Wednesday, January 16, 2013

മുനയന്‍കുന്നിന്റെ മണ്ണില്‍ ആവേശത്തോടെ

കണ്ണൂര്‍: സര്‍ സിപിയുടെ ബന്ധുക്കള്‍ തോറ്റുമടങ്ങിയ മുനയന്‍കുന്നിന്റെ മണ്ണിലാണ് ഭൂസംരക്ഷണസമിതിയുടെ ചെമ്പതാക പാറുന്നത്. പെരിങ്ങോം ഏരിയയിലെ അരവഞ്ചാല്‍ സിആര്‍പിഎഫ് ക്യാമ്പിന്റെ എതിര്‍വശത്തെ അഞ്ചരയേക്കറില്‍ 75 കുടിലുകളാണ് സമിതി പ്രവര്‍ത്തകര്‍ കെട്ടിയുയര്‍ത്തിയത്. ഈ സമരവീര്യം മലയോര ജനതയുടെ ചോരയിലുള്ളതാണ്. തോക്കിനോട് എതിരിട്ട മുനയന്‍കുന്നിന്റെ വീരപാരമ്പര്യം.

സര്‍ സിപിയുടെ ബന്ധുക്കളുടെ അധീനതയിലായിരുന്നു ഈ ഭൂസ്വത്ത്. ഇവര്‍ ഭീമമായ കടത്തില്‍പ്പെട്ടപ്പോള്‍ മദ്രാസ് ഹൈക്കോടതി കെ യു ജോണ്‍ എന്നയാള്‍ക്ക് സ്വത്ത് നടത്തിപ്പിന്റെ ചുമതല നല്‍കി. സിപിയുടെ ബന്ധുക്കള്‍ മലയിറങ്ങിയതോടെ കെ യു ജോണ്‍ ജന്മവും കൈവശവുമായി പലര്‍ക്കും ഭൂമി കൈമാറി. തോട്ടക്കണക്കില്‍പ്പെടാത്ത സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തു. കര്‍ഷകസംഘത്തിന്റെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലുള്ള സമരത്തെ തുടര്‍ന്ന് പതിച്ചുനല്‍കിയതിന്റെ ബാക്കിയാണ് ഇപ്പോഴുള്ള അഞ്ചരയേക്കര്‍.

ആലപ്പടമ്പ് പായ്യം മിച്ചഭൂമിയാണ് മറ്റൊരു സമരകേന്ദ്രം. 27 ഏക്കറില്‍ ഏഴ് ഏക്കര്‍ ഏഴുപേര്‍ക്ക് പതിച്ചുനല്‍കിയിരുന്നു. ബാക്കിയുള്ള 20 ഏക്കറില്‍ പത്തു സെന്റ് വരുന്ന 150 പ്ലോട്ടായി തിരിച്ച് അവിടെ കുടില്‍കെട്ടുന്ന ചിട്ടയായ രീതിയാണ് പായ്യം സമരത്തിന്റെ പ്രത്യേകത. ഈ ഭൂമി പായ്യം എസ്റ്റേറ്റ് ഉടമ ടി ജെ പൗലോസില്‍നിന്ന് മിച്ചഭൂമിയായി ഏറ്റെടുത്തതാണ്. 1972ല്‍ കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തി. പൗലോസില്‍നിന്ന് മിച്ചഭൂമിയായി പിടിച്ചെടുത്ത 51 ഏക്കര്‍ സ്ഥലം ഒരാള്‍ക്ക് ഒരേക്കര്‍വീതം പതിച്ചുനല്‍കി. മുനയന്‍കുന്ന് സമരസേനാനി ഇ വി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ടി എം പരമേശ്വരന്‍ നമ്പീശന്‍, കുന്നുമ്മല്‍ ചിണ്ടന്‍ തുടങ്ങിയ നേതാക്കളാണ് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അന്നത്തെ സമരവളണ്ടിയര്‍മാരായ പി ശശിധരന്‍, പി രവീന്ദ്രന്‍, പി വി ബാലന്‍, കോട്ടമ്പത്ത് നാരായണന്‍ എന്നിവര്‍ ആവേശം ചോരാതെ ഇപ്പോഴത്തെ സമരമുഖത്തും സജീവമാണ്.

മിച്ചഭൂമി വിതരണം അവസാനിപ്പിച്ച സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് ഭൂമി പങ്കുവയ്ക്കുന്ന മാതൃക ഏര്‍പ്പാടാക്കിയത്. കാടുപിടിച്ച ഭൂമി അളന്ന് തിരിക്കാനും പ്ലോട്ടാക്കാനും ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അത്യധ്വാനമാണ് ചെയ്യുന്നത്. ഉദ്ഘാടനകേന്ദ്രമായ കിണര്‍മുക്കില്‍നിന്ന് ആരംഭിക്കുന്ന ജാഥ ജനിബിഡം. ഇതുവരെ കെട്ടിയ കുടിലുകളില്‍ അര്‍ഹരായ ചില സമരവളണ്ടിയര്‍മാര്‍ താമസവും തുടങ്ങിയിട്ടുണ്ട്.
(സതീഷ് ഗോപി)

മെത്രാന്‍കായല്‍ ഇനി വാസസ്ഥലം; കൃഷിയിടം

കോട്ടയം: തല ചായ്ക്കാനിടമില്ലാത്തവര്‍ക്ക് ഒരുതുണ്ട് ഭൂമിയെങ്കിലും നേടിയെടുക്കാന്‍ കേരളമാകെ കത്തിപ്പടരുന്ന ഭൂസമരത്തിന്റെ ഭാഗമായി കോട്ടയത്ത് ഇതിനകം 11 കുടുംബങ്ങള്‍ കുടില്‍കെട്ടി താമസമാരംഭിച്ചു. മെത്രാന്‍കായലിനു സമീപമുള്ള കരിയില്‍ കോളനിയില്‍ നിന്നുള്ളവരാണ് ഈ കുടുംബങ്ങള്‍. മൂലേപ്പറമ്പില്‍ ജോയി, താളിക്കല്ലുങ്കല്‍ ജയപ്രകാശ്, ആറുപറച്ചിറ തമ്പി, മൂലേപ്പറമ്പ് എന്‍ കെ രാജന്‍, താഴാത്തറ മത്തായി, മൂലേത്തറ മണിക്കുട്ടന്‍, കരിയില്‍ ബാബു, കൊച്ചുവീട്ടില്‍ ഷാലന്‍, കരിയില്‍ ബാബു, മടയ്ക്കല്‍ അശ്വമ്മ, കരിയില്‍ പ്രശോഭ് എന്നിവരുടെ കുടുംബങ്ങളാണ് കായല്‍ച്ചിറയില്‍ താമസമാരംഭിച്ചത്. 130 വീടുകളിലായി അഞ്ഞൂറിലേറെ ജനസംഖ്യയുള്ള കരിയില്‍കോളനിയില്‍ നിലവിലുള്ള കുടുംബങ്ങള്‍ക്കുപോലും താമസിക്കാന്‍ ഭൂമിയില്ല. ഈ സാഹചര്യത്തിലാണ് ഭൂസംരക്ഷണസമരസമിതിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി മെത്രാന്‍കായലില്‍ നടക്കുന്ന സമരം പാവങ്ങളുടെ കുടികളില്‍ പ്രതീക്ഷയുടെ കൈത്തിരി പകര്‍ന്നത്.

കുടില്‍കെട്ടി സമരം ചൊവ്വാഴ്ച അഞ്ച് ദിവസം പൂര്‍ത്തിയായപ്പോള്‍ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിലുകളുടെ എണ്ണം നാനൂറ് കവിഞ്ഞു. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് പാട്ടകാലാവധി കഴിഞ്ഞ 114 ഏക്കര്‍ ഭൂമിയിലാണ് കുടില്‍ കെട്ടിയത്. ഇതുവരെയായി 93 കുടിലുകളാണ് ഇവിടെ ഉയര്‍ന്നത്. അടിമാലി ചിത്തിരപുരം ഡോബിപ്പാലത്ത് ഭൂരഹിതരുടെ നേതൃത്വത്തില്‍ 10 ഏക്കര്‍ റവന്യൂ ഭൂമിയില്‍ അഞ്ച് ഏക്കറോളം സ്ഥലത്ത് അമ്പതിലധികം കുടിലുകള്‍ കെട്ടി കപ്പ കൃഷിചെയ്തു. ഭൂരഹിതരായ ആദിവാസികളും പട്ടികജാതി വിഭാഗക്കാരും ലക്ഷംവീട് കോളനിവാസികളുമാണ് കുടില്‍കെട്ടിയത്്. ഏലപ്പാറ ഏരിയയില്‍ ചോറ്റുപാറയില്‍ 16 ഏക്കര്‍ മിച്ചഭൂമിയിലും വാഗമണ്ണില്‍ നാലര ഏക്കറിലും ഭൂരഹിതര്‍ കുടില്‍കെട്ടി. ചോറ്റുപാറയില്‍ 105 കുടുംബങ്ങള്‍ 70 കുടില്‍കെട്ടി. വാഗമണ്ണില്‍ 15 കുടിലുകള്‍ കെട്ടി. മൂന്നാര്‍ കുറ്റ്യാര്‍വാലിയില്‍ ആകെ നൂറ് കുടിലുകള്‍ കെട്ടി. മറയൂര്‍ കോവില്‍ക്കടവ് ഇടക്കടവില്‍ ആറ് കുടിലുകള്‍ കെട്ടി. അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയില്‍ ഭൂരഹിതരായ ആദിവാസികളാണ് കുടില്‍കെട്ടിയത്. കട്ടപ്പനയില്‍ കുന്തളംപാറയിലെ അഞ്ച് ഏക്കര്‍ റവന്യൂഭൂമിയില്‍ 33 കുടിലുകളുയര്‍ന്നു. നെടുങ്കണ്ടം വട്ടപ്പാറയില്‍ 87 സെന്റ് റവന്യൂ ഭൂമിയില്‍ ഏഴ് കുടില്‍കെട്ടി. ഭൂരഹിതരായ പട്ടികജാതി ആദിവാസി കുടുംബങ്ങളും മറ്റുഭൂരഹിതരുമാണ് കുടില്‍കെട്ടിയത്. പീരുമേട്ടില്‍ നാലര ഏക്കര്‍ മിച്ചഭൂമിയില്‍ നാല് കുടിലുകള്‍ കെട്ടി. പത്തനംതിട്ടയില്‍ ചൊവ്വാഴ്ച നാല് സമരകേന്ദ്രങ്ങളില്‍ 379ഭൂരഹിതര്‍കൂടി കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചു. ഇതോടെ ജില്ലയില്‍ മിച്ചഭൂമി കൈയേറി കുടില്‍ കെട്ടിയവര്‍ 1201 ആയി.അരുവാപ്പുലം കല്ലേലിയില്‍ 375ഉം തട്ടാക്കുടി മിച്ചഭൂമിയില്‍ 296 ഉം ആറന്മുള വിമാനത്താവള ഭൂമിയില്‍ 230ഉം പെരുനാട് കൂനങ്കരയില്‍ മുന്നൂറും കുടിലുകളാണ് ഉള്ളത്.

ശിവനും അമ്മിണിക്കും തുണയായി ഈ സമരം

കൊച്ചി: പറവൂര്‍ ചരിയംതുരുത്തിലെ 10ദിവസത്തെ ഐതിഹാസിക സമരത്തിനുശേഷം എറണാകുളം ജില്ലയിലെ ഭൂസംരക്ഷണ സമരത്തില്‍ നൂറുകണക്കിനു ഭൂരഹിതരാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പൂത്തോട്ട കമ്പിവേലിക്കകത്ത് സമരഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കാന്‍ എത്തിയ മുളന്തുരുത്തി കാവുംമുകളിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ശിവന്റേയും(52) കുടുംബത്തിന്റെയും സാന്നിധ്യം സമരം ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പ്രസക്തി വിളിച്ചുപറയുന്നതായി. കൂലിപ്പണിക്കാരനായ ശിവനും ഭാര്യ അമ്മിണിയും നാലു മക്കളും വര്‍ഷങ്ങളായി കാവുംമുകളിലെ പുറമ്പോക്കിലാണ് അന്തിയുറങ്ങുന്നത്. നിരവധിതവണ ഭൂമിക്കായി ഈ കുടുംബം അധികാരികളെ സമീപിച്ചെങ്കിലും ആരും കരുണകാട്ടിയില്ല. ഈ സമരത്തിലൂടെ തന്നെപ്പോലുള്ളവരുടെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് ശിവനെപ്പോലെ നൂറുകണക്കിനുപേര്‍ വിശ്വസിക്കുന്നു.

ഭൂസംരക്ഷണ സമരത്തിന് പുത്തന്‍തലംതന്നെ എറണാകുളം ജില്ല പകര്‍ന്നുനല്‍കി. ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ അവകാശം സ്ഥാപിച്ച തരിശുഭൂമിയില്‍ കൃഷിയിറക്കിയാണ് ജില്ലയിലെ പോരാളികള്‍ സമരത്തിന് പുതിയമുഖം സമ്മാനിച്ചത്. നെടുമ്പാശേരി ഏരിയയിലെ പുത്തന്‍വേലിക്കര താഴംചിറഭൂമിയില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 125 ഏക്കറോളം ഭൂമിയില്‍ രണ്ടു ഭാഗത്തായി കിടക്കുന്ന തരിശുഭൂമിയിലാണ് തിങ്കളാഴ്ച കൃഷിയിറക്കിയത്.

ഭൂമാഫിയകളുടെ ഉറക്കം കെടുത്തി അട്ടപ്പാടി:

അട്ടപ്പാടിയിലെ ഭൂസമരം ഭൂമാഫിയകളുടെ ഉറക്കം കെടുത്തുന്നു. ആദിവാസി ഭൂമി തട്ടിയെടുക്കുന്നവര്‍ക്കും ബിനാമി ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്കും താക്കീതായി മാറുകയാണ് മഞ്ഞച്ചോല ഭൂസമരം. നിത്യവും കുടില്‍കെട്ടി അവകാശം സ്ഥാപിക്കാനെത്തുന്നത് ആദിവാസികളടക്കമുള്ള പിന്നോക്ക വിഭാഗം. സമരം അഞ്ചുനാള്‍ പിന്നിടുമ്പോള്‍ 107 കുടിലുകള്‍ ഉയര്‍ന്നു. അതില്‍ 47 ആദിവാസി കുടുംബങ്ങളും 13 പട്ടികജാതി കുടുംബങ്ങളുമുണ്ട്. കുടില്‍ കെട്ടിയ ഭൂമിയില്‍ ജീവിക്കാനാണ് അവരുടെ തീരുമാനം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായ മാഞ്ചിയം കൃഷിയുടെ പേരില്‍ ശ്രദ്ധേയമായ ഭൂമിയെന്ന നിലയിലും അട്ടപ്പാടിയിലെ സമരത്തിന് പ്രത്യേകതയുണ്ട്. അട്ടപ്പാടിയില്‍ ഭൂരഹിതകുടുംബങ്ങള്‍ ഏറെയുള്ളത് ഗോത്രവിഭാഗത്തിലാണ്. ആദിവാസികുടുംബങ്ങള്‍ ആകെയുള്ളത് 8589. കില നടത്തിയ പ്രാഥമിക പഠനത്തില്‍ ഇതില്‍ 836 കുടുംബങ്ങള്‍ ഭൂരഹിതരാണ്. 3275 കുടുംബങ്ങള്‍ക്ക് അഞ്ച്സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുളളത്. 4050 കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ താഴെയാണ് ഭൂമി. വിവാഹിതരായ ഒന്നില്‍ക്കൂടുതല്‍ കുടുംബങ്ങള്‍ ഓരോ വീട്ടിലും താമസിക്കുന്നു. അതും കൂടി കൂട്ടിയാല്‍ ഭൂരഹിതരുടെ എണ്ണം ഗണ്യമായി ഉയരും. മുമ്പും ഈ പ്രദേശത്ത് ആദിവാസികള്‍ ചെങ്കൊടിക്ക് കീഴില്‍ഭൂമിക്കുവേണ്ടി സമരം നടത്തിയിട്ടുണ്ട്്. കാവുണ്ടിക്കല്‍ ഊരില്‍നിന്ന് തുടങ്ങിയ സമരത്തെത്തുടര്‍ന്ന് ആദിവാസികള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചു. അട്ടപ്പാടിയിലെ വെച്ചപ്പതി അടക്കമുള്ള സ്ഥലങ്ങളിലേക്ക് സമരം പടര്‍ന്നു. ലാത്തിച്ചാര്‍ജും കേസുകളും ജയില്‍വാസവുമുണ്ടായിട്ടും തളര്‍ന്നില്ല. "എങ്കള്‍ ഭൂമിയില്‍" കൊടികുത്തി കുടില്‍കെട്ടി ജീവിതം ആരംഭിച്ചു. ഇന്നിപ്പോള്‍ ഊരുകളുടെ എണ്ണം മൂന്നിരട്ടിയായി. 192 ഊരുകള്‍ ഉണ്ട്. പുതിയ തലമുറയ്ക്ക് ഭൂമി വേണം. എന്നാല്‍ അട്ടപ്പാടിയിലെ ഭൂമി വീണ്ടും ബിനാമികള്‍ കൈയടക്കുകയാണ്. അഗളി വില്ലേജ് ഓഫീസിന് മുന്നിലെ മിച്ചഭൂമിപോലും വ്യാജരേഖയുണ്ടാക്കി കച്ചവടം ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ഭൂസമരം അട്ടപ്പാടിയില്‍ കരുത്താര്‍ജിക്കുന്നത്.

ഭീഷണിക്ക് മുന്നില്‍ പതറാതെ കാടിന്റെ മക്കള്‍

തൃശൂര്‍: സമരപ്പന്തലിന് പുറത്തെ പൊലീസ് സന്നാഹവും ഭീഷണിയും അവരെ തളര്‍ത്തുന്നില്ല. കിടപ്പാടത്തിനായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ വേദനകള്‍ മറന്ന് സമരഭൂമിയില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നു-കാടിന്റെ മക്കള്‍. ചാലക്കുടി അതിരപ്പിള്ളി പഞ്ചായത്തിലാണ് നാല് ഊരില്‍ നിന്നുള്ള നൂറോളം ആദിവാസി കുടുംബങ്ങള്‍ അഞ്ച് ദിവസമായി കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. കഞ്ഞിവച്ചും പാട്ടുപാടിയും നൃത്തം ചെയ്തും കിടപ്പാടത്തിനും കൃഷിഭൂമിക്കുമായി നടത്തുന്ന സമരം ഭൂസമരത്തിലെ ജ്വലിക്കുന്ന അധ്യായമായി. ആനക്കയം, ഷോളയാര്‍, വാച്ചുമരം, തവളക്കുഴിപ്പാറ ഊരുകളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആദിവാസികളാണ് സമരരംഗത്തുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഊരുകളിലെ ദൈന്യതയാണ് സമരകേന്ദ്രത്തിലെത്തുന്ന നേതാക്കള്‍ക്ക് മുന്നില്‍ ആദിവാസി കുടുംബങ്ങള്‍ വിവരിക്കുന്നത്. അഞ്ച് ദിവസമായി സമരരംഗത്ത് തുടരുന്ന ആദിവാസികള്‍ അമ്പതോളം കുടിലുകള്‍ കെട്ടി. വരുംദിവസങ്ങളില്‍ കൂടുതല്‍ കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. പിഞ്ചുകുഞ്ഞുങ്ങളുമായി സമരരംഗത്തുള്ള ഇവര്‍ ജയിലില്‍ പോകേണ്ടിവന്നാലും ലക്ഷ്യം നേടാതെ പിന്മാറില്ലെന്ന നിലപാടിലാണ്. ആദ്യദിവസംതന്നെ സമരഭൂമിയില്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചു. ഇതിനെ ചെറുത്താണ് ആദിവാസികള്‍ സമരഭൂമിയില്‍ പ്രവേശിച്ചത്. വന്‍പൊലീസ് സന്നാഹം സമരഭൂമിക്ക് പുറത്തുണ്ട്. എന്നാല്‍ ഭീഷണി വകവയ്ക്കാതെ സമരഭൂമിയില്‍ കുടില്‍കെട്ടല്‍ തുടരുന്നു. സമരമുഖത്ത് ഉറച്ചുനില്‍ക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ തവളക്കുഴിപ്പാറയിലെ സമരകേന്ദ്രത്തിലെത്തി. ആദിവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പ്രത്യേകം നിവേദനം നല്‍കുമെന്ന് എ സി മൊയ്തീന്‍ പറഞ്ഞു.

*
ദേശാഭിമാനി 16 ജനുവരി 2013

No comments: