Sunday, January 13, 2013

സഫലമാവട്ടെ സമാധാന ചര്‍ച്ചകള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വീണ്ടുമൊരു യുദ്ധമുണ്ടാകാനുള്ള സാധ്യത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിട്ട് ഒരാഴ്ചയോളമായി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ചുകൊല്ലുകയും അതിലൊരാളുടെ തല അറുത്തുമാറ്റി തീര്‍ത്തും പ്രകോപനം സൃഷ്ടിക്കുകയുംചെയ്ത പാകിസ്ഥാന്റെ നിലപാടാണ് യുദ്ധത്തിന്റെ ഭീതി ജനിപ്പിക്കാനിടയായത്. 1999ലെ കാര്‍ഗില്‍ യുദ്ധം, 71ലെ ബംഗ്ലാദേശ് യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം എന്നീ യുദ്ധങ്ങളിലെല്ലാം പാകിസ്ഥാന്റെ പ്രകോപനപരമായ ഇടപെടലുകളാണ് യുദ്ധത്തിലേക്ക് വഴിവച്ചത്. ഈ യുദ്ധങ്ങളില്‍മാത്രമല്ല, ഏതു യുദ്ധത്തിലും ആര് ജയിച്ചു ആര് തോറ്റു എന്ന സാങ്കേതിക കണക്കെടുപ്പുകള്‍ക്കപ്പുറം യുദ്ധം ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. ഒരു യുദ്ധവും വരുത്തിവച്ച നാശനഷ്ടം തലമുറകള്‍ക്കുശേഷവും നികത്താനായിട്ടില്ലെന്നതും ചരിത്രപാഠമാണ്. അതുകൊണ്ടുതന്നെ പുരോഗതി പ്രാപിച്ച ജനാധിപത്യസംവിധാനങ്ങളും സംസ്കാരങ്ങളും യുദ്ധങ്ങള്‍ പരമാവധി ഒഴിവാക്കാനേ ശ്രമിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് പാകിസ്ഥാന്‍ കടുത്ത പ്രകോപനം ഉണ്ടാക്കിയിട്ടും നമ്മള്‍ യുദ്ധം ഒഴിവാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നത്. എന്നാല്‍, സംഘര്‍ഷഭരിതമായ അന്തരീക്ഷം മുതലെടുക്കാന്‍ ശ്രമിക്കുന്ന തീവ്രവാദസംഘടനകള്‍ ഒരിക്കലും സമാധാനാന്തരീക്ഷം പുലരാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. ഇത്തരം തീവ്രവാദസംഘടനകള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കാന്‍ തയ്യാറാകാത്ത പാകിസ്ഥാന്‍ ഭരണനേതൃത്വത്തിന്റെ സമീപനവും പ്രശ്നമാണ്. മുംബൈ ഭീകരാക്രമണത്തിനുശേഷവും തീവ്രവാദപ്രസ്ഥാനങ്ങളോട് പാകിസ്ഥാന്‍ സ്വീകരിച്ച സമീപനം ഇതിനുദാഹരണമാണ്.

അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാണ്. അവിടെ പാക് സര്‍ക്കാര്‍ വെറും നോക്കുകുത്തിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധമുണ്ടാകുന്നത് അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഉഭയകക്ഷിചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചച്ചെടുന്നുവെന്ന തോന്നലുണ്ടായാല്‍ അപ്പോള്‍ തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങും. സാധാരണ തണുപ്പുകാലത്താണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം സജീവമാകുന്നത്. ഒരിടത്ത് കുഴപ്പമുണ്ടാക്കി അങ്ങോട്ട് മുഴുവന്‍ ശ്രദ്ധയും തിരിച്ചുവിട്ട് മറ്റിടങ്ങളിലൂടെ നുഴഞ്ഞുകയറുകയാണ് തീവ്രവാദികളുടെ രീതി. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിച്ച് ബന്ധം ഏറെക്കുറെ സാധാരണ നിലയിലേക്ക് വരുന്നു എന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് 2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായത്. നയതന്ത്രബന്ധം ദുര്‍ബലമാക്കുകയും രണ്ടു രാജ്യങ്ങളും തമ്മില്‍ ശത്രുത നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണ് തീവ്രവാദികളുടെ അജന്‍ഡ. ഇതിന് പാകിസ്ഥാന്‍ കീഴ്പ്പെടുകയും ചെയ്യുന്നു എന്നതാണ് സ്ഥിതി. ഇതിനൊപ്പം യുദ്ധം വേണമെന്ന നിലയില്‍ ഉത്തരേന്ത്യയിലാകെ വൈകാരികത സൃഷ്ടിച്ച് മുതലെടുക്കാന്‍ സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നുണ്ട്. തീര്‍ച്ചയായും മനുഷ്യസ്നേഹികളൊന്നടങ്കം ഇത്തരം ജനവിരുദ്ധശക്തികളുടെ കുത്സിതനീക്കങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ടതുണ്ട്.

ഏതായാലും ഇരുരാജ്യങ്ങളിലെയും അതിര്‍ത്തിയിലെ സേനാതലവന്മാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പൂഞ്ചില്‍ ഫ്ളാഗ് മീറ്റിങ് നടത്തുന്നുണ്ട്. അല്‍പ്പം വൈകിയാണെങ്കിലും ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറാവുകയുംചെയ്തു. നിര്‍ണായകമായ ഈ ചര്‍ച്ച, ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന യുദ്ധാന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. അത്തരമൊരു പ്രതീക്ഷാനിര്‍ഭരമായ സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കാവട്ടെ എന്നാണ് സമാധാനകാംക്ഷികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 14 ജനുവരി 2013

1 comment:

P.C.MADHURAJ said...

Kozhikode corporation when Bhaskaran was mayor (Yes, Marxists, anti-nationals I say) had donated a huge sum (ofcourse from what we give as tax) to Pakistan when there was an earthquake. Has any Marxist, or corporations ruled by them given a pie to the families of those jawans who die in Pak/terrorist attack?

I wonder why China doesnt dare to attack India openly when there is such a big bastion of anti-nationals in this end of the country.