Wednesday, January 30, 2013

കണ്ടിട്ടുണ്ടോ തണ്ണീര്‍പ്പന്തല്‍?

ബഹുരാഷ്ട്രക്കമ്പനികള്‍ കുപ്പിവെള്ളത്തിനു വില കൂട്ടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ജനുവരി 17-ലെ 'മംഗളം' പത്രത്തിലുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില നിലവിലുള്ള 18 ഉറുപ്പികയില്‍നിന്ന് 20 ഉറുപ്പികയാക്കുന്നു. പെപ്‌സിയുടെ അക്വാഫിന, കൊക്കക്കോളയുടെ കിന്‍ലേ, മക്‌ഡോവല്‍, കിംഗ് ഫിഷര്‍ തുടങ്ങിയ കമ്പനികളാണ് വില കൂട്ടുന്നത്. രണ്ടു മാസത്തിനുള്ളില്‍ വില 25 ഉറുപ്പികയാക്കാനുള്ള നീക്കത്തിന് മുന്നോടിയാണത്രേ ഇത്.

കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതു കാരണം പൊള്ളുന്ന ഒരു വേനല്‍ക്കാലമാണ് നമ്മളെ തുറിച്ചുനോക്കുന്നത്. ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പുഴകളില്‍ വെള്ളനിരപ്പ് താഴ്ന്നു. കിണറുകളും കുളങ്ങളും വറ്റി. ഭൂമി വരണ്ടു. കേരളം വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോഴാണ് വെള്ളത്തിനു വില കൂട്ടാനുള്ള തീരുമാനവുമായി വെള്ളക്കമ്പനികള്‍ എത്തുന്നത്. പുര കത്തുമ്പോഴാണ് വാഴ വെട്ടാന്‍ അവസരം എന്ന് അവര്‍ക്കുമറിയാം.

കുടിവെള്ളം കിട്ടാതെ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. മേശയ്ക്കു മുന്നിലിരിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം വെച്ചുകൊടുക്കാനില്ലെങ്കില്‍പ്പിന്നെ ഹോട്ടല്‍ തുറന്നു വെച്ചിട്ടെന്ത്? ഈയിടെ ആക്കുളത്ത് ഒരു മൂവിങ്ങ് റെസ്റ്റോറന്റില്‍ പോയപ്പോള്‍ തിന്നാനുള്ള സാന്‍ഡ്‌വിച്ചിനോടൊപ്പം കുടിക്കാന്‍ കുപ്പിവെള്ളമാണ് മേശപ്പുറത്തെത്തിയത്. ഗ്ലാസ്സില്‍ വെള്ളം കൊടുക്കുന്ന പതിവ് ഇല്ലെന്നാണ് അവര്‍ പറഞ്ഞത്.  പോകെപ്പോകെ ഹോട്ടലുകളൊക്കെ ഇത് നടപ്പാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. സൗജന്യമായി ഒന്നും കൊടുക്കേണ്ടതില്ല എന്നാണല്ലോ നവീനവാണിജ്യവേദാന്തം.

പണ്ടു പണ്ട്, സ്‌കൂള്‍ ബസുകളില്ലാത്ത ഒരു കാലമുണ്ടായിരുന്നു. നാലു നാഴിക നടന്നാണ് ഞങ്ങള്‍ ചേര്‍പ്പിലേയ്ക്ക് പോയിരുന്നത്. തിരിച്ച് ചേര്‍പ്പില്‍നിന്ന് ഊരകത്തെത്തുമ്പോഴേയ്ക്കും ദാഹിച്ചു തുടങ്ങും. ഊരകത്ത് എത്തുമ്പോള്‍ മനസ് തണുക്കും. കാരണം അവിടെ ഒരു തണ്ണീര്‍പ്പന്തലുണ്ടായിരുന്നു. പന്തലില്‍ എപ്പോഴും ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു മധ്യവയസ്‌കനുണ്ടായിരുന്നു. പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട സംഭാരം നിറച്ച കുട്ടിക്കലങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചിട്ടുണ്ടായിരിക്കും. അതില്‍നിന്ന് ഓരോന്നെടുത്ത് അയാള്‍ ഞങ്ങള്‍ക്കുനേരെ നീട്ടിത്തരും. അത് വയറു നിറയെ കുടിച്ചതിനു ശേഷമാണ് ഞങ്ങള്‍ നടത്തം തുടരുക.

ബാക്കിയുള്ള രണ്ടു നാഴിക നടക്കുന്നതിനിടയില്‍ വീണ്ടും ദാഹിക്കാന്‍ തുടങ്ങും. ഞെരുവിശ്ശേരി സെന്ററില്‍ 'ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പിക്ലബ്ബ്' ഉണ്ടായിരുന്നു. ഹോട്ടലിന്റെ മുന്നിലിട്ട മരബെഞ്ചില്‍ വേനല്‍ക്കാലങ്ങളില്‍ ഒരു മണ്‍കലത്തില്‍ വെള്ളം നിറച്ചുവെയ്ക്കാറുണ്ടായിരുന്നു. വഴിപോക്കര്‍ അതില്‍നിന്ന് വെള്ളം മുക്കിയെടുത്ത് കുടിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അവിടെനിന്നല്ല വെള്ളം കുടിക്കുക. അതിന് മറ്റൊരു സ്ഥലം ഞങ്ങള്‍ കണ്ടുവെച്ചിരുന്നു. ആ വീട്ടില്‍ ചെമ്പുകലത്തില്‍ വെള്ളം നിറച്ചുവെച്ച് തൈലാംബാള്‍ ഞങ്ങളെ കാത്തിരിക്കും. വലിയ ഓട്ടുഗ്ലാസില്‍ വെള്ളം നിറച്ചുതരും. വീട്ടുവിശേഷങ്ങളും സ്‌കൂള്‍വിശേഷങ്ങളും ഞങ്ങള്‍ കൈമാറും. അവരുടെ രണ്ട് ആണ്‍മക്കളും അന്ന് സ്‌കൂളില്‍ ഞങ്ങളോടൊപ്പം പഠിച്ചിരുന്നു. 

അന്നൊന്നും വെള്ളം വില കൊടുത്ത് വാങ്ങാനുള്ളതാണ് എന്ന് ആരും ധരിച്ചിരുന്നില്ല. പണം കൊടുത്താല്‍ എല്ലാം കിട്ടും എന്നോ പണം കൊടുത്താലേ എന്തും കിട്ടൂ എന്നോ ധാരണയില്ലാത്ത കാലമായിരുന്നു അത്. അതിന്റെ ബാക്കിയായി കുടിക്കാനുള്ള വെള്ളം വില കൊടുത്തു വാങ്ങുന്നതിനോട് പൊരുത്തപ്പെടാന്‍ ഏറെക്കാലം എനിക്കു കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ കുടിക്കാന്‍ വെള്ളം കരുതുന്ന പതിവ് അന്നുണ്ടായിരുന്നില്ല. വെള്ളം എവിടേയും കിട്ടുമായിരുന്നു. ദീര്‍ഘയാത്രയ്ക്കു പുറപ്പെടുമ്പോഴാണ് വെള്ളം കയ്യില്‍ എടുക്കാന്‍ തുടങ്ങിയത്. കാനുകളില്‍ കിണറ്റിലെ വെള്ളം നിറച്ച് കയ്യില്‍ വെയ്ക്കുകയാണ് പതിവ്. വെള്ളം തീരുമ്പോള്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനിലിറങ്ങി ടാപ്പില്‍ നിന്ന് നിറയ്ക്കും. വലിയ തിരക്കായിരുന്നു ഓരോ ടാപ്പിനു മുന്നിലും.  

റയില്‍വേ സ്റ്റേഷനിലെ ആ കുടിവെള്ളക്കൊത്തളങ്ങള്‍ ഇന്ന്  വറ്റി വരണ്ടു. കാന്‍  നിറയ്ക്കാന്‍ ഇപ്പോള്‍ ആരും അവിടെ ഓടിയെത്താറില്ല. സ്റ്റേഷനുകളിലെ ശീതളപാനീയക്കടകളില്‍ കുപ്പിവെള്ളവും മധുരപാനീയങ്ങളും സുലഭമായി. വണ്ടിക്കു പുറത്തിറങ്ങാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാന്‍ട്രികളില്‍നിന്ന് തണുപ്പിച്ച കുടിവെള്ളക്കുപ്പികള്‍ എത്ര വേണമെങ്കിലും കിട്ടും.  കുടിക്കാന്‍ പച്ചവെള്ളം തന്നെ വേണമെന്നില്ലല്ലോ.  പെപ്‌സി, കൊക്കോകോള, മിറിന്‍ഡ, സെവന്‍ അപ്, ലിംക തുടങ്ങി എത്രയെത്ര ശീതളപാനീയങ്ങള്‍! വണ്ടി ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ ബോഗികളില്‍ ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നതു കാണാം. റയില്‍വേ പാളങ്ങളില്‍ വീണുമരിച്ച നിലയില്‍ കാണുന്ന ആയിരക്കണക്കിനു കുപ്പികള്‍ പുറമേ.

എണ്‍പതുകളുടെ ഒടുക്കം ആണെന്നു തോന്നുന്നു കുപ്പിവെള്ളസംസ്‌കാരം പ്രചരിച്ചു തുടങ്ങിയത്. തണ്ണീര്‍പ്പന്തലുകള്‍ അതിന് എത്രയോ മുമ്പേ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. എന്നാണ് അവ നാടുനീങ്ങിയത്? അറിയില്ല. അതോടൊപ്പം മറഞ്ഞുപോയ മറ്റൊന്നു കൂടിയുണ്ട്. വഴിയോരത്ത് ഭാരമിറക്കി വെയ്ക്കാന്‍ കെട്ടിയുണ്ടാക്കിയ കരിങ്കല്ലത്താണികള്‍. മനുഷ്യന്‍ നടത്തം ഉപേക്ഷിച്ചതിന്റെ ബാക്കിയായിട്ടാവണം ഇവ അപ്രത്യക്ഷമാവാന്‍ കാരണം.

വഴിയാത്രികര്‍ക്കു കോരിക്കുടിക്കാനുള്ള കിണറുകളും വഴിയേ കാണാതായി. അരനൂറ്റാണ്ടു മുമ്പ് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിലേയ്ക്ക് ഏന്തിനിന്നിരുന്ന ഒരു കിണറുണ്ടായിരുന്നത് പഴമക്കാര്‍ക്കറിയാം. എത്രയോ പേര്‍ അവിടെനിന്ന് വെള്ളം കോരിക്കൊണ്ടുപോവാറുണ്ടായിരുന്നു. കിണറ്റിന്‍ വക്കത്ത് കുളിക്കാറുണ്ടായിരുന്നു. പുരോഗമനത്തിന്റെ ഭാഗമായി ആ കിണര്‍ എപ്പോഴോ മണ്ണിട്ട് തൂര്‍ത്തുകളഞ്ഞു. വാഹനങ്ങള്‍ക്കു വിഘാതമായതെല്ലാം തട്ടിനിരത്തുക എന്ന സംസ്‌കാരം അപ്പോഴേയ്ക്കും നമ്മള്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നുവല്ലോ.

'മംഗളം' കയ്യില്‍പ്പിടിച്ച് എന്തൊക്കെയോ ഞാന്‍ ഓര്‍മ്മിച്ചിരുന്നു പോയി. പിന്നെ തിരിച്ച് വാര്‍ത്തയില്‍ത്തന്നെ എത്തി: ''ബഹുരാഷ്ട്രക്കമ്പനികളുടെ ചുവടുപിടിച്ച് കേരളത്തിലെ വെള്ളക്കച്ചവടക്കാരും വില കൂട്ടാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇപ്പോള്‍ 93 കുടിവെള്ളക്കമ്പനികളുണ്ട്. അവര്‍ ഭൂഗര്‍ഭജല അഥോറിറ്റിയുടെ അനുമതി കാത്തുനില്‍ക്കുകയാണ്.''

കേരളത്തില്‍ വീട്ടാവശ്യത്തിനു മാത്രമല്ല കുടിവെള്ളവ്യവസായത്തിനും ഭൂഗര്‍ഭജലം ലോപമില്ലാതെ ഊറ്റിയെടുക്കുന്നുണ്ട്. ബഹുരാഷ്ട്രക്കമ്പനികളുടെ ബോട്ടിലിങ്ങ് പ്ലാന്റുകളില്‍ ഭൂഗര്‍ഭജലസംഭരണം തുടങ്ങിക്കഴിഞ്ഞുവത്രേ. കുപ്പിവെള്ളനിര്‍മ്മാണം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ വെള്ളക്കച്ചവടത്തിന് ഒരു നിയന്ത്രണവുമില്ലെങ്കില്‍ ഏറെ വൈകാതെ ഭൂഗര്‍ഭസ്രോതസും വറ്റിവരളുകയില്ലേ? കുപ്പിവെള്ളത്തിന് വില കുത്തനെ ഉയരുകയില്ലേ?

ഊരകത്ത് തണ്ണീര്‍പ്പന്തല്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരുശീതളപാനീയക്കടയാണ്. നിരവധി പാനീയക്കുപ്പികള്‍ നിരത്തിവെച്ചിട്ടുണ്ട്. വിവിധയിനം കുടിവെള്ളക്കുപ്പികള്‍ മാലമാലയായി തൂക്കിയിട്ടിട്ടുണ്ട്. ആ കട മാത്രമല്ല പത്തോളം ശീതളപാനീയക്കടകളുണ്ട് ഊരകത്ത്. ഏറെക്കുറെ നാട്ടിന്‍പുറം എന്നു വിശേഷിപ്പിക്കാവുന്ന ഊരകത്തു തന്നെ നിരവധി വെള്ളക്കുപ്പികളാണത്രേ വിറ്റുപോവുന്നത്.

ആരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടോ ആവോ ഊരകത്തെ ആ പഴയ തണ്ണീര്‍പ്പന്തല്‍? അതില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ മനുഷ്യന്‍ മരിച്ചുപോയിട്ടുണ്ടാവും തീര്‍ച്ച. ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പി ക്ലബിന്റെ സ്ഥാനത്ത് ഇന്ന് ഒരു മണിമാളിക ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ചെമ്പുകലത്തില്‍ വെള്ളവുമായി കാത്തിരിക്കാറുണ്ടായിരുന്ന തൈലാംബാള്‍ എന്നോ മരിച്ചുപോയി. ആണ്‍മക്കള്‍ വീടും നാടും വിട്ടുപോയി. ആ വീടു തന്നെ ഇല്ലാതായി. കൈമാറിക്കൈമാറിപ്പോയ ആ തൊടിയില്‍ 'സ്ഥലം വില്‍പ്പനയ്ക്ക്' എന്ന് എഴുതിയ ഒരു ബോര്‍ഡാണ് ഇന്ന് സ്ഥിരമായി തലയുയര്‍ത്തി നില്‍ക്കുന്നത്.
അല്ലെങ്കില്‍ ആരുണ്ട് ഇന്ന് വെള്ളവുമായി നമ്മളെ കാത്തിരിക്കാന്‍? അത്തരമൊരു സംസ്‌കാരം തന്നെ എന്നോ അന്യം നിന്നുപോയല്ലോ. ഊരകത്തെ തണ്ണീര്‍പ്പന്തലില്‍നിന്ന് ശീതളപാനീയക്കടയിലേയ്ക്ക് വളരെ വരണ്ട ഒരു പാതയാണ് നമ്മള്‍ നടന്നുതീര്‍ത്തത്.

അല്ലെങ്കില്‍ ഇന്ന് തണ്ണീര്‍പ്പന്തല്‍ നാടകഗാനങ്ങളിലും സിനിമാപ്പാട്ടുകളിലും ഉപയോഗിക്കപ്പെടുന്ന അര്‍ഥശൂന്യമായ വാക്കായിക്കഴിഞ്ഞില്ലേ?

*
അഷ്ടമൂര്‍ത്തി ജനയുഗം

No comments: