Saturday, January 12, 2013

ശുചിത്വ മിഷനും എമര്‍ജിങ്ങ് കേരള മാലിന്യ സംസ്‌കരണപദ്ധതികളും

കേരളത്തില്‍ ഒരാധൂനിക മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ശുചിത്വ മിഷന്റെ ആഗോള രാപ്പകല്‍ പ്രവര്‍ത്തനം 2011 നവംബര്‍ മാസം മുതല്‍ തുടങ്ങിയതാണ്. ഇന്നുവരെ ഒരു ഇഷ്ടിക വയ്ക്കുവാനുള്ള പുരോഗതി ഉണ്ടായിട്ടില്ല. ആയതുകൊണ്ട് ശുചിത്വമിഷന്‍ പിരിച്ചുവിട്ട് മാലിന്യസംസ്‌കരണത്തിനുവേണ്ടി ഗവണ്‍മെന്റ് കമ്പനി വരുന്നു. കമ്പനിയുടെ രജിസ്‌ട്രേഷന്‍ ഘട്ടം വരെ കഴിഞ്ഞു. കേരളത്തിലെ ശുചിത്വമിഷന് എല്ലാവിധ അധികാര സ്വാതന്ത്ര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും മാലിന്യസംസ്‌കരണത്തിനുവേണ്ടി കഴിഞ്ഞ 12 വര്‍ഷമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ എന്നുള്ളത് നഗ്ന സത്യമാണ്.

വ്യക്തികള്‍ അനാവശ്യ വസ്തുക്കള്‍ സൂക്ഷിക്കില്ലായെന്നത് സാമൂഹ്യ മനശാസ്ത്രമാണ്. വ്യക്തികള്‍ ചേര്‍ന്ന സമൂഹം ഉപേക്ഷിക്കുന്ന മാലിന്യം സമൂഹാരോഗ്യത്തിന് തന്നെഹാനികരമാകുന്നതുകൊണ്ടാണ് മാലിന്യം ലോകത്ത് എല്ലായിടത്തും നഗരപിതാവിന്റെ സ്വത്തായി നിയമം വഴി പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യാരോഗ്യത്തിന് ഹാനികരമായ ചില സൂക്ഷ്മജീവികളും ജീര്‍ണ്ണനത്തിനുവേണ്ടി  ജൈവവസ്തുക്കളില്‍ സ്വയം ജനിക്കുന്നുണ്ട്. ഇവയുടെ എല്ലാ ഫലമാണ് ജൈവവസ്തുക്കളുടെ വളരെ വേഗത്തിലുള്ള ജീര്‍ണ്ണനം. മാലിന്യത്തില്‍ 80 ശതമാനവും ജൈവവസ്തുക്കളാണ്. ആവാസകേന്ദ്രങ്ങളില്‍ തുറസ്സായസ്ഥലത്ത് ജൈവവസ്തുക്കളുടെ ജീര്‍ണ്ണനം അനുവദിക്കുന്നത് മനുഷ്യാരോഗ്യത്തിന് വളരെ വളരെ ഹാനികരമാണ്. മാലിന്യം സംസ്‌കരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഒരു ഗവണ്‍മെന്റും കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല.

പൈപ്പ് കമ്പോസ്റ്റ്, റിങ്ങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് വഴി മാലിന്യം സംസ്‌കരിക്കുമ്പോള്‍ മനുഷ്യാരോഗ്യത്തിന് വളരെ ഹാനികരമായ രോഗാണുക്കളടങ്ങിയ മലിനജലം പുറത്തുവരുന്നു. രോഗാണുക്കള്‍ നശിക്കുന്നതിനുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന സഌറി 950 സെന്റിഗ്രേഡ് വരെ ചൂടാക്കണമെന്ന് നിയമമുണ്ടാക്കിയിരിക്കുന്നു.
കേരളത്തിലെ മണ്ണ്, വായു, ജലം മുതലായവ ശുചിത്വ മിഷന്റെ രൂപീകരണത്തിനു ശേഷം കൂടുതല്‍ മലിനീകരിക്കപ്പെട്ടു. ശുചിത്വമിഷന്‍ പിരിച്ചുവിട്ട്, മാലിന്യസംസ്‌കരണ കമ്പനി വന്നാലും കേരളത്തിലെ മണ്ണ്, വായു, ജലം മുതലായവയുടെ മലിനീകരണം ഒഴിവാക്കാന്‍ സാധ്യതയില്ല. കാരണം, ശുചിത്വ മിഷനില്‍ മാലിന്യസംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പ്രയോഗിക പരിചയമുള്ള വിദഗ്ധരല്ല. പ്രായോഗിക പരിചയമുള്ള അമല്‍കൃഷ്ണ, സജി, യേശുദാസ്, ജോയ്, എസ് കെ നായര്‍ മുതലായവരെ ശുചിത്വമിഷനോ, ഗവണ്‍മെന്റുദ്യോഗസ്ഥര്‍ക്കോ പരിചയമില്ല.

മാലിന്യസംസ്‌കരണത്തില്‍ പ്രായോഗിക പരിചയമില്ലാത്ത വ്യക്തികളെ ഉള്‍പ്പെടുത്തി കമ്പനി രൂപീകരിച്ചാല്‍ കേരളത്തിന് കൂടുതല്‍ സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് അനാരോഗ്യപ്രശ്‌നങ്ങളുമായിരിക്കും പരിണിത ഫലം. ആയതുകൊണ്ട് ശുചിത്വമിഷനില്‍ പ്രായോഗിക പരിചയമില്ലാത്തവരെ ഒഴിവാക്കി പ്രായോഗിക പരിചയമുള്ളവരെ നിയോഗിക്കുന്നതായിരിക്കും കേരളത്തിന്റെ പരിസ്ഥിതിക്ക് ഗുണം ചെയ്യുക.

ശുചിത്വ മിഷന്‍ അംഗങ്ങളുടെ പ്രായോഗിക പരിചയമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂര്‍ നഗരസഭ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്‌കരണകേന്ദ്രം. മാലിന്യഭോജിയായ ഡെലോകോക്കോയിഡ്‌സ് എത്തനോജിന്‍സ് സ്‌റേടയില്‍ 195 എന്ന കൃത്യമ ബാക്ടീരിയയോ മറ്റ് ഏതെങ്കിലും ഒരു മാലിന്യഭോജിയായ ബാക്ടീരിയയൊ അടങ്ങിയ ബയോകുലം ഉപയോഗിച്ചാണ് തൃശ്ശൂര്‍ മാലിന്യസംസ്‌കരണകേന്ദ്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്.

ശുചിത്വ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ ഈ മാലിന്യഭോജിയായ ബാക്ടീരിയ ഇനാകുലം അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് മുന്നറിയിപ്പ് നല്‍കുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയാകട്ടേ ഇനാകുലത്തെ അനാവശ്യവസ്തുവായി പ്രഖ്യാപിച്ചു. ഈ ഇനാകുലത്തെ ബയോകുലമാക്കി പേരുമാറ്റിയത് തിരിച്ചറിയാത്തവരാണ് ശുചിത്വമിഷന്‍ മേധാവികള്‍!.

ശുചിത്വ മിഷന്‍ അംഗങ്ങളുടെ പ്രായോഗിക പരിചയമില്ലായ്മയുടെ മറ്റൊരു വലിയ ഉദാഹരണമാണ് തിരുവനന്തപുരം നഗരത്തിലെ മൊബൈല്‍ ഇന്‍സിനറേറ്റര്‍. കേന്ദ്രനഗര മാലിന്യ സംസ്‌കരണ നിയമം 2000 ത്തില്‍ ഷെഡ്യൂള്‍ 2 ല്‍ 5 ല്‍ ജൈവവസ്തുക്കള്‍ ജൈവ സംസ്‌ക്കരണത്തിലൂടെ മാത്രമെ സംസ്‌ക്കരിക്കാന്‍ പാടുള്ളു എന്ന് വ്യക്തമാക്കുന്നു. താപമോചന പ്രവര്‍ത്തനങ്ങള്‍ ഈ നിയമത്തിലെ ഡിസ്‌പ്പോസല്‍ എന്ന വാക്കിന്റെ നിര്‍വചനത്തിന്റെ പരിതിയില്‍ വരുകയുമില്ല.

തിരുവനന്തപുരം നഗരസഭയിലെ മാലിന്യസംസ്‌ക്കരണത്തിനുള്ള ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ നിയമതടസ്സങ്ങള്‍ ഉണ്ട്. അന്താരാഷ്ട്ര ധാരണക്ക് എതിരും അപമാനവുമാകും.
ശുചിത്വ മിഷന്‍ തയ്യാറാക്കി കെ എസ് ഐ ഡി സി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച എമര്‍ജിങ്ങ് കേരളയുടെ മാലിന്യ സംസ്‌കരണത്തിനുവേണ്ടിയുള്ള എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ പ്രോജക്റ്റ് റിക്വസ്റ്റു പരിശോധിച്ചാല്‍ ഈ പദ്ധതികളും തയ്യാറാക്കിയിരിക്കുന്നത് പുസ്തകപഠന വിദഗ്ധരാണെന്ന് (പ്രയോഗിക പരിചയമില്ലാത്തവര്‍) വ്യക്തമാണ്. കേരളത്തിലെ പ്രായോഗിക പരിചയമില്ലാത്ത പുസ്തകപഠന വിദഗ്ദര്‍ തയ്യാറാക്കിയ എമര്‍ജിങ്ങ് കേരളയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നമുക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. വിദേശങ്ങളില്‍ മാലിന്യ സംസ്‌ക്കരണം ലാഭകരമായ വ്യവസായമാണ്. കേരളത്തിലെ മാലിന്യസംസ്‌ക്കരണ ജൈവവള വ്യവസായം പരാജയപ്പെടുത്തിയതെന്ന് ഈ പുസ്തകപഠന വിദഗ്ദരാണ്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം 100 കോടിയില്‍ പരം.

കേരളത്തിലെ പുസ്തക പഠന വിദഗ്ധര്‍ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച സമയത്തെ  വീഡിയോ ക്ലിപ്പിങ്ങും ടെലിഫോണ്‍ സൗണ്ട്ട്രാക്കും നിരീക്ഷിക്കാന്‍ അവസരം ലഭിച്ചു. വിദഗ്ധരില്‍ ഒരാള്‍ക്കുമാത്രമേ പ്രായോഗിക പരിജ്ഞാനമുള്ളൂ എന്ന് വ്യക്തം. ഒരു വിദഗ്ധന്‍ മൈക്രോബ് കള്‍ച്ചറിങ്ങ് ടാങ്കില്‍ കുമ്മായം കലര്‍ത്തുവാന്‍ നിര്‍ദ്ദേശിക്കുന്നു!!! (കള്‍ച്ചറിങ്ങ് ടാങ്കുകളില്‍ കുമ്മായം കലര്‍ത്തിയാല്‍ മൈക്രോബ്‌സ് നശിക്കും) കേരളത്തിലെ ഇതുപൊലെയുള്ള പ്രായോഗിക പരിചയമില്ലാത്ത പുസ്തകപഠന വിദഗ്ദര്‍ തയ്യാറാക്കിയ എമര്‍ജിങ്ങ് കേരളയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നമുക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്.

കേരളത്തിനു മോക്ഷം കിട്ടുന്നതിനുവേണ്ടി സ്വബോധമുള്ള ഒരു വ്യക്തിയും സ്വന്തം പണം മുടക്കി പൊതു-സ്വകാര്യമേഖലയില്‍ ഒരു വ്യവസായവും ആരംഭിക്കില്ല. പ്രത്യേകിച്ച് മാലിന്യസംസ്‌കരണ വ്യവസായത്തില്‍. മേല്‍ വ്യക്തമാക്കിയത് സാമ്പത്തിക, സാമൂഹിക ശാസ്ത്രമാണ്. നല്ല സാമ്പത്തിക ശാസ്ത്ര ലക്ഷ്യത്തിനുപുറമെ മറ്റുലക്ഷ്യങ്ങളാണ് വ്യാവസായിക സംരംഭകന് എങ്കില്‍ ആ ലക്ഷ്യം എന്തെന്ന് സമൂഹം തീര്‍ച്ചയായും പഠിച്ചിരിക്കണം.

ഒന്നരക്കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച മാലിന്യ സംസ്‌കരണശാലയുടെ സംരംഭകര്‍ ഏഴരക്കോടി രൂപ നഷ്ടപരിഹാരം വാങ്ങിയാണ് 60 ഏക്കര്‍ ഭൂമി നഗരസഭക്ക് തിരികെ നല്‍കിയത്.

ശാസ്ത്രീയമായി മാലിന്യസംസ്‌കരണം നടത്തുമെന്ന് രേഖപ്പെടുത്തിയശേഷം അശാസ്ത്രീയമായും, മാലിന്യസംസ്‌കരണ നിയമം 2000 ത്തിന് വിരുദ്ധമായും മാലിന്യസംസ്‌കരണം നടത്തി ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചുകൊണ്ടിരിക്കുന്ന കോട്ടയം നഗരസഭയുടെ മാലിന്യസംസ്‌കരണ സംരംഭകരില്‍ നിന്നും ഏഴരഏക്കര്‍ ഭൂമി നഗരസഭക്കുതിരിച്ചുകിട്ടണമെങ്കില്‍ മുതല്‍ മുടക്കിന്റെ 125 ശതമാനം ഏകദേശം 6 കോടിയില്‍പ്പരം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

എമര്‍ജിങ്ങ് കേരളയുടെ വെബ്‌സൈറ്റില്‍ കോഴിക്കോട് നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതിക്കുവേണ്ടി 200 കോടി രൂപയും എറണാകുളം നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതിക്കുവേണ്ടി 350 കോടി രൂപയും മുതല്‍ മുടക്കുന്ന സ്വകാര്യ സംരംഭകരെയുമാണ് കെ എസ് ഐ ഡി സി തേടിയിരുന്നത്. എമര്‍ജിങ്ങ് കേരളയുടെ രേഖകള്‍ പ്രകാരം കോഴിക്കോട് നഗരസഭയുടെ 200 ടണ്‍ മാലിന്യ സംസ്‌കരണത്തിനുവേണ്ടി 200 കോടി രൂപ സ്വകാര്യ സംരംഭകര്‍ മുതല്‍ മുടക്കണം. ബാങ്ക് പലിശയും റിസ്‌ക് ഫാക്റ്ററും ലാഭവും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം 3 കോടി രൂപയെങ്കിലും നിക്ഷേപകന് ന്യായമായി തിരിച്ചുകിട്ടണം.

മാലിന്യസംസ്‌കരണ നിയമം 2000 പ്രകാരം സംസ്‌കരണവ്യവസായങ്ങള്‍ ആരംഭിച്ചാല്‍ 200 ടണ്‍ മാലിന്യത്തില്‍ നിന്നും പ്രതിമാസം 3 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നത് ശാസ്ത്ര സത്യമാണ്. ശുചിത്വ മിഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ നഗരമാലിന്യത്തില്‍ 70 ശതമാനം ജലവും 10 ശതമാനം പേപ്പറും 10 ശതമാനം വരെ പ്ലാസ്റ്റിക്കും 10 ശതമാനം വരെ ഗ്ലാസ്, കല്ല് മുതലായ ഖരവസ്തുക്കളുമാണ്. 200 ടണ്‍ മാലിന്യത്തില്‍ ഉത്പാദനത്തിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നത് 40 ടണ്‍ ജൈവവസ്തുക്കളും 20 ടണ്‍ പ്ലാസ്റ്റിക്കുമാണ്. 40 ടണ്‍ ജൈവവസ്തുക്കള്‍ മാലിന്യ സംസ്‌കരണനിയമം 2000 പ്രകാരം ബയോളജിക്കല്‍ പ്രോസസ്സിലൂടെ ഊര്‍ജ്ജോല്‍പാദനം നടത്തിയാല്‍ എണ്ണായിരം യൂണിറ്റ്

വൈദ്യുതിയും 12 ടണ്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും 30 ടണ്‍ ജൈവവളവുമാണ് ലഭിക്കുക. ഇവയുടെ വില്‍പ്പനവില 2,60,000രൂപ. (വൈദ്യുതിയുടെ വില 40,000 രൂപ, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില 1,00,000 രൂപ. 30 ടണ്‍ ജൈവവളത്തിന്റെ വില 1,20,000 രൂപ.) പ്രതിദിനം ഉല്‍പാദന ചെലവും യന്ത്ര തേയ്മാനവും ഏകദേശം 1,50,000 രൂപയുടെ ചെലവും വരും. വരുമാനം 2,60,000 രൂപയില്‍ നിന്നും ചെലവ് 1,50,000 രൂപ കഴിച്ചാല്‍ മിച്ചം 1,10,000 രൂപ. സ്വകാര്യ സംരംഭകന് പ്രതിമാസം ലഭിക്കുന്നത് 33 ലക്ഷം രൂപ. സ്വകാര്യ സംരംഭകന് 3 കോടി രൂപ ലഭിക്കുവാന്‍ കോര്‍പ്പറേഷന്‍ നല്‍കേണ്ടിവരുന്നത് 2 കോടി 67 ലക്ഷം രൂപ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 40 ടണ്‍ മാലിന്യ സംസ്‌കരണത്തിനുവേണ്ടി 70 കോടി രൂപ മുതല്‍ മുടക്കേണ്ടിവരുന്ന സ്വകാര്യ സംരംഭകന്റെയും കോര്‍പ്പറേഷന്റെയും അവസ്ഥ മേല്‍ വിവരിച്ചതില്‍ നിന്നും വ്യത്യസ്തമാകില്ല. ഭീകരമാകാനേ സാധ്യതയുള്ളൂ.

കേരളത്തിന് പ്രായോഗികമായ മാലിന്യ സംസ്‌ക്കരണ പദ്ധതി യൂറോപ്യന്‍ സ്റ്റാഡേര്‍ഡിലുള്ള 10 ടണ്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കുകയെന്നതാണ്. ജൈവവാതകം 250 നഗരവാസികള്‍ക്ക് പൈപ്പ്‌ലൈന്‍ വഴി പാചകത്തിന് നല്‍കുവാനും പാസ്ചറൈസ് ചെയ്ത ലിക്വിഡ് മനുവര്‍ കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിതരണം ചെയ്യുവാനും സാധിക്കും. ദിവസവും വേര്‍തിരിക്കുന്ന പ്ലാസ്റ്റിക്ക് നഗരത്തിന് പുറത്തു കൊണ്ടുപോയി സംസ്‌ക്കരിക്കുവാന്‍ കഴിയുമെന്നത് ഈ മാതൃകയുടെ മികച്ച നേട്ടവുമാണ്.

ശുചിത്വ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ 2008 ലെ സയന്‍സ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ പ്രതിദിനം 6000 ടണ്ണിലധികം മാലിന്യം ഉണ്ട്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ 34 മുതല്‍ 45 വരെ മീറ്റര്‍ ക്യൂബ്, ബയോഗ്യാസ് ലഭിക്കുന്നുണ്ട്. 6000 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാല്‍ ചെയ്താല്‍ ഒന്നരലക്ഷം വീടുകള്‍ക്ക് പാചകവാതകം വിതരണം ചെയ്യുവാന്‍ കഴിയും.

ജനപങ്കാളിത്ത്വത്തോടെ സോഷ്യല്‍ മാനേജ്‌മെന്റ് ആന്റ് ഓഡിറ്റിങ്ങ് വഴി പ്രാവര്‍ത്തിക്കാമാക്കാന്‍ കഴിയുന്ന ഈ പദ്ധതിയ്ക്ക് പ്രതിദിനം ഒന്നരലക്ഷം വീടുകളില്‍ നിന്നും 15 രൂപ വീതം പാചകവാതകത്തിന്റെ വിലയായി ഈടാക്കിയാല്‍ 22 ലക്ഷം രൂപ ലഭിക്കും. പാചകവാതകം വൈദ്യുതിയാക്കിമാറ്റുമ്പോള്‍ ഉണ്ടാകുന്ന കണ്‍വെര്‍ഷന്‍ലോസ്സും വൈദ്യുതി പാചകത്തിനുവേണ്ടി താപമാക്കിമാറ്റുമ്പോഴുണ്ടാകുന്ന കണ്‍വെര്‍ഷന്‍ലോസ്സും ഒഴിവാകുന്നു. ലാഭം 60 ശതമാനം.

പത്ത് ടണ്‍ സംസ്‌കരണശേഷിയുള്ള യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുവാന്‍ 20 സെന്റ് സ്ഥലത്തില്‍ താഴെ ഭൂമിയെ വേണ്ടു. നഗരമധ്യത്തില്‍ തന്നെയാകാം. ഉദാ. അയാങ്ങ്‌സിറ്റി കൊറിയ. പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 3 - 4 കേന്ദ്രീകൃതപ്ലാന്റുകളും ആകാം. 10 ടണ്‍ മാലിന്യസംസ്‌കരണപ്ലാന്റിന് മുതല്‍ മുടക്ക് ഏകദേശം 3 കോടി രൂപയോളം വരും.

ആലപ്പുഴ, ഇരിങ്ങാലക്കുട, ലാലൂര്‍, തലശ്ശേരി എന്നീ നഗരസഭകളിലെ നൈറ്റ് സോയില്‍പ്ലാന്റുകള്‍ ഈ രീതിയിലുള്ള യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോറിയാക്റ്ററുകളായി മാറ്റുവാന്‍ കഴിയുന്നതാണ്. ലാലൂരിലെ 40 ടണ്‍ മാലിന്യസംസ്‌കരണശേഷി വരെ ലഭിക്കാവുന്ന നൈറ്റ് സോയില്‍പ്ലാന്റിന്റെ വ്യാവസായികമൂല്യം 8 കോടി രൂപയിലധികമാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്നുള്ള മോചനവും ഗ്യാസ് ടാങ്കര്‍ ലോറികള്‍ സൃഷ്ടിക്കുന്ന ക്യാപ്‌സൂള്‍ ബ്ലാസ്റ്റ് ഭീതിയും ഒഴിവാകുന്നു. കൃഷിക്കാരന് ഉത്തമ ജീവവളവും രാഷ്ട്രത്തിന് പെട്രോളിയം ഇറക്കുമതിയിലൂടെ നഷ്ടപ്പെടുന്ന വിദേശപണവും ലാഭം. പക്ഷേ ഈ സാമൂഹിക പദ്ധതി പുസ്തക പഠന വിദഗ്ധര്‍ക്ക് സ്വീകാര്യമാകുമോ?

*
സുധീഷ് മേനോന്‍ ജനയുഗം

No comments: