Thursday, January 10, 2013

പങ്കാളിത്ത പെന്‍ഷന്‍: പെന്‍ഷന്‍ പരിഷ്‌കരണവും ക്ഷാമശമ്പളവും ഉണ്ടാവില്ല

പെന്‍ഷന്‍ തൊഴിലുടമയുടെ/സര്‍ക്കാരിന്റെ സൗജന്യമോ സൗമനസ്യപ്രകടനമോ, സമ്മാനമോ, ഔദാര്യമോ അല്ല. അത് ജീവനക്കാരന്റെ/തൊഴിലാളിയുടെ വേതനത്തിന്റെ ഭാഗം തന്നെയാണ്. ജീവനക്കാരന്/തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്ന മൊത്ത ശമ്പളം പെന്‍ഷന്റെ ഭാഗം കഴിച്ച് മാത്രമുള്ളതാണ്. ഇങ്ങനെ മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണ് ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ 'സേവനവിരാമ ശമ്പളം' (പെന്‍ഷന്‍) ആയി ജീവനക്കാര്‍ക്ക് നല്‍കുന്നത്. പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ശമ്പളത്തിന്റെ ഭാഗം ഒരു പ്രത്യേക നിധിയായി സൂക്ഷിക്കുന്ന രീതി ഇതുവരെ ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതിന് ജീവനക്കാര്‍ ഉത്തരവാദികളല്ല.

ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍ വിഹിതം പണ്ടുമുതലേ പിടിക്കുന്നുണ്ട്. അവര്‍ക്ക് ലഭിക്കുന്ന മൊത്തശമ്പളം പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ്. ഇത് കേരള സര്‍വീസ് റൂള്‍സില്‍ നിന്നും വ്യക്തമാണ്. കെ എസ് ആര്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 146 പ്രകാരം സംസ്ഥാന സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥന്റെ ശമ്പളസ്‌കെയിലിന്റെ (അടിസ്ഥാനശമ്പളത്തിന്റെ അല്ല എന്ന കാര്യം ശ്രദ്ധിക്കുക) പരമാവധിയുടെ 15 ശതമാനം പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനായി ജീവനക്കാരന്റെ സേവനം വാങ്ങിയ വകുപ്പ്/കോര്‍പ്പറേഷന്‍/ഏജന്‍സി സര്‍ക്കാരിലേക്ക് അടയ്ക്കണം. ജീവനക്കാരന് പ്രതിമാസം മൊത്തശമ്പളം നല്‍കിയതിനുശേഷമാണ് അധികമായി 15 ശതമാനം പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനായി അടയ്‌ക്കേണ്ടത്. ഇത് കാണിക്കുന്നത് പെന്‍ഷന്‍ ബാധ്യത ഇനത്തില്‍ 15 ശതമാനം അധികം തുക മാറ്റിവയ്‌ക്കേണ്ടതുണ്ട് എന്നാണല്ലോ. എന്നാല്‍ സര്‍ക്കാര്‍ ഇത് പ്രത്യേക നിധിയായി മാറ്റിവയ്ക്കുന്നില്ല. അതിന് കാരണം സര്‍ക്കാരിന്റെ എല്ലാ വരവുകളും സഞ്ചിതനിധിയില്‍ ആണ് സ്വീകരിക്കുന്നത്. എല്ലാ ചെലവുകളും ഈ നിധിയില്‍ നിന്നുമാണ് നിര്‍വഹിക്കുന്നത്. സര്‍ക്കാരിന് നിരവധി ഇനത്തില്‍ ചെലവുകളും പലതരത്തിലുള്ള വരുവുകളുമുണ്ട്. സര്‍ക്കാര്‍ വളരെ വലിയ ഒരു ഏജന്‍സിയായതുകൊണ്ട് ഒരു ചെലവിനും ഒരിക്കലും ബുദ്ധിമുട്ട് വരില്ല എന്ന സങ്കല്‍പ്പത്തിലാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. ബജറ്റ് വഴി ഒരു കൊല്ലം പ്രതീക്ഷിക്കുന്ന വരവും ചെലവും കണക്കാക്കുമ്പോള്‍ അതില്‍ പെന്‍ഷന്‍ ചെലവുമുണ്ട്. ഓരോ ചെലവിലേക്കും വേണ്ടതുക പ്രത്യേകനിധിയായി സൂക്ഷിച്ചിട്ടുണ്ടാവില്ല. എല്ലാ ചെലവുകളും സഞ്ചിതനിധിയില്‍ നിന്നാണ് നിര്‍വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പെന്‍ഷനുവേണ്ടി ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന തുക അധികമായിട്ടുള്ളതാണ്.

പെന്‍ഷന്‍കാരുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്ന നകാര കേസില്‍ സുപ്രിംകോടതി പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം. പെന്‍ഷന്‍ നിയമാനുസൃതമായ അവകാശമാണ്. അത് തൊഴില്‍ ദായകന്റെ ആനുകൂല്യമോ ഔദാര്യമോ അല്ല. പെന്‍ഷന്‍ ജീവനക്കാരുടെ നിഷേധിക്കാനാവാത്ത അവകാശമെന്നത് കോടതിവിധികള്‍ മാത്രമല്ല നിരവധി ശമ്പള കമ്മിഷനുകളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 1983-ലെ ജസ്റ്റിസ് ഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായ നാലാം ശമ്പള കമ്മിഷനും 1989-ലെ ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ ചെയര്‍മാനായ അഞ്ചാം ശമ്പളകമ്മിഷനും പെന്‍ഷന്‍ അവകാശത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ 366 (17)-ാം വകുപ്പ് പെന്‍ഷന് നല്‍കിയിരിക്കുന്ന നിര്‍വചനം ഇങ്ങനെ-

''പെന്‍ഷന്‍'' എന്നാല്‍ ഏതെങ്കിലും ആള്‍ക്കോ ആളെ സംബന്ധിച്ചോ കൊടുക്കേണ്ട അംശാദായമോ അല്ലാത്തതോ ആയ എന്തായാലും ഏതെങ്കിലും തരത്തിലുള്ള ഒരു പെന്‍ഷന്‍ എന്ന് അര്‍ഥം ആകുന്നതും അതില്‍ അപ്രകാരം കൊടുക്കേണ്ട ഉദ്യോഗവിരാമ ശമ്പളവും അപ്രകാരം കൊടുക്കേണ്ട ഗ്രാറ്റുവിറ്റിയും ഒരു പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വരിസംഖ്യകളില്‍ മേല്‍ പലിശയോടു കൂടിയോ അല്ലാതെയോ അല്ലെങ്കില്‍ അതിനോട് മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ത്തോ മടക്കി നല്‍കുന്ന തുകയായി കൊടുക്കേണ്ട ഏതെങ്കിലും തുകയോ തുകകളോ ഉള്‍പ്പെടുന്നതുമാകുന്നു.

ഉദ്യോഗ വിരാമശമ്പളം ഇംഗ്ലീഷില്‍ റിട്ടയേര്‍ഡ് പേ, ഹിന്ദിയില്‍ സേവാ നിവൃത്തി വേതന്‍ എന്നാണ് പെന്‍ഷനെ കുറിച്ച് ഭരണഘടന പറഞ്ഞിരിക്കുന്നത്. അതില്‍ ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന് പുറമേ ഉള്‍പ്പെടുന്നുമുണ്ട്..............

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതോടുകൂടി ഇനി ഉദ്യോഗവിരാമ ശമ്പളം ഇല്ല. അതുകൊണ്ടുതന്നെ അഞ്ചുകൊല്ലത്തിലൊരിക്കല്‍ ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌ക്കരണം എന്ന പ്രക്രിയ ഉണ്ടാവില്ല. പണത്തിന്റെ മൂല്യശോഷണത്തിന് ആനുപാതികമായി വില വര്‍ധനവ് നേരിടാനായി കാലാകാലങ്ങളില്‍ അനുവദിക്കുന്ന ക്ഷാമ ആശ്വാസവും ഉണ്ടാവില്ല. ഒരു വര്‍ഷത്തെ ജോലിക്ക് അരമാസത്തെ ശമ്പളം എന്ന കണക്കില്‍ സര്‍വീസില്‍ നിന്നും പിരിയുമ്പോള്‍ അനുവദിക്കുന്ന ഗ്രാറ്റുവിറ്റിയും ഉണ്ടാവില്ല. പ്രൊവിഡന്റ് ഫണ്ടിനുപകരം കേന്ദ്രത്തിന്റെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന ടയര്‍ അക്കൗണ്ടില്‍ പണം വേണമെങ്കില്‍ നിക്ഷേപിക്കാം. പക്ഷെ ഇപ്പോള്‍ കേന്ദ്ര പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള പെന്‍ഷന്‍ റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്ല് പാസായതിനുശേഷം മാത്രമേ ടയര്‍ രണ്ട് അക്കൗണ്ട് തുടങ്ങുകയുള്ളു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ നിലയ്ക്ക് തല്‍ക്കാലം കേന്ദ്രത്തില്‍ പ്രോവിഡന്റ് ഫണ്ട് 1-1-2004 മുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഇല്ല.

2000-ലെ എ എ ഡാവെ ചെയര്‍മാനായ വാര്‍ധക്യകാല സാമൂഹ്യ ഇന്‍ഷുറന്‍സ് സരക്ഷാ റിപ്പോര്‍ട്ടും 2002-ലെ ബി കെ ഭട്ടാചാര്യ കമ്മിറ്റി റിപ്പോര്‍ട്ടും ഇന്‍ഷുറന്‍സ് റഗുലേഷന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ടുമാണ് ഇന്ത്യയിലെ പെന്‍ഷന്‍ സെക്ടര്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നത്. ഈ കമ്മിറ്റികളുടെ രൂപീകരണത്തിന് കാരണമായി തീര്‍ന്നതോ വാര്‍ധക്യകാല പ്രതിസന്ധി തടയുക എന്ന ശീര്‍ഷകത്തിലെ ലോക ബാങ്ക് റിപ്പോര്‍ട്ടുമാണ്. വാര്‍ധക്യകാല പ്രതിസന്ധി ഒഴിവാക്കാന്‍ പെന്‍ഷന്‍ മേഖലയില്‍ പരിഷ്‌ക്കരണം കൂടിയേ തീരു എന്ന ലോകബാങ്ക് നിലപാട് ഇന്ത്യയിലെ അവരുടെ ദാസന്മാര്‍ ശിരസാവഹിച്ചു. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതുകൊണ്ട് ഉണ്ടായ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് പല വഴികളും ഉണ്ടായിരുന്നു. അതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഭട്ടാചാര്യ കമ്മിറ്റിയില്‍ പറഞ്ഞിരുന്നത് അവസാനത്തെ 36 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി മിനിമം പെന്‍ഷനായി നല്‍കണം. 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന്‍ അര്‍ഹതയുണ്ടായിരിക്കും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് നല്‍കുന്ന പലിശ നിരക്കെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ നിക്ഷേപത്തിന് ഉറപ്പാക്കണം എന്നിങ്ങനെ ആയിരുന്നു. എന്നാല്‍ കേന്ദ്രം പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ ഇക്കാര്യങ്ങളിലൊന്നും യാതൊരു ഗ്യാരന്റിയും നല്‍കിയില്ല. പുതിയതായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ പോകുന്ന സംസ്ഥാന സര്‍ക്കാരിനും യാതൊരു ഉറപ്പും നല്‍കാന്‍ കഴിയില്ല എന്ന് ധനകാര്യ വകുപ്പുമന്ത്രി കെ എം മാണി സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തുനിന്ന് സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി ദിവാകരന്‍ എം എല്‍ എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടിയായി പറയുകയുമുണ്ടായി.

പി എഫ് ആര്‍ ഡി എ ബില്ലിന്മേലുള്ള യശ്വന്ത്‌സിന്‍ഹ ചെയര്‍മാനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2011 ഓഗസ്റ്റ് 30-ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. പെന്‍ഷന്‍ ഫണ്ടില്‍ നിന്നും ഒരു മിനിമം വരുമാനം ഉറപ്പ് വരുത്തേണ്ടതാണെന്നും അത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാള്‍ കുറയാന്‍ പാടില്ല എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പോളാധിഷ്ഠിതമായ വരുമാനം മാത്രമേ പങ്കാളിത്ത പെന്‍ഷണര്‍ക്ക് ലഭിക്കുകയുള്ളു എന്ന ബില്ലിലെ വ്യവസ്ഥയോട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയും യോജിക്കുന്നില്ല.

കേന്ദ്രത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയത് 1-1-2004 മുതലാണ്. 2008 വരെ പെന്‍ഷന്‍ നിധിയിലേക്ക് ലഭിച്ച തുകയ്ക്ക് 14.5 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ 2011 ഓഗസ്റ്റ് 23-ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കുപ്രകാരം പെന്‍ഷന്‍ ഫണ്ടിന്റെ വളര്‍ച്ചാനിരക്ക് 1.8 ശതമാനം മാത്രമാണ്. ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ ന്യൂനവളര്‍ച്ചയും ഉണ്ടായിക്കൂടെന്നില്ല. 2008 വരെ നല്ല വളര്‍ച്ച കാണിച്ച പെന്‍ഷന്‍ ഫണ്ട് അതിനുശേഷം തകരാന്‍ തുടങ്ങിയത് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ്.

പുതുതലമുറ ബാങ്കിംഗ് സ്ഥാപനങ്ങളെയാണ് പെന്‍ഷന്‍ ഫണ്ട് മാനേജേഴ്‌സ് ആയി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഐ സി ഐ സി ഐ, പ്രൂഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഐ ഡി എഫ് സി പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് ക്യാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ് ബി ഐ പെന്‍ഷന്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്, യു റ്റി ഐ റിട്ടയര്‍മെന്റ് സെലൂഷന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഫണ്ട് മാനേജേഴ്‌സ്. പെന്‍ഷന്‍ ഫണ്ട് വരിക്കാരന് ഇവരില്‍ ആരുടെയെങ്കിലും സേവനം ഉപയോഗപ്പെടുത്താം. പെന്‍ഷന്‍ ഫണ്ട് വരിക്കാര്‍ക്ക് സേവനദാദാക്കളായി നിശ്ചയിച്ചിട്ടുള്ള 34 ഏജന്‍സികളില്‍ കേരളത്തിലെ മുത്തൂറ്റ് ഗ്രൂപ്പും ഉള്‍പ്പെടുന്നുണ്ട്.

ഏതൊരു ക്ഷേമരാഷ്ട്രത്തിന്റെയും ശക്തമായ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് ആ രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പെന്‍ഷന്‍ സമ്പ്രദായം. ക്ഷേമരാഷ്ട്രത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കെല്ലാം അവരുടെ ആയുസിന്റെ നല്ല കാലത്ത് ജീവിച്ചതുപോലെ ആത്മാഭിമാനത്തോടെ ജീവിക്കാനാവശ്യമായ വരുമാനം പെന്‍ഷന്‍, ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യരക്ഷ, പരിചരണം, സംരക്ഷണം ഇവയെല്ലാം ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാരിനാണ്. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്ന ബാധ്യതയില്‍ നിന്നുകൂടി ഒഴിവാകുന്നതിനാണ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത്.

*
പി ചന്ദ്രസേനന്‍ ലേഖകന്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.

കടപ്പാട്: ജനയുഗം

No comments: