Friday, January 18, 2013

വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍

2012ഡിസംബര്‍ 12ന് രാത്രി 23 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം ഈ വര്‍ഷം ദേശീയ തലസ്ഥാനത്ത് നടന്ന ബലാത്സംഗങ്ങളില്‍ 635-ാമത്തേതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ ഗവണ്‍മെന്റിന്റെ കഴിവില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന അടയാളമായി ആഴത്തില്‍ വേരോടിയിട്ടുള്ള തുടര്‍ച്ചയായ ഇത്തരം പരാജയങ്ങള്‍ മാറിയിരിക്കുന്നു. ബലാത്സംഗത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍, ഏറെ നാളുകളായി ജനാധിപത്യ മഹിളാ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഇപ്പോള്‍ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരപ്പെട്ടിരിക്കുന്നു. കുറഞ്ഞത് ഒരു ദശകമെങ്കിലുമായിക്കാണും വനിതാ സംഘടനകള്‍ സ്ത്രീള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ല് കൊണ്ടുവരണമെന്നാവശ്യപ്പെടുന്നു.

വേഗത്തിലുള്ള വിചാരണകള്‍ക്കായി അതിവേഗക്കോടതികള്‍ രൂപീകരിക്കുക, ശിക്ഷാനിരക്ക് ഉയര്‍ത്തുന്നതിനായി അന്വേഷണ നടപടികള്‍ ക്രമീകരിക്കുക, ലൈംഗികാതിക്രമങ്ങളിലെ ഇരകളെ പുനരധിവസിപ്പിക്കുക എന്നിവയാണ് മുന്നോട്ടുവെയ്ക്കപ്പെട്ട ആവശ്യങ്ങള്‍. ഈ ആവശങ്ങളില്‍ ചിലതായിരുന്നു യുവ പ്രതിഷേധക്കാര്‍ തുടര്‍ച്ചയായും ശക്തമായും ആവശ്യപ്പെടുന്നത്. വനിതാസംഘടനകള്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പൊതുവികാരമാക്കിയെടുക്കാന്‍ കഴിഞ്ഞത് പുരോഗമന വനിതാ പ്രസ്ഥാനങ്ങളുടെ വിജയത്തിന്റെ ഒരു ചെറിയ കാല്‍വെപ്പായി കാണുന്നു. എങ്ങനെയായാലും ഈ പ്രതിഷേധങ്ങളുടെ ദിശ ക്രിയാത്മകവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണെങ്കില്‍ മാത്രമേ ഈ ജനവികാരത്തിന് സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിനുള്ള ഉപകരണമായി മാറാന്‍ കഴിയൂ.

ലൈംഗികാതിക്രമങ്ങള്‍: ദീര്‍ഘകാലമായുള്ള പ്രവണതകള്‍ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുശേഷമുള്ള കാലയളവില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമപ്രവണതകള്‍ വര്‍ദ്ധിക്കുന്നു എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1971നും 2011നുമിടയ്ക്ക് രേഖപ്പെടുത്തപ്പെട്ട ബലാല്‍സംഗങ്ങള്‍ 873.3 ശതമാനമാണ്. ഡാറ്റാ വിശകലനം കാണിക്കുന്നത്, പരിഷ്കരണാനന്തര ഘട്ടത്തില്‍ ലൈംഗികാതിക്രമങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ്. 1971നും 1991നുമിടയ്ക്ക് 1,15,414 ബലാത്സംഗങ്ങള്‍ എന്‍സിആര്‍ബി രേഖപ്പെടുത്തി. അതായത് വര്‍ഷത്തില്‍ ഏകദേശം 6074 ബലാത്സംഗങ്ങള്‍. പരിഷ്കരണങ്ങളുടെ ആദ്യ ദശകത്തില്‍ വര്‍ഷത്തില്‍ 15,466.4 ആയി അത് ഉയര്‍ന്നു. 1992നും 2001നുമിടയ്ക്ക് രേഖപ്പെടുത്തപ്പെട്ടത് 1,54,644 സംഭവങ്ങള്‍. കഴിഞ്ഞ ദശകത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഭീതിദമാംവണ്ണം ഉയര്‍ന്ന്, 2002 നും 2011നുമിടയ്ക്ക് 1,98,139 സംഭവങ്ങള്‍ രേഖപെടുത്തപ്പെട്ടിരിക്കുന്നു. അതായത് വര്‍ഷത്തില്‍ ഏകദേശം 19,813.9 സംഭവങ്ങള്‍. ഇതിന്റെയര്‍ത്ഥം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മൊത്തം രേഖപ്പെടുത്തപ്പെട്ട കേസുകളേക്കാള്‍ 97.5 ശതമാനം വര്‍ദ്ധനവാണ് 1991നും 2011നും ഇടയ്ക്ക് രേഖപ്പെടുത്തപ്പെട്ടത് എന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളില്‍ 2009നും 2010നുമിടയ്ക്ക് 9.6 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 2010നും 2011നുമിടയ്ക്ക് 9.2 ശതമാനവും. അഖിലേന്ത്യാതലത്തില്‍ കുറച്ച് കുറയുന്ന പ്രവണത ഇത് കാണിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ മറിച്ചാണ് സംഭവിക്കുന്നത്. 2010-2011ല്‍ ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ 13 ശതമാനം ഉയര്‍ന്നു. 2011-2012ല്‍ ഇത് 17 ശതമാനമായി വര്‍ദ്ധിച്ചു. (മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനം വര്‍ദ്ധന കാണിക്കുന്നു) ശാരീരികമോ വാക്കുകൊണ്ടോ നോട്ടംകൊണ്ടോ സ്ത്രീകള്‍ നേരിടുന്ന വിവിധതരം ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ജാഗറി - യു എന്‍ വിമന്‍ സംയുക്തമായി നടത്തിയ അടിസ്ഥാന സര്‍വേ (സാമ്പിളായി ഏകദേശം 5000 പേരെ) പുറത്തുവിട്ട കണക്കാണിത്. ഇതില്‍ 31 ശതമാനം സ്ത്രീകള്‍ക്ക് ശാരീരികാതിക്രമങ്ങളെയും 46 ശതമാനം സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ മറ്റു സ്ത്രീകളെ ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നതായി പറയുന്നു. ഇത് കാണിക്കുന്നത്, വിവിധതരം കുറ്റകൃത്യങ്ങളോടൊപ്പം സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതബോധംകൂടി ഉള്‍ക്കൊള്ളിക്കുന്ന തരത്തില്‍ വിശാലതലത്തിലുള്ളതാവണം "ലൈംഗികാതിക്രമത്തിന്റെ നിര്‍വചനം" എന്നതാണ്.

റെക്കോര്‍ഡ് ചെയ്യപ്പെട്ട അതിക്രമങ്ങളുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത് ലൈംഗികാതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നു എന്നതാണ്. ഇങ്ങനെ ഇരകളാക്കപ്പെട്ട സ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇത്തരമൊരു മാറ്റത്തിലേക്ക് നയിച്ചതില്‍ വനിതാ സംഘടനകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണങ്ങള്‍, പരിഷ്കരണാനന്തര കാലഘട്ടത്തില്‍ ആപല്‍ക്കരമാംവണ്ണം വര്‍ദ്ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് വിശദീകരണമാവുന്നില്ല. ഒരുപക്ഷേ, ഈ പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നത് ഭരണകൂടം വലിയൊരളവോളം അതിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കുന്ന ഘട്ടത്തിലാണ്. ഗവണ്‍മെന്റിന്റെ വീഴ്ചയും നിസ്സംഗതയും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ, അവരുടെ നഗരം ദേശീയ ബലാത്സംഗ നഗരമെന്ന് സമ്മതിക്കേണ്ടി വന്നതിനിടയാക്കി. അതേത്തുടര്‍ന്ന്, തനിക്ക് ഡല്‍ഹി പൊലീസിനുമേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നതാണ് സത്യമെന്ന് പരിദേവനം നടത്തുകയും ആ സംഭവത്തില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് കൃത്യമായും, കേന്ദ്ര ഗവണ്‍മെന്റിനുമേല്‍ പഴിചാരാനും ഈ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റവിമുക്തമാക്കാനും നടത്തുന്ന ശ്രമമാണ്. ഇത് സൂചിപ്പിക്കുന്നത് ലൈംഗികാതിക്രമങ്ങള്‍ക്കുനേരെയുള്ള കാഴ്ചപ്പാടിനെയാണ്; അതായത് ലൈംഗികാതിക്രമമെന്നത് വെറും നിയമപ്രശ്നം മാത്രമാണെന്നതാണ്. യഥാര്‍ത്ഥത്തില്‍ വളരെ മോശപ്പെട്ട സുരക്ഷാന്തരീക്ഷമാണ് ഡല്‍ഹി ഗവണ്‍മെന്റ് പ്രദാനം ചെയ്യുന്നതെന്നാണ് സൂചിപ്പിക്കപ്പെടുന്നത്; അതാണ് ജാഗറി-യുഎന്‍ വിമന്‍ സര്‍വേയിലും രേഖപ്പെടുത്തപ്പെട്ടത്.

ഇതേ തുല്യ പ്രാധാന്യമുള്ളതാണ്, ഈ അരക്ഷിതാവസ്ഥയ്ക്കു കാരണമായ, പൊതു സ്ഥലങ്ങളിലെ മദ്യപാനം, മയക്കുമരുന്നുപയോഗം, വൃത്തിയില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പബ്ലിക് ടോയ്ലറ്റുകള്‍ എന്നിവയ്ക്കെല്ലാം ഉള്ളതെന്ന് 44 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും വെളിപ്പെടുത്തുകയുണ്ടായി. ഫലപ്രദവും പ്രത്യക്ഷത്തിലുള്ളതുമായ പൊലീസ് ഇടപെടലിന്റെ അഭാവം ഡല്‍ഹി അരക്ഷിതമാക്കുന്നതില്‍ വലിയൊരുപങ്ക് വഹിക്കുന്നു. 43.1 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളും ഈ അഭിപ്രായം പങ്കുവെച്ചു. ഏറ്റവും കൗതുകകരമായത്, ഈ അവസാന ഘടകത്തിനെ സര്‍വേയില്‍ അത്ര പ്രധാനമായി കണ്ടില്ല എന്നതാണ്. സുരക്ഷിതമായ ഒരന്തരീക്ഷം പ്രദാനംചെയ്യത്തക്കവിധം അടിയന്തിരമായും സാമൂഹ്യഘടനയെ അഭിമുഖീകരിക്കേണ്ടത് ആവശ്യമാണെന്ന് സര്‍വേ എടുത്തുകാട്ടുന്നു. ഈ സന്ദര്‍ഭത്തില്‍ ഇരകളോട് ഭരണകൂടം ഏതു രീതിയിലാണ് ഇടപെടുന്നത് എന്നതും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അഭിസംബോധനചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതും വിശകലന വിധേയമാക്കുകയെന്നത് പ്രധാനമാണ്. ഉദാഹരണത്തിന് ഗാര്‍ഹിക പീഡന നിയമം 2005 നടപ്പിലാക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് ഒരു കോടി രൂപയും സംസ്ഥാന ഗവണ്‍മെന്റ് 45 ലക്ഷം രൂപയും വകയിരുത്തുകയുണ്ടായി. അതുപോലെ, ലൈംഗികാതിക്രമത്തിനിരയായവര്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചിട്ടുള്ള ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ നടത്തിപ്പിലേക്കായി 30 ലക്ഷം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ ഹോസ്റ്റലുകളും ഷോര്‍ട്ട് സ്റ്റേ ഹോമുകളും തൊഴിലെടുക്കുന്ന സത്രീകള്‍ക്ക് കൂടുതല്‍ കഷ്ടതയാണുണ്ടാക്കിയത്.

2011-2012ല്‍ വെറും 12 ലക്ഷം രൂപയാണ് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിനായി വകയിരുത്തിയത്. 2012-2013ല്‍ അത് 26 ലക്ഷം രൂപയായി ഉയര്‍ത്തിയെങ്കിലും ദുരന്തത്തിലകപ്പെട്ട സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേഹോമുകള്‍ക്കായുള്ള വകയിരുത്തല്‍ 2011-2012-ല്‍ 14 ലക്ഷം രൂപയില്‍നിന്ന് 2012-2013ല 12 ലക്ഷം രൂപയായി കുറച്ചു. ബലാത്സംഗത്തിനിരയായവര്‍ക്കുള്ള ദുരിതാശ്വാസ പദ്ധതിയില്‍ വകയിരുത്തിയ 140 കോടി രൂപ 20 കോടി രൂപയായി കേന്ദ്രഗവണ്‍മെന്റ് വെട്ടിക്കുറച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളും ഒട്ടും മോശമല്ല. 2012 ഫെബ്രുവരിയില്‍ ഡല്‍ഹി ഗവണ്‍മെന്റ് ബലാത്സംഗത്തിനിരയായവര്‍ക്കായി ഒരു പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുകയും അതിനായി 2012-2013ല്‍ 15 കോടി വകയിരുത്തുകയും ചെയ്തു. എന്നാല്‍ 2012 ഡിസംബറിനകംവെച്ച് ഈ പദ്ധതിയനുസരിച്ച് വെറും 4 പേര്‍ക്കാണ് 12 ലക്ഷം രൂപ നല്‍കിയത്. ഈ മന്ദഗതി കാണിക്കുന്നത് ഇരകളെ പരിഗണിക്കുന്നത് സംബന്ധിച്ച കാര്യത്തിലും പുരോഗതി ഇഴയുന്നതായാണ്. നിയമം നടപ്പാക്കുന്നവരുടെ വ്യവസ്ഥാപിത മനോഭാവം മൂന്നാമത്തെ ഘടകം വെളിപ്പെടുത്തുന്നത് ബലാത്സംഗത്തിനിരയായവരോട് അധികാരികള്‍ക്കുള്ള യഥാര്‍ത്ഥ മനോഭാവംതന്നെയാണ് പൊലീസും നിയമം നടപ്പിലാക്കുന്ന ഏജന്‍സികളും സ്വീകരിച്ചുപോരുന്നത് എന്നാണ്. ബലാത്സംഗക്കേസുകളില്‍ ശിക്ഷവിധിക്കുന്നതിന്റെ നിരക്ക് ദേശീയ തലസ്ഥാനത്ത് 20 ശതമാനമെന്ന താണനിലയിലാണ്. ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യാതിരിക്കുന്നത് പൊലീസിന്റെ മനോഭാവത്തെയാണ് കാണിക്കുന്നത്. ജാഗറി-യുഎന്‍ വിമന്‍ സര്‍വെ പ്രകാരം, സര്‍വേയില്‍ പങ്കെടുത്തവരില്‍ വെറും 0.8 ശതമാനം പേര്‍ മാത്രമേ ലൈംഗിക പീഡന സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ടുചെയ്തുള്ളുവെന്നാണ്. 58 ശതമാനത്തിലധികം സ്ത്രീകളും പൊലീസിനെ സമീപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല. അതേസമയം 42 മുതല്‍ 44 ശതമാനംവരെ സ്ത്രീകള്‍ പൊലീസുകാര്‍ ആ കുറ്റകൃത്യത്തെ നിസാരവല്‍ക്കരിച്ചു കാണുമെന്ന് ചിന്തിക്കുകയും ഇരകള്‍ സ്വന്തം കഷ്ടതയെ പഴിക്കുകയും ചെയ്തു. തെഹല്‍ക്ക നടത്തിയ കണ്ടെത്തലുകള്‍ ദേശീയ തലസ്ഥാന പ്രദേശത്തെ (എന്‍സിആര്‍) 30 പൊലീസ് സ്റ്റേഷനുകളില്‍നിന്നുമുള്ളാണ്. ഗുര്‍ഗോണ്‍, നോയ്ഡ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ ഒരു ഡസന്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച ഒളിക്യാമറകളില്‍ 17 സീനിയര്‍ കോണ്‍സ്റ്റബിള്‍മാര്‍ എല്ലാത്തിനും സ്ത്രീകളെ പഴിചാരുന്നത് പിടിക്കപ്പെട്ടു-സ്ത്രീകളുടെ വസ്ത്രധാരണരീതി, പബ്ബുകള്‍ സന്ദര്‍ശിക്കുക, മദ്യപിക്കുക, പുരുഷനൊപ്പം ജോലിചെയ്യുക ഇതൊക്കെയാണ് ബലാല്‍സംഗത്തിനുള്ള പ്രധാന കാരണങ്ങളെന്ന് അവര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അവരില്‍ ഭൂരിഭാഗംപേരും വിശ്വസിക്കുന്നത്, ബലാത്സംഗത്തിലെ യഥാര്‍ത്ഥ ഇരകള്‍ പൊലീസിനെ അഭിമുഖീകരിക്കില്ലെന്നും, അങ്ങനെ ചെയ്യുന്നവര്‍ അടിസ്ഥാനപരമായി പിടിച്ചുപറിക്കാരോ അതല്ലെങ്കില്‍ സദാചാര മൂല്യങ്ങളില്ലാത്തവരോ ആണെന്നാണ്. 19-ാം നൂറ്റാണ്ടിലെ മനോനിലവാരം വച്ചുപുലര്‍ത്തുന്ന ഈ പൊലീസ് ഉദ്യോഗസ്ഥവൃന്ദം വെളിപ്പെടുത്തുന്നത്, ഒരു തുറന്ന കമ്പോള സമ്പദ് വ്യവസ്ഥയില്‍ വ്യവസ്ഥാപിത മൂല്യങ്ങള്‍ പരിപോഷിപ്പിക്കപ്പെടുന്നതോടൊപ്പം സ്ത്രീയെ ചരക്കുവല്‍ക്കരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ്. ഇക്കാരണത്താലാണ് വനിതാ സംഘടനകള്‍, കൂടല്‍ വിവേചനശക്തിയും ഉത്തരവാദിത്തവുമുള്ള പൊലീസ് സേന വേണമെന്ന ആവശ്യം മുന്നോട്ടുവെയ്ക്കുന്നത്. കൂട്ട ബലാത്സംഗത്തിനെതിരെ ദേശീയതലസ്ഥാനത്ത് അതിവേഗം വളര്‍ന്ന പ്രതിഷേധങ്ങളെ മേല്‍ പരാമര്‍ശിച്ച പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കാണേണ്ടതുണ്ട്. ഈ പ്രതിഷേധങ്ങളുടെ പ്രതീകാത്മകമൂല്യമെന്തെന്നാല്‍ സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്തണമെങ്കില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നത് പ്രതിഫലിപ്പിക്കാന്‍ അതിനു കഴിഞ്ഞു എന്നതാണ്. വനിതാ സംഘടനകളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നെടുനാളായി അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ഈ അവസരത്തെ വിനിയോഗിക്കാനുള്ള തന്ത്രപരമായ സമീപനമാണ് അവരില്‍നിന്ന് കാലഘട്ടം ആവശ്യപ്പെടുന്നത്.

*
അര്‍ച്ചനാപ്രസാദ് ചിന്ത 18 ജനുവരി 2013

No comments: