ നീതിയാണ്. വിമര്‍ശനം എഴുതുമ്പോള്‍ ഭരണകൂടം എനിക്കെതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. വേണ്ടപ്പെട്ടവര്‍ എനിക്കെതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. ചിലപ്പോള്‍ എന്റെ വിമര്‍ശനംതന്നെ എനിക്ക് എതിരാകാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. അത്തരം ഘട്ടങ്ങളില്‍ ആശയങ്ങളുടെ ഭാരത്തെ വേദനാനിര്‍ഭരമായ പ്രചോദനമായി ഞാന്‍ സ്വീകരിക്കുന്നു."" ഗ്രന്ഥത്തിലെ ആദ്യ അധ്യായമായ "എന്റെ പേനയും പഠനമുറിയും" എന്ന ലേഖനത്തിലെ തുടക്കത്തിലെ വരികളാണ് ഇവിടെ ഉദ്ധരിച്ചത്. കെ പി അപ്പന്റെ വിമര്‍ശനജീവിതത്തിന്റെ മാനിഫെസ്റ്റോയാണിതെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ദസ്തയോവ്സ്കിയുടെ "കാരമസോവ് സഹോദരന്മാര്‍", "ഭൂതാവിഷ്ടര്‍" എന്നീ കൃതികളെ അവതരിപ്പിക്കുമ്പോള്‍ കെ പി അപ്പനിലെ വിമര്‍ശപ്രതിഭയുടെ ശക്തിസൗന്ദര്യങ്ങള്‍ സടകുടഞ്ഞെണീക്കുന്നതുകാണാം. മഹാനായ ഈ റഷ്യന്‍ നോവലിസ്റ്റിന്റെ കൃതികള്‍ അപ്പന്റെ ജീവിതരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാര-വിചാരങ്ങളുടെ ലഹരിയാണ്. വികാരപരമായി വേട്ടയാടുകയും ബൗദ്ധികമായി ശല്യപ്പെടുത്തുകയുംചെയ്യുന്ന "കാരമസോവ് സഹോദരന്മാര്‍" ദാര്‍ശനികധര്‍മസങ്കടങ്ങളുടെ സംഗീതമാണെന്ന് അപ്പന്‍ പറയുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന കൃതി ക്ലാസിക്കുകള്‍ എങ്ങനെയാണ് വായിക്കേണ്ടതെന്ന് പഠിപ്പിച്ച നോവലാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിന്റെ അവസാന അധ്യായവും ശ്രദ്ധേയമാണ്. "അക്രമത്തിന്റെ രാഷ്ട്രീയ റിയലിസം" എന്ന ലേഖനത്തില്‍ മലയാളിയുടെ ഇന്നത്തെയും നാളത്തെയും അവസ്ഥ അവതരിപ്പിക്കുന്നു.

"മലയാളി ബൗദ്ധികമനഃസാക്ഷി നഷ്ടപ്പെട്ട കാലയളവിലാണ് ജീവിക്കുന്നത്. സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു സമൂഹം രൂപംകൊള്ളുന്നതുപോലെ തോന്നുന്നു. പുതിയൊരു സമൂഹത്തെ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യം മലയാളിക്ക് ഇല്ലാത്തതുപോലെ. ഇതിലെല്ലാംപെട്ട് മനുഷ്യന്റെ സമചിത്തത രോഗാവസ്ഥയിലാകുന്നു." മനുഷ്യസമൂഹത്തെക്കുറിച്ച് അവസാനകാലങ്ങളില്‍ അപ്പന് ആശങ്കയും അസ്വസ്ഥതയും ഉള്ളതായി നമുക്കിതിലൂടെ വായിച്ചെടുക്കാം. വായനയെ ഗൗരവപൂര്‍വം സമീപിക്കുന്നവര്‍ക്ക് ഇതൊരു വിസ്മയകരമായ ഗ്രന്ഥമാണ്. സാഹിത്യവിദ്യാര്‍ഥികള്‍ക്കും പുതുതലമുറയ്ക്കും ദീര്‍ഘകാലം വായിച്ചുപഠിക്കാനുള്ള വേദപുസ്തകമാണിത്. കെ പി അപ്പന്റെ മരണശേഷം നാലുവര്‍ഷം പിന്നിട്ടപ്പോഴാണ് പഠനങ്ങള്‍ സമാഹരിക്കാനായത്.
(ചാത്തന്നൂര്‍ മോഹനന്‍)


*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 20 ജനുവരി 2013

No comments: