Sunday, January 13, 2013

12-ാം പദ്ധതിയുടെ ഊന്നല്‍

ഇന്ത്യയുടെ 12-ാം പഞ്ചവത്സരപദ്ധതി കഴിഞ്ഞ ഡിസംബര്‍ 27ന് ചേര്‍ന്ന ദേശീയ വികസന കൗണ്‍സില്‍ (എന്‍ഡിസി) അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ക്കാണ് പദ്ധതി ആരംഭിച്ചത്. 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവിനുള്ളില്‍ 47.7 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് 11-ാം പദ്ധതിയുടെ അടങ്കല്‍തുകയായിരുന്ന 35.33 ലക്ഷം കോടി രൂപയുടെ 135 ശതമാനമാണ്. 12-ാം പദ്ധതിയുടെ അടങ്കല്‍ തുകയുടെ പകുതി (23.85 ലക്ഷം കോടി രൂപ) സ്വകാര്യമേഖലയുടെ വിഹിതമായി നിശ്ചയിച്ചിരിക്കുന്നു. പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ചാതോത് കൈവരിക്കണമെന്നാണ് എന്‍ഡിസിയുടെ തീരുമാനം. എന്നാല്‍ ഈ വര്‍ഷം വളര്‍ച്ച 6 ശതമാനത്തില്‍ കുറവായിരിക്കുമെന്ന് സര്‍ക്കാര്‍തന്നെ മതിപ്പ് കാണുന്നു. ആ സ്ഥിതിയില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ശരാശരി 9 ശതമാനത്തോളം വളര്‍ച്ച ഉണ്ടായാല്‍ മാത്രമേ ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധനപരവും സാമ്പത്തികവുമായ ഞെരുക്കങ്ങളാല്‍ വലയുമ്പേള്‍ ഈ ലക്ഷ്യം നേടാന്‍ കഴിയുമോ എന്ന സംശയം ഔദ്യോഗിക വൃത്തങ്ങള്‍ക്കുതന്നെയുണ്ട്. രാജ്യത്ത് അധ്വാനിക്കാന്‍ കഴിയുന്നവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ കഴിയുംവിധം വികസനയം നടപ്പാക്കിയാല്‍ മാത്രമെ ഇവിടത്തെ ഉല്‍പാദനമേഖലയ്ക്ക് തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ. എന്നാല്‍, ആസൂത്രണക്കമ്മീഷനും യുപിഎ സര്‍ക്കാരും പിന്തുടരുന്ന നയം, കയറ്റുമതി വര്‍ധിപ്പിച്ചുകൊണ്ട് വളര്‍ച്ച കൈവരിക്കുക എന്നതാണ്. അതിന്റെ പേരുപറഞ്ഞ് ഇറക്കുമതി നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളുടെയും സാമ്രാജ്യത്വശക്തികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ്. അതിനാല്‍ കയറ്റുമതി എപ്പോഴും ഇറക്കുമതിയേക്കാള്‍ കുറവാണ്. അതിനാല്‍ പ്രതികൂല വ്യാപാരശിഷ്ടം എപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് മൊത്തത്തില്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്നത്. ആദ്യത്തെ കുറെ പഞ്ചവത്സര പദ്ധതികളുടെ കാലത്ത് പദ്ധതി സമീപനരേഖ, പദ്ധതിരേഖ, അവയ്ക്ക് ആസ്പദമായ സമീപനയം മുതലായവ മാധ്യമങ്ങളിലും മറ്റ് പൊതുവേദികളിലും സജീവമായ ചര്‍ച്ചാവിഷയമായിരുന്നു. കാരണം അക്കാലത്ത് കൃഷി, വ്യവസായം, പശ്ചാത്തലസൗകര്യങ്ങള്‍, സേവനം എന്നിങ്ങനെയുള്ള മേഖലകളില്‍ എത്ര തുക വകയിരുത്തുന്നു, അതിന് എങ്ങനെ വിഭവസമാഹരണം നടത്തുന്നു, പദ്ധതി നടത്തിപ്പ് എങ്ങനെ എന്നതൊക്കെ സാമ്പത്തികരംഗത്ത് മാത്രമല്ല, രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരികരംഗങ്ങളിലും സജീവമായി ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ പിന്നീട്-എട്ടാം പദ്ധതിക്കാലം മുതല്‍ പ്രത്യേകിച്ചും - പദ്ധതി പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ സര്‍വതോമുഖമായ വികസനത്തിനുള്ള ഏര്‍പ്പാടല്ലാതായി. മുതലാളിമാരെ കുത്തകകളും കുത്തകകളെ ആഗോള കുത്തകകളും ആക്കി മാറ്റാനും വിദേശ മുതലാളിമാര്‍ക്ക് രാജ്യത്തെ കുത്തിക്കവരാനുമുള്ള അവസരമാക്കി അത് മാറ്റപ്പെട്ടു. ചില്ലറ വ്യാപാരരംഗം വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുത്തതും ബാങ്ക്, ഇന്‍ഷുറന്‍സ് ആദിയായ മേഖലകള്‍ കൂടുതല്‍ തുറന്നിടാന്‍ നിയമനിര്‍മ്മാണം നടത്തുന്നതും ഇതിന്റെ ഭാഗമായാണ്. ഇത്തരം നടപടികളിലൂടെ യുപിഎ ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്, വിദേശ മൂലധനത്തെ ഇടപെടുവിച്ച് രാജ്യത്തിന്റെ വികസനം ഉറപ്പാക്കുക എന്ന നയം അത് നടപ്പാക്കുന്നു എന്നാണ്. സൗജന്യങ്ങള്‍ നല്‍കി വിദേശ മൂലധനത്തെ കൊണ്ടുവന്ന ഏതെങ്കിലും രാജ്യം വികാസം പ്രാപിച്ചിട്ടുണ്ടോ? അതല്ല, അമേരിക്കയുടേയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ സോവിയറ്റ് യൂണിയന്റെയോ വികസനമാര്‍ഗ്ഗം.

ചൈനയില്‍തന്നെ ആഭ്യന്തരമായി അത് ഇറക്കിയ മുതലിന്റെ ചെറിയ അംശമേ അവിടത്തെ വിദേശ മൂലധനിക്ഷേപം വരികയുള്ളൂ. വസ്തുത ഇതായിരിക്കെയാണ് ഡോ. മന്‍മോഹന്‍സിങ്ങും സഹപ്രവര്‍ത്തകരും മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നത്. 12-ാം പദ്ധതി അടങ്കലിന്റെ 50% സ്വകാര്യമേഖലയ്ക്കായി നീക്കിവെച്ചിരിക്കയാണ്. അവര്‍ ലാഭകരമായ കാര്യങ്ങള്‍ക്കായി മാത്രമെ പണം ചെലവഴിക്കൂ. 11-ാം പദ്ധതിയുടെ അടങ്കലായിരുന്ന 35 ലക്ഷം കോടിയില്‍പരം രൂപയുടെ 30 ശതമാനം-ഏതാണ്ട് 10.5 ലക്ഷം കോടി രൂപ - ആയിരുന്നു സ്വകാര്യമേഖലയ്ക്കായി നീക്കിവെച്ചത്. 12-ാം പദ്ധതിയുടെ 47.7 ലക്ഷംകോടി രൂപയുടെ അടങ്കലിന്റെ പകുതി, 23.85 ലക്ഷം കോടി രൂപ, നീക്കിവെച്ചിരിക്കുന്നു. തുകയുടെ അടിസ്ഥാനത്തില്‍ വര്‍ദ്ധന ഇരട്ടിയിലേറെ ആണ്. അതേസമയം സര്‍ക്കാര്‍ വിഹിതം ഏതാണ്ട് 25 ലക്ഷം കോടി രൂപയില്‍നിന്ന് 23.85 ലക്ഷം കോടിയായി കുറച്ചിരിക്കുന്നു. വിലക്കയറ്റം/പണപ്പെരുപ്പംമൂലം രൂപയ്ക്കുണ്ടായ മൂല്യശോഷണംകൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ പദ്ധതി വിഹിതം ഗണ്യമായി ഇടിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സമ്പാദ്യത്തിന്റെ അനുപാതം വര്‍ദ്ധിപ്പിക്കണം എന്ന മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം യുക്തിസഹമാണെന്ന് പറയാനാവില്ല.

ജനങ്ങളുടെ സമ്പാദ്യവും സമ്പാദ്യശീലവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞകാലത്ത് സഹായിച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെയും ലഘു സമ്പാദ്യ പദ്ധതികളിലെയും നിക്ഷേപത്തെ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമായ നടപടികളിലൂടെ സ്വകാര്യസ്ഥാപനങ്ങളുടെ പിടിയിലേക്ക് തെളിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ നാനാതരത്തിലുള്ള മുന്‍കൈകളെ ഓരോന്നായി തകര്‍ത്തുവരികയാണ്. സര്‍ക്കാരിന്റെ ബജറ്റ്/ധനക്കമ്മികള്‍ വര്‍ദ്ധിക്കുന്നത് കര്‍ശനമായി തടഞ്ഞ് കുറഞ്ഞ കാലയളവിനുള്ളില്‍ കമ്മി ഇല്ലാതാക്കണമെന്ന സാമ്രാജ്യത്വശക്തികളുടെ കുറിപ്പടി വിശ്വസ്തതയോടെ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിമൂലം വന്‍ പണക്കാര്‍ പണഞെരുക്കം നേരിട്ടപ്പോള്‍ കമ്മി അനിയന്ത്രിതമായി ഉയരാന്‍ മന്‍മോഹന്‍സര്‍ക്കാര്‍ അനുവദിച്ചു. അതിനെ നിയന്ത്രിച്ചു താഴെ കൊണ്ടുവരാന്‍ അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒറ്റമൂലി പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ്. അവര്‍ക്കുള്ള മൊത്തം സബ്സിഡിയുടെ നാലോ അഞ്ചോ ഇരട്ടി വരും വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള പലതരം ഇളവുകളുടെ മൊത്തം തുക. ഈ വര്‍ഷം അത് 5.28 ലക്ഷം കോടി രൂപയുടേതാണ്. അതേസമയം മൊത്തം ധനകമ്മി 5.22 ലക്ഷം കോടി രൂപ മാത്രമാണ്. ഈ വര്‍ഷം നല്‍കിയ വമ്പന്‍മാര്‍ക്കുള്ള ഇളവുകള്‍ മാത്രം പിന്‍വലിച്ചാല്‍ കമ്മി കുറയ്ക്കാന്‍ പാവങ്ങള്‍ക്കുള്ള സബ്സിഡിയുടെമേല്‍ സര്‍ക്കാരിന് കൈവെയ്ക്കേണ്ടി വരികയില്ല. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനം (ജിഡിപി) വര്‍ദ്ധിക്കണമെങ്കില്‍ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണം. എല്ലാവര്‍ക്കും തൊഴില്‍ നല്‍കണം. അതില്‍ കാര്‍ഷികമേഖലയ്ക്ക് നിണ്ണായകമായ പങ്കുണ്ട് ഇപ്പോഴും. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഭക്ഷ്യ സ്വയം പര്യാപ്തത നേടാനല്ല മന്‍മോഹന്‍ സര്‍ക്കാരിന്റെ നീക്കം. അതിനായി കൃഷിക്കാരെ പ്രചോദിപ്പിക്കുന്നതിന് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുകയുമല്ല. അതിനായി സര്‍ക്കാര്‍ പണം ചെലവഴിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനുപകരം വിദേശ കുത്തകകളെ ചില്ലറ വില്‍പനരംഗത്തേക്ക് കടക്കാന്‍ അനുവദിച്ച് കൃഷിക്കാരെ അവരുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയാണ്.

ദാരിദ്ര്യം 12-ാം പദ്ധതിക്കാലത്ത് ഇന്നത്തെ 30 ശതമാനത്തില്‍നിന്ന് 10 ശതമാനം കുറച്ച് 20 ശതമാനമാക്കാന്‍ മാത്രമേ യുപിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുള്ളു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഭക്ഷണം, കുടിവെള്ളം, കക്കൂസ്, വീട്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ മുതലായവ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഈ ലക്ഷ്യ പ്രഖ്യാപനത്തില്‍നിന്ന് വ്യക്തം. അതിനുസൃതമായി ഇവര്‍ക്കായുള്ള വകയിരുത്തലില്‍ ആപേക്ഷികമായ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ 12-ാം പദ്ധതിയില്‍ നല്‍കുന്ന ഊന്നല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനല്ല. അതിസമ്പന്നരെ കേന്ദ്രീകരിച്ചുള്ള വികസനത്തിനാണ്.

*
സി പി നാരായണന്‍ ചിന്ത വാരിക

No comments: