ഇരുപതാം നൂറ്റാണ്ടിന്റെ സൂക്ഷ്‌മവും സങ്കീര്‍ണവുമായ ഹൃദയതാളം ആവിഷ്‌കരിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധര മേനോന്‍. ലോകം തന്നെ ആകെ മാറിപ്പോയ കാലമായിരുന്നു അത്. ആ പരിവര്‍ത്തനങ്ങള്‍ ആഴത്തില്‍ കേരള സമൂഹത്തെയും മാറ്റി മറിച്ചു. അനുഭവത്തെയും വിചാരത്തെയും ലോകബോധത്തെയും അത് ആകെ ഇളക്കിമറിച്ചു. പുതിയ കാഴ്‌ചപ്പാടുകളും ജീവിതസമീപനവും രൂപപ്പെട്ടു. സാമൂഹികവും വൈയക്തികവുമായ തലങ്ങളിലുണ്ടായ ഈ ചലനങ്ങളോടൊപ്പം ഗാഢമായി പ്രതികരിച്ച കവിയാണ് വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ കവിതകളോരോന്നും ഇത്തരം ലോകാനുഭവത്തിന്റെ സാന്ദ്രമുദ്രകള്‍ പതിഞ്ഞവയാണ്.
പ്രത്യക്ഷതലത്തില്‍, വൈലോപ്പിള്ളിയുടെ കവിതകളുടെ അടിയാധാരമായി വര്‍ത്തിച്ചത് മാനവികതാബോധമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ കേരളീയ സമൂഹത്തെ ഉന്മിഷത്താക്കിയ പുരോഗമനോന്മുഖമായ ചലനങ്ങളുടെ പിന്നിലെ പ്രമുഖ പ്രേരണാശക്തിയുമായിരുന്നു, അത്. മനുഷ്യരുടെ കര്‍മശേഷിയുടെയും ലോകത്തെ മാറ്റിപ്പണിയാനുള്ള ഇച്‌ഛയുടെയും മഹത്വാകാംക്ഷയുടെയും ഒക്കെ ഇഴകള്‍ കലര്‍ന്നതാണാ കാഴ്‌ചപ്പാട്. അതിന്റെ വൈവിധ്യ സാധ്യതകളെ സാക്ഷാല്‍കരിച്ചതുകൊണ്ടാണ് വൈലോപ്പിള്ളിയുടെ കവിത ജീവിതമഹത്വത്തിന്റെയും മാനവികതാബോധത്തിന്റെയും കൊടിപ്പടമുയര്‍ത്തിയത്.
അതിന്റെ ഒരു മുഖം പ്രകൃതിയെ കീഴ്പ്പെടുത്തി മുന്നേറുന്ന മനുഷ്യന്റേതാണ്. പ്രകൃതിയെ തന്റെ സൌകര്യാര്‍ഥം സ്വന്തം നിര്‍മിതികളിലൂടെ മാറ്റിത്തീര്‍ത്താണ് മനുഷ്യന്‍ അവന്റെ ഭൌതിക സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. ഒപ്പം അത്തരം കീഴടക്കലുകളിലൂടെ അവന്റെ സാഹസികതാബോധത്തിനു സന്തര്‍പണം ലഭിക്കുകയും ചെയ്‌തു. ഏതു മഹാപര്‍വതത്തെയും വെല്ലാന്‍ കഴിയുന്നതും ഏത് അഗാധസാഗരത്തെയും മുറിച്ചു കടക്കാന്‍ ശേഷിയുള്ളതും ഏതു മഹാവിപിനത്തിന്റെയും രഹസ്യഹൃദയത്തിലേക്കു കടന്നുചെല്ലാന്‍ പ്രാപ്‌തിയുള്ളതുമായ മനുഷ്യന്റെ മാനസികശക്തിയുടെ വിളംബരമായിത്തീര്‍ന്ന ആ ഗണത്തില്‍പ്പെടുത്താവുന്ന വൈലോപ്പിള്ളിക്കവിതകള്‍. കൊളോണിയല്‍ ആധുനികതയുടെ സംക്രമണഫലമായി രൂപപ്പെട്ടുവന്ന കാഴ്‌ചപ്പാടായിരുന്നു അത്. മനുഷ്യപുരോഗതിയുടെ ആവിവണ്ടിയ്‌ക്ക് ഊളിയിട്ടോടാന്‍ മലതുരക്കുന്നതിനിടയില്‍ പ്രതികൂല്യങ്ങളും പ്രതിസന്ധികളുമുണ്ടായപ്പോഴും "മര്‍ത്ത്യവീര്യമീയദ്രിയെ വെല്ലും'' എന്ന് ഉറക്കെ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.
നവോത്ഥാന ചിന്തകളോട് ബന്ധപ്പെട്ട് വ്യാപകമായിത്തീര്‍ന്ന യൂറോ കേന്ദ്രിതമായ മാനവികതാ സങ്കല്‍പത്തിന്റെ ഇത്തരം ആഖ്യാനരൂപങ്ങള്‍ വൈലോപ്പിള്ളിയുടെ ആദ്യകാലത്തെ പല കവിതകളിലും ചിതറിക്കിടപ്പുണ്ട്. ആ മാനവികതാ സങ്കല്‍പങ്ങളെ കേരളീയസാഹചര്യങ്ങളില്‍ നിര്‍ധാരണം ചെയ്യുകയായിരുന്നു വൈലോപ്പിള്ളി. അതിന്റെ കാതല്‍ മനുഷ്യന് ഭൂമിയുടെയും പ്രകൃതിയുടെയും മേല്‍ചില സവിശേഷാധികാരങ്ങള്‍ ഉണ്ട് എന്ന വിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ കേന്ദ്രത്തില്‍ വര്‍ത്തിക്കുന്ന മനുഷ്യന്‍ ഭൂമിയെയും ഇതരജീവജാലങ്ങളെയുമെല്ലാം തന്റെ ഭൌതികസൌകര്യത്തിനുവേണ്ടി വിനിയോഗിക്കുന്ന ഒരതിമാനുഷനാണ്. കാട് നാടാക്കുന്നവന്‍ പുഴയെ അണകെട്ടി മെരുക്കുന്നവന്‍, കുന്നും കുഴിയും നിരത്തി സമതലമാക്കുന്നവന്‍, ജലസ്ഥാനങ്ങളെ വരള്‍പ്പറമ്പാക്കുന്നവന്‍, പ്രകൃതിയ്‌ക്കുമേല്‍ നിര്‍മിതികള്‍ കൊണ്ട് കോട്ടകെട്ടുന്നവന്‍ - അതായിരുന്നു ആ മനുഷ്യന്‍.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ - വിശേഷിച്ചും നെഹ്റുവിയന്‍ വികസനസങ്കല്‍പങ്ങള്‍ പ്രകാശം പൊഴിച്ചു നിന്നിരുന്ന കാലത്ത് ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പരമ്പരാഗത ജീവിതരീതിയോടു ബന്ധപ്പെട്ട പലതും അന്ധവിശ്വാസങ്ങളായി മുദ്രകുത്തപ്പെട്ടു. 'സര്‍പ്പക്കാട് ' എന്ന വൈലോപ്പിള്ളിയുടെ ഏറെ പ്രഥിതമായ കവിത ഈ കാഴ്‌ചപ്പാടിന്റെ ആവിഷ്‌കാരമാണ്. കൃഷിചെയ്യാനുള്ള ഭൂമിയെ പാഴാക്കുന്നതും അന്ധവിശ്വാസത്തിന്റെ കാടും പടലും വളര്‍ത്തുന്നതുമായ സര്‍പ്പക്കാട് വെട്ടിവെളുപ്പിച്ച് കൃഷിയിടമാക്കുക എന്നതാണതിന്റെ പ്രമേയം.
"അന്ധതയില്‍ കുടിവെച്ചു പെരുത്തൊരു
ദേവതമാരേ നിങ്ങടെ പടലാല്‍
നൊന്തു ഞെരുങ്ങീ മാനവജീവിതം
അഗ്നി കൊളുത്തുകയായീ ഞങ്ങള്‍
വെട്ടിയെരിച്ചൂ ഞാനാക്കാടൊരു
മഞ്ഞച്ചേരയിഴഞ്ഞു മറഞ്ഞൂ.
നട്ടുനനച്ചേനവിടെക്കേര
ത്തയ്യുകള്‍, വാഴ, യടക്കാമരവും.
നേദിക്കാത്ത ഫലങ്ങള്‍ ചുമന്നെന്‍
തെങ്ങുകളിന്നു നിരക്കെ, ക്കീഴേ
മോദിച്ചാര്‍ത്തിടുമെന്‍ ശിശുവെന്തോ
ചോദിക്കാനായ് ഭാവിക്കുന്നു.''
കാടിനെ നാടാക്കുകയും, ക്രമേണ നാടിനെ നഗരമാക്കുകയും ചെയ്യുന്ന വികസനവീക്ഷണത്തിന്റെ സ്‌ഫുരണങ്ങള്‍ ഇവിടെ കാണാം. കാളവണ്ടിയുഗത്തില്‍ നിന്ന് സ്‌ഫുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്. ആ കുതിപ്പിന്റെ ബാഹ്യാഹ്ളാദാരവങ്ങള്‍ക്കിടയില്‍ അടിസ്ഥാനതലത്തില്‍ സംഭവിക്കുന്ന നഷ്‌ടത്തെക്കുറിച്ചും അപചയത്തെക്കുറിച്ചും അറിയാതെ പോകുന്നു.
ഈ പ്രക്രിയ നഗരവല്‍കരണത്തിന്റേതാണ്. അത് പ്രകൃതിയുടെ സ്വാഭാവികതയെ മുടിക്കുന്നു; നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുകയും എച്ചില്‍ പറമ്പുകളായി മാറ്റുകയും ചെയ്യുന്നു. 'എന്റെ ഗ്രാമം' എന്ന കവിതയില്‍ അത് വൈലോപ്പിള്ളി നേര്‍ത്ത രേഖകളില്‍ വരച്ചിടുന്നുണ്ട്. കൊച്ചിനഗരം ഇടപ്പള്ളി എന്ന സമീപഗ്രാമത്തെ വിഴുങ്ങുന്നതിന്റെ ആറുപതിറ്റാണ്ടുമുന്‍പുള്ള ചിത്രമാണത്. പില്‍ക്കാലത്ത് അത്തരമൊരു നഗരഗ്രാമത്തിന്റെ ഫലമായി ഒരു നാട്ടിന്‍പുറം എച്ചില്‍പ്പറമ്പായി മാറുന്ന ഭീഷണചിത്രം' ആലോഹയുടെ പെണ്‍മക്ക'ളില്‍ വരച്ചിട്ടതു കണ്ടപ്പോള്‍ വൈലോപ്പിള്ളിയുടെ ഈ ഗ്രാമചിത്രം ഓര്‍ത്തുപോയി.
"ശിരായാണിവിടത്തില്‍
തെങ്ങുനെല്ലുകള്‍ കൂട്ടു-
പിരിയാതൈശ്വര്യത്തില്‍
മത്സരിക്കുന്നുണ്ടിന്നും
കുറച്ചു വെണ്‍മാടത്തില്‍
വിരിവൂ സൌഭാഗ്യങ്ങള്‍
കുളത്തില്‍ ച്ചെന്താമര,
കളത്തില്‍ മാടപ്രാവും.
എങ്കിലുമസത്യത്തിന്‍
കണ്ണുകുത്തുവാന്‍ കൂര്‍ത്തോ-
രെന്റെ തൂലികയെല്ലാം
വരച്ചു കാണിയ്‌ക്കട്ടെ.
ഒരിടം മലംപറ,
മ്പൊരിടം ശവപ്പറ-
മ്പൊരിടം വേശ്യാവാടം,
പിന്നെയാചകകേന്ദ്രം
പാതയില്‍ നിന്നും കാണാം
പായകള്‍, മസൂരിയ്‌ക്കൊ-
രാതുരാലയം, പുല്ലി,
ലറവച്ചോരക്കളം
സഹനം ശീലി,ച്ചടി
പണിയും ഗ്രാമത്തിന്നു
നഗരം സംഭാവന
ചെയ്‌തതാണിവയെല്ലാം.''
നഗരവല്‍കരണത്തിന്റെ ഫലമായി ഉണ്ടാകുന്നമാറ്റങ്ങള്‍ സൃഷ്‌ടിക്കുന്ന ഈ അനിവാര്യമായ മലിനീകരണം ആന്തരിക ജീവിതത്തെയും സ്‌പര്‍ശിക്കുന്നു. മനുഷ്യന് സമൃദ്ധവും മെച്ചപ്പെട്ടതുമായ ഭൌതിക ജീവിതം ഉണ്ടാകണം എന്നാഗ്രഹിച്ച് പരിവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും അതിന്റെ അപരതലത്തില്‍ രൂപപ്പെടുന്ന ജീര്‍ണതകളെയും മാലിന്യങ്ങളെയും ഇടര്‍ച്ചകളെയും വേദനകളെയും കവിക്ക് കാണാതിരുന്നുകൂടാ. എന്നാല്‍ അതൊക്കെയും കാണുമ്പോഴും മാനവികതാബോധം പകര്‍ന്ന മനുഷ്യശക്തിയിലുള്ള വിശ്വാസത്തിന്റെ ശുഭദര്‍ശനശീലം ഉയര്‍ന്നു നില്‍ക്കുന്നു:
"ഈ ലഹളയില്‍ സ്വൈര-
ജീവിതഗീതത്തിന്റെ
താളവും ലയവും പോയ്
നമ്മളമ്പരന്നാലും''
ആശുഭദര്‍ശനശീലം 'യുഗപരിവര്‍ത്തന' ഘട്ടത്തില്‍ കവി കൈവിടുന്നില്ല.
എങ്കിലും വികസനത്തിന്റെയും അതുവഴി പ്രകൃതിധ്വംസനത്തിന്റേതുമായ ആ മാറ്റത്തെ അപ്പാടെ പിന്‍തുണയ്‌ക്കുന്ന വൈലോപ്പിള്ളി എന്നു പറയാനാവില്ല. മാത്രമല്ല, ക്രമേണ അതിനെ കൂടുതല്‍ വിമര്‍ശനാത്മകമായി കാണുന്ന രീതി ശക്തമാകുകയും ചെയ്യുന്നു. എല്ലാം മനുഷ്യനുവേണ്ടി എന്ന കാഴ്‌ചപ്പാടില്‍ നിന്ന്, പ്രകൃതിയുടെ നിലനില്‍പ് മനുഷ്യന്റെയും നിലനില്‍പിന് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്കുള്ള മുന്നേറ്റമാണ് പില്‍ക്കാലത്ത് ശക്തമാകുന്നത്. മാനവികതാബോധത്തിന്റെ അടിസ്ഥാനശ്രുതി നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലയാത്മകവും സന്തുലിതവുമായ ബന്ധത്തിന്റെ ആവശ്യകതയിലേക്കാണ് എണ്‍പതുകളില്‍ വൈലോപ്പിള്ളിക്കവിത ജാഗരൂകമാകുന്നത്. അവയില്‍ എന്നും ആന്തരികധാരയായി വര്‍ത്തിച്ചിരുന്ന രാഷ്‌ട്രീയബോധത്തിന്റെ സൂക്ഷ്‌മതലത്തിലുള്ള വികാസമാണ് ഈ ഘട്ടത്തിലെ രചനകളില്‍ കാണുന്നത്.
അടിയന്തിരാവസ്ഥയിലെ പൌരാവകാശലംഘനങ്ങളും ഭരണകൂട ഭീകരതയുമൊക്കെ സൃഷ്‌ടിച്ച വിങ്ങലുകളുടെ നേരെ നിശിതമായി പ്രതികരിച്ച കവിയാണ് വൈലോപ്പിള്ളി. മകരക്കൊയ്‌ത്തിലെ പല രചനകളും ആ രാഷ്‌ട്രീയാന്തരീക്ഷത്തിന്റെ സൃഷ്‌ടികളാണ്. ഭരണകൂടം ജനതയ്‌ക്കുമേല്‍ നടത്തുന്ന ആധിപത്യപ്രവര്‍ത്തനത്തിന്റെ പ്രഛന്നമായ ഒരുമുഖമാണ്, അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം ദുഷ്‌കരവും അനാഥവും ആക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഗുണഭോക്താക്കള്‍ വലിയൊരളവോളം നാഗരികരും സമ്പന്നരുമാണ്. ഇരകളാകട്ടെ ആദിവാസികളും സാധാരണക്കാരും മറ്റുമാണ്. ഈ വികസനസംരംഭങ്ങള്‍ മറ്റൊരു തരത്തില്‍ മൂലധനശക്തികളുടെ പ്രകൃതി ചൂഷണത്തിന് വന്‍തോതില്‍ വഴിയൊരുക്കിക്കൊടുക്കുന്നു. അതിന്റെയെല്ലാം ഫലമായി വേരുകളറ്റു പോകുന്ന ജനതയുടെ വേദനയുമായി വൈലോപ്പിള്ളി സാത്‌മ്യം പ്രാപിക്കുന്നുണ്ട്. കാവ്യജീവിതത്തിന്റെ അവസാനഘട്ടത്തില്‍. മറ്റൊരു സാന്ദര്‍ഭിക പ്രചോദനം കൂടി ആ മാറ്റത്തിനു വഴിയൊരുക്കിയത് കാണാതിരുന്നുകൂടാ. സൈലന്റ് വാലി വനസംരക്ഷണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കവികളും എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ സമരങ്ങളിലൂടെ രൂപപ്പെട്ട ഒരു അന്തരീക്ഷം അന്ന് ശക്തമായിരുന്നു. സുഗതകുമാരിയും ഒ.എന്‍.വി.യും കടമ്മനിട്ടയുമൊക്കെ മുന്‍നിന്ന ആ പ്രസ്ഥാനത്തില്‍ വൈലോപ്പിള്ളി കൈകോര്‍ത്തു.
സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാന (Modernism)ത്തിന്റെ പ്രഭാവകാലത്തിനുശേഷം മലയാള സാഹിത്യത്തില്‍ വികസിച്ചുവന്ന കാഴ്‌ചപ്പാടുകളില്‍ പ്രമുഖമായ ഒന്നായിരുന്നു ഈ പാരിസ്ഥിതിക വിവേകം. അത് മനുഷ്യനെ പ്രകൃതിയെ കീഴ്പ്പെടുത്തുന്നവന്‍ എന്ന നിലയില്‍ നിന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുന്നവന്‍ എന്ന നിലയില്‍ പുനര്‍ വ്യാഖ്യാനിച്ചുതുടങ്ങി. മനുഷ്യന്റെ ആര്‍ത്തി സംസ്‌കാരം ഭൂമിയെ ജീവിതവ്യമല്ലാതാക്കിത്തീര്‍ക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്‌ഠകള്‍ സജീവമായി. വൈലോപ്പിള്ളിയുടെ മൃതസഞ്ജീവനി എന്ന കാവ്യനാടകം ഈ സമീപനത്തെ വാച്യമായിത്തന്നെ അവതരിപ്പിക്കുന്ന കൃതിയാണ്. അതിലെ കുറത്തി കിനാവില്‍ കേള്‍ക്കുന്ന പുഴയുടെ തോറ്റത്തില്‍ അതിന്റെ വികാരവിചാരങ്ങളെല്ലാം വിലയിച്ചിരിക്കുന്നു:
"കവിപാടി വാഴ്ത്തും പടിക്കു ഞാന്‍ പ-
ണ്ടഴകാര്‍ന്ന തേനൊഴുക്കായിരുന്നു
എങ്കിലീ വന്‍ കൊടുനീരൊഴുക്കും
കമ്പനി വന്നതാണെന്‍ ദുരന്തം
സ്‌നനപാനങ്ങളപായമായീ
ഞാനൊരു പൂതനയായി മാറീ,
പൊടി മീനിനങ്ങളും ചത്തുപൊങ്ങീ
വിടവാങ്ങികൊറ്റികള്‍ വിട്ടുപോയീ
അകലെയെന്‍ തണ്ണീരടിച്ച കോളില്‍
തവളകള്‍ ഞാണൂല്‍ തവഞ്ഞി ഞണ്ടും
മൃതിപെട്ടു പൊങ്ങുന്നു, നേര്‍ക്കു കാണ്‍മോ-
രതി കഷ്‌ട,മെന്നകം നൊന്തു നില്‍പൂ.
.. .. .. .. ..
ഇവിടെ ചെകുത്താനെ കൂട്ടുചേര്‍ത്തും
വ്യവസായം വേണമെന്നാണു വാദം
അവസാനം മൃത്യുവിന്‍ കാളകൂട
വ്യവസായം മാത്രമിരമ്പി നില്‍പൂ.
എന്നിങ്ങനെ ഭൂമിയില്‍ ജീവന്റെ നിലനില്‍പുതന്നെ അസാധ്യമാക്കുന്ന തരത്തിലേക്ക് വികസിക്കുന്ന കണ്ണും മൂക്കുമില്ലാത്ത വ്യവസായവല്‍കരണത്തെ വിമര്‍ശവിധേയമാക്കുന്നു ഇവിടെ. വന്‍കിട അണക്കെട്ടുകള്‍ കാട്ടിലെ പരമ്പരാഗത താമസക്കാരെ കുടിയിറക്കി വിടുന്നതിന്റെയും വേരുകളറ്റ ജനങ്ങളായി അവര്‍ ചിതറിനശിച്ചു പോകുന്നതിന്റെയും ചിത്രങ്ങളും അതോടുകൂടിചേരുന്നു. പുരയ്‌ക്കു തീപിടിക്കുമ്പോള്‍ വാഴവെട്ടുന്നതുപോലെ ഇതിനിടയില്‍ കൊള്ളലാഭംനേടാനായി വനംവെട്ടി തടികടത്തുന്നവരുടെ അത്യാര്‍ത്തിയുടെ ചിത്രണവും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന 'നീതിപാലക'രുടെ ആലേഖനവും ഈ കാവ്യനാടകത്തിലുണ്ട്. ഇതെല്ലാം കൂടി കീഴാളജനതയെയും പെണ്‍മയെയും പ്രകൃതിയെയും ക്രൂരമായി ചൂഷണം ചെയ്യുന്നതിന്റെ ഭീഷണചിത്രം വെളിപ്പെടുത്തുന്നു.
ഈ തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് സമൂഹം പരിണമിച്ചതിന്റെ ഉത്കണ്‌ഠകള്‍ മുതിര്‍ന്നുനില്‍ക്കുമ്പോഴും, അവിടെ മനുഷ്യന്‍ കവിതയുടെ കേന്ദ്രസ്ഥാനത്തുണ്ട്. ഈ നിലയില്‍ ജീവന്റെ അതിജീവനംപോലും സന്ദിഗ്‌ദ്‌ധമായിരിക്കെ മനുഷ്യന്റെ സ്ഥിതിയെന്താണ് എന്ന ഉത്കണ്‌ഠയാണ് വൈലോപ്പിള്ളിയെ നയിക്കുന്നത്. തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലുയര്‍ത്തിപ്പിടിച്ച മാനവികതാ ബോധം കുറെക്കൂടി സൂക്ഷ്‌മവും യാഥാര്‍ഥ്യനിഷ്‌ഠവുമാകുകയാണിവിടെ.
*****
ഡോ.കെ.എസ്. രവികുമാര്‍
അധിക വായനയ്‌ക്ക്:
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
Subscribe to:
Post Comments (Atom)
No comments:
Post a Comment