Tuesday, September 21, 2010

ബുദ്ധിപരമായ വിഡ്ഢിത്തങ്ങള്‍ - ക്ളോദ് ഷാബ്രോള്‍ - ഒരോര്‍മ്മക്കുറിപ്പ്

ജനുവരി 11ന് എറിക് റോമര്‍ നിര്യാതനായതിനു പിന്നാലെ, സപ്തംബര്‍ 12ന് ഞായറാഴ്ച ക്ളോദ് ഷാബ്രോളും കൂടി വിടപറഞ്ഞതോടെ 2009ല്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന് ഇരട്ട നഷ്ടവര്‍ഷമായി തീര്‍ന്നു 2010. ഫ്രാങ്കോ ത്രൂഫോയെയും ഗൊദാര്‍ദിനെയും പോലുള്ള 'വിപ്ളവകാരികളു'ടെ കൂടെ കഹേ ദു സിനിമയില്‍ നിരൂപണമെഴുതിത്തുടങ്ങിയ ഷാബ്രോള്‍ പക്ഷെ, ന്യൂവേവിന്റെ പരിധികളെ വ്യാപിപ്പിച്ചുകൊണ്ട് (അഥവാ പരിധിരാഹിത്യത്തെ പരിധിവത്ക്കരിച്ചുകൊണ്ട്) മുഖ്യധാരാ ത്രില്ലറുകള്‍ എങ്ങിനെ രൂപപ്പെടുത്താമെന്ന് പരീക്ഷിക്കുകയായിരുന്നു പ്രധാനമായും ചെയ്തത്. അതുകൊണ്ടദ്ദേഹത്തെ 'മുഖ്യധാരാ' നവതരംഗക്കാരന്‍("mainstream" New Wave director) എന്ന് വിചിത്രമായി വിശേഷിപ്പിക്കാനും വിമര്‍ശകര്‍ മുതിരുകയുണ്ടായി. മുഖ്യധാരാ സിനിമകളിലെ പരമ്പരാഗതത്വവും വിട്ടുവിഴ്ചകളും അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും സ്വീകരിക്കപ്പെട്ടു.

കേവലം വിനോദസിനിമ മാത്രമായി കണക്കു കൂട്ടി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഹോളിവുഡിലെ ഹൊറര്‍-സസ്പെന്‍സ്-ത്രില്ലര്‍ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളെ സംബന്ധിച്ച് റോമറോടൊപ്പം ചേര്‍ന്ന് ഷാബ്രോളെഴുതിയ പഠനം ഹിച്ച്കോക്ക് സിനിമയെക്കുറിച്ചു മാത്രമല്ല, സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ചും ചലച്ചിത്രവിമര്‍ശനം എന്ന പഠന ശാഖയെ സംബന്ധിച്ചും മുമ്പുണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു. 1955ല്‍ ടു കാച്ച് എ തീഫിന്റെ ചിത്രീകരണസ്ഥലത്ത് വെച്ച് റോമറും ഷാബ്രോളും ചേര്‍ന്ന് ഹിച്ച്കോക്കിനെ ഇന്റര്‍വ്യൂ ചെയ്തു. ഹിച്ച് കോക്കിനാല്‍ 'പിടികൂടപ്പെട്ട' ആ ചെറുപ്പക്കാരെ തന്റെ മദ്യഗ്ളാസില്‍ വീണ രണ്ട് ഐസ് ക്യൂബുകളെന്നാണ് ഹിച്ച്കോക്ക് വിശേഷിപ്പിച്ചത്.

ഫ്രഞ്ച് ന്യൂവേവിലെ ആദ്യ സിനിമ ഏതാണെന്നതിനെ സംബന്ധിച്ച് പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956ലും 1957ലും പുറത്തു വന്ന ഴാക് റിവെയുടെ ലെ കൂപ്പ് ഡു ബെര്‍ജര്‍(Fool's Mate), ഫ്രാങ്കോ ത്രൂഫോയുടെ ലെസ് മിസ്തണ്‍സ്(The Mischief Makers) എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ന്യൂവേവിന്റെ സ്വഭാവപ്രകടനങ്ങളാദ്യം പുറത്തുകൊണ്ടുവന്നതെങ്കില്‍ ക്ളോദ് ഷാബ്രോളിന്റെ ലെ ബ്യൂ സെര്‍ജെ (Bitter Reunion or Handsome Serge/1958) ആണ് ഫീച്ചര്‍ സിനിമയായി പുറത്തുവന്ന ആദ്യ ന്യൂവേവ് ചിത്രം. അതുകൊണ്ട് ന്യൂവേവിന്റെ സ്ഥാപകചലച്ചിത്രകാരനായും ഷാബ്രോള്‍ വാഴ്ത്തപ്പെട്ടു.

ചലച്ചിത്രസംവിധാനത്തെ സംബന്ധിച്ച യാതൊരു മുന്‍ പരിചയവുമില്ലാതെ ഒരു ഗ്രാമത്തില്‍ വെച്ച് നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ച ലെ ബ്യൂ സെര്‍ജെക്ക് മികച്ച സിനിമയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകള്‍ പിന്തുടരാത്തതിനാല്‍ കാന്‍ മേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഷാബ്രോള്‍ സ്വന്തം നിലക്ക് ചിത്രം മേളസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രദര്‍ശന വരുമാനം കൊണ്ട് അദ്ദേഹം അടുത്ത സിനിമയായ Les Cousins (The Cousins/1959) നിര്‍മിച്ചു. ഈ സിനിമക്ക് ബെര്‍ലിന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചു. ഫ്രാങ്കോയ്സ് എന്ന പാരീസ് സ്വദേശിയായ(പരീസ്യന്‍) ഒരു ബൂര്‍ഷ്വ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു ചെല്ലുന്നതിനെക്കുറിച്ചുള്ള കൃത്യതയാര്‍ന്ന വിവരണമാണ് ലെബ്യൂ സെര്‍ജെ. തന്റെ ബാല്യകാലസുഹൃത്ത് സെര്‍ജെയെ അയാള്‍ വ്യാപരിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പശ്ചാത്തലത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ആ ബൂര്‍ഷ്വാസി ഗ്രാമത്തിലെത്തുന്നത്. ഷാബ്രോളിന്റെ തുടര്‍ന്നുള്ള സിനിമകളില്‍ പിന്നീട് കൂടുതല്‍ വ്യക്തമായി വന്ന ബൂര്‍ഷ്വാ വിരുദ്ധ നിലപാടിന്റെ തുടക്കമായിരുന്നു ലെബ്യൂ സെര്‍ജെ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യവസായപരമായി അടഞ്ഞതും ലാവണ്യപരമായി യാഥാസ്ഥിതികവുമായ ഫ്രഞ്ച് സിനിമാവ്യവസായത്തെ ഒരന്യന്‍ പുറത്ത് നിന്ന് വെല്ലുവിളിക്കുകയും കച്ചവടവിജയം നേടിയ സ്വന്തം സിനിമ നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തി.

ത്രൂഫോയുടെ 400 ബ്ളോസും(1959) ഗൊദാര്‍ദിന്റെ ബ്രെത്ത്ലസ്സും(1960) പുറത്തു വന്നതോടെ ന്യൂവേവ് വിസ്മയകരമായ പ്രസ്ഥാനമായി കാലത്തെയും ലോകത്തെയും കീഴടക്കുമെന്ന് കണ്ണും കാതും തുറന്നു വെച്ചവര്‍ക്ക് ബോധ്യമായി. ത്രൂഫോയോടും ഗൊദാര്‍ദിനോടും അലന്‍ റെനെയോടും ഴാക് റിവെയോടുമൊന്നും ഷാബ്രോളിനെ താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. ഗൊദാര്‍ദിന് രാഷ്ട്രീയത്തിലും ചലച്ചിത്രസിദ്ധാന്തത്തിലുമാണ് കൂടുതല്‍ താല്‍പര്യമെങ്കില്‍ ത്രൂഫോക്ക് മാനുഷികതയിലും വൈകാരികതയിലുമാണ് ആഭിമുഖ്യം. എന്നാല്‍ ഷാബ്രോളാകട്ടെ ഒരേ സമയം ചലച്ചിത്ര വിമര്‍ശകനും ചലച്ചിത്രകാരനും ദാര്‍ശനികനുമായിരുന്ന് ആ റോളുകള്‍ തമ്മിലുള്ള ബലതന്ത്രത്തെ കൃത്യമായി സന്തുലനപ്പെടുത്തുകയായിരുന്നു ചെയ്തു പോന്നത്. തരംഗത്തിനകത്ത് തന്റേതായ ഇടം നിര്‍മ്മിച്ചെടുക്കുകയായിരുന്നു അദ്ദേഹം എന്നും പറയാം. മരിക്കുന്നതിനു തൊട്ടുമുമ്പു വരെ, ആദ്യകാലത്ത് വര്‍ഷത്തില്‍ രണ്ടും മൂന്നും പിന്നീട് അവസാനകാലത്ത് വര്‍ഷത്തിലൊന്നു വീതവുമായി ഷാബ്രോള്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. വര്‍ഗം, ലൈംഗികത എന്നീ അടിസ്ഥാന വിഷയങ്ങളെ മുഖ്യധാരാ സിനിമയുടെ വ്യവഹാരരീതി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നിരന്തരം അന്വേഷിക്കുകയും പരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. അറുപതോളം ഫീച്ചറുകളാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയെ സമ്പന്നമാക്കുന്നത്.

ശൈലീവത്കൃതമായ രീതിയില്‍, ഇതിവൃത്തത്തില്‍ നിന്നും ആഖ്യാനത്തില്‍ നിന്നും കൃത്യമായ അകലം സ്ഥാപിച്ചുകൊണ്ടുള്ള പരിചരണമായിരുന്നു ഷാബ്രോളിന്റേത്. വെന്തു മുറുകുന്നതും രക്ഷകളില്ലാത്തതുമായ സാമൂഹ്യക്രമത്തിനകത്ത് കുടുങ്ങിപ്പോയ മനുഷ്യവ്യക്തിത്വങ്ങളെ അനുതാപത്തോടെ അതേ സമയം താദാത്മ്യവത്ക്കരണത്തിന് വിധേയമാകാതെയും അദ്ദേഹം അവതരിപ്പിച്ചു. മധ്യവര്‍ഗത്തിന്റെ അങ്ങേയറ്റം ആത്മവഞ്ചനാപരമായ സദാചാരത്തെ കണക്കിന് പരിഹസിക്കുന്ന ഷാബ്രോള്‍, ക്ളോസപ്പുകള്‍ വളരെ കുറവേ ചിത്രീകരിക്കാറുള്ളൂ. കഥാപാത്രങ്ങളുടെ സ്വകാര്യതയെ അത്രയധികം മാനിക്കുന്ന ഒരു ക്ളാസിക്കല്‍ ബൂര്‍ഷ്വാസിയായി അദ്ദേഹം സ്വയം വരേണ്യവത്ക്കരിക്കുകയായിരുന്നു എന്നും, അദ്ദേഹത്തിന്റെ ബൂര്‍ഷ്വാ വിമര്‍ശനത്തെ പരിഹസിച്ചു കൊണ്ട് പറയാം. വിരുതുള്ളതും തീക്ഷ്ണവുമായ ഒരു പരിഹാസാത്മകത എന്നാല്‍ എപ്പോഴും ദൃശ്യമായിരുന്നു താനും. ബുദ്ധിപരതയെക്കാള്‍ വിഡ്ഢിത്തമാണ് തന്നെ കൂടുതല്‍ മോഹിപ്പിക്കുന്നതെന്ന് അര്‍ത്ഥഗര്‍ഭമായി അദ്ദേഹത്തിന് പറയാനാകുന്നത് അതുകൊണ്ടാണ്. ബൌദ്ധികതക്ക് പരിധികളുണ്ട്; വിഡ്ഢിത്തത്തിന് അതില്ല. അത്യധികം വിഡ്ഢിയായ ഒരാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് എത്ര കൌതുകകരമാണ്, നമുക്ക് അയാളോട് നീരസമേ തോന്നുകയില്ല എന്നാണ് ഈ അനുഭവത്തെക്കുറിച്ച് ഷാബ്രോള്‍ നിരീക്ഷിക്കുന്നത്.

രണ്ടാമത്തെ ചിത്രമായ ലെസ് കസിന്‍സില്‍ ലളിതമായ ഒരു ഇതിവൃത്തമാണുള്ളതെന്നു തോന്നാം. ബൂര്‍ഷ്വാ മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ചാള്‍സ്, നഗരവാസിയും എതിര്‍ സ്വഭാവക്കാരനുമായ പോള്‍ എന്നീ കസിന്‍സാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ചാള്‍സും പോളും പിന്നീട് ഷാബ്രോള്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്ഥിരം പേരുകളായിത്തീര്‍ന്നു. ലെ ബ്യൂ സെര്‍ജെയില്‍ നഗരവാസി ഗ്രാമത്തിലുള്ളയാളെ സന്ദര്‍ശിക്കുകയാണെങ്കില്‍ ലെസ് കസിന്‍സില്‍ ഗ്രാമവാസി നഗരത്തിലുള്ളയാളെ കാണാന്‍ പോകുകയാണ് ചെയ്യുന്നത്. ചിത്രത്തിലുള്ള രണ്ടാമത്തെ ഒത്തുകൂടല്‍ പോലൊരു മുഹൂര്‍ത്തം പിന്നീട് ഇരുപതു വര്‍ഷത്തോളം ഫ്രഞ്ച് സിനിമയില്‍ കാണാന്‍ കിട്ടിയില്ലെന്നാണ് ഷാബ്രോള്‍ ഓര്‍ത്തെടുക്കുന്നത്. ഭ്രാന്ത് എല്ലാ സീമകളും ലംഘിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ഫാഷിസ്റുകളുണ്ടെന്ന് ആരും വിശ്വസിച്ചിരുന്നിട്ടില്ലാത്തതുകൊണ്ടാണ് ചിത്രത്തിലെ പ്രകോപനാത്മക ദൃശ്യങ്ങള്‍ തണുത്തുറഞ്ഞ പ്രതികരണങ്ങള്‍ മാത്രം സൃഷ്ടിച്ചതെന്നാണ് അദ്ദേഹം മാര്‍ക്ക് ഷിവാസിന് 1963ലനുവദിച്ച ഒരഭിമുഖത്തില്‍ തുറന്നടിച്ചത്.

1960ലെടുത്ത നല്ലസമയത്തെ പെണ്‍കുട്ടികള്‍(ലെ ബോണ്‍സ് ഫെമ്മെസ്) നാലു യുവതികളുടെ കഥ പറയുന്നു. ജിനെറ്റും റീത്തയും ജാക്വിലിനും ജെയ്നും. റീത്തയുടെ പ്രതിശ്രുതവരന്റെ കുടുംബക്കാര്‍ സാമൂഹ്യൌന്നത്യം എന്ന ഒറ്റ പ്രതീക്ഷ ലാക്കാക്കുന്നവരാണ്. ജെയിനിന്റെ കാമുകന്‍ ആര്‍മിയിലാണെന്നതിനാല്‍ അവള്‍ ചില മതില്‍ ചാട്ടങ്ങള്‍ നടത്തി ആനന്ദത്തെ നീട്ടിവെക്കാനനുവദിക്കുന്നില്ല. ജിനെറ്റിന് നിഗൂഢമായ ഏതോ ആസക്തിയുള്ളതിനാല്‍, രാത്രികളില്‍ അവളപ്രത്യക്ഷയാകുന്നു. ജാക്വിലിന്‍ ഒറ്റക്കാണ്; എന്നാല്‍ നിഗൂഢത പേറുന്ന ഒരു ബൈക്കോട്ടക്കാരന്‍ അവളെ പിന്തുടരുന്നുണ്ട്. വിഡ്ഢികളായ മനുഷ്യരുടെ ആഭാസത്വത്തെ അനാവരണം ചെയ്യുന്ന ഒരു സിമട്രിക്കല്‍ സിനിമയാണ് ലെ ബോണ്‍സ് ഫെമ്മെസ് എന്നാണ് ഷാബ്രോള്‍ വ്യാഖ്യാനിക്കുന്നത്. നാലു പെണ്‍കുട്ടികളാണ് ചിത്രത്തിലുള്ളതെന്നു തോന്നുമെങ്കിലും ആത്യന്തികമായി അതൊരാള്‍ മാത്രമാണ്. താനൊരിക്കലും ഒരു നിരാശാവാദിയല്ല; എന്നാല്‍, ആളുകളുടെ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് നിരാശ വരും. ഹിച്ച്കോക്കിന്റെ പ്രസിദ്ധ ത്രില്ലറായ വെര്‍ട്ടിഗോയുടെ സ്വാധീനത്തിലെടുത്ത ഒഫീലിയ(1963)യിലെ മുഖ്യ കഥാപാത്രം യാഥാര്‍ത്ഥ്യത്തെ നശിപ്പിക്കുന്നവനും സ്വപ്നത്തെ പിന്തുടരുന്നവനുമാണ്. ഫ്രാങ്കോയിസ് സഗാന്റെ തിരക്കഥയെ അടിസ്ഥാനമാക്കി 1963ല്‍ തന്നെ എടുത്ത ലണ്ട്രുവില്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ കൂട്ടക്കൊലകളാണ് മുഖ്യ പ്രമേയമായത്. മറ്റു ന്യൂവേവുകാരുടെ (പ്രത്യക്ഷ) രാഷ്ട്രീയ പരിഗണനകളുടെയൊന്നും ലാഞ്ഛന പോലുമില്ലാത്ത ഈ യുദ്ധചിത്രത്തില്‍, ഷാബ്രോളിയന്‍ പരിചരണത്തിന്റെ വ്യത്യസ്തതകള്‍ പ്രകടമായിരുന്നു. കൊലപാതകം എന്ന പ്രവൃത്തിയോടുള്ള ആസക്തിയാണോ ഷാബ്രോളിനെ ഹരം കൊള്ളിക്കുന്നത് എന്നു പോലും സംശയിക്കുന്ന തരത്തിലാണ് ലണ്ട്രുവിന്റെ അവതരണം.

ഹിച്ച്കോക്കിയന്‍ സസ്പെന്‍സ് രീതിയിലെടുത്ത അറവുകാരന്‍(ലെ ബുച്ചര്‍/1970) അമേരിക്കയിലും വന്‍ വാണിജ്യവിജയം നേടിയെടുത്ത സുപ്രധാന സിനിമയാണ്. കുട്ടികള്‍ക്ക് അത്യധികം ഇഷ്ടമുള്ള സുന്ദരിയായ ഒരധ്യാപികയാണ് ഹെലന്‍. അവള്‍ പോപ്പാള്‍ എന്ന അള്‍ജീരിയക്കാരനുമായി പ്രണയത്തിലാകുന്നു. അയാള്‍ സുന്ദരികളെ കൊലപ്പെടുത്തുന്ന ഒരു തുടരന്‍ കൊലപാതകി(സീരിയല്‍ കില്ലര്‍)യാണെന്ന് അവള്‍ക്ക് സംശയമുണ്ടെങ്കിലും പ്രണയത്തില്‍ നിന്ന് വിട്ടുമാറാന്‍ ഈ അറിവ് അവളെ പ്രേരിപ്പിക്കുന്നില്ല. താന്‍ സംവിധാനം ചെയ്യാന്‍ മോഹിക്കുന്ന രണ്ടു ചിത്രങ്ങളിലൊന്ന് എന്നാണ് ഹിച്ച്കോക്ക് ലെ ബുച്ചറിനെ വിശേഷിപ്പിച്ചത്. കഥാപാത്രപഠനങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് തോന്നുമെങ്കിലും രണ്ട് മുഖ്യ കഥാപാത്രങ്ങളെക്കുറിച്ചും അധികം അറിവുകള്‍ കാണിക്ക് ലഭ്യമാവുന്നില്ല. ഒരു കാര്യം പക്ഷെ ഉറപ്പാണ്, തങ്ങളുടെ പരിസരവുമായി യോജിച്ചു പോകുന്നതിന് സ്വന്തം സ്വഭാവ സവിശേഷതകള്‍ പരമാവധി അമര്‍ത്തി വെക്കുന്നവരാണിരുവരും. അതായത്, വളരെ സാധാരണമെന്ന തരത്തില്‍ പട്ടണത്തിലെ ജീവിതത്തെ ആവിഷ്ക്കരിക്കുകയും അതിനോടൊത്ത് പോകാന്‍ ശ്രമിക്കുകയും ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്യുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെ ആന്തരികസംഘര്‍ഷങ്ങളാണ് കാണിയെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് ആനയിക്കുന്നത് എന്നര്‍ത്ഥം. നിഗൂഢത എന്ന പരികല്‍പനയെ ഷാബ്രോള്‍ മാറ്റിയെഴുതുകയായിരുന്നു എന്നും പറയാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാമ്പ്രദായികതയോടാണ് അദ്ദേഹം ഏറ്റുമുട്ടിയിരുന്നതെന്നു ചുരുക്കം. ഇരയും വേട്ടക്കാരനും തമ്മിലുള്ള അന്തരം പലപ്പോഴും അലിഞ്ഞില്ലാതാകുന്നതു കാണാം. അതായത്, ആരും പുറമെ കാണുന്നതു പോലെയുള്ളവരല്ല എന്ന ആത്യന്തിക സത്യത്തെ തന്നെയാണ് ഷാബ്രോള്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത്. കൊലയും കൊലപാതകി പിടിക്കപ്പെടുമെന്ന പ്രതീക്ഷയും ആണ് ക്രൈം സിനിമകളുടെ കേന്ദ്രബിന്ദുക്കളെങ്കില്‍ ആ ധാരണയും ഷാബ്രോള്‍ മാറ്റിമറിക്കുന്നു.

ലെ ബുച്ചറില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റെഫാന്‍ ഓദ്രാന്‍ 25 ഓളം സിനിമകളില്‍ ഷാബ്രോളിന്റെ നായികയായിരിക്കുകയും 1964 മുതല്‍ക്ക് 1980 വരെ ഭാര്യയായിരിക്കുകയും ചെയ്ത് വിവാഹമോചനം നേടി. ഈ ചിത്രങ്ങളെ ഹെലന്‍ സൈക്കിള്‍ എന്ന് പൊതുവായി വിളിക്കപ്പെട്ടു. 1962ലെ ലെ ഈല്‍ ഡു മാലിന്‍ എന്ന ചിത്രത്തില്‍ തന്നെ ഓദ്രാന്റെ ഹെലന്‍ കഥാപാത്രം ആരംഭിച്ചിരുന്നു. 1969ലെടുത്ത വിശ്വസനീയയല്ലാത്ത പത്നി(ല ഫെമ്മെ ഇന്‍ഫിഡെല്‍)യില്‍ ഭാര്യാഭര്‍തൃബന്ധത്തോടൊപ്പം തന്നെ ജാരബന്ധവും തുടര്‍ന്നു വന്നിരുന്ന ഹെലനാണ് മുഖ്യ കഥാപാത്രം. ഭര്‍ത്താവ് ഇത് കണ്ടു പിടിക്കാന്‍ ഒരു ഡിറ്റക്ടീവിനെ ഏര്‍പ്പെടുത്തുന്നു. വിക്ടര്‍ പെഗാല എന്ന എഴുത്തുകാരനാണ് ജാരന്‍ എന്ന് തെളിയുന്നതോടെ ചാള്‍സ് ഡെസ്വാലസ് എന്ന ഭര്‍ത്താവ് അയാളെ കൊല്ലുന്നു. ബൂര്‍ഷ്വാ വിവാഹത്രികോണം - ഭാര്യ, ഭര്‍ത്താവ്, ജാരന്‍ - ഷാബ്രോളിന്റെ നിരവധി സിനിമകളുടെ പ്രമേയമായി പിന്നീട് അവതീര്‍ണമാകുകയുണ്ടായി. 1977ലെടുത്ത വയലറ്റ് എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ഓദ്രാന്റേത്. വിശ്വ പ്രസിദ്ധ നടിയായ ഇസബെല്ല ഹുപ്പെര്‍ട് ആണ് വയലറ്റ് നോസിയര്‍ എന്ന നായികയെ അവതരിപ്പിച്ചത്. സദാചാരത്തെ സംബന്ധിച്ച പരമ്പരാഗത ധാരണകളെ അംഗീകരിക്കാത്തവളായിരുന്നു അവള്‍. പിന്നീട് പലപ്പോഴായി ഇസബെല്ല ഹുപ്പര്‍ട് ഷാബ്രോളിന്റെ നായികയായി വരുകയുണ്ടായി. ഇതില്‍ പ്രധാനം 1990ലെ പ്രസിദ്ധ ചിത്രം മദാം ബോവറി തന്നെ.

ഷാബ്രോളിന്റെ ചലച്ചിത്ര ജീവിതത്തെ അഞ്ചായി തരം തിരിക്കാം എന്നാണ്, ദ സസ്പെന്‍സ് ത്രില്ലര്‍- ഫിലിംസ് ഇന്‍ ദ ഷാഡോ ഓഫ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന ഷാബ്രോള്‍ പഠന പുസ്തകം എഴുതിയ ചാള്‍സ് ഡെറി അഭിപ്രായപ്പെടുന്നത്. ആദ്യകാലത്തെടുത്ത വ്യക്തിഗത സിനിമകളുടെ (1958 - 1962 --ല ബ്യെ സെര്‍ജ്യൂ മുതല്‍ ലണ്ട്രു വരെ) ഘട്ടത്തിനു ശേഷം, കച്ചവടവിജയത്തിന്റെ കാലഘട്ടമായിരുന്നു (1964-1967 - ദ ടൈഗര്‍ ലൈക്ക് ഫ്രഷ് ബ്ളഡ് മുതല്‍ ദ റോഡ് ടു കോറിന്ത് വരെ). മാസ്റ്റര്‍ പീസുകളുടെ പക്വ കാലഘട്ടമായിരുന്നു മൂന്നാമത്തേത്(1968-1973 - ലെസ് ബിച്ചെസ് മുതല്‍ വെഡ്ഡിംഗ് ഇന്‍ ബ്ളഡ് വരെ- എല്ലാത്തിലും അന്നത്തെ ഭാര്യ സ്റെഫാന്‍ ഓദ്രാന്‍ നായികയും ആന്ദ്രേ ജെനോവസ് നിര്‍മാതാവുമായിരുന്നു). വൈവിധ്യങ്ങളുടെ നാലാം കാലഘട്ടത്തില്‍(1974-1980ന്റെ പകുതി വരെ) സംവിധാനം ചെയ്ത മിക്കവാറും സിനിമകള്‍ക്ക് അന്താരാഷ്ട്ര റിലീസ് ലഭിക്കാതെ പോയി. 1980കളിലും 1990കളിലും അടക്കം എടുത്ത പുതിയ കാല സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുകയും വിമര്‍ശകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഴാങ് റെനോയര്‍ പറഞ്ഞതനുസരിച്ച് എല്ലാ ചലച്ചിത്രകാരന്മാരും അവരുടെ ഒരേ സിനിമ തന്നെ പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഷാബ്രോളിന്റെ കാര്യത്തിലാണ് ഇത് നൂറു ശതമാനവും ശരിയായിരിക്കുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ചാള്‍സും ഹെലനും പോളുമായി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളും സദാചാര ലംഘനങ്ങളും കൊലകളും ഷാബ്രോളിയന്‍ യാഥാര്‍ത്ഥ്യ/നിഗൂഢതകളിലേക്ക് ആസ്വാദകരെയും ആരാധകരെയും ആനയിച്ചു. മുഖ്യ കഥാപാത്രങ്ങളുടെ പ്രാകൃതിക ആസക്തികള്‍ നിറവേറാതെ വരുന്നതിന് കാരണമാകുന്ന ബൂര്‍ഷ്വാ പരിതസ്ഥിതികളാണ് എല്ലായ്പോഴും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത്.

ഷാബ്രോളിന്റെ അവസാന മാസ്റ്റര്‍ പീസായി ഗണിക്കപ്പെടുന്നത് 1995ലിറങ്ങിയ ലെ സെറിമോണി ആണ്. സോവിയറ്റ് യൂണിയന്റെയും ഈസ്റ്റേണ്‍ ബ്ളോക്കിന്റെയും പതനം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷമാണ് ഈ ചിത്രമിറങ്ങിയത്. അവസാനത്തെ മാര്‍ക്സിസ്റ്റ് സിനിമ എന്നാണ് ഷാബ്രോള്‍, പരിഹാസത്തോടെ ലെ സെറിമോണിയെ സ്വയം വിശേഷിപ്പിച്ചത്. റത്ത് രണ്ടലിന്റെ എ ജഡ്ജ്മെന്റ് ഇന്‍ സ്റ്റോണ്‍ എന്ന നോവലിനെയാണ് സിനിമക്കവലംബമാക്കുന്നത്. സോഫി എന്ന നിരക്ഷരയായ വീട്ടുവേലക്കാരിയാണ് മുഖ്യ കഥാപാത്രം. ധനികയായ കാതറിന്റെ വീട്ടിലാണ് അവള്‍ വേലക്ക് നില്‍ക്കുന്നത്. കൃത്യ നിഷ്ഠയില്ലാത്ത പോസ്റോഫീസ് ജീവനക്കാരനായ ഴാങുമായി സോഫി പ്രണയത്തിലാവുന്നു. ഈ പ്രണയജീവിതം പൊടുന്നനെ അക്രമത്തിലേക്ക് വഴി മാറുന്നു. സംസ്ക്കാരത്തിന്റെയും വര്‍ഗ വിഭജനത്തിന്റെയും സന്ദിഗ്ദ്ധാവസ്ഥയാണ് ഷാബ്രോള്‍ ഈ സിനിമയില്‍ പ്രശ്നവത്ക്കരിക്കുന്നത്.

ഹിച്ച്കോക്കെന്നതുപോലെ ഷാബ്രോളും ഇതിവൃത്തത്തെക്കാളുപരി, മനോഭാവത്തിനും പശ്ചാത്തലത്തിനും കഥാപാത്രങ്ങളുടെ മനോവിഭ്രാന്തികള്‍ക്കും കഥാഗതിയിലെ ആന്തരിക ചലനങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വികാരരഹിതമായ സഹതാപബോധം പ്രകടിപ്പിച്ച ഒരു വ്യത്യസ്ത ദൈവത്തിന്റെ വീക്ഷണങ്ങളാണ് ഷാബ്രോളിന്റെ സിനിമകളെന്നാണ് സ്റാന്‍ലി കുബ്രിക്ക് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ കൊലകളും പ്രതികാരങ്ങളും ക്യാമറക്കും വോയ്സ് റെക്കോഡറിനും വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നാണ് നമുക്ക് തോന്നുക. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയാറുളളതു പോലെ, ഡബ്ബിംഗിലും സബ് ടൈറ്റിലിംഗിലും നഷ്ടപ്പെടുന്നതെന്തോ അതാണ് ഷാബ്രോളിന്റെ സിനിമയുടെ സൂക്ഷ്മ വിസ്മയങ്ങള്‍. നവതരംഗത്തിലെ ആദ്യമായി വാഴ്ത്തപ്പെട്ടവനും ആദ്യമായി ഇകഴ്ത്തപ്പെട്ടവനുമായ ഷാബ്രോള്‍, കച്ചവടം വിരുദ്ധം കല എന്ന ഫോര്‍മുലയെ തന്റെ ചലച്ചിത്രജീവിതത്തിലുടനീളം പിച്ചിച്ചീന്തി. ഇതുമൂലം ചിലപ്പോഴൊക്കെ, കൃത്രിമത്വം നിറഞ്ഞു നില്‍ക്കുന്ന കലാ സിനിമകളെ വാനോളം പുകഴ്ത്തുന്ന വരേണ്യ നിരൂപകരും, എല്ലാം മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട തരത്തിലുള്ള ജനപ്രിയ സിനിമകളുടെ സ്ഥിരം ആരാധകരും ഒരു പോലെ ഷാബ്രോളിനെ എഴുതിത്തള്ളി. പുതിയ ചലച്ചിത്ര ദര്‍ശനത്തിനു വേണ്ടിയുള്ള നിതാന്തമായ പരിശ്രമമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഈ ഇരട്ട നിരാസങ്ങള്‍ നിസ്സംശയം തെളിയിച്ചു. ചലച്ചിത്രം എന്ന കല/വ്യവസായത്തിന്റെ മൂല്യ ഘടനകളെയും ലാവണ്യ ബോധങ്ങളെയും അടിയില്‍ നിന്നു തന്നെ പിഴുതെടുത്ത ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തെ, നിശ്ചയദാര്‍ഢ്യത്തോടെ അഞ്ചു ദശകങ്ങള്‍ നയിച്ച നായകനും പ്രതിനായകനുമായി ഷാബ്രോള്‍ ഇനിയുള്ള കാലം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.

*
ജി. പി. രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനുവരി 11ന് എറിക് റോമര്‍ നിര്യാതനായതിനു പിന്നാലെ, സപ്തംബര്‍ 12ന് ഞായറാഴ്ച ക്ളോദ് ഷാബ്രോളും കൂടി വിടപറഞ്ഞതോടെ 2009ല്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന് ഇരട്ട നഷ്ടവര്‍ഷമായി തീര്‍ന്നു 2010. ഫ്രാങ്കോ ത്രൂഫോയെയും ഗൊദാര്‍ദിനെയും പോലുള്ള 'വിപ്ളവകാരികളു'ടെ കൂടെ കഹേ ദു സിനിമയില്‍ നിരൂപണമെഴുതിത്തുടങ്ങിയ ഷാബ്രോള്‍ പക്ഷെ, ന്യൂവേവിന്റെ പരിധികളെ വ്യാപിപ്പിച്ചുകൊണ്ട് (അഥവാ പരിധിരാഹിത്യത്തെ പരിധിവത്ക്കരിച്ചുകൊണ്ട്) മുഖ്യധാരാ ത്രില്ലറുകള്‍ എങ്ങിനെ രൂപപ്പെടുത്താമെന്ന് പരീക്ഷിക്കുകയായിരുന്നു പ്രധാനമായും ചെയ്തത്. അതുകൊണ്ടദ്ദേഹത്തെ 'മുഖ്യധാരാ' നവതരംഗക്കാരന്‍("mainstream" New Wave director) എന്ന് വിചിത്രമായി വിശേഷിപ്പിക്കാനും വിമര്‍ശകര്‍ മുതിരുകയുണ്ടായി. മുഖ്യധാരാ സിനിമകളിലെ പരമ്പരാഗതത്വവും വിട്ടുവിഴ്ചകളും അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും സ്വീകരിക്കപ്പെട്ടു.