Thursday, September 23, 2010

ഇരിക്കും കൊമ്പ് മുറിയ്‌ക്കുന്നവർ

നമ്മുടെ സാമ്പത്തിക വിദഗ്‌ദർ പാവങ്ങളെ ഊട്ടുന്നതിനേക്കാള്‍ അനുവദിക്കുക ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നശിക്കുന്നതിനെയാണ്. വളരെക്കാലമായി തുടരുന്ന, വര്‍ദ്ധിച്ചുവരുന്ന പട്ടിണിയുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ഉദാസീനത, സുഷുപ്‌തിയോളമെത്തുന്ന തരത്തിലുള്ള നിഷ്‌ക്രിയത്വം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

ഒരു രാജ്യത്തിന്റെ ഏറ്റവും വിലയേറിയ വിഭവശേഷി ആ രാജ്യത്തിലെ ജനങ്ങളാണ്. ദരിദ്രര്‍ ഒരിക്കലും ഒരു ബാധ്യതയല്ല, മറിച്ച് ആസ്‌തി ആണ്. കാരണം അവരാണ് നമ്മളുപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദകര്‍. ചില്ലിക്കാശിന്റെ പ്രതിഫലത്തിനു നമുക്കായി ആകാശം താങ്ങി നിര്‍ത്തുന്നവര്‍‍. ഒരു രാജ്യത്തിനു ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം തങ്ങളുടെ ജനതയ്‌ക്ക് ഭക്ഷിക്കാന്‍ ആവശ്യമായത് കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്, അവർ കഴിക്കുന്ന ഭഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങളുടെ നിലവാരം ഇപ്പോഴുള്ളതിൽ നിന്നും വീണ്ടും താഴാതെ നോക്കുകയാണ്. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇപ്പോഴത്തെ (കേന്ദ്ര) സര്‍ക്കാരിന്റെ റെക്കോര്‍ഡ് ഒട്ടും തൃപ്‌തികരമല്ല. 2007ലെ പ്രതിശീർഷ ധാന്യ ഉപഭോഗമായ 174 കിലോ എന്നത് ഏറ്റവും അവികസിതമായ രാജ്യങ്ങളിലേതിനേക്കാള്‍ (182 കിലോ) കുറവാണെന്നു മാത്രമല്ല ആഫ്രിക്കയുടെ 196 കിലോ എന്ന നിലവാരത്തേക്കാള്‍ തീര്‍ത്തും പിറകിലുമാണ്. 2008 എത്തിയപ്പോഴാകട്ടെ ഇന്ത്യയിലെ ശരാശരി ഭക്ഷ്യധാന്യ ഉപഭോഗം വീണ്ടും താഴ്ന്ന് 156 കിലോയിലെത്തി. ഇതിനു കാരണം അമിതമായ കയറ്റുമതിയും (ബഫര്‍) സ്റ്റോക്കിലേക്ക് കൂടുതല്‍ ധാന്യങ്ങള്‍ ചേര്‍ത്ത നടപടിയുമാണ്. ഇപ്പോള്‍ അവസാനിച്ച വരള്‍ച്ചാ വര്‍ഷത്തില്‍( drought year) അത് വീണ്ടും താഴോട്ട് പോയിരിക്കാനാണ് സാദ്ധ്യത.

ഭക്ഷ്യധാന്യങ്ങളിൽ പത്തിൽ ഒമ്പതും സീരിയൽ വിഭാഗത്തിൽ പെടുന്നതാണ്. ഒരു ശരാശരി ഉപഭോക്താവിന്റെ എഴുപത്തഞ്ചു ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പ്രോട്ടീൻ ആവശ്യങ്ങളും ലഭ്യമാവുന്നത് സീരിയലുകളിൽ നിന്നാണ്. ശരാശരി കലോറി ഉപഭോഗവും പ്രോട്ടീന്‍ ഉപഭോഗവും 1993നു ശേഷം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ള ശോഷണം അത്ര പുതിയ കാര്യമല്ല. ഒരു ദശകത്തോളമായി തുടരുന്നതാണിത്. എങ്കിലും ദാരിദ്ര്യരേഖക്ക് ‘മുകളില്‍’, ദാരിദ്ര്യരേഖക്ക് ‘താഴെ‘ എന്നിങ്ങനെ ജനതയെ ഏകപക്ഷീയമായി വിഭജിച്ചുകൊണ്ട് വിതരണസംവിധാനത്തില്‍ ഉണ്ടാക്കിയിട്ടുള്ള കൃത്രിമമായ തടസ്സങ്ങളെ ഇല്ലാതാക്കുവാന്‍ വിസമ്മതിക്കുക മൂലം നമ്മുടെ സാമ്പത്തികശാസ്‌ത്രജ്ഞരും നയനിര്‍മ്മാതാക്കളും വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പഴമൊഴിക്കഥയിലെ കാളിദാസനെപ്പോലെ അവര്‍ നിര്‍വികാരരായി തുടരുകയാണ്. പാവങ്ങളെ ഊട്ടുന്നതിനേക്കാള്‍ അവര്‍ അനുവദിക്കുക ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നശിക്കുന്നതാണ്. വളരെക്കാലമായി തുടരുന്ന, വര്‍ദ്ധിച്ചുവരുന്ന, പട്ടിണിയുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ഉദാസീനത, സുഷുപ്‌തിയോളമെത്തുന്ന തരത്തിലുള്ള നിഷ്‌ക്രിയത്വം എന്തിനെയാണ് സൂചിപ്പിക്കുന്നത് ? രാജ്യത്ത് പട്ടിണി വര്‍ദ്ധിക്കുന്നുവെന്ന കാര്യം അംഗീകരിക്കുന്നതില്‍ അവര്‍ സൈദ്ധാന്തികമായി പരാജയപ്പെടുന്നത്, ഒരു വികസ്വര സമ്പദ്‌വ്യവസ്ഥയിലെ ഭക്ഷ്യ ആവശ്യകതയെക്കുറിച്ച് ഇവര്‍ വെച്ച് പുലര്‍ത്തുന്ന തെറ്റായ ധാരണകള്‍ മൂലമാണ് എന്നതാണ് ഇതിന്റെ ഉത്തരം

ലോകത്തെ ചലിപ്പിക്കുന്നത് ആശയങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് കെയ്ന്‍സ് ( John Maynard Keynes) അഭിപ്രായപ്പെട്ടിട്ടുണ്ട്. തെറ്റാ‍യ ഒരു ആശയം ഒരു നയനിര്‍മ്മാതാവിന്റെ മനസ്സില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷപ്പെടുക വളരെ വിഷമകരമാണ്. മിതവ്യയത്തെ സംബന്ധിച്ച വിരോധാഭാസ(paradox of thrift)ത്തെക്കുറിച്ചുള്ള കെയ്ന്‍സിന്റെ വാദഗതി - രാജ്യത്തെ എല്ലാ വ്യക്തികളും കൂടുതല്‍ മിച്ചം പിടിക്കുകയാണെങ്കില്‍‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പാദ്യം കുറവായിരിക്കും - General Theory ക്ക് 75 കൊല്ലത്തിനുശേഷവും മനസ്സിലാക്കപ്പെട്ടിട്ടില്ല. ധനകാര്യമന്ത്രിമാരാകട്ടെ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയെ നേരിടേണ്ടി വരുന്ന അവസ്ഥയിലും, വീട്ടമ്മമാരെപ്പോലെ പൊതു ചെലവുകളിൽ കുറവ് വരുത്തി ബജറ്റുകൾ ബാലന്‍സ് ചെയ്യുകയാണ്. നമുക്ക് ചുറ്റും നാശം വിതയ്‌ക്കുന്ന വിവേകശൂന്യമായ പല നയങ്ങളും ഉടലെടുക്കുന്നത് , തെറ്റായതെങ്കിലും നിര്‍ബന്ധബുദ്ധിയോടെ പിന്തുടരുന്ന ഇത്തരം ആശയങ്ങളില്‍ നിന്നാണ് .

ഒരു രാജ്യം വികസിക്കും തോറും, ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കും തോറും അവര്‍ തങ്ങളുടെ ഉപഭോഗം വൈവിധ്യവല്‍ക്കരിക്കുകയും ‘താഴ്ന്ന‘(വിലകുറഞ്ഞ) ധാന്യങ്ങളില്‍ നിന്ന് ‘മെച്ചപ്പെട്ട’ ഭക്ഷ്യവിഭവങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍, ധാന്യ ഉപഭോഗത്തില്‍ കുറവു വരുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല എന്നതാണ് ഇപ്പോൾ ഏറ്റവും വിനാശകരമായ ഫലങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മണ്ടന്‍ ആശയം. പല സാമ്പത്തിക വിദഗ്ദരും ‘ധാന്യ ആവശ്യകതയെ സംബന്ധിച്ച നെഗറ്റീവ് വരുമാന ഇലാസ്‌തികകത’ (‘negative income elasticity of cereal demand) എന്ന് അവര്‍ വിളിക്കുന്ന ഈ ആശയത്തില്‍ വിശ്വസിക്കുന്നു. ഇത് മറ്റു പലരേയും സ്വാധീനിക്കുകയും ചെയ്യുന്നു. ധാന്യ ഉപഭോഗത്തില്‍ വരുന്ന കുറവിനെ അവര്‍ പോസ്റ്റിറ്റീവ് ആയാണ് കാണുന്നത്. പക്ഷേ, അവരുടെ ഈ ആശയം അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതും വസ്‌തുതാപരമായി തെറ്റും ആണ്. നേരിട്ട് ഉപയോഗിക്കുന്ന ഭക്ഷ്യധാന്യത്തെ ( ഉദാ: ചോറ്, ചപ്പാത്തി) മാത്രം കണക്കിലെടുക്കുകയും വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് പാല്‍, മുട്ട, മാംസം തുടങ്ങിയവ ഉല്പാദിപ്പിക്കുന്നതിനു കാലിത്തീറ്റയുടെ രൂപത്തിൽ ആവശ്യമായി വരുന്ന ധാന്യ ആവശ്യകതയെ കണക്കിലെടുക്കാതിരിക്കുകയും ചെയ്യുക എന്ന അബദ്ധധാരണയെയാണ് ഇത് വെളിപ്പെടുത്തുന്നത്.

ഒരു രാജ്യത്തിന്റെ ശരാശരി വരുമാനം വര്‍ദ്ധിക്കുകയും ആഹാരക്രമം മെച്ചപ്പെട്ട ഭക്ഷ്യവിഭവങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭക്ഷ്യധാന്യ ഡിമാന്‍ഡ് കുറയുകയല്ല കുത്തനെ ഉയരുകയാണ് ചെയ്യുന്നത് എന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്റെ അന്‍പത് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി പ്രോട്ടീന്‍ ഉപഭോഗവും കലോറി ഉപഭോഗവും ഇതോടൊപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വളരെക്കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റയായും മറ്റും പരോക്ഷമായി ഉപയോഗിക്കപ്പെടുന്നു എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒരു രാജ്യത്തിന്റെ ശരാശരി വരുമാനം ഉയര്‍ന്നതാണെങ്കില്‍ ധാന്യ ഉപഭോഗവും ഉയര്‍ന്നതായിരിക്കും. മാത്രമല്ല, പരോഷമായി ഉപഭോഗം ചെയ്യപ്പെടുന്ന ധാന്യത്തിന്റെ അളവും കൂടുതലായിരിക്കും. പട്ടിക ഇത് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരാജ്യമായ അമേരിക്കയുടെ 2007ലെ ആളോഹരി ധാന്യ ഉപഭോഗം 900 കിലോ ആയിരുന്നു. ഇതില്‍ എട്ടില്‍ ഒന്ന് ഭാഗം മാത്രമാണ് നേരിട്ട് ഭക്ഷിക്കപ്പെട്ടത്. അഞ്ചില്‍ മൂന്ന് ഭാഗം കന്നുകാലികള്‍ക്കുള്ള ഉല്പന്നങ്ങളായി മാറിയപ്പോള്‍ ബാക്കി ഭാഗം സംസ്‌കരിക്കപ്പെട്ട ഭക്ഷ്യവിഭവമായി(processed food) മാറി. അമേരിക്കയുടെ (ആളോഹരി) ധാന്യ ഉപഭോഗം ഇന്ത്യയുടെ ആളോഹരി ധാന്യ ഉപഭോഗമായ 174 കിലോ എന്നതിന്റെ അഞ്ചിരട്ടിയായിരുന്നു. അമേരിക്കയുടെ ‘ക്രമാനുസരണമാക്കിയ കലോറി ഉപഭോഗം‘ (normalised calorie intake - അതായത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായത് 1000 കലോറി എന്ന് കണക്കാക്കി തട്ടിക്കിഴിച്ചത്) ഭാരതീയന്റെ ശരാശരി കലോറി ഉപഭോഗത്തിന്റെ രണ്ടര ഇരട്ടിയും ആയിരുന്നു.

ചൈനയുടെ വരുമാനവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ വാങ്ങല്‍ കഴിവ് അമേരിക്കന്‍ ഡോളറില്‍ തിട്ടപ്പെടുത്തി (purchasing power parity adjusted U.S. dollars) താരതമ്യം ചെയ്‌താണ് നാം സംസാരിക്കുന്നത്. 115 ദശലക്ഷം ധാന്യമാണ് ചൈന വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് വെറും 10 ദശലക്ഷം ടണ്‍ മാത്രമാണ്. ചൈനയിലെ ജനങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന അത്രയും ധാന്യം തന്നെ നേരിട്ട് ഉപയോഗിക്കുന്നു. എന്നാല്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ആഹാരക്രമം പിന്തുടരുന്നതിനാല്‍ അവര്‍ ആളോഹരി 300 ടണ്‍ ഭക്ഷ്യധാന്യം ഉപയോഗിക്കുന്നു. ഇന്ത്യക്കാരുടെ ആളോഹരി ഉപഭോഗത്തേക്കാള്‍ 115 കിലോ അധികമാണ് ഇത്. അവരുടെ ശരാശരി പ്രോട്ടീന്‍ ഉപഭോഗവും കലോറി ഉപഭോഗവും നമ്മുടേതിനേക്കാള്‍ അധികവുമാണ്.

ശരാശരി വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും ഇന്ത്യയുടെ ശരാശരി ഉപഭോഗം എന്തുകൊണ്ടാണ് ഇത്രയും താഴ്ന്നത് ? ഇന്ത്യയിലും ചൈനയിലും വര്‍ദ്ധിച്ച വളര്‍ച്ചാ നിരക്ക് ദൃശ്യമായതുകൊണ്ട്, ഈ രാജ്യങ്ങളിലെ അനുദിനം ഉയരുന്ന ഭക്ഷ്യധാന്യ ആവശ്യകത 2008ലെ ആഗോള ഭക്ഷ്യവിലവര്‍ദ്ധനയ്‌ക്ക് കാരണമായി എന്ന് മൌലികമായി തീര്‍ത്തും വ്യത്യസ്‌തരായ പോള്‍ ക്രുഗ്‌മാനും ജോര്‍ജ് ബുഷും തെറ്റായി വിശദീകരിച്ചിരുന്നു. ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആവശ്യകത ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചത് ശരിയായിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങിനെ സംഭവിച്ചു എന്ന് അവര്‍ കരുതിയത് തെറ്റായിരുന്നു. ഇന്ത്യയെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഏറ്റവും അവികസിതമായ രാജ്യങ്ങള്‍ക്കും താഴേയ്‌ക്ക് തള്ളിവിട്ട, കഴിഞ്ഞ ദശകത്തില്‍ സംഭവിച്ച ഈ കുറവ് , ശരാശരി വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും സ്വാഭാവികമായ ഒന്നല്ല. അസമവും അസന്തുലിതവുമായ വളര്‍ച്ചാ രീതി മൂലമാണ് ഇങ്ങനെ സംഭവിച്ചത്.

ബ്രെട്ടന്‍ വുഡ് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചതും, 1991 മുതല്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ വിശ്വസ്‌തതയോടെ പിന്തുടര്‍ന്നതുമായ ‘വരുമാനം ചുരുക്കുന്ന സർക്കാർ നയങ്ങള്‍‘ (income deflating fiscal policies) മൂലം സമ്പദ്‌ വിതരണത്തില്‍ ഉണ്ടായ ദോഷകരങ്ങളായ മാറ്റങ്ങളെ ക്രുഗ്‌മാനും കൂട്ടരും കണക്കിലെടുത്തില്ല. ഇത്തരം നയങ്ങള്‍, കൃഷിയെ വിശേഷിച്ചും, ഒരു മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. അതില്‍നിന്ന് ഇനിയും കര കയറിയിട്ടുമില്ല. തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന, വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമായിരിക്കുന്ന, ഭൂരിപക്ഷം ജനതയും വരുമാനച്ചുരുക്കത്താൽ പീഡിതരായിരിക്കുന്ന അവസ്ഥയില്‍, ധനിക വിഭാഗത്തിന്റെ ആഹാരക്രമങ്ങളിലുണ്ടായ വൈവിധ്യവല്‍ക്കരണത്തിന്റെ പ്രഭാവം, ഭൂരിപക്ഷത്തിന്റെ ധാന്യ ഉപഭോഗത്തില്‍ ഉണ്ടായ കുറവില്‍ ഇല്ലാതാവുകയായിരുന്നു.

ദേശീയ സാമ്പിൾ സർവെ കണക്കുകൾ പ്രകാരം സാമ്പത്തിക പരിഷ്‌കാര കാലയളവിൽ രണ്ടു സംസ്‌ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ഭക്ഷ്യ ധാന്യ ഉപഭോഗത്തിനോടൊപ്പം മൃഗോൽ‌പ്പന്നങ്ങളുടെ ശരാശരി ഉപഭോഗത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ശരാശരി ഊർജ ഉപഭോഗത്തിലും പ്രോട്ടീൻ ഉപഭോഗത്തിലും കുറവ് വന്നതിൽ യാതൊരു അത്‌ഭുതവുമില്ല. ധനികരല്ലാത്തവരാരും തങ്ങളുടെ ഭക്ഷണം വൈവിധ്യവൽക്കരിക്കുന്നില്ല; വിശക്കുന്നവർ പോലും തങ്ങളുടെ ഭക്ഷ്യ ഉപഭോഗം വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിക്കപ്പെടുകയും തൽഫലമായി കടുത്ത പോഷക ദൌർലഭ്യം നേരിടുകയുമാണ്.

2008 ആയപ്പോഴേക്കും, നല്ല വിളവെടുപ്പുണ്ടായിട്ടും, സ്ഥിതി കൂടുതൽ മോശമാവുകയാണുണ്ടായത്. 31. 5 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കയറ്റുമതി ചെയ്യപ്പെട്ടതും ഭക്ഷ്യധാന്യ ശേഖരത്തിലേക്ക് ചേർക്കപ്പെട്ടതും. ഇതൊരു സർവകാല റിക്കാർഡായിരുന്നു. എന്നാൽ, ഇതിന്റെ ഫലമായി പ്രതിശീർഷ ഭക്ഷ്യ ധാന്യ ലഭ്യത 156 കിലോഗ്രാമായി കുറയുകയുണ്ടായി. ആഗോള സാമ്പത്തിക മാന്ദ്യം മൂലം തൊഴിലില്ലായ്‌മ വർദ്ധിച്ചു. ഭക്ഷ്യോല്‍പ്പന്നവിലയിലുണ്ടായ കുതിച്ചുകയറ്റം യഥാർത്ഥ വരുമാനത്തിൽ (real income) കുറവു വരുത്തുകയും ചെയ്തു. സാധാരണക്കാരന്റെ വാങ്ങൽ ശേഷിയിൽ വീണ്ടും ഇടിവുണ്ടാക്കുന്നതിനാണ് ഇത് ഇടയാക്കിയത്.

എന്താണ് നാം ചെയ്യേണ്ടത്? ഇന്നു നാം കാണുന്ന പോലെയുള്ള, അറച്ചറച്ചും അർദ്ധമനസ്സോടെയും ഉള്ള നടപടികൾ അല്ല, ധീരമായ നടപടികളാണാവശ്യം. ഗ്രാമീണ ദരിദ്രരുടെ ക്രയശേഷി വർദ്ധിപ്പിക്കുന്നതിനായി മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) കൂടുതൽ ഗൌരവപൂർവം നടപ്പിലാക്കേണ്ടിയിരിക്കുന്നു. എന്നു മാത്രമല്ല, ഈ പദ്ധതി ദാരിദ്ര്യം കുതിച്ചുയരുന്ന നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ടിയുമിരിക്കുന്നു. ഉദാഹരണത്തിന് ഡൽഹി സംസ്ഥാനത്തിന്റെ കണക്കു പരിശോധിക്കുകയാണെങ്കിൽ, പ്രതിദിനം 2100 കലോറിയുടെ ഭക്ഷ്യസാധനങ്ങൾ ലഭ്യമല്ലാത്ത ആളുകളുടെ ശതമാനം 1993- 94 ൽ 35 ആയിരുന്നുവെങ്കിൽ 2004- 05 അത് 57 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇന്നിപ്പോൾ സ്ഥിതി ഇതിലും മോശമാണെന്ന് കാണാം. സൂക്ഷിക്കുവാൻ സ്ഥലമില്ലാതെ തുറന്ന പ്രദേശങ്ങളിൽ കിടന്ന് ചീഞ്ഞളിയുന്ന ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ചു വയ്‌ക്കാനുള്ള സൌകര്യങ്ങൾ നിർമ്മിക്കുന്നതിന് ഒരു അടിയന്തിര പരിപാടി നടപ്പിലാക്കുന്നതിനും മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) യെ ഉപയോഗിക്കാനാവും.

തികച്ചും ഏകപക്ഷീയവും തെറ്റുകൾ നിറഞ്ഞതുമായ ഔദ്യോഗിക കണക്കുകളെ മാത്രം ആധാരമാക്കി ദാരിദ്ര്യത്തെ നിർവചിക്കാനും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത് ചില വിഭാഗങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യ സാധനളുടെ വിതരണം സാർവത്രികമാക്കേണ്ടതാണ്. ചില ജില്ലകളുടെ കാര്യത്തിൽ മാത്രം പൊതു വിതരണ സമ്പ്രദായത്തിലെ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ഈയിടെ തീരുമാനിച്ചുവെങ്കിലും അത് കാര്യമായ ഗുണം ചെയ്യില്ല. ഭക്ഷ്യ സബ്‌സിഡി പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടണ് സർക്കാർ ഇതൊക്കെ ചെയ്യുന്നതെങ്കിലും ആ ലക്ഷ്യം നേടാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ വസ്‌തുത. ഭക്ഷ്യ സാധനങ്ങൾ സാധാരണക്കാർക് അപ്രാപ്യമാക്കുന്നതു വഴി ഭക്ഷ്യസബ്‌സിഡി കുറച്ചുകൊണ്ടുവരാമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടലെങ്കിലും വിറ്റഴിക്കാത്ത ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനായി ചെലവഴിക്കുന്ന തുകയിലൂടെ മറുവശത്ത് ആർക്കും പ്രയോജനമില്ലാത്ത സബ്‌സിഡി കുതിച്ചുയരുക തന്നെയാണ്.

ഈ രാജ്യത്തിന് അതിന്റെ മുഴുവൻ ജനതയെയും മാന്യമായിത്തനെ തീറ്റിപ്പോറ്റുവാനുള്ള കഴിവുണ്ട്. ഇതിന് തടസ്സമായി നിൽക്കുന്നത് വിഭങ്ങളുടെ അഭാവമല്ല, മറിച്ച് നയരൂപീകരണം നടത്തുന്നവരുടെ അറിവില്ലായ്‌മയും അവരെ നയിക്കുന്ന തെറ്റായ ആശയങ്ങളുമാണ്. രാജ്യത്തിന്റെ നയങ്ങൾ നിശ്‌ചയിക്കുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്‌ദർ ഇനിയെങ്കിലും തങ്ങളുടെ തെറ്റായ സൈദ്ധാന്തിക പിടിവാശികൾ ഉപേക്ഷിക്കുവാനും പ്രശ്‌നത്തെ യാഥാർത്ഥ്യ ബോധത്തോടും യുക്തിപൂർവവും സമീപിക്കാൻ തയ്യാറാവുമോ? അതോ അവർ കൂടുതൽ കൂടുതൽ ദുരിതങ്ങൾ ഇനിയും ജനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിക്കുമോ? ഏറ്റവും അവികസിതമായ രാജ്യങ്ങൾക്കും ആഫ്രിക്കയ്‌ക്കും പിന്നിലേയ്‌ക്ക് തള്ളപ്പെടുന്നതിന്റെ നാണക്കേട് നാം സഹിക്കേണ്ടിവരുമോ?


*****

ഉത്‌സ പട്‌നായിക്

(Utsa Patnaik retired recently as Professor of Economics in Jawaharlal Nehru University. Her area of specialisation is problems of historical transition to industrialisation in agriculture-predominant societies. Her most recent publications are The Republic of Hunger and Other Essays, and (edited) The Agrarian Question in Marx and his Successors.)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ രാജ്യത്തിന് അതിന്റെ മുഴുവന്‍ ജനതയെയും മാന്യമായിത്തനെ തീറ്റിപ്പോറ്റുവാനുള്ള കഴിവുണ്ട്. ഇതിന് തടസ്സമായി നില്‍ക്കുന്നത് വിഭങ്ങളുടെ അഭാവമല്ല, മറിച്ച് നയരൂപീകരണം നടത്തുന്നവരുടെ അറിവില്ലായ്‌മയും അവരെ നയിക്കുന്ന തെറ്റായ ആശയങ്ങളുമാണ്. രാജ്യത്തിന്റെ നയങ്ങള്‍ നിശ്‌ചയിക്കുന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്‌ദര്‍ ഇനിയെങ്കിലും തങ്ങളുടെ തെറ്റായ സൈദ്ധാന്തിക പിടിവാശികള്‍ ഉപേക്ഷിക്കുവാനും പ്രശ്‌നത്തെ യാഥാര്‍ത്ഥ്യ ബോധത്തോടും യുക്തിപൂര്‍വവും സമീപിക്കാന്‍ തയ്യാറാവുമോ? അതോ അവര്‍ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങള്‍ ഇനിയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍‌പ്പിക്കുമോ? ഏറ്റവും അവികസിതമായ രാജ്യങ്ങള്‍ക്കും ആഫ്രിക്കയ്‌ക്കും പിന്നിലേയ്‌ക്ക് തള്ളപ്പെടുന്നതിന്റെ നാണക്കേട് നാം സഹിക്കേണ്ടിവരുമോ?

عبد الرؤوف عبد الله الوافي said...

വളരെ വിലപ്പെട്ട അറിവുകള്