Sunday, January 27, 2013

ഫ്ളക്സ് മുത്തപ്പന്മാര്‍

ഉല്‍പന്നം നന്നായതുകൊണ്ട് കാര്യമില്ല. വില്‍ക്കണം. വില്‍ക്കാനുള്ളതാണ് എല്ലാം. വില്‍ക്കാത്തതായി എന്തുണ്ട് ബാക്കി? എല്ലാത്തിനും വിപണിമൂല്യം കിട്ടി. വിറ്റില്ലെങ്കില്‍ കെട്ടിക്കിടക്കും. കമ്പനി പൂട്ടും. വില്‍പന കൂടിയാല്‍ ചൂടപ്പം. ലാഭം കുമിയും. തേങ്ങ, മാങ്ങ, മത്സ്യം, മാംസം, ഉപ്പ്, മുളക്, കാറ്, ടി വി, കംപ്യൂട്ടര്‍ എന്നിവ മാത്രമല്ല വില്‍ക്കുന്നത്. ഇപ്പോള്‍ ഏറ്റവും നല്ല തന്ത്രത്തില്‍ വില്‍ക്കുന്നത് അവനവനെത്തന്നെ. കടുത്ത മത്സരം. എങ്ങനെയും വില്‍ക്കണം. വിറ്റാല്‍ ലാഭം. ലാഭം പണമാവാം, പദവിയാകാം, ജനപിന്തുണയാകാം. എല്ലാം ഒരു "ട്രിക്കാ"ണ്. പരസ്യമില്ലെങ്കില്‍ ദൈവംപോലും കച്ചോടം പൂട്ടിപ്പോവുന്ന കാലം.

"മുടിഞ്ഞമ്പലം" എന്ന ചൊല്ലുതന്നെയുണ്ട്. പരമ്പരാഗത വ്യവസായംപോലെ പരമ്പരാഗത ദൈവങ്ങളും തകര്‍ച്ചയിലാണ്. കയറ്, കൈത്തറി, കള്ളുചെത്തുപോലെയാണ് പല ദൈവങ്ങളുടെയും സ്ഥിതി. പണ്ട് ആനപ്പുറത്തിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ തപ്പി നോക്കിയാല്‍ അനുഗ്രഹം കാണില്ല. കഷ്ടമാണ് പലരുടെയും കാര്യം. ക്ഷേമനിധിപോലുമില്ല. കാരണം? കാലത്തിനുസരിച്ച് മാറിയില്ല. കാലത്തിനുസരിച്ച് മാറാത്തതൊന്നും കാലത്തെ അതിജീവിച്ചില്ല. പണ്ടെങ്ങനെയാണ്?

രാവിലെ കുളിച്ച് വൃത്തിയായി അമ്പലത്തില്‍ പോവുക. ഞായറാഴ്ച പള്ളിയില്‍ പോവുക. വെള്ളിയാഴ്ച നിസ്കരിക്കാനെത്തുക. വൈകിട്ട് നാമം ജപിക്കല്‍, രാത്രി കിടക്കുംമുമ്പ് പ്രാര്‍ഥന. ലളിതം, സുന്ദരം. ദൈവത്തിനും മനുഷ്യനും സമാധാനം. വീട്ടില്‍ ഇഷ്ടദൈവത്തിന്റെ ഫോട്ടോ. അതിന്റെ മുന്നില്‍ കൈകൂപ്പി, കണ്ണടച്ച് "ദൈവമേ" എന്നൊരുവിളി. കാലം മാറിയപ്പോള്‍ "സ്റ്റിക്കര്‍ ദൈവങ്ങള്‍" ഉണ്ടായി. ദൈവത്തിന്റെ മാര്‍ക്കറ്റിങ്. മനസ്സിലെ ദൈവം സ്റ്റിക്കറിലെത്തി. "കുറുന്തോട്ടിലപ്പന്‍ ഈ വീടിന്റെ ഐശ്വര്യം". "മുത്തോല ഭഗവതി ഈ വീടിന്റെ ഐശ്വര്യം" എന്നിങ്ങനെ പ്രാദേശിക ചരിത്രരചനകള്‍ ഉമ്മറപ്പടിയിലെത്തി. വീട്ടില്‍ മാത്രമല്ല, ബസില്‍, ഓട്ടോറിക്ഷയില്‍, കാറില്‍ ഒരു സ്റ്റിക്കറിനിരിക്കാന്‍ സ്ഥലമുള്ളിടത്ത് ദൈവത്തെ ഇരുത്തി കേമത്തം പ്രഖ്യാപിച്ചു. തോട്ടിലേക്ക് മറിഞ്ഞ കാറ് നിവര്‍ത്തുമ്പോള്‍ അതിലും കാണാം "വേളാങ്കണ്ണിമാതാവ് ഈ വാഹനത്തിന്റെ ഐശ്വര്യം". ബ്ലേഡ് കമ്പനിക്കാരന്റെ ഓഫീസിലും കാണും "പരുമലത്തിരുമേനി ഈ ഓഫീസിന്റെ ഐശ്വര്യം". നൂറ്റിക്കു പത്താണ് പലിശ. ചായക്കടയില്‍ കാണും "തൃക്കണ്ടിയൂരപ്പന്‍ ഈ കടയുടെ ഐശ്വര്യം". പരിപ്പുവടക്ക് അത്യാവശ്യമുണ്ടെങ്കില്‍ അതിലും ഒട്ടിച്ചേക്കും. "പാമ്പുംമേക്കാട്ടമ്മ ഈ പരിപ്പുവടയുടെ ഐശ്വര്യം". സ്പേസ് എങ്ങനെ ഉപയോഗിക്കാമെന്നതാണ് മോഡേണ്‍ ടെക്നിക്ക്! പരമ്പരാഗത ദൈവങ്ങളെ "ന്യൂജനറേ ഷന്‍" ദൈവങ്ങള്‍ കീഴടക്കുന്നു. പഴയ ശീലങ്ങളില്‍നിന്ന് പുതിയ ശീലങ്ങള്‍ ഉണ്ടാവണം. ചരട് ജപിച്ചുകെട്ടിയ കൈയില്‍ ലാപ്ടോപ്പിരിക്കുന്നതാണ് കാലം. ജാതകം കംപ്യൂട്ടര്‍ കുറിച്ചുതരും! കൃത്യമായിരിക്കുമത്രെ! ഗ്രഹനില കംപ്യൂട്ടറിലാവുമ്പോള്‍ സെന്റീമീറ്റര്‍ പോലും മാറില്ല. ഭാവി ഓണ്‍ലൈനില്‍ പറയും. പ്രാര്‍ഥിക്കാന്‍ വെബ്സൈറ്റ്. പേരും നമ്പറും എസ്എംഎസ് ചെയ്തുകൊടുത്താല്‍ മതി; പരലോകത്ത് എല്ലാ കാര്യങ്ങളും റെഡി. ഭക്ഷണം, താമസം, ഒന്നിനും ഒരു കുറവും വരില്ല. മരണം ഒരു "കണ്ടക്ടഡ് ടൂര്‍"! എസ്എംഎസില്‍നിന്ന് നറുക്കെടുത്ത് കാറും വീടും സമ്മാനമായി നല്‍കുന്ന കാലം അതിവിദൂരമല്ല. പ്രാര്‍ഥനയുടെ റിയാലിറ്റി ഷോ. നല്ല പരസ്യസാധ്യത. ടീമായോ, ഒറ്റയ്ക്കോ പ്രാര്‍ഥിക്കാം. പ്രാര്‍ഥിച്ചു പയറ്റിത്തെളിഞ്ഞവര്‍ മാര്‍ക്കിടാനിരിക്കും. നടത്തം, മുട്ടുകുത്തല്‍, കൈനീട്ടല്‍ എന്നിവക്കെല്ലാം മാര്‍ക്കുണ്ടാവും. "ദൈവമേ... എന്ന് പറഞ്ഞിടത്ത് സാധനം വീണില്ല. ദൈവമേ..." എന്ന് പറയുന്നത് ശരിക്കും ഉള്ളില്‍നിന്നുതന്നെ വരണം. കുട്ടി പറഞ്ഞപ്പോള്‍ അത് രാവിലെ പാലുകാരന്‍ വന്ന് വിളിക്കുന്നപോലെ തോന്നി. അതിനാല്‍ ഒരു മാര്‍ക്ക് കുറയ്ക്കുന്നു.

പത്തില്‍ ഒമ്പത്."" ""താങ്ക് യു കുമാരപുരം സേര്‍... ഇനി മിസ് പ്രേയര്‍ നായര്‍..."" ""കുട്ടി നടന്നുവന്നതൊക്കെ പെര്‍ഫെക്ടായിരുന്നു. ശരിക്കും എനിക്ക് ഫീല് ചെയ്തു. (കൈയടി) എന്റെയൊക്കെ കുട്ടിക്കാലത്തേക്ക് ഞാന്‍ അറിയാതെ ട്രാവല്‍ ചെയ്തു. (കൈയടി) റിയലി ട്രാവല്‍ ചെയ്തു. (വീണ്ടും ഉച്ചത്തില്‍ കൈയടി) "മോള് പ്രാര്‍ഥിക്കാനിരുന്ന ആ മൂവ്മെന്റ് ഒന്നുകൂടി പെര്‍ഫെക്ടാക്കാനുണ്ട്. വന്നിട്ട് പെട്ടെന്ന് അങ്ങിരുന്നു കളഞ്ഞു. നെവര്‍. അങ്ങനെ ചെയ്യരുത്. ഒരു ദൈവവും അങ്ങനെയിരിക്കാന്‍ ഇഷ്ടപ്പെടില്ല. വിഷമിക്കണ്ട. നന്നായി. മോള് നന്നായി പ്രാര്‍ഥിച്ചു." ""ഇനി മാര്‍ക്സ് പറയു മിസ് പ്രേയര്‍ നായര്‍..."" ""പത്തില്‍ ഒമ്പതേ മുക്കാല്‍..."" ""ഇനി കിലുക്കാംപെട്ടി സേര്‍..."" ""ആ "കര്‍ത്താവേ" എന്നുള്ളത് ഒന്നുകൂടി എടുത്തേ... കണ്ടോ... വാക്കുകള്‍ക്ക് സ്ട്രെസ് കൊടുക്കുന്നതില്‍ ശ്രദ്ധിക്കണം.

പ്രാര്‍ഥനയല്ലേ... അതിന് അതിന്റെയൊരു റിഥം വേണം. "ക" അല്ല "ത്ത"യാണ് ബലത്തില്‍ ഉച്ചരിക്കേണ്ടത്. പത്തില്‍ എട്ടേകാല്‍..."" ""നെക്സ്റ്റ് സൈലന്റ് റൗണ്ട്. എന്താ പരയുക... നമ്മളിങ്ങനെ... വീ ഷുഡ് ക്ലോസ് അവര്‍ ഐസ്.. കണ്ണിങ്ങനെ ക്ലോസ് ചെയ്ത്...ഹാന്‍ഡ്സൊക്കെ ഇങ്ങനെ ബെന്റ് ചെയ്ത്. ഹൗ ത്രില്ലിങ് ഇറ്റ് വില്‍ ബി. അതിനു മുമ്പ് ജസ്റ്റ് എ ഷോട്ട് ബ്രേക്ക്."" ഇമ്മാതിരി കാഴ്ചകളും കണ്ട് സായൂജ്യമടയാം. ഏറ്റവും നല്ല ദൈവത്തെയും തെരഞ്ഞെടുക്കാം. ദൈവത്തിന്റെ പേരെഴുതി, സ്പേയ്സിട്ട്, നമ്പറടിച്ചാല്‍ മതി. മാര്‍ക്കറ്റിങ്ങില്ലാതെ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. പുതിയ ഏരിയ കണ്ടെത്തണം. കാര്യങ്ങളൊക്കെ പഴയതുതന്നെ മതി. സത്യം, സ്നേഹം, ആത്മാര്‍ഥത, നിസ്വാര്‍ഥത ഇതൊക്കെ തന്നെ ഡയലോഗ്. പക്ഷേ അവതരിപ്പിക്കുന്ന രീതി മാറ്റണം. സ്റ്റേജ് ഷോ അനിവാര്യം. രണ്ട് സെലിബ്രറ്റീസിനെ കൊണ്ടുവന്ന് മുട്ടുകുത്തിച്ചാല്‍ കച്ചോടം പൊടിപൊടിക്കും. ഇത്തിരി കാശ് ചെലവാകും. കുഴപ്പമില്ല. കാശിറക്കിയേ കാശ് വാരാനാവൂ. പത്രങ്ങളില്‍ ഒരു സപ്ലിമെന്റ് ചാനലില്‍ പത്തു മിനിറ്റ്. മതി. പിന്നെ ദൈവത്തെ പിടിച്ചാല്‍ കിട്ടില്ല. യൂറോപ്പ്, അമേരിക്കന്‍ പര്യടനങ്ങള്‍. അനുഗ്രഹ പ്രഭാഷണം. ആത്മീയ സദ്യ. അമ്പമ്പോ!

ഫ്ളൈറ്റിന്റെ ശബ്ദം കേട്ടാല്‍ മതി, അനുയായികള്‍ റണ്‍വേയില്‍ നമസ്കരിക്കും. സന്ദര്‍ഭത്തിനുസരിച്ച് ദൈവങ്ങള്‍ ഉയര്‍ന്നുവരും. ആസ്മ കൂടിയോ? യോഗാഭ്യാസ ദൈവം റെഡി! മനപ്രയാസം കൂടിയോ? മനശാന്തി ദൈവം റെഡി! ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ചിലര്‍ക്ക് കുറച്ചുനാള്‍ കഴിയുമ്പോള്‍ തോന്നും "ഞാനൊരു ദൈവമല്ലേ? എനിക്കെന്താണ് കുറവ്?

ഞാനും ദൈവവും തമ്മിലെന്താ വ്യത്യാസം?" അമ്പലം പണിത് അതിനകത്തിരുന്ന് ഭക്തരെ അനുഗ്രഹിക്കാന്‍ കൊതിക്കാത്ത എത്ര പേരുണ്ട്? കൊച്ചു കൊച്ചു ദൈവങ്ങളല്ലേ എല്ലാവരും! പക്ഷേ, പിടിച്ചുനില്‍ക്കാന്‍ കുറച്ചു ഭക്തന്മാരെ കിട്ടണം. ദൈവങ്ങള്‍ ഭക്തന്മാരെ അന്വേഷിച്ച് ഇറങ്ങുന്ന കാലം! "ആവശ്യമുണ്ട്." "മുഴുവന്‍സമയ ഭക്തന്മാരായി ജോലിചെയ്യാന്‍ യുവതീ യുവാക്കളെ ആവശ്യമുണ്ട്. റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. നിശ്ചിത തുക കൂടാതെ ഇരുപതു ശതമാനം കമീഷന്‍". ഇമ്മാതിരി പരസ്യത്തിന്റെ ആദ്യരൂപമാണ് ഫ്ളക്സ് ദൈവങ്ങള്‍.

കേരളം മുഴുവന്‍ ഇപ്പോള്‍ ഫ്ളക്സ് ദൈവങ്ങളുടെ വാഴ്ചയാണ്. കെപിസിസിയില്‍ കൂട്ട പ്രസവം നടന്നതോടെ തെരുവുമുഴുവന്‍ ഫ്ളക്സ് ദൈവങ്ങളാണ്. വിവാഹം കഴിച്ച് കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെപ്പോലെയായിരുന്നു കെപിസിസി. ഭാരവാഹികളില്ല. പലവിധ ചികിത്സ നടത്തിയിട്ടും ഭാരവാഹികള്‍ ഉണ്ടാവുന്നില്ല. പുത്രകാമേഷ്ടി പലതു നടത്തിയിട്ടും അഷ്ടിക്കു വകയില്ലാതെ നടക്കുകയായിരുന്നു പലരും. നേര്‍ച്ച കാഴ്ചകള്‍, വീഴ്ച താഴ്ചകള്‍, ഹാവൂ!

ഒടുവില്‍ കെപിസിസി പ്രസവിച്ചു. ഒന്നല്ല, അസംഖ്യം ഭാരവാഹികള്‍ എണ്ണിത്തീര്‍ന്നിട്ടില്ല. അതോടെ കന്യാകുമാരി മുതല്‍ കാസര്‍കോടുവരെ "ഫ്ളക്സ് ദൈവങ്ങള്‍" നിരന്നു. അതിര്‍ത്തി സേനയിലേക്ക് റിക്രൂട്ട്മെന്റ് പോലെയായിരുന്നു നിയമനം. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ തസ്തികകളിലേക്കായിരുന്നു നിയമനം. എഴുത്തുപരീക്ഷയില്ല, ഇന്റര്‍വ്യുവില്ല. ടാലന്റ് ടെസ്റ്റില്ല. അപേക്ഷിച്ച എല്ലാവരെയും പരിഗണിച്ചു. അപേക്ഷ മാറി ഘടകകക്ഷികളില്‍നിന്നുവരെ ചിലരെ കെപിസിസി സെക്രട്ടറിമാരായി നിയമിച്ചത്രെ!

കാലുപിടിച്ചാണ് അവര്‍ മാനക്കേട് ഒഴിവാക്കിയത്. ഡല്‍ഹിയില്‍ കൂട്ടപ്രസവം നടന്നതോടെ കേരളത്തില്‍ "ഫ്ളക്സ് വിപ്ലവം". എല്ലാവരും ചാഞ്ഞും, ചരിഞ്ഞും, കുത്തനെയും ഫ്ളക്സിലിരുന്ന് ജനങ്ങളെ അനുഗ്രഹിച്ചു. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഒരാശങ്കയും വേണ്ട. എല്ലാവരും പൂപ്പുഞ്ചിരിയോടെയാണ് തെരുവോരത്ത് നില്‍ക്കുന്നത്. ത്യാഗം! മഴയും, മഞ്ഞും, വെയിലുമേറ്റ്, രാപ്പകല്‍ വ്യത്യാസമില്ലാതെ, ജനങ്ങളെ സേവിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും റെഡിയായി ഇരിക്കുകയല്ലേ അവര്‍ ഫ്ളക്സില്‍. ഉണ്ണുന്നവനറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനറിയണം എന്ന ചൊല്ലുണ്ട്. ഇരിക്കുന്നവന് നാണമില്ലെങ്കില്‍ വയ്ക്കുന്നവന് വേണ്ടേ എന്ന് ഒന്ന് മാറ്റിപ്പറയാം.

അര്‍ധപട്ടിണിക്കാരേ വരൂ, ഫ്ളക്സ് ദൈവങ്ങള്‍ അനുഗ്രഹിക്കും. ഗ്യാസിന് വിലകൂടിയാലെന്താ ഗ്യാസ് തീരാത്ത ചിരി കാണാന്‍ നോക്കൂ ആ ഫ്ളക്സുകളിലേക്ക്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത ചിരികള്‍ മാത്രം! ചിരിക്കുന്ന കേരളം, സംതൃപ്ത കേരളം, ഉത്സവസീസണായതിനാല്‍ ആനയുടെ അടുത്താണ് ഭാരവാഹികളുടെയും ഫ്ളക്സുകള്‍. ബോര്‍ഡു മാറിപ്പോയി ചിലരെ ഉത്സവത്തിന് തിടമ്പേറ്റാനും ക്ഷണിക്കുന്നുണ്ട്. ക്ഷണം നിരസിക്കുന്നില്ല. തിടമ്പേറ്റാന്‍ കിട്ടിയ അവസരം! ചില തിടമ്പുകളേറ്റിയാണല്ലോ ഇവിടംവരെ എത്തിയത്!

*
എം എം പൗലോസ് ദേശാഭിമാനി വാരിക 27 ജനുവരി 2013

1 comment:

Unknown said...

പോയന്റാണു