Sunday, January 20, 2013

ഓമനത്തിങ്കള്‍ കിടാവോ


ലോകത്തിലെ ഏറ്റവും സ്നിഗ്ദ്ധവും സൗമ്യവും മധുരവുമായ വസ്തുക്കളെയൊക്കെ തൊട്ടെടുത്ത് ഒരു സംഗീതത്തിന്റെ വശ്യസുന്ദരമായ ധാരയിലേക്കിണക്കിച്ചേര്‍ത്താല്‍ എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് "ഓമനത്തിങ്കള്‍ കിടാവോ". ഓമനത്തിങ്കള്‍ക്കിടാവ്, കോമളത്താമരപ്പൂവ്, പൂവില്‍ നിറഞ്ഞ മധു, പൂര്‍ണേന്ദുതന്റെ നിലാവ്, പുത്തന്‍ പവിഴക്കൊടി, തത്തകള്‍ കൊഞ്ചും മൊഴി, ചാഞ്ചാടിയാടും മയില്‍, പഞ്ചമം പാടും കുയില്‍, പാരിജാതത്തിന്‍ തളിര്‍, കാച്ചിക്കുറുക്കിയ പാല്, ഗന്ധമേറും പനിനീര്, വാടാത്ത മല്ലികപ്പൂവ്, നന്മവിളയും നിലം, പൂമണമേറ്റൊരു കാറ്റ്, കൂരിരുട്ടത്തുവച്ച വിളക്ക്... ഇതിനൊക്കെയപ്പുറം സൗന്ദര്യത്തിന്റെ, സൗമ്യഭാവത്തിന്റെ ദീപ്തപദങ്ങള്‍ വേറെയെന്തെങ്കിലുമുണ്ടോ? ചാരുവായ നുത്ത പദങ്ങളുടെ ചേരുവയെ ഈണത്തില്‍ ചാലിച്ച് ഇരയിമ്മന്‍തമ്പിയുണ്ടാക്കിയ മഴവില്ലാണിത്.

രവിവര്‍മന്‍ തമ്പി എന്ന ആ ഇരയിമ്മന്‍തമ്പി വീണ്ടും മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു എന്നത് ഏത് ഭാഷാസ്നേഹിയെയും സംഗീതപ്രണയിയെയും സന്തോഷിപ്പിക്കും; അത് ഒരു ഓസ്കര്‍ വിവാദത്തിലൂടെയാണെങ്കില്‍പ്പോലും. മലയാളി കേട്ട ഏറ്റവും നല്ല താരാട്ടുപാട്ട് ഇദ്ദേഹത്തിന്റേതാണ്-"ഓമനത്തിങ്കള്‍ കിടാവോ!". ഏറ്റവും നല്ല സംഗീതകീര്‍ത്തനം ഇദ്ദേഹത്തിന്റേതാണ്- "കരുണചെയ്യുവാനെന്തു താമസം". ഏറ്റവും നല്ല ശൃംഗാരപ്പദം ഇദ്ദേഹത്തിന്റേതാണ് -"പ്രാണനാഥനെിക്ക് നല്‍കിയ പരമാനന്ദ രസത്തെ!". ഏറ്റവും നല്ല കുമ്മിപ്പാട്ട് ഇദ്ദേഹത്തിന്റേതാണ് -"വീരവിരാടകുമാര വിഭോ!". ഏറ്റവും നല്ല ദണ്ഡകം ഇദ്ദേഹത്തിന്റേതാണ് - "ക്ഷോണീന്ദ്രപത്നിയുടെ വാണിം നിശമ്യ!". ഒരു ജീവിതംകൊണ്ട് ഇത്രയൊക്കെപ്പോരേ?.

പക്ഷേ, ഇരയിമ്മന്‍തമ്പിയുടെ സംഭാവനകള്‍ ഇനിയുമെത്രയോ ഉണ്ട്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകള്‍! സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, നവരാത്രി പ്രബന്ധം, മുറജപം പാന അങ്ങനെ എത്രയോ... എന്നിട്ടും ഒരു ഓസ്കര്‍ വിവാദം വേണ്ടിവന്നു മലയാളിക്ക് ഈ മനുഷ്യനെ ഓര്‍മിച്ചെടുക്കാന്‍. ഇരയിമ്മന്‍തമ്പിയുടെ മറ്റെല്ലാ കൃതികളും കാലത്തിന്റെ കടലെടുത്തുപോയാലും ഓമനത്തിങ്കള്‍ കിടാവോ നിലനില്‍ക്കും. കാരണം അതിന് ലിഖിതരൂപംപോലും വേണ്ട. മനസ്സില്‍നിന്ന് മനസ്സിലേക്ക്, തലമുറയില്‍നിന്ന് തലമുറയിലേക്ക് അത് പാലുപോലെ, പനിനീരുപോലെ, പൂനിലാവുപോലെ ഒഴുകിപ്പരന്നുനില്‍ക്കും. ഇരയിമ്മന്‍തമ്പിയുടെ സവിശേഷത, അദ്ദേഹത്തിന്റെ സര്‍ഗാത്മകത ഏതെങ്കിലും ഒരു രംഗത്തുമാത്രമായി ഒതുങ്ങിനിന്നില്ല എന്നതാണ്. ക്ലാസിക്കല്‍ ആലാപനധാരയ്ക്കും നാടോടി സംഗീതധാരയ്ക്കും സോപാനസംഗീതധാരയ്ക്കും അത് മാധുര്യമിയറ്റി. കഥകളിപ്പദത്തില്‍ കര്‍ണാടകസംഗീതത്തിന്റെ സ്വാധീനമുണ്ടെങ്കിലും സോപാനരീതികൂടി കലര്‍ന്ന മട്ടിലേ ആലാപനം സാധ്യമാവൂ. കാരണം, നടന്റെ ചുവടുകള്‍ക്കും മുദ്രകള്‍ക്കും സാവകാശമനുവദിക്കുന്ന രീതിയിലല്ലാതെ തനി ക്ലാസിക്കല്‍ ചിട്ടയില്‍ സ്വതന്ത്രമായി പാടിപ്പോകാനാവില്ല. അത് സാധിച്ച വ്യക്തിതന്നെയാണ് ശുദ്ധ ക്ലാസിക്കല്‍ രീതിയിലും തനി നാടോടി രീതിയിലും കൃതികള്‍ തീര്‍ത്തത് എന്നോര്‍ക്കണം. ഇങ്ങനെ വ്യത്യസ്തമായ മൂന്ന് ശൈലികള്‍ ഒരേ ആളില്‍നിന്നുവരുന്നത് അക്കാലത്തുമാത്രമല്ല, ഇക്കാലത്തും വിസ്മയകരമാണ്.

ലോകത്തിലെ ഏറ്റവും നല്ല വസ്തുക്കളെക്കുറിച്ചുള്ള ഏറ്റവും സൗമ്യസുന്ദരമായ പദങ്ങള്‍ അണിനിരക്കുന്ന ഓമനത്തിങ്കള്‍ കിടാവോ എത്ര തലമുറകള്‍ക്ക് സ്വഛന്ദമായ സൗമ്യാനുഭവമായി മാറി! ഒരു തൂവല്‍കൊണ്ട് മനസ്സിനെ തലോടുന്ന അനുഭവം പകരുന്ന ആ താരാട്ടുപാട്ടിനെ കടന്നുനില്‍ക്കുന്ന ഒരു താരാട്ടുപാട്ട് മലയാളത്തിലുണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. മലയാളമുള്ളകാലത്തോളമെന്നല്ല, കുഞ്ഞുങ്ങളുള്ള കാലത്തോളം നിലനില്‍ക്കും കുളിര്‍കാറ്റലയായി വന്നു തലോടുന്ന ഈ ഉറക്കുപാട്ട്. "ഫോക്സ് സ്ട്രോങ് വേയ്സ്" എന്നയാള്‍ മ്യൂസിക് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ഇംഗ്ലീഷ് കൃതിയില്‍ ഇത് പരിഭാഷപ്പെടുത്തി ചേര്‍ത്തിട്ടുണ്ട്. കാലദേശങ്ങളുടെ അതിരുകളെക്കടന്ന് ഈ കൃതി പണ്ടേ പ്രചരിച്ചുവെന്നര്‍ഥം. ബോംബെ ജയശ്രീതന്നെ അവരുടെ ഒരു താരാട്ട് ആല്‍ബത്തില്‍ ഈ താരാട്ടുപാട്ട് ഉള്‍പ്പെടുത്തിയിരുന്നു, കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്. സ്വാതിതിരുനാളിനെ ശൈശവ ഘട്ടത്തില്‍ പാടിയുറക്കാന്‍വേണ്ടി ഇരയിമ്മന്‍തമ്പി രചിച്ച താരാട്ടുപാട്ടാണ് "ഓമനത്തിങ്കള്‍ കിടാവോ" എന്നാണ് കരുതപ്പെടുന്നത്. കരുതപ്പെടുന്നത് എന്നുപറഞ്ഞത് മനഃപൂര്‍വമാണ്. സ്വാതിതിരുനാളിനെ പാടിയുറക്കാനാണ് ഇത് എഴുതിയതെങ്കില്‍ "മാര്‍ത്താണ്ഡദേവപ്രഭയോ" എന്നുവരുന്നതെങ്ങനെയാണ്? തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരിലക്ഷ്മീഭായിയുടെയും ചങ്ങനാശേരി കൊട്ടാരത്തിലെ രാജരാജവര്‍മകോയിത്തമ്പുരാന്റെയും രണ്ടാമത്തെ കുട്ടിയാണ് സ്വാതിതിരുനാള്‍. മൂന്നാമതുണ്ടായ കുട്ടിയുടെ പേര് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെന്നാണ്. അപ്പോള്‍ "മാര്‍ത്താണ്ഡദേവപ്രഭയോ" എന്ന പരാമര്‍ശമടങ്ങുന്ന ഓമനത്തിങ്കള്‍ കിടാവോ ഈ മൂന്നാമത്തെ കുട്ടിക്കുവേണ്ടി എഴുതിയതാണെന്ന് വരുമോ?

ഇന്നിപ്പോള്‍ ബോംബെ ജയശ്രീയുടെ പാട്ട് ഇരയിമ്മന്‍തമ്പിയുടേതാണോ എന്നാണ് സംശയം. എന്നാല്‍, സ്വാതി കൃതികളില്‍ ചിലത് ഇരയിമ്മന്‍തമ്പിയുടേതാണോ എന്ന് നേരത്തേ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കീര്‍ത്തനങ്ങളിലെ സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍തമ്പിയുടെയും വാഗ്ഗേയകാരമുദ്ര ഒന്നുതന്നെയായതാവാം ഇങ്ങനെ സംശയമുണ്ടാവാന്‍ കാരണം. പത്മനാഭപദമാണ് മുദ്ര. ഇരയിമ്മന്‍തമ്പിയുടെ കൃതികളുടെ കൈയെഴുത്തുപ്രതി തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലുണ്ട്. ഇതില്‍ കാണുന്നതെല്ലാം തമ്പിയുടേതുതന്നെയോ എന്ന കാര്യത്തിലും സംശയമുണ്ട്. ഏതായാലും ഇരയിമ്മന്‍തമ്പിയുടെ കൃതികള്‍ വേറിട്ടറിയാം. അവയില്‍ നായകന്‍ രാജാവും നായിക തമ്പിയും എന്നതാണ് സങ്കല്‍പ്പമെങ്കില്‍ സ്വാതികൃതികളില്‍ നായകന്‍ പത്മനാഭനും നായിക രാജാവും എന്നതാണ് സങ്കല്‍പ്പം. സ്വാതികൃതികളില്‍ ശൃംഗാരം അന്തര്‍ധാരയായി സംയമനത്തോടെ നില്‍ക്കുന്നതാണ് രീതി. എന്നാല്‍, തമ്പിക്കൃതികളില്‍ പ്രകടമായ ബാഹ്യധാരതന്നെയാണ് ശൃംഗാരം. "പ്രാണനാഥനെിക്ക് നല്‍കിയ പരമാനന്ദ രസത്തെ" എന്ന മട്ടില്‍ പച്ചശൃംഗാരം, സംഭോഗശൃംഗാരം ഇരയിമ്മന്‍തമ്പി കൃതികളില്‍ നമുക്ക് കാണാം. സ്വാതി കൃതികളില്‍ അങ്ങനെയൊന്ന് കാണാനില്ല. അനുരാഗത്തിന്റെ, വിരഹത്തിന്റെ നേര്‍ത്ത ശോകശ്രുതികളേ സ്വാതിയില്‍ കാണാനുള്ളൂ. "എന്തഹോ, വല്ലഭാ, ഇന്നേരം മൗനഭാവം?" എന്ന് നേരിട്ട് ചോദിക്കാന്‍ തമ്പിയുടെ നായികയ്ക്ക് സങ്കോചമില്ല. എന്നാല്‍, "വല്ലഭന്‍ വരാഞ്ഞാലേ, ചൊല്‍കെന്തേ പ്രയോജനം" എന്ന മട്ടില്‍ പതിഞ്ഞമട്ടിലല്ലാതെ, ആത്മഗതമായല്ലാതെ സ്വാതിയുടെ നായിക പറയില്ല. പദഘടനയിലും ഭാവഘടനയിലും ഇരുവര്‍ക്കുമിടയില്‍ കൃത്യമായ വേര്‍തിരിവുകളുണ്ട്. "ക്ഷോണീന്ദ്രപത്നിയുടെ വാണിം നിശമ്യ പുനരേണീ വിലോചന നടുങ്ങീ" എന്ന മട്ടില്‍ ദ്വിതീയാക്ഷരപ്രാസദീക്ഷ ഇരയിമ്മന്‍തമ്പിയില്‍ കാണാനുണ്ട്; സ്വാതിയില്‍ അത്തരം നിഷ്കര്‍ഷകളൊന്നുമില്ല. തിരുവനന്തപുരത്തെയും മറ്റും ഒരുപാടുസ്ഥലങ്ങള്‍ തന്റെ കീര്‍ത്തനങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഇരയിമ്മന്‍തമ്പി.

നാട്ടരാഗത്തില്‍ "പാഹി നിഖില ജനി" എന്ന കീര്‍ത്തനത്തില്‍ "ക്ഷീര തടാക തടേ" എന്ന് പ്രയോഗിച്ചിട്ടുണ്ട്. ക്ഷീരം=പാല്‍, തടാകം= കുളം, തടം = കര അങ്ങനെ നോക്കുമ്പോള്‍ പാല്‍ക്കുളങ്ങര എന്ന സ്ഥലമാണ് തമ്പിക്ക് ക്ഷീരതടാകതടം. "നീലവര്‍ണ പാഹിമാം; നവ നീത കൃഷ്ണ പാഹിമാം" എന്ന കൃതിയില്‍ ഘൃതകൂലനിലയാ എന്ന പ്രയോഗമുണ്ട്. നെയ്യാറ്റിന്‍കരയാണ് സൂചിതം. ഘൃതം നെയ്യാണല്ലോ. കൂലം ആറ്റിന്‍തീരവും. കൗതുകമുണര്‍ത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍കൊണ്ട് ശ്രദ്ധേയമാവുന്ന നിരവധി ക്ഷേത്രകൃതികള്‍ ഇരയിമ്മന്‍തമ്പിയുടേതായിട്ടുണ്ട്. ഭക്തിസാന്ദ്രമായ കീര്‍ത്തനകൃതികളില്‍ ഏറ്റവും ഉയര്‍ന്നു വേറിട്ടുനില്‍ക്കുന്നത് "കരുണ ചെയ്യുവാനെന്തു താമസം" തന്നെ. ശ്രീരാഗത്തിലാണ് ഈ കൃതി പാടിക്കൊണ്ടിരുന്നത്.

ഒരിക്കല്‍ ഒരു തീവണ്ടിയാത്രയ്ക്കിടയില്‍, യദുകുലകാംബോജിയിലായാല്‍ കൂടുതല്‍ ഭംഗിയാവില്ലേ ആ കൃതി എന്ന് എസ് ഗുപ്തന്‍നായര്‍സാര്‍ ചെമ്പൈയോട് ചോദിച്ചു. ഗുപ്തന്‍നായര്‍സാര്‍ ഒരു പരീക്ഷണമെന്നോണം "യദുകുലകാംബോജിയില്‍" അത് മൂളിക്കേള്‍പ്പിക്കുകയുംചെയ്തു. അത് ചെമ്പൈയ്ക്ക് ഇഷ്ടമായി. അടുത്ത കച്ചേരിക്ക് ചെമ്പൈ യദുകുലകാംബോജിയില്‍ അതുപാടി. അത് മറ്റൊരു സംഗീതാനുഭവം. നിരവധി കീര്‍ത്തനങ്ങള്‍, അഞ്ച് സ്തവവര്‍ണങ്ങള്‍ തുടങ്ങിയവ ഇരയിമ്മന്‍തമ്പിയുടേതായി സംഗീതലോകത്തിന് ലഭിച്ചു. സ്വരവും വാക്കും ഇടകലര്‍ന്നൊഴുകുന്നതിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമാണ് സ്തവവര്‍ണങ്ങള്‍. പഞ്ചരത്നകൃതികളിലേതുപോലെ സവിശേഷലയമുണ്ടാക്കുന്നു ഇവയുടെ ആലാപനം. അതിലൊന്നാണ് പ്രശസ്തമായ "അംബാഗൗരി" എന്നു തുടങ്ങുന്ന ആരഭിയിലെ കൃതി. മലയാളകവിതാചരിത്രത്തില്‍ ഇടയ്ക്കിടയ്ക്ക് സര്‍ഗാത്മകതാരാഹിത്യംകൊണ്ട് അന്ധകാരപൂര്‍ണമായ ചില ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എഴുത്തച്ഛനുശേഷവും കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷവുമൊക്കെ നിര്‍ജീവതയുടേതായ ഇടവേളകളുണ്ടായിട്ടുണ്ട്. എഴുത്തച്ഛനുശേഷം അങ്ങനെയൊരു അവസ്ഥയുണ്ടായത് അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ പ്രതിഭാരാഹിത്യംകൊണ്ടാണെങ്കില്‍ നമ്പ്യാര്‍ക്കുശേഷം നീണ്ട മരവിപ്പുണ്ടായത് സാമൂഹ്യശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ടുകൂടിയാവാം. കവികള്‍ക്ക് സ്വസ്ഥമായി ഒരിടത്തിരുന്ന് എഴുതാന്‍ കഴിയാത്തതരത്തിലുള്ള സാമൂഹികമായ കലുഷാവസ്ഥ; പടയോട്ടം തുടങ്ങി പലതും. ആ അവസ്ഥ സാംസ്കാരികതയെക്കൂടി മന്ദീഭവിപ്പിച്ചു. അന്ധകാരത്തിന്റേതായ അത്തരമൊരു നീണ്ട ഘട്ടത്തിനുശേഷം സര്‍ഗാത്മകതയുടെ ജ്യോതിസ്സായി പ്രത്യക്ഷപ്പെട്ട കവിയാണ് ഇരയിമ്മന്‍തമ്പി. ഓമനത്തിങ്കള്‍ കിടാവോ എന്ന പാട്ടില്‍ തമ്പിതന്നെ പറയുംപോലെ "കൂരിരുട്ടത്തുവച്ച വിളക്ക്"!

ഇരുട്ട് വകഞ്ഞുമാറ്റി കടന്നുവന്ന മൗലികമായ സര്‍ഗാത്മകതയുടെ ദീപമായി ഇരയിമ്മന്‍തമ്പി. ഗാനാത്മകതയുടെ ചിറകിലേറിയായിരുന്നു സര്‍ഗാത്മകതയുടെ ആ പുതിയ വരവ്! അപ്പോള്‍ സ്വാതിതിരുനാളോ എന്നു വേണമെങ്കില്‍ ചോദിക്കാം. സ്വാതി പിന്നീടാണല്ലോ കടന്നുവരുന്നത്. എന്നുമാത്രമല്ല, സാഹിത്യരംഗത്തിനായിരുന്നില്ല; സംഗീതരംഗത്തിനായിരുന്നല്ലോ, അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇരയിമ്മന്‍തമ്പിയുടേതാവട്ടെ, ഒരേ പോലെ സംഗീതത്തിനും സാഹിത്യത്തിനുമുള്ള സംഭാവനയായി എന്നതാണ് സത്യം. "ഓമനത്തിങ്കള്‍ക്കിടാവോ" കേട്ടുറങ്ങിയിട്ടുള്ള ഏത് കുഞ്ഞും പില്‍ക്കാലത്ത് ലോകത്തിന്റെ ഏത് കോണില്‍ചെന്നുപെട്ടാലും, ഏത് യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും മലയാളത്തെ, അതിന്റെ സ്നിഗ്ധമായ ആര്‍ദ്രതയെ മറക്കില്ല. "ഓമനത്തിങ്കള്‍ കിടാവോ" മാത്രം മതിയാവും ഇരയിമ്മന്‍തമ്പിക്ക് നിലനില്‍ക്കാനും അതിജീവിക്കാനും. അതിന്റെ വിശുദ്ധിമതി, ഏതുകാലത്തെ ശൈശവത്തിനും സ്വഛസുന്ദരമായി സുഷുപ്തിയുടെ നീലനിലാവിലേക്കിറങ്ങാന്‍.

(പ്രഭാവര്‍മ)

വാത്സല്യത്തില്‍ വാക്കുകള്‍ക്കെന്ത് ഭേദം

ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച താരാട്ട് പാട്ട് ഇരയിമ്മന്‍തമ്പിയുടെ "ഓമനത്തിങ്കള്‍ക്കിടാവോ"യുടെ അനുകരണമാണെന്നത് സംബന്ധിച്ച വിവാദത്തോട് വിശ്രുത സംഗീതജ്ഞ ബോംബെ ജയശ്രി ഇങ്ങനെ പ്രതികരിച്ചു: ""ലൈഫ് ഓഫ് പൈയിലെ താരാട്ടുപാട്ടിലുള്ള വാക്കുകളും പ്രയോഗങ്ങളും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ ഒരമ്മ സാധാരണയായി ഉപയോഗിക്കുന്നവയാണ്; മയില്‍, കുയില്‍, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങിയവ. ഒരമ്മ തന്റെ കുട്ടിക്കുവേണ്ടി പാടുന്ന, ഞാന്‍ എന്റെതന്നെ കുഞ്ഞിനുവേണ്ടി പാടുന്ന തരത്തിലുള്ള, ഒരു ഗാനമാണ് സിനിമയുടെ സംവിധായകന്‍ എന്നോടാവശ്യപ്പെട്ടത്.                                     

കണ്ണേ കണ്‍മണിയേ എന്നൊക്കെയുള്ളത് ലോകത്തെവിടെയും അമ്മമാര്‍ മക്കളെ വിളിക്കുന്ന രീതിയാണ്. സംഘകാല തമിഴ്സാഹിത്യത്തില്‍, പ്രത്യേകിച്ച് ആഴ്വാറിന്റെയും ആണ്ടാളിന്റെയും മറ്റും കവിതകളില്‍ ഇത്തരം സുന്ദരപ്രയോഗങ്ങള്‍ കണ്ടെത്താം. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ഇങ്ങനെയൊക്കെ വിളിച്ചിരുന്നതും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ ഞങ്ങളെ കണ്ണേ മയിലേ എന്നൊക്കെ വിളിച്ചോമനിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ മക്കളെയും അങ്ങനെതന്നെ വിളിക്കും."" ആങ് ലീയുടെ "ലൈഫ് ഓഫ് പൈ"യ്ക്കുവേണ്ടി ജയശ്രീ എഴുതി ചിട്ടപ്പെടുത്തി പാടിയ പാട്ട് 85-ാമത് ഓസ്കാറിനുള്ള പട്ടികയില്‍ ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഇടംനേടിയത്്്. ഫെബ്രുവരി 24 ന് രാത്രിയാണ് ഓസ്കാര്‍ പ്രഖ്യാപനം. ബോംബെ ജയശ്രി എന്ന ജയശ്രി രാമനാഥന്‍ മൗലികമായ ആലാപന ശൈലിയിലൂടെ ശാസ്ത്രീയസംഗീതാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞ ശ്രദ്ധേയമായ സംഗീതവ്യക്തിത്വത്തിന്റെ ഉടമയാണ് . ഇന്ത്യയിലും പുറത്തും അവര്‍ നടത്തിയിട്ടുള്ള കച്ചേരികള്‍ ഇന്ത്യന്‍ സംഗീതാലാപനരീതികള്‍ക്ക് നവീനമായ മാനങ്ങള്‍ ചേര്‍ത്തു.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 20 ജനുവരി 2013

No comments: