ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.
സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.
ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്. ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?
സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.
*
പ്രകാശ് കാരാട്ട് ദേശാഭിമാനി 10 ജനുവരി 2013
2 comments:
http://www.amazon.com/Half-Sky-Oppression-Opportunity-Worldwide/dp/0307387097
Thanks Inji
Post a Comment