Thursday, January 24, 2013

യഥാര്‍ഥ "ദേശസ്നേഹികള്‍"

പൊതുമേഖലാ ബാങ്കുകളിലെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വിറ്റതും വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്ത്യയില്‍ ശാഖകള്‍ തുറക്കാന്‍ അനുവാദം നല്‍കിയതും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വദേശ-വിദേശമുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിറ്റതും ദേശരക്ഷയ്ക്കു വേണ്ടിയാണെന്നാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും പറയുന്നത്. ഭാരതസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ക്ക് ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയാതെ പോയത് എന്നും വിദേശമുതലാളിമാര്‍ക്കും കമ്പനികള്‍ക്കുമാണ് അതു കഴിയുകയെന്നും കോണ്‍ഗ്രസ് മനസിലാക്കിയിട്ട് രണ്ടു പതിറ്റാണ്ടായിട്ടേയുള്ളു. എന്നുമാത്രമല്ല, പൊതുജനങ്ങളുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ മുതലായവയുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിന് പ്രാപ്തിയില്ലെന്നും അതുകൊണ്ട് വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെത്തന്നെ ഏല്‍പ്പിക്കുകയാണ് നല്ലതെന്നും കോണ്‍ഗ്രസ് മനസിലാക്കിയത് ഈയടുത്ത കാലത്താണ്. ധനമന്ത്രിയായിരുന്നപ്പോഴാണ് ഇന്നത്തെ പ്രധാനമന്ത്രിക്ക് കാര്യം കൃത്യമായി മനസിലായത്. "ദേശീയതാല്‍പ്പര്യം" സംരക്ഷിക്കാന്‍ അദ്ദേഹമാണ് പ്രാപ്തനെന്ന് കോണ്‍ഗ്രസ് മനസിലാക്കിയതുകൊണ്ടാണ് രണ്ടു തവണ പ്രധാനമന്ത്രിയായി വാഴിച്ചത്. ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം "ദേശതാല്‍പ്പര്യം" സംരക്ഷിച്ചുവരുന്നു.

ഇന്ത്യയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉപയോക്താക്കളുടെ താല്‍പ്പര്യം പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയില്ലായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ആ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നിയമനിര്‍മാണം നടത്തിയത്. മല്ലിയും മുളകും മത്തിയും അയലയും പച്ചക്കറികളും കപ്പയും ചേനയും നേന്ത്രക്കായും വാഴപ്പഴവും റൊട്ടിയും ബിസ്ക്കറ്റുമെല്ലാം ഇന്ത്യയിലുണ്ടാക്കിയതുമാത്രം തിന്ന് മടുത്തുപോയ ഉപയോക്താവിന് മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കാന്‍ അവസരമുണ്ടാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, എത്യോപ്യ എന്നീ രാജ്യങ്ങളിലെ വിവിധയിനം കപ്പ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധയിനം വാഴപ്പഴം, കൈത്തണ്ടയുടെ കനമുള്ള അറേബ്യന്‍ മത്തി, ഓസ്ട്രേലിയയിലെ ചെമ്മരിയാടിന്റെ ഇറച്ചി, തുര്‍ക്കിയിലെ കോഴിയിറച്ചി എന്നിവയൊക്കെ ഇന്ത്യയിലെ ഗ്രാമവാസിക്ക് എത്തിച്ചുകൊടുക്കാന്‍ ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് കഴിയുമോ?

ഇല്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വാള്‍മാര്‍ട്ടിനെ ആ പണിയേല്‍പ്പിച്ചത്. അവര്‍ക്കാകുമ്പോള്‍ ഓരോ രാജ്യത്തിന്റെയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നന്നായിട്ടറിയാം. അതിനെ ശാസ്ത്രീയമായി അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിന് ഏതു രാജ്യത്തിലെ ഉല്‍പ്പന്നമാണ് കഴിക്കേണ്ടത് എന്ന് നിശ്ചയിക്കാനും കഴിയും. അല്‍പ്പജ്ഞാനികളായി ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് അതു വല്ലതുമറിയാമോ? വാള്‍മാര്‍ട്ട് യുഎസ്എയില്‍ സവാളക്കച്ചവടം നടത്തിയതിന്റെ അനുഭവം അവിടത്തുകാര്‍ക്കറിയാം. ചില്ലറവില്‍പ്പനയിലെ കുത്തക അവിടത്തെ സര്‍ക്കാര്‍ വാള്‍മാര്‍ട്ടിനെയാണ് ഏല്‍പ്പിച്ചത്. ഉല്‍പ്പാദകന്റെയല്ല ഉപയോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കലാണല്ലോ കച്ചവടക്കാരന്റെ ലക്ഷ്യം. പൊതിച്ച നാളികേരത്തിന്റെ വലുപ്പമുള്ള സവാള കനഡയില്‍നിന്നും ബ്രസീലില്‍നിന്നും വാള്‍മാര്‍ട്ട് ഇറക്കുമതിചെയ്ത് ഉപയോക്താവിനു നല്‍കി. ഒരു ചെറിയ കുടുംബത്തിന് ഒരു സവാളയുടെ പകുതി മതി ഒരു ദിവസത്തേക്ക്. അത്രയും വലുപ്പമില്ലാത്ത സവാള ഉല്‍പ്പാദിപ്പിച്ചിരുന്ന യുഎസ്എയിലെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നം വില്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം വാള്‍മാര്‍ട്ട് വാങ്ങിയില്ല. മറ്റു കച്ചവടക്കാര്‍ അല്‍പ്പകാലംകൊണ്ട് കമ്പോളത്തില്‍നിന്ന് അപ്രത്യക്ഷരായി. സവാള കര്‍ഷകര്‍ ഉല്‍പ്പന്നം വില്‍ക്കാനാകാത്തതുകൊണ്ട് കൃഷി നിര്‍ത്തി. കൃഷിക്കായി ബാങ്ക് വായ്പയെടുത്തവരുടെ ഭൂമി അന്യാധീനമായി. ഭൂമി കൈവശപ്പെടുത്തിയ ബാങ്കുകള്‍ അതു ലേലംചെയ്തപ്പോള്‍ വാങ്ങാന്‍ ആരും വന്നില്ല. പണം തിരിച്ചു പിടിക്കാന്‍ കഴിയാതെ ബാങ്കും അപകടത്തിലായി. എങ്കിലും ഉപയോക്താവിന് ആഗോളഉല്‍പ്പന്നങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്താന്‍ വാള്‍മാര്‍ട്ടിന് കഴിഞ്ഞല്ലോ!

വിലയല്‍പ്പം കൂടിയാലെന്ത്?. ദേശരക്ഷയ്ക്കായും ദേശീയതാല്‍പ്പര്യം സംരക്ഷിക്കാനായും പ്രവര്‍ത്തിക്കുന്നവരാണ് ദേശസ്നേഹികള്‍. മന്‍മോഹനും പ്രണബും ചിദംബരവും കമല്‍നാഥുമെല്ലാമാണ് ദേശസ്നേഹികള്‍. വിദേശകുത്തകകളെയും കച്ചവടക്കാരെയും ഇന്ത്യയിലേക്ക് സ്വീകരിച്ചാനയിക്കുന്നവരാണ് ദേശസ്നേഹികള്‍. കേന്ദ്രത്തിലെന്ന പോലെ കേരളത്തിലും "എമര്‍ജിങ്" പരിപാടിയിലൂടെ ഇവിടത്തെ മണ്ണും വിണ്ണും വായുവും വെള്ളവും പ്രകൃതിവിഭവങ്ങളും വെള്ളിത്താലത്തില്‍ തിരുമുല്‍ക്കാഴ്ചയായി വിദേശികള്‍ക്ക് നല്‍കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് ദേശസ്നേഹികള്‍. ഇതിനെയെല്ലാം എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളാണ്! കുഞ്ഞാലിമരയ്ക്കാര്‍ എന്തൊരു മണ്ടനാണ്! സ്വന്തം തല വെറുതെ നഷ്ടപ്പെടുത്തി. ജനിച്ചത് അഞ്ഞൂറുകൊല്ലം മുമ്പായിപ്പോയി. ഇല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ കണ്ട് പഠിക്കാമായിരുന്നു. രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രീട്ടിഷുകാര്‍ക്കെതിരെ പടപൊരുതി, കൂട്ടുകാരെ കുരുതി കൊടുത്തും സ്വയം ചത്തും ജീവിതം പാഴാക്കിയ പഴശ്ശിയും വേലുത്തമ്പിയും കട്ടബൊമ്മനും ടിപ്പുസുല്‍ത്താനും ദേശസ്നേഹികളെന്നു പറഞ്ഞവനാര്? പുഞ്ചിരിച്ചും ഇങ്ക്വിലാബ് വിളിച്ചും കഴുമരമേറിയ ഭഗത്സിങ്ങും ചന്ദ്രശേഖര്‍ ആസാദും മരമണ്ടന്മാരല്ലേ? സ്വയം തടവുശിക്ഷയനുഭവിച്ചും മറ്റനേകായിരംപേരെ തടവറയിലേക്ക് ആനയിച്ചും ബ്രീട്ടിഷുകാരെ ആട്ടിയോടിക്കാന്‍ ശ്രമിച്ച ഗാന്ധിജിയും നെഹ്റുവും പട്ടേലും ദേശസ്നേഹികളോ? ബ്രീട്ടിഷുകാരോട് "ക്വിറ്റിന്ത്യ" എന്നുപറഞ്ഞ ഇരുനേതാക്കന്മാര്‍ ദേശദ്രോഹമല്ലേ ചെയ്തത്. മിത്രത്തെ തിരിച്ചറിയാന്‍ കഴിയാത്തവന്‍ ദേശദ്രോഹിയാണ്. ഗാന്ധിജിയും പട്ടേലും നെഹ്റുവും ദേശസ്നേഹികളാണെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളില്‍ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചു. അതിലേക്കായി പാഠപുസ്തകങ്ങളുണ്ടായി. അതു പഠിച്ചുവളര്‍ന്ന തലമുറയാണ് ഇന്ത്യയിലിന്ന് ഭൂരിപക്ഷം. അങ്ങനെ ഒരു വലിയ ജനവിഭാഗത്തെ വഴിതെറ്റിച്ചത് പാഠപുസ്തകങ്ങളാണ്. സത്യഗ്രഹം, അഹിംസ, മദ്യവര്‍ജനം, ഹരിജനോദ്ധാരണം എന്നീ ഗാന്ധിമാര്‍ഗപരിപാടികള്‍ അവലംബിക്കുന്നവരെ ഗാന്ധിയന്മാരെന്ന് ചിത്രീകരിച്ചു. അവരെ അനുകരിക്കാന്‍ പുതുതലമുറയോട് ആഹ്വാനംചെയ്തു. ലക്ഷപ്രഭുവിന്റെ മകനായി ആനന്ദഭവനില്‍ ജനിച്ച നെഹ്റു ആദര്‍ശപുരുഷനായി ചിത്രീകരിക്കപ്പെട്ടു. കോട്ടിന്റെ ബട്ടണ്‍തുളയില്‍ റോസാപുഷ്പവും ചൂടി നില്‍ക്കുന്ന നെഹ്റു യുവാക്കളുടെ ഹരമായിരുന്നു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവും സാംസ്കാരികവുമായി വിദേശാധിപത്യത്തെ എതിര്‍ക്കുന്നതാണ് ദേശസ്നേഹമെന്ന് നെഹ്റുവിനെ ഉപജീവിച്ചുകൊണ്ട് പാഠപുസ്തക രചയിതാക്കള്‍ പുസ്തകമെഴുതി. അത് പഠിച്ച് എത്രയോ തലമുറകള്‍ ദേശാഭിമാനികളായി. രാജ്യത്തെ ആക്രമിക്കുന്നവര്‍ ഇന്നലെവരെ സോദരരായിരുന്ന പാകിസ്ഥാന്‍കാരായാലും ചീനരായാലും ശത്രുവാണെന്ന് പഠിപ്പിച്ചു. സാമ്രാജ്യത്വവിരുദ്ധതയാണ് ദേശസ്നേഹത്തിന്റെ അടിത്തറയെന്ന് സമര്‍ഥിച്ചു. എന്നാലിന്ന് സാമ്രാജ്യത്വവിരുദ്ധത ദേശദ്രോഹമെന്ന് നിര്‍വചിക്കപ്പെടുന്നു.

ആഗോളഗ്രാമം നിലവില്‍ വന്നാല്‍ ദേശസ്നേഹത്തിനെന്തര്‍ഥം? സാര്‍വദേശീയതയല്ലേ ലക്ഷ്യം. പിന്നെന്തിനീ തൊഴിലാളി പാര്‍ടിക്കാര്‍ മന്‍മോഹനെയും കോണ്‍ഗ്രസിനെയും എതിര്‍ക്കണം? സാര്‍വദേശീയ കോര്‍പറേറ്റുകളെ ഇന്ത്യയിലേക്കാനയിക്കുന്നത് ദേശസ്നേഹത്തിന്റെ പ്രത്യക്ഷോദാഹരണമാണെന്ന് പാഠപുസ്തകങ്ങള്‍ രചിക്കാന്‍ പണ്ഡിതന്മാര്‍ തുനിയണം. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചുപോയ ഗാന്ധിയെയും നെഹ്റുവിനെയും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് തുന്നിയുണ്ടാക്കണം. മന്‍മോഹന കീര്‍ത്തനങ്ങളും ചിദംബരസ്തുതികളും അതിലുണ്ടാകണം. നവയുഗ യഹോവമാര്‍ അവരാണ്. സാമ്രാജ്യത്വ വിരുദ്ധത എന്ന മഹാപാപം നെഹ്റു ചെയ്തുവെങ്കിലും ഒരു കാര്യത്തിലദ്ദേഹം മാപ്പര്‍ഹിക്കുന്നു. മകളിലൂടെ, മരുമകളിലൂടെ, പ്രപൗത്രനിലൂടെ വംശാധികാര പാരമ്പര്യം നിലനിര്‍ത്താന്‍ നെഹ്റു നിമിത്തമായി. അറബിക്കഥകളിലെ അന്തപ്പുരങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്ന കാപ്പിരി ഷണ്ഡന്മാരെപ്പോലെ കോണ്‍ഗ്രസുകാര്‍ ഉടവാളേന്തി വംശസംരക്ഷകരായി ജാഗ്രത പുലര്‍ത്തുന്നു.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 24 ജനുവരി 2013

No comments: