Monday, January 21, 2013

കെഎസ്ആര്‍ടിസിയെ കൊല്ലരുത്

കെഎസ്ആര്‍ടിസി സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്. പലതരത്തിലുള്ള 6213 ബസുകള്‍; 5551 ദൈനംദിന ഷെഡ്യൂള്‍, 40,000ല്‍പരം ജീവനക്കാര്‍- ഇങ്ങനെ താരതമ്യമില്ലാത്ത വലുപ്പവും പ്രാധാന്യവുമുള്ള സ്ഥാപനമാണത്. കെഎസ്ആര്‍ടിസി ബസുകള്‍ ഒരുദിവസം നിലച്ചാല്‍ കേരളത്തിന്റെ ചലനംതന്നെ നിലയ്ക്കും. അങ്ങനെയുള്ള സ്ഥാപനത്തിന്റെ മരണമണി മുഴങ്ങുകയാണ്. അതിന്റെ നാശം ഉറപ്പാക്കുന്ന ആരാച്ചാരായി രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍തന്നെ പ്രവര്‍ത്തിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളിലേക്കുള്ള ഡീസല്‍ വിലയില്‍ ഒറ്റയടിക്ക് 11.53 രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ ദിവസം വരുത്തിയത്. വന്‍കിട ഉപയോക്താക്കളില്‍നിന്ന് വിപണി വില ഈടാക്കുന്നുവെന്ന പേരില്‍ സബ്സിഡിയില്ലാത്ത നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വില്‍ക്കുന്ന കമ്പനി, സ്വകാര്യ ബസുകള്‍ക്ക് വില്‍ക്കുന്നത് അതിനേക്കാള്‍ പതിനൊന്ന് രൂപ വിലക്കുറവിലാണ്. പ്രതിമാസം ഏതാണ്ട് 15 കോടി രൂപയുടെ അധികബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഇതിലൂടെ വരുന്നത്. 16 ലക്ഷം കിലോമീറ്ററാണ് ഒരുദിവസം കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നത്. അതിന് നാലരലക്ഷം ലിറ്റര്‍ ഡീസല്‍ വേണം.

ഇപ്പോള്‍തന്നെ പ്രതിമാസം 70 കോടി രൂപ നഷ്ടത്തിലാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. 36,000 വരുന്ന പെന്‍ഷന്‍കാര്‍ക്ക് കഴിഞ്ഞമാസത്തെ പെന്‍ഷന്‍ കൊടുത്തിട്ടില്ല. കെടിഡിഎഫ്സിയില്‍നിന്നും സര്‍ക്കാരില്‍നിന്നുമായി 1200 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. പലിശ മാസം 25 കോടിയിലേറെയാണ്. പുതിയ ബസ് വാങ്ങാനോ പുതിയ സര്‍വീസ് നടത്താനോ കഴിയുന്നില്ല. ഡീസല്‍ വിലവര്‍ധനയോടെ ഒറ്റയടിക്ക് നൂറു സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി വകുപ്പുമന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. അതിഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നര്‍ഥം. ഈ നിലയില്‍പോയാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ സ്ഥാപനം ഇല്ലാതാകും. അതിന്റെ സ്വത്ത് വിറ്റ് കാശുമാറാന്‍ യുഡിഎഫ് സര്‍ക്കാരിന് അവസരം ലഭിക്കുകയുംചെയ്യും. 40,000ല്‍പരം ജീവനക്കാരും 36,000 വരുന്ന പെന്‍ഷന്‍കാരും കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളും വഴിയാധാരമായാലും പൊതുഗതാഗത സംവിധാനം തകര്‍ന്നാലും തങ്ങള്‍ക്കൊന്നുമില്ല എന്നു കരുതുന്നവര്‍ക്കേ ഇതൊക്കെ കണ്ടുനില്‍ക്കാനാവൂ. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ തൂക്കിക്കൊല്ലാനുള്ള കുരുക്ക് എണ്ണക്കമ്പനിക്ക് നല്‍കിയത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ്. മന്‍മോഹന്‍സിങ് ഭരണം ഉയര്‍ത്തിപ്പിടിക്കുന്ന നവലിബറല്‍ നയങ്ങളുടെ സന്തതിയാണ് ഈ പ്രതിസന്ധി. എല്‍ഡിഎഫ് ഭരണകാലത്ത്, ഒരുവര്‍ഷം 1000 ബസ് എന്നത് ഒരു നയമായി സ്വീകരിച്ചിരുന്നു. എല്‍ഡിഎഫിന്റെ അവസാന മൂന്നുവര്‍ഷത്തില്‍ 2800 പുതിയ ബസുകളാണിറങ്ങിയത്. കേരളത്തിലെ പൊതു ഗതാഗതരംഗത്ത് 13 ശതമാനം സാന്നിധ്യമുണ്ടായിരുന്ന കെഎസ്ആര്‍ടിസിയുടെ വളര്‍ച്ച അന്ന് ഇരട്ടിയിലധികമായി (28 ശതമാനം). യുഡിഎഫ് വന്നപ്പോള്‍ ആ വളര്‍ച്ച പുറകോട്ടായി.

കഴിഞ്ഞ ആഗസ്തിലെ കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം 128.88 കോടി രൂപയായിരുന്നു. ചെലവ് 227.4 കോടിയും. ആ മാസത്തെമാത്രം ബാധ്യത 98.52 കോടി രൂപ. ജീവനക്കാരുടെ കൈയില്‍നിന്ന് പിടിച്ചിട്ടും അടയ്ക്കാത്ത എന്‍ഡിആര്‍, പിഎഫ്, എല്‍ഐസി എന്നിവയും മറ്റ് അത്യാവശ്യ ചെലവുകളും ചേരുമ്പോള്‍ ആ ഒറ്റമാസത്തിലെ ബാധ്യത 127.08 കോടി രൂപയായി. അതേ തോതിലുള്ള കടക്കണക്ക് തുടരുകയാണ്. ഡീസല്‍ വിലയില്‍ കഴിഞ്ഞ വര്‍ഷം വര്‍ധന വരുത്തിയപ്പോള്‍തന്നെ കെഎസ്ആര്‍ടിസി പടുകുഴിയില്‍ വീണതാണ്. എണ്ണക്കമ്പനികളുടെ പ്രതീക്ഷിത ലാഭത്തില്‍ ഉണ്ടാകുന്ന കുറവ് നഷ്ടമായി ചൂണ്ടിക്കാട്ടിയാണ് യുപിഎ സര്‍ക്കാര്‍ ജനത്തിന്റെ നടുവൊടിക്കുന്ന വര്‍ധന അന്ന് പ്രഖ്യാപിച്ചത്. അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റത് കെഎസ്ആര്‍ടിസിക്കാണ്. പ്രതിദിനശരാശരി ഉപഭോഗമായ നാലുലക്ഷം ലിറ്റര്‍ ഡീസലിനു മുമ്പ് കൊടുക്കേണ്ടതിനേക്കാളും 24 ലക്ഷം രൂപയാണ് വര്‍ധനയിലൂടെ അധികമായി നല്‍കേണ്ടിവന്നത്. പ്രതിമാസം ഏകദേശം 7.5 കോടി രൂപയുടെ അധികബാധ്യത. ആ പ്രതിസന്ധി തരണംചെയ്യുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കണ്ടുപിടിച്ച മാര്‍ഗം ഡീസല്‍ ഉപയോഗത്തില്‍ കുറവുവരുത്തുക എന്നതായിരുന്നു. മുമ്പത്തെ മാസം എത്ര രൂപയാണോ ഡീസലിന് നല്‍കിയത് ആ തുകമാത്രമേ ഇപ്പോഴും നല്‍കാവൂ എന്നാണ് നിര്‍ദേശിച്ചത്. വന്‍തോതില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു എന്നര്‍ഥം. പുതിയ ബസുകള്‍ ഇറക്കാതെ, ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച്, വരുമാനം ഇല്ലാതാക്കി, തൊഴില്‍ ഇല്ലാതാക്കി, കെഎസ്ആര്‍ടിസിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഒരുമ്പെട്ടവര്‍ ഇപ്പോഴും അതേ വഴിയില്‍തന്നെ പോകുന്നു. കേന്ദ്രത്തിന് കത്തെഴുതിയും പ്രസ്താവന പുറപ്പെടുവിച്ചും "കടമ" നിറവേറ്റുകയാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും.

സ്വകാര്യബസുകള്‍ക്ക് കിട്ടുന്ന അതേ നിരക്കിലെങ്കിലും പൊതുമേഖലാസ്ഥാപനത്തിന് ഇന്ധനം നല്‍കണം എന്ന ന്യായമായ ആവശ്യംപോലും ഉന്നയിക്കാന്‍ കെല്‍പ്പോ സന്നദ്ധതയോ ഇല്ലാത്തവരായി സംസ്ഥാന ഭരണാധികാരികള്‍ മാറിയിരിക്കുന്നു. കേന്ദ്രം സബ്സിഡി നല്‍കണം എന്ന് നെഞ്ചുറപ്പോടെ പറയാന്‍ എന്തിന് അവര്‍ മടിച്ചുനില്‍ക്കണം? കേന്ദ്ര തീരുമാനംവരുന്നതുവരെ കെഎസ്ആര്‍ടിസിയെ രക്ഷിച്ചു നിര്‍ത്താന്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണം. അതല്ലെങ്കില്‍, കേരളത്തിന്റെ പൊതുഗതാഗത സംവിധാനം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം 21 ജനുവരി 2013

No comments: