Thursday, January 17, 2013

ഈ പോരാട്ടം നാടിനുവേണ്ടി

കേരളത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ അനിശ്ചിതകാല പണിമുടക്ക് സമരം ആറുദിവസം പിന്നിട്ടശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിക്കുകയാണുണ്ടായത്. ഈ സമരം പിന്‍വലിക്കുമ്പോഴും സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരായ പോരാട്ടം തുടരുമെന്ന് സമരസമിതി വ്യക്തമാക്കുകയുംചെയ്തു.

ഈ സമരം രാഷ്ട്രീയപ്രേരിതമാണെന്നും ജീവനക്കാര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നുമാണ് സമരത്തെ എതിര്‍ത്ത ആളുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, ഇത്തരം വാദമുന്നയിക്കുന്നവര്‍ സാര്‍വദേശീയതലത്തില്‍ത്തന്നെ ഉയര്‍ന്നുവന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളെക്കുറിച്ച് മനസിലാക്കാനോ അതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനോ തയ്യാറായിട്ടില്ല. പെന്‍ഷന്‍ പദ്ധതികളില്‍ മാറ്റം വരുത്തുന്നതിനെതിരായ സമരങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്പ് ഇളകിമറിയുകയായിരുന്നു. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും എന്തിനേറെ മാധ്യമപ്രവര്‍ത്തകര്‍പോലും ആ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ തട്ടിപ്പറിക്കാനുള്ള നീക്കത്തിനെതിരായ സമരമായിരുന്നു ഇവയെല്ലാം.

കേരളത്തിലെ ജീവനക്കാരും അധ്യാപകരും പ്രക്ഷോഭരംഗത്തിറങ്ങിയത് ഇതിന് സമാനമായ അന്തരീക്ഷത്തിലാണ്. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുക, തസ്തിക വെട്ടിക്കുറയ്ക്കുക, നിയമനിരോധനം നടപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് ഇവിടെയും കൊണ്ടുവന്നത്. ഇത് നിലവിലെ ജീവനക്കാര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞ് അവരെ ഭിന്നിപ്പിക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍, ഇതിനു പിന്നിലുള്ള ചതിക്കുഴി തിരിച്ചറിയുകയും ഭാവിയില്‍ തങ്ങളുടെ ആനുകൂല്യങ്ങളെല്ലാം പിടിച്ചെടുക്കുന്നതിനുള്ള മുന്നോടിയാണെന്ന അറിവു കൂടി വച്ചാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്.

ഈ പ്രക്ഷോഭം ജീവനക്കാര്‍ മുമ്പ് നടത്തിയ പല പ്രക്ഷോഭങ്ങളില്‍നിന്നും വ്യത്യസ്തമായ മാനങ്ങള്‍ ഉള്ളതായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അതുവരെയുള്ള ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല എന്നതാണ്. അവര്‍ക്കുകൂടി ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കണം എന്നതായിരുന്നു ഈ പ്രക്ഷോഭത്തിന്റെ പ്രധാന ഉദ്ദേശ്യം. കുട്ടികളുടെ പഠനകാര്യത്തില്‍ ഏറ്റവും ജാഗ്രത കാണിക്കുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത്. അവര്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സുരക്ഷിതമായ ഒരു തൊഴിലാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. അവരുടെ അത്തരം സ്വപ്നങ്ങളെപ്പോലും തകര്‍ക്കുന്ന വിധത്തിലുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ അതിനെതിരെയാണ് ജീവനക്കാര്‍ ഈ പ്രക്ഷോഭം നടത്തിയത്. അതുകൊണ്ടാണ് ഭാവിതലമുറയെ സ്നേഹിക്കുന്ന ജനങ്ങളുടെ വിപുലമായ പിന്തുണ ഈ സമരത്തിന് ഉണ്ടായത്.

കേരളത്തില്‍ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് അത്തരം അവകാശങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതും നടപ്പാക്കപ്പെട്ടതും. എന്നാല്‍, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നതോടെ ഇത്തരം പദ്ധതികളുടെ ഭാവിയും അവതാളത്തിലാകും എന്ന് കണ്ടാണ് സമരത്തെ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗം പിന്തുണയ്ക്കാന്‍ തയ്യാറായത്. അതായത്, കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗംകൂടിയായിരുന്നു ജീവനക്കാരുടെ സമരം. കേരളത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ജനങ്ങള്‍ക്ക് വിവിധ രീതിയിലുള്ള സേവനങ്ങള്‍ സൗജന്യമായിത്തന്നെ സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ വിദഗ്ധരായ ആളുകളെ ലഭിക്കുന്ന നിലയുണ്ടായത് ആകര്‍ഷണീയമായ സേവന- വേതനവ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ്. എന്നാല്‍, ഇത്തരം ആനുകൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നതോടെ സര്‍ക്കാര്‍ മേഖല അനാകര്‍ഷകമാവുകയും അവിടെ മിടുക്കരായവരെ ലഭിക്കുന്നതിന് തടസ്സമുണ്ടാവുകയുംചെയ്യും.

ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അതിനാല്‍ സേവനമേഖലകളുടെ ഗുണനിലവാരം സംരക്ഷിക്കാനും അതുവഴി ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനുമുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ സമരം. ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന കാര്യം ഇടതുപക്ഷ സര്‍ക്കാരുകളാണ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും എന്നതാണ്. പങ്കാളിത്ത പെന്‍ഷന് ഇടതുപക്ഷം ഭരിക്കാത്ത സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയപ്പോള്‍ അതിനെ പ്രതിരോധിച്ചത് ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളായിരുന്നു. ഇടതും വലതും ഒരുപോലെയാണ് എന്ന് പ്രചരിപ്പിക്കുന്ന അരാഷ്ട്രീയവാദികളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ഈ വസ്തുത. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതുകൊണ്ട് കേരളത്തിലും അത്തരത്തില്‍ വേണമെന്ന് ഇതിന്റെ വക്താക്കള്‍ വാദിക്കുന്നതു കേട്ടു. ഇന്ത്യയില്‍ സമഗ്രമായ ഭൂപരിഷ്കരണം നടന്ന സംസ്ഥാനങ്ങളാണ് മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളും. മറ്റ് സംസ്ഥാനങ്ങളില്‍ അതുപോലെ ഭൂപരിഷ്കരണം നടന്നില്ല എന്നതിനാല്‍ ബഹുഭൂരിപക്ഷത്തിന്റെയും മാതൃക പിന്തുടര്‍ന്ന് ഭൂപരിഷ്കരണവും ഇല്ലാതാക്കണം എന്ന വാദവും നാളെ ഇത്തരക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഒരു ജനത സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷേമപദ്ധതികളെ തകര്‍ക്കുന്നതിനുള്ള ഇത്തരം ന്യായവാദങ്ങളെ പ്രതിരോധിച്ചു മാത്രമേ കേരളത്തിന്റെ ഉജ്വലമായ നേട്ടങ്ങളെ സംരക്ഷിക്കാനാകൂ. അവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജീവനക്കാരും അധ്യാപകരും നടത്തിയ ഈ സമരം. ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം എന്നതിനപ്പുറത്ത് നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും നമ്മുടെ സേവന മേഖലകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും ഭാവിതലമുറയുടെ ജീവിതം ശോഭനമാക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു ഇത്. ഇത്തരത്തിലുള്ള ജനകീയ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഇത് എന്ന് തിരിച്ചറിഞ്ഞാണ് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി തയ്യാറായത്.

എന്നാല്‍, ഈ പ്രക്ഷോഭത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമാകുന്ന തരത്തിലായിരുന്നില്ല. പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചപോലും നടത്താന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ സമീപനം. മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടും അങ്ങനെയൊന്ന് ഇല്ലെന്ന പ്രസ്താവന ഇറക്കുന്നതിനുപോലും മുഖ്യമന്ത്രി തയ്യാറായി എന്നത് അദ്ദേഹം ഈ സമരത്തോട് സ്വീകരിച്ച ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതും സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്ന സ്ഥിതി ഉണ്ടായതും. അതുപോലെ, ഈ സമരത്തെ നേരിടുന്നതിന് ഗുണ്ടകളെ ഇറക്കുന്ന നിലപാട് പലയിടങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ സ്വീകരിച്ചു. പൊലീസാവട്ടെ, സ്ത്രീകളെപ്പോലും അപമാനിക്കുന്നതിനും തയ്യാറായി. കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനും കള്ളക്കണക്കുകള്‍ അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നതിനും സര്‍ക്കാര്‍ സന്നദ്ധമായി.

മറ്റൊരു വിചിത്രമായ സമ്പ്രദായമുണ്ടായത് കെഎസ്യുക്കാരില്‍നിന്നാണ്. ഭാവിതലമുറയ്ക്ക് പെന്‍ഷന്‍ ഉറപ്പിക്കുന്നതിനുള്ള സമരത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം വിദ്യാര്‍ഥികളുടെ ഭാവിജീവിതം ഭദ്രമാക്കുന്നതിന് നടത്തിയ പോരാട്ടത്തിനോടൊപ്പം അണിചേര്‍ന്നില്ല. മാത്രമല്ല, സമരത്തെ തകര്‍ക്കുന്നതിന് ഗുണ്ടകളെയും കൂട്ടിവന്ന് ജീവനക്കാരെയും അധ്യാപകരെയും ആക്രമിക്കുന്ന സ്ഥിതിവരെ ഉണ്ടായി. 1957 ലെ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു കൂടി അനുകൂലമായി നടത്തിയ പരിഷ്കാരങ്ങളെ തകര്‍ക്കുന്നതിന് സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കുവേണ്ടി റോഡില്‍ ഇറങ്ങിയതിന്റെ ആവര്‍ത്തനം കൂടിയായിരുന്നു ഇത്. പക്ഷേ, അന്നത്തെപ്പോലെ വിദ്യാര്‍ഥികളെ ഇതിനു പിന്നില്‍ അണിനിരത്താനായില്ല എന്നത് കേരളത്തിലെ വിദ്യാര്‍ഥികള്‍ ആര്‍ജിച്ച രാഷ്ട്രീയബോധത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു. പണിമുടക്കിനെ തകര്‍ക്കാന്‍ ഒരുകൂട്ടം ജീവനക്കാര്‍തന്നെ ശ്രമിച്ചു. അതിന് ആഗോളവല്‍ക്കരണ നയത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചു. തങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ലഭിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഭാവിയിലെങ്കിലും ഇവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി കൂട്ടുനിന്നവര്‍ എന്ന നിലയില്‍ ഭാവിതലമുറ ഇവരെ കാണുകതന്നെ ചെയ്യും.

സര്‍വീസില്‍ പുതുതായി എത്തിച്ചേരുന്ന സഹപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ലഭിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചവര്‍ തങ്ങള്‍ക്കപ്പുറം ലോകമില്ലെന്നാണ് കണ്ടതെന്ന് ചരിത്രം വിലയിരുത്താതിരിക്കില്ല. സഹപ്രവര്‍ത്തകരായി മാറാന്‍ പോകുന്നവര്‍ എങ്ങനെ ജീവിച്ചാലും പ്രശ്നമില്ലെന്ന ഇവരുടെ മനോഭാവം കേരളത്തിന്റെ സാമൂഹ്യബോധത്തിനുതന്നെ കളങ്കമേല്‍പ്പിക്കുന്നതായി. ഈ സമരംകൊണ്ട് എന്തു നേടി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഈ സമരത്തിന്റെ പ്രധാനപ്പെട്ട നേട്ടം മിനിമം പെന്‍ഷന്‍ ഉറപ്പാക്കി എന്നതാണ്. പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിച്ച് നാടിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയിലേക്കും ഈ സമരം വികസിച്ചു. മാത്രമല്ല, ഈ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിനുള്ള ഉറപ്പും നേടിയെടുക്കാനായി. മാത്രമല്ല, എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുമുമ്പ് സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള തീരുമാനവും ഉണ്ടായി. ഇത്തരത്തില്‍ ജീവനക്കാരുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ സമരത്തിലൂടെ കഴിഞ്ഞു എന്നതാണ് വസ്തുത. ജീവനക്കാര്‍ സ്വന്തം ആവശ്യങ്ങള്‍മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് വാദിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൂടിയായിരുന്നു ഈ സമരം.

കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യബോധത്തിന്റെ തിളങ്ങുന്ന അധ്യായമായി കേരളത്തിന്റെ സാമൂഹ്യചരിത്രം പഠിക്കുന്നവര്‍ ഈ സമരത്തെ വിലയിരുത്തും. ഈ സമരത്തില്‍ ഏറെ നേട്ടങ്ങള്‍ ജീവനക്കാരും അധ്യാപകരും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ഇനിയും നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുതകുന്ന സമീപനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായി കൊണ്ടുവന്ന നിരവധി തെറ്റായ നിയമങ്ങള്‍ തിരുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവുകയുണ്ടായി. ഇപ്പോള്‍ യുഡിഎഫ് നടപ്പാക്കുന്ന നയങ്ങളില്‍ ജനവിരുദ്ധമായി വരുന്ന എല്ലാ നിയമങ്ങളും തിരുത്തി മുന്നോട്ടുപോകുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരായി ഉയര്‍ന്നുവന്ന എല്ലാ കരിനിയമങ്ങളും പ്രതിരോധിച്ച പാരമ്പര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കും. തങ്ങളുടെ പെന്‍ഷന്‍ സംരക്ഷിക്കുന്നതിനോടൊപ്പം, നാടിന്റെ ഭാവിക്കുവേണ്ടിയും നടത്തിയ ഈ പോരാട്ടത്തില്‍ ജീവനക്കാരും അധ്യാപകരും സഹിച്ച ത്യാഗങ്ങള്‍ വെറുതെയാകില്ല. തങ്ങള്‍ക്കുവേണ്ടി സമരം നടത്തിയ ജീവനക്കാരെയും അധ്യാപകരെയും ഭാവിതലമുറ സ്നേഹത്തോടും ബഹുമാനത്തോടും അനുസ്മരിക്കും. ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുന്ന ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. അത് പിന്തുടരുക തന്നെചെയ്യും.

*
പിണറായി വിജയന്‍ ദേശാഭിമാനി 17 ജനുവരി 2013

2 comments:

K.P.Sukumaran said...

തീർച്ചയായും നാടിനു വേണ്ടിയുള്ള പോരാട്ടമാണിത്. ഇത്തരം പോരാട്ടങ്ങൾ മാത്രമാണു ഇനി തൊഴിലാളിവർഗ്ഗത്തിനു രക്ഷ.

Stockblog said...

how can you say this strike is for the nation? Now social security is guaranteed only for Govt.Employs. They are minority in our country. PFRDA Bill is aimed to make such a social security to all. You are fighting against it and saying it is for the nation.......... Ha ha ha