Friday, January 18, 2013

1000 രൂപ നോട്ടുകള്‍ സത്യത്തിന് മറവിയില്ല

ദേശാഭിമാനിയില്‍ എഴുതിയ "പണം കായ്ക്കുന്ന കോണ്‍ഗ്രസ് മരം" എന്ന ലേഖനത്തില്‍, 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ജി കാര്‍ത്തികേയനും ഞാനുംകൂടിയാണ് ആറുകോടി രൂപ വിമാനമാര്‍ഗം ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്നതെന്ന് എഴുതിയിരുന്നു. ഇക്കാര്യം എ കെ ആന്റണിയോ കാര്‍ത്തികേയനോ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെ നിഷേധിച്ചിട്ടില്ല.

മലയാള മനോരമയില്‍ തരംഗങ്ങളില്‍ എന്ന പംക്തിയില്‍ ഞാന്‍ 1000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതിനെപ്പറ്റിയുള്ള പനച്ചിയുടെ വാദം മുടന്തന്‍ന്യായമാണ്. 2000ലാണ് 1000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കിയതെന്നും 1989ല്‍, പതിനൊന്നുവര്‍ഷംമുമ്പ് 1000 രൂപയുടെ നോട്ടുകള്‍ കണ്ടത് മറവിരോഗംകൊണ്ടാണെന്നും പനച്ചി സമര്‍ഥിക്കുന്നു.

1954ലാണ് റിസര്‍വ് ബാങ്ക് 1000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 1977ലെ തെരഞ്ഞെടുപ്പിലാണ് ഞാന്‍ 1000 രൂപയുടെ നോട്ടുകള്‍ കണ്ടത്. ആലപ്പുഴയില്‍ മത്സരിച്ച വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എറണാകുളത്തെ കെപിസിസി ഓഫീസില്‍നിന്ന് 1000 രൂപയുടെ നോട്ടുകള്‍ അടങ്ങിയ എഐസിസി ഫണ്ടുകള്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി സി ചാക്കോയുടെ നിര്‍ദേശമനുസരിച്ചാണ് ഫണ്ട് വിതരണം നടത്തിയത്.

1977ലെ തെരഞ്ഞെടുപ്പുവേളയില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന നിലയിലും വീക്ഷണം ദിനപത്രത്തിന്റെ രാഷ്ട്രീയലേഖകന്‍ എന്ന നിലയിലും കേരളത്തിലുടനീളം പര്യടനം നടത്തിയിരുന്ന എനിക്ക് കെപിസിസിയില്‍നിന്ന് കാര്‍വാടകയായും അലവന്‍സായും ലഭിച്ച തുകയും ആയിരത്തിന്റെ നോട്ടുകളായിരുന്നു. അന്ന് പെട്രോള്‍ ബങ്കുകളില്‍ ഈ നോട്ടുമാറാന്‍ പാടുപെട്ടിരുന്നു. 1982ല്‍ ഞാന്‍ രചിച്ച "കാല്‍നൂറ്റാണ്ട്" എന്ന ചരിത്രഗ്രന്ഥത്തില്‍ 1977ലെ കോണ്‍ഗ്രസ് വിജയത്തെപ്പറ്റി "ദുഃഖത്തിന്റെ നിഴലില്‍" എന്ന 36-ാം അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് ഇങ്ങനെയാണ്: "" കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള കേരളത്തിലെ മുന്നണിയുടെ വിജയം അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ചു. വടക്കേ ഇന്ത്യയെ ഉഴുതുമറിച്ച രാഷ്ട്രീയ നുകങ്ങള്‍ക്ക് കേരളം പാറപ്പുറമായത് എന്തുകൊണ്ട്? പലരും പലതരത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പണക്കൊഴുപ്പാണെന്ന് ചിലര്‍. ഇതില്‍ കുറച്ചുസത്യമുണ്ട്്. ഡല്‍ഹി എഐസിസി ഓഫീസില്‍ ആയിരം രൂപാ നോട്ടുകള്‍ വീഞ്ഞപ്പെട്ടികളില്‍ അടുക്കിവച്ചിരുന്നു. കേരളത്തിലെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ആവശ്യത്തിലേറെ പണം ലഭിച്ചു. പലര്‍ക്കും നല്ല ബാങ്ക് ബാലന്‍സുണ്ടായി. ഡല്‍ഹിയില്‍നിന്നുള്ള പണമിടപാടുകള്‍ ഇന്നും ദുരൂഹതയിലാണ്"".

1982ല്‍ മുഖ്യമന്ത്രി കെ കരുണാകരനാണ് ഈ പുസ്തകം പ്രകശാനംചെയ്തത്. എ കെ ആന്റണി അധ്യക്ഷനായ യോഗത്തില്‍ ഇ എം എസ് മുഖ്യപ്രഭാഷകനായിരുന്നു. അന്നൊന്നും എന്റെ രാഷ്ട്രീയ സത്യസന്ധതയെ രാഷ്ട്രീയനേതാക്കളോ മാധ്യമ പ്രവര്‍ത്തകരോ ചോദ്യംചെയ്തിരുന്നില്ല. 30 വര്‍ഷംമുമ്പ് എഐസിസി ഓഫീസിലെ 1000 രൂപ നോട്ടുകളെപ്പറ്റി ഞാന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിക്കാത്തവര്‍ ഞാന്‍ കോണ്‍ഗ്രസ് വിട്ടശേഷം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഞാന്‍ കോണ്‍ഗ്രസ് പക്ഷത്തായാലും മറുപക്ഷത്തായാലും കക്ഷിരഹിതനായാലും സത്യത്തിന് മറവിയില്ല. ചരിത്രരേഖകള്‍ വളച്ചൊടിക്കാനുമാകില്ല. 1977നുശേഷം നിരവധി തെരഞ്ഞെടുപ്പുകളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടിട്ടുണ്ട്. ഇവയെല്ലാം ഏതുകാലത്താണ് ഇറങ്ങിയതെന്ന് പനച്ചിയെപ്പോലെ ഗവേഷണം നടത്താന്‍ തുനിഞ്ഞിട്ടില്ല. നോട്ടിന്റെ മധ്യത്തില്‍ സൂചിരേഖയുള്ള നവീനമാതൃകയിലുള്ള 1000 രൂപ നോട്ടുകള്‍ 2000ലാണ് പുറത്തിറക്കിയതെന്ന് റിസര്‍വ് ബാങ്ക് രേഖകളില്‍ കാണുന്നു.

1000 രൂപ നോട്ടുകള്‍ 1954ല്‍ ഇറങ്ങിയകാര്യം പനച്ചിക്ക് അറിയാത്തതാണോ മറച്ചുവച്ചതാണോ എന്നറിയില്ല. കോണ്‍ഗ്രസ് വിടുന്നതുവരെ വിവിധ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍നിന്ന് ഒഴുകിയ പണത്തിന്റെ കൃത്യമായ കണക്ക് എനിക്കറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കാനും തയ്യാറാണ്. ലേഖനത്തില്‍ പറയുന്ന ഒരു കാര്യത്തിലും മറവി ബാധിച്ചിട്ടില്ല. മനോരമയുടെ സഹായത്തെ നന്ദിപൂര്‍വം സ്മരിക്കുക മാത്രമാണ് ചെയ്തത്. "കോണ്‍ഗ്രസില്‍നിന്ന് കമ്യൂണിസത്തിലേക്ക് ചാടിയെങ്കിലും റിവേഴ്സ് അബ്ദുള്ളക്കുട്ടിയോ റിവേഴ്സ് സെല്‍വരാജോ ആകാന്‍ കഴിയാതെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വെസ്പുര്‍ക്കാനയില്‍ കഴിയുകയാണദ്ദേഹം" എന്ന പനച്ചിയുടെ പരാമര്‍ശം ഒരു ബഹുമതിയായാണ് കണക്കാക്കുന്നത്്. എന്നെ അബ്ദുള്ളക്കുട്ടി, സെല്‍വരാജ് എന്നിവരുടെ ഗണത്തില്‍പ്പെടുത്തിയിരുന്നെങ്കില്‍ കടുത്ത അപമാനമാകുമായിരുന്നു. ഇ എം എസ് മുതല്‍ സുകുമാര്‍ അഴീക്കോടുവരെയുള്ള മഹാന്മാര്‍ കോണ്‍ഗ്രസ് വിട്ടവരാണെന്ന ചരിത്രസത്യം പനച്ചി ദയവായി മറക്കരുത്.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 18 ജനുവരി 2013

No comments: