Tuesday, January 22, 2013

ഈ മേളകള്‍ ആര്‍ക്കുവേണ്ടി?


മലപ്പുറത്തെ മഹോത്സവം വിജയകരമായി സമാപിച്ചു. നടത്തിപ്പുകാര്‍ക്കും നാട്ടുകാര്‍ക്കും  എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണത്. ഏഷ്യയിലെ ഏറ്റവും വലുത്  എന്നൊക്കെ പറയുന്നത് കേട്ടു. എന്തുകൊണ്ട്  ലോകത്തിലെ തന്നെ ആയിക്കൂടാ? ആയിരിക്കാം. അത് നന്നായി സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കുകയും ചെയ്യാം. പക്ഷെ എന്താണ് അതിന്റെ വിദ്യാഭ്യാസപരമായ മൂല്യം എന്ന് നാം  ആലോചിക്കേണ്ടതില്ലേ? അത് ആരെങ്കിലും ചെയ്യുന്നുണ്ടോ? യാന്ത്രികമായി ഓരോ കൊല്ലവും ഇത് ആവര്‍ത്തിക്കുന്നു; അല്ലാ, 'പൂര്‍വാധികം ഭംഗിയായി' നടത്തുന്നു. അത് മതിയോ? എന്താണ്  യുവജനോത്സവം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്? അഥവാ ഉദ്ദേശിക്കെണ്ടത്? അത് നേടുന്നുണ്ടോ?

തീര്‍ച്ചയായും കലാ കായിക ശേഷികളും വാസനകളും വളര്‍ത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗം ആണ്. അതുകൊണ്ടാണ് സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സും കളികളും പാട്ട്, നൃത്തം, അഭിനയം, സാഹിത്യ രചന, പ്രഭാഷണം മുതലായ  പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത്. അതിന്റെ സ്വാഭാവികമായ ഒരു ഘടകമായിട്ടു മാത്രമേ ഇത്തരം മേളകളെ കാണാന്‍ കഴിയൂ. പ്രോത്സാഹനത്തിനു വിവിധ തലങ്ങളുണ്ട്. ഒന്ന്, ഇത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം ആക്കുക എന്നതാണ്. ഈ വിധ വാസനകള്‍ എല്ലാവരിലും ഏറിയും കുറഞ്ഞുമുള്ള അളവില്‍ ഉണ്ടായിരിക്കും. അതുകൊണ്ട്, ഈ മേഖലകളിലെല്ലാം അടിസ്ഥാനപരമായ ഒരു പരിശീലനവും അവസരവും എല്ലാ കുട്ടികള്‍ക്കും കിട്ടിയിരിക്കണം. അതായത്, ഓട്ടം, ചാട്ടം, ഫുട്ബാള്‍, വോളിബാള്‍, ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍ തുടങ്ങിയവയ്‌ക്കെല്ലാം എല്ലാവര്‍ക്കും അവസരം കിട്ടണം. ചിലതിലെങ്കിലും ഒരുവിധം ശേഷിയും ആര്‍ജിക്കണം. അത് ഓരോ കുട്ടിയുടെയും അവകാശമാണ്. ഇത് സ്‌കൂളിലല്ലേ പറ്റൂ?
രണ്ടാമത്തേത്  അസാധാരണ പ്രതിഭയുള്ളവരുടെ കാര്യമാണ്. അങ്ങനെയുള്ളവരെ തിരഞ്ഞുപിടിച്ച് ആ ശേഷി വളര്‍ത്തിയെടുത്ത് പൂര്‍ണതയിലെത്തിക്കാനും, താത്പര്യമുണ്ടെങ്കില്‍ അതൊരു ഉപജീവനമാര്‍ഗം ആക്കാനും സഹായിക്കണം. അങ്ങനെയുള്ളവരെ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കും കലാ മണ്ഡലത്തിലെക്കുമൊക്കെ വഴിതിരിച്ചു വിടണം. ഈ രണ്ടാമത്തെ ധര്‍മം നിര്‍വഹിക്കുന്നതിലാണ് കലാ കായിക മേളകള്‍ക്ക് എന്തെങ്കിലും പങ്കു വഹിക്കാന്‍ കഴിയുന്നത്. പക്ഷെ, ഇത് പരമപ്രധാനമായ ആദ്യധര്‍മത്തിന്റെ ഭാഗമായോ അതിന്റെ തുടര്‍ച്ചയായോ മാത്രമേ ആകാന്‍ പാടുള്ളൂ; അതിനു പകരമാകരുത്. അങ്ങനെയാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് ഭയന്നുപോകുന്നു.

സ്‌പോര്‍ട്ട്‌സിന്റെ കാര്യത്തില്‍, എല്ലാ കുട്ടികള്‍ക്കും ഒരു നിശ്ചിത കായികശേഷി ഉണ്ടോ എന്ന്  പരീക്ഷിക്കുന്നതിനുള്ള പരിശ്രമം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. അതിന്റെ ഫലം വളരെ ഉത്കണ്ഠ ഉളവാക്കുന്നതായിരുന്നു എന്നാണറിവ്. പക്ഷെ അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും തുടര്‍പ്രവര്‍ത്തനം നടന്നതായി അറിവില്ല. പണ്ടൊക്കെ 'ഡ്രില്‍' പീരിയേടില്‍ എല്ലാ കുട്ടികളെയും ഓടിക്കുകയും ചാടിക്കുകയും പരേഡ് ചെയ്യിക്കുകയുമൊക്കെ ഉണ്ടായിരുന്നു. പല കുട്ടികള്‍ക്കും വിവിധ കളികള്‍ പരിചയപ്പെടാനുള്ള ഒരേയൊരു വേദി സ്‌കൂളായിരിക്കും. പക്ഷെ ഇപ്പോള്‍ അങ്ങനെയുള്ള സമയമൊക്ക കമ്പ്യൂട്ടര്‍ പഠനത്തിന് ഉപയോഗിക്കാനാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താത്പര്യം. അതെസമയം ജില്ലാ തലത്തിലോ സ്റ്റേറ്റ് തലത്തിലോ മെഡല്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് സ്‌പെഷ്യല്‍ കോച്ചിംഗ് കൊടുക്കുന്ന രീതി മിക്ക സ്‌കൂളുകളിലും ഉണ്ട്. അത് നല്ലത് തന്നെ. പക്ഷെ അത് എല്ലാ കുട്ടികള്‍ക്കും കിട്ടേണ്ട കായിക വിദ്യാഭ്യാസം ആകുന്നില്ല. അതിനു പകരം ആകുന്നില്ല.

കലാ വിഷയങ്ങളില്‍ പൊതുവെ ഇതിനേക്കാള്‍ ദയനീയം ആണ്  കാര്യങ്ങള്‍. സാഹിത്യം അഭിനയം മുതലായവ ഭാഷാപഠനത്തിന്റെ ഭാഗമായി കുറച്ചെന്തെങ്കിലും നടന്നാല്‍ നടന്നു. അത്ര തന്നെ.   പൊതുവായ സംഗീത പഠനമോ നൃത്ത പഠനമോ ഒരു സ്‌കൂളിലും ഇല്ല. വാസ്തവത്തില്‍ കലാ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത്  എല്ലാ കുട്ടികള്‍ക്കും അത്യാവശ്യം ചിത്രം വരയ്ക്കാനും അഭിനയിക്കാനും പാട്ടുപാടാനും താളം ചവിട്ടാനുമുള്ള കഴിവല്ലേ? അതിനുപകരം നമ്മളിതെല്ലാം സ്‌റ്റേജില്‍ കാണിക്കേണ്ട 'കലാ പ്രകടനങ്ങള്‍' ആക്കി മാറ്റിയിരിക്കുന്നു. തികച്ചും ജനകീയമാകേണ്ട നാടോടി നൃത്തം പോലും, ലോകത്തൊരു നാട്ടിലുമില്ലാത്ത എന്തോ ഒരു ആഭാസമാക്കി മാറ്റിയിരിക്കുന്നു. ഇതാണോ കലാ വിദ്യാഭ്യാസം?

കലോത്സവവും മറ്റും തികച്ചും വ്യക്തിഗതമായ മഹാത്വാന്വേഷണം  മാത്രമായി ചുരുങ്ങിയിരിക്കുന്നു. കുട്ടിയുടെ സ്വന്തം പ്രയത്‌നം കൊണ്ടോ, മിക്കപ്പോഴും രക്ഷിതാക്കളുടെ താത്പര്യം കൊണ്ടോ മികവു നേടേണ്ട, അതിനൊക്കെയുള്ള വിഭവശേഷി ഉള്ളവര്‍ക്ക് മാത്രം സ്വപ്‌നം കാണാവുന്ന, വേദികളായി അവ എന്നേ മാറിക്കഴിഞ്ഞു. ജില്ലാ, സംസ്ഥാനതല കലോത്സവങ്ങളാകട്ടെ, തികച്ചും മത്സരവേദികളാണ്.  അവിടത്തെ പങ്കാളിത്തത്തിലൂടെ കുട്ടി എന്തെങ്കിലും പഠിക്കുന്നില്ല, നേടുന്നില്ല. അവ കാണികള്‍ക്കും നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും വിവിധ വാണിജ്യ താത്പര്യക്കാര്‍ക്കും വേണ്ടിയുള്ള ഉത്സവ വേദികളാണ്. രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും മേനി നടിക്കാനുള്ള അവസരങ്ങളാണ്. അതുകൊണ്ട് തന്നെ അവയെ സംബന്ധിച്ച് കേള്‍ക്കുന്ന അനാരോഗ്യ പ്രവണതകളെല്ലാം  തികച്ചും സ്വാഭാവികം എന്നെ പറയേണ്ടൂ. കുട്ടികളുടെ കണ്ണീര്‍, രക്ഷിതാക്കളുടെ കിടമത്സരം, ഗുരുക്കളുടെ കിടമത്സരം, ചാനലുകളുടെ വെപ്രാളം, പൈങ്കിളി വത്കരണം, അപ്പീല്‍, സ്‌പെഷ്യല്‍ ഓര്‍ഡര്‍  മുതലായി കലയുമായി യാതൊരു ബന്ധവുമില്ലാത്ത നടപടികള്‍ ... അങ്ങനെ എന്തെല്ലാം കണ്ടാലാണ് ഒരു കലോത്സവം പൂര്‍ണമാകുക!

യാതൊരു വിദ്യാഭ്യാസ ധര്‍മവും അവിടെ നിര്‍വഹിക്കപ്പെടുന്നില്ല. എന്ന് മാത്രമല്ല, അതിനായി വലിയൊരു വില ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ കൊടുക്കേണ്ടിയും വരുന്നു. എത്ര ദിവസത്തെ ക്ലാസ്സാണ് മത്സരം നടക്കുന്ന സ്‌കൂളിലും സബ്ജില്ലയിലും ജില്ലയിലും നഷ്ടപ്പെടുന്നത്? പങ്കെടുക്കുന്നവര്‍ക്ക് മാത്രമല്ല, ആ പേരില്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്കെല്ലാം അവധിയും കൊടുക്കണ്ടേ? ദോഷം പറയരുതല്ലോ, അതാണ് മിക്ക വിദ്യാര്‍ഥികളെയും സംബന്ധിച്ചിടത്തോളം കലോത്സവം കൊണ്ടുള്ള ഒരേയൊരു ഗുണം !

ആര്‍ക്കും പരാതിയില്ലല്ലോ. പിന്നെന്താ, അല്ലേ?

*
 ആര്‍ വി ജി മേനോന്‍ ജനയുഗം

No comments: