Thursday, January 24, 2013

ത്രിപുര : ഏഴാം ഇടതുമുന്നണി സര്‍ക്കാരിലേക്ക്

ത്രിപുരയിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ജനുവരി 20ന് അഗര്‍ത്തലയില്‍ കേന്ദ്രീകൃത റാലി നടത്തി. ഫെബ്രുവരി 14നാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ്. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന റാലിയില്‍ ഞാനും പങ്കെടുത്തു, സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യ 37 ലക്ഷം മാത്രമാണെന്നിരിക്കെ ഒരു ലക്ഷംപേര്‍ ഈ റാലിയിലേക്ക് ഒഴുകിയെത്തിയത് വന്‍തോതിലുള്ള പങ്കാളിത്തമായി കാണണം.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ത്രിപുര. ഇതിന്റെ മൂന്ന് വശത്തും ബംഗ്ലാദേശാണ്. 1940കള്‍ മുതല്‍ ഇവിടത്തെ ആദിവാസിജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റ് പാര്‍ടി അവരെ മഹാരാജാവിനും അദ്ദേഹത്തിന്റെ ഭൂപ്രഭുത്വവാഴ്ചയ്ക്കുമെതിരെ പൊരുതാന്‍ സംഘടിപ്പിക്കുകയുണ്ടായി. നൃപന്‍ ചക്രവര്‍ത്തി, ദശരഥ് ദേബ്, ബിരേന്‍ ദത്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍. ഇവരില്‍ ആദ്യത്തെ രണ്ടുപേരും പിന്നീട് സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായി.

ത്രിപുരയില്‍ 1978 മുതല്‍ ഇടതുമുന്നണി ഭരണമാണ്. കോണ്‍ഗ്രസ് ഭരിച്ച 1988-93കാലത്ത് മാത്രമാണ് ഇതിന് ഇടവേളയുണ്ടായത്. രാജീവ്ഗാന്ധി നയിച്ച കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയെത്തുടര്‍ന്നാണ് അന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ആ അഞ്ച് വര്‍ഷം സിപിഐ എമ്മിനെതിരെ അര്‍ധ-ഫാസിസ്റ്റ് ഭീകരവാഴ്ച അഴിച്ചുവിടുകയും നൂറുകണക്കിന് പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും വധിക്കുകയുംചെയ്തു. 1993 മാര്‍ച്ചിലെ വോട്ടെണ്ണല്‍ നാള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. മറ്റ് സഖാക്കള്‍ക്കൊപ്പം ഞാന്‍ അഗര്‍ത്തലയില്‍ ആകാംക്ഷയോടെ തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുകയായിരുന്നു. രാത്രി വൈകി ഇടതുമുന്നണിയുടെ വിജയം ഉറപ്പായി. തുടര്‍ന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും- 1998, 2003, 2008- ഇടതുമുന്നണി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ വിജയം നേടി.

1978നുശേഷം, മൊത്തം ആറു തവണയാണ് ഇടതുമുന്നണിസര്‍ക്കാര്‍ ഭരണത്തില്‍ വന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഇടതുമുന്നണി ഭരണം മികവുറ്റതും പ്രചോദനം പകരുന്നതുമാണ്. ഇതിന്റെ ആദ്യദശകത്തില്‍, അതായത് 1990കളില്‍ സംസ്ഥാനത്ത് സായുധരായ ആദിവാസിതീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. 1980കളുടെ ആരംഭത്തിലാണ് ഇവരുടെ ആക്രമണങ്ങള്‍ തുടങ്ങിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഉടനീളമുള്ള ക്യാമ്പുകളില്‍ താവളമടിച്ച് ഈ സംഘങ്ങള്‍ ആദിവാസി-മലയോരമേഖലകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സാമ്രാജ്യത്വ ഏജന്‍സികളും പാക് ചാരസംഘടന ഐഎസ്ഐയും ഇവര്‍ക്ക് പണവും ആയുധങ്ങളും നല്‍കി. സ്വതന്ത്ര ത്രിപുരയാണ് അവര്‍ ആവശ്യപ്പെട്ടത്. ഭീകരതയുടെ മൂന്ന് ദശകങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു, ജനങ്ങളുടെയും രാജ്യത്തിന്റെയും ഐക്യം കാത്തുസൂക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ജീവന്‍ ത്യജിക്കേണ്ടിവന്നു.

ത്രിമുഖ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് സായുധ തീവ്രവാദപ്രശ്നത്തിന് അന്ത്യം കുറിക്കാനായി. ഒന്നാമതായി, ആദിവാസി-ബംഗാളി വംശജര്‍ തമ്മിലുള്ള ഐക്യത്തിന് വിഘാതം സംഭവിക്കരുതെന്ന രാഷ്ട്രീയനിലപാട്. രണ്ടാമതായി, സായുധസംഘങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന സായുധപൊലീസിന്റെ (ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്) രൂപീകരണവും ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കലും. മൂന്നാമതായി, ആദിവാസിമേഖലകളില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞയുടന്‍തന്നെ സര്‍ക്കാര്‍ വികസന-ക്ഷേമപദ്ധതികള്‍ ഊര്‍ജിതമായി നടപ്പാക്കി. ഈ ലക്ഷ്യത്തോടെ ത്രിപുര ആദിവാസി സ്വയംഭരണ ജില്ലാ കൗണ്‍സിലിന് രൂപംനല്‍കിയത് രണ്ടാം ഇടതുമുന്നണി സര്‍ക്കാരാണ്. ഇന്ന് ത്രിപുര ഐക്യവും സമാധാനവും കളിയാടുന്ന സംസ്ഥാനമാണ്. ഭൂരിപക്ഷംവരുന്ന ബംഗാളി വംശജരും ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളും തമ്മില്‍ ഐക്യവും സൗഹാര്‍ദവും നിലനില്‍ക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ ഏകസംസ്ഥാനം ത്രിപുരയാണ്. അസം, മണിപ്പുര്‍, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ വംശീയസംഘര്‍ഷം നിലനില്‍ക്കുന്നു.

ത്രിപുരയില്‍ നിലനില്‍ക്കുന്ന സമാധാനത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പങ്ക് പ്രധാന ഘടകമാണ്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേഖലയിലും, മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ റെക്കോഡ് തിളക്കമാര്‍ന്നതാണ്. വടക്കുകിഴക്കന്‍മേഖലയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 2001ലെ സെന്‍സസ് പ്രകാരം, സാക്ഷരതാനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ത്രിപുര 11-ാം സ്ഥാനത്തായിരുന്നു. 2011ല്‍ 88 ശതമാനം സാക്ഷരതയോടെ ത്രിപുര നാലാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും കര്‍ഷക ആത്മഹത്യയോ പട്ടിണിമരണമോ ഉണ്ടായിട്ടില്ല. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലും ത്രിപുരയുടെ പ്രവര്‍ത്തനമികവ് ശ്ലാഘനീയമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശരാശരി 86 പ്രവൃത്തിദിനങ്ങള്‍ സൃഷ്ടിച്ച് ത്രിപുര രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി. വനാവകാശനിയമം നടപ്പാക്കുന്നതിലും മുന്നിലെത്തിയ ത്രിപുര സര്‍ക്കാര്‍ ആദിവാസിവിഭാഗങ്ങളോട് നീതി പുലര്‍ത്തി. 2012 പകുതിയോടെ, കാടിന്റെ മക്കള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം ഉറപ്പിച്ചുകൊണ്ട് 1,19,342 പട്ടയം വിതരണം ചെയ്തു. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം 16 പെന്‍ഷന്‍പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അടിസ്ഥാനസൗകര്യമേഖലയിലെ മുന്നേറ്റം പരിശോധിച്ചാല്‍, മൊത്തമുള്ള 8312 ജനവാസകേന്ദ്രങ്ങളില്‍ 90 ശതമാനവും വൈദ്യുതീകരിച്ചു. ജലസേചനയോഗ്യമായ ഭൂമിയുടെ 90 ശതമാനം ഭാഗത്തും ജലസേചനസൗകര്യം ഏര്‍പ്പെടുത്തി; കൃഷിയോഗ്യമായ മൊത്തം ഭൂവിസ്തൃതിയുടെ 50 ശതമാനം സ്ഥലത്തും ഇപ്പോള്‍ ജലസേചനസൗകര്യമായി. രണ്ടു ലക്ഷം വരുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകളായ കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരി വിതരണംചെയ്യുന്നതാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ നടപടി. ഉയര്‍ന്ന കടത്തുകൂലി നല്‍കേണ്ടതിനാല്‍ വടക്കുകിഴക്കന്‍സംസ്ഥാനങ്ങളില്‍ കിലോഗ്രാമിന് 5-6 രൂപ നിരക്കിലാണ് അരി നല്‍കുന്നത്. 2012 ആഗസ്ത് വരെ ത്രിപുരയിലും അരിക്ക് ഇതേ നിരക്കായിരുന്നു. കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി വിതരണംചെയ്യുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതംചെയ്തിരിക്കയാണ്. വര്‍ധിപ്പിച്ച സബ്സിഡിയുടെ ഭാരം പേറുന്നത് ത്രിപുര സര്‍ക്കാരാണ്. ആദിവാസികള്‍ക്ക് സംവരണംചെയ്ത 20 സീറ്റടക്കം മൊത്തം 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് ഇടതുമുന്നണിയാണ്.

സിപിഐ എം 55 സീറ്റിലും സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍ വീതവും ഫോര്‍വേഡ് ബ്ലോക്ക് ഒരിടത്തും മത്സരിക്കുന്നു. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് ബദ്ധപ്പെടുകയാണ്. ടിയുജെഎസും മറ്റ് ചില ആദിവാസിസംഘടനകളും ഉള്‍പ്പെട്ട ഐഎന്‍പിടിയുമായി കോണ്‍ഗ്രസ് സഖ്യം തുടരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന് ആദിവാസിമേഖലകളില്‍ സ്വാധീനമില്ല. അതുകൊണ്ട് അവര്‍ ആദ്യം ടിയുജെഎസുമായും പിന്നീട് ഐഎന്‍പിടിയുമായും സഖ്യമുണ്ടാക്കി. വിവിധ കാലഘട്ടങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനം നടത്തിയവരാണ് ഈ സംഘടനകള്‍.

ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനുള്ള സ്വാധീനം തകര്‍ക്കുകയും പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്ന ഏകലക്ഷ്യത്തോടെ ആദിവാസി വിഘടനവാദ- തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചതിന്റെ ലജ്ജാകരമായ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ഈ തന്ത്രം ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഐക്യം, സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കുവേണ്ടിയാണ് ഇടതുമുന്നണി നിലകൊള്ളുന്നത്. ഈ മുദ്രാവാക്യങ്ങള്‍ യുവജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു. 20ന്റെ റാലിയില്‍ അലകളായി മൈതാനത്തേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ ഏഴാം ഇടതുമുന്നണി സര്‍ക്കാരിനെ കൊണ്ടുവരും. ഈ പ്രതിജ്ഞയാണ് ഫെബ്രുവരി 14ന് ഉറപ്പായും പാലിക്കപ്പെടുക.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 24 ജനുവരി 2013

No comments: