Tuesday, January 29, 2013

ജനാധിപത്യത്തിന്റെ ഉദകക്രിയയോ?

യുഡിഎഫിലെ ഏതെങ്കിലും ഒരു ഘടകകക്ഷി ഉമ്മന്‍ചാണ്ടിഭരണത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ല. പരാതിയും രോഷവുമില്ലാത്ത ഒരു കക്ഷിയും ഇന്ന് ആ മുന്നണിയിലില്ല. അതിനെ നയിക്കുന്ന കോണ്‍ഗ്രസില്‍നിന്നാണ് ഭരണത്തെക്കുറിച്ച് ഏറ്റവും കടുത്ത എതിര്‍പ്പുയരുന്നത്. യുഡിഎഫിന്റെയോ ഘടകങ്ങളുടെയോ രാഷ്ട്രീയനിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നില്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. ജാതി- മത സങ്കുചിത ശക്തികളുടെ ഏകീകരണം സൃഷ്ടിച്ച് വോട്ടുബാങ്കുകള്‍ സമാഹരിച്ചാണ് തീര്‍ത്തും സാങ്കേതികമായ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് എത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപീകരിച്ചതും. സത്യപ്രതിജ്ഞചെയ്ത നിമിഷംമുതല്‍ ആ അവിഹിതവിജയത്തിന്റെ ഫലം സര്‍ക്കാരും ജനങ്ങളും അനുഭവിച്ചുതുടങ്ങി. തെരഞ്ഞെടുപ്പില്‍ തുണച്ച വിവിധ വിഭാഗങ്ങളുടെ പ്രീതി പിടിച്ചുപറ്റാനും അവരില്‍ അതൃപ്തിയുണ്ടാകാതിരിക്കാനുമുള്ള അഭ്യാസമായി ഭരണം അധഃപതിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപടികള്‍ക്ക് രൂപംനല്‍കുന്നതും ബാഹ്യശക്തികളാണെന്ന ആക്ഷേപം ഭരണകക്ഷികള്‍തന്നെ ഉയര്‍ത്തുമ്പോള്‍, കൂടുതല്‍ ഉദാഹരണങ്ങള്‍ തേടി പോകേണ്ടതില്ല.

യുഡിഎഫിന്റെ ഏറ്റവും ഉയര്‍ന്ന നേതാവ് എ കെ ആന്റണിയാണെന്നതില്‍ തര്‍ക്കമില്ല. ആ ആന്റണിതന്നെ ഭരണത്തെക്കുറിച്ച് തികഞ്ഞ അവജ്ഞയോടെയും നൈരാശ്യത്തോടെയും സംസാരിക്കുന്നത് നാം പലതവണ കേട്ടു. ബാഹ്യശക്തികള്‍ ഭരണത്തില്‍ചെലുത്തുന്ന ദുഃസ്വാധീനം പരിധിവിടുന്നത് കണ്ട് ആന്റണി പരസ്യമായി ക്ഷോഭം പ്രകടിപ്പിച്ചതും ഭരണരംഗത്തെ അഴിമതിയെക്കുറിച്ച് മറയില്ലാതെ വിമര്‍ശമുയര്‍ത്തിയതും യുഡിഎഫ് നേതൃത്വത്തിന്റെ കര്‍ണങ്ങളില്‍മാത്രമാണ് പതിയാതിരുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് കുത്തിവാങ്ങിയതാണ് അഞ്ചാംമന്ത്രിസ്ഥാനം. പരിസ്ഥിതിനാശത്തിന്റെ അംബാസഡറായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് പ്രതിപക്ഷം മാത്രമല്ല. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മൂന്നേമൂന്നുപേര്‍ മതിയെന്നിരിക്കെ അഞ്ച് എംഎല്‍എമാരാണ് പരിസ്ഥിതിപ്രശ്നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ആ എംഎല്‍എമാരും സര്‍ക്കാര്‍ ചീഫ് വിപ്പും തമ്മില്‍ നഗ്നമായ വഴക്ക് നടക്കുന്നു. ഏതു പക്ഷത്താണ് ന്യായമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുന്നില്ല. അവിടെയും ഇരുകൂട്ടരെയും പ്രീണിപ്പിച്ച് പരിസ്ഥിതിയെ കച്ചവടക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. നെല്ലിയാമ്പതിയിലെ വനഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തീരുമാനിക്കേണ്ടിവരുന്നതും ഇതിന്റെ തുടര്‍ച്ചതന്നെ. പരിസ്ഥിതിയും വനവും ജൈവസമ്പത്തുമൊന്നുമല്ല, ഒരുനിമിഷമെങ്കില്‍ അത്രയും ഭരണം നീട്ടിക്കിട്ടുന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പ്രധാനം. പി സി ജോര്‍ജ് എന്ന കേരള കോണ്‍ഗ്രസിലെ അപ്രധാന നേതാവിനാല്‍പ്പോലും ഭരിക്കപ്പെടുകയാണ് ഉമ്മന്‍ചാണ്ടി. നെല്ലിയാമ്പതിവിഷയത്തില്‍ ജോര്‍ജിന്റെ ദുരൂഹതാല്‍പ്പര്യങ്ങള്‍ക്കനുസൃതമാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍. ഭരണത്തില്‍ ആകെ നടക്കുന്ന പ്രവര്‍ത്തനം റോഡുപണിയാണെന്നു പറയാം. ജനങ്ങള്‍ നല്ല വഴിയിലൂടെ യാത്രചെയ്യട്ടെ എന്ന പ്രജാക്ഷേമ താല്‍പ്പര്യമല്ല അതിനുപിന്നില്‍. റോഡ്- കലുങ്ക്- പാലം പണിയടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണക്കില്ലാത്ത കൈക്കൂലി ലഭിക്കാവുന്ന മേഖലയായാണ് യുഡിഎഫ് നേതൃത്വം കാണുന്നത്. അതുകൊണ്ടാണ് റേഷന്‍കടയില്‍ അരിയില്ലെങ്കിലും നിര്‍മാണപ്രവര്‍ത്തനത്തിലെ സാധ്യത;ഊറ്റിയെടുക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാകുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ സ്തംഭനത്തിലാണ്. പദ്ധതിനിര്‍വഹണം മുടങ്ങി. സഹകരണമേഖലയെ അവിഹിതമാര്‍ഗത്തിലൂടെ വെട്ടിപ്പിടിക്കാന്‍ ആസൂത്രിതനീക്കം പുരോഗമിക്കുന്നു. വിദ്യാഭ്യാസരംഗം ഇതുപോലെ കുത്തഴിഞ്ഞ മറ്റൊരു ഘട്ടമുണ്ടായിട്ടില്ല. ചുരുക്കത്തില്‍, ഓരോവകുപ്പും ഓരോ സാമ്രാജ്യമായി. അരാജകത്വം ഭരണത്തിന്റെ മുഖമുദ്രയായി. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ ഭീഷണി ഈ സാഹചര്യത്തിലാണ് ഗൗരവചര്‍ച്ചയ്ക്കുള്ള വിഷയമായി ഉയര്‍ന്നുവരുന്നത്.

മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആരാണ് അധികാരം കൊടുത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പരസ്യമായി ചോദിക്കുന്നു. അതിന് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. ഇവിടെ യുഡിഎഫ് സര്‍ക്കാരിന്റെ അവസ്ഥ എന്തെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാവുകയാണ്. എന്‍എസ്എസുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സുകുമാരന്‍നായര്‍ പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയെ മത്സരിപ്പിച്ചതുകൊണ്ടാണ് സഹായിച്ചതെന്നും പത്തുപന്ത്രണ്ട് സീറ്റുകളിലെങ്കിലും ജയിച്ചത് എന്‍എസ്എസിന്റെ വോട്ടുകൊണ്ടാണെന്നും അദ്ദേഹം തുടരുന്നു. വാക്കുപാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നറിയാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. ജാതിസംഘടനകളില്‍ ഒന്നായ എന്‍എസ്എസിന് ഈ ഉറപ്പാണ് കൊടുത്തതെങ്കില്‍, മറ്റ് ഏതൊക്കെ സംഘടനകള്‍ക്ക് എന്തെല്ലാം ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. ആ ഉറപ്പുകളില്‍ ഏതൊക്കെ പാലിച്ചു; ഇനി ഏതെല്ലാം ബാക്കി കിടക്കുന്നുവെന്നും ജനങ്ങള്‍ അറിയട്ടെ. വിവിധ ജാതി- മത സംഘടനകളുടെ ലേബലിലല്ലാതെ കേരളത്തിലെ സാധാരണജനങ്ങളെ ജനങ്ങളായി സര്‍ക്കാര്‍ കാണുന്നുണ്ടോ? അവരോട് എന്തെങ്കിലും ഉത്തരവാദിത്തം അവശേഷിക്കുന്നുണ്ടോ? അതാണല്ലോ ജനാധിപത്യം. കുറെയേറെ സംഘടനകളെ പ്രലോഭിപ്പിച്ച് കപടവാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടുകയും പിന്നീട് ഉറപ്പുകളാകെ മറന്നുപോവുകയും എന്നത് പതിവാക്കിയ ഒരു രാഷ്ട്രീയപാര്‍ടിയുടെ നേതൃത്വമേ ഇത്തരമൊരു ഗതികേടില്‍പ്പെടൂ. മന്ത്രിസഭാവികസനത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയേണ്ടതും തീരുമാനമെടുത്ത് നടപ്പാക്കേണ്ടതും ഭരണഘടനാപരമായി മുഖ്യമന്ത്രിയായിരിക്കെ, അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഒരു സമുദായ സംഘടനാ നേതാവ് ചോദിക്കേണ്ടിവരുന്നത് അസാധാരണമായ അനുഭവംതന്നെയാണ്. കോണ്‍ഗ്രസിനെ വോട്ടുബാങ്കുകളുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയവരില്‍നിന്ന് മറുപടി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെയും ജനങ്ങളെയും ജനാധിപത്യത്തെയും മറന്നിരിക്കുന്നു. ഭരണം ഏതാനും സങ്കുചിതശക്തികള്‍ തീറെഴുതിയെടുത്തിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 29 ജനുവരി 2013

No comments: