Thursday, January 17, 2013

കലുഷമാകുന്ന അതിര്‍ത്തി രാഷ്ട്രീയം

സംയമനത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ് അതിര്‍ത്തിയുടേത്. അതിവൈകാരികതയ്ക്കോ രാഷ്ട്രീയ ലാഭചിന്തയ്ക്കോ അവിടെ സ്ഥാനമുണ്ടായിക്കൂടാ. ഈ പ്രശ്നത്തോടുള്ള കോണ്‍ഗ്രസ്- ബിജെപി കക്ഷികളുടെ സമീപനം മുന്‍നിര്‍ത്തിയാണ് ഇതു പറയുന്നത്. പാകിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്റെ തലയെടുത്തുവെങ്കില്‍ അതിര്‍ത്തി കടന്നുചെന്ന് പത്ത് സൈനികരുടെ തലയെടുത്ത് മടങ്ങിവരണം എന്നാണ് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞത്. അതിര്‍ത്തിപ്രശ്നം അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവിഷയമാക്കാന്‍ വേണ്ട പരിപാടികള്‍ ജയ്പുരിലെ ചിന്തന്‍ ശിബിരത്തില്‍ ആവിഷ്കരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇങ്ങനെയാണോ ഒരു യുദ്ധസാധ്യതയുടെ സാഹചര്യം മുന്‍നിര്‍ത്തി ചിന്തിക്കേണ്ടത്? സാവകാശം ഇരുകൂട്ടരും ആലോചിക്കണം. പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയാണ് എന്നതും അത് മനുഷ്യത്വരഹിതമായ നിഷ്ഠുരതയുടെ മാര്‍ഗത്തിലൂടെയാണ് എന്നതും നേരാണ്. അതിനോട് ശക്തമായിത്തന്നെ പ്രതികരിക്കേണ്ടതുണ്ടുതാനും. പക്ഷേ, രാഷ്ട്രീയചിന്തകള്‍ പോകേണ്ടത് നേരത്തെ പറഞ്ഞ വഴികളിലൂടെയല്ല. ഉടനടി പ്രത്യാക്രമണം നടത്തണമെന്നു പ്രചരിപ്പിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയലാഭമുണ്ടാക്കുമായിരിക്കും. അതേപോലെ തുടര്‍ച്ചയായ ജനദ്രോഹ നടപടികളിലൂടെ വെറുക്കപ്പെട്ടുനില്‍ക്കുന്ന യുപിഎ മന്ത്രിസഭയ്ക്ക് അവയില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാന്‍ യുദ്ധവിഷയത്തില്‍ കേന്ദ്രീകരിക്കുന്നതും അതിനെ തെരഞ്ഞെടുപ്പു വിഷയമാക്കുന്നതും സഹായകമായേക്കും. പക്ഷേ, അതൊന്നും രാഷ്ട്രതാല്‍പ്പര്യത്തിലാവില്ല. എടുത്തുചാടി ഇന്ത്യതന്നെ യുദ്ധം തുടങ്ങിവയ്ക്കണമെന്നുള്ള വാദം രാഷ്ട്രീയത്തില്‍ മേല്‍കൈ നേടാനുള്ള കുറുക്കുവഴി തേടലാണ്; അതി വൈകാരികതയുടെ തരംഗമുയര്‍ത്തി കൈയടി നേടാനുദ്ദേശിച്ചുള്ളതാണ്. അപകടകരമാണ്. ബിജെപിയുടെ കളി. അതേപോലെ, നീറുന്ന ജീവല്‍പ്രശ്നങ്ങളില്‍നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനും മന്‍മോഹന്‍സിങ്ങിന്റെ കരങ്ങളെ മറ്റെല്ലാം മറന്ന് ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാനും പാകത്തില്‍ ഇതിനെ തെരഞ്ഞെടുപ്പു വിഷയമാക്കാമെന്നുള്ള കോണ്‍ഗ്രസിന്റെ ചിന്തയും ഇതേപോലെ വിമര്‍ശിക്കപ്പെടേണ്ടതുതന്നെ.

ഏതുവിധേനയും ഒരു യുദ്ധമുണ്ടാക്കാന്‍ വ്യഗ്രതപ്പെടുന്ന സൈന്യവും സൈന്യനായകനുമാണ് പാകിസ്ഥാനിലുള്ളത്. അതിനുമേല്‍ അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപോലും വ്യക്തമായ ആധിപത്യമില്ല. തീവ്രവാദശക്തികള്‍- സൈന്യനായകര്‍- ഇന്റലിജന്‍സ് വിഭാഗം- ജുഡീഷ്യറി- ഖദ്രി പ്രസ്ഥാനം എന്നിവയെല്ലാം ചേര്‍ന്ന് സംയുക്തമായി ഉയര്‍ത്തുന്ന ഭീഷണിയില്‍ ആടിയുലഞ്ഞുനില്‍ക്കുകയാണ് പാകിസ്ഥാനിലെ സര്‍ക്കാര്‍. ആ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് മുന്‍ ഐഎസ്ഐ അധിപന്‍കൂടിയായ പര്‍വേസ് അഷ്ഫക് കയാനി. ഇതെല്ലാം ഇന്ത്യ കാണേണ്ടതുണ്ട്. പാക് സൈന്യത്തില്‍വരെ വര്‍ഗീയ മതമൗലിക ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്നനിലയിലുള്ള സ്വാധീനമുണ്ട്. ആണവ വിസ്ഫോടനത്തിനുള്ള ബട്ടണ്‍പോലും അവര്‍ക്ക് കൈയെത്തുന്ന ദൂരത്തിലാണ്. അവരുടെ കൈയടിവാങ്ങി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് കയാനി വ്യഗ്രതപ്പെടുന്നത്. ഇതും ഇന്ത്യ കാണേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അവധാനതയോടെ ആലോചിക്കാതെ എടുത്തുചാടി അവിവേകംനിറഞ്ഞ അഭിപ്രായങ്ങള്‍ തട്ടിവിടുന്നത് നിരുത്തരവാദപരമാണ്. ദേശീയ രാഷ്ട്രീയ പാര്‍ടികള്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല അത്. ഏത് വിധേനയും യുദ്ധമുണ്ടാക്കുക; ആ യുദ്ധത്തിലൂടെ രാഷ്ട്രീയാധികാരം നേടിയെടുക്കുക എന്നതാണ് പാക് സൈന്യാധിപന്‍ കയാനിയുടെ ചിന്ത. അയാള്‍ ഒരുക്കുന്ന കെണിയില്‍ച്ചെന്ന് വീണുകൊടുക്കുന്ന തരത്തിലായിക്കൂടാ ഇന്ത്യയുടെ നീക്കങ്ങള്‍. അയാളുടെ താല്‍പ്പര്യങ്ങള്‍ നമ്മള്‍ മുന്‍കൈ എടുത്ത് നിറവേറ്റികൊടുക്കേണ്ട കാര്യവുമില്ല.

പാകിസ്ഥാന്‍ രാഷ്ട്രീയ അസ്ഥിരതയുടെ രാജ്യമാണ്. രണ്ടുവര്‍ഷം ജനാധിപത്യമെങ്കില്‍ പിന്നീട് നാലുവര്‍ഷം പട്ടാളഭരണം എന്നതാണ് അവിടത്തെ രീതി. ഇടക്കാലത്തുവരുന്ന ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള സൈനികനീക്കം എല്ലായ്പ്പോഴും ഒളിഞ്ഞും തെളിഞ്ഞും അവിടെ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ അത് ഏറെ പ്രകടമാണ്. ഒറ്റപ്പെട്ട നിലയിലല്ല ഇന്ന് അത് അവിടെ നടക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടു പ്രധാനമന്ത്രിമാരെയാണ് സുപ്രീംകോടതി പറഞ്ഞുവിടുന്നത് എന്നോര്‍ക്കണം. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് യൂസഫ് റാസാ ഗീലാനിയെ കോടതി പുറത്താക്കിയത് കഴിഞ്ഞ ജൂണിലാണ്. ആറുമാസം കഴിഞ്ഞ ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ വിസമ്മതിച്ചതിനാണ് ഗീലാനിയെ പുറത്താക്കിയതെങ്കില്‍ തങ്ങള്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കിയില്ല എന്നു പറഞ്ഞാണ് ഇപ്പോള്‍ രാജാ പര്‍വേസ് അഷ്റഫിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. പാക് ചരിത്രത്തില്‍ ആദ്യമാണ് അധികാരത്തിലുള്ള പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുന്നത്. ഇതേ ഘട്ടത്തില്‍തന്നെയാണ് ഫെഡറല്‍ പാര്‍ലമെന്റിനു മുന്നില്‍ മുഹമ്മദ് താഹിറുള്‍ ഖദ്രിയുടെ കൂറ്റന്‍ പ്രതിഷേധപ്രകടനം സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടന്നത്. കോടതിയോടും ഖദ്രിയോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളും ഭീകരപ്രസ്ഥാനത്തിന് താങ്ങും തണലും നല്‍കുന്നയാളുമായ സൈന്യാധിപന്‍ കയാനി ഈ സാഹചര്യത്തില്‍ ചോദ്യംചെയ്യപ്പെടാത്ത നേതാവായി ഉയര്‍ന്നുവരികയാണ്.

പാകിസ്ഥാനില്‍ അടുത്ത മേയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ആ തെരഞ്ഞെടുപ്പിനെയെന്നല്ല, ജനാധിപത്യ പ്രക്രിയയെ അപ്പാടെതന്നെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ കയാനി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം ഉണ്ടാക്കുക എന്നത്. കയാനി 2007ല്‍ സൈന്യാധിപനായശേഷം ഓരോവര്‍ഷവും 2003ലെ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ട് പോന്നു. 2009ല്‍ 28, 2010ല്‍ 44, 2011ല്‍ 60, 2012ല്‍ 117 എന്ന തോതില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള പ്രകോപനങ്ങളുണ്ടായി. അതിനെയൊക്കെ ഇന്ത്യ നേരിട്ടുപോന്നു. ഇപ്പോള്‍ കയാനി ചെയ്യുന്നത് 2007 മുതല്‍ ചെയ്തുപോന്നതിന്റെ തുടര്‍ച്ചതന്നെയാണ്; ഇത്തവണ കൂടുതല്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നുമാത്രം. അത് ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ട ഉചിത നടപടി എന്താണോ അത് സൈന്യം സ്വീകരിക്കട്ടെ. അതിനുവേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കുകയും ചെയ്യട്ടെ. എന്നാല്‍, അതിര്‍ത്തിസാഹചര്യം മുന്‍നിര്‍ത്തി ആഭ്യന്തരമായി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന പരാമര്‍ശങ്ങളും ചര്‍ച്ചകളും വേണ്ട. അത് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഓര്‍മിക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 17 ജനുവരി 2013

No comments: