Thursday, January 10, 2013

സ്ത്രീയെ അടിമയാക്കുന്നവര്‍

അറുപതുകളില്‍(ഇരുപതാം നൂറ്റാണ്ടില്‍) കേരളത്തിലെ വനപ്രദേശങ്ങളില്‍ ആണും പെണ്ണുമടങ്ങുന്നവരെ അടിമകളാക്കിവയ്ക്കുക മാത്രമല്ല, ഉത്സവസ്ഥലത്ത് ദൈവത്തെ സാക്ഷിനിര്‍ത്തി കച്ചവടം നടത്തുകയും ചെയ്തിരുന്നു. അവര്‍ നരകയാതന അനുഭവിച്ച് ഉല്പാദിപ്പിച്ചിരുന്ന അരിയാണ് മലയാളികളില്‍ കുറേ ജനങ്ങള്‍ക്ക് അന്നമായിരുന്നത്. എന്നാല്‍ ഇന്നത്തെ കേരളത്തിലെന്നല്ല ഇന്ത്യാരാജ്യം മുഴുവനും അടിമകളുണ്ട്. മുഖത്ത് ചായംതേച്ച് മിനുക്കിയവരും കഠിനാധ്വാനംചെയ്തും ചെയ്യാതെയും "പരിഷ്കൃത"മെന്ന് കരുതപ്പെടുന്നവരും സ്ത്രീവര്‍ഗമാണെന്ന് മാത്രം.

അന്ന് ഗോത്രവര്‍ഗങ്ങളിലേ പ്രകടമായ അടിമത്തം ഉണ്ടായിരുന്നുള്ളൂ. എങ്കില്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സമൂഹത്തിന്റെ എല്ലാ മണ്ഡലത്തിലും അടിമകളുണ്ട്. അവര്‍ ഏതാണ്ട് മുഴുവനും തന്നെ കുടുംബമെന്ന പ്രസ്ഥാനത്തിന്റെ കുടക്കീഴില്‍ സ്വസ്ഥരും സംതൃപ്തരുമാണെന്ന് നാം നടിക്കുന്നു. എന്നാല്‍ അര്‍ഹമല്ലാത്ത രീതിയില്‍ അമിതമായി ലഭിക്കുന്ന വരുമാനം, രാക്ഷസീയമായ ഭോഗാസക്തി, സ്വതന്ത്ര വ്യാപാരത്തിന്റെയും സെക്സ് ചാനല്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന മറ്റു മധുരനാമങ്ങളാല്‍ അറിയപ്പെടുന്ന ചാനല്‍ ദൃശ്യങ്ങളുടെ വന്‍ മാര്‍ക്കറ്റ്, കാടത്തത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന, നരത്വം മറന്നവരുടെ കൊടും ക്രൂരത എന്നിവയെല്ലാം നമ്മുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഭരിക്കുന്നു.

മനുഷ്യന്‍ കൃഷിയുമായി ബന്ധപ്പെട്ടിരുന്ന കാലത്തോളം പ്രകൃതിബന്ധിത സംസ്കാരവും അതനുസരിച്ച ധാര്‍മികതയും അതത് സമൂഹത്തില്‍ നിലനിന്നുപോന്നു. ഇന്ന് "കലിയുഗം" എന്ന് പൂര്‍വമനീഷികളുടെ ഭാവനയില്‍ വിവരിക്കപ്പെടുന്ന കലിയുടെ താണ്ഡവം. അതിന്നിരയാകുന്നവര്‍ സ്ത്രീകള്‍. ശാസ്ത്ര-വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കരണനേട്ടങ്ങള്‍ (കോട്ടങ്ങളും) ആരെ പരിപോഷിപ്പിച്ചു? ആദ്യം പുരുഷവര്‍ഗത്തെ, പിന്നീട് വളരെ സാവധാനത്തില്‍ അവന്റെ അടിമയായ സ്ത്രീയെ. സമൂഹത്തിന്റെ പ്രാകൃതകാലത്ത് സ്ത്രീ അടിമയായിരുന്നില്ല. തുറന്ന ലൈംഗികതയ്ക്കകത്തും അവള്‍ക്ക് സുരക്ഷിതത്വം ഏറെക്കുറെ ഉണ്ടായിരുന്നു. യുദ്ധാനന്തരകാലത്ത് വന്‍തോതില്‍ ആണ്‍നാശം ഉണ്ടാവുമ്പോള്‍ സ്ത്രീകള്‍ ബഹുഭാര്യാത്വത്തിനു വിധേയമായെന്ന് ചരിത്രം പറയുന്നു. അത് ഒരു സാമൂഹിക നടപ്പായി മാറി, അന്ന്. മറിച്ചും സംഭവിച്ചു,

യുദ്ധക്കളത്തിലെ ആണ്‍മൃതിയുടെ ആധിക്യവും കച്ചവടകാലത്ത് കാരവന്‍ സംഘങ്ങളുമായി സുദീര്‍ഘപ്രവാസികളായി ആണുങ്ങള്‍ മാറുന്ന ഗ്രാമങ്ങളില്‍ പെണ്‍പ്രജകള്‍ മാത്രവുമായി. അവര്‍ ധനികരുടെ അന്തഃപുരത്തിലെ അന്തേവാസികളായി. സാധാരണ തരുണികള്‍ വേലചെയ്യുന്ന അടിമകളോ വീട്ടില്‍തന്നെ കുത്തിയിരിപ്പ് തുടരുന്ന ആണുങ്ങളുടെ വെപ്പാട്ടികളോ ആയി. സുന്ദരിമാര്‍ വേശ്യാവൃത്തിയിലേക്കും ദേവദാസിയെന്ന "മികച്ച" പദവിയിലും അവരോധിക്കപ്പെട്ടു. ഇന്ന് നടക്കുമ്പോലെ ക്രൂരവും നിന്ദ്യവും മൃഗോചിതം പോലുമല്ലാത്ത പെണ്‍പിടുത്തം കലുഷമായ കാലത്തുപോലും ഉണ്ടായിരുന്നുവോ? ആധുനികകാലത്ത്, ഇന്ത്യന്‍ സമൂഹത്തിലും ഇതര സമൂഹങ്ങളിലും സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധകളും പെണ്‍വേട്ടയ്ക്കിരയാവുന്നു. നാള്‍തോറും അത് നാട്ടില്‍ വിനാശം വിതയ്ക്കുകയും പൊതുജീവിതത്തില്‍ അത്യന്തം ആശങ്കാകുലമായ അന്തരീക്ഷം ഉളവാക്കുകയും ചെയ്യുന്നു. കാരണമെന്ത്? പൊതുജനം ജനാധിപത്യ ഇന്ത്യയില്‍ കൂടുതല്‍ കൂടുതലായി അന്യവല്‍ക്കരിക്കപ്പെടുന്നു.

നാടുനീളെ അരാജകത്വം, അരക്ഷിതബോധത്തില്‍ കഴിയുന്നവര്‍. ജീവിതത്തിന്റെ വേരറുക്കപ്പെടുന്നവര്‍ എല്ലാ മണ്ഡലത്തിലും ഉണ്ട്. പ്രത്യേകിച്ച് കര്‍ഷകര്‍, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍, ഗ്രാമാന്തരങ്ങളിലേക്ക് തൊഴില്‍തേടി അലയുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഭീതിദമായി വര്‍ധിക്കുന്നു. കുടിലമായ സ്ത്രീധന സമ്പ്രദായത്തില്‍, പിതാക്കള്‍, സഹോദരങ്ങള്‍, കാമുകര്‍, ഉദ്യോഗാര്‍ഥികള്‍... എല്ലാം നിരാശരും അശരണരുമാണ്. ഇതൊന്നും പെണ്‍വേട്ടയ്ക്ക് കാരണമാകുന്നില്ല. ഭരണാധികാരികളുടെ കൊടിയ അഴിമതി, അതു കാരണം പ്രവര്‍ത്തനരംഗത്തുണ്ടാവുന്ന താളപ്പിഴ, വിലക്കയറ്റം, അഭൂതപൂര്‍വമായി നിറഞ്ഞുതുളുമ്പുന്ന ഉപഭോക്തൃമാര്‍ക്കറ്റ് ഇവ പണമുണ്ടാക്കാനുള്ള ആസുര ആര്‍ത്തി വളര്‍ത്തുന്നു. എല്ലാത്തരത്തിലും നിരാശിതരാവുന്ന കുടുംബനാഥന്മാര്‍ (കുടുംബിനികളും) ഏതു തെറ്റിലും വഴുതിവീഴാന്‍ സാധ്യതയേറും. രാജ്യം എല്ലാ മൂല്യങ്ങളും ചവിട്ടിയരക്കുന്ന ഭരണാധികാരികളെയാണ് നേരിടേണ്ടിവരുന്നത്. ആത്മസംഘര്‍ഷങ്ങള്‍ക്ക് തെറ്റിലേക്കുള്ള വഴി എളുപ്പമാണ്.

സ്ത്രീകള്‍ വയറ്റുപ്പിഴപ്പിനും മെച്ചപ്പെട്ട ജീവിതത്തിനും പ്രഭാതം വിരിയുന്നതിന് മുമ്പ് വീടെന്ന സുരക്ഷിതത്വത്തില്‍നിന്ന് ഇറങ്ങിയോടുന്നു. ജോലി സ്ഥലത്തേക്ക്. നമ്മുടെ വാഹനങ്ങളിലെ ജനത്തിരക്കില്‍ സ്ത്രീയുടെ മുഖം എപ്പോഴും നിര്‍വികാരമോ, ദുഃഖിതമോ ആണെന്ന് സൂക്ഷിച്ചുനോക്കുന്നവര്‍ക്കറിയാം. എന്തിന് സ്ത്രീക്കുമാത്രം പ്രത്യേക ഉത്കണ്ഠ എന്ന് നിങ്ങള്‍ ചോദിക്കും. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹ്യ അനീതി, പുരുഷന്റെ ജന്മസിദ്ധമായ അധികാരവാഞ്ഛയും പണക്കൊതിയും ധൂര്‍ത്തും ഭോഗവാസനയും കുഞ്ഞുങ്ങളെക്കുറിച്ചും തന്നെച്ചൊല്ലിയും ഉണ്ടാവുന്ന നിലയ്ക്കാത്ത പ്രശ്നങ്ങളും സ്ത്രീയെ മൃദുലവികാരങ്ങള്‍ മരിച്ച ഒരു വെറും പിണ്ഡമായി പരിണമിപ്പിക്കുന്നു. മദ്യപിച്ചും ഭോഗലാലസമായ ചാനലില്‍ മുങ്ങിത്താണും മനുഷ്യന്‍ (പുരുഷന്‍) മൃഗത്തേക്കാള്‍ അധമനായി മാറുന്നു. മൃഗതൃഷ്ണയെക്കാളും നീചമായൊരു അവസ്ഥയിലാണ് അത്തരം പുരുഷന്മാര്‍. അവര്‍ക്കിന്ന് ആത്മവിശ്വാസം നന്നെക്കുറവാണ്.

ജോലിസ്ഥലത്തും ഉന്നത പഠനശാലകളിലും ഇന്ന് മുന്നിട്ടുനില്‍ക്കുന്നത് യുവതികളും മുതിര്‍ന്ന സ്ത്രീജനവുമാണ്. പലപ്പോഴും സ്ത്രീയോട് മത്സരിച്ച് തോല്‍ക്കുന്നുണ്ട് അവന്‍. ഓഫീസുകളിലെ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി, കൈക്കൂലിയിലേക്കും പെണ്‍പിടുത്തത്തിലേക്കും പരിണമിക്കുന്നു. സ്ത്രീയില്‍ തന്റെ ആത്മവിനാശകമായ അധീശതയും ദൗര്‍ബല്യവും ഇറക്കിവയ്ക്കാനാവുമെന്ന് അവന്‍ പ്രത്യാശിക്കുന്നു. മദ്യപാനം അവനെ നരാധമനാക്കുന്നു. മൃഗത്തെ നാണിപ്പിക്കുന്ന അധമനാക്കുന്നു. മദ്യത്തില്‍ മുങ്ങിയവന്‍, കുടുംബബന്ധങ്ങളെ ഗൗനിക്കുന്നേയില്ല. ധര്‍മചിന്തയുടെ ചുടലയിലാണവന്‍. അരക്ഷിതമായ ജീവിതാവസ്ഥ, മദ്യപനായ കുടുംബനാഥനും സഹോദരങ്ങളും പിതാവും ഇവരൊക്കെക്കൂടി സ്ത്രീയെ വേട്ടയാടാനിറങ്ങുമ്പോള്‍ പഴയ ഇന്ത്യന്‍ സ്ത്രീ മരിച്ചുപോയി. അതിലത്ഭുതമില്ല. എല്ലാ വാതിലും തുറന്നിട്ട ഈ പുതുകാലത്ത് ആത്മധൈര്യത്തോടെ എങ്ങനെ ജീവിക്കണം എന്ന് നമ്മുടെ വിദ്യാഭ്യാസ പദ്ധതികളൊന്നും ചൂണ്ടിക്കാണിക്കുന്നില്ല.

നിലവിലുള്ള ഇന്ത്യന്‍ പൗരസമൂഹം മുഴുവനും സ്വതന്ത്ര ജനാധിപത്യത്തിന്റെ സംരക്ഷണയില്‍ ജനിച്ചുവളര്‍ന്നവരാണ്. ആ സമൂഹം ഇങ്ങനെ ആയിത്തീര്‍ന്നതില്‍ മുഖ്യകാരണക്കാര്‍ നമ്മുടെ ഭരണാധികാരികളാണ്. മാനുഷികതയിലൂന്നിയ ഒരു ധര്‍മശാസ്ത്രം ഇവിടെ ഇന്നും നിലനില്‍ക്കുന്നുവെങ്കില്‍, ഭേദപ്പെട്ട ദൃഢമായൊരു ദര്‍ശനം ഇന്ത്യക്കുണ്ടായതാണ് കാരണം. രാജ്യത്തിനും അതുള്‍ക്കൊള്ളുന്ന പ്രകൃതിക്കും പൗരദര്‍ശനത്തിനും നിരക്കാത്തതെന്നു മാത്രമല്ല, നേര്‍ വിപരീതമായൊരു പാശ്ചാത്യ കൃതധനവിനിയോഗക്രമവും മനുഷ്യോചിതമല്ലാത്ത വൈകാരികവൈകല്യവും ഇവിടുത്തെ ആണ്‍തലമുറയ്ക്കുണ്ട്. ആധുനിക ചൈനയ്ക്ക് ചില കാര്യങ്ങളില്‍ നമ്മോട് സാമ്യമുണ്ടെങ്കിലും സ്ത്രീകള്‍ അവിടെയുണ്ടാക്കിയ പ്രവൃത്ത്യുന്മുഖവും ജീവിതപരവുമായ ഒരു കാഴ്ചപ്പാട് ഇവിടെ വളര്‍ന്നുവന്നിട്ടില്ല.

സ്ത്രീകളില്‍ ഭൂരിഭാഗവും വൈകാരിക പക്വതയോ സമതുലിതാവസ്ഥയോ നേടിയവരല്ല. വിദ്യാഭ്യാസ യോഗ്യതയും തൊഴിലെടുക്കാനുള്ള കഴിവും മെച്ചപ്പെട്ടതെങ്കിലും അവരുടെ ജീവിതവീക്ഷണത്തിന് മുടന്തും ബധിരതയും ഉണ്ട്. ആത്മത്യാഗത്തിലൂടെ കുടുംബം രക്ഷിക്കാനുള്ള വ്യഗ്രതയാണ് അവളുടെ സമതുലിത വൈകാരികശക്തിയുടെ അടിത്തറ ഇളക്കുന്നത്. അതിന് നാം ചെയ്യേണ്ടത്, ജനാധിപത്യ-ഭരണമണ്ഡലത്തില്‍ അവര്‍ക്ക് തുല്യാവകാശവും നീതിയും കൊടുക്കുക. രാജ്യത്തെ വംശാധിപത്യം അവസാനിപ്പിക്കുക, പ്രകൃതിസമ്പത്തുമുഴുവനും എല്ലാ ജനത്തിനും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റല്ല, തുല്യ സീറ്റാണ് വേണ്ടത്. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക-വൈജ്ഞാനിക-തൊഴില്‍മണ്ഡലങ്ങളെ ശുദ്ധീകരിക്കുന്ന ധര്‍മബോധം വളര്‍ത്തിയെടുക്കുന്നതെങ്ങനെയെന്ന് വ്യാപകമായി ചര്‍ച്ചചെയ്യുക. അധികാര തുല്യതയും അധികാരം പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവും നിയമപരമായി സ്ത്രീക്ക് നല്‍കാതെ അവളെ ഒരു ഭോഗവസ്തുമാത്രമായിക്കാണുന്ന ഇന്നത്തെ അവസ്ഥ മാറില്ല.

*
പി വത്സല ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: