Friday, January 11, 2013

പ്രതിദിനം 66 ബലാത്സംഗം; ശിക്ഷ കിട്ടുന്നത് നാലിലൊന്നില്‍

ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ എല്ലാവര്‍ഷവും കൂടുകയാണ്. ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്കുമാത്രം മതി ഇതിനു തെളിവിന്. (പട്ടിക കാണുക). 2010ല്‍ 21,603 കേസാണ് ഉണ്ടായതെങ്കില്‍ 2011ല്‍ ഇത് 24,206 ആണ്. അതായത് രാജ്യത്ത് പ്രതിദിനം 66 ബലാത്സംഗംവീതം നടക്കുന്നു. ഇതുകൂടാതെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗശ്രമം, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 2,28,650 വരും. ഇതൊക്കെ പൊലീസ്സ്റ്റേഷന്‍വരെ എത്തുന്ന കുറ്റങ്ങളുടെ കണക്കുമാത്രമാണ്.

ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടല്‍ ഇപ്പോഴും വളരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോടതികളിലെത്തുന്ന മുക്കാല്‍ഭാഗത്തോളം കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ക്രൈംസ് റെക്കോഡ്സ്ബ്യൂറോയുടെ കണക്കുതന്നെ പറയുന്നു. 2011ല്‍ വിധിപറഞ്ഞ കേസുകളില്‍ 26.4 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2011ല്‍ ആകെ കോടതിയിലെത്തിയത് 15,423 കേസുകളാണ്. ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 4072 കേസില്‍ മാത്രം. 11,351 കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. 2010ലും ഏറെക്കുറെ ഇതേ സ്ഥിതിയായിരുന്നു. ആ വര്‍ഷം കോടതി തീര്‍പ്പാക്കിയത്് 14,263 കേസാണ്. ശിക്ഷ ഉണ്ടായത് 3,788 കേസിലും (ശതമാനം 26.6).

ശിക്ഷ കുറയുന്നതിനു കാരണം അനേകമുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന തിരിമറിമുതല്‍ ആണ്‍കോയ്മയുടെ നീതിബോധം മാത്രമുള്ള ജഡ്ജിമാര്‍വരെ കാരണമാകാം. അതുകൊണ്ടുതന്നെയാണ് നീതിനടത്തിപ്പില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ വരില്ലെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ത്തന്നെ വേണമെന്ന് ആവശ്യമുയരുന്നത്.

""കൊലപാതകി അയാളുടെ ഇരയുടെ ഭൗതികശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാത്സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവുതന്നെ നശിപ്പിക്കപ്പെടുകയാണ്"" എന്നു പറഞ്ഞത് ഇന്ത്യന്‍ സുപ്രീം കോടതിയാണ്. ബലാത്സംഗത്തെ മറ്റു കുറ്റകൃത്യങ്ങളില്‍നിന്നു വേര്‍തിരിച്ചു കാണേണ്ടതാണെന്ന തിരിച്ചറിവ് കോടതികള്‍ ഏറെക്കാലമായി പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന ചില വിധികളും ഉന്നത നിയമജ്ഞരുടെതന്നെ ചില "വെളിപാടു"കളും ഇരകള്‍ക്ക് നീതിനിഷേധത്തിന് വഴിവയ്ക്കുന്നു.

"ഒത്തുതീര്‍ക്കാവുന്" തര്‍ക്കമായും ഇരയെ വിവാഹംകഴിച്ചാല്‍ തീരുന്ന "പാപ"മായും ചില കോടതികള്‍ ബലാത്സംഗത്തെ നിര്‍വചിക്കുന്നു. കുറഞ്ഞ ശിക്ഷ നിയമത്തിലുള്ളപ്പോഴും ഒഴികഴിവുകള്‍ കണ്ടെത്തി അതിലും കുറഞ്ഞ ശിക്ഷ നല്‍കുന്ന കോടതികളും ഇന്ത്യയിലുണ്ട്. അതുകൊണ്ടാണ്് ഇങ്ങനെ ശിക്ഷാഇളവ് അരുതെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥ വേണമെന്ന് സിപിഐ എമ്മും വിവിധ വനിതാസംഘടനകളും ആവശ്യപ്പെടുന്നത്.

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ബലാത്സംഗക്കേസ് (ഘനശ്യാം മിശ്ര വേഴ്സസ് ദി സ്റ്റേറ്റ്) സുപ്രീം കോടതിയിലെത്തിയത്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലംനല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ. എന്നാല്‍ ബലാത്സംഗക്കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു വിധിച്ചു.

""ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്""- 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി. ""സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായിക്കൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു കുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തോടെയല്ല ആ മൊഴി കാണേണ്ടത്""- ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീയുടെ സ്വഭാവം "മോശ"മാണെന്നു മുദ്രകുത്തി ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയക്കുന്ന പ്രവണതയും സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷ നല്‍കിയ ഹൈക്കോടതികളെ സുപ്രീം കോടതി പലവട്ടം വിമര്‍ശിച്ചു. 2005ല്‍ മധ്യപ്രദേശില്‍നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി. ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയുള്ള ഈ നടപടി സുപ്രീം കോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയും ജസ്റ്റിസ് ജി പി മാത്തൂരും ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയത്.

""ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞ ശിക്ഷയിലും താഴെ നല്‍കരുത്. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹംകഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ അക്രമിയുടെ പ്രായമോ ഒന്നും അങ്ങനെ ശിക്ഷ കുറയ്ക്കാന്‍ മതിയായ കാരണമാകില്ല""- കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ "സമ്മതിച്ച" പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി.

ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കൈയില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹം നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനില്‍നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്കു പിന്‍ബലമായി. ബലാത്സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാത്സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അച്ഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍നിന്നുണ്ടായി. അന്ന് വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
 
2011 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍നിന്നുതന്നെ ഉണ്ടായ മറ്റൊരു വിധിയും ഏറെ വിമര്‍ശിക്കപ്പെട്ടു.ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്നു ചൂണ്ടിക്കാട്ടി വിട്ടയച്ചതാണ് വിവാദമായത്. പഞ്ചാബില്‍നിന്നുള്ള ഈ കേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാത്സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശം അന്നുണ്ടായി. ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായതകൊണ്ടും മാത്രമാകും. ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍പ്പോലും അപൂര്‍വമല്ലല്ലോ. അതുകൊണ്ടുതന്നെയാണ് ബലാത്സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്ന് സ്ത്രീസംഘടനകള്‍ പറയുന്നത്.
 
നിയമം ഇങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 375-ാം വകുപ്പിലാണ് ബലാത്സംഗത്തിന്റെ നിര്‍വചനം.സ്ത്രീയുടെ താല്‍പ്പര്യത്തിനു വിരുദ്ധമായും അവളുടെ അനുമതി ഇല്ലാതെയും പുരുഷന്‍ അവളുമായി നടത്തുന്ന ലൈംഗികവേഴ്ചയാണ് ബലാത്സംഗത്തെ നിര്‍വചിക്കുന്നത്. സമ്മതം എന്നത് ഏതൊക്കെ സാഹചര്യത്തില്‍ സ്വീകാര്യമാകില്ലെന്നും ഇവിടെ പറയുന്നു. ഭീഷണിയിലൂടെ നേടിയെടുക്കുന്ന സമ്മതം സമ്മതമാകില്ല. വേണ്ടപ്പെട്ട ആരെയെങ്കിലും അപായപ്പെടുത്തുമെന്നു ഭയപ്പെടുത്തി നേടുന്ന സമ്മതവും ഇതിന്റെ പരിധിയില്‍വരും.വിവാഹവാഗ്ദാനം നല്‍കിയും വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചും നേടുന്ന അനുമതിയും സമ്മതമാകില്ല. മാനസിക സ്ഥിരതയില്ലാത്തതോ ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനത്തിലുള്ളതോ ആയ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധവും ഈ സെക്ഷന്‍പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍വരും. ഇവിടെയും സമ്മതം ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. 16-ല്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ഏതു ലൈംഗികബന്ധവും ബലാത്സംഗമാണ്. ഇവിടെയും സമ്മതത്തിന് പ്രസക്തിയില്ല.

ബലാത്സംഗത്തിന് ശിക്ഷ നിര്‍ദേശിക്കുന്നത് 376-ാം വകുപ്പിലാണ്. കുറഞ്ഞത് ഏഴു വര്‍ഷം തടവും പിഴയുമാണ് ബലാത്സംഗത്തിനുള്ള ശിക്ഷ. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴോ ജയിലിലോ ആശുപത്രിയിലോ ആയിരിക്കുമ്പോഴോ അധികാരം ദുരുപയോഗംചെയ്ത് നടത്തുന്ന ബലാത്സംഗത്തിന് കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവും പിഴയുമാണ്. മേലുദ്യോസ്ഥന്‍ ആ അധികാരം ഉപയോഗിച്ച് കീഴ് ജീവനക്കാരിയെ തടഞ്ഞുവച്ച് ബലാത്സംഗത്തിന് ഇരയാക്കിയാലും ഇതേ ശിക്ഷ കിട്ടും.

ഇര ഗര്‍ഭിണിയോ 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയോ ആയാലും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണ്. കൂട്ടബലാത്സംഗം നടത്തിയാലും 10 വര്‍ഷംമുതല്‍ ശിക്ഷിക്കാം. ഈ കുറ്റങ്ങള്‍ക്കെല്ലാം ജീവപര്യന്തംവരെയാകാം. വിവാഹമോചന നടപടികള്‍ക്കിടെ അകന്നു താമസിക്കുന്ന ഭാര്യയുമായി അവരുടെ അനുമതിയില്ലാതെ ലൈംഗികബന്ധം നടത്തിയാല്‍ ഭര്‍ത്താവിന് ശിക്ഷകിട്ടുന്ന വകുപ്പ് 376-എ ആയി നിയമത്തിലുണ്ട്. 1983ല്‍ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥയാണിത്. ഇരയുടെ, പേരോ, വിലാസമോ, തിരിച്ചറിയാന്‍ കഴിയുംവിധമുള്ള വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്താല്‍ ശിക്ഷ നല്‍കാനും നിയമമുണ്ട്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ഈ നിയമവ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമംതന്നെ രൂപപ്പെടുത്തുകയാണ്. ഇതിനുള്ള കരടുബില്ലിനെപ്പറ്റി പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. കരടുബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടബലാത്സംഗം, കുട്ടികളെ ബലാത്സംഗം ചെയ്യല്‍, കസ്റ്റഡി ബലാത്സംഗം തുടങ്ങിയ നിഷ്ഠുരമായ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണമെന്നും മറ്റ് ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി ശിക്ഷ ജീവപര്യന്തം ആക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇരട്ടിയായി

 ബലാത്സംഗക്കേസുകള്‍ കേരളത്തില്‍ 2010നെ അപേക്ഷിച്ച് ഇരട്ടിയായതായി ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. 2010ല്‍ 634 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ ഇത് 1132 ആയി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി
email:advocatekrdeepa@gmail.com

No comments: